അത്രമേൽ ധ്യാനാത്മകമായ പ്രവൃത്തിയായി എഴുത്തിനെ സമീപിക്കുന്നയാളാണ് അനിലേഷ് അനുരാഗ്. വായനക്കാർക്കു വേണ്ടി എഴുത്തിലൊരു ഒത്തുതീർപ്പിന് അനിലേഷ് തയാറല്ല. അതേസമയം, തന്റെ എഴുത്തുകളോരോന്നും അതതിന്റെ വായനക്കാരെ തേടിപ്പിടിച്ചുകൊള്ളുമെന്ന ആത്മവിശ്വാസവും തലശേരി ബ്രണ്ണൻ കോളജിലെ ഇംഗ്ലിഷ് വിഭാഗം അസിസ്റ്റന്റ് പ്രഫസർ കൂടിയായ ഈ എഴുത്തുകാരനുണ്ട്. കവിത, ഓർമ, ആത്മബോധ്യങ്ങൾ, ഭയാനുഭവ ആഖ്യാനങ്ങൾ എന്നിങ്ങനെയുള്ള വ്യത്യസ്ത വിഭാഗങ്ങളിലായി 5 വേറിട്ട പുസ്തകങ്ങൾ അനിലേഷിന്റേതായി ഇതുവരെ പുറത്തുവന്നുകഴിഞ്ഞു. ആറാമതു പുസ്തകമായ സാഹിത്യ സൈദ്ധാന്തിക പഠനം പ്രസിദ്ധീകരണത്തിനു തയാറായി. ഒരു യാത്രാവിവരണം ഉൾപ്പെടെ മറ്റു മൂന്നു പുസ്തകങ്ങൾ പണിപ്പുരയിലും.

അത്രമേൽ ധ്യാനാത്മകമായ പ്രവൃത്തിയായി എഴുത്തിനെ സമീപിക്കുന്നയാളാണ് അനിലേഷ് അനുരാഗ്. വായനക്കാർക്കു വേണ്ടി എഴുത്തിലൊരു ഒത്തുതീർപ്പിന് അനിലേഷ് തയാറല്ല. അതേസമയം, തന്റെ എഴുത്തുകളോരോന്നും അതതിന്റെ വായനക്കാരെ തേടിപ്പിടിച്ചുകൊള്ളുമെന്ന ആത്മവിശ്വാസവും തലശേരി ബ്രണ്ണൻ കോളജിലെ ഇംഗ്ലിഷ് വിഭാഗം അസിസ്റ്റന്റ് പ്രഫസർ കൂടിയായ ഈ എഴുത്തുകാരനുണ്ട്. കവിത, ഓർമ, ആത്മബോധ്യങ്ങൾ, ഭയാനുഭവ ആഖ്യാനങ്ങൾ എന്നിങ്ങനെയുള്ള വ്യത്യസ്ത വിഭാഗങ്ങളിലായി 5 വേറിട്ട പുസ്തകങ്ങൾ അനിലേഷിന്റേതായി ഇതുവരെ പുറത്തുവന്നുകഴിഞ്ഞു. ആറാമതു പുസ്തകമായ സാഹിത്യ സൈദ്ധാന്തിക പഠനം പ്രസിദ്ധീകരണത്തിനു തയാറായി. ഒരു യാത്രാവിവരണം ഉൾപ്പെടെ മറ്റു മൂന്നു പുസ്തകങ്ങൾ പണിപ്പുരയിലും.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

അത്രമേൽ ധ്യാനാത്മകമായ പ്രവൃത്തിയായി എഴുത്തിനെ സമീപിക്കുന്നയാളാണ് അനിലേഷ് അനുരാഗ്. വായനക്കാർക്കു വേണ്ടി എഴുത്തിലൊരു ഒത്തുതീർപ്പിന് അനിലേഷ് തയാറല്ല. അതേസമയം, തന്റെ എഴുത്തുകളോരോന്നും അതതിന്റെ വായനക്കാരെ തേടിപ്പിടിച്ചുകൊള്ളുമെന്ന ആത്മവിശ്വാസവും തലശേരി ബ്രണ്ണൻ കോളജിലെ ഇംഗ്ലിഷ് വിഭാഗം അസിസ്റ്റന്റ് പ്രഫസർ കൂടിയായ ഈ എഴുത്തുകാരനുണ്ട്. കവിത, ഓർമ, ആത്മബോധ്യങ്ങൾ, ഭയാനുഭവ ആഖ്യാനങ്ങൾ എന്നിങ്ങനെയുള്ള വ്യത്യസ്ത വിഭാഗങ്ങളിലായി 5 വേറിട്ട പുസ്തകങ്ങൾ അനിലേഷിന്റേതായി ഇതുവരെ പുറത്തുവന്നുകഴിഞ്ഞു. ആറാമതു പുസ്തകമായ സാഹിത്യ സൈദ്ധാന്തിക പഠനം പ്രസിദ്ധീകരണത്തിനു തയാറായി. ഒരു യാത്രാവിവരണം ഉൾപ്പെടെ മറ്റു മൂന്നു പുസ്തകങ്ങൾ പണിപ്പുരയിലും.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

അത്രമേൽ ധ്യാനാത്മകമായ പ്രവൃത്തിയായി എഴുത്തിനെ സമീപിക്കുന്നയാളാണ് അനിലേഷ് അനുരാഗ്. വായനക്കാർക്കു വേണ്ടി എഴുത്തിലൊരു ഒത്തുതീർപ്പിന് അനിലേഷ് തയാറല്ല. അതേസമയം, തന്റെ എഴുത്തുകളോരോന്നും അതതിന്റെ വായനക്കാരെ തേടിപ്പിടിച്ചുകൊള്ളുമെന്ന ആത്മവിശ്വാസവും തലശേരി ബ്രണ്ണൻ കോളജിലെ ഇംഗ്ലിഷ് വിഭാഗം അസിസ്റ്റന്റ് പ്രഫസർ കൂടിയായ ഈ എഴുത്തുകാരനുണ്ട്. കവിത, ഓർമ, ആത്മബോധ്യങ്ങൾ, ഭയാനുഭവ ആഖ്യാനങ്ങൾ എന്നിങ്ങനെയുള്ള വ്യത്യസ്ത വിഭാഗങ്ങളിലായി 5 വേറിട്ട പുസ്തകങ്ങൾ അനിലേഷിന്റേതായി ഇതുവരെ പുറത്തുവന്നുകഴിഞ്ഞു. ആറാമതു പുസ്തകമായ സാഹിത്യ സൈദ്ധാന്തിക പഠനം പ്രസിദ്ധീകരണത്തിനു തയാറായി. ഒരു യാത്രാവിവരണം ഉൾപ്പെടെ മറ്റു മൂന്നു പുസ്തകങ്ങൾ പണിപ്പുരയിലും.

ഭയാനുഭൂതി പകരുന്ന കഥകളുടെ എട്ട് ആഖ്യാനങ്ങളാണ് അനിലേഷിന്റെ ഏറ്റവും പുതിയ പുസ്തകമായ ‘ഭയങ്കുരം’. മനുഷ്യന്റെ ആദിമ വികാരങ്ങളിലൊന്നായ ഭയത്തെ മാനവസംസ്കാരത്തിന്റെ  ഒരു ഉപോൽപന്നമായിട്ടാണ് അനിലേഷ് സമീപിക്കുന്നത്. ഭീതി ജനിപ്പിക്കുന്ന രചനകൾ ഇഷ്ടമുള്ളവർക്ക് ഒരേസമയം ആസ്വദിച്ചും ഭയപ്പെട്ടും വായിച്ചുപോകാവുന്ന രീതിയിലാണ് എഴുത്ത്. നമ്മൾ മുൻപു പരിചയിച്ചിട്ടുള്ള ഭയപ്പെടുത്തുന്ന ചില നാട്ടുകഥകളുടെ പ്രതിഫലനങ്ങൾ അനിലേഷിന്റെ എഴുത്തിൽ ധാരാളമായി അനുഭവിക്കാം. നിഗൂഢതയും ദുരൂഹതയും അവയിൽ നിന്നുണരുന്ന ഭീതിയുടെ ലാവണ്യവുമാണ് ഭയാങ്കുരത്തിന്റെ ഓരോ ആഖ്യാനത്തിലും നിറഞ്ഞിരിക്കുന്നത്. ‘ഒറ്റ സ്പന്ദനമായി ഭൂമിയിൽ ജീവിതമാരംഭിക്കുന്ന ഓരോ ജീവിയുടെയും പ്രാണനിലെ പ്രാഥമികഭാവം ഭയമായിരിക്കുമെന്നു തോന്നുന്നു. ഗർഭപാത്രത്തിന്റെ ഭിത്തികൾക്കുള്ളിൽ വച്ച് നമ്മുടെ ആദി ഞരമ്പിൽ ചേർന്നു കലരുന്ന ഈ അനിവാര്യവികാരം മരണം വരെ പിരിയാത്തൊരു മറുപിള്ള പോലെ നമ്മെ അനുഗമിക്കും’. ‘ഭയങ്കുരം’  എന്ന പുസ്തകം അനിലേഷ് ആരംഭിക്കുന്നത് ഇങ്ങനെ പറഞ്ഞു കൊണ്ടാണ്. എഴുത്തും വായനയും മറ്റനേകം വിഷയങ്ങളും സംബന്ധിച്ച് അനിലേഷ് മനോരമ ഓൺലൈൻ പ്രീമിയം ‘പുതുവാക്കിനോട്’ മനസ്സ് തുറന്നപ്പോൾ.

ADVERTISEMENT

? ഭയാനുഭവങ്ങളുടെ കേട്ടുമറന്ന കഥകൾ മനസ്സിന്റെ ഉള്ളറകളിലെവിടെ നിന്നോ കണ്ടെടുത്ത് അവതരിപ്പിക്കണം എന്ന ആശയം തോന്നിയത് എങ്ങനെയായിരുന്നു

∙ ഭയത്തിന്റെ ലാവണ്യം ചെറുപ്പം മുതൽ അനുഭവിച്ചു വളർന്ന ഒരു തലമുറയായിരുന്നു നമ്മുടേത്. എൺപത്, തൊണ്ണൂറുകളിലെ മനുഷ്യരുടെ വിശ്രമവേളകളിൽ (പരദൂഷണം മാറ്റിവച്ചാൽ) പങ്കുവയ്ക്കപ്പെട്ട കഥകളിലെ പ്രധാനവിഷയങ്ങളിലൊന്ന് പ്രേതങ്ങളും പ്രാദേശികമായ ദുരൂഹതകളുമായിരുന്നു. യുക്തിബോധത്തെ താൽക്കാലികമായി റദ്ദാക്കുന്ന ഈ ഭയാനുഭൂതിയാണ് പിന്നീട് സാഹിത്യത്തിന്റെയും കലയുടേയുമൊക്കെ അയുക്തിക ലോകങ്ങൾ നമുക്ക് അനുഭവവേദ്യമാക്കുന്നതെന്ന് എനിക്ക് തോന്നിയിട്ടുണ്ട്. ദൃശ്യസംസ്കാരത്തിൽ തറഞ്ഞുകിടക്കുന്ന പുതിയ തലമുറയ്ക്കും നമ്മൾ അനുഭവിച്ചാസ്വദിച്ച ഭയത്തിന്റെയും ഭീതിയുടെയും ഭാവനാലോകം കുറച്ചെങ്കിലും പ്രാപ്യമാക്കണം എന്ന ആഗ്രഹമാണ് ‘ഭയങ്കുര’ത്തിന്റെ രചനയ്ക്ക് പിന്നിലെ യഥാർഥ സത്യത്തിൽ, എന്റെ തലമുറയിലെ ഏത് മലയാളിക്കും ഇത്തരത്തിലുള്ള ഒട്ടേറെ കഥകൾ പറയാനുണ്ടാകുമെന്നാണ് തോന്നുന്നത്.

? ഒരു പുതിയ ആഖ്യാന പരീക്ഷണമായി ‘ഭയങ്കുരം’ എന്ന പുസ്തകത്തെ കാണാം. സ്വീകരിക്കപ്പെടുമോ എന്ന ആശങ്ക എഴുതുമ്പോൾ ഉണ്ടായിരുന്നോ

∙ ഇല്ല. മനുഷ്യന്റെ അടിസ്ഥാന മാനസിക ഭാവങ്ങളിലൊന്നാണ് ഭയം. ഭയന്നു പിൻതിരിയാനുള്ളതിനേക്കാൾ കൂടുതൽ മനുഷ്യമനസ്സിന്റെ പ്രേരണ ഭയപ്പെടാനാണ്. അപ്രതിരോധ്യമായ ഒരു വലിവ് എക്കാലത്തും ഭയത്തിലേക്കുണ്ട്. ഒരുപക്ഷേ, മനുഷ്യനെന്ന അസ്തിത്വത്തിന്റെ അന്ത്യനിമിഷങ്ങൾ വരെ ഭയം നമ്മെ പിൻതുടരുന്നുണ്ടാകും. അതുകൊണ്ട് തന്നെ വായനക്കാർക്ക് ഈ പുസ്തകത്തെ അവഗണിക്കാൻ കഴിയില്ല എന്നെനിക്ക് ആത്മവിശ്വാസമുണ്ടായിരുന്നു. അതിലുപരിയായി, വെറും ഞെട്ടിത്തരിക്കൽ പേടിപ്പിക്കലിനു പകരം ‘ഭയങ്കുര’ത്തിന്റെ ആഭിമുഖ്യം നിഗൂഢമായ ഭീതിയോടാണ്. അത്തരം ആഖ്യാനങ്ങൾ പുതിയകാലത്ത് വിരളമാണെന്നാണ് എനിക്ക് തോന്നുന്നത്. ഒപ്പം, മലയാളമറിയാവുന്ന ആർക്കും മനസ്സിലാകുന്ന രീതിയിൽ ലളിതമായ ഭാഷയിലാണ് 'ഭയങ്കുരം' എഴുതിയിട്ടുള്ളത്. ഈ പറഞ്ഞതെല്ലാം പുസ്തകം സ്വീകരിക്കപ്പെടുമോ എന്ന ആശങ്കയെ എന്നിൽ നിന്നകറ്റി.

അനിലേഷ് അനുരാഗ് (Photo Credit: anilesh.anurag/facebook)
ADVERTISEMENT

? അനിലേഷിന് ഏറ്റവും ഇഷ്ടം തോന്നിയ ‘ഭയങ്കുരം’ വായനാനുഭവം ആരുടേതായിരുന്നു

ഉത്തരം പറയാൻ പ്രയാസമുള്ളൊരു ചോദ്യമാണത്. ഓരോ വായനക്കാരനും വായനക്കാരിയും തങ്ങളുടേതായ രീതിയിലാണ് ‘ഭയങ്കുരം’ വായിക്കുകയും അനുഭവിക്കുകയും ആസ്വദിക്കുകയും ചെയ്യുന്നത്. അതിലെ കഥകൾ അവശേഷിപ്പിക്കുന്ന ചോദ്യങ്ങളിലാണ് ചിലർ ശ്രദ്ധ ചെലുത്തുന്നതെങ്കിൽ, മറ്റു ചിലരുടെ ശ്രദ്ധ പതിയുന്നത് അതിലെ ഭീതിജനകമായ വാങ്മയങ്ങളിലാണ്. നിഗൂഢതയിലും പ്രേതാനുഭവങ്ങളിലും താൽപര്യക്കുറവും വിമുഖതയും അവിശ്വാസവും ഉണ്ടായിരുന്ന പല തലമുറയിലെ വായനക്കാർ പോലും ‘ഭയങ്കുരം’ വായിച്ച് ശരിയ്ക്കും ഭയപ്പെട്ടിട്ടുണ്ട് എന്നറിയിച്ചിട്ടുണ്ട്. കടുത്ത യുക്തിവാദികൾ വരെ ഇതിലെ കഥയും ആഖ്യാനവും നന്നായി ആസ്വദിച്ചു എന്ന് പറഞ്ഞിട്ടുണ്ട്. ഓരോ വായനാനുഭവവും അനന്യമാണ്. എന്നാലും, അവയിൽ എനിക്ക് ഏറെ ഇഷ്ടപ്പെട്ട ഒന്ന് ‘ഭയങ്കുര’ത്തിലെ രണ്ട് കഥകളിലെ മുഖ്യകഥാപാത്രമായ എന്റെ അമ്മ ആ കഥകളെക്കുറിച്ച് പറഞ്ഞതാണ്: ‘ഞാൻ അന്ന് അനുഭവിച്ചതിന്റെ ഒരു അഞ്ചിലൊന്ന് മാത്രമേ ഇതിൽ എഴുതപ്പെട്ടിട്ടുള്ളൂ. എങ്കിലും, ഇതെന്നെ നന്നായി ഭയപ്പെടുത്തുന്നു’.

താൻ പണ്ട് അനുഭവിച്ചതിന്റെ അഞ്ചിലൊന്നു മാത്രമേ ഭയങ്കുരത്തിൽ അനിലേഷ് എഴുതിയിട്ടുള്ളുവെന്ന് അനിലേഷിന്റെ അമ്മ, എങ്കിലും പുസ്തകം വായിച്ച് ഭയന്നു

? എഴുതണം എന്ന് ശക്തമായി തോന്നിത്തുടങ്ങിയത് എപ്പോഴാണ്

∙ എഴുത്ത് എന്നത് വളരെ മുൻപേ തന്നെ എന്റെ ഉള്ളിലുണ്ടായിരുന്നു. ഒരാൾ മാത്രം വായിക്കുന്ന ഡയറിക്കുറിപ്പായും രണ്ടാൾ മാത്രം പങ്കിടുന്ന പ്രേമലേഖനങ്ങളായും അത് ആവിഷ്കരിക്കപ്പെടുകയും ചെയ്തുകൊണ്ടിരുന്നു. എഴുതാതിരിക്കാനാകില്ല എന്ന മാനസസന്ധികളിലാണ് പിന്നീട് ആത്മബോധ്യങ്ങൾ ചെറിയ കുറിപ്പുകളായി എഴുതിത്തുടങ്ങിയത്. ‘അതിജീവിക്കാൻ നിങ്ങൾ കഥകൾ പറയേണ്ടതുണ്ട്’ (To survive you must tell stories) എന്നാണ് ഉംബർടോ എക്കോ പറയുന്നത്. അങ്ങനെ എഴുതിയ കുറിപ്പുകളുടെ സമാഹാരമാണ് ‘നിമിഷാർധത്തിൽ കൊഴിഞ്ഞ് അദൃശ്യമാകുന്ന ഇലകൾ’ എന്ന ആദ്യ പുസ്തകം. അതിനൊപ്പം ഇംഗ്ലിഷിലും മലയാളത്തിലും കവിതകളും ഓർമകളും യാത്രാവിവരണങ്ങളും സാമൂഹ്യ നിരീക്ഷണങ്ങളും എഴുതിത്തുടങ്ങി. എനിക്ക് മാത്രം പറഞ്ഞു ഫലിപ്പിക്കാനാകുന്ന (ഭയപ്പെടുത്താനും) കഥകൾ ഉണ്ടെന്ന് തോന്നിയപ്പോഴാണ് ‘ഭയങ്കുര’ത്തിന്റെ രചനയിലേക്ക് കടക്കുന്നത്.

അനിലേഷ് അനുരാഗ് (Photo Credit: anilesh.anurag/facebook)
ADVERTISEMENT

? അധ്യാപകൻ, സാമൂഹിക നിരീക്ഷകൻ, വായനക്കാരൻ എന്നീ നിലകളിലൊക്കെ നോക്കുമ്പോൾ കേരളത്തിന്റെ സമകാലിക സാഹിത്യരംഗത്തെപറ്റി എന്തു തോന്നുന്നു? ഏറ്റവും പുതിയ തലമുറയുടെ അഭിരുചികൾ എന്തൊക്കെയാണ്

കേരളത്തിന്റെ സമകാലിക സാഹിത്യ വ്യവഹാരം പുരോഗമനപരവും പ്രതിലോമകരവുമായ ആശയങ്ങളെ പ്രതിഫലിപ്പിക്കുന്നുണ്ട് എന്നാണെനിക്ക് തോന്നുന്നത്. എഴുത്തിലെ ജനകീയതയും നിർഭയത്വവുമാണ് അതിന്റെ പുരോഗമനവശം. മതമോ രാഷ്ട്രീയ പാർട്ടികളോ പോലെയുള്ള ശക്തമായ സാമൂഹികസ്ഥാപനങ്ങൾക്ക് പോലും പൂർണമായി നിയന്ത്രിക്കാനും തമസ്കരിക്കാനുമാകാത്ത വിധത്തിലുള്ള ഒരു ദൃശ്യത ഇന്നത്തെ എഴുത്തിനുണ്ട്. ദന്തഗോപുരങ്ങളിൽ സ്ഥിരതാമസമാക്കിയ മേലാളന്മാർക്കും പുരുഷാധിപത്യവ്യവസ്ഥയിലെ കാരണവന്മാർക്കും മാത്രം പ്രവേശനമുള്ള ഏകശിലാത്മകമായ ഒരു ഉപരിവ്യവഹാരമല്ല ഇന്നത്തെ സാഹിത്യം. തലതൊട്ടപ്പന്മാരും പാരമ്പര്യസ്വത്തുമൊന്നുമില്ലാത്ത അരികുവൽക്കരിക്കപ്പെട്ടവർക്കും വിഷയങ്ങൾക്കും ഇപ്പോഴിവിടെ പ്രാതിനിധ്യമുണ്ട്.

അതേസമയം, എഴുത്തുകാരന്റെ/എഴുത്തുകാരിയുടെ ഏകാന്തതയിൽ നിന്ന് ഉടലെടുക്കേണ്ട എഴുത്തെന്ന വ്യതിരിക്തമായ ആവിഷ്കാരം പൊതുജനപ്രീതി നിർമിച്ചെടുക്കാനുള്ള വിപണനതന്ത്രമായി അധഃപതിക്കുന്നു എന്നതാണതിന്റെ പ്രതിലോമത. പുതിയ തലമുറ ദൗർഭാഗ്യകരമെന്നോണം വായനയുടെ ഭാവനയിൽ നിന്ന് അകലുന്നതായാണ് കാണുന്നത്. ദൃശ്യസംസ്കാരത്തിന്റെ അതിപ്രസരം വായനയെ മന്ദീഭവിപ്പിച്ചിട്ടുണ്ട് എന്നത് ഒരു വസ്തുതതയാണ്. എങ്കിലും, പുതിയ എഴുത്തുകാർ മൗലികമായ പ്രമേയങ്ങളും രചനാ ശൈലികളുമായി ഇവിടെ രംഗത്തുവരുന്നുണ്ട്. സാമൂഹികമാധ്യമങ്ങളിലെ ദൃശ്യസംസ്കാരക്കോയ്മയെ ചെറുത്തുനിൽക്കുന്ന തരം ശക്തമായ എഴുത്തുകൾ ഉണ്ടാവുക / ഉണ്ടാക്കുക എന്നതാണ് നമുക്ക് ചെയ്യാനാകുന്ന കാര്യം. വായനയുടെ സംസ്കാരം നഷ്ടപ്പെടുന്നതിന്റെ ഒരു ഉപോൽപന്നം ആഴമില്ലാത്ത എഴുത്തുകൾ കൊണ്ടാടപ്പെടുന്നു എന്നതാണ്. വായിച്ചുകൊണ്ടിരിക്കുന്ന ഒരാൾക്ക് മാത്രമേ എഴുത്തിന്റെ നിലവാരത്തെ നിർണയിക്കാനാകൂ.

അനിലേഷ് അനുരാഗ് (Photo Credit: anilesh.anurag/facebook)

? അനിലേഷിന്റെ സമകാലികരായ എഴുത്തുകാരിൽ ഇഷ്ടമുള്ള കുറച്ചുപേരേക്കുറിച്ചും അവരുടെ എഴുത്തിനെപ്പറ്റിയും പറയാമോ

എഴുത്തിലേക്ക് കടന്നുവരുമ്പോൾ വായന ശുഷ്കമായിപ്പോകുന്ന ഒരു ഘട്ടത്തിലാണ് ഞാനിപ്പോൾ ഉള്ളതെന്ന് തോന്നുന്നു. അതിനാൽ വായന വളരെ വിരളമായി മാത്രമേ നടക്കുന്നുള്ളൂ. സമയക്കുറവും അതിനൊരു കാരണമാകുന്നുണ്ട്. ഞാനറിയാത്ത ഒരുപാടു പേർ മലയാളത്തിൽ നന്നായി എഴുതുന്നുണ്ട്. അടുത്തകാലങ്ങളിൽ ഞാൻ ശ്രദ്ധിച്ച എഴുത്തുകാർ പി.എഫ്. മാത്യൂസും ഫ്രാൻസിസ് നൊറോണയും ജോണി മിറാൻഡയുമൊക്കെയാണ്. മലയാള സാഹിത്യത്തിൽ അടയാളപ്പെടുത്തപ്പെടാതെ കിടന്ന ഒരു അസിതഭൂമികയാണ് അവരുടെ എഴുത്തിലൂടെ ദൃശ്യതയിലേക്ക് വരുന്നത്. കവിതയിൽ കൽപറ്റ നാരായണൻ മാഷെയും എസ്.ജോസഫിനെയും ഇഷ്ടമാണ്. തിരിച്ചും മറിച്ചുമിടുന്ന വാക്കുകൾക്കുള്ളിൽ ചെറിയ കണ്ണുകൾ കൊണ്ട് നോക്കിയാൽ മാത്രം കാണുന്ന ഒരു സൂക്ഷ്മജീവിതാവസ്ഥ കൽപറ്റ പറയാൻ ശ്രമിക്കുന്നതു കാണാം.

ചിത്രങ്ങളിലൂടെ കവിത പറയുന്ന എസ്.ജോസഫിന്റെ ശൈലി വേറിട്ടതാണ്. കഥനത്തിന്റെ കസർത്തുകൾ പ്രയോഗിച്ച് മനോഹരമായി കഥകളെഴുതാൻ എസ്. ഹരീഷും, ഉണ്ണി ആറും ഒക്കെ സമർഥരാണ്. ഇതൊന്നുമല്ലാതെ നല്ല ആഴവും മൂർച്ചയുമുള്ള ഒരുപാട് കവിതകൾ സ്ത്രീകൾ ഉൾപ്പെട്ട നവാഗത എഴുത്തുകാരുടെതായി സമൂഹമാധ്യമങ്ങളിൽ കാണാറുണ്ട്. സമകാലിക മലയാളത്തിൽ എഴുതിത്തെളിയുന്ന മറ്റൊരു സാഹിത്യവിഭാഗം യാത്രാവിവരണങ്ങളാണ്. പൊറ്റക്കാടും രവീന്ദ്രനും വിക്രമൻ നായരും (പശ്ചിംദിഗന്തേ പ്രദോഷ് കാലേ) ആഷാ മേനോനും രാജൻ കാക്കനാടനും തുടങ്ങിവച്ച ഈ മേഖലയിൽ ഇന്ന് മൗലികമായ എഴുത്തുകൾ ഉദയംചെയ്യുന്നുണ്ട്.

? അനിലേഷ് ഏറ്റവും ഒടുവിൽ വായിച്ചവയിൽ ഹൃദയത്തോട് ചേർന്നു നിൽക്കുന്ന ഒരു പുസ്തകം

ശുഷ്കമായ വായന കൊണ്ടാകണം അങ്ങനെ ഹൃദയത്തോട് ചേർത്തുവയ്ക്കാൻ തോന്നിയ ഒരു മുഴുനീള പുസ്തകം അടുത്തകാലത്തൊന്നും വായിച്ചതായി ഓർക്കുന്നില്ല. ഫിക്‌ഷനിലും നോൺ - ഫിക്‌ഷനിലും ഹൃദയസ്പർശിയായ വരികളും പേജുകളും വായിക്കുകയും അനുഭവിക്കുകയും ചെയ്തിട്ടുണ്ട്. നോവലിൽ കെ.ആർ. മീരയും ബെന്യാമിനും മുതൽ കവിതയിൽ ആദിയും രേഷ്മയുമൊക്കെ ചില വരികളാൽ ആഴത്തിൽ എന്നെ സ്പർശിച്ചിട്ടുണ്ട്. വടകരയിൽ ആത്മഹത്യ ചെയ്ത കവി ജിനേഷ് മടപ്പള്ളിയുടെ മരണം പോലെ വിമലമായ കവിതകൾ എന്നെ ആഴത്തിൽ മുറിവേൽപിച്ചിട്ടുണ്ട്. എങ്കിലും, ആദ്യമായി വായിച്ചതുമുതൽ ഹൃദയത്തിൽ വേരുപിടിച്ച പുസ്തകങ്ങൾ വിജയന്റെ 'ഖസാക്കും' രവീന്ദ്രന്റെ 'അകലങ്ങളിലെ മനുഷ്യരും' കൽപറ്റയുടെ 'കോന്തല'യും സാറാ ജോസഫിന്റെ 'ആലാഹ'യും ഒക്കെത്തന്നെയാണ്.

? എഴുത്തിൽ അഭിലഷണീയമല്ലാത്ത ഒരു പ്രധാന കാര്യം അനിലേഷിന്റെ അഭിപ്രായത്തിൽ എന്താണ്

എഴുത്തിലേർപ്പെടുമ്പോഴുള്ള ഏറ്റവും അനഭിലഷണീയമായ കാര്യം എഴുതുക എന്ന അനുഭവത്തിനും അതിൽ നിന്നും ലഭിക്കുന്ന അനുഭൂതിക്കുമപ്പുറം മറ്റൊരു ലക്ഷ്യത്തിന് വേണ്ടി എഴുതുക എന്നതാണ്. നാമെഴുതുന്ന വരികൾ ഭാവിയിൽ നമ്മെ എത്ര വലിയ സാമൂഹ്യപദവിയിലേക്ക് ഉയർത്തിയേക്കുമെങ്കിലും വലിയ സാമ്പത്തിക ലാഭമുണ്ടാക്കിയേക്കുമെങ്കിലും എഴുത്തിന്റെ നിമിഷങ്ങളിൽ നമ്മിൽ അവയുടെ ഇടപെടലുകൾ ആവശ്യമില്ല. ‘എഴുതുന്നതിലുള്ള സന്തോഷം കാത്തുസൂക്ഷിക്കാനുള്ള ശക്തി, നശ്വരമായ കൈയുടെ പ്രതികാരം’ എന്ന് വിസ്‌ലാവ സിംബോർസ്ക്ക പറഞ്ഞിട്ടുണ്ട്. ഈയൊരു അർഥത്തിനും ആനന്ദത്തിനുമുപരിയായി മറ്റൊന്നും എഴുതുന്ന നിമിഷങ്ങളിലെങ്കിലും എഴുത്തുകാരന്റെ/എഴുത്തുകാരിയുടെ ചിന്തയുടെ ഭാഗമാക്കേണ്ടതില്ല. വിവാദമൂല്യം നിർമിച്ചെടുക്കാനും, അങ്ങനെ പുസ്തകത്തിന്റെ വിപണനമൂല്യം കൂട്ടാനും വേണ്ടി നടത്തുന്ന ശ്രമങ്ങൾ എഴുത്തിന്റെ ആഴത്തെ നികത്തിക്കളയുകയും അതിനെ വെറുമൊരു തന്ത്രം മാത്രമാക്കി മാറ്റുകയും ചെയ്യും. എഴുത്തുകാരന്റെ / എഴുത്തുകാരിയുടെ ഭൗതികജീവിതത്തിന്റെ ലാഭനഷ്ടങ്ങൾക്കനുസരിച്ച് നടപ്പിലാക്കേണ്ട ഒരു പദ്ധതിയല്ല എഴുത്ത്.

അനിലേഷ് അനുരാഗ് (Photo Credit: anilesh.anurag/facebook)

? ലോകസാഹിത്യവുമായുള്ള പരിചയത്തിൽ മലയാള സാഹിത്യം എവിടെ നിൽക്കുന്നു

വിവിധ രാജ്യങ്ങളിൽ ജീവിക്കുകയും ലോകത്തിലെ മാറ്റങ്ങളെ നിരീക്ഷിക്കുകയും ചെയ്യുന്ന ഒരു ഭാഷാസമൂഹം എന്ന നിലയ്ക്ക് ലോകസാഹിത്യത്തിലെ പ്രവണതകളെക്കുറിച്ച് ഒരു പരിധിവരെ മലയാളി എഴുത്തുകാരും വായനക്കാരും ബോധവാന്മാരാണ്. രാഷ്ട്രീയപരിപ്രേക്ഷ്യമുള്ള ഒന്നായി സാഹിത്യത്തെ കാണാനും ഉൾക്കൊള്ളാനും അത്തരം രചനകളിലേക്ക് എടുക്കപ്പെടാനും മലയാളികൾ തയാറായത് തന്നെ സാഹിത്യത്തിന്റെ ഈയൊരു വിശാല അവബോധം കൊണ്ടാണ്. സാംസ്കാരികമായി അരികുവൽക്കരിക്കപ്പെട്ട ഇടങ്ങളിൽ നിന്നുള്ള ആവിഷ്കാരങ്ങളെ അംഗീകരിക്കുന്നതിലും മലയാളിക്ക് മടിയില്ല. ഇത്തരം ആഗോള പ്രതിഫലനങ്ങൾ ഉണ്ടാകുന്നുണ്ടെങ്കിലും ലോകസാഹിത്യത്തിൽ തനതായ ഒരു മുദ്ര പതിപ്പിക്കാൻ മലയാള സാഹിത്യം ആഴത്തിലും പരപ്പിലും ഇനിയും വളരേണ്ടതുണ്ട് എന്നാണ് തോന്നുന്നത്.

വിപണിയാലും വാണിജ്യതന്ത്രങ്ങളാലും മാത്രം നിർണയിക്കപ്പെടുന്ന രീതിയിലേക്ക് നമ്മുടെ സാഹിത്യം അധഃപതിക്കാതിരിക്കാൻ എഴുത്തുകാരുടെയും വായനക്കാരുടെയും നിരന്തരജാഗ്രത ആവശ്യമുണ്ട്. എഴുത്തിന്റെ വർഗീകരണത്തിലുൾപ്പെടെയുള്ള യാഥാസ്ഥിതിക ധാരണകൾ ഇവിടെ ഇനിയും മാറേണ്ടതായുണ്ട്. ഒപ്പം, മൊഴിമാറ്റവും നിരൂപണവുമുൾപ്പെടെയുള്ള സാഹിത്യപ്രവൃത്തികൾ പരിപോഷിക്കപ്പെടേണ്ടതാണ്. മലയാളത്തിലെ ഏറ്റവും സമ്പന്നവും നവീനവുമായ കഥാസാഹിത്യത്തിന് പോലും മേൽപറഞ്ഞ കാരണങ്ങളാൽ ലോകസാഹിത്യത്തിൽ വലിയ ദൃശ്യത ലഭിക്കുന്നില്ല എന്ന ദുര്യോഗമുണ്ട്.

? അനിലേഷിന്റെ  പുസ്തകങ്ങളെപ്പറ്റി വിശദീകരിക്കാമോ

∙ വ്യത്യസ്തമായ വിഭാഗങ്ങളിലായി 5 പുസ്തകങ്ങളാണ് ഇതുവരെ പ്രസിദ്ധീകരിക്കപ്പെട്ടിട്ടുള്ളത്. ആദ്യപുസ്തകമായ ‘നിമിഷാർദ്ധത്തിൽ കൊഴിഞ്ഞ് അദൃശ്യമാകുന്ന ഇലകൾ’ (ആർകെ പബ്ലിഷിങ് വെങ്ച്വർ) ആത്മബോധ്യങ്ങൾ എന്ന വിഭാഗത്തിലാണ് ഉൾപ്പെടുത്തിയിരിക്കുന്നത്. പ്രപഞ്ചത്തിന്റെയും മനുഷ്യജീവിതത്തിന്റെയും മേലുള്ള ധ്യാനാത്മകമായ നിരീക്ഷണങ്ങളാണ് ചെറിയ കുറിപ്പുകളായി അതിൽ സമാഹരിക്കപ്പെട്ടിട്ടുള്ളത്. മാൻഹട്ടൻ ബുക്ക് അവാർഡ് ജേതാവായ ഡോ. ടെഡ് മോറിസെ അവതാരിക എഴുതിയ ‘The Fallen and the Snake -bitten’ ജാപ്പാനീസ് ഹൈക്കുവിന്റെ (ടാൻക) രൂപത്തിൽ എഴുതിയ നൂറോളം കവിതകളുടെ സമാഹാരമാണ് (ആർകെ പബ്ലിഷിങ് വെങ്ച്വർ). വ്യക്തിപരമായ ഓർമകളുടെ പുസ്തകമാണ് കോഴിക്കോട് ധ്വനി ബുക്സ് പ്രസിദ്ധീകരിച്ച ‘എത്ര നിറഞ്ഞാലും ഒഴിഞ്ഞുകിടന്ന നമ്മൾ’. പ്രണയത്തിന്റെ അഞ്ച് ഘട്ടങ്ങളെ അഭിമുഖീകരിച്ചെഴുതിയ കവിതാസമാഹാരം, ‘നീ എന്നുമാത്രമെഴുതിയ കുറിപ്പുകൾ’ പ്രവ്ദ ബുക്സാണ് പ്രസിദ്ധീകരിച്ചത്.

തൃശൂർ കേന്ദ്രമായുള്ള ഐവറി ബുക്സാണ് ‘ഭയങ്കുരം’ പ്രസിദ്ധീകരിച്ചത്. ഇംഗ്ലണ്ടിലെ കേംബ്രിജ് സ്കോളേഴ്സ് പബ്ലിഷിങ് (Cambridge Scholars Publishing) പ്രസിദ്ധീകരിച്ച ആത്മഹത്യയെക്കുറിച്ചുള്ള ഒരു സാഹിത്യ സൈദ്ധാന്തിക പഠനം ‘Interpreting Suicide: Textuality of a Mortality’ അടുത്തുതന്നെ പ്രകാശനം ചെയ്യപ്പെടും. ഒരു യാത്രാനുഭവാഖ്യാനവും മനുഷ്യരെക്കുറിച്ചുള്ള ഓർമകളും കവിതാ സമാഹാരവും പണിപ്പുരയിലാണ്.

കണ്ണൂർ ജില്ലയിലെ മോറാഴ ആണ് അനിലേഷിന്റെ ജന്മദേശം. അച്ഛൻ അനന്തൻ, അമ്മ ലീല. കാലിക്കറ്റ് സർവകലാശാല, ശ്രീശങ്കരാചാര്യ സർവകലാശാല, ഹൈദരാബാദ് സെൻട്രൽ യൂണിവേഴ്സിറ്റി എന്നിവിടങ്ങളിൽ വിദ്യാഭ്യാസം. ഇംഗ്ലിഷ് ഭാഷയിലും സാഹിത്യത്തിലും എം.ഫിൽ ബിരുദം. ഇരുപത് വർഷത്തിലധികമായി വിവിധതലങ്ങളിൽ അധ്യാപകൻ. എഴുത്തുകാരനും കവിയും പ്രഭാഷകനുമാണ്. ഇപ്പോൾ തലശ്ശേരി ഗവ. ബ്രണ്ണൻ കോളജിൽ ഇംഗ്ലിഷ് വിഭാഗത്തിൽ അസിസ്റ്റന്റ് പ്രഫസർ. ചരിത്രാധ്യാപികയും ഗവേഷകയുമായ ഡോ.ദീപ ജിയാണ് ഭാര്യ. മകൻ മെഹ്ഫിൽ.

വിലാസം: 'അനുരാഗ്', അഞ്ചാംപീടിക (പോസ്റ്റ്), കണ്ണൂർ - 670331. Mob: 8113929247. mail: anileshtt@gmail.com, fb & insta @ anilesh anurag.

English Summary:

Anilesh Anurag shares his experience and thoughts- Interview.