‘ആ ഗുരുതര രോഗം എനിക്കില്ല’: മയോ ക്ലിനിക് കണ്ടെത്തിയ ‘രോഗം’ കെ.സുധാകരൻ വെളിപ്പെടുത്തുന്നു
ഒരു വർഷത്തിലേറെയായി തന്നെ ബാധിച്ച ‘വലിയ രോഗ’ത്തിന്റെ ചികിത്സാർഥം, അമേരിക്കയിലെ മയോ ക്ലിനിക്കിൽ ചെലവിട്ടശേഷം തിരിച്ചെത്തിയ കെപിസിസി പ്രസിഡന്റ് കെ.സുധാകരൻ രാഷ്ട്രീയ രംഗത്തു വീണ്ടും സജീവമാകുകയാണ്. മൂന്നാഴ്ചയിലേറെ യുഎസിൽ രോഗപരിശോധനയ്ക്കും ചികിത്സയ്ക്കായും ഉണ്ടായ സുധാകരൻ ഈ അഭിമുഖത്തിൽ തന്റെ രോഗവുമായി ബന്ധപ്പെട്ട നിർണായക വിവരങ്ങൾ വെളിപ്പെടുത്തുന്നു. ഡോക്ടർമാർ വിധിയെഴുതിയ അപൂർവമായ ആ രോഗത്തെക്കുറിച്ചും അതേക്കുറിച്ചു മയോ ക്ലിനിക് എന്താണ് അഭിപ്രായപ്പെട്ടതെന്നും കെപിസിസി പ്രസിഡന്റ് തുറന്നു പറയുന്നു.
ഒരു വർഷത്തിലേറെയായി തന്നെ ബാധിച്ച ‘വലിയ രോഗ’ത്തിന്റെ ചികിത്സാർഥം, അമേരിക്കയിലെ മയോ ക്ലിനിക്കിൽ ചെലവിട്ടശേഷം തിരിച്ചെത്തിയ കെപിസിസി പ്രസിഡന്റ് കെ.സുധാകരൻ രാഷ്ട്രീയ രംഗത്തു വീണ്ടും സജീവമാകുകയാണ്. മൂന്നാഴ്ചയിലേറെ യുഎസിൽ രോഗപരിശോധനയ്ക്കും ചികിത്സയ്ക്കായും ഉണ്ടായ സുധാകരൻ ഈ അഭിമുഖത്തിൽ തന്റെ രോഗവുമായി ബന്ധപ്പെട്ട നിർണായക വിവരങ്ങൾ വെളിപ്പെടുത്തുന്നു. ഡോക്ടർമാർ വിധിയെഴുതിയ അപൂർവമായ ആ രോഗത്തെക്കുറിച്ചും അതേക്കുറിച്ചു മയോ ക്ലിനിക് എന്താണ് അഭിപ്രായപ്പെട്ടതെന്നും കെപിസിസി പ്രസിഡന്റ് തുറന്നു പറയുന്നു.
ഒരു വർഷത്തിലേറെയായി തന്നെ ബാധിച്ച ‘വലിയ രോഗ’ത്തിന്റെ ചികിത്സാർഥം, അമേരിക്കയിലെ മയോ ക്ലിനിക്കിൽ ചെലവിട്ടശേഷം തിരിച്ചെത്തിയ കെപിസിസി പ്രസിഡന്റ് കെ.സുധാകരൻ രാഷ്ട്രീയ രംഗത്തു വീണ്ടും സജീവമാകുകയാണ്. മൂന്നാഴ്ചയിലേറെ യുഎസിൽ രോഗപരിശോധനയ്ക്കും ചികിത്സയ്ക്കായും ഉണ്ടായ സുധാകരൻ ഈ അഭിമുഖത്തിൽ തന്റെ രോഗവുമായി ബന്ധപ്പെട്ട നിർണായക വിവരങ്ങൾ വെളിപ്പെടുത്തുന്നു. ഡോക്ടർമാർ വിധിയെഴുതിയ അപൂർവമായ ആ രോഗത്തെക്കുറിച്ചും അതേക്കുറിച്ചു മയോ ക്ലിനിക് എന്താണ് അഭിപ്രായപ്പെട്ടതെന്നും കെപിസിസി പ്രസിഡന്റ് തുറന്നു പറയുന്നു.
ഒരു വർഷത്തിലേറെയായി തന്നെ ബാധിച്ച ‘വലിയ രോഗ’ത്തിന്റെ ചികിത്സാർഥം, അമേരിക്കയിലെ മയോ ക്ലിനിക്കിൽ ചെലവിട്ടശേഷം തിരിച്ചെത്തിയ കെപിസിസി പ്രസിഡന്റ് കെ.സുധാകരൻ രാഷ്ട്രീയ രംഗത്തു വീണ്ടും സജീവമാകുകയാണ്. മൂന്നാഴ്ചയിലേറെ യുഎസിൽ രോഗപരിശോധനയ്ക്കും ചികിത്സയ്ക്കായും ഉണ്ടായ സുധാകരൻ ഈ അഭിമുഖത്തിൽ തന്റെ രോഗവുമായി ബന്ധപ്പെട്ട നിർണായക വിവരങ്ങൾ വെളിപ്പെടുത്തുന്നു. ഡോക്ടർമാർ വിധിയെഴുതിയ അപൂർവമായ ആ രോഗത്തെക്കുറിച്ചും അതേക്കുറിച്ചു മയോ ക്ലിനിക് എന്താണ് അഭിപ്രായപ്പെട്ടതെന്നും കെപിസിസി പ്രസിഡന്റ് തുറന്നു പറയുന്നു.
ലോക്സഭാ തിരഞ്ഞെടുപ്പിലേക്ക് കടക്കുന്ന ഈ വേളയിൽ സ്ഥാനാർഥി നിർണയം സംബന്ധിച്ച നിർണായക സൂചനകളും ഈ അഭിമുഖത്തിലുണ്ട്. പ്രതിപക്ഷനേതാവ് വി.ഡി.സതീശനുമായുള്ള ബന്ധത്തിൽ സംഭവിച്ച ഉലച്ചിലിനെക്കുറിച്ചുള്ള ഇപ്പോഴത്തെ നിലപാടും അദ്ദേഹം വിശദീകരിക്കുന്നു. മലയാള മനോരമ തിരുവനന്തപുരം ചീഫ് ഓഫ് ബ്യൂറോ സുജിത് നായരുമായി ‘ക്രോസ് ഫയർ’ അഭിമുഖ പരമ്പരയിൽ കെ.സുധാകരൻ സംസാരിക്കുന്നു.
? അമേരിക്കയിൽ രോഗ പരിശോധനയും ചികിത്സയും കഴിഞ്ഞു താങ്കൾ തിരിച്ചെത്തിയതല്ലേയുള്ളൂ?എന്തായിരുന്നു അവിടുത്തെ അനുഭവം?
∙ പൊതുവായ കാര്യം ആദ്യം പറയാം. രാഷ്ട്രീയമായ വിയോജിപ്പുകൾ ഉണ്ടാകാം. പക്ഷേ അദ്ഭുതപ്പെടുത്തുന്ന അനുഭവങ്ങളായിരുന്നു അവിടുത്തേത്. സ്വന്തം പൗരന് ഇതുപോലെ സംരക്ഷണം നൽകുന്ന ഭരണകൂടം മറ്റെവിടെയെങ്കിലും ഉണ്ടാകുമെന്നു തോന്നുന്നില്ല. ജോലി നഷ്ടപ്പെട്ടാലും ജീവിക്കാനുള്ള പിന്തുണയും രോഗിയായാൽ ചികിത്സിക്കാനുള്ള സഹായവും സർക്കാർ നൽകും.നമ്മുടെ നാട്ടിൽനിന്ന് ധാരാളം പേർ അവിടെ ഉണ്ടല്ലോ. പൊതുവിൽ ജനങ്ങൾ സംതൃപ്തരായിട്ടാണ് തോന്നിയത്.
? ഇത് ആദ്യത്തെ അമേരിക്കൻ യാത്രയാണോ?
∙ അതെ. മുൻപ് പോയിട്ടില്ല. സ്വന്തം പൗരന്മാരോട് അവിടുത്തെ സർക്കാർ കാട്ടുന്ന താൽപര്യവും നീതിയും അദ്ഭുതപ്പെടുത്തുന്നതാണെന്ന് വീണ്ടും പറയട്ടെ.
? പ്രശസ്തമായ മയോ ക്ലിനിക്കിലായിരുന്നല്ലോ താങ്കളുടെ ചികിത്സ. അതേക്കുറിച്ചു പറയാമോ? ചികിത്സയ്ക്കായി യുഎസിനു പോകാൻ താൽപര്യമുണ്ടായിരുന്നില്ലല്ലോ
∙ അതെ. രാഹുൽഗാന്ധി അടക്കമുള്ള നേതാക്കളുടെ നിർബന്ധത്തിനു വഴങ്ങിയാണ് അമേരിക്കയിലേക്കു പോയത്. എന്നെ കാണുമ്പോഴെല്ലാം അദ്ദേഹം ചികിത്സയുടെ കാര്യം ചോദിക്കും. എന്തായാലും പോയതു മഹാഭാഗ്യമായി. അതിന് രാഹുൽജി നിമിത്തമായി എന്നു പറയാൻ അഭിമാനമുണ്ട്.
? എന്താണ് കാര്യം? അതെന്തുകൊണ്ടാണ്?
∙ കേരളത്തിലെ പല ആശുപത്രികളിലും ഞാൻ ചികിത്സ തേടിയിരുന്നു. ‘മയസ്തീനിയ ഗ്രാവിസ്’ എന്ന രോഗമാണ് എനിക്ക് എന്നായിരുന്നു അവരുടെ പരിശോധനയിൽ പറഞ്ഞത്. അതിനായുള്ള ചികിത്സയാണ് ഇക്കാലയളവിൽ ഞാൻ സ്വീകരിച്ചത്. പേശികൾ ദുർബലമായി, ദുർബലമായി ഒടുവിൽ ജീവിതത്തെ വല്ലാതെ ബാധിക്കുന്ന രോഗമാണ് അത്. തിരിച്ചുവരുന്നവർ ഉണ്ടെങ്കിലും ഗുരുതര രോഗമാണ് എനിക്കെന്നായിരുന്നു ധാരണ. ഇവിടുത്തെ ഡോക്ടർമാരുടെ അഭിപ്രായവും അതായിരുന്നു.പക്ഷേ മയോ ക്ലിനിക്കിലെ പരിശോധനയിൽ ആ രോഗം എനിക്കില്ല എന്നാണ് തെളിഞ്ഞത്.
? എങ്ങനെയായിരുന്നു അവരുടെ രോഗ നിർണയം?
∙ അവിടുത്തെ ചികിത്സാ രീതി വ്യത്യസ്തമാണല്ലോ. രാവിലെ ആറരയോടെ ഡോക്ടറുടെ മുറിയിൽ എത്തണം. നമ്മുടെ ആരോഗ്യ വിവരങ്ങൾ സ്റ്റാഫ് രേഖപ്പെടുത്തും. തുടർന്ന് ഒരു ഡോക്ടർ എത്തും. വീണ്ടും ചില ചോദ്യങ്ങളും കാര്യങ്ങളും ഉണ്ടാകും. അതിനു ശേഷം പ്രധാന ഡോക്ടർ എത്തും. അദ്ദേഹം വിവരങ്ങൾ പരിശോധിച്ച ശേഷം നമ്മുടെ രോഗത്തിലേക്കും അതിന്റെ ചികിത്സാ രീതിയിലേക്കും കടക്കും. ഓരോ വിഭാഗത്തിലും നടത്തിയ പരിശോധനകളുടെ ഫലം വച്ചുകൊണ്ട് ഒരുമിച്ചിരുന്നു ഡോക്ടർമാർ ചർച്ച നടത്തും. ഡോ. അമിത് ഘോഷായിരുന്നു എന്റെ കാര്യങ്ങൾ ശ്രദ്ധിച്ച ടീമിന്റെ ക്യാപ്റ്റൻ. ‘മയസ്തീനിയ ഗ്രാവിസ്’ എനിക്കില്ല എന്ന് എന്നെ ബോധ്യപ്പെടുത്തിയത് അദ്ദേഹമാണ്. അത് ഉറപ്പിക്കാനായി ‘മസിൽ ബയോപ്സി’ നടത്തി.
? അതു ശുഭവാർത്തയാണല്ലോ?
∙ തീർച്ചയായും. ഗുരുതരമായ ഒരു രോഗവും എനിക്കില്ല എന്നാണ് ഡോക്ടർമാരുടെ സംഘം പറഞ്ഞത്. ആകെയുള്ളത് പ്രമേഹമാണ്.
? പക്ഷേ വലിയ ബുദ്ധിമുട്ടുകൾ താങ്കൾക്ക് നേരത്തേ ഉണ്ടായിരുന്നു എന്നായിരുന്നല്ലോ പൊതുവായ ധാരണ...?
∙ അതെ. പ്രമേഹം ഒരുപാട് ശാരീരിക ബുദ്ധിമുട്ടുകൾ ഉണ്ടാക്കുമല്ലോ. അതും ഒരു തരത്തിൽ ഗുരുതരരോഗമാണല്ലോ. വല്ലാതെ ക്ഷീണിതനായിപ്പോകും. ‘മയസ്തീനിയ ഗ്രാവിസ്’ വരുന്നതിനു സമാനമായ തരത്തിൽ ക്ഷീണിതനായിപ്പോകുമായിരിക്കും. എന്തായാലും ആ രോഗമില്ലെന്നും പ്രമേഹം മാത്രമേ ഉള്ളൂവെന്നുമാണ് മയോ ക്ലിനിക്കിൽ സ്ഥിരീകരിച്ചത്. ആ വാർത്ത എനിക്കു നൽകിയ ആത്മവിശ്വാസം എന്നെ കാണാൻ വരുന്ന പ്രവർത്തകരുടെ മനോഭാവത്തിൽ നിന്നുതന്നെ മനസ്സിലാകും. ഉന്മേഷം എനിക്കു തിരിച്ചുകിട്ടിയത് അവർക്കു ബോധ്യപ്പെട്ടു തുടങ്ങിയിരിക്കുന്നു. ആ സന്തോഷം അവരിൽ പ്രകടമാണ്. കെപിസിസിയിൽ കൂടുതൽ സമയം ഇനി ഉണ്ടാകും. ഒപ്പം കേരളത്തിൽ എല്ലായിടത്തും എത്തിച്ചേരും.
? പ്രമേഹത്തെ മാറ്റിനിർത്തിയാൽ പൂർണ ആരോഗ്യവാനാണെന്നാണോ റിപ്പോർട്ട്?
∙ അതെ. മറ്റൊരു കുഴപ്പവും ഇല്ല. നേരത്തേ ഒരുപാട് ഗുളികകളും കുത്തിവയ്പും ഉണ്ടായിരുന്നു. ഇപ്പോൾ നാലോ അഞ്ചോ ഗുളികകളാണ് നൽകിയിരിക്കുന്നത്. അതിൽ തന്നെ ചിലതു വൈറ്റമിൻ ഗുളികകളാണ്. പ്രമേഹം നിയന്ത്രിച്ചു പോകണമെന്നാണ് പറഞ്ഞത്.
? ചികിത്സാ റിപ്പോർട്ടുകൾ ലഭിച്ചോ?
∙ കാര്യങ്ങൾ എന്നോടു വിശദീകരിച്ചു. ചികിത്സ നിർദേശിച്ചു. റിപ്പോർട്ട് അടുത്ത ദിവസം ലഭിക്കും. പഴയ രോഗത്തെക്കുറിച്ചുള്ള ചിന്ത മനസ്സിൽനിന്ന് പൂർണമായും മാറ്റി സജീവമാകാനാണ് ഡോക്ടർമാർ എന്നോടു പറഞ്ഞത്. ഭക്ഷണം നല്ലതു പോലെ നിയന്ത്രിക്കുകയും വേണം.
? ‘മയസ്തീനിയ ഗ്രാവിസിന്’ വേണ്ടി ചെയ്യേണ്ടി വന്ന ചികിത്സ എന്തെങ്കിലും ദോഷം ഉണ്ടാക്കിയിട്ടുണ്ടോ?
∙ എന്തു ചെയ്യാനാണ്? അതിനും പരിഹാരമുണ്ടെന്നാണ് പറഞ്ഞത്. എനിക്കു നേരത്തേ പ്രമേഹം ഉണ്ടായിട്ടില്ല. ഈ മരുന്നുകൾ കഴിച്ച ശേഷമാണ് അത് ഉണ്ടായത്. തലവിധി എന്നല്ലാതെ എന്തു പറയാൻ. ഒരു വർഷത്തിലേറെയായി പേശികൾക്കുള്ള രോഗത്തിന് ഞാൻ ചികിത്സ എടുക്കുകയാണ്.
? വീണ്ടും മയോ ക്ലിനിക്കിലേക്കു പോകേണ്ടി വരുമോ?
∙ അങ്ങനെ ഇപ്പോൾ പറഞ്ഞിട്ടില്ല. ആവശ്യം ഉണ്ടെങ്കിൽ പോകും. അവിടുത്തെ ഡോക്ടർമാരുമായി എപ്പോൾ വേണമെങ്കിലും ആശയവിനിമയം നടത്താം. കേരളത്തിൽ നിന്നുളള്ള പ്രഗത്ഭനായ ഡോക്ടർ അവിടെ ഉണ്ട്. പ്രമേഹ ചികിത്സയുടെ കാര്യത്തിൽ മാന്ത്രികനായി കണക്കാക്കപ്പെടുന്ന ഡോ. ശ്രീകുമാർ നായർ. അദ്ദേഹത്തെയും കണ്ടിരുന്നു. നാട്ടിലായിരുന്ന അദ്ദേഹം ഞാൻ അവിടെ ഉണ്ട് എന്നറിഞ്ഞ് നേരത്തേ തിരിച്ചെത്തി. പ്രമേഹത്തിന് മരുന്നുകൾ നിർദേശിച്ചത് അദ്ദേഹം കൂടിയാണ്.
? തിരഞ്ഞെടുപ്പ് ഒരുക്കങ്ങളിലേക്കു കടക്കുകയാണല്ലോ. സ്ഥാനാർഥി നിർണയം നേരത്തേ ആയിരിക്കുമെന്ന സൂചന താങ്കൾ നൽകിയല്ലോ?
∙ പാർട്ടിയിൽ ആശയവിനിമയങ്ങൾ നടക്കുന്നുണ്ട്. കഴിയുന്നതും വേഗം സ്ഥാനാർഥികളെ തീരുമാനിക്കാനാണ് ഞങ്ങൾ ശ്രമിക്കുന്നത്. വളരെ അനുകൂലമായ രാഷ്ട്രീയ സാഹചര്യമാണ് കോൺഗ്രസിന്.
? യുഡിഎഫ് സീറ്റ് വിഭജനം അഞ്ചാം തീയതി പൂർത്തിയാക്കിയാൽ സ്ഥാനാർഥി നിർണയ ചർച്ചകളിലേക്കു കോൺഗ്രസ് കടക്കുമോ?
∙ അങ്ങനെയാണ് ആലോചിക്കുന്നത്. ഫെബ്രുവരി അഞ്ചോടെ യുഡിഎഫുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ തീരും. അതിനു ശേഷം എല്ലാ ഘടകകക്ഷികളും അവരുടേതായ ചർച്ചകളിലേക്കു കടക്കും.
? ലീഗ് മൂന്നാമതൊരു സീറ്റ് ചോദിച്ചല്ലോ?
∙ അവർക്ക് അതു ചോദിക്കാനുള്ള അവകാശമുണ്ട്. കൊടുക്കാൻ കഴിയുമോ എന്ന് ആലോചിക്കുന്നുണ്ട്. ലീഗിനെ വെറുപ്പിക്കേണ്ട ഒരു കാര്യവും ഇല്ല. ലീഗിന്റെ എംപി വന്നാലും നമ്മുടെ എംപി തന്നെയാണ്. നമ്മുടെ എംപി ലീഗിന്റേതുമാണ്. പിടിവാശിക്കൊന്നും ഞങ്ങൾ ഇല്ല. പക്ഷേ ചില പ്രയാസങ്ങൾ ഞങ്ങൾക്കുണ്ട്. അത് അവരെ ബോധ്യപ്പെടുത്താൻ നോക്കും.
? കണ്ണൂർ എംപിയായ താങ്കൾ വീണ്ടും മത്സരിക്കുന്നില്ലെന്നു നേരത്തേ പ്രഖ്യാപിച്ചിരുന്നു. അതിൽതന്നെ ഉറച്ചു നിൽക്കുകയാണോ?
∙ ആ നിലപാടിൽ തന്നെയാണ് ഉള്ളത്. ഹൈക്കമാൻഡിന്റെ നിർദേശമാണ് കാക്കുന്നത്. അവരുടെ ഭാഗത്തുനിന്ന് നിർബന്ധമുണ്ടോ എന്നു നോക്കും.
? മറ്റുള്ളവരെല്ലാം മത്സരിക്കുമെന്ന് ഉറപ്പാണോ?
∙ ഏതാണ്ട്. പക്ഷേ, പൂർണമായും അതേക്കുറിച്ചു പറയാറായിട്ടില്ല. ചില കേസുകളുണ്ട്.
? തിരഞ്ഞെടുപ്പ് ഒരുക്കങ്ങൾക്കായി 31 ഇടത്ത് ‘സമരാഗ്നി’ എന്ന പേരിൽ റാലി നടത്താൻ കെപിസിസി തീരുമാനിച്ചിട്ടുണ്ട്. രാഷ്ട്രീയ ജാഥയ്ക്കു പകരം റാലി പുതിയ രീതിയാണല്ലോ?
∙ കേന്ദ്ര–കേരള സർക്കാരുകൾക്കെതിരെ ജനമനസ്സിൽ ഒരു തീക്കുണ്ഡം സൃഷ്ടിക്കാൻ പര്യാപ്തമായ റാലികളായിരിക്കും അത്. പേരു തന്നെ ഇട്ടത് അങ്ങനെയാണ്. ഓരോ വേദിയിലും പതിനായിരങ്ങൾ പങ്കെടുക്കും. ബൂത്ത് തലം മുതൽ അതിനുള്ള ശക്തി സമാഹരണം നടക്കും. കേരളത്തിലെമ്പാടുമുള്ള ജനങ്ങളിലേക്ക് കോൺഗ്രസിന്റെ സന്ദേശം എത്തിക്കും. പ്രവർത്തർക്ക് പതിന്മടങ്ങ് ആത്മവിശ്വാസം നൽകും. കോൺഗ്രസിന് ഉണർവും ഉന്മേഷവും നൽകുന്ന സംഘടനാ പ്രവർത്തനശൈലിയുടെ തുടർച്ചയാണ് സമരാഗ്നി.
? താങ്കൾ പ്രസിഡന്റായ ശേഷം റാലികളാണല്ലോ കൂടുതലും കാര്യമായി നടക്കുന്നത്. അതൊരു മാറ്റമാണല്ലോ?
∙ രാഹുൽഗാന്ധിക്കു നൽകിയ സ്വീകരണ റാലി, കോഴിക്കോട്ടെ പലസ്തീൻ ഐക്യദാർഢ്യറാലി, വൈക്കം സത്യഗ്രഹശതാബ്ദി സമ്മേളനം തുടങ്ങിയവയിലെല്ലാം റെക്കോർഡ് പങ്കാളിത്തമാണ് ഉണ്ടായത്. പ്രവർത്തകരിൽ ഉണ്ടാക്കാനായ ആവേശമാണ് അതിലെല്ലാം പ്രതിഫലിച്ചത്. ഒരു തീരുമാനം എടുത്താൽ അതിനു പിന്നാലെ നിൽക്കുന്നതാണ് എന്റെ രീതി. പ്രവർത്തകരെ വെറുതെ ഇരിക്കാൻ സമ്മതിക്കില്ല. സത്യം പറഞ്ഞാൽ കെപിസിസിയിലെ ചുരുക്കം ചില ഭാരവാഹികളാണ് ഇതിനെല്ലാം ചുക്കാൻ പിടിക്കുന്നത്. അവർക്ക് ആത്മവിശ്വാസം നൽകുക എന്നതാണ് എന്റെ കടമ. ആ കൂട്ടായ പ്രവർത്തനത്തിന്റെ ഫലമാണ് ഇതെല്ലാം.
? കോട്ടയത്തെ വാർത്താ സമ്മേളനത്തിൽ സംഭവിച്ച കാര്യങ്ങളുടെ പേരിൽ പ്രതിപക്ഷ നേതാവ് വി.ഡി.സതീശനുമായി ഉണ്ടായ അകൽച്ച മാറിയോ?
∙ എന്റെ മനസ്സിൽ ഇപ്പോൾ അതൊന്നും വച്ചിട്ടില്ല. അങ്ങനെ വച്ചാൽ ഒരുമിച്ചു പോകാൻ കഴിയില്ല. മനസ്സിൽ ഒരു ഈർഷ്യ ഉണ്ടായാൽ അതു മുറിവേൽപിച്ചുകൊണ്ടിരിക്കും. അതുകൊണ്ട് അതങ്ങു മറക്കുകയാണ് നല്ലത്. ഞാൻ ആരോടും പ്രതികാരമനോഭാവം പുലർത്തുന്ന ആളല്ല. ഗ്രൂപ്പ് നോക്കി ആരെയും പരിഗണിക്കാറോ അവഗണിക്കാറോ ഇല്ല. എല്ലാവരോടും സൗഹൃദത്തോടും സ്നേഹത്തോടും പെരുമാറുന്നതാണ് എന്റെ രീതി. നിസ്സാരകാരണത്തിന്റെ പേരിൽ മുഖം കറുപ്പിച്ചു മാറി നിൽക്കുന്നതു പാർട്ടിക്കു ഗുണകരമല്ല. അതുകൊണ്ട് അതു കേട്ടു, വിട്ടു. അത്രേയുള്ളൂ.
? പാർട്ടി നേതൃനിരയിലെ ഐക്യം പക്ഷേ, എത്രത്തോളമുണ്ട്...?
∙ ഒരു പ്രശ്നവും ഇപ്പോൾ കോൺഗ്രസിൽ ഇല്ല. എല്ലാവരും ഒരുമിച്ചാണ് പോകുന്നത്. മിക്ക ദിവസവും ഞങ്ങളെല്ലാം പരസ്പരം സംസാരിക്കാറുണ്ട്. തിരഞ്ഞെടുപ്പ് ഒരുക്കങ്ങളും നന്നായി നടക്കുന്നു.
? ഡൽഹിയിൽ കേന്ദ്രത്തിനെതിരെ എൽഡിഎഫ് സർക്കാർ സംഘടിപ്പിക്കുന്ന സമരത്തിൽനിന്നു പ്രതിപക്ഷം വിട്ടുനിൽക്കുന്നതിനെക്കുറിച്ച് അവർ ആക്ഷേപങ്ങൾ ഉന്നയിക്കുന്നുണ്ടല്ലോ?
∙ ആരാന്റെ ശക്തി ചൂണ്ടിക്കാണിച്ച് വലിയവനാകാൻ നോക്കിയിട്ടു കാര്യമില്ല. അവനവന്റെ കരുത്ത് ആദ്യം തെളിയിക്ക്. ബിജെപിയെ എങ്ങനെ എതിർക്കണമെന്നു കോൺഗ്രസിനു നിശ്ചയമുണ്ട്. അതിന് രാജ്യത്താകെ നേതാക്കളും പ്രവർത്തകരും കോൺഗ്രസിനുണ്ട്. ഇക്കൂട്ടരുടെ പിന്തുണയൊന്നും ഞങ്ങൾക്കു വേണ്ട. പക്ഷേ അവർക്കു തിരിച്ചു ഞങ്ങളെ വേണം. കേരളം വിട്ടാൽ ആരുണ്ട് ഇവരുടെ കൂടെ? പത്താളെ വച്ച് എത്ര സംസ്ഥാനങ്ങളിൽ ഇവർക്കു ജാഥ നടത്താൻ കഴിയും? അക്കൂട്ടരാണ് കോൺഗ്രസിനെ ആക്ഷേപിക്കുന്നത്. പണ്ടേ ഉളുപ്പില്ലാത്തവരാണല്ലോ. അതു കൊണ്ട് ഞങ്ങൾ ഇതെല്ലാം കേട്ടു സഹിക്കുക തന്നെ.