ജനാധിപത്യം ജയിക്കട്ടെ
ഈ മാസം 19നു തുടങ്ങുന്നത് രാജ്യത്തെ അവസാന തിരഞ്ഞെടുപ്പാണെന്നു ജനത്തിനിടയിൽ ആശങ്ക പരത്തുന്നത് പ്രധാനമായും രണ്ടു കൂട്ടരാണ്: പ്രതിപക്ഷവും ഭരണപക്ഷവും. പ്രതിപക്ഷം വാക്കുകളിലൂടെയും ഭരണപക്ഷം പ്രവൃത്തികളിലൂടെയും. തോന്നുന്ന ആശങ്ക പറയേണ്ടതു പ്രതിപക്ഷത്തിന്റെ ഉത്തരവാദിത്തമാണ്. ഭരണപക്ഷം എന്തിനിങ്ങനെ
ഈ മാസം 19നു തുടങ്ങുന്നത് രാജ്യത്തെ അവസാന തിരഞ്ഞെടുപ്പാണെന്നു ജനത്തിനിടയിൽ ആശങ്ക പരത്തുന്നത് പ്രധാനമായും രണ്ടു കൂട്ടരാണ്: പ്രതിപക്ഷവും ഭരണപക്ഷവും. പ്രതിപക്ഷം വാക്കുകളിലൂടെയും ഭരണപക്ഷം പ്രവൃത്തികളിലൂടെയും. തോന്നുന്ന ആശങ്ക പറയേണ്ടതു പ്രതിപക്ഷത്തിന്റെ ഉത്തരവാദിത്തമാണ്. ഭരണപക്ഷം എന്തിനിങ്ങനെ
ഈ മാസം 19നു തുടങ്ങുന്നത് രാജ്യത്തെ അവസാന തിരഞ്ഞെടുപ്പാണെന്നു ജനത്തിനിടയിൽ ആശങ്ക പരത്തുന്നത് പ്രധാനമായും രണ്ടു കൂട്ടരാണ്: പ്രതിപക്ഷവും ഭരണപക്ഷവും. പ്രതിപക്ഷം വാക്കുകളിലൂടെയും ഭരണപക്ഷം പ്രവൃത്തികളിലൂടെയും. തോന്നുന്ന ആശങ്ക പറയേണ്ടതു പ്രതിപക്ഷത്തിന്റെ ഉത്തരവാദിത്തമാണ്. ഭരണപക്ഷം എന്തിനിങ്ങനെ
ഈ മാസം 19നു തുടങ്ങുന്നത് രാജ്യത്തെ അവസാന തിരഞ്ഞെടുപ്പാണെന്നു ജനത്തിനിടയിൽ ആശങ്ക പരത്തുന്നത് പ്രധാനമായും രണ്ടു കൂട്ടരാണ്: പ്രതിപക്ഷവും ഭരണപക്ഷവും. പ്രതിപക്ഷം വാക്കുകളിലൂടെയും ഭരണപക്ഷം പ്രവൃത്തികളിലൂടെയും. തോന്നുന്ന ആശങ്ക പറയേണ്ടതു പ്രതിപക്ഷത്തിന്റെ ഉത്തരവാദിത്തമാണ്. ഭരണപക്ഷം എന്തിനിങ്ങനെ ചെയ്യുന്നുവെന്നതു പക്ഷേ, പ്രസക്തമായ ചോദ്യമാണ്. പുറമേയുള്ള ലക്ഷണങ്ങൾവച്ചു നോക്കുമ്പോൾ ഇത് അവസാനത്തെ തിരഞ്ഞെടുപ്പാണെന്നു കരുതാൻ കാരണങ്ങളില്ല. എല്ലാ തിരഞ്ഞെടുപ്പുകളും ഒരേസമയത്താക്കി ചെലവു കുറയ്ക്കാനുള്ള താൽപര്യം കേന്ദ്ര സർക്കാർ വ്യക്തമാക്കിയിട്ടുണ്ട്. ലോക്സഭയിൽ കൂടുതൽപേരെ ഇരുത്താനുള്ള സൗകര്യംകൂടി ഉൾപ്പെടുത്തിയാണ് പുതിയ പാർലമെന്റ് മന്ദിരം പണിതിരിക്കുന്നത്. വനിതാ സംവരണത്തിനുള്ള ബിൽ പാസാക്കിയിട്ടുണ്ട്.
അതിലൊക്കെയുപരി, ഭരണരീതിയെ സ്വേച്ഛാധിപത്യം, ഏകാധിപത്യം, മത–ഭൂരിപക്ഷാധിപത്യം തുടങ്ങി എന്തുപേരു വിളിച്ചാലും, തിരഞ്ഞെടുപ്പിലൂടെയാണ് തങ്ങൾ കസേരയിലെത്തിയതെന്നു സ്ഥാപിക്കേണ്ടത് ഏതൊരു കൂട്ടർക്കും ആവശ്യമാണ്. രണ്ടാഴ്ചമുൻപ്, 2030 വരെ പ്രസിഡന്റായി തുടരാൻ വ്ളാഡിമിർ പുട്ടിന് ആകെ വോട്ടിൽ 87% ലഭിച്ചെന്നാണ് റഷ്യയിലെ തിരഞ്ഞെടുപ്പു കമ്മിഷൻ പറഞ്ഞ കണക്ക്; മൊത്തം 77.5% പേർ വോട്ടു ചെയ്തെന്നും. അങ്ങനെ നോക്കുമ്പോൾ, അവസാനത്തെ തിരഞ്ഞെടുപ്പാണോ എന്നതു കൃത്യമായ ചോദ്യമല്ല. ജനാധിപത്യം അവസാനിക്കുകയാണോ എന്നതാണു ചോദ്യം. ഭരണസംവിധാനം ജനാധിപത്യമാകുന്നതിന്റെ ആദ്യചുവടാണ് സ്വതന്ത്രവും നീതിപൂർവകവുമായ തിരഞ്ഞെടുപ്പ്.
അപ്പോൾ, അതിന്റെ ഭാവിയെക്കുറിച്ചുള്ള ആശങ്ക വാസ്തവത്തിൽ ജനാധിപത്യത്തെക്കുറിച്ചുള്ള ആശങ്കയാണ്. ജനാധിപത്യവിരുദ്ധമായ അടിയന്തരാവസ്ഥ അവസാനിപ്പിക്കാൻ പോകുന്നെന്നു പ്രധാനമന്ത്രി ഇന്ദിരാഗാന്ധി 1977 ജനുവരി 18നു സൂചിപ്പിച്ചത് ലോക്സഭ പിരിച്ചുവിട്ട് പൊതുതിരഞ്ഞെടുപ്പു നടത്തുമെന്ന് റേഡിയോയിലൂടെ അറിയിച്ചപ്പോഴാണ്.
താൻ തോൽക്കുമെന്ന് അറിയാമെന്നും എങ്കിലും തിരഞ്ഞെടുപ്പു നടത്താതെ മാർഗമില്ലെന്നും 1976 നവംബറിൽത്തന്നെ പ്രിൻസിപ്പൽ സെക്രട്ടറി പി.എൻ.ധറിനോടും ഇൻഫർമേഷൻ അഡ്വൈസർ എച്ച്.വൈ.ശാരദ പ്രസാദിനോടും ഇന്ദിരാഗാന്ധി പറഞ്ഞിരുന്നു. തിരഞ്ഞെടുപ്പിലെ തോൽവിക്കുശേഷം അധികാരം സമാധാനപരമായി എതിരാളികൾക്കു കൈമാറിയതിനെ യഥാർഥ ജനാധിപത്യത്തിന്റെ പരമമായ അടയാളമെന്നാണ് ബ്രിട്ടിഷ് പ്രധാനമന്ത്രിയായിരുന്ന ജയിംസ് കല്ലഗൻ വിശേഷിപ്പിച്ചത്.
1980ലെ തോൽവിയെത്തുടർന്ന് എതിരാളികൾ ഇന്ദിരയ്ക്കു ഭരണം കൈമാറിയതിനെയും അങ്ങനെ പറയാമെന്നാണ് ഈയിടെ അന്തരിച്ച ഭരണഘടനാ പണ്ഡിതൻ ഫാലി എസ്.നരിമാൻ വാദിച്ചിട്ടുള്ളത്. വരുന്നത് അവസാനത്തെ തിരഞ്ഞെടുപ്പെന്ന ആശങ്ക മാറ്റിവയ്ക്കാൻ ചരിത്രം നമ്മെ പ്രേരിപ്പിക്കുന്നു. പകരം, വിദേശങ്ങളിലെ മാധ്യമങ്ങളും സർവകലാശാലകളിലെ ഗവേഷകരും ജനാധിപത്യ സൂചിക തയാറാക്കുന്ന ഏജൻസികളും മറ്റും കഴിഞ്ഞ ഏതാനും വർഷങ്ങളായി എഴുതുന്ന ചില വിലാപങ്ങളിലേക്കു വരാം. ഇന്ത്യയിൽ ജനാധിപത്യം മരിക്കുന്നുവോ, മരിക്കുകയാണ്, മരിച്ചു എന്നിങ്ങനെയാണവ. ‘ഇന്ത്യൻ ഡെമോക്രസി’ എന്നൊന്നു ഗൂഗിൾ ചെയ്താൽ ഇവ അണിനിരക്കും. 2014 മുതലുള്ള ഇന്ത്യാ ഭരണമാണ് വിശകലനവസ്തു.
ജനാധിപത്യ രാഷ്ട്രമായിരിക്കാൻ ഇന്ത്യയ്ക്കു സാധിക്കില്ലെന്ന് അവരുടെ രാഷ്ട്രീയ പൂർവികരിൽ പലരും പണ്ടു പ്രവചിച്ചതും അടിയന്തരാവസ്ഥയുടെ 21 മാസം മാത്രമേ അങ്ങനെ സംഭവിച്ചുള്ളൂ എന്നതും നമുക്കറിയാം. അതുൾപ്പെടെയുള്ള കാരണങ്ങളാൽ, നമ്മുടെ ജനാധിപത്യത്തിൽ വിദേശികൾക്കുള്ള താൽപര്യത്തെക്കുറിച്ചു സംശയമുണ്ടാവുക സ്വാഭാവികം. എന്നാൽ, ഇന്ത്യയിൽ ജനാധിപത്യം ഇല്ലാതാവുന്നതു ലോകമാകെയുള്ള ജനാധിപത്യങ്ങളെയും ജനാധിപത്യമാകാനുള്ള പരിശ്രമങ്ങളെയും അപകടകരമാംവിധം ബാധിക്കുമെന്നതാണ് തങ്ങളുടെ ആശങ്കയ്ക്ക് അവർ പറയുന്ന കാരണം. അതു വാദത്തിനായെങ്കിലും മുഖവിലയ്ക്കെടുക്കാം.
മാധ്യമ സ്വാതന്ത്ര്യത്തിനുള്ള ഭീഷണി, പൗരാവകാശ പ്രവർത്തകർ നേരിടുന്ന അടിച്ചമർത്തൽ, പെട്ടെന്ന് അടിച്ചേൽപിച്ച നോട്ടുനിരോധനം, പാർലമെന്റിലെ മുസ്‌ലിം പ്രാതിനിധ്യത്തിന്റെ സ്ഥിതി, പശുവിന്റെ പേരിലുള്ള ആൾവേട്ട, മതപരിവർത്തന നിയന്ത്രണ നിയമമെന്നു പറഞ്ഞുള്ള വ്യക്തിസ്വാതന്ത്ര്യ നിഷേധം, പൗരത്വ നിയമത്തിലെ പുതിയ വ്യവസ്ഥകൾ, ജമ്മു കശ്മീരിന്റെ പ്രത്യേക പദവിയും സംസ്ഥാന പദവിയും പിൻവലിക്കൽ തുടങ്ങിയവയാണ് മേൽപറഞ്ഞ ആശങ്കാവാദികൾ പലപ്പോഴായി ഉന്നയിച്ചിട്ടുള്ള പ്രശ്നങ്ങൾ.
സ്വീഡനിലെ വി–ഡെം (വെറൈറ്റീസ് ഓഫ് ഡെമോക്രസി) എന്ന പഠനസ്ഥാപനമാണ് 2018ൽ ഇന്ത്യയെ ‘തിരഞ്ഞെടുപ്പുള്ള ഏകാധിപത്യം’ എന്ന ഗണത്തിൽപെടുത്തിയത്. 2023 അവസാനത്തിലും ആ ഗണത്തിൽനിന്നു മാറ്റാവുന്ന സാഹചര്യമല്ലെന്നാണ് അവരുടെ പുതിയ റിപ്പോർട്ട്. ഏകാധിപത്യത്തിലേക്കുള്ള പോക്ക് 42 രാജ്യങ്ങളിൽ ദൃശ്യമാണ്. അതായത്, 280 കോടി പേർ അതനുഭവിക്കുന്നു. അതിൽ പകുതിയും ഇന്ത്യയിലെ ജനമാണെന്നും വി–ഡെം വാദിക്കുന്നു. പുതിയ ചില പഠനങ്ങളിൽ ഇന്ത്യയിലെ ഭരണഘടനാ സ്ഥാപനങ്ങൾ പലതും നേരിടുന്ന നിലനിൽപുഭീഷണിയും രാഷ്ട്രീയ പ്രതിപക്ഷം നേരിടുന്ന ഞെരുക്കലും ജനാധിപത്യം അവസാനിക്കുന്നതിന്റെ ലക്ഷണങ്ങളായി പറയുന്നുണ്ട്.
അടിയന്തരാവസ്ഥയിൽ ജനാധിപത്യം ഒൗപചാരികമായിത്തന്നെ തകർന്നു; ഇപ്പോൾ അനൗപചാരികം എന്ന വ്യത്യാസമേ കാണുന്നുള്ളൂ എന്നാണ് അവർ പറഞ്ഞുവയ്ക്കുന്നത്. ഇത്തരം നിഗമനങ്ങളെ നേരിടാനും ലോകത്തെ എല്ലാ രാജ്യങ്ങളിലെയും ഭരണസ്ഥിതിയെയും ജീവിതസാഹചര്യങ്ങളെയും നമ്മുടെ മാനദണ്ഡങ്ങൾ ഉപയോഗിച്ച് അളക്കാനും റിപ്പോർട്ടുണ്ടാക്കി പരസ്യപ്പെടുത്തി തിരിച്ചടിക്കാനും കേന്ദ്ര ഭരണകൂടം ചിലരെ ചുമതലപ്പെടുത്തിയിട്ടുണ്ടെന്നാണ് ഒടുവിൽ കണ്ട വാർത്ത; റിപ്പോർട്ട് ഉടനെ പുറത്തുവരുമെന്നും.
അതിനു കാത്തിരിക്കുന്നതിനിടെ, മേൽപറഞ്ഞ പുതിയ പഠനങ്ങളിലൊന്നിലെ ഒരു വാദം കൂടി വായിക്കാം: ‘ഭരണപക്ഷം പ്രതിപക്ഷത്തെ രാഷ്ട്രീയ എതിരാളി എന്നതിനു പകരം ശത്രു എന്ന രീതിയിൽ കാണുന്നു’. ഈ വാദം ശരിയാണല്ലോയെന്നു ചിന്തിക്കാൻ പ്രേരിപ്പിക്കുന്ന ധാരാളം ഉദാഹരണങ്ങൾ സർക്കാർതന്നെ നമുക്കു ലഭ്യമാക്കുന്നുണ്ട്.
തിരഞ്ഞെടുപ്പ് അടുത്തപ്പോൾ അവയുടെ ഘോഷയാത്ര തന്നെയാണ്. ഭരണകക്ഷി പ്രചാരണത്തിരക്കിലാണ്; പ്രതിപക്ഷത്തെ പലരും കോടതികൾക്കും ചുങ്കക്കാർക്കുമുള്ള ഉത്തരങ്ങൾ തയാറാക്കുന്ന തിരക്കിലും. നമ്മൾ സമ്മതിച്ചാലും ഇല്ലെങ്കിലും, ജനാധിപത്യത്തിനു താൽക്കാലിക ചരമക്കുറിപ്പെഴുതിയതിന് ഇന്ദിരയ്ക്കു പല ന്യായങ്ങളും പറയാനുണ്ടായിരുന്നു; തന്റെ സർക്കാർ അട്ടിമറിഭീഷണി നേരിട്ടു എന്നതുൾപ്പെടെ. അങ്ങനെയുള്ള കാരണങ്ങൾ വിദൂരത്തുപോലും കാണുന്നില്ലാത്ത കാലത്ത് നമ്മൾ അടുത്തുകാണുന്ന ഭാവിയെന്നതു പ്രതിപക്ഷമില്ലാത്ത തിരഞ്ഞെടുപ്പാണ്. അതു ജനാധിപത്യമാണോയെന്നത് ഒരു ചോദ്യമല്ല.