രാജ്യത്തെ ‘പട്ടിണി’ക്കിട്ട് സ്വന്തമാക്കാൻ പണിമുടക്കിയ പാർട്ടി; ബോംബ് സിപിഎമ്മിന്റെ ‘അടവ്’: ആന്റണി ഓർമിപ്പിച്ചത്...
ഏതാണ്ട് മൂന്നര പതിറ്റാണ്ട് മുൻപ് റിലീസ് ചെയ്ത ‘സന്ദേശം’ എന്ന സിനിമയിൽ പ്രഭാകരൻ കോട്ടപ്പള്ളി എന്ന സഖാവ് സ്വന്തം പെങ്ങളുടെ ഭർത്താവായ പൊലീസുകാരനോടു പറയുന്ന ഒരു മാസ് ഡയലോഗ് ഉണ്ട്. ‘‘വേണ്ടി വന്നാൽ ഒരു കലാപം വരെ ഇവിടെ പൊട്ടിപ്പുറപ്പെട്ടേക്കാം. സായുധ സമരം ഞങ്ങൾക്ക് പുത്തരിയില്ല...’’ മുതിർന്ന കോൺഗ്രസ് നേതാവ് എ.കെ. ആന്റണി ഇക്കഴിഞ്ഞ ദിവസം ഇന്ത്യൻ ഭരണഘടന ഉയർത്തിക്കാട്ടി സിപിഎമ്മിനോടും മുഖ്യമന്ത്രി പിണറായി വിജയനോടും ചോദിച്ച ചോദ്യം കൂടി ഇവിടെ ചേർത്തു വായിക്കണം. ഇന്ത്യയ്ക്ക് കിട്ടിയ സ്വാതന്ത്ര്യം സ്വാതന്ത്ര്യമല്ലെന്നു പറഞ്ഞ കമ്യൂണിസ്റ്റുകാർ ഇന്ത്യൻ ഭരണഘടനയെ അട്ടിമറിക്കാനാണ് 1948ലെ കൊൽക്കത്ത തീസിസിലൂടെ ശ്രമിച്ചതെന്നും ആന്റണി ആഞ്ഞടിച്ചു. കൊൽക്കത്ത തീസിസിന്റെ എഴുപത്തിയഞ്ചാം വാർഷികം കടന്നുപോയിട്ട് മാസങ്ങളേ ആയിട്ടുള്ളൂ. സിപിഎമ്മിന്റെ സായുധ വിപ്ലവ മോഹവും എ.കെ. ആന്റണി പറഞ്ഞ കൊൽക്കത്ത തീസിസും തന്നെയാകട്ടെ ഈ ആഴ്ചത്തെ വിശേഷം. കാലം ഇത്ര കഴിഞ്ഞിട്ടും ‘സന്ദേശം’ എന്ന ആ സത്യൻ അന്തിക്കാട് സിനിമ ഇന്നും ചർച്ച ചെയ്യപ്പെടുന്നു. തിരഞ്ഞെടുപ്പ് വേളകളിൽ പ്രത്യേകിച്ചും. ആനന്ദൻ എന്ന മാള അരവിന്ദന്റെ കഥാപാത്രം, സായുധ സമരത്തെക്കുറിച്ചു വാചാലനായ പ്രഭാകരൻ കോട്ടപ്പള്ളിയോടു ചോദിക്കുന്നുണ്ട്.

ഏതാണ്ട് മൂന്നര പതിറ്റാണ്ട് മുൻപ് റിലീസ് ചെയ്ത ‘സന്ദേശം’ എന്ന സിനിമയിൽ പ്രഭാകരൻ കോട്ടപ്പള്ളി എന്ന സഖാവ് സ്വന്തം പെങ്ങളുടെ ഭർത്താവായ പൊലീസുകാരനോടു പറയുന്ന ഒരു മാസ് ഡയലോഗ് ഉണ്ട്. ‘‘വേണ്ടി വന്നാൽ ഒരു കലാപം വരെ ഇവിടെ പൊട്ടിപ്പുറപ്പെട്ടേക്കാം. സായുധ സമരം ഞങ്ങൾക്ക് പുത്തരിയില്ല...’’
മുതിർന്ന കോൺഗ്രസ് നേതാവ് എ.കെ. ആന്റണി ഇക്കഴിഞ്ഞ ദിവസം ഇന്ത്യൻ ഭരണഘടന ഉയർത്തിക്കാട്ടി സിപിഎമ്മിനോടും മുഖ്യമന്ത്രി പിണറായി വിജയനോടും ചോദിച്ച ചോദ്യം കൂടി ഇവിടെ ചേർത്തു വായിക്കണം. ഇന്ത്യയ്ക്ക് കിട്ടിയ സ്വാതന്ത്ര്യം സ്വാതന്ത്ര്യമല്ലെന്നു പറഞ്ഞ കമ്യൂണിസ്റ്റുകാർ ഇന്ത്യൻ ഭരണഘടനയെ അട്ടിമറിക്കാനാണ് 1948ലെ കൊൽക്കത്ത തീസിസിലൂടെ ശ്രമിച്ചതെന്നും ആന്റണി ആഞ്ഞടിച്ചു. കൊൽക്കത്ത തീസിസിന്റെ എഴുപത്തിയഞ്ചാം വാർഷികം കടന്നുപോയിട്ട് മാസങ്ങളേ ആയിട്ടുള്ളൂ. സിപിഎമ്മിന്റെ സായുധ വിപ്ലവ മോഹവും എ.കെ. ആന്റണി പറഞ്ഞ കൊൽക്കത്ത തീസിസും തന്നെയാകട്ടെ ഈ ആഴ്ചത്തെ വിശേഷം.
കാലം ഇത്ര കഴിഞ്ഞിട്ടും ‘സന്ദേശം’ എന്ന ആ സത്യൻ അന്തിക്കാട് സിനിമ ഇന്നും ചർച്ച ചെയ്യപ്പെടുന്നു. തിരഞ്ഞെടുപ്പ് വേളകളിൽ പ്രത്യേകിച്ചും. ആനന്ദൻ എന്ന മാള അരവിന്ദന്റെ കഥാപാത്രം, സായുധ സമരത്തെക്കുറിച്ചു വാചാലനായ പ്രഭാകരൻ കോട്ടപ്പള്ളിയോടു ചോദിക്കുന്നുണ്ട്. ‘‘ഒരു ബോംബ് എന്നു വച്ചാൽ എന്താണ് എന്നു നിനക്ക് അറിയാമോ?’’. സായുധ സമരത്തെക്കുറിച്ചു വാചാലരാകുന്ന കമ്യൂണിസ്റ്റുകാരെ ചെറുതായൊന്നു കളിയാക്കാൻ, ബോംബ് കണ്ടിട്ടുണ്ടോയെന്നു തിരക്കഥാകൃത്ത് ശ്രീനിവാസൻ എഴുതി വച്ച ഡയലോഗ് മാത്രമാണ് ഇപ്പോഴത്തെ സാഹചര്യത്തിൽ അപ്രസക്തമായിപ്പോയത്.
ബോംബ് കണ്ടിട്ടുണ്ടെന്നു മാത്രമല്ല, അവ യഥേഷ്ടം നിർമിക്കുകയും അതുവഴി രക്തസാക്ഷികളെ സൃഷ്ടിക്കുകയും ചെയ്തിട്ടുണ്ട്, കേരളത്തിലെ ഏറ്റവും വലിയ കമ്യൂണിസ്റ്റ് പാർട്ടിയായ സിപിഎം. ഏറ്റവുമൊടുവിൽ കണ്ണൂർ ജില്ലയിൽതന്നെ പാനൂർ കുന്നോത്തുപറമ്പ് മുളിയാത്തോട്ടിൽ നിർമാണത്തിലിരിക്കുന്ന വീട്ടിൽ ബോംബ് നിർമിക്കുന്നതിനിടെ പൊട്ടിത്തെറിച്ച് സിപിഎം പ്രവർത്തകൻ ഷെറിൻ എന്ന 27 വയസ്സുകാരൻ കൊല്ലപ്പെട്ടു. ഒപ്പമുണ്ടായിരുന്ന 3 പേർക്കു പരുക്കേറ്റു.
സംഭവത്തിൽ സിപിഎമ്മിന്റെ പങ്കാളിത്തം പകൽപോലെ വ്യക്തമായിട്ടും അതേക്കുറിച്ചു മുഖ്യമന്ത്രി അടക്കമുള്ള പാർട്ടി നേതാക്കൾ നടത്തിയ വിശദീകരണങ്ങളും വലിയ ‘ബോംബു’കളായി തിരഞ്ഞെടുപ്പുകാലത്ത് കണ്ടു. പാനൂരിൽ ബോംബ് നിർമാണത്തിനിടെ മരിച്ച ഷെറിന്റെ വീട് സിപിഎം നേതാക്കൾ സന്ദർശിച്ചത് മനുഷ്യത്വത്തിന്റെ ഭാഗമായി കണ്ടാൽ മതിയെന്നായിരുന്നു മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രതികരണം. സ്ഫോടനം നടന്ന സ്ഥലത്തു ഡിവൈഎഫ്ഐ പ്രവർത്തകർ പോയത് രക്ഷാപ്രവർത്തനത്തിനാണെന്നായിരുന്നു സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്റെ ന്യായം.
പാനൂരിലെ സംഭവത്തിനു സിപിഎമ്മുമായി ബന്ധമില്ലെന്നു പറയുന്നതുതന്നെയാണ് പാർട്ടിയുടെ അടവു നയം. ഇത്തരം സംഭവങ്ങളിൽ എപ്പോഴും പാർട്ടി സ്വീകരിക്കുന്ന നിലപാടും അതുതന്നെയാണെന്നു ചരിത്രം പറയുന്നുണ്ട്. കണ്ണൂർ കതിരൂരിനടുത്ത പുല്യോട് 1999 സെപ്റ്റംബർ 30ന് രാത്രിയിൽ, നിർമാണത്തിനിടെ ബോംബുകൾ പൊട്ടിത്തെറിച്ച സംഭവം ഉണ്ടായി. സ്ഫോടനത്തിൽ നാലു പാർട്ടി പ്രവർത്തകർക്കു പരുക്കേറ്റു. പരുക്കേറ്റവരിൽ രണ്ടു പേർ പിറ്റേ ദിവസം മരിച്ചു. രണ്ടു പ്രവർത്തകർക്കു കൈപ്പത്തികൾ നഷ്ടമായി.
2001ൽ കണ്ണൂർ കൊങ്കച്ചിയിൽ ബോംബ് നിർമാണത്തിനിടെയുണ്ടായ സ്ഫോടനത്തിൽ ഒരാൾ കൊല്ലപ്പെട്ടു. സ്ഥിരമായി ആൾത്താമസമില്ലാത്ത വീടിനകത്തു വച്ചായിരുന്നു നിർമാണം. സ്ഫോടനത്തിൽ വീടിന്റെ മേൽക്കൂരയടക്കം തെറിച്ചു പോയി. ഒരാൾക്ക് കൈ നഷ്ടമായി. 2015 ജൂണിൽ പാനൂർ ചെറ്റക്കണ്ടിയിൽ ബോംബ് നിർമാണത്തിനിടെ രണ്ടു സിപിഎം പ്രവർത്തകർ മരിച്ചു. ഷൈജു കിളമ്പിൽ, സുബീഷ് വടക്കേക്കരാൽ എന്നിവർ മരിച്ചതിനു പുറമേ, രണ്ടുപേർക്കു പരുക്കുമേറ്റിരുന്നു.
ഇവയ്ക്കു പിന്നാലെയാണ് ഇക്കഴിഞ്ഞ ദിവസത്തെ പാനൂർ സംഭവം. ഇങ്ങനെ എത്രയോ സംഭവങ്ങൾ പറയാനുണ്ട്. ബോംബുകൾ പൊട്ടിത്തെറിച്ചു മരണമുണ്ടാകുന്നതു മാത്രമല്ല, കൈപ്പത്തികൾ ചിന്നിച്ചിതറിയും മറ്റും മാരകമായി പരുക്കേറ്റവരുടെ എണ്ണവും ചില്ലറയല്ല. മരിച്ചവരിൽ സിപിഎം പ്രവർത്തകർ മാത്രമല്ല, ബിജെപി–ആർഎസ്എസ് പ്രവർത്തകരും ഉണ്ടെന്നു പഴയ പത്രത്താളുകൾ നമ്മെ ഓർമിപ്പിക്കുന്നു. രാഷ്ട്രീയ എതിരാളികളെ നേരിടാൻ ബോംബ് ഉൾപ്പെടെയുള്ള ആയുധങ്ങൾ സമാഹരിക്കുന്ന സിപിഎമ്മിന് സായുധ പോരാട്ടത്തിനുള്ള മനസ്സ് എവിടെനിന്നാണ് കിട്ടിയത്? കണ്ണൂരിലെ പ്രത്യേക രാഷ്ട്രീയ സാഹചര്യം ഒരു കാരണമാകും. പക്ഷേ, പാർട്ടിയെ സംബന്ധിച്ചിടത്തോളം അതിനു മറ്റു ചില ജനിതക കാരണങ്ങളുണ്ടെന്നു രാഷ്ട്രീയ നിരീക്ഷകർ പറയുന്നു.
പാളിപ്പോയ വിപ്ലവ വ്യാമോഹം എന്നു ചരിത്രകാരന്മാർ വിധിയെഴുതിയ കൊൽക്കത്ത തീസിസിനെക്കുറിച്ചു കേട്ടിട്ടുണ്ടാകുമല്ലോ. സ്വതന്ത്ര ഇന്ത്യയിൽ സായുധ വിപ്ലവത്തിലൂടെ അധികാരം പിടിച്ചെടുക്കണമെന്ന പക്വതയെത്താത്ത ഒരു സിദ്ധാന്തത്തിന്റെ പേരാണ് കൊൽക്കത്ത തീസിസ്.
എന്താണ് കൊൽക്കത്ത തീസിസ്...?
1948 ഫെബ്രുവരി 28 മുതൽ മാർച്ച് 6 വരെ കൊൽക്കത്തയിൽ നടന്ന കമ്യൂണിസ്റ്റ് പാർട്ടിയുടെ രണ്ടാം പാർട്ടി കോൺഗ്രസിൽ അവതരിപ്പിക്കപ്പെട്ട സിദ്ധാന്തമാണു പിൽക്കാലത്ത് കൊൽക്കത്ത തീസിസ് എന്ന് അറിയപ്പെട്ടത്. രാജ്യത്തിനു സ്വാതന്ത്ര്യം കിട്ടി ഒരു വർഷം പോലും തികയും മുൻപാണു സായുധ വിപ്ലവ നീക്കം. നൂറ്റാണ്ടിലേറെ നീണ്ട സ്വാതന്ത്ര്യ സമരത്തിനു ശേഷം ബ്രിട്ടിഷുകാരിൽനിന്ന് അധികാരം പിടിച്ചെടുത്തതിന്റെ ആഹ്ലാദങ്ങൾ കെട്ടടങ്ങിയിട്ടു പോലുമില്ലാത്ത കാലം.
പി.സി. ജോഷി ആയിരുന്നു അന്ന് പാർട്ടി ജനറൽ സെക്രട്ടറി. സ്വാതന്ത്ര്യം കിട്ടിയതു വലിയ നേട്ടമാണെന്നും കോൺഗ്രസിലെ പുരോഗമന ആശയങ്ങളെയും ജവാഹർലാൽ നെഹ്റുവിനെപ്പോലുള്ള നേതാക്കളെയും പിന്തുണയ്ക്കണമെന്നും കോൺഗ്രസിലെ ബൂർഷ്വാസികളുടെ കൂടി സഹകരണത്തോടെ കമ്യൂണിസ്റ്റ് പാർട്ടിയുടെ നേതൃത്വത്തിൽ ജനകീയ വിപ്ലവം നടപ്പാക്കണമെന്നുമായിരുന്നു ജോഷിയുടെ ലൈൻ. ഇതിനു കടകവിരുദ്ധമായിരുന്നു ബി.ടി. രണദിവെ ഉൾപ്പെടെയുള്ള നേതാക്കളുടേത്.
ഇന്ത്യൻ സാഹചര്യങ്ങൾ സായുധ വിപ്ലവത്തിനു പാകമാണ്. ഇന്ത്യയ്ക്കു കിട്ടിയ സ്വാതന്ത്ര്യം യഥാർഥമല്ല, അതു വ്യാജമാണ്. വെളുത്ത സായിപ്പ് ‘കറുത്ത സായിപ്പിന്’ അധികാരം കൈമാറി എന്നു മാത്രമേയുള്ളൂ. ബ്രിട്ടിഷ് സാമ്രാജ്യത്വവും ഇന്ത്യൻ ബൂർഷ്വാ വർഗവും തമ്മിലുള്ള ഗൂഢവേഴ്ച മാത്രമാണ് ഇപ്പോഴത്തെ സ്വാതന്ത്ര്യം. അതിനാൽ നെഹ്റുവിന്റെ നേതൃത്വത്തിലുള്ള സർക്കാരിനെ സായുധ കലാപത്തിലൂടെ പുറത്താക്കി അധികാരം പിടിച്ചെടുക്കണം... ഇങ്ങനെ പോയി രണദിവെ ലൈൻ. രാജ്യത്ത് ആദ്യത്തെ പൊതുതിരഞ്ഞെടുപ്പു പോലും നടന്നിട്ടില്ല എന്നോർക്കണം.
സായുധ വിപ്ലവം എന്ന രക്തരൂഷിത വിപ്ലവത്തിന്റെ ആശയം പങ്കുവച്ചു പാർട്ടി കോൺഗ്രസിൽ രണദിവെ അവതരിപ്പിച്ച രേഖയുടെ പേരാണു കൊൽക്കത്ത തീസിസ്. പാർട്ടി കോൺഗ്രസിൽ നാലര മണിക്കൂർ നീണ്ട പ്രസംഗത്തിലൂടെയാണു രണദിവെ തീസിസ് അവതരിപ്പിച്ചത്. 65 പേജുകളും 6 അധ്യായങ്ങളും ഉണ്ടായിരുന്ന തീസിസിൽ ഉടനീളം സായുധ വിപ്ലവത്തിന്റെ മാർഗരേഖയുമുണ്ടായിരുന്നു. രൂക്ഷമായ വാദപ്രതിവാദങ്ങൾക്കൊടുവിൽ, സായുധ വിപ്ലവത്തിലൂടെ രാജ്യത്ത് അധികാരം പിടിച്ചെടുക്കണമെന്ന തീസിസ് പാർട്ടി കോൺഗ്രസ് അംഗീകരിച്ചു.
തീർന്നില്ല, നെഹ്റുവിയൻ ലൈനിനോട് അടുപ്പം പ്രഖ്യാപിച്ച ജനറൽ സെക്രട്ടറി പി.സി. ജോഷിയെ മാത്രം പാർട്ടി കോൺഗ്രസിലെ തിരഞ്ഞെടുപ്പിൽ തോൽപിച്ചു. രണദിവെ ജനറൽ സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ടു. രണദിവെയുടെ നേതൃത്വത്തിൽ രാജ്യത്തു സായുധ വിപ്ലവത്തിന് ഒരുക്കങ്ങൾ അരങ്ങേറിയ കാലമാണു പിന്നീടങ്ങോട്ടു കടന്നുപോയത്. പാർട്ടി കോൺഗ്രസിലെ തീരുമാന പ്രകാരം സായുധ വിപ്ലവത്തിനു പാർട്ടി ഒരുക്കങ്ങൾ തുടങ്ങിയപ്പോഴേക്കും പക്ഷേ, പാർട്ടി നിരോധിക്കപ്പെട്ടു.
പാർട്ടി നിരോധിച്ചതോടെ സായുധ വിപ്ലവത്തിന്റെ ഒരുക്കങ്ങൾക്കു നേതാക്കൾ ഒളിവിലിരുന്നു നേതൃത്വം നൽകി. ഒളിവിലിരുന്ന് അത്തരം പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുമ്പോഴാണ് 1948 ഓഗസ്റ്റ് 19നു ആലപ്പുഴ മുഹമ്മ കണ്ണാർക്കാട്ടെ ഒരു പാർട്ടി പ്രവർത്തകന്റെ വീട്ടിൽ സംസ്ഥാന സെക്രട്ടറി പി. കൃഷ്ണപിള്ള പാമ്പു കടിയേറ്റു മരിച്ചത്. രാജ്യത്താകെ കോൺഗ്രസ് നേതൃത്വത്തിലുള്ള അധികാര വർഗത്തിനെതിരെ സായുധ കലാപം പാർട്ടി അഴിച്ചുവിട്ടു. കേരളത്തിലും അതിന്റെ അലയൊലികൾ ധാരാളം കേട്ടു.
1948 മാർച്ച് 6നു സമാപിച്ച പാർട്ടി കോൺഗ്രസിൽ അവതരിപ്പിച്ച തീസിസിൽനിന്ന് ആവേശം ഉൾക്കൊണ്ടു ദിവസങ്ങൾക്കകം കണ്ണൂരിൽ ആദ്യ കലാപം അരങ്ങേറി. നെല്ലു പൂഴ്ത്തിവയ്ക്കുന്നതിനെതിരെ കണ്ണൂർ കോറോത്ത് ഉണ്ടായ കലാപത്തിൽ പൊലീസ് വെടിവയ്പിൽ 7 കർഷക പ്രവർത്തകർ രക്തസാക്ഷികളായി. ദിവസങ്ങൾക്കകം ഏപ്രിൽ 15നു വിഷു നാളിൽ തില്ലങ്കേരിയിലും നെല്ലുപൂഴ്ത്തിവയ്പിനെതിരെ സമരം നടന്നു. അവിടെ 8 പേരാണു പിടഞ്ഞു വീണു മരിച്ചത്. മേയ് ഒന്നിനു കണ്ണൂർ ചെറുപുഴ മുനയംകുന്നിൽ നെല്ലെടുപ്പു സമരം നടത്തിയവരുടെ ഒളിത്താവളം വളഞ്ഞു പൊലീസ് നടത്തിയ വെടിവയ്പിൽ 6 പേർ കൊല്ലപ്പെട്ടു.
ഏപ്രിൽ 30നു കോഴിക്കോട് ഒഞ്ചിയത്തു കൊൽക്കത്ത തീസിസിനെക്കുറിച്ചു പഠിക്കാൻ കമ്യൂണിസ്റ്റുകാർ രഹസ്യ യോഗം ചേർന്നു. അവിടെയെത്തിയ പൊലീസിനെ ജനക്കൂട്ടം തടഞ്ഞു. തുടർന്നുണ്ടായ വെടിവെയ്പിൽ കൊല്ലപ്പെട്ടത് 10 പേർ. കൊച്ചിയിൽ ഇടപ്പള്ളി പൊലീസ് സ്റ്റേഷൻ ആക്രമണം നടക്കുന്നത് 1950 ഫെബ്രുവരി 28നായിരുന്നു. പൊലീസ് അറസ്റ്റു ചെയ്തവരെ മൊചിപ്പിക്കാൻ പാർട്ടി നേതാക്കളും പ്രവർത്തകരും വടികളും വാക്കത്തിയും നാടൻ ബോംബുമായി നടത്തിയ ആക്രമണം പക്ഷേ പരാജയപ്പെട്ടു.
മലബാറിൽ കെ. കേളപ്പനെ വധിക്കാനുള്ള തീരുമാനവും കൊൽക്കത്ത തീസിസിനു ശേഷമാണ് ഉണ്ടായതെന്നും ഓർക്കണം. കേരളത്തിൽ മാത്രമല്ല, ത്രിപുരയിലും തെലങ്കാനയിലുമൊക്കെ വീശിയടിച്ച കലാപത്തിൽ അനേകം രക്തസാക്ഷികൾ സൃഷ്ടിക്കപ്പെട്ടു.
സായുധ വിപ്ലവത്തിന്റെ ഭാഗമായി പാർട്ടി പ്രഖ്യാപിച്ച മറ്റൊരു സമരമായിരുന്നു 1949ലെ അനിശ്ചിതകാല റെയിൽവേ പണിമുടക്ക്. റെയിൽവേ ജീവനക്കാർ പണിമുടക്കുമ്പോൾ രാജ്യമാകെ ചരക്കു നീക്കം നിലയ്ക്കുമെന്നും പട്ടിണിയിലേക്കു നീളുമ്പോൾ ജനങ്ങൾ കലാപത്തിനിറങ്ങുമെന്നും പാർട്ടി കരുതി. പക്ഷേ തെറ്റിപ്പോയി. പണിമുടക്ക് വിജയം കണ്ടില്ല.
പതിയെപ്പതിയെ പാർട്ടിയിൽ രണദിവെ സിദ്ധാന്തത്തിനെതിരെ എതിർപ്പുകൾ ശക്തമായി. കൊൽക്കത്ത തീസിസ് വിപ്ലവ വ്യാമോഹം മാത്രമാണെന്ന ചിന്ത പാർട്ടി നേതൃത്വത്തിൽ ഒരു വിഭാഗത്തിനിടയിൽ ശക്തമായി. 1950 ജൂണിൽ പാർട്ടി പൊളിറ്റ് ബ്യൂറോ കൊൽക്കത്തയിൽതന്നെ യോഗം ചേർന്നു സായുധ സമരത്തിലൂന്നിയ ബി.ടി. രണദിവെ ലൈൻ തള്ളിപ്പറഞ്ഞു. അതിസാഹസികതയും വിപ്ലവ വ്യാമോഹവും മാത്രമാണ് തീസിസ് എന്നു പിബി വിലയിരുത്തി. രണദിവെയുടെ നേതൃത്വത്തിലുണ്ടായിരുന്ന പൊളിറ്റ് ബ്യൂറോ പിരിച്ചുവിടപ്പെട്ടു. പകരം സി. രാജേശ്വര റാവു ജനറൽ സെക്രട്ടറിയായി.
1951ൽ അതേ കൊൽക്കത്തയിൽ ചേർന്ന പ്രത്യേക സമ്മേളനം കൊൽക്കത്ത തീസിസിനെ ഔദ്യോഗികമായി തള്ളിപ്പറഞ്ഞു. തിരഞ്ഞെടുപ്പുകളിൽനിന്നു വിട്ടു നിൽക്കാനുള്ള തീരുമാനവും പാർട്ടി ഉപേക്ഷിച്ചു. 1952ലെ പൊതുതിരഞ്ഞെടുപ്പിൽ പാർട്ടി മത്സരിച്ചു. കോൺഗ്രസ് കഴിഞ്ഞാൽ ഏറ്റവും കൂടുതൽ സീറ്റ് നേടിയ കക്ഷിയായി കമ്യൂണിസ്റ്റ് പാർട്ടി മാറി. എകെജി അനൗദ്യോഗികമായെങ്കിലും പ്രതിപക്ഷ നേതാവുമായി. നെഹ്റുവിനെ പിന്തുണച്ച് കോൺഗ്രസിലെ പുരോഗമന വിഭാഗത്തോടൊപ്പം നിന്നിരുന്നുവെങ്കിൽ ഇതിനേക്കാൾ വലിയ നേട്ടം ഉണ്ടാക്കാമായിരുന്നുവെന്ന വാദവും അന്ന് പാർട്ടിയിൽ ഉയർന്നു.
കണ്ണൂരിൽ രാഷ്ട്രീയ എതിരാളികളെ ലക്ഷ്യം വച്ച് ബോംബ് നിർമാണവും നിർമാണത്തിനിടെയുള്ള പൊട്ടിത്തെറികളും വാർത്തകളിൽ നിറയുമ്പോൾ പഴയ സായുധ വിപ്ലവത്തിന്റെ ചരിത്രം ഓർമിപ്പിച്ചുവെന്നു മാത്രം. ഏതു കലാപങ്ങളിലും ഇരകളാകുന്നവരുടെ ജീവന്റെ തുടിപ്പും മറ്റേതൊരു മനുഷ്യ ജീവനും തുല്യമാണെന്ന വലിയ സത്യം ആരും മറക്കാതിരുന്നാൽ മതി. കൊൽക്കത്ത തീസിസിലൂടെ ഇന്ത്യൻ ഭരണഘടനയെ അട്ടിമറിക്കാൻ ശ്രമിച്ചവർ എന്ന എ.കെ. ആന്റണിയുടെ അമ്പിന്റെ മൂർച്ചയും ഓർക്കണം.