‘ആന്റണിയുടെ ശത്രു എസ്എഫ്ഐ, ബിജെപിയല്ല; ഒരു സീറ്റും ഉറച്ചതല്ല; അരുണാചൽ മോഡലിലേക്ക് കെപിസിസി’
പിണറായി മന്ത്രിസഭയുടെ രാഷ്ട്രീയ മുഖങ്ങളിൽ ഒന്നാണ് മന്ത്രി പി.രാജീവ്. എൽഡിഎഫ് സർക്കാരിലെ വ്യവസായ–നിയമ മന്ത്രി എന്നതിനൊപ്പം ഉയർന്നു വരുന്ന രാഷ്ട്രീയ പ്രശ്നങ്ങളിൽ പാർട്ടിയുടെയും സർക്കാരിന്റെയും നിലപാട് വ്യക്തമാക്കുന്നവരിൽ പ്രധാനി. സിപിഎം കേന്ദ്രകമ്മിറ്റി അംഗമായ രാജീവ് കഴിഞ്ഞ തവണ എറണാകുളം ലോക്സഭാ മണ്ഡലത്തിലെ സ്ഥാനാർഥിയായിരുന്നു. ഇത്തവണ എറണാകുളത്തും ചാലക്കുടിയിലും പാർട്ടിയുടെ പ്രചാരണത്തിനു ചുക്കാൻ പിടിക്കുന്നു. എൽഡിഎഫിന്റെ ജയസാധ്യതകളെക്കുറിച്ചും സിപിഎമ്മിന് മുന്നിൽ ഉള്ള വെല്ലുവിളികളെക്കുറിച്ചുമാണ് ഈ അഭിമുഖത്തിൽ രാജീവ് വിശദീകരിക്കുന്നത്. മലയാള മനോരമ തിരുവനന്തപുരം ചീഫ് ഓഫ് ബ്യൂറോ സുജിത് നായരുമായി ക്രോസ് ഫയറിൽ മന്ത്രി പി.രാജീവ് സംസാരിക്കുന്നു.
പിണറായി മന്ത്രിസഭയുടെ രാഷ്ട്രീയ മുഖങ്ങളിൽ ഒന്നാണ് മന്ത്രി പി.രാജീവ്. എൽഡിഎഫ് സർക്കാരിലെ വ്യവസായ–നിയമ മന്ത്രി എന്നതിനൊപ്പം ഉയർന്നു വരുന്ന രാഷ്ട്രീയ പ്രശ്നങ്ങളിൽ പാർട്ടിയുടെയും സർക്കാരിന്റെയും നിലപാട് വ്യക്തമാക്കുന്നവരിൽ പ്രധാനി. സിപിഎം കേന്ദ്രകമ്മിറ്റി അംഗമായ രാജീവ് കഴിഞ്ഞ തവണ എറണാകുളം ലോക്സഭാ മണ്ഡലത്തിലെ സ്ഥാനാർഥിയായിരുന്നു. ഇത്തവണ എറണാകുളത്തും ചാലക്കുടിയിലും പാർട്ടിയുടെ പ്രചാരണത്തിനു ചുക്കാൻ പിടിക്കുന്നു. എൽഡിഎഫിന്റെ ജയസാധ്യതകളെക്കുറിച്ചും സിപിഎമ്മിന് മുന്നിൽ ഉള്ള വെല്ലുവിളികളെക്കുറിച്ചുമാണ് ഈ അഭിമുഖത്തിൽ രാജീവ് വിശദീകരിക്കുന്നത്. മലയാള മനോരമ തിരുവനന്തപുരം ചീഫ് ഓഫ് ബ്യൂറോ സുജിത് നായരുമായി ക്രോസ് ഫയറിൽ മന്ത്രി പി.രാജീവ് സംസാരിക്കുന്നു.
പിണറായി മന്ത്രിസഭയുടെ രാഷ്ട്രീയ മുഖങ്ങളിൽ ഒന്നാണ് മന്ത്രി പി.രാജീവ്. എൽഡിഎഫ് സർക്കാരിലെ വ്യവസായ–നിയമ മന്ത്രി എന്നതിനൊപ്പം ഉയർന്നു വരുന്ന രാഷ്ട്രീയ പ്രശ്നങ്ങളിൽ പാർട്ടിയുടെയും സർക്കാരിന്റെയും നിലപാട് വ്യക്തമാക്കുന്നവരിൽ പ്രധാനി. സിപിഎം കേന്ദ്രകമ്മിറ്റി അംഗമായ രാജീവ് കഴിഞ്ഞ തവണ എറണാകുളം ലോക്സഭാ മണ്ഡലത്തിലെ സ്ഥാനാർഥിയായിരുന്നു. ഇത്തവണ എറണാകുളത്തും ചാലക്കുടിയിലും പാർട്ടിയുടെ പ്രചാരണത്തിനു ചുക്കാൻ പിടിക്കുന്നു. എൽഡിഎഫിന്റെ ജയസാധ്യതകളെക്കുറിച്ചും സിപിഎമ്മിന് മുന്നിൽ ഉള്ള വെല്ലുവിളികളെക്കുറിച്ചുമാണ് ഈ അഭിമുഖത്തിൽ രാജീവ് വിശദീകരിക്കുന്നത്. മലയാള മനോരമ തിരുവനന്തപുരം ചീഫ് ഓഫ് ബ്യൂറോ സുജിത് നായരുമായി ക്രോസ് ഫയറിൽ മന്ത്രി പി.രാജീവ് സംസാരിക്കുന്നു.
പിണറായി മന്ത്രിസഭയുടെ രാഷ്ട്രീയ മുഖങ്ങളിൽ ഒന്നാണ് മന്ത്രി പി.രാജീവ്. എൽഡിഎഫ് സർക്കാരിലെ വ്യവസായ–നിയമ മന്ത്രി എന്നതിനൊപ്പം ഉയർന്നു വരുന്ന രാഷ്ട്രീയ പ്രശ്നങ്ങളിൽ പാർട്ടിയുടെയും സർക്കാരിന്റെയും നിലപാട് വ്യക്തമാക്കുന്നവരിൽ പ്രധാനി. സിപിഎം കേന്ദ്രകമ്മിറ്റി അംഗമായ രാജീവ് കഴിഞ്ഞ തവണ എറണാകുളം ലോക്സഭാ മണ്ഡലത്തിലെ സ്ഥാനാർഥിയായിരുന്നു. ഇത്തവണ എറണാകുളത്തും ചാലക്കുടിയിലും പാർട്ടിയുടെ പ്രചാരണത്തിനു ചുക്കാൻ പിടിക്കുന്നു. എൽഡിഎഫിന്റെ ജയസാധ്യതകളെക്കുറിച്ചും സിപിഎമ്മിന് മുന്നിൽ ഉള്ള വെല്ലുവിളികളെക്കുറിച്ചുമാണ് ഈ അഭിമുഖത്തിൽ രാജീവ് വിശദീകരിക്കുന്നത്. മലയാള മനോരമ തിരുവനന്തപുരം ചീഫ് ഓഫ് ബ്യൂറോ സുജിത് നായരുമായി ക്രോസ് ഫയറിൽ മന്ത്രി പി.രാജീവ് സംസാരിക്കുന്നു.
? 1–19 എന്ന വലിയ തോൽവിയിൽ നിന്ന് എൽഡിഎഫിന് എത്ര മുന്നോട്ടു വരാൻ കഴിയും
വലിയ മാറ്റമാണ് വരാൻ പോകുന്നത്. കഴിഞ്ഞ തവണത്തെ ഫലം പറയുമ്പോൾ 2004ൽ കോൺഗ്രസിന് ഒറ്റ സീറ്റു പോലും കിട്ടിയില്ലെന്നതും ഓർമിക്കണം. 18 സീറ്റാണ് എൽഡിഎഫിനു ലഭിച്ചത്. ലോക്സഭാ തിരഞ്ഞെടുപ്പിൽ അങ്ങോട്ടും ഇങ്ങോട്ടും സാഹചര്യങ്ങൾക്ക് അനുസരിച്ചു മാറ്റം കേരളത്തിൽ വരാറുണ്ട്. 1977ൽ ഇന്ത്യയാകെ കോൺഗ്രസ് നിലംപരിശായപ്പോൾ ഇവിടെ മുഴുവൻ സീറ്റിലും അവർ ജയിച്ചു. തൊട്ടടുത്ത തിരഞ്ഞെടുപ്പിൽ കോൺഗ്രസ് രാജ്യത്ത് തിരിച്ചുവന്നപ്പോൾ അതേ തോതിലുള്ള ഫലം ഇവിടെ ഉണ്ടായില്ല.
? 2004 ൽ ആന്റണി സർക്കാരിനെതിരെ കെ.കരുണാകരന്റെ നേതൃത്വത്തിൽ കോൺഗ്രസിൽ കലാപക്കൊടി ഉയർന്നതിന്റെ ഭാഗമായി പാർട്ടിക്കകത്തും സർക്കാരിലും ഉണ്ടായ പ്രശ്നങ്ങളാണ് യുഡിഎഫ് തോൽവിയിൽ പ്രതിഫലിച്ചത്. സംസ്ഥാനത്തെ സാഹചര്യങ്ങളാണ് ഇത്തവണ വിലയിരുത്തപ്പെടുക എന്നാണോ?
അന്നത്തെ സാഹചര്യത്തിൽ നിന്നും കോൺഗ്രസ് വളരെ പിന്നോട്ടു പോയില്ലേ? ചെന്നിത്തല പ്രതിപക്ഷ നേതാവായിരുന്നപ്പോൾ കോൺഗ്രസിന് ഉണ്ടായിരുന്ന 24 സീറ്റ് ഇപ്പോൾ 21 ആയി. കോൺഗ്രസും ലീഗും തമ്മിലുള്ള അന്തരം കുറഞ്ഞു. 2006 മുതൽ നോക്കിയാൽ കോൺഗ്രസ് കേരളത്തിൽ ക്രമാനുഗതമായി ക്ഷീണിച്ചു കൊണ്ടിരിക്കുകയാണ്. കഴിഞ്ഞ തവണ ഒരു പ്രത്യേക സാഹചര്യം വന്നു. ബിജെപിക്കെതിരെ പൊരുതുമ്പോൾ കോൺഗ്രസ് ഏറ്റവും വലിയ ഒറ്റക്കക്ഷിയാകുമെന്ന തെറ്റായ ധാരണ സൃഷ്ടിക്കപ്പെട്ടു. ഇന്ന് ആ പ്രതീതി ഒട്ടുമില്ല. കോൺഗ്രസിന്റെ അവസ്ഥയെക്കുറിച്ച് ജനങ്ങൾക്കു ബോധ്യമുണ്ട്. വിശ്വസിക്കാവുന്ന ശക്തി ഇടതുപക്ഷമാണെന്നും ജനങ്ങൾ മനസ്സിലാക്കുന്നു.
? ഇന്ത്യ സഖ്യത്തെ നയിക്കുന്ന കോൺഗ്രസും അതിന്റെ ഒരു ഭാഗം മാത്രമായ സിപിഎമ്മും തമമിൽ മത്സരിക്കുമ്പോൾ എന്തിനാണ് കോൺഗ്രസിനല്ലാതെ സിപിഎമ്മിന് വോട്ടു ചെയ്യുന്നത്?
ഈ ചോദ്യത്തിൽ വിയോജിപ്പുണ്ട്. ഇന്ത്യ സഖ്യത്തെ നയിക്കുന്നത് കോൺഗ്രസല്ല. യുപി, മഹാരാഷ്ട്ര, ബംഗാൾ, ബിഹാർ, തമിഴ്നാട് എന്നീ ആദ്യത്തെ അഞ്ചു സംസ്ഥാനങ്ങൾ എടുത്താൽ കോൺഗ്രസല്ല പ്രധാന കക്ഷി. ഇനി കോൺഗ്രസും സിപിഎമ്മും എടുക്കുക. ഞങ്ങൾ ഒരു സംസ്ഥാനത്തു ഭരിക്കുന്നു, അവർ മൂന്നു സംസ്ഥാനത്തു ഭരിക്കുന്നു. അത്രയല്ലേ ഉള്ളൂ വ്യത്യാസം. 415 സീറ്റ് വരെ നേടിയിട്ടുള്ള കോൺഗ്രസിന് ഇത്തവണ സഭ പിരിയുമ്പോൾ 46 സീറ്റേയുള്ളൂ.
? ബംഗാളും ത്രിപുരയും കൈവിട്ടതോടെ ഒരു കേരള പാർട്ടിയായി സിപിഎം ചുരുങ്ങിയ സ്ഥിതിയില്ലേ? ദേശീയ പാർട്ടി പദവി നഷ്ടപ്പെടുന്ന ഭീഷണി വേറെ. പൊതുവിൽ ദേശീയ രാഷ്ട്രീയ സാഹചര്യം ഇടതുപാർട്ടികൾക്കു പ്രതികൂലമല്ലേ?
എല്ലാ പാർട്ടികളും ചുരുങ്ങിയതിന്റെ ഭാഗമായി നേരത്തേ മൂന്നു സംസ്ഥാനം ഭരിച്ചിരുന്ന സിപിഎം ഒരു സംസ്ഥാനത്തേക്കു ചുരുങ്ങി. ഇന്ത്യയിൽ എല്ലാ സംസ്ഥാനങ്ങളും ഭരിച്ചിരുന്ന കോൺഗ്രസിന്റെ സ്ഥിതിയോ? വല്ലാത്ത വലുപ്പം ഉണ്ടായിരുന്ന അവർ ചുരുങ്ങിയതിന്റെ അത്രയും സിപിഎം ചുരുങ്ങിയിട്ടില്ല.
? സിപിഎമ്മിന്റെ തന്നെ തമിഴ്നാട്ടിലെയും രാജസ്ഥാനിലെയും സ്ഥാനാർഥികൾ രാഹുൽഗാന്ധിയുടെ ചിത്രം കൂടി വച്ചാണ് വോട്ടു പിടിക്കുന്നത് എന്നാണ് എ.കെ.ആന്റണി കഴിഞ്ഞ ദിവസം പറഞ്ഞത്.
എ.കെ.ആന്റണി ജീവിതത്തിൽ ഒരിക്കലും ബിജെപിക്കെതിരെ നിലപാട് സ്വീകരിച്ചിട്ടില്ല. കമ്യൂണിസ്റ്റ് വിരുദ്ധത മാത്രമാണ് അദ്ദേഹത്തിന്റെ മുഖമുദ്ര. പാർലമെന്റിൽ ഒരു ഘട്ടത്തിലും ബിജെപിക്കെതിരെ എഴുന്നേറ്റു നിന്നു സംസാരിച്ചിട്ടില്ല. രാജ്യസഭയിൽ അദ്ദേഹം എഴുന്നേറ്റു നിന്നാൽ കിട്ടുന്ന ശ്രദ്ധ ചെറുതല്ലല്ലോ. പക്ഷേ ബിജെപിക്കെതിരെ സംസാരിക്കാൻ വേണ്ടി അത് പ്രയോജനപ്പെടുത്തില്ല. ഞാൻ സഭയിൽ ഉണ്ടായിരുന്ന ഒരു സമയത്തും അങ്ങനെ കണ്ടിട്ടില്ല. എന്നാൽ കേരളത്തിലെ ഒരു കോളജിൽ എസ്എഫ്ഐ എന്തെങ്കിലും പ്രശ്നം ഉണ്ടാക്കിയാൽ പോലും ഡൽഹിയിൽ അതിനെതിരെ വാർത്താസമ്മേളനം വിളിക്കും.
ഈ തിരഞ്ഞെടുപ്പിൽ രാജസ്ഥാനിൽ എല്ലാവരും ഒരുമിച്ചു നിൽക്കുന്നു. സ്വാഭാവികമായും എല്ലാവരുടെയും ചിത്രങ്ങൾ ഉണ്ടാകും. ത്രിപുരയിൽ മണിക് സർക്കാരിന്റെ ചിത്രവും തമിഴ്നാട്ടിൽ യച്ചൂരിയുടെ ചിത്രവും കോൺഗ്രസും ഉപയോഗിക്കുന്നില്ലേ. പരസ്പരധാരണയോടെ നിൽക്കുമ്പോൾ അതുണ്ടാകുമല്ലോ. ബിജെപിയെ ഞങ്ങൾക്ക് ഒറ്റയ്ക്കു പരാജയപ്പെടുത്താൻ കഴിയുമെന്ന ആത്മവിശ്വാസം ഇടക്കാലത്ത് കോൺഗ്രസിന് ഉണ്ടായതാണ് പലയിടത്തും സഖ്യങ്ങളെ കുഴപ്പത്തിലാക്കിയത് എന്നതാണ് യഥാർഥ വസ്തുത.
? ഇന്ത്യ എന്ന പേരിൽ സഖ്യ രൂപം തന്നെ നിലവിൽ വന്നത് രാഷ്ട്രീയമായി കേരളത്തിൽ എൽഡിഎഫിന് പരിമിതികൾ സൃഷ്ടിക്കുന്നുവെന്നത് യാഥാർഥ്യമല്ലേ?
2004ൽ ആ പരിമിതി ഞങ്ങൾ നോക്കിയില്ലല്ലോ. തിരഞ്ഞെടുപ്പിൽ ഇവിടെ കോൺഗ്രസിനെ പരാജയപ്പെടുത്തിയ ശേഷം ബിജെപിയെ മാറ്റിനിർത്താൻ വേണ്ടി അതേ കോൺഗ്രസ് നേതൃത്വത്തിലുള്ള സർക്കാരിനെ പിന്തുണയ്ക്കാൻ ഞങ്ങൾ തയാറായി. എന്നാൽ കോൺഗ്രസിന് ആ ബിജെപി വിരുദ്ധത സ്വീകരിക്കാൻ കഴിയുമോ? മണിപ്പുർ നമ്മളെ എല്ലാം അലട്ടുന്നുണ്ടല്ലോ. യഥാർഥത്തിൽ മണിപ്പുരിൽ ആദ്യത്തെ ബിജെപി സർക്കാരിനെ സമ്മാനിച്ചത് കോൺഗ്രസാണ്. 2017ൽ ഭൂരിപക്ഷം ഉണ്ടായിട്ടും ബിജെപിക്ക് അവിടെ സർക്കാർ രൂപീകരിക്കാനുള്ള അവസരം ഒരുക്കിക്കൊടുത്തത് കോൺഗ്രസ് ഹൈക്കമാൻഡിന്റെ കയ്യിലിരിപ്പായിരുന്നു.
2022 ആയപ്പോൾ കോൺഗ്രസ് വീണ്ടും ചുരുങ്ങി. അരുണാചാൽ മോഡൽ മറക്കാൻ കഴിയുമോ? മുഖ്യമന്ത്രി അടക്കമല്ലേ വേറെ പാർട്ടിയിയിൽ പോയത്. മന്ത്രിസഭ ആകെ തന്നെ വൈകാതെ ബിജെപി ആയി. ഈ അരുണാചൽ മോഡൽ മാനസികാവസ്ഥയിലാണ് കേരളത്തിലെ കോൺഗ്രസ് നേതാക്കൾ. എപ്പോൾ വേണമെങ്കിലും ബിജെപി ആകും. അതുകൊണ്ടാണല്ലോ രണ്ടും തമ്മിൽ വ്യത്യാസമൊന്നും തോന്നിയില്ലെന്ന് പത്മജ വേണുഗോപാൽ പറഞ്ഞത്.
? കേരളത്തിലെ കോൺഗ്രസ് നേതാക്കളും നാളെ ബിജെപി ആകുമെന്നാണോ?
ഇപ്പോഴത്തെ നേതൃത്വം ഇതേ നിലയിലാണ് പാർട്ടിയെ കൊണ്ടുപോകുന്നതെങ്കിൽ അരുണാചൽ അവസ്ഥയാകും ഇവിടെയും. ബിജെപി മനസ്സാണ് കോൺഗ്രസ് നേതാക്കളുടേത്. നിയമസഭയിൽ നേരത്തേ പൗരത്വ നിയമഭേദഗതി ചർച്ച ചെയ്തപ്പോൾ അന്ന് എംഎൽഎ മാത്രമായ പ്രതിപക്ഷനേതാവ് പറഞ്ഞത്, അതു മൗലികാവകാശങ്ങൾക്ക് എതിരാണ് എന്നായിരുന്നു. എന്നാൽ ഇപ്പോൾ പറയുന്നത് നടപ്പിലാക്കില്ലെന്നു പറയാൻ കഴിയില്ലെന്നാണ്. പൗരത്വഭേദഗതിയെക്കുറിച്ചു കോൺഗ്രസിന്റെ പ്രകടന പത്രികയിലും ഒന്നുമില്ല.
അരവിന്ദ് കേജ്‌രിവാളിനെ അറസ്റ്റു ചെയ്തപ്പോൾ ഇവിടുത്തെ മുഖ്യമന്ത്രിയെ എന്തുകൊണ്ട് അറസ്റ്റു ചെയ്യുന്നില്ല എന്നാണ് പ്രതിപക്ഷം ചോദിച്ചത്. എന്നാൽ സോണിയ–രാഹുൽ ഗാന്ധിമാരെ ചോദ്യം ചെയ്തപ്പോൾ ആ ചോദ്യം ഞങ്ങൾ ചോദിച്ചില്ലല്ലോ. ഇവിടെ ഉയരുന്ന ചോദ്യം ബിജെപിയുടെതാണ്.
? ഉറപ്പുള്ള ഒട്ടേറെ സീറ്റുകൾ തങ്ങൾക്കു പറയാനുണ്ട്, എൽഡിഎഫിന് ഒന്നെങ്കിലുമുണ്ടോ എന്നാണ് യുഡിഎഫ് നേതാക്കൾ ചോദിക്കുന്നത്
കേരളത്തിലെ ഒരു സീറ്റും ഒരു മുന്നണിക്കും ഉറച്ചതാണെന്നു പറയാൻ കഴിയില്ല. അക്കാലമെല്ലാം പോയി. കോൺഗ്രസ് ഒരു സീറ്റു പോലും ജയിക്കാത്ത റിസൽട്ട് ഉണ്ടായിട്ടുണ്ട്. ഞങ്ങൾ ഒരു സീറ്റിലേക്ക് ഒതുങ്ങിയിട്ടുണ്ട്. ലീഗ് ഒരിക്കലും തോൽക്കില്ലെന്നു കരുതിയ പഴയ മഞ്ചേരി അവർ തോറ്റിട്ടില്ലേ. എറണാകുളത്തു ഞങ്ങൾ തോറ്റിട്ടും ജയിച്ചിട്ടുമുണ്ട്. അതതു കാലത്ത് ഉരുണ്ടുകൂടുന്ന രാഷ്ട്രീയ സാഹചര്യത്തിന് അനുസൃതമായ ഫലമാണ് ഉണ്ടാകുന്നത്. കഴിഞ്ഞ തവണ അവസാനത്തെ ഒരാഴ്ച കൊണ്ടാണ് വലിയ രാഷ്ട്രീയ ധ്രുവീകരണം ഉണ്ടായത്.
? ന്യൂനപക്ഷങ്ങൾക്ക് ഇടതുപക്ഷത്തോട് പഴയ അകൽച്ചയില്ലെന്ന സൂചന തദ്ദേശ, നിയമസഭാ തിരഞ്ഞെടുപ്പുകളിലുണ്ട്. പക്ഷേ ലോക്സഭാ തിരഞ്ഞെടുപ്പിൽ അവർ കോൺഗ്രസിനു പിന്നിലാകും അണിനിരക്കുക എന്ന ആശങ്ക ഉണ്ടോ?
ഇത്തവണ അതില്ല. കഴിഞ്ഞ തവണ ഒരു വ്യാമോഹ പ്രതീതി സൃഷ്ടിക്കപ്പെട്ടിരുന്നല്ലോ. അതിനു ശേഷമുള്ള അനുഭവങ്ങൾ അവരെ മാറ്റിച്ചിന്തിപ്പിക്കുന്നു. ‘ഇന്ത്യ’ എന്ന സംവിധാനം അധികാരത്തിൽ വന്നാൽ കേരളത്തിൽ നിന്ന് തിരഞ്ഞെടുക്കപ്പെടുന്നവർ അതിൽ ഉറച്ചു നിൽക്കണമല്ലോ. ഒരു പ്രലോഭനത്തിനും വഴങ്ങാൻ പാടില്ല. ആ വിശ്വാസം കോൺഗ്രസിനെക്കുറിച്ച് ന്യൂനപക്ഷത്തിനില്ല. ഇടതുപക്ഷത്തെക്കുറിച്ച് ഉണ്ട്. ബിജെപി വിരുദ്ധതയാണ് കോൺഗ്രസിന്റെ നിലപാടെങ്കിൽ രാഹുൽഗാന്ധി വയനാട്ടിലാണോ മത്സരിക്കേണ്ടത്? തമിഴ്നാട്ടിൽ ഞങ്ങളുടെ സിറ്റിങ് സീറ്റ് ഡിഎംകെ ഏറ്റെടുത്തിട്ട് വേറൊരു സീറ്റ് അവർ നൽകി. കാരണമെന്ത്? ബിജെപി സംസ്ഥാന പ്രസിഡന്റായ പ്രധാന നേതാവ് ആ സീറ്റിൽ മത്സരിക്കുന്നതുകൊണ്ടാണ് ഡിഎംകെ തന്നെ സ്വയം ആ വെല്ലുവിളി ഏറ്റെടുത്തത്.
പകരം അവർ അഞ്ചു ലക്ഷത്തോളം വോട്ടിനു ജയിച്ച മറ്റൊരു സീറ്റ് ഞങ്ങൾക്കു കൈമാറി. ആ നിലപാടാണോ കോൺഗ്രസിന്റേത്? ഡിഎംകെ നൽകിയ രാഷ്ട്രീയ സന്ദേശം സ്വീകരിക്കാൻ കോൺഗ്രസിനു കഴിയുന്നുണ്ടോ? ദക്ഷിണേന്ത്യയിൽ രാഹുൽ മത്സരിക്കുന്നെങ്കിൽ തന്നെ അതു കർണാടകയിൽ അല്ലേ വേണ്ടത്? കോൺഗ്രസിന്റെ സീറ്റ് കൂട്ടാനും ബിജെപിയുടേത് കുറയ്ക്കാനും കഴിയുന്ന ഒരു സംസ്ഥാനമല്ലേ അത്? അവിടെ രാഹുൽ കൂടി വന്നാലോ? കേരളത്തിൽ ആരു ജയിച്ചാലും അവർ ദേശീയതലത്തിൽ ബിജെപിക്കെതിരാണല്ലോ. അങ്ങനെ ഒരു സംസ്ഥാനത്തല്ലല്ലോ രാഹുൽ കേന്ദ്രീകരിക്കേണ്ടത്. കോൺഗ്രസിനെ വിശ്വസിക്കാൻ കഴിയില്ലെന്നാണ് ഇതെല്ലാം സൂചിപ്പിക്കുന്നത്.
? ബിജെപി അക്കൗണ്ട് തുറക്കുമോ? രണ്ടാം സ്ഥാനത്തെങ്കിലും
രണ്ടാം സ്ഥാനത്തു പോലും വരുമെന്ന് ഞാൻ കരുതുന്നില്ല. ഇവിടെ എൽഡിഎഫും യുഡിഎഫും നേരിട്ടുള്ള മത്സരമാണ് എല്ലാ സീറ്റുകളിലും.
? മണിപ്പുർ വിഷയം ചിലർ പർവതീകരിക്കുകയാണെന്നാണല്ലോ കർദിനാൾ മാർ ക്ലിമ്മിസ് ബാവ പറഞ്ഞത്
യഥാർഥത്തിൽ മണിപ്പുരിലെ വിവരങ്ങൾ അതുപോലെ പുറത്തേക്കു വരാത്തതുകൊണ്ടാണ് അതിന്റെ തീവ്രത ചിലർക്കു മനസ്സിലാകാത്തത്. അത്രയും ഭീതി ജനകമാണ് സ്ഥിതി. പൗരത്വ നിയമത്തിന്റെ കാര്യത്തിൽ ഒരിക്കൽ മതം പൗരത്വത്തിന്റെ അടിസ്ഥാനമായാൽ ഇന്ന് മുസ്‌ലിം ആണെങ്കിൽ നാളെ വേറെ ഏതു മതവുമാകാം. അത് ഒരു മതരാഷ്ട്രത്തിലേക്കുള്ള മാറ്റമാണ്. അതു ചിലർക്കു മനസ്സിലാകാതെ പോകുന്നുണ്ട്. അല്ലെങ്കിൽ മനസ്സിലാകാത്തതു പോലെ നടിക്കുന്നു. പക്ഷേ പൊതുവിൽ ഈ വിപത്ത് എല്ലാ വിഭാഗങ്ങളും മനസ്സിലാക്കുന്നുണ്ട്.
? ‘കേരള സ്റ്റോറി’ പോലെയുള്ള കെണികളിൽ കേരളത്തിലെ ചിലരെങ്കിലും പെട്ടു പോകുന്നുണ്ടോ?
ചിലരെങ്കിലും അപകടം തിരിച്ചറിയാതെ തല വച്ചു കൊടുക്കുന്നുണ്ട്. ഓരോ ഘട്ടത്തിലും ഓരോ ആവശ്യത്തിനു വേണ്ടി അവർ ഓരോ കാര്യങ്ങൾ ഉപയോഗിക്കും. ഇന്ന് മുസ്‌ലിം വിരുദ്ധതയാണെങ്കിൽ നാളെ മറ്റൊന്നാകാം. തിരിച്ച് മറ്റൊരു വിഭാഗത്തെ അലട്ടാവുന്ന ഒരു സിനിമ മുസ്‌ലിം വിഭാഗം എടുത്തു പ്രദർശിപ്പിക്കാൻ തുടങ്ങിയാലോ. മതവൈരം സൃഷ്ടിക്കുന്ന പലതും ഇങ്ങനെ പ്രചരിപ്പിക്കാമല്ലോ. ആ രീതിയിൽ നിന്നു പിൻവാങ്ങുകയാണ് ചെയ്യേണ്ടത്.
? ബിഡിജെഎസിന്റെ സാന്നിധ്യം എൽഡിഎഫിന് കിട്ടാനിടയുള്ള വോട്ടുകൾ ചോർത്തുമോ?
ബിഡിജെഎസ് വലിയ രൂപത്തിൽ വന്നത് 2016ലാണല്ലോ. അന്ന് അതിനെ ശക്തമായി പ്രതിരോധിച്ചശേഷം ആ പാർട്ടി ദുർബലമായി. പിന്നെ എൻഡിഎയുടെ ഭാഗമായി നിൽക്കുന്നു എന്നതൊഴിച്ചാൽ ഞങ്ങളുടെ വോട്ടിലേക്കു കടന്നു കയറാൻ അവർക്കു കഴിയില്ല. ഒരു ജാതി ഒരു മതം ഒരു ദൈവം എന്ന ശ്രീനാരായണ തത്വം വിശ്വസിക്കുന്നവർക്ക് വർഗീയതയുടെ ഭാഗത്തേക്കു പോകാൻ കഴിയില്ല.
? സാമ്പത്തിക പ്രതിസന്ധി ഉൾപ്പെടെയുള്ള പ്രശ്നങ്ങൾ സർക്കാരിനെതിരെ വികാരം ഉണ്ടാക്കുമോ? സർക്കാർ വിരുദ്ധ തരംഗം തന്നെ വരുമെന്ന വിശ്വാസമാണല്ലോ യുഡിഎഫ് പങ്കുവയ്ക്കുന്നത്?
നേരെ തിരിച്ചല്ലേ വരുന്നത്? കേരളത്തെ സാമ്പത്തികമായി ഞെരുക്കുന്നതു കേന്ദ്രമാണെന്ന പൊതു ബോധം സൃഷ്ടിക്കാൻ സംസ്ഥാനത്തിന്റെ നടപടികൾക്കു കഴിഞ്ഞിട്ടുണ്ട്. നവകേരള സദസ്, ഡൽഹിയിലെ സമരം, സുപ്രീംകോടതിയെ സമീപിച്ചത്, ഭരണഘടനാ ബഞ്ചിനു വിട്ടത്, കേരളം മാതൃകയാക്കി കർണാടക സുപ്രീംകോടതിയിലേക്കു പോയതും സമരം തുടങ്ങിയതും.. ഇതെല്ലാം എന്താണ് യാഥാർഥ്യം എന്നു ജനങ്ങൾക്കു ബോധ്യമാക്കി. അതുണ്ടാക്കുന്ന ബിജെപി വിരുദ്ധത എൽഡിഎഫിനാകും വോട്ടായി വരിക.
? മുഖ്യമന്ത്രിക്കും കുടുബാംഗങ്ങൾക്കും എതിരെയുള്ള കേസ്, ആക്ഷേപങ്ങൾ ബുദ്ധിമുട്ടിക്കുന്നുണ്ടോ?
ഇതിനേക്കാൾ തീവ്രമായല്ലേ നിയമസഭാ തിരഞ്ഞെടുപ്പ് സമയത്ത് അതുണ്ടായത്. അത് ഇവരെല്ലാം മത്സരിക്കുന്ന സമയം തന്നെ ആയിരുന്നില്ലേ. ഇഡി പോലെയുള്ള ഏജൻസികളുടെ തനിനിറം കൂടുതലായി പുറത്തു വന്നു കഴിഞ്ഞു. അരവിന്ദ് കേജ്‌രിവാളിന്റെ അറസ്റ്റ് തെളിവാണല്ലോ. അതുകൊണ്ട് അക്കൂട്ടർ നടത്തുന്ന ഓരോ നീക്കവും തിരഞ്ഞെടുപ്പിൽ ഇടതുപക്ഷത്തിന് പ്രയോജനകരമായേ വരൂ.
? പാനൂർ ബോംബ് സ്ഫോടനത്തിലെ ഡിവൈഎഫ്ഐ പ്രവർത്തകരുടെ പങ്ക് ഇതിനകം പുറത്തു വന്നിട്ടുണ്ട് . ഇത്തരം അക്രമ പരിപാടികളിൽ നിന്നു പിൻവാങ്ങാൻ സിപിഎം തീരുമാനിച്ചതല്ലേ? എന്നിട്ടും എന്താണ് സംഭവിക്കുന്നത്?
സിപിഎമ്മിന്റെ തൃശൂർ സമ്മേളനത്തിൽ അന്നു സെക്രട്ടറിയായിരുന്ന കോടിയേരി ബാലകൃഷ്ണൻ തന്നെ പാർട്ടി നിലപാട് വ്യക്തമാക്കിയതാണ്. സിപിഎം പ്രവർത്തകൻ കൊല്ലപ്പെട്ടാൽ പോലും പ്രകോപനത്തിനു പോകരുതെന്ന് പാർട്ടി തീരുമാനിച്ചിരുന്നു. അതിനു ശേഷം ഇതു പാലിക്കപ്പെട്ടു. കേരളത്തിലെ ഏതെങ്കിലും ക്യാംപസിൽ എസ്എഫ്ഐക്കാരാൽ കൊല്ലപ്പെട്ട ആരെങ്കിലും ഉണ്ടോ എന്ന് ഈയിടെ തോമസ് ഐസക് ചോദിച്ചത് ഞങ്ങളെല്ലാം നേരത്തെ ചോദിച്ചിട്ടുള്ളതാണ്. എത്രയോ എസ്എഫ്ഐക്കാർ കൊല്ലപ്പെട്ടു. പാർട്ടിക്കെതിരെ ഒരു പൊതു ബോധം സൃഷ്ടിക്കാനുള്ള ശ്രമം ശക്തമാണ്.
? പക്ഷേ പാർട്ടി തീരുമാനം ലംഘിക്കപ്പെടുന്നു എന്നല്ലേ പാനൂർ വ്യക്തമക്കുന്നത്?
ആ സംഭവത്തിനു പാർട്ടിയുമായി ബന്ധമൊന്നുമില്ല. തിരഞ്ഞെടുപ്പ് സമയത്ത് ബോംബ് ഉണ്ടാക്കിയാൽ വോട്ടു കിട്ടുമെന്ന് ആരെങ്കിലും വിചാരിക്കുമോ. അതിനു പിന്നിൽ എന്താണ് നടന്നതെന്നു പൊലീസ് പുറത്തു കൊണ്ടുവരും. ഒരു വിട്ടുവീഴ്ചയും ഇക്കാര്യത്തിൽ ഉണ്ടാകില്ല. ഒരു തെറ്റായ പ്രവണതയും പാർട്ടി അംഗീകരിക്കില്ല.
? എറണാകുളത്ത് എന്താണ് സ്ഥിതി? കഴിഞ്ഞ തവണ അവിടെ സ്ഥാനാർഥിയുമായിരുന്നല്ലോ?
എറണാകുളം, ചാലക്കുടി മണ്ഡലങ്ങളിലാണ് ഞാൻ കേന്ദ്രീകരിക്കുന്നത്. ചാലക്കുടിയിൽ പെട്ടെന്നു തന്നെ വലിയ മാറ്റം ഉണ്ടായി. നല്ല ആത്മവിശ്വാസം ഉളള മണ്ഡലമായി മാറി. എറണാകുളത്ത് ഒരു സ്ഥാനാർഥിക്ക് ഇത്ര വേഗം ഇത്രയും സ്വീകാര്യത കിട്ടിയിട്ടുണ്ടാകില്ല. ഞാൻ പങ്കുവച്ച ഇടതുപക്ഷാനുകൂല രാഷ്ട്രീയം പ്രവർത്തിക്കുമ്പോൾ എറണാകുളത്തും മാറ്റം ഉണ്ടാകുക തന്നെ ചെയ്യും.