ലോക്സഭാ തിരഞ്ഞെടുപ്പ് പടിവാതിൽക്കൽ എത്തി നിൽക്കേ മലപ്പുറം ജില്ലയിലെയും മലബാറിലെയും തിരഞ്ഞെടുപ്പിലെ പ്രധാന വിഷയങ്ങളിലൊന്ന് മുസ്‌ലിം ലീഗും സമസ്തയും തമ്മിലുള്ള അഭിപ്രായ വ്യത്യാസങ്ങളാണ്. അഭിപ്രായ വ്യത്യാസം പാർട്ടിയെ തിരഞ്ഞെടുപ്പിൽ ബാധിക്കില്ലെന്ന് ലീഗും എന്നാൽ എൽഡിഎഫിന് ഇത് അനുകൂലമാവുമെന്ന് ഇടതുമുന്നണിയും വിലയിരുത്തുന്നു. പൊന്നാനി ലോക്സഭ മണ്ഡലത്തിലെ ഇടതു സ്ഥാനാർഥിയായി കെ.എസ്.ഹംസ വരുന്നത് പോലും ഈ ഭിന്നത മുതലാക്കാൻ ഉറപ്പിച്ചായിരുന്നു. ലീഗിന്റെ നിലവിലെ എംപിമാർ മണ്ഡലം മാറുന്നതിലും ഈ അഭിപ്രായവ്യത്യാസങ്ങൾ പങ്കു വഹിച്ചിട്ടുണ്ട് . മുസ്‌ലിം സമുദായത്തിലെ ഏറ്റവും വലിയ മത സംഘടനയായ സമസ്തയും രാഷ്ട്രീയ സംഘടനയായ മുസ്‌ലിം ലീഗും തമ്മിലുള്ള പ്രശ്നങ്ങൾ എന്തൊക്കെയാണ്? ഇത് തിരഞ്ഞെടുപ്പിൽ ഉണ്ടാക്കുന്ന മാറ്റങ്ങൾ എന്തൊക്കെയാകും? വിശദമായി പരിശോധിക്കാം.

ലോക്സഭാ തിരഞ്ഞെടുപ്പ് പടിവാതിൽക്കൽ എത്തി നിൽക്കേ മലപ്പുറം ജില്ലയിലെയും മലബാറിലെയും തിരഞ്ഞെടുപ്പിലെ പ്രധാന വിഷയങ്ങളിലൊന്ന് മുസ്‌ലിം ലീഗും സമസ്തയും തമ്മിലുള്ള അഭിപ്രായ വ്യത്യാസങ്ങളാണ്. അഭിപ്രായ വ്യത്യാസം പാർട്ടിയെ തിരഞ്ഞെടുപ്പിൽ ബാധിക്കില്ലെന്ന് ലീഗും എന്നാൽ എൽഡിഎഫിന് ഇത് അനുകൂലമാവുമെന്ന് ഇടതുമുന്നണിയും വിലയിരുത്തുന്നു. പൊന്നാനി ലോക്സഭ മണ്ഡലത്തിലെ ഇടതു സ്ഥാനാർഥിയായി കെ.എസ്.ഹംസ വരുന്നത് പോലും ഈ ഭിന്നത മുതലാക്കാൻ ഉറപ്പിച്ചായിരുന്നു. ലീഗിന്റെ നിലവിലെ എംപിമാർ മണ്ഡലം മാറുന്നതിലും ഈ അഭിപ്രായവ്യത്യാസങ്ങൾ പങ്കു വഹിച്ചിട്ടുണ്ട് . മുസ്‌ലിം സമുദായത്തിലെ ഏറ്റവും വലിയ മത സംഘടനയായ സമസ്തയും രാഷ്ട്രീയ സംഘടനയായ മുസ്‌ലിം ലീഗും തമ്മിലുള്ള പ്രശ്നങ്ങൾ എന്തൊക്കെയാണ്? ഇത് തിരഞ്ഞെടുപ്പിൽ ഉണ്ടാക്കുന്ന മാറ്റങ്ങൾ എന്തൊക്കെയാകും? വിശദമായി പരിശോധിക്കാം.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ലോക്സഭാ തിരഞ്ഞെടുപ്പ് പടിവാതിൽക്കൽ എത്തി നിൽക്കേ മലപ്പുറം ജില്ലയിലെയും മലബാറിലെയും തിരഞ്ഞെടുപ്പിലെ പ്രധാന വിഷയങ്ങളിലൊന്ന് മുസ്‌ലിം ലീഗും സമസ്തയും തമ്മിലുള്ള അഭിപ്രായ വ്യത്യാസങ്ങളാണ്. അഭിപ്രായ വ്യത്യാസം പാർട്ടിയെ തിരഞ്ഞെടുപ്പിൽ ബാധിക്കില്ലെന്ന് ലീഗും എന്നാൽ എൽഡിഎഫിന് ഇത് അനുകൂലമാവുമെന്ന് ഇടതുമുന്നണിയും വിലയിരുത്തുന്നു. പൊന്നാനി ലോക്സഭ മണ്ഡലത്തിലെ ഇടതു സ്ഥാനാർഥിയായി കെ.എസ്.ഹംസ വരുന്നത് പോലും ഈ ഭിന്നത മുതലാക്കാൻ ഉറപ്പിച്ചായിരുന്നു. ലീഗിന്റെ നിലവിലെ എംപിമാർ മണ്ഡലം മാറുന്നതിലും ഈ അഭിപ്രായവ്യത്യാസങ്ങൾ പങ്കു വഹിച്ചിട്ടുണ്ട് . മുസ്‌ലിം സമുദായത്തിലെ ഏറ്റവും വലിയ മത സംഘടനയായ സമസ്തയും രാഷ്ട്രീയ സംഘടനയായ മുസ്‌ലിം ലീഗും തമ്മിലുള്ള പ്രശ്നങ്ങൾ എന്തൊക്കെയാണ്? ഇത് തിരഞ്ഞെടുപ്പിൽ ഉണ്ടാക്കുന്ന മാറ്റങ്ങൾ എന്തൊക്കെയാകും? വിശദമായി പരിശോധിക്കാം.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ലോക്സഭാ തിരഞ്ഞെടുപ്പ് പടിവാതിൽക്കൽ എത്തി നിൽക്കേ മലപ്പുറം ജില്ലയിലെയും മലബാറിലെയും തിരഞ്ഞെടുപ്പിലെ പ്രധാന വിഷയങ്ങളിലൊന്ന് മുസ്‌ലിം ലീഗും സമസ്തയും തമ്മിലുള്ള അഭിപ്രായ വ്യത്യാസങ്ങളാണ്. അഭിപ്രായ വ്യത്യാസം പാർട്ടിയെ തിരഞ്ഞെടുപ്പിൽ ബാധിക്കില്ലെന്ന് ലീഗും എന്നാൽ എൽഡിഎഫിന് ഇത് അനുകൂലമാവുമെന്ന് ഇടതുമുന്നണിയും വിലയിരുത്തുന്നു. 

പൊന്നാനി ലോക്സഭാ മണ്ഡലത്തിലെ ഇടതു സ്ഥാനാർഥിയായി കെ.എസ്.ഹംസ വരുന്നത് പോലും ഈ ഭിന്നത മുതലാക്കാൻ ഉറപ്പിച്ചായിരുന്നു. ലീഗിന്റെ നിലവിലെ എംപിമാർ മണ്ഡലം മാറുന്നതിലും ഈ അഭിപ്രായവ്യത്യാസങ്ങൾ പങ്കു വഹിച്ചിട്ടുണ്ട് . മുസ്‌ലിം സമുദായത്തിലെ ഏറ്റവും വലിയ മത സംഘടനയായ സമസ്തയും രാഷ്ട്രീയ സംഘടനയായ മുസ്‌ലിം ലീഗും തമ്മിലുള്ള പ്രശ്നങ്ങൾ എന്തൊക്കെയാണ്? ഇത് തിരഞ്ഞെടുപ്പിൽ ഉണ്ടാക്കുന്ന മാറ്റങ്ങൾ എന്തൊക്കെയാകും? വിശദമായി പരിശോധിക്കാം.

അന്തരിച്ച പാണക്കാട് ഹൈദരലി ശിഹാബ് തങ്ങൾക്കൊപ്പം മുസ‍്‌ലിം ലീഗ് ദേശീയ ജനറൽ സെക്രട്ടറി പി.കെ.കുഞ്ഞാലിക്കുട്ടി. (ഫയൽ ചിത്രം: മനോരമ)
ADVERTISEMENT

∙ സമസ്തയും ലീഗും

കേരളത്തിലെ മുസ്‌ലിം സമുദായത്തിനിടയിൽ ഏറ്റവും സ്വാധീനമുള്ളതും മലബാർ മേഖലയിലെ ഒട്ടേറെ മഹല്ലുകൾ (പള്ളിയുടെ) കീഴിലുള്ളതുമായ സമസ്ത കേരള ജംഇയ്യത്തുൽ ഉലമ എന്നും ലീഗിനൊപ്പം നിന്നിട്ടുള്ള സംഘടനയാണ്. 1926ൽ കോഴിക്കോടു വച്ചാണ് സമസ്ത രൂപീകരിക്കപ്പെടുന്നത്. 1989ൽ സമസ്ത വലിയ പിളർപ്പിനെ നേരിട്ടു. സംഘടനാ പ്രശ്നങ്ങളും ലീഗുമായും മറ്റും ഉണ്ടായ രാഷ്ട്രീയ ഇടപെടലുകളുടെ പേരിലുള്ള തർക്കവുമാണ് സമസ്തയുടെ പിളർപ്പിലേക്ക് വഴിവച്ചത്. ഇ.കെ.അബൂബക്കർ മുസല്യാർ നേതൃത്വം നൽകുന്ന ഇകെ വിഭാഗവും കാന്തപുരം എ.പി.അബൂബക്കർ മുസല്യാർ നേതൃത്വം നൽകുന്ന എപി വിഭാഗവുമായാണ് വേർപിരിഞ്ഞത്. ഇതിൽ ഇകെ വിഭാഗം സമസ്ത, ലീഗിനൊപ്പം അടിയുറച്ചു നിന്നു. 

ജിഫ്രി മുത്തുക്കോയ തങ്ങൾ പ്രസിഡന്റും ആലിക്കുട്ടി മുസല്യാർ ജനറൽ സെക്രട്ടറിയുമായ കമ്മിറ്റിയാണ് ഇപ്പോൾ സമസ്തയെ നയിക്കുന്നത്. അന്തരിച്ച മുൻ മുസ്‌ലിം ലീഗ് സംസ്ഥാന അധ്യക്ഷൻ പാണക്കാട് ഹൈദരലി ശിഹാബ് തങ്ങൾ സമസ്തയുടെ ഉപാധ്യക്ഷനായിരുന്നു. പരമ്പരാഗതമായി മുസ്‌ലിം ലീഗിനോട് ചേർന്നു നിൽക്കുന്ന രാഷ്ട്രീയമാണ് സമസ്തയ്ക്കുള്ളത്. പ്രത്യക്ഷത്തിൽ രാഷ്ട്രീയ ആഭിമുഖ്യമോ താൽപര്യമോ ഇല്ലെങ്കിലും സമസ്തയുടെ ഭൂരിഭാഗം അണികളും മുസ്‌ലിം ലീഗിനെ പിന്തുണയ്ക്കുന്നവരും ലീഗിന്റെ വലിയൊരു വിഭാഗം അണികൾ സമസ്ത പ്രവർത്തകരുമാണ്. പല സമയങ്ങളിലും സമസ്തയുടെ എതിർപ്പ് മൂലം നിലപാടുകളിലെ മാറ്റങ്ങള്‍ വരെ ലീഗിൽ ഉണ്ടാകാറുണ്ട്.

പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ. (ഫയൽ ചിത്രം: മനോരമ)

∙ പ്രശ്നങ്ങൾ ആരംഭിക്കുന്നു

ADVERTISEMENT

മുസ്‌ലിം ലീഗ് സംസ്ഥാന അധ്യക്ഷനും സമസ്ത ഉപാധ്യക്ഷനുമായിരുന്ന പാണക്കാട് ഹൈദരലി ശിഹാബ് തങ്ങൾ അന്തരിക്കുന്നതോടെയാണ് സമസ്തയും ലീഗും തമ്മിലുള്ള പ്രശ്നങ്ങൾ മറ്റൊരു രീതിയിലേക്കു മാറുന്നത്. മുൻപും പ്രശ്നങ്ങൾ രൂപപ്പെടാറുണ്ടായിരുന്നെങ്കിലും പാണക്കാട് തങ്ങൾമാരുമായുള്ള ചർച്ചകളിലൂടെ പരിഹരിക്കപ്പെടുകയായിരുന്നു പതിവ്. ഹൈദരലി തങ്ങളുടെ വിയോഗത്തോടെ സാദിഖലി തങ്ങൾ മുസ്‌ലിം ലീഗിന്റെ നേതൃസ്ഥാനത്തേക്ക് വന്നു. സമസ്തയുടെ യുവജന വിഭാഗമായ എസ്‌വൈഎസിന്റെ സംസ്ഥാന അധ്യക്ഷൻ കൂടിയാണ് സാദിഖലി ശിഹാബ് തങ്ങൾ. 

പക്ഷേ മത പണ്ഡിതൻ കൂടിയായിരുന്ന ഹൈദരലി തങ്ങൾക്ക് ലഭിച്ചിരുന്ന പ്രാധാന്യം സാദിഖലി തങ്ങൾക്ക് സമസ്തയിൽനിന്നു ലഭിച്ചില്ല. കേരളത്തിലെ പ്രധാനപ്പെട്ട രാഷ്ട്രീയ പാർട്ടിയുടെ സംസ്ഥാന അധ്യക്ഷൻ ആയിരുന്നെങ്കിലും ഒരു ആത്മീയ നേതാവിന്റെ സ്ഥാനമാണ് ഹൈദരലി തങ്ങൾക്ക് ലഭിച്ചിരുന്നത്. എന്നാൽ സാദിഖലി തങ്ങൾ കുറേക്കൂടി രാഷ്ട്രീയപരമായി ഇടപെടുന്ന വ്യക്തിയാണെന്നായിരുന്ന ആരോപണം. 

ഹൈദരലി തങ്ങളോടുള്ള അടുപ്പവും ബന്ധവും ജിഫ്രി തങ്ങൾക്ക് പാണക്കട്ടെ മറ്റു  തങ്ങൻമാരോട് ഉണ്ടായിരുന്നില്ല. അതിനിടെ, സാദിഖലി തങ്ങൾ ലീഗ് നേതൃത്വത്തിൽ എത്തിയതോടെ പ്രശ്നങ്ങൾ ഉയർന്നു വരാൻ തുടങ്ങി. രാഷ്ട്രീയ വിഷയങ്ങളിലടക്കം ജിഫ്രി മുത്തുക്കോയ തങ്ങൾ മാധ്യമങ്ങളോട് അഭിപ്രായം പറയുന്ന പതിവുണ്ട്. ഇതിൽ പല അഭിപ്രായവും ലീഗിന്റെ നിലപാടുമായി യോജിച്ചു പോകുന്നത് ആയിരുന്നില്ല. മുഖ്യമന്ത്രിയുടെ കേരള പര്യടനത്തിന്റെ ഭാഗമായി നടന്ന യോഗത്തിൽ പങ്കെടുത്തതും മറ്റും ലീഗിൽ അലോസരം സൃഷ്ടിക്കുന്നതായിരുന്നു. 

സമസ്തയെ ലീഗിന്റെ ഒരു ബി ടീമായി കാണുന്നതിൽ സമസ്തയ്ക്കുള്ളിൽനിന്നു തന്നെ എതിർപ്പുണ്ടായിരുന്നു. അത് ജിഫ്രി തങ്ങൾ നേതൃത്വത്തിലേക്ക് വന്നപ്പോൾ കൂടുതലായി പുറത്തുവന്നു. സമസ്തയെ ഒരു സ്വതന്ത്ര അസ്തിത്വമുള്ളതും ലീഗിന്റെ അപ്രമാദിത്വത്തിൽനിന്നു മാറ്റിക്കൊണ്ടുമുള്ള സംഘടനയാക്കി മാറ്റുക എന്ന നിലപാടിന് മുൻകാലങ്ങളിൽ ലഭിക്കാതിരുന്ന പിന്തുണ പുതിയ നേതൃത്വത്തിൽനിന്ന് ലഭിച്ചു.

∙ പ്രതിഷേധത്തിൽ തെറ്റിയ വഖഫ്

ADVERTISEMENT

സമസ്ത–ലീഗ് ആശയഭിന്നത അതിന്റെ ഉന്നതിയിലെത്തിയത് വഖഫ് വിഷയത്തിലാണ്. സമസ്ത പ്രതിനിധി അടക്കം പങ്കെടുത്ത ചർച്ചയ്ക്ക് ശേഷം പള്ളികളിൽ വഖഫ് നിയമനം പിഎസ്‌സിക്ക് വിട്ടതിനെതിരെ പ്രതിഷേധം നടത്തുമെന്ന മുസ്‌ലിം കോഓർഡിനേഷൻ കമ്മിറ്റിയുടെ തീരുമാനം മുസ്‌ലിം ലീഗ് ആക്ടിങ് ജനറൽ സെക്രട്ടറിയായിരുന്ന പി.എം.എ.സലാം പ്രഖ്യാപിച്ചു. എന്നാൽ സമസ്ത ഇതിനെ എതിർത്തു രംഗത്തു വന്നു. ഭൂരിഭാഗം പള്ളികളും നിയന്ത്രിക്കുന്ന സമസ്ത എതിർത്തതോടെ രാഷ്ട്രീയ പ്രശ്നത്തെ മതകേന്ദ്രങ്ങളിലേക്ക് വലിച്ചിഴക്കുന്നുവെന്ന കടുത്ത വിമർശനം ലീഗിനെതിരെ ഉയർന്നു. 

ഇ.ടി. മുഹമ്മദ് ബഷീറിന്റെ തിരഞ്ഞെടുപ്പ് പ്രചാരണത്തിൽ നിന്ന്. (Photo: EtMuhammedBasheer/facebook)

ഇതോടെ ലീഗ് പ്രതിഷേധത്തിൽനിന്നു പിൻവാങ്ങി. തുടർന്നു വിഷയത്തിൽ മുഖ്യമന്ത്രിയുമായി ജിഫ്രി മുത്തുക്കോയ തങ്ങൾ ചർച്ച നടത്തുകയും പ്രശ്നം പരിഹരിക്കുമെന്ന ഉറപ്പ് വാങ്ങുകയും ചെയ്തു. എന്നാൽ വഖഫ് വിഷയത്തിൽ ലീഗ് പ്രത്യക്ഷ സമരത്തിന് ആഹ്വാനം ചെയ്തു. കോഴിക്കോട് കടപ്പുറത്ത് നടന്ന പ്രതിഷേധം ലീഗിന്റെ ശക്തി തെളിയിക്കുന്നതായിരുന്നു. സമസ്ത നേതൃത്വത്തോടുള്ള പ്രതിഷേധമായും ഇത് വ്യാഖ്യാനിക്കപ്പെട്ടു. 

∙ സിഐസിയുമായുണ്ടായ പ്രശ്നവും ലീഗും

വാഫി, വഫിയ്യ കോഴ്സുകൾ നടത്തുന്ന കോളജുകളെ നയിക്കുകയും നിയന്ത്രിക്കുകയും ചെയ്യുന്ന സംവിധാനമാണ് സിഐസി (കോഓർഡിനേഷൻ ഓഫ് ഇസ്‌ലാമിക് കോളജസ്). ഹൈദരലി തങ്ങളുടെ കാലത്തുതന്നെ സിഐസിയുമായുള്ള അഭിപ്രായ വ്യത്യാസങ്ങൾ നിലനിൽക്കുന്നുണ്ടായിരുന്നെങ്കിലും പുറത്തേക്ക് വന്നിരുന്നില്ല. സാദിഖലി ശിഹാബ് തങ്ങളാണ് സിഐസിയുടെ പ്രസിഡന്റ്. സിഐസിയുടെ ജനറൽ സെക്രട്ടറിയായിരുന്ന ഹക്കീം ഫൈസി ആദൃശ്ശേരിക്ക് ആശയ വ്യതിയാനം സംഭവിച്ചെന്നും അദ്ദേഹത്തിന്റെ ആശയങ്ങളിൽ പുത്തൻ വാദങ്ങൾ കടന്നു വന്നെന്നും അത് സുന്നി ആശയങ്ങൾക്ക് വിരുദ്ധമാണെന്നും സമസ്ത ആരോപിച്ചു. 

ഹക്കീം ഫൈസി ആദൃശ്ശേരി. (Photo: Arranged)

സമസ്ത ജില്ലാ മുശാവറാംഗമായിരുന്ന ഹക്കീം ഫൈസി ആദൃശ്ശേരിയെ സമസ്ത പുറത്താക്കി. പ്രശ്നം രൂക്ഷമായതോടെ സാദിഖലി തങ്ങൾ ഹക്കീം ഫൈസി ആദൃശ്ശേരിയുമായി പാണക്കാട് വച്ച് കൂടിക്കാഴ്ച നടത്തുകയും സിഐസി സെക്രട്ടറി സ്ഥാനം രാജിവയ്ക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തു. തുടർന്ന് ഇരുവിഭാഗത്തിൽ നിന്നുള്ള ആളുകളും സമൂഹ മാധ്യമങ്ങളിൽ ഏറ്റുമുട്ടുകയും ചെയ്തിരുന്നു. സിഐസിയുടെയും സമസ്തയുടെയും ഇടയിൽ പെട്ട ലീഗ്, പ്രസ്തുത വിഷയത്തിൽ ഏറെ ബുദ്ധിമുട്ടിയിരുന്നു. വിഷയം പൂർണമായും ഇപ്പോഴും പരിഹരിക്കപ്പെട്ടിട്ടില്ല. 

∙ പരസ്യ വിമർശനം വരെ എത്തിച്ച തട്ടം വിവാദം

മുസ‌്‌ലിം ലീഗിന് ഈയടുത്തു ലഭിച്ച വലിയ രാഷ്ട്രീയ ആയുധങ്ങളിലൊന്നായിരുന്നു തട്ടം വിവാദം. വിഷയത്തിൽ കടുത്ത പ്രതികരണവുമായി കളം പിടിക്കാൻ ഇറങ്ങിയ ലീഗിനെ പക്ഷേ, സമസ്തയുമായി ഉണ്ടായ പ്രശ്നം രാഷ്ട്രീയ പ്രതിസന്ധിയിലാക്കുന്നതാണ് പിന്നീട് കണ്ടത്. സിപിഎം സംസ്ഥാന സമിതി അംഗം കെ.അനിൽ കുമാർ ‘മലപ്പുറത്തു വരുന്ന പുതിയ പെൺകുട്ടികളെ കാണൂ നിങ്ങൾ, തട്ടം തലയിലിടാൻ വന്നാൽ അതു വേണ്ടെന്നു പറയുന്ന പെൺകുട്ടികൾ മലപ്പുറത്ത് ഉണ്ടായത് കമ്യൂണിസ്റ്റ് പാർട്ടി കേരളത്തിൽ വന്നതിന്റെ ഭാഗമായി വന്ന വിദ്യാഭ്യാസം കൊണ്ടാണ്’ എന്ന‌ പരാമർശമാണ് വിവാദമായത്. 

പി.എം.എ.സലാം. (ഫയൽ ചിത്രം: മനോരമ)

തിരുവനന്തപുരത്ത് ഏക വ്യക്തി നിയമത്തെ കുറിച്ചു യുക്തിവാദ സംഘടനയായ എസ്സലൻസ് ഗ്ലോബൽ നടത്തിയ സെമിനാറിലാണ് അനിൽകുമാർ വിവാദ പരാമർശം നടത്തിയത്. മുസ്‌ലിം പെൺകുട്ടികളുടെ തലയിൽനിന്നു തട്ടം ഒഴിവാക്കാനാണ് സിപിഎമ്മിന്റെ ശ്രമമെന്ന് പറഞ്ഞു ലീഗും മത സംഘടനകളും രംഗത്തു വന്നു. മുസ്‌ലിം വിഭാഗത്തിനിടയിൽ ഉണ്ടാക്കിയെടുത്തിരുന്ന അടുപ്പത്തിന് ഈ വിഷയത്തോടെ ഇടിവ് സംഭവിച്ചെന്ന് വിലയിരുത്തലുണ്ടായി. തുടർന്നു സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ അനിൽകുമാറിന്റെ പരാമർശത്തെ തള്ളിയതോടെ വിഷയത്തിലെ ചർച്ചകൾ അവസാനിക്കേണ്ടതായിരുന്നു. എന്നാൽ സമസ്ത–ലീഗ് തർക്കത്തിലേക്കാണ് ഈ സംഭവം വഴിമാറിയത്. 

തട്ടം വിവാദത്തിൽ മാധ്യമങ്ങളോട് പ്രതികരിക്കവെ ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി.എം.എ.സലാം നടത്തിയ ‘മുഖ്യമന്ത്രിയുടെ ഒരു ഫോൺകോൾ കിട്ടിയാൽ എല്ലാം ആയി എന്നു കരുതുന്ന ആളുകളുണ്ട്. അവർക്കൊക്കെ ഇതിൽ എന്താണ് പറയാനുള്ളത്’ എന്ന പരാമർശമാണ് അടുത്ത വിവാദമായത്. സമസ്ത അധ്യക്ഷൻ ജിഫ്രി മുത്തുക്കോയ തങ്ങളെയാണ് ഉദ്ദേശിച്ചതെന്ന് സമസ്ത അനുകൂലികൾ ആരോപിച്ചു. പി.എം.എ.സലാം നിഷേധിച്ചെങ്കിലും ഈ അടുത്ത കാലത്ത് സമസ്ത എടുക്കുന്ന നിലപാടുകളോടുള്ള പ്രതികരണമാണ് പരാമർശമെന്ന് വിമർശനം ഉയർന്നു. പി.എം.എ.സലാമിനെതിരെ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് മുശാവറ അംഗങ്ങൾ ഉൾപ്പെടെയുള്ളവർ സാദിഖലി തങ്ങൾക്കും പി.കെ.കുഞ്ഞാലിക്കുട്ടിക്കും കത്ത് നൽകി. 

പി.കെ. കുഞ്ഞാലിക്കുട്ടി. (ഫയൽ ചിത്രം: മനോരമ)

എന്നാൽ ‘തല ഇരിക്കുമ്പോൾ വാൽ ആടേണ്ട’ എന്നായിരുന്നു സാദിഖലി തങ്ങളുടെ പ്രതികരണം. സമസ്തയിലെ ചിലർ സ്വീകരിക്കുന്ന ഇത്തരം നിലപാടുകളോടുള്ള തങ്ങളുടെ വിയോജിപ്പാണ് പരാമർശത്തിലൂടെ പുറത്തുവന്നത്. തുടർന്നും സമസ്തയിലെ ഇടതു ചായ്‌വ് പ്രകടിപ്പിക്കുന്നവർക്കെതിരെ രൂക്ഷ പ്രതികരണവുമായി പി.എം.എ.സലാം രംഗത്ത് എത്തിയിരുന്നു. മറുപടിയുമായി മുശാവറ അംഗം മുക്കം ഉമ്മർ ഫൈസിയും രംഗത്തു വന്നതോടെ അഭിപ്രായ വ്യത്യാസം രൂക്ഷമായി. 

പാണക്കാട് കുടുംബം സമസ്തയുമായി എത്രത്തോളം ബന്ധപ്പെട്ടിരിക്കുന്നു എന്ന് കാണിച്ചു തങ്ങൾ അനുകൂലികളും സമസ്തയുടെ സ്വതന്ത്ര അസ്തിത്വം ചൂണ്ടിക്കാട്ടി സമസ്ത പക്ഷവും രംഗത്തുവന്നതോടെ സമൂഹ മാധ്യമങ്ങളിൽ തർക്കം മുറുകി. വിവാദം കൊടുമ്പിരിക്കൊണ്ടിരിക്കേ സാദിഖലി തങ്ങളും ജിഫ്രി മുത്തുക്കോയ തങ്ങളും ഒരുമിച്ചു ഖത്തറിൽ നടന്ന പരിപാടിയിൽ വേദി പങ്കിടുകയും പ്രശ്നങ്ങൾ ഒന്നുമില്ലെന്ന സന്ദേശം നൽകുകയും ചെയ്തതോടെ താൽക്കാലികമായി വിഷയം ഒതുങ്ങി.

പാണക്കാട് അബ്ബാസലി ശിഹാബ് തങ്ങൾ. (ഫയൽ ചിത്രം: മനോരമ)

∙ തീരാത്ത അഭിപ്രായ വ്യത്യാസം

തുടർന്നും വിവിധ വിഷയങ്ങളിൽ സമസ്തയും ലീഗും തമ്മിൽ അഭിപ്രായ വ്യത്യാസങ്ങളുണ്ടായി. ഇരു വിഭാഗത്തിലെ നേതൃത്വവുമായല്ലെങ്കിലും അണികൾ സമൂഹ മാധ്യമങ്ങളിൽ ആരോപണ പ്രത്യാരോപണങ്ങൾ ഉന്നയിച്ചു. സമസ്തയുടെ കീഴിലുള്ള മഹല്ലുകളുടെ ഖാളിമാരായി ജിഫ്രി മുത്തുക്കോയ തങ്ങൾ, ആലിക്കുട്ടി മുസല്യാർ, പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ, പാണക്കാട് അബ്ബാസലി ശിഹാബ് തങ്ങൾ തുടങ്ങിയവർ സേവനം അനുഷ്ഠിക്കുന്നുണ്ട്. ഇതിൽ പാണക്കാട് തങ്ങൻമാരുടെ കീഴിലുള്ള മഹല്ലുകളെ ഏകോപിപ്പിച്ച് സാദിഖലി തങ്ങളുടെ നേതൃത്വത്തിൽ പാണക്കാട് ഖാളി ഫൗണ്ടേഷൻ സ്ഥാപിച്ചിരുന്നു. സാദിഖലി തങ്ങൾ ക്രിസ്മസ് വിരുന്നിൽ പങ്കെടുത്ത് കേക്ക് മുറിച്ചതും വിവാദമായിരുന്നു. എല്ലാ വിഷയങ്ങളും വിവാദമാക്കുന്നതിൽ ഇരു സംഘടനകൾക്കിടയിൽ ഉണ്ടായ അഭിപ്രായ വ്യത്യാസം കാരണമായിരുന്നു.  

മുസ്‌ലിം വിഭാഗത്തിലെ ഭൂരിഭാഗവും സുന്നി ആശയം പിൻപറ്റുന്നവരാണ്. എന്നാൽ ലീഗിന്റെ നേതൃനിരയിൽ വഹാബി ചിന്താഗതി പുലർത്തുന്നവരുടെ എണ്ണം കൂടുതലാണെന്നും അർഹമായ പരിഗണന സുന്നി വിഭാഗത്തിന് ലഭിക്കുന്നില്ലെന്നുമുള്ള പരാതി മുൻപേ ഉണ്ട്. ലീഗ് കൂടുതൽ വഹാബിവൽക്കരിക്കപ്പെടുകയാണെന്ന വാദം സമസ്ത അനുകൂലികൾ ഉയർത്താറുണ്ട്. സീറ്റ് ചർച്ചകൾ വരുമ്പോഴും സുന്നി–മുജാഹിദ് ചർച്ചകൾ ഉയർന്നു വരാറുണ്ട്. ഈ വിഷയങ്ങളെല്ലാം അഭിപ്രായ വ്യത്യാസം വളർത്തുന്നതിൽ പങ്ക് വഹിച്ചു. 

∙ കെ.എസ്.ഹംസ എന്ന സ്ഥാനാർഥി

മലപ്പുറത്ത് എൽഡിഎഫിന് ചെറുതായെങ്കിലും പ്രതീക്ഷയുള്ളത് പൊന്നാനി ലോക്സഭാ മണ്ഡലത്തിലാണ്. ഇവിടെ കെ.ടി.ജലീൽ അടക്കമുള്ള സ്ഥാനാർഥികളുടെ പേര് ചൂണ്ടിക്കാണിക്കപ്പെട്ടതാണ്. എന്നാൽ അപ്രതീക്ഷിതമായാണ് ലീഗിൽനിന്നു പുറത്താക്കപ്പെട്ട കെ.എസ്.ഹംസ ഇടതു സ്ഥാനാർഥിയായി എത്തുന്നത്. ഇരു വിഭാഗം സമസ്തയുടെയും പിന്തുണയുള്ള, സമസ്ത നേതൃത്വവുമായി നല്ല ബന്ധമുള്ള സ്ഥാനാർഥി എന്ന നിലയിലാണ് കെ.എസ്.ഹംസയെ അവതരിപ്പിച്ചത്. ഇപ്പോഴുള്ള ലീഗ്–സമസ്ത അഭിപ്രായ വ്യത്യാസത്തിൽനിന്നു നേട്ടം കൊയ്യുക എന്നതായിരുന്നു ലക്ഷ്യം. 

തിരുവനന്തപുരം യുഡിഎഫ് സ്ഥാനാർഥി ശശി തരൂരും പൊന്നാനി യുഡിഎഫ് സ്ഥാനാർഥി അബ്ദുസ്സമദ് സമദാനിയും. (Photo : PTI)

സമസ്ത അധ്യക്ഷൻ ജിഫ്രി മുത്തുക്കോയ തങ്ങളുടെ സ്ഥലവും പൊന്നാനി മണ്ഡലത്തിലാണ് സ്ഥിതി ചെയ്യുന്നത്. ഇ.ടി.മുഹമ്മദ് ബഷീറിനെ മലപ്പുറത്തേക്ക് മാറ്റി അബ്ദുസ്സമദ് സമദാനിയെ പൊന്നാനിയിലേക്ക് കൊണ്ടു വരുന്നതിലും സമസ്ത പ്രശ്നം കാരണമായിട്ടുണ്ട്. മുജാഹിദ് വിഭാഗക്കാരനായ ഇ.ടിയേക്കാൾ സമസ്ത നേതൃത്വവുമായി അടുത്ത ബന്ധം പുലർത്തുന്ന സമദാനിയെ പൊന്നാനിയിലേക്ക് മാറ്റുന്നത് വിഷയത്തിൽ വോട്ടുകൾ നഷ്ടപ്പെടേണ്ട എന്ന ചിന്ത കൊണ്ടു കൂടിയാണ്. പരമാവധി ലീഗ് വിരുദ്ധ സമസ്ത വോട്ടുകൾ പെട്ടിയിലാക്കാൻ എൽഡിഎഫ് ശ്രമിക്കുന്നുമുണ്ട്. 

തിരഞ്ഞെടുപ്പിനോട് അടുപ്പിച്ച്, സമസ്തയുടെ വിദ്യാർഥി വിഭാഗമായ എസ്കെഎസ്എസ്എഫിന്റെ ലേബലിൽ എൽഡിഎഫ് സ്ഥാനാർഥിയെ വിജയിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് പലർക്കും സന്ദേശവും ഫോൺ വിളികളും വരുന്നുവെന്ന പരാതി ഉയർന്നതാണ് അവസാന സംഭവം. തിരഞ്ഞെടുപ്പിൽ ആരെയെങ്കിലും വിജയിപ്പിക്കുക, പരാജയപ്പെടുത്തുക എന്നത് സംഘടനയുടെ നിലപാടല്ലെന്നും ഇതുമായി യാതൊരു ബന്ധവുമില്ലെന്നും എസ്കെഎസ്എസ്എഫ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് ഹമീദലി ശിഹാബ് തങ്ങൾ പ്രതികരിച്ചിരുന്നു. 

മുൻ മന്ത്രി കെ.ടി.ജലീൽ, മന്ത്രി പി.എ.മുഹമ്മദ് റിയാസ്, പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ, ലീഗ് ദേശീയ ജനറൽ സെക്രട്ടറി പി.കെ.കുഞ്ഞാലിക്കുട്ടി എന്നിവർക്കൊപ്പം. (ഫയൽ ചിത്രം: മനോരമ)

ലീഗിനെ തിരഞ്ഞെടുപ്പിൽ തോൽപിക്കാൻ ഒരു വിഭാഗം പണിയെടുക്കുന്നുവെന്ന വാദം ഇതോടെ ഉയർന്നു. എസ്കെഎസ്എസ്എഫിന്റെ ഡേറ്റ ബേസ് ചോർന്നുവെന്ന ആരോപണവും സംഘടന നിഷേധിച്ചു. തിരഞ്ഞെടുപ്പിൽ അഭിപ്രായ വ്യത്യാസം പ്രതിഫലിക്കില്ലെന്നാണ് പ്രതീക്ഷയെങ്കിലും പാർട്ടിക്ക് ഒരു മുന്നറിയിപ്പ് നൽകണമെന്ന ചിന്തയ്ക്ക് പ്രചാരം കിട്ടിയാൽ തിരിച്ചടിയാവുമെന്ന ആശങ്ക ലീഗിനുണ്ട്. തിരഞ്ഞെടുപ്പിലെ ജയപരാജയങ്ങളെ ഇത് സ്വാധീനിക്കില്ലെങ്കിലും ഭൂരിപക്ഷം കുറയ്ക്കാൻ സാധിക്കും. 

മുൻപ് സമസ്ത നേതൃത്വത്തിനെതിരെ ഇടത് സ്ഥാനാർഥികൾ രംഗത്തു വന്നതും ലീഗ് സ്ഥാനാർഥികളുടെ പാർലമെന്റിലെ പ്രകടനവുമെല്ലാം ചൂണ്ടിക്കാണിച്ചാണ് യുഡിഎഫിന്റെ പ്രചാരണം. മലപ്പുറം, പൊന്നാനി ലോക്സഭാ മണ്ഡലങ്ങളിൽ വോട്ടിങ് ശതമാനത്തിലും ഭൂരിപക്ഷത്തിലും ഉണ്ടാവുന്ന ചെറുമാറ്റങ്ങൾ പോലും പ്രശ്നവുമായി ബന്ധിപ്പിക്കപ്പെടുമെന്നതിനാൽ സുക്ഷ്മതയോടെയാണ് ഈ വിഷയത്തെ ഇരുകൂട്ടരും നോക്കിക്കാണുന്നത്. 

2019ൽ കരിപ്പൂർ ഹജ് ഹൗസിൽ സംസ്ഥാന ഹജ് ക്യാംപിന്റെ സമാപന സംഗമം ഉദ്ഘാടനം ചെയ്യാനെത്തിയ പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളെ മന്ത്രി കെ.ടി.ജലീൽ സ്വീകരിക്കുന്നു. സമസ്ത കേരള ജംഇയ്യത്തുൽ ഉലമ പ്രസിഡന്റ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങൾ, ഹജ് കമ്മിറ്റിയംഗം ബഹാഉദ്ദീൻ മുഹമ്മദ് നദ്‌വി തുടങ്ങിയവർ സമീപം. (ഫയൽ ചിത്രം: മനോരമ)

ലോക്സഭാ തിരഞ്ഞെടുപ്പു പ്രചാരണത്തിന് ആരെയും ചുമതലപ്പെടുത്തിയിട്ടില്ലെന്നും സമസ്തയും ലീഗും തമ്മിലും അണികൾ തമ്മിലും ഉള്ള പ്രത്യേക ബന്ധത്തിന് തകരാറുണ്ടാക്കുകയും തെറ്റിദ്ധാരണ പരത്തുകയും ചെയ്യുന്ന അനാവശ്യ പ്രചാരണങ്ങൾ എല്ലാവരും ഒഴിവാക്കണമെന്നും സമസ്ത കേരള ജംഇയ്യത്തുൽ ഉലമ വ്യക്തമാക്കിയിട്ടുണ്ട്. എങ്കിലും സമൂഹ മാധ്യമങ്ങളിൽ തുടരുന്ന തർക്കങ്ങൾ ലീഗ്–സമസ്ത അണികൾക്കിടയിൽ ചെറുതല്ലാത്ത വിള്ളൽ വന്നിട്ടുണ്ടെന്നതിന് തെളിവായിരിക്കുകയാണ്. അത് തിരഞ്ഞെടുപ്പിൽ പ്രതിഫലിക്കുന്ന തരത്തിലേക്ക് വളർന്നിട്ടുണ്ടോ എന്നറിയാൻ ഫലം വരുന്നതു വരെ കാത്തിരിക്കേണ്ടി വരും.

English Summary:

Can the Rift Between the Muslim League and Samastha Impact the Lok Sabha Election Results in the Malappuram and Ponnani constituencies?