‘എന്റെ കുട്ടി ഏതോ നാട്ടിലെ ജയിലിൽ കിടക്കുമ്പോൾ ഞാനെങ്ങനെ സന്തോഷിക്കും; ഉമ്മാന്ന് വിളിച്ച് അവർ വരുമ്പോൾ നെഞ്ചു പൊട്ടും’
‘എന്റെ മകന് മാപ്പു നല്‍കൂ’ എന്ന ഒരമ്മയുടെ പ്രാര്‍ഥന, നഷ്ടപ്പെട്ട മകനെയോര്‍ത്ത് ഉരുകുന്ന മറ്റൊരമ്മയുടെ മനസ്സിനെ തൊടാനെടുത്തത് നീണ്ട പതിനെട്ട് വര്‍ഷങ്ങളാണ്. കടലും മരുഭൂമിയും താണ്ടി അവരുടെ കണ്ണുനീര്‍ തന്റെ മകന്‍ മനസ്സറിയാതെ ചെയ്തുപോയ അപരാധത്തിന് മാപ്പിരന്ന് അത്രയും നാള്‍ കാത്തിരുന്നു. മരണമുറപ്പിച്ച് 18 കൊല്ലം തടവറയില്‍ ജീവിച്ച്, ഒടുവില്‍ നല്ല കുറേ മനുഷ്യരുടെ ഒരുമയില്‍ ജീവന്‍ തിരിച്ചുനേടിയ അബ്ദുല്‍റഹീമിന്റെ കഥ ഒന്നര വ്യാഴവട്ടക്കാലത്തെ ഒരു മാതാവിന്റെ കാത്തിരിപ്പിന്റേതു കൂടിയാണ്. പെറ്റുമ്മയും മകനും തമ്മില്‍ കാണാതൊടുങ്ങുമെന്ന് ചിന്തിച്ച് തടവറയില്‍ മകനും കാതങ്ങള്‍ക്കിപ്പുറം പ്രാര്‍ഥനകളുമായി ആ ഉമ്മയും കരഞ്ഞുകരഞ്ഞുറങ്ങിപ്പോയ എത്രയെത്ര ദിവസങ്ങളുണ്ടായിട്ടുണ്ടാകണം. ഒടുവില്‍ അദ്ഭുതംപോലെ ആ മകന് തിരിച്ചുവരവിനുള്ള വഴിയൊരുങ്ങുകയാണ്. ദയാധനം വാങ്ങി റഹീമിന് മാപ്പു നൽകാമെന്ന് സൗദിയിലെ ഒരു കുടുംബം കോടതിയെ അറിയിച്ചിരിക്കുന്നു. ഇനി ഏതു നിമിഷവും റഹീമിന്റെ മോചനം സാധ്യമാകും. കേരളത്തിന്റെ, തന്നെ സ്നേഹിച്ചവരുടെ, സഹായിച്ചവരുടെ അരികിലേക്കാണ് റഹീം വരുന്നത്. ഒപ്പം ഇക്കാലമത്രയും കാത്തുകാത്തിരുന്ന ഉമ്മയുടെ മടിയിലെ സ്നേഹച്ചൂടിലേക്കും... എങ്ങനെയാണ് ഇക്കാലമത്രയും മകനെ ഓർത്ത് ആ ഉമ്മ തന്റെ ജീവിതം തള്ളിനീക്കിയത്? അവനോടൊന്നു സംസാരിച്ചിട്ടുതന്നെ എത്രയോ കാലമായിരിക്കുന്നു! റഹീമിനൊപ്പം തടവിലാക്കപ്പെട്ടതാണ് ഉമ്മയുടെ സന്തോഷവും. ഒടുവിൽ ആ തടവു തുറന്ന് സന്തോഷം പുറത്തിറങ്ങുകയാണ്. ഉമ്മയ്ക്ക് പറയാനുണ്ട് ഒരുപാട്. ആ കഥ മനോരമ ഓണ്‍ലൈൻ പ്രീമിയത്തിൽ പങ്കുവയ്ക്കുകയാണ് ഫാത്തിമയെന്ന എഴുപത്തിയഞ്ചുകാരി.

‘എന്റെ മകന് മാപ്പു നല്‍കൂ’ എന്ന ഒരമ്മയുടെ പ്രാര്‍ഥന, നഷ്ടപ്പെട്ട മകനെയോര്‍ത്ത് ഉരുകുന്ന മറ്റൊരമ്മയുടെ മനസ്സിനെ തൊടാനെടുത്തത് നീണ്ട പതിനെട്ട് വര്‍ഷങ്ങളാണ്. കടലും മരുഭൂമിയും താണ്ടി അവരുടെ കണ്ണുനീര്‍ തന്റെ മകന്‍ മനസ്സറിയാതെ ചെയ്തുപോയ അപരാധത്തിന് മാപ്പിരന്ന് അത്രയും നാള്‍ കാത്തിരുന്നു. മരണമുറപ്പിച്ച് 18 കൊല്ലം തടവറയില്‍ ജീവിച്ച്, ഒടുവില്‍ നല്ല കുറേ മനുഷ്യരുടെ ഒരുമയില്‍ ജീവന്‍ തിരിച്ചുനേടിയ അബ്ദുല്‍റഹീമിന്റെ കഥ ഒന്നര വ്യാഴവട്ടക്കാലത്തെ ഒരു മാതാവിന്റെ കാത്തിരിപ്പിന്റേതു കൂടിയാണ്. പെറ്റുമ്മയും മകനും തമ്മില്‍ കാണാതൊടുങ്ങുമെന്ന് ചിന്തിച്ച് തടവറയില്‍ മകനും കാതങ്ങള്‍ക്കിപ്പുറം പ്രാര്‍ഥനകളുമായി ആ ഉമ്മയും കരഞ്ഞുകരഞ്ഞുറങ്ങിപ്പോയ എത്രയെത്ര ദിവസങ്ങളുണ്ടായിട്ടുണ്ടാകണം. ഒടുവില്‍ അദ്ഭുതംപോലെ ആ മകന് തിരിച്ചുവരവിനുള്ള വഴിയൊരുങ്ങുകയാണ്.
ദയാധനം വാങ്ങി റഹീമിന് മാപ്പു നൽകാമെന്ന് സൗദിയിലെ ഒരു കുടുംബം കോടതിയെ അറിയിച്ചിരിക്കുന്നു. ഇനി ഏതു നിമിഷവും റഹീമിന്റെ മോചനം സാധ്യമാകും. കേരളത്തിന്റെ, തന്നെ സ്നേഹിച്ചവരുടെ, സഹായിച്ചവരുടെ അരികിലേക്കാണ് റഹീം വരുന്നത്. ഒപ്പം ഇക്കാലമത്രയും കാത്തുകാത്തിരുന്ന ഉമ്മയുടെ മടിയിലെ സ്നേഹച്ചൂടിലേക്കും... എങ്ങനെയാണ് ഇക്കാലമത്രയും മകനെ ഓർത്ത് ആ ഉമ്മ തന്റെ ജീവിതം തള്ളിനീക്കിയത്? അവനോടൊന്നു സംസാരിച്ചിട്ടുതന്നെ എത്രയോ കാലമായിരിക്കുന്നു! റഹീമിനൊപ്പം തടവിലാക്കപ്പെട്ടതാണ് ഉമ്മയുടെ സന്തോഷവും. ഒടുവിൽ ആ തടവു തുറന്ന് സന്തോഷം പുറത്തിറങ്ങുകയാണ്. ഉമ്മയ്ക്ക് പറയാനുണ്ട് ഒരുപാട്. ആ കഥ മനോരമ ഓണ്‍ലൈൻ പ്രീമിയത്തിൽ പങ്കുവയ്ക്കുകയാണ് ഫാത്തിമയെന്ന എഴുപത്തിയഞ്ചുകാരി.
∙ എല്ലാ സന്തോഷവും അവസാനിപ്പിച്ച യാത്ര
പതിനെട്ട് കൊല്ലം മുൻപ് പെരുന്നാളു കഴിഞ്ഞൊരു ദിവസമാണ് റഹീം സൗദിയിലേക്ക് പോകുന്നത്. കരിപ്പൂര്‍ വിമാനത്താവളത്തില്‍ നിന്നായിരുന്നു യാത്ര. പോകുന്നതിന് മുൻപത്തെ ദിവസങ്ങളിലെല്ലാം വീട്ടുകാരും കൂട്ടുകാരുമായി വലിയ ആഘോഷങ്ങള്‍. രണ്ടു കൊല്ലം സൗദിയിൽ നിന്നശേഷം തിരിച്ചുപോരാമെന്ന് പറഞ്ഞാണ് പോയത്. കുറേനാള്‍ ഓട്ടോറിക്ഷ ഓടിച്ചതിനുശേഷം അടുത്തുള്ള യത്തീംഖാനയില്‍ ബസ് ഡ്രൈവറായി ജോലി ചെയ്തുകൊണ്ടിരിക്കുമ്പോഴാണ് ഒരു പരിചയക്കാരന്‍ സൗദിയില്‍ ഡ്രൈവര്‍ ജോലിക്ക് വീസ നല്‍കാമെന്ന് പറയുന്നത്. വയ്യാത്ത കുട്ടിയെക്കൂടി നോക്കണമെന്ന കാര്യമൊന്നും അപ്പോള്‍ പറഞ്ഞിട്ടില്ല. അവിടെച്ചെന്നപ്പോഴാണ് ഇതെല്ലാം അറിഞ്ഞത്.
വേറെ ജോലി തരപ്പെടുന്നതുവരെ അവിടെ നില്‍ക്കാമെന്ന് അവനും ഞങ്ങളും കരുതി. പക്ഷേ അവിടെയെത്തി ഇരുപത്തിയെട്ടാമത്തെ ദിവസം എല്ലാ സന്തോഷവും അവസാനിച്ചു. ആദ്യ മാസത്തെ ശമ്പളം കൂടി വാങ്ങിയിട്ടുണ്ടായിരുന്നില്ല. ഫോണും വാങ്ങാന്‍ പറ്റിയിരുന്നില്ല. വേറെ ആരുടെയെങ്കിലും ഫോണില്‍നിന്നാണ് അതുവരെ വിളിച്ചുകൊണ്ടിരുന്നത്. കൊലക്കുറ്റത്തിന് അവനെ ജയിലിലാക്കിയെന്ന കാര്യം അവന്റെ ഉപ്പയും സഹോദരങ്ങളും അറിഞ്ഞെങ്കിലും ആരും എന്നോട് പറഞ്ഞില്ല. കുറേ ദിവസം കഴിഞ്ഞിട്ടാണ് ആരോ എന്നോട് പറയുന്നത്. അന്നുമുതല്‍ തുടങ്ങിയതാണ് കരഞ്ഞുകരഞ്ഞിങ്ങനെ... എന്നെങ്കിലും എന്റെ കുട്ടി വരുമെന്ന് കാത്ത്.
∙ തുണയായി പ്രാര്‍ഥന മാത്രം
റഹീമിന്റെ ഉപ്പയ്ക്ക് വലിയ സങ്കടമായിരുന്നു. 80 കഴിഞ്ഞ മനുഷ്യനാണ്. പ്രഷറും ഷുഗറുമെല്ലാം ഉണ്ടായിരുന്നു. അതിന്റെ കൂടെ മകനെക്കുറിച്ചുള്ള ആധിയും. അധികകാലമൊന്നും അദ്ദേഹത്തിന് സങ്കടം താങ്ങേണ്ടി വന്നില്ല. ആറുമാസം കഴിഞ്ഞപ്പോ ഉപ്പ പോയി. പിന്നെ വല്ലാതെ ഒറ്റപ്പെട്ടപോലെയായി. അതുവരെ എനിക്കവരോട് സങ്കടം പറയാമായിരുന്നു. പിന്നെ ആരോട് പറയും എന്റെ സങ്കടം? എന്റെ ഉപ്പയും ഉമ്മയുമൊന്നുമില്ലല്ലോ. പ്രാര്‍ഥന മാത്രമായിരുന്നു തുണ. അവനെ കൊല്ലാന്‍ വിധിച്ചുവെന്നറിഞ്ഞ ദിവസം മുതല്‍ ഇന്നുവരെ ഒരാഘോഷവും എന്റെ ജീവിതത്തിലുണ്ടായിട്ടില്ല. പേരക്കുട്ടികളുടെ കല്യാണങ്ങള്‍ക്ക് പോലും പോയില്ല.
ഉമ്മാമ കൂടെയുണ്ടാവണമെന്ന് അവരെല്ലാം ആഗ്രഹിച്ചിട്ടുണ്ടാകുമെങ്കിലും അതിനെനിക്ക് കഴിയുമായിരുന്നില്ല. എന്റെ കുട്ടി ഏതോ നാട്ടിലെ ജയിലില്‍ കിടക്കുമ്പോ ഞാനെങ്ങനെ മനസ്സറിഞ്ഞ് സന്തോഷിക്കും. പേരക്കുട്ടികളിൽ പലരുടെയും വിവാഹം കഴിഞ്ഞ് കുട്ടികളുമായി. അവരെല്ലാം മക്കളെയും കൊണ്ട് പടികയറി വരുമ്പോ എന്റെ നെഞ്ച് പിടയും. അവന് മാത്രം ഒരു ജീവിതമില്ലാതായല്ലോ പടച്ചോനേയെന്ന്. ആകപ്പാടെ പുറത്തിറങ്ങിയത് ആരുടെയെങ്കിലുമൊക്കെ മരണത്തിന് മാത്രമായിരുന്നു. ഇനി അവരെ കാണാനാവില്ലല്ലോ എന്നുള്ളത് കൊണ്ടുമാത്രം അവിടെ വരെ പോകും. മരണത്തിന് ശേഷമുള്ള ചടങ്ങുകള്‍ക്കൊന്നും നില്‍ക്കില്ല.
∙ സൗദിയിലെത്തിയിട്ടും മകനെ കാണാതെ മടങ്ങി
ഇതിനിടെ ഒരുപാട് തവണ ആരൊക്കെയോ, മരിച്ചുപോയ കുട്ടിയുടെ കുടുംബവുമായി സംസാരിക്കാന്‍ ശ്രമിക്കുന്നുവെന്ന് പറഞ്ഞുകേട്ടു. ഇത്ര രൂപ കൊടുത്താല്‍ വിടും എന്നൊക്കെ പറയും. എങ്ങനെയെങ്കിലും പൈസയുണ്ടാക്കിക്കൊടുത്താൽ അവനെ വിടുമല്ലോയെന്ന് സമാധാനിച്ച് തുടങ്ങുമ്പോഴാകും പറയുക വീട്ടുകാർ സമ്മതിച്ചിട്ടില്ലെന്ന്. വീണ്ടും പ്രതീക്ഷയറ്റങ്ങനെ നിൽക്കും. ഇത്ര നാളെടുത്തു അവർക്ക് മനംമാറ്റമുണ്ടാകാൻ. ഇതാകും അവന്റെ വിധി. ഇത്രയും നാള്‍ എന്റെ കുട്ടി ഒറ്റപ്പെട്ട് ജീവിക്കണമെന്നുണ്ടാകും.
അവനെ കാണാന്‍ വേണ്ടി മാത്രം ഉംറയ്ക്ക് പോയിട്ടുണ്ട് ഞാന്‍. അവിടെച്ചെന്നാല്‍ അവനെ കാണാൻ പറ്റുമെന്ന് ആരോ പറഞ്ഞത് മനസ്സിൽ കയറി. ഹജ്ജിന് പോകാന്‍ കൂട്ടിവച്ചിരുന്ന കാശെടുത്ത് ഉംറയ്ക്ക് പോകണമെന്ന് നിർബന്ധം പറഞ്ഞു മക്കളോട്. അവനെയൊന്ന് കണ്ടാല്‍ മതിയായിരുന്നു. നാട്ടില്‍നിന്ന് രണ്ടുപേര്‍ക്കൊപ്പമാണ് പോയത്. ഉംറയ്ക്ക്ശേഷം അവരോട് പറഞ്ഞു ജയിലില്‍ച്ചെന്ന് റഹീമിനെ കാണണമെന്ന്. അങ്ങനെ ഓടിച്ചെന്നാലൊന്നും കാണാന്‍ പറ്റില്ലെന്ന് കൂടെയുണ്ടായിരുന്നവര്‍ പറഞ്ഞിട്ടും കണ്ടേ മതിയാകൂവെന്നായിരുന്നു ഞാന്‍. അവനെ കണ്ടാല്‍ ഞാന്‍ വിടില്ലെന്നും പിന്നെ ഞങ്ങളെല്ലാവരും ജയിലിലാകും എന്നെല്ലാം പറഞ്ഞാണ് അവരെന്നെ തിരിച്ചുകൊണ്ടുവന്നത്.
ആ നാട്ടിലെത്തിയിട്ടും അവനെ കാണാതെ തിരിച്ചുപോന്ന ആ ദിവസം ഞാനില്ലാതായിപ്പോയെങ്കിലെന്ന് പ്രാര്‍ഥിച്ച് കരഞ്ഞിട്ടുണ്ട്. പക്ഷേ ആയുസ്സ് തീരാതെ തിരിച്ചുപോകാനാവില്ലല്ലോ. അവന്‍ തിരിച്ചുവരുമെന്നുള്ളതു കൊണ്ടാവണം ആ പ്രാര്‍ഥന ദൈവം കേള്‍ക്കാത്തത്. ജയിലില്‍നിന്ന് പലതവണ കൂടെയുള്ളവര്‍ കൊടുക്കുന്ന ഫോണില്‍നിന്ന് അവന്‍ രഹസ്യമായി വീട്ടിലേക്കും കൂട്ടുകാരെയും ഒക്കെ വിളിക്കാറുണ്ടായിരുന്നെങ്കിലും ഞാന്‍ ഒരിക്കലും സംസാരിച്ചില്ല. ‘ഉമ്മച്ചീ അസ്സലാമു അലൈക്കും’ എന്ന് അവന്‍ പറയുമ്പോഴേക്കും ഞാന്‍ കരഞ്ഞുപോകും. എന്തെങ്കിലും പറയുമ്മായെന്ന് അവന്‍ ഇങ്ങോട്ട് പറഞ്ഞാലും എനിക്ക് പറ്റില്ല.
ഇത്രനാളിനിടെ ഫോണില്‍ ഞങ്ങളൊന്നും സംസാരിച്ചിട്ടില്ല. അവനീ പടി കയറിവന്ന് എന്റെ മുന്നിൽ നിൽക്കുമ്പോഴല്ലാതെ അവനെയെനിക്ക് കാണാനോ സംസാരിക്കാനോ പറ്റില്ല. ഒപ്പം ഓട്ടോ ഓടിച്ചിരുന്നവരായിരുന്നു അവന്റെ ഏറ്റവും അടുത്ത കൂട്ടുകാർ. അവരെല്ലാം ഇപ്പോഴും വീട്ടിലേക്ക് വരും. ഉമ്മാന്ന് വിളിച്ച് അവരൊക്കെ കയറി വരുമ്പോ നെഞ്ച് പൊട്ടും. അവരുടെ കൂടെ കളിച്ചു നടന്നതല്ലേ എന്റെ കുട്ടിയും എന്നെല്ലാം ഓര്‍മിച്ച് കരച്ചില്‍ വരും. അവര്‍ക്കൊക്കെ കല്യാണം കഴിഞ്ഞ് കുട്ടികളും കുടുംബവുമെല്ലാം ആയി. എന്റെ കുഞ്ഞിന്റെ വിധി ഇതായല്ലോയെന്ന് തോന്നും.
∙ ഇനി അവനെയൊന്ന് കണ്ടാല്‍ മതി
വലിയ സമ്പന്നരൊന്നുമല്ലായിരുന്നെങ്കിലും പട്ടിണിയറിയാതെയാണ് മക്കളെ വളര്‍ത്തിയത്. ആരു ചോദിച്ചാലും കയ്യിലുള്ളത് കൊടുക്കണം. ആരോടും കൈനീട്ടി വാങ്ങാനിട വരരുത് എന്ന് റഹീമിന്റെ ഉപ്പ എപ്പോഴും പറയുമായിരുന്നു. റൈറ്റർ ജോലിയായിരുന്നു ആൾക്ക്. സീനത്ത് മൻസിൽ എന്ന പഴയ വീട്ടിൽ ഇപ്പോ ആരും താമസിക്കുന്നില്ല. അതിന് തൊട്ടടുത്തായി മകൻ നസീറുണ്ടാക്കിയ വീട്ടിലാണ് ഞാൻ നിൽക്കുന്നത്. ഈയടുത്ത് അടിച്ചുവാരാൻ പഴയവീട്ടിലേക്ക് പോയപ്പോഴാണ് അവിടെ റഹീം സഹായനിധിയെന്ന് എഴുതിവച്ചിരിക്കുന്ന ബോർഡ് കണ്ടത്. അപ്പോഴുണ്ടായ സങ്കടമെത്രയെന്ന് പറയാൻ പറ്റുന്നില്ല. ഇതായിപ്പോയല്ലോ എന്റെ മകന്റെ വിധിയെന്ന് വല്ലാതെ മനസ്സ് നൊന്തു. തലചുറ്റി താഴേക്ക് വീഴുംപോലെ തോന്നി.
മക്കളാരോ പിന്നില്‍നിന്ന് പിടിച്ചതുകൊണ്ട് വീണ് തലപൊട്ടിയില്ല. എന്നാലും നമ്മളെ കണ്ടിട്ടുപോലും അറിയാത്ത കുറേപ്പേര്‍ അവനുവേണ്ടി നിന്നല്ലോയെന്ന് ഓര്‍ക്കുമ്പോള്‍ എല്ലാ സങ്കടവും ഇല്ലാതാകുന്നു. 34 കോടി കൊടുത്താല്‍ അവനെ വെറുതെവിടുമെന്ന് ഈയടുത്താണ് അന്ന് മരിച്ച കുട്ടിയുടെ വീട്ടുകാര്‍ സമ്മതിച്ചത്. അന്നുമുതല്‍ നോമ്പു നോല്‍ക്കുകയായിരുന്നു ഞാന്‍. പെരുന്നാള്‍ കഴിഞ്ഞിട്ടും നോമ്പ് തുടര്‍ന്നു. ആരോഗ്യം മോശമായതോടെ രണ്ടു ദിവസമായി നോമ്പെടുക്കുന്നില്ല. അതൊന്ന് ശരിയായാല്‍ വീണ്ടും നോമ്പെടുക്കണം. അവന്‍ എന്റെ അടുത്തെത്തിയാല്‍ മാത്രമേ പ്രാര്‍ഥന പൂര്‍ണമാകൂ.
വീട്ടിലായിരിക്കുമ്പോള്‍ എന്തുണ്ടാക്കിയാലും ഓരോ കുറ്റം പറയുന്നവനായിരുന്നു. അത് പറ്റില്ല ഇത് പറ്റില്ല എന്നൊക്കെ. ഇപ്പോ ഇത്രയും കാലമായി ജയിലിലെ ആഹാരം കഴിച്ച് കഴിയുന്നു. വരുമ്പോ അവനിഷ്ടമുള്ളതെല്ലാം ഉണ്ടാക്കിക്കൊടുക്കണം. ഭക്ഷണം കഴിക്കുന്നതിനേക്കാൾ കൂടുതൽ ഉണ്ടാക്കാനും കഴിപ്പിക്കാനുമായിരുന്നു അവനിഷ്ടം. നല്ല രുചിയുള്ള ഭക്ഷണമൊക്കെ ഉഷാറായി ഉണ്ടാക്കും. ഉപ്പയെപ്പോലെ കഷണ്ടിയൊക്കെ ആയെന്ന് പറയുന്നു ഫോണില്‍ കണ്ടവര്‍. മുടിയൊക്കെ പോട്ടെ. അവനെയൊന്ന് കണ്ടാല്‍ മതി.-ഫാത്തിമയുമ്മ പറഞ്ഞുനിർത്തി. അവരുടെ കുഴിഞ്ഞ കണ്ണുകളിലേക്ക് പെയ്തൊഴിഞ്ഞ പെരുമഴക്കാലം ബാക്കിവെച്ച നനവൂറി വന്നു. ഇറങ്ങാന്‍ തുടങ്ങുമ്പോള്‍ മറ്റൊന്നു കൂടി പറഞ്ഞു അവര്‍. ‘റഹീമും ഞങ്ങളും നിങ്ങളുടെയെല്ലാം പ്രാര്‍ഥനയിലുണ്ടാകണം; അവന്‍ പെട്ടെന്ന് തിരിച്ചെത്താൻ... ഞാന്‍ മരിക്കുമ്പോ എന്റെ മക്കളെല്ലാവരും ചുറ്റിലും വേണം. മക്കള് പോയിക്കഴിഞ്ഞ് തള്ളാര് ജീവിച്ചിട്ടെന്തിനാ...’