പഴങ്കഞ്ഞിയും പണിയാകാം
Mail This Article
മലയാളിയുടെ ഗൃഹാതുരത്വത്തിൽ അലിഞ്ഞുചേർന്നതാണ് പഴങ്കഞ്ഞി. മാമ്പഴം പിഴിഞ്ഞൊഴിച്ച പഴങ്കഞ്ഞി കാന്താരിമുളക് ഉടച്ച് കഴിക്കുന്നത് അച്ഛന്റെ ഇഷ്ടങ്ങളിലൊന്നായിരുന്നു. അച്ഛന്റെ അഭിപ്രായത്തിൽ അത്ര രുചി വേറെ ഒന്നിനുമില്ല. എന്നാൽ, നമ്മൾ കേട്ട പല ഗുണങ്ങളും പഴങ്കഞ്ഞിക്കില്ലെന്നു മാത്രമല്ല, ചിലപ്പോൾ ഭക്ഷ്യവിഷബാധ വരുത്താനും സാധ്യതയുണ്ട്. ഹോട്ടലുകളിൽ വൃത്തിഹീനമായ സാഹചര്യങ്ങളിൽ ഉണ്ടാക്കുന്ന തണുത്ത ഭക്ഷണത്തിലൂടെ ഉണ്ടാകാവുന്ന പ്രശ്നങ്ങൾ വേറെ. ∙ പഴക്കം അത്ര നല്ലതല്ല മിക്കവാറും എല്ലാത്തരം അരിയിലും ബാസിലസ് സെറിയസ് (Bacillus cereus) എന്ന ബാക്ടീരിയയുടെ സ്‌പോറുകൾ (ബീജകോശങ്ങൾ) ഉണ്ടാകും. ഈ ബാക്ടീരിയ ഉൽപാദിപ്പിക്കുന്ന വിഷാംശമാണു ഭക്ഷ്യവിഷബാധയുണ്ടാക്കുന്നത്. ചോറിലും പഴങ്കഞ്ഞിയിലും ഫ്രൈഡ് റൈസിലും ഈ ബാക്ടീരിയ മൂലം ഭക്ഷ്യവിഷബാധയുണ്ടായതു റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ചോറിൽ മാത്രമല്ല പാസ്തയിലും ഗോതമ്പിലും പാലിലും ചീസിലും ഇറച്ചിയിലുമൊക്കെ ഇവ കണ്ടേക്കാം. ബൽജിയത്തിന്റെ തലസ്ഥാനമായ ബ്രസൽസിൽ പാസ്തയിലെ ബാസിലസ് സെറിയസ് ബാക്ടീരിയ മൂലം ഇരുപതുകാരൻ മരിച്ച വിവരം 2011ൽ ജേണൽ ഓഫ് ക്ലിനിക്കൽ മൈക്രോബയോളജി പ്രസിദ്ധീകരിച്ചിട്ടുണ്ട്.