നിർണായക ഘട്ടത്തിലേക്കു കടക്കുകയാണ് റഷ്യ - യുക്രെയ്ൻ യുദ്ധം. രണ്ടു വർഷമായി തുടരുന്ന യുദ്ധത്തിന്റെ രൂപവും ഭാവവും മാറുന്നു. സമാധാന ചർച്ചകളുടെ സാധ്യതകളെല്ലാം കാറ്റിൽപറത്തി യുക്രെയ്നിലേക്കു വീണ്ടും അമേരിക്കയുടെയും നാറ്റോയുടെയും ആയുധ സൈനിക സഹായ പ്രവാഹത്തിനും തുടക്കമായി. എന്നാൽ അവ്ദിവ്കയുടെ പതനത്തിനു പിന്നാലെ യുദ്ധഭൂമിയിൽ മതിയായ ആയുധങ്ങളും സൈനികരുമില്ലാതെ യുക്രെയ്ൻ തുടർച്ചയായി തിരിച്ചടികൾ നേരിട്ടുകൊണ്ടിരിക്കുകയാണ്. മേയ് അവസാനത്തോടെയോ ജൂൺ ആദ്യവാരത്തോടെയോ റഷ്യൻ സേന അവരുടെ ‘സമ്മർ ഒഫൻസീവിന്റെ’ ഭാഗമായി സമ്പൂർണ ആക്രമണം അഴിച്ചുവിട്ടേക്കുമെന്ന ആശങ്കയിൽ ഖാർകീവിൽനിന്നും ഒഡേസയിൽനിന്നും വൻതോതിൽ സാധാരണ ജനങ്ങൾ ഒഴിഞ്ഞുപോകുന്നു. റഷ്യയുടെ മുന്നേറ്റം തടയാൻ യുദ്ധമുന്നണിയിൽനിന്ന് ഏറെ പിന്നിലായി പ്രതിരോധ നിരയൊരുക്കാനുള്ള കഠിന ശ്രമത്തിലാണ് യുക്രെയ്ൻ. യുക്രെയ്ൻ പ്രതിരോധം തകർന്നാൽ തലസ്ഥാനമായ കീവിന്റെയും കിഴക്കൻ യുക്രെയ്നിൽ അവശേഷിക്കുന്ന ഏക തുറമുഖ നഗരമായ ഒഡേസയുടെയും സുരക്ഷ ഏറ്റെടുക്കാൻ ഫ്രാൻസിന്റെ നേതൃത്വത്തിൽ നാറ്റോ രാജ്യങ്ങൾ ഒരുക്കവും തുടങ്ങി. യുദ്ധം കൂടുതൽ കടുത്തതോടെ സ്വർണ- ക്രൂഡ് ഓയിൽ വിലകൾ ഉയർന്നു തുടങ്ങിയത് ആഗോള സമ്പദ്‌വ്യവസ്ഥയെയും പ്രതികൂലമായി ബാധിക്കാൻ തുടങ്ങി. അമേരിക്കൻ സെനറ്റ് അംഗീകരിച്ച 6100 കോടി ഡോളറിന്റെ സാമ്പത്തിക സഹായ സൈനിക പാക്കേജിന്റെ ഭാഗമായി ദീർഘദൂര മിസൈലുകളും എഫ് 16 യുദ്ധവിമാനങ്ങളും യുക്രെയ്നിന്റെ ആയുധപ്പുരകളിലേക്കും എത്തുന്നു. പ്രതിരോധത്തിനൊപ്പം ദീർഘദൂര മിസൈലുകളുപയോഗിച്ച്, റഷ്യയുടെ അധീനതയിലുള്ള ക്രൈമിയയ്ക്കു നേർക്ക് ആക്രമണം തുടങ്ങാനും യുക്രെയ്ൻ പദ്ധതിയിടുന്നു. യുക്രെയ്നിലെ യുദ്ധഭൂമിയിലും പുറത്തും എന്താണ് സംഭവിക്കുന്നത്? വിശദമായി പരിശോധിക്കാം.

നിർണായക ഘട്ടത്തിലേക്കു കടക്കുകയാണ് റഷ്യ - യുക്രെയ്ൻ യുദ്ധം. രണ്ടു വർഷമായി തുടരുന്ന യുദ്ധത്തിന്റെ രൂപവും ഭാവവും മാറുന്നു. സമാധാന ചർച്ചകളുടെ സാധ്യതകളെല്ലാം കാറ്റിൽപറത്തി യുക്രെയ്നിലേക്കു വീണ്ടും അമേരിക്കയുടെയും നാറ്റോയുടെയും ആയുധ സൈനിക സഹായ പ്രവാഹത്തിനും തുടക്കമായി. എന്നാൽ അവ്ദിവ്കയുടെ പതനത്തിനു പിന്നാലെ യുദ്ധഭൂമിയിൽ മതിയായ ആയുധങ്ങളും സൈനികരുമില്ലാതെ യുക്രെയ്ൻ തുടർച്ചയായി തിരിച്ചടികൾ നേരിട്ടുകൊണ്ടിരിക്കുകയാണ്. മേയ് അവസാനത്തോടെയോ ജൂൺ ആദ്യവാരത്തോടെയോ റഷ്യൻ സേന അവരുടെ ‘സമ്മർ ഒഫൻസീവിന്റെ’ ഭാഗമായി സമ്പൂർണ ആക്രമണം അഴിച്ചുവിട്ടേക്കുമെന്ന ആശങ്കയിൽ ഖാർകീവിൽനിന്നും ഒഡേസയിൽനിന്നും വൻതോതിൽ സാധാരണ ജനങ്ങൾ ഒഴിഞ്ഞുപോകുന്നു. റഷ്യയുടെ മുന്നേറ്റം തടയാൻ യുദ്ധമുന്നണിയിൽനിന്ന് ഏറെ പിന്നിലായി പ്രതിരോധ നിരയൊരുക്കാനുള്ള കഠിന ശ്രമത്തിലാണ് യുക്രെയ്ൻ. യുക്രെയ്ൻ പ്രതിരോധം തകർന്നാൽ തലസ്ഥാനമായ കീവിന്റെയും കിഴക്കൻ യുക്രെയ്നിൽ അവശേഷിക്കുന്ന ഏക തുറമുഖ നഗരമായ ഒഡേസയുടെയും സുരക്ഷ ഏറ്റെടുക്കാൻ ഫ്രാൻസിന്റെ നേതൃത്വത്തിൽ നാറ്റോ രാജ്യങ്ങൾ ഒരുക്കവും തുടങ്ങി. യുദ്ധം കൂടുതൽ കടുത്തതോടെ സ്വർണ- ക്രൂഡ് ഓയിൽ വിലകൾ ഉയർന്നു തുടങ്ങിയത് ആഗോള സമ്പദ്‌വ്യവസ്ഥയെയും പ്രതികൂലമായി ബാധിക്കാൻ തുടങ്ങി. അമേരിക്കൻ സെനറ്റ് അംഗീകരിച്ച 6100 കോടി ഡോളറിന്റെ സാമ്പത്തിക സഹായ സൈനിക പാക്കേജിന്റെ ഭാഗമായി ദീർഘദൂര മിസൈലുകളും എഫ് 16 യുദ്ധവിമാനങ്ങളും യുക്രെയ്നിന്റെ ആയുധപ്പുരകളിലേക്കും എത്തുന്നു. പ്രതിരോധത്തിനൊപ്പം ദീർഘദൂര മിസൈലുകളുപയോഗിച്ച്, റഷ്യയുടെ അധീനതയിലുള്ള ക്രൈമിയയ്ക്കു നേർക്ക് ആക്രമണം തുടങ്ങാനും യുക്രെയ്ൻ പദ്ധതിയിടുന്നു. യുക്രെയ്നിലെ യുദ്ധഭൂമിയിലും പുറത്തും എന്താണ് സംഭവിക്കുന്നത്? വിശദമായി പരിശോധിക്കാം.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

നിർണായക ഘട്ടത്തിലേക്കു കടക്കുകയാണ് റഷ്യ - യുക്രെയ്ൻ യുദ്ധം. രണ്ടു വർഷമായി തുടരുന്ന യുദ്ധത്തിന്റെ രൂപവും ഭാവവും മാറുന്നു. സമാധാന ചർച്ചകളുടെ സാധ്യതകളെല്ലാം കാറ്റിൽപറത്തി യുക്രെയ്നിലേക്കു വീണ്ടും അമേരിക്കയുടെയും നാറ്റോയുടെയും ആയുധ സൈനിക സഹായ പ്രവാഹത്തിനും തുടക്കമായി. എന്നാൽ അവ്ദിവ്കയുടെ പതനത്തിനു പിന്നാലെ യുദ്ധഭൂമിയിൽ മതിയായ ആയുധങ്ങളും സൈനികരുമില്ലാതെ യുക്രെയ്ൻ തുടർച്ചയായി തിരിച്ചടികൾ നേരിട്ടുകൊണ്ടിരിക്കുകയാണ്. മേയ് അവസാനത്തോടെയോ ജൂൺ ആദ്യവാരത്തോടെയോ റഷ്യൻ സേന അവരുടെ ‘സമ്മർ ഒഫൻസീവിന്റെ’ ഭാഗമായി സമ്പൂർണ ആക്രമണം അഴിച്ചുവിട്ടേക്കുമെന്ന ആശങ്കയിൽ ഖാർകീവിൽനിന്നും ഒഡേസയിൽനിന്നും വൻതോതിൽ സാധാരണ ജനങ്ങൾ ഒഴിഞ്ഞുപോകുന്നു. റഷ്യയുടെ മുന്നേറ്റം തടയാൻ യുദ്ധമുന്നണിയിൽനിന്ന് ഏറെ പിന്നിലായി പ്രതിരോധ നിരയൊരുക്കാനുള്ള കഠിന ശ്രമത്തിലാണ് യുക്രെയ്ൻ. യുക്രെയ്ൻ പ്രതിരോധം തകർന്നാൽ തലസ്ഥാനമായ കീവിന്റെയും കിഴക്കൻ യുക്രെയ്നിൽ അവശേഷിക്കുന്ന ഏക തുറമുഖ നഗരമായ ഒഡേസയുടെയും സുരക്ഷ ഏറ്റെടുക്കാൻ ഫ്രാൻസിന്റെ നേതൃത്വത്തിൽ നാറ്റോ രാജ്യങ്ങൾ ഒരുക്കവും തുടങ്ങി. യുദ്ധം കൂടുതൽ കടുത്തതോടെ സ്വർണ- ക്രൂഡ് ഓയിൽ വിലകൾ ഉയർന്നു തുടങ്ങിയത് ആഗോള സമ്പദ്‌വ്യവസ്ഥയെയും പ്രതികൂലമായി ബാധിക്കാൻ തുടങ്ങി. അമേരിക്കൻ സെനറ്റ് അംഗീകരിച്ച 6100 കോടി ഡോളറിന്റെ സാമ്പത്തിക സഹായ സൈനിക പാക്കേജിന്റെ ഭാഗമായി ദീർഘദൂര മിസൈലുകളും എഫ് 16 യുദ്ധവിമാനങ്ങളും യുക്രെയ്നിന്റെ ആയുധപ്പുരകളിലേക്കും എത്തുന്നു. പ്രതിരോധത്തിനൊപ്പം ദീർഘദൂര മിസൈലുകളുപയോഗിച്ച്, റഷ്യയുടെ അധീനതയിലുള്ള ക്രൈമിയയ്ക്കു നേർക്ക് ആക്രമണം തുടങ്ങാനും യുക്രെയ്ൻ പദ്ധതിയിടുന്നു. യുക്രെയ്നിലെ യുദ്ധഭൂമിയിലും പുറത്തും എന്താണ് സംഭവിക്കുന്നത്? വിശദമായി പരിശോധിക്കാം.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

നിർണായക ഘട്ടത്തിലേക്കു കടക്കുകയാണ് റഷ്യ - യുക്രെയ്ൻ യുദ്ധം. രണ്ടു വർഷമായി തുടരുന്ന യുദ്ധത്തിന്റെ രൂപവും ഭാവവും മാറുന്നു. സമാധാന ചർച്ചകളുടെ സാധ്യതകളെല്ലാം കാറ്റിൽപറത്തി യുക്രെയ്നിലേക്കു വീണ്ടും അമേരിക്കയുടെയും നാറ്റോയുടെയും ആയുധ സൈനിക സഹായ പ്രവാഹത്തിനും തുടക്കമായി. എന്നാൽ അവ്ദിവ്കയുടെ പതനത്തിനു പിന്നാലെ യുദ്ധഭൂമിയിൽ മതിയായ ആയുധങ്ങളും സൈനികരുമില്ലാതെ യുക്രെയ്ൻ തുടർച്ചയായി തിരിച്ചടികൾ നേരിട്ടുകൊണ്ടിരിക്കുകയാണ്. മേയ് അവസാനത്തോടെയോ ജൂൺ ആദ്യവാരത്തോടെയോ റഷ്യൻ സേന അവരുടെ ‘സമ്മർ ഒഫൻസീവിന്റെ’ ഭാഗമായി സമ്പൂർണ ആക്രമണം അഴിച്ചുവിട്ടേക്കുമെന്ന ആശങ്കയിൽ ഖാർകീവിൽനിന്നും ഒഡേസയിൽനിന്ന് വൻതോതിൽ സാധാരണ ജനങ്ങൾ ഒഴിഞ്ഞുപോകുന്നു. 

റഷ്യയുടെ മുന്നേറ്റം തടയാൻ യുദ്ധമുന്നണിയിൽനിന്ന് ഏറെ പിന്നിലായി പ്രതിരോധ നിരയൊരുക്കാനുള്ള കഠിന ശ്രമത്തിലാണ് യുക്രെയ്ൻ. യുക്രെയ്ൻ പ്രതിരോധം തകർന്നാൽ തലസ്ഥാനമായ കീവിന്റെയും കിഴക്കൻ യുക്രെയ്നിൽ അവശേഷിക്കുന്ന ഏക തുറമുഖ നഗരമായ ഒഡേസയുടെയും സുരക്ഷ ഏറ്റെടുക്കാൻ ഫ്രാൻസിന്റെ നേതൃത്വത്തിൽ നാറ്റോ രാജ്യങ്ങൾ ഒരുക്കവും തുടങ്ങി. യുദ്ധം കൂടുതൽ കടുത്തതോടെ സ്വർണ- ക്രൂഡ് ഓയിൽ വിലകൾ ഉയർന്നു തുടങ്ങിയത് ആഗോള സമ്പദ്‌വ്യവസ്ഥയെയും പ്രതികൂലമായി ബാധിക്കാൻ തുടങ്ങി.

ഗ്രാഫിക്‌സ്: AFP/ Manorama Online, ഡേറ്റ: ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ദ് സ്റ്റഡി ഓഫ് വാർ ആൻഡ് എഇഐസ് ക്രിറ്റിക്കൽ ത്രെറ്റ്സ് പ്രോജക്ട്
ADVERTISEMENT

അമേരിക്കൻ സെനറ്റ് അംഗീകരിച്ച 6100 കോടി ഡോളറിന്റെ സാമ്പത്തിക സഹായ സൈനിക പാക്കേജിന്റെ ഭാഗമായി ദീർഘദൂര മിസൈലുകളും എഫ് 16 യുദ്ധവിമാനങ്ങളും യുക്രെയ്നിന്റെ ആയുധപ്പുരകളിലേക്കും എത്തുന്നു. പ്രതിരോധത്തിനൊപ്പം ദീർഘദൂര മിസൈലുകളുപയോഗിച്ച്, റഷ്യയുടെ അധീനതയിലുള്ള ക്രൈമിയയ്ക്കു നേർക്ക് ആക്രമണം തുടങ്ങാനും യുക്രെയ്ൻ പദ്ധതിയിടുന്നു. യുക്രെയ്നിലെ യുദ്ധഭൂമിയിലും പുറത്തും എന്താണ് സംഭവിക്കുന്നത്? വിശദമായി പരിശോധിക്കാം.

∙ മഞ്ഞുകാലം ഉരുകിത്തീരുന്നു; യുദ്ധഭൂമിയിൽ ചോരപ്പുഴയൊഴുന്നു

ഭൂമിയിലെ ഉത്തരാർധ ഗോളത്തിൽ ആറുമാസം നീണ്ടുനിന്ന മഞ്ഞുകാലത്തിന് അന്ത്യമായിരിക്കുകയാണ്. ഒപ്പം യുക്രെയ്നിലെ യുദ്ധഭൂമികളും ചൂടുപിടിക്കുന്നു. യുക്രെയ്നിലെ പോരാട്ടഭൂമിയിൽ മഞ്ഞുരുകിയെങ്കിലും മണ്ണുറച്ചിട്ടില്ല. മേയ് പകുതിയിൽ വേനൽകാലം ശക്തമാകുന്നതോടെ മണ്ണുറച്ചു തുടങ്ങുകയും റഷ്യയുടെ ഗ്രേറ്റ് സമ്മർ ഒഫൻസീവ് ക്യാംപെയ്നിനു തുടക്കമാകുകയും ചെയ്യുമെന്നാണു പൊതുവേ കരുതപ്പെടുന്നത്. 2023ലെ വേനൽക്കാലത്ത് യുക്രെയ്ൻ ആക്രമിക്കുകയും റഷ്യ പ്രതിരോധിക്കുകയുമായിരുന്നു. എന്നാൽ ഇക്കുറി റഷ്യ ആക്രമിക്കാനും യുക്രെയ്ൻ പ്രതിരോധിക്കാനുമുള്ള ഒരുക്കത്തിലാണ്. 2024 ജനുവരി പകുതിയോടെ റഷ്യ തുടക്കമിട്ട വിന്റർ ഒഫൻസീവിൽ കടുത്ത പരാജയമാണ് യുക്രെയ്ൻ നേരിട്ടത്. യുക്രെയ്നിന്റെ പ്രതിരോധ നിരയിൽ ഏറ്റവും ശക്തമെന്നു വിലയിരുത്തപ്പെട്ടിരുന്ന അവ്ദിവ്ക എന്ന ചെറുവ്യാവസായിക നഗരം ഫെബ്രുവരി പകുതിയോടെ റഷ്യ പിടിച്ചെടുത്തിരുന്നു. 

യുക്രെയ്നിലെ പാടങ്ങളിലൊന്നിൽ പൊട്ടാതെ കിടക്കുന്ന റഷ്യയുടെ ഫാബ്–500 ഏരിയൽ ബോംബ്. അവ്‌ദിവ്കയുടെ സമീപത്തുനിന്നുള്ള കാഴ്ച (Photo by Anatolii STEPANOV / AFP)

ഇതിനു പിന്നാലെ റഷ്യയുടെ സൈനിക മുന്നേറ്റത്തിനു മുന്നിൽ യുക്രെയ്നിന്റെ പ്രതിരോധ നിരകൾ ഒന്നൊന്നായി തകർന്നു വീണുകൊണ്ടിരിക്കുകയാണ്. അവ്ദിവ്കയുടെ വടക്കുകിഴക്കൻ മേഖലയിലും ബാഖ്മുതിന്റെ പടിഞ്ഞാറൻ മേഖലയിലും യുക്രെയ്നിന്റെ ഒന്നാമത്തെയും രണ്ടാമത്തെയും പ്രതിരോധ നിരകൾ തകർത്തു റഷ്യൻ സേന വൻ മുന്നേറ്റം തുടരുകയാണ്. സൈനികമായി വളയപ്പെടുമെന്ന അവസ്ഥ വന്നതോടെ പലയിടത്തുനിന്നും യുക്രെയ്ൻ സൈനികർ തങ്ങളുടെ പോസ്റ്റുകൾ ഉപേക്ഷിച്ചു പിൻമാറുകയാണ്. ഇതു യുക്രെയ്നിന്റെ പ്രതിരോധത്തെ തീർത്തും ദുർബലമാക്കുന്നുണ്ട്. മൂന്നിടത്തു നിന്നു യുക്രെയ്ൻ സേന പിൻമാറിയതായി യുക്രെയ്നിയൻ സൈനിക മേധാവി ജനറൽ ഒലസ്കാണ്ടർ സിർക്സിതന്നെ സ്ഥിരീകരിച്ചു. 1000 കിലോമീറ്ററോളം വരുന്ന യുദ്ധമുന്നണിയിലുടനീളം റഷ്യ ആക്രമണം തുടരുകയാണെന്നും സിർക്സി പറയുന്നു.

ADVERTISEMENT

∙ മനോവീര്യം തകർന്ന് യുക്രെയ്ൻ; കുതിച്ചുയരുന്നു മരണനിരക്ക്

അവ്ദിവ്കയിൽ നിന്നുള്ള അപ്രതീക്ഷിത പിൻമാറ്റം യുക്രെയ്നിന്റെ പ്രതിരോധത്തെയും പോരാട്ടവീര്യത്തെയും പാടേ തകർത്തിരിക്കുകയാണ്. ആറുമാസമായി നിലച്ചിരുന്ന അമേരിക്കൻ സാമ്പത്തിക സൈനിക സഹായ പദ്ധതിക്ക് സെനറ്റിന്റെ അനുമതി ലഭിച്ചതോടെ യുക്രെയ്നിനു തൽക്കാലം ജീവശ്വാസം തിരിച്ചുകിട്ടിയിട്ടുണ്ട്. എന്നാൽ യുദ്ധഭൂമിയിൽ സൈനികരുടെ കുറവ് ഈ സഹായ പദ്ധതിയെ താളം തെറ്റിക്കുമെന്നാണ് പല സൈനിക വിദഗ്ധരും വിലയിരുത്തുന്നത്. ‘വാർ ഓഫ് അട്രീഷൻ’ (എതിരാളിയുടെ സൈനിക ശേഷിയെ തകർക്കുക) എന്നു പേരെടുത്ത റഷ്യ - യുക്രെയ്ൻ യുദ്ധം യുക്രെയ്നിന്റെ മാത്രമല്ല, നാറ്റോ രാജ്യങ്ങളുടെയും ആയുധപ്പുരകളെയും അതിവേഗം കാലിയാക്കുകയാണ്. 

പോളണ്ടിൽ പരിശീലനത്തിനിടെ യന്ത്രത്തോക്കുകളുടെ തിരകളുമായി യുക്രെയ്ൻ സൈനികൻ (Photo by Wojtek Radwanski / AFP)

വേനൽക്കാലത്തിനു മുൻപ് അഞ്ചു ലക്ഷം സൈനികരെ സമാഹരിക്കുകയെന്ന യുക്രെയ്നിന്റെ പദ്ധതികൾ പരാജയപ്പെട്ടിരുന്നു. ഇതിനു പിന്നാലെ നിർബന്ധിത സൈനിക സേവനത്തിനുള്ള പ്രായപരിധി 27ൽ നിന്ന് 25 വയസ്സാക്കി ചുരുക്കിയിട്ടും ആളെ കണ്ടെത്താൻ യുക്രെയ്നിനു സാധിക്കുന്നില്ല. യുദ്ധത്തിനു പിന്നാലെ രാജ്യം വിട്ട യുവാക്കളെ തിരിച്ചെത്തിക്കാനുള്ള ശ്രമത്തിലാണ് യുക്രെയ്ൻ. യൂറോപ്യൻ യൂണിയനിലെ രാജ്യങ്ങളിൽ അഭയം തേടിയിട്ടുള്ള യുവാക്കളെ തിരിച്ചയയ്ക്കണമെന്ന് യുക്രെയ്നിയൻ പ്രസിഡന്റ് വ്ളാഡിമിർ സെലെൻസ്കി ആവശ്യപ്പെട്ടു കഴിഞ്ഞു. കൂടാതെ 18 വയസ്സ് പൂർത്തിയായ യുവാക്കൾക്ക് പാസ്പോ‍ർട്ട് അനുവദിക്കുന്നതും യുക്രെയ്ൻ നിർത്തലാക്കി.

റഷ്യൻ ഡ്രോൺ ആക്രമണത്തിൽ കൊല്ലപ്പെട്ട കുടുംബാംഗങ്ങളുടെ സംസ്കാര ചടങ്ങിൽ കരയുന്ന യുക്രെയ്ൻ യുവതി (Photo by SERGEY BOBOK / AFP)

യുദ്ധം തുടങ്ങിയിട്ടു 800 ദിവസങ്ങൾ പിന്നിടുമ്പോൾ യുദ്ധഭൂമിയിൽ മരണനിരക്കും കുതിച്ചുയരുകയാണ്. യുക്രെയ്ൻ നിരയിൽ കൊല്ലപ്പെട്ടവരുടെയും ഗുരുതരമായി പരുക്കേറ്റവരുടെയും എണ്ണം അഞ്ചു ലക്ഷം (5,08,500) കവിഞ്ഞെന്നാണ് റഷ്യൻ പ്രതിരോധ മന്ത്രാലയത്തിന്റെ കണക്കുകൾ. റഷ്യൻ നിരയിൽ കൊല്ലപ്പെട്ടവരുടെയും ഗുരുതര പരുക്കേറ്റവരുടെയും എണ്ണം 4 ലക്ഷമായി എന്നാണ് അമേരിക്കൻ രഹസ്യാന്വേഷണ ഏജൻസികളുടെ റിപ്പോർട്ട്. സൈന്യത്തിലേക്ക് ആളുകളെ റിക്രൂട്ട് ചെയ്യാൻ കൊല്ലപ്പെട്ട സൈനികരുടെ എണ്ണം യുക്രെയ്ൻ മനഃപൂർവം കുറച്ചു കാണാക്കുകയാണെന്നു യുക്രെയ്നിലെ ഭരണകക്ഷി എംപിയായി ഡേവിഡ് അരാഖാമിയ ജനുവരി അവസാനം ആരോപിച്ചിരുന്നു.

റഷ്യൻ സൈന്യത്തിലേക്ക് താൽക്കാലിക റിക്രൂട്ട്മെന്റ് നടത്താനുള്ള മൊബൈൽ യൂണിറ്റിനു മുന്നിലൂടെ പോകുന്ന യുവതി (Photo by Natalia KOLESNIKOVA / AFP)
ADVERTISEMENT

ചുരുക്കിപ്പറഞ്ഞാൽ യുദ്ധം കുടുതൽ കടുത്തതോടെ ഇരുപക്ഷത്തും മരണനിരക്ക് കുതിച്ചുയരുകയാണ്. എന്നാൽ ജനസംഖ്യാപരമായി യുക്രെയ്നിനേക്കാൾ വലിയ രാജ്യമായ റഷ്യയ്ക്ക് പോരാട്ടത്തിനായി സൈനികരെ കണ്ടെത്താൻ വലിയ ബുദ്ധിമുട്ടില്ല. കൂടാതെ മാർച്ച് 22ന് മോസ്കോയുടെ സമീപ നഗരമായ ക്രോക്കസ് നഗരത്തിലുണ്ടായ ഐഎസ് ഭീകരാക്രമണത്തിനു പിന്നാലെ റഷ്യൻ സൈന്യത്തിൽ ചേരാൻ സന്നദ്ധരായി ഒട്ടേറെപ്പേർ റജിസ്റ്റർ ചെയ്തിട്ടുണ്ട്. കൂടാതെ ഇന്ത്യയും നേപ്പാളും അടക്കം അൻപതിലേറെ രാജ്യങ്ങളിൽ നിന്നു റഷ്യ പോരാട്ടത്തിനായി ആളുകളെ റിക്രൂട്ട് ചെയ്യുന്നുണ്ടെന്നാണ് ആരോപണം. മലയാളികളടക്കം ഒട്ടേറെ ഇന്ത്യക്കാർ റിക്രൂട്ടിങ് ഏജൻസികളുടെ തട്ടിപ്പിൽപ്പെട്ടു യുക്രെയ്നിലെ യുദ്ധഭൂമിയിൽ കുടുങ്ങിയതു വാർത്തയായിരുന്നു. നേപ്പാളിലെ ഖൂർഖ വിഭാഗത്തിൽപ്പെട്ട 15,000 പേർ യുക്രെയ്നിൽ റഷ്യയ്ക്കായി യുദ്ധം ചെയ്യുന്നുണ്ടെന്നാണ് ബ്രിട്ടിഷ് രഹസ്യാന്വേഷണ ഏജൻസികളുടെ റിപ്പോർട്ട്.

∙ വ്യോമപ്രതിരോധം തകരുന്നു; കയ്യൊഴിഞ്ഞ് അമേരിക്ക

2024ന്റെ തുടക്കം മുതൽ യുക്രെയ്നിയൻ നഗരങ്ങളുടെ നേർക്കു മിസൈൽ, ഡ്രോൺ ആക്രമണങ്ങൾ ശക്തമാക്കിയ റഷ്യ യുക്രെയ്നിന്റെ വ്യോമപ്രതിരോധ സംവിധാനങ്ങളെ ഏറക്കുറെ നാമാവശേഷമാക്കികഴിഞ്ഞു. അടിയന്തരമായി 7 പേട്രിയറ്റ് വ്യോമപ്രതിരോധ യൂണിറ്റുകൾ (ബാറ്ററികൾ) വേണമെന്ന് യുക്രെയ്ൻ പ്രസിഡന്റ് സെലെൻസ്കി യുഎസിനോടും സഖ്യകക്ഷികളോടും ആവശ്യപ്പെട്ടിരുന്നു. നിലവിലുള്ള പേട്രിയറ്റ് പ്രതിരോധ യൂണിറ്റുകൾക്ക് ആവശ്യമായ മിസൈലുകളും 155 മില്ലിമീറ്റർ പീരങ്കി ഷെല്ലുകളും നൽകാൻ 600 കോടി ഡോളർ കൂടി വകയിരുത്തിയ അമേരിക്ക കൂടുതൽ പേട്രിയറ്റ് യൂണിറ്റുകൾ നൽകാൻ തൽക്കാലം കഴിയില്ലെന്ന നിലപാടാണ് സ്വീകരിച്ചത്. 

Show more

യുക്രെയ്നിലെ അഞ്ചു പേട്രിയറ്റ് മിസൈൽ യൂണിറ്റുകൾ റഷ്യ തകർത്തിരുന്നു. അമേരിക്കൻ നിർദേശം ലംഘിച്ച് യുക്രെയ്ൻ പേട്രിയറ്റ് മിസൈൽ പ്രതിരോധ സംവിധാനം യുദ്ധമുന്നണിക്കു സമീപം വിന്യസിച്ചിരുന്നു. ഇത്തരത്തിൽ ഡോണെറ്റ്സ്ക് മേഖലയിൽ വിന്യസിച്ച രണ്ടു യൂണിറ്റുകൾ റഷ്യ തകർക്കുകയായിരുന്നു. ഇതിലുള്ള അതൃപ്തിയാണ് കൂടുതൽ പേട്രിയറ്റ് മിസൈൽ പ്രതിരോധ യൂണിറ്റുകൾ നൽകാൻ അമേരിക്ക വിസമ്മതിക്കാൻ കാരണമെന്നു റിപ്പോർട്ടുകളുണ്ട്. 

Graphics: AFP/ Manorama Online

കൂടാതെ മിഡിൽ ഈസ്റ്റിലും സൗത്ത് ചൈനാ കടലിലും സംഘർഷ സാധ്യത വർധിച്ചതോടെ കൂടുതൽ പേട്രിയറ്റ് ബാറ്ററികൾ നൽകാൻ കഴിയില്ലെന്ന നിലപാടിലാണ് പെന്റഗൺ. 100 കോടി ഡോളറിലേറെ ചെലവുള്ള പേട്രിയറ്റ് മിസൈൽ സംവിധാനം നിർമിക്കാൻ രണ്ടു വർഷമെടുക്കുമെന്നാണു കണക്കുകൾ. യുക്രെയ്നിനെ കയ്യയച്ച് സഹായിച്ചാൽ മറ്റു മേഖലകളിലെ അമേരിക്കൻ താൽപര്യത്തെ അതു പ്രതികൂലമായി ബാധിക്കുമെന്നാണ് യുഎസ് നിലപാട്. പേട്രിയറ്റ് മിസൈൽ സംവിധാനം എല്ലാ പ്രശ്നങ്ങൾക്കും അല്ലെന്നും മറ്റു വ്യോമപ്രതിരോധ സംവിധാനങ്ങൾ യുക്രെയ്ൻ തേടണമെന്നുമാണ് അമേരിക്കൻ പ്രതിരോധ സെക്രട്ടറി ലോയ്ഡ് ഓസ്റ്റിന്റെ നിർദേശം.

∙ യുദ്ധം മുറുകുന്നു; കുതിക്കുന്നു ക്രൂഡ് ഓയിൽ, സ്വർണ വിലകൾ

റഷ്യ- യുക്രെയ്ൻ യുദ്ധം നിർണായക ഘട്ടത്തിലെത്തി നിൽക്കുമ്പോൾ ആഗോള ഇന്ധന- സ്വർണ വിലകൾ നിലവിട്ടുയരുകയാണ്. റഷ്യയുടെ ഓയിൽ റിഫൈനറികൾക്കും ഓയിൽ ഡിപ്പോകൾക്കും നേർക്ക് യുക്രെയ്ൻ ഡ്രോൺ ആക്രമണങ്ങൾ പതിവാക്കിയതോടെ ക്രൂഡ് ഓയിൽ, ഗ്യാസ് വിലകൾ കുതിച്ചുയരാൻ തുടങ്ങിയിട്ടുണ്ട്. നിലവിൽ 16% ശതമാനത്തിലേറെ വർധനയാണ് ഈ വർഷം രേഖപ്പെടുത്തിയിട്ടുള്ളത്. യുക്രെയ്നിന്റെ തുട‍ർച്ചയായ ഡ്രോൺ ആക്രമണങ്ങളെ തുടർന്നു റഷ്യയുടെ ക്രൂഡ് ഓയിൽ സംസ്കരണ ശേഷിയുടെ 15 ശതമാനത്തിലേറെ തകരാറിലാണ്. ഡ്രോൺ ആക്രമണങ്ങളെ തുടർന്ന് ക്രൂഡ് ഓയിൽ കയറ്റുമതിക്കും റിഫൈൻഡ് ഓയിലിനും നിരോധനമേർപ്പെടുത്തുമെന്ന റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുട്ടിന്റെ പ്രസ്താവനയാണ് ക്രൂഡ് ഓയിൽ വിലകളെ പിടിച്ചു കുലുക്കിയത്. 

കുർസ്‌ക് മേഖലയിലെ ഓയിൽ റിഫൈനറികളിലൊന്നിലേക്ക് യുക്രെയ്ന്‍ നടത്തിയ ആക്രമണത്തിൽനിന്ന് (Photo by Handout / TELEGRAM / @gubernator_46 / AFP)

ഇതിനു പിന്നാലെ റഷ്യയുടെ ഓയിൽ റിഫൈനറികൾക്കും സംഭരണശാലകൾക്കും നേർക്കുള്ള ആക്രമണം അവസാനിപ്പിക്കാൻ അമേരിക്ക നേരിട്ട് യുക്രെയ്നിനോട് നിർദേശിച്ചിരുന്നു. അമേരിക്കയിലും യൂറോപ്പിലെ മിക്ക രാജ്യങ്ങളിലും 2024ൽ പൊതുതിരഞ്ഞെടുപ്പ് നടക്കുകയാണ്. അതിനാൽ എണ്ണ വിലകളിലുണ്ടാകുന്ന ഏതൊരു ചാഞ്ചാട്ടവും തിരഞ്ഞെടുപ്പിൽ തിരിച്ചടിയുണ്ടാക്കുമെന്ന ആശങ്കയാണ് അമേരിക്കയുടെ നിർദേശത്തിനു പിന്നിൽ. എന്നാൽ വിലക്കുകൾ ലംഘിച്ച് യുക്രെയ്ൻ ഡ്രോൺ ആക്രമണങ്ങൾ തുടരുകയാണ്. ഇതിനു പിന്നാലെ എണ്ണ സംഭരണ ടാങ്കുകളെ സംരക്ഷിക്കാനായി ഇരുമ്പുവലകൾ ഉപയോഗിച്ചു സുരക്ഷാ കവചം (കേജ് നെറ്റ്സ്) സ്ഥാപിച്ചുകൊണ്ടിരിക്കുകയാണ് റഷ്യ.

യുക്രെയ്ൻ ആവശ്യപ്പെടുകയോ അല്ലെങ്കിൽ യുക്രെയ്നിന്റെ പ്രതിരോധ നിരകൾ തകരുകയോ ചെയ്യുകയാണെങ്കിൽ ഫ്രഞ്ച് സൈന്യം സ്വന്തം നിലയിൽ യുക്രെയ്നിൽ ഇടപെടുമെന്നാണ് ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മക്രോയുടെ നിലപാട്. അമേരിക്കയും ഏറക്കുറെ ഈ നിലപാടിലാണ്. നിലവിൽ ഫ്രഞ്ച് ഫോറിൻ ലീജിയന്റെ ഒരു സംഘം യുക്രെയ്നിൽ റഷ്യയ്ക്കെതിരെ 2022 മുതൽ പോരാടുന്നുണ്ട്. 

ഓയിൽ റിഫൈനറികൾക്കു നേരെ യുക്രെയ്ൻ ആക്രമണം പതിവാക്കിയതോടെ യുക്രെയ്നിന്റെ ഊർജ മേഖലകളെ ലക്ഷ്യമിട്ട് റഷ്യയും ആക്രമണം ശക്തമാക്കിയിട്ടുണ്ട്. മുൻ വർഷങ്ങളിൽ വൈദ്യുത ഗ്രിഡുകൾക്കും സബ് സ്റ്റേഷനുകൾക്കും നേരെ മാത്രമായിരുന്നു റഷ്യയുടെ ആക്രമണം. എന്നാൽ ഈ വർഷം ഊർജ ഉൽപാദക നിലയങ്ങൾക്കു നേർക്കും റഷ്യ ആക്രമണം തുടരുകയാണ്. യുക്രെയ്നിലെ 80 ശതമാനം താപനിലയങ്ങളും റഷ്യയുടെ ആക്രമണത്തിൽ തകർന്നു കഴിഞ്ഞു. 

യുക്രെയ്നിലെ പവർ പ്ലാന്റുകളിലൊന്നിലേക്ക് റഷ്യ നടത്തിയ ആക്രമണത്തിലുണ്ടായ നാശനഷ്ടം (Photo by Genya SAVILOV / AFP)

യുക്രെയ്നിലെ ഏറ്റവും വലിയ താപനിലയമായ ട്രിപിസ്ക താപനിലയം അടക്കം തകർത്തതോടെ തലസ്ഥാനമായ കീവിൽ ഉൾപ്പെടെ യുക്രെയ്നിലെങ്ങും വൈദ്യുതി ദൗലഭ്യവും ശക്തമാണ്. കൂടാതെ ഗ്യാസ് പൈപ്‌ലൈനുകൾക്കു നേർക്കും പടിഞ്ഞാറൻ യുക്രെയ്നിലെ ഗ്യാസ് സംഭരണ കേന്ദ്രങ്ങൾക്കു നേർക്കും റഷ്യ ആക്രമണം കടുപ്പിച്ചിട്ടുണ്ട്. ജർമനി അടക്കമുള്ള രാജ്യങ്ങൾക്കാവശ്യമായ ഗ്യാസ് സംഭരിക്കുന്നതും വിതരണം ചെയ്യുന്നതും പടിഞ്ഞാറൻ യുക്രെയ്നിലെ ഗ്യാസ് സംഭരണ കേന്ദ്രങ്ങളിലൂടെയാണ്. ഇതോടെ പടിഞ്ഞാറൻ യുക്രെയ്നിന്റെ സുരക്ഷയ്ക്കായി ഒരു പേട്രിയറ്റ് മിസൈൽ യൂണിറ്റ് കൂടി ജർമനി യുക്രെയ്നിനു കൈമാറാനുള്ള ഒരുക്കത്തിലാണ്. 

മധ്യ പൗരസ്ത്യ ദേശത്തെ സംഘർഷം മാത്രമല്ല സ്വർണവിലയിൽ വൻ കുതിപ്പു സൃഷ്ടിക്കാൻ കാരണം. മരവിപ്പിച്ച റഷ്യൻ സ്വത്തിനെ ചൊല്ലിയുള്ള ത‍ർക്കങ്ങളും സ്വർണ വിലയെ റെക്കോർഡ് നിലവാരത്തിലേക്ക് ഉയർത്തുന്നുണ്ട്. യുക്രെയ്നിനു കൂടുതൽ സാമ്പത്തിക സഹായം അനുവദിക്കുന്നതിൽ മിക്ക രാജ്യങ്ങളിലും മുറുമുറുപ്പ് ഉയർന്നു തുടങ്ങിയിട്ടുണ്ട്. അതുമറികടക്കാനായി, യുദ്ധത്തിനു പിന്നാലെ അമേരിക്കയും യൂറോപ്യൻ യൂണിയനും മരവിച്ച റഷ്യൻ സമ്പത്ത് യുക്രെയ്നിനു കൈമാറാൻ നീക്കം തുടങ്ങിയതാണു സ്വർണ വിലകളിലെ ചാഞ്ചാട്ടത്തിനു പ്രധാന കാരണം. 32,000 കോടി ഡോളറിലേറെ (ഏകദേശം 26 ലക്ഷം കോടി രൂപ) റഷ്യൻ സമ്പത്താണ് അമേരിക്കയിലും വിവിധ യൂറോപ്യൻ ബാങ്കുകളിലുമായി മരവിപ്പിച്ചിരിക്കുന്നത്. 

മോസ്കോയിലെ റഷ്യൻ പ്രതിരോധ മന്ത്രാലയത്തിന്റെ ആസ്ഥാനത്തിനു മുന്നിലെ കാഴ്ച (Photo by Alexander NEMENOV / AFP)

ഈ ബാങ്ക് നിക്ഷേപത്തിന്റെ പലിശ യുക്രെയ്നിനു കൈമാറുമെന്നു വിവിധ യൂറോപ്യൻ രാജ്യങ്ങൾ അഭിപ്രായപ്പെട്ടിരുന്നു. കൂടാതെ യുദ്ധത്തിൽ തകർന്ന യുക്രെയ്നിന്റെ പുനർനിർമാണത്തിന് ഈ സ്വത്തുക്കൾ കൈമാറണമെന്നും നിർദേശമുണ്ട്. എന്നാൽ ഇത്തരം നടപടികൾക്കെതിരെ കടുത്ത പ്രതികാര നടപടിയുണ്ടാകുമെന്ന് റഷ്യ വ്യക്തമാക്കിയിട്ടുണ്ട്. റഷ്യൻ ബാങ്കുകളിലുള്ള മറ്റു രാജ്യങ്ങളുടെ നിക്ഷേപങ്ങളും പിടിച്ചെടുക്കുമെന്നും ഡീ ഡോളറൈസേഷൻ നടപടികൾക്കു നേതൃത്വം നൽകുമെന്നുമാണ് റഷ്യയുടെ നിലപാട്. ഇതിനു പിന്നാലെ ഒട്ടേറെ രാജ്യങ്ങളുടെ കേന്ദ്രബാങ്കുകൾ ഡോളറിനു പകരം സുരക്ഷിത നിക്ഷേപമെന്ന നിലയിൽ വൻ തോതിൽ സ്വർണം വാങ്ങാൻ തുടങ്ങിയതോടെയാണു സ്വർണവില പുതിയ ഉയരങ്ങൾ പിന്നിട്ടുകൊണ്ടിരിക്കുന്നത്.

∙ ചാസിവീയാറിനെ വളഞ്ഞ് റഷ്യ; ഡോൺബാസിന്റെ പതനം ആസന്നം?

റഷ്യയുടെ പ്രത്യേക സൈനിക നടപടിയുടെ പ്രധാന രാഷ്ട്രീയ ലക്ഷ്യങ്ങളിലൊന്നായിരുന്നു ഡോൺബാസിന്റെ മോചനം. ഈ മേഖലയിലെ ബാഖ്മുത് നഗരം 2023 മേയിൽ വാഗ്ന‍ർ സംഘം റഷ്യയ്ക്കായി പിടിച്ചെടുത്തിരുന്നെങ്കിലും റഷ്യ കൂടുതൽ മുന്നേറ്റം നടത്തിയിരുന്നില്ല. എന്നാൽ വിന്റർ ഒഫൻസീവിന്റെ ഭാഗമായി ഇക്കുറി ഈ മേഖലയിൽ സൈനിക മുന്നേറ്റം തുടങ്ങിയ റഷ്യൻ സേനയുടെ ആക്രമണത്തിനു മുന്നിൽ യുക്രെയ്നിന്റെ ശക്തി കേന്ദ്രങ്ങൾ ഒന്നൊന്നായി കീഴടങ്ങുകയാണ്. നിലവിൽ ഡോണെറ്റ്സ്ക് മേഖലയിൽ ബാഖ്മുതിനു 10 കിലോമീറ്റർ പടിഞ്ഞാറു മാറിയുള്ള തന്ത്രപ്രധാന നഗരമായ ചാസിവീയാർ നഗരത്തെ 25,000ലേറെ വരുന്ന റഷ്യൻ സേന മൂന്നുവശത്തുനിന്നും വളഞ്ഞിരിക്കുകയാണ്. 

രാത്രിയിൽ ഡ്രോൺ വിന്യാസത്തിനൊരുങ്ങുന്ന യുക്രെയ്ൻ സൈനികർ. ചാസിവീയാറിൽനിന്നുള്ള ദൃശ്യം (Photo by Genya SAVILOV / AFP)

ചാസിവീയാറിന്റെ പ്രതിരോധം തകർക്കാൻ റഷ്യൻ സേന കനത്ത ബോംബിങ്ങും ഷെല്ലാക്രമണവും തുടരുകയാണ്. 12,000 പേർ താമസിച്ചിരുന്ന നഗരത്തിലെ എല്ലാ കെട്ടിടങ്ങളും റഷ്യൻ ആക്രമണത്തിൽ ഭാഗികമായി തകർന്ന നിലയിലാണ്. സോവിയറ്റ് യൂണിയൻ വിജയദിനമായി ആചരിച്ചിരുന്ന മേയ് 9നു മുൻപ് നഗരം പിടിച്ചെടുക്കാനാണ് റഷ്യൻ നീക്കമെന്നാണ് യുക്രെയ്ൻ പറയുന്നത്. ഉയർന്ന സ്ഥലമായ ചാസിവീയാർ പിടിച്ചെടുത്താൽ ഈ മേഖലയിൽ റഷ്യൻ സേന വൻ സൈനിക കുതിപ്പു നടത്തിയേക്കുമെന്നാണ് യുദ്ധവിദഗ്ധരുടെ മുന്നറിയിപ്പ്. ചാസിവീയർ വീണാൽ കോൺസ്റ്റാന്റിനേവ്ക, ക്രിമറ്റോർക്സ്, സ്ലേവിയാൻ‌സ്ക് തുടങ്ങിയ നഗരങ്ങൾ റഷ്യൻ മുന്നേറ്റത്തിൽ കീഴടങ്ങിയേക്കുമെന്നും ഡോൺബാസ് മേഖലയുടെ പൂർണ നിയന്ത്രണം റഷ്യ പിടിച്ചെടുക്കുമെന്നുമാണ് അവരുടെ ഭാഷ്യം.

∙ പ്രതിരോധ നിരകൾ തകരുന്നു; നേരിട്ട് കളത്തിലിറങ്ങാൻ ഫ്രാൻസ്

യുക്രെയ്നിന്റെ പ്രതിരോധ നിരകൾ ഒന്നൊന്നായി തകർന്നു വീഴുന്നത് ഏറ്റവും കൂടുതൽ ആശങ്കപ്പെടുത്തുന്നത് നാറ്റോ സഖ്യകക്ഷികളെയാണ്. യുദ്ധത്തിൽ യുക്രെയ്ൻ തോറ്റാൽ യൂറോപ്പിന്റെ സുരക്ഷയ്ക്കു ഭീഷണിയാകുമെന്ന വാദമുയർത്തി യുദ്ധത്തിൽ നേരിട്ടിടപ്പെടാൻ ആദ്യം നീക്കം തുടങ്ങിയത് ഫ്രാൻസാണ്. യുക്രെയ്ൻ ആവശ്യപ്പെടുകയോ അല്ലെങ്കിൽ യുക്രെയ്നിന്റെ പ്രതിരോധ നിരകൾ തകരുകയോ ചെയ്യുകയാണെങ്കിൽ ഫ്രഞ്ച് സൈന്യം സ്വന്തം നിലയിൽ യുക്രെയ്നിൽ ഇടപെടുമെന്നാണ് ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മക്രോയുടെ നിലപാട്. അമേരിക്കയും ഏറക്കുറെ ഈ നിലപാടിലാണ്. നിലവിൽ ഫ്രഞ്ച് ഫോറിൻ ലീജിയന്റെ ഒരു സംഘം യുക്രെയ്നിൽ റഷ്യയ്ക്കെതിരെ 2022 മുതൽ പോരാടുന്നുണ്ട്. 

പോളണ്ടിൽ യുക്രെയ്ൻ സൈനികർക്ക് പരിശീലനം നൽകുന്ന ഫ്രഞ്ച് സേനാംഗം (Photo by Wojtek Radwanski / AFP)

എന്നാൽ ഫ്രഞ്ച് സ്പെഷൽ ഫോഴ്സിന്റെ 2000 പേരടങ്ങുന്ന ഒരു സംഘത്തെ നേരിട്ടുള്ള നിയന്ത്രണത്തിൽ ഒഡേസയിലും കീവിലുമായി വിന്യസിക്കാനാണ് ഫ്രാൻസിന്റെ നീക്കം. ഇതോടെ ഒഡേസയിലും കീവിലുമുള്ള യുക്രെയ്ൻ സൈനികരെ യുദ്ധമുന്നണിയിലേക്കു നീക്കി സൈന്യത്തിന്റെ ആൾക്ഷാമം പരിഹരിക്കാൻ യുക്രെയ്നിനും സാധിക്കും. നിലവിൽ 100 പേരടങ്ങുന്ന സ്പെഷൽ ഫോഴ്സ് സംഘത്തെ ഡോൺബാസ് മേഖലയിലെ സ്ലേവിയാൻസ്കിൽ ഫ്രാൻസ് വിന്യസിച്ചു കഴിഞ്ഞു. ഡോൺബാസ് മേഖലയിൽ യുക്രെയ്നിയൻ പ്രതിരോധ നിരകൾ തക‍ർത്തു മുന്നേറുന്ന റഷ്യൻ സേനയെ തടയാൻ യുക്രെയ്ൻ സേനയെ സഹായിക്കുകയാണ് ഇവരുടെ പ്രഥമദൗത്യം.

യുകെ, ഫിൻലൻഡ് തുടങ്ങിയ ഒട്ടേറെ രാജ്യങ്ങൾ തങ്ങൾ നൽകുന്ന ആയുധങ്ങൾ ഉപയോഗിച്ചു റഷ്യൻ‌ പ്രദേശങ്ങൾക്കു നേരെ ആക്രമണം നടത്താൻ യുക്രെയ്നിനു അനുമതി ലഭിച്ചിട്ടുണ്ട്. എന്നാൽ നാറ്റോ നേരിട്ടു യുദ്ധത്തിൽ ഇടപെട്ടാലോ അവർ നൽകുന്ന ആയുധങ്ങൾ ഉപയോഗിച്ചു റഷ്യൻ മണ്ണിലോ യുക്രെയ്ൻ ആക്രമണം നടത്തിയാൽ ആണവയുദ്ധമെന്ന ഭീഷണി റഷ്യ ശക്തമാക്കിയിട്ടുണ്ട്. 

വ്ലാഡിമിർ പുട്ടിന്റെ നിർദേശത്തെ തുടർന്നു റഷ്യയിലെ ആണവ കമാൻഡ് ഇതിനായി പരിശീലനവും തുടങ്ങിക്കഴിഞ്ഞു. നാറ്റോ രാജ്യങ്ങൾ യുക്രെയ്നിൽ സ്വന്തം നിലയ്ക്കു റഷ്യയുമായി ഏറ്റുമുട്ടിയാൽ നാറ്റോ ഇടപെടില്ല എന്നാണ് നാറ്റോ സെക്രട്ടറി ചീഫ് ജെൻസ് സ്റ്റോളൻബർഗിന്റെ നിലപാട്. ചുരുക്കിപ്പറഞ്ഞാൽ വളഞ്ഞ വഴിയിലൂടെ നാറ്റോയും റഷ്യയും തമ്മിൽ നേരിട്ടുള്ള യുദ്ധത്തിന് ഇതു തുടക്കം കുറിച്ചേക്കും. യുദ്ധഭൂമിയിൽ ടാക്ടിക്കൽ (തന്ത്രപരമായ ചെറുകിട) ആണവ ആയുധങ്ങൾ പ്രയോഗിക്കാനും ഇതു റഷ്യയ്ക്ക് അവസരമൊരുക്കിയേക്കും.

∙ അവസാനിക്കാത്ത യുദ്ധം; അമേരിക്കയും കളത്തിലിറങ്ങും

നിലവിൽ യുദ്ധഭൂമിയിൽ ആയുധബലത്തിൽ റഷ്യയ്ക്ക് യുക്രെയ്നിനേക്കാൾ ആറിരട്ടി മുൻതൂക്കമുണ്ടെന്നാണ് കണക്കുകൾ. റഷ്യൻ സൈന്യത്തിന് ആവശ്യമായതിലധികം ടാങ്കുകളും ഷെല്ലുകളും കവചിത വാഹനങ്ങളും റഷ്യൻ ആയുധ ഫാക്ടറികൾ നിർമിച്ചു കൂട്ടുന്നുണ്ട്. കൂടാതെ യുദ്ധഭൂമിയിലെ സാഹചര്യങ്ങളുമായി അതിവേഗം ഇണങ്ങിയ റഷ്യൻ സൈന്യം ആയുധങ്ങളുടെ ദൂരപരിധി വർധിപ്പിച്ചും മൈൻ സ്വീപ്പിങ് ടാങ്കുകളെ പരിഷ്കരിച്ചു ടർട്ടിൽ (ആമ) ടാങ്കുകളാക്കിയും യുക്രെയ്നിന്റെ ട്രഞ്ച് പ്രതിരോധ നിരകളെ മറികടന്ന് മുന്നേറ്റവും തുടരുകയാണ്. (മൈൻ സ്വീപ്പിങ് ടാങ്കുകൾക്കു നേരെ യുക്രെയ്ൻ ഡ്രോൺ ആക്രമണങ്ങൾ പതിവാക്കിയതോടെ, ഡ്രോണുകളെ തടയാനുള്ള ഇലക്ട്രോണിക് വാർ ഫെയർ സംവിധാനവും ടാങ്കുകളുടെ മൂന്നു വശവും ഇരുമ്പു ഷീറ്റുകളാൽ മറച്ചാണ് ഉപയോഗിക്കുന്നത്. ആമയുടെ രൂപത്തിലുള്ള ഈ ടാങ്കുകളാണ് ടർട്ടിൽ ടാങ്കുകൾ എന്നറിയപ്പെടുന്നത്)

റഷ്യ മൈൻ സ്വീപ്പിങ് ടാങ്കിനെ പരിഷ്കരിച്ച് ടർട്ടിൽ ടാങ്കാക്കിയപ്പോള്‍ (Photo Arranged)

മതിയായ ആയുധങ്ങളും സൈനികരുമില്ലാത്ത യുക്രെയ്ൻ, വരുന്ന ആറുമാസം റഷ്യൻ മുന്നേറ്റത്തെ തടഞ്ഞുനിർത്താനുള്ള ശ്രമത്തിലാണ്. ആറു മാസം പിടിച്ചുനിന്നാൽ യുക്രെയ്നിനു 2025ൽ കൗണ്ടർ ഒഫൻസീവിലൂടെ നഷ്ടപ്പെട്ട പ്രദേശങ്ങൾ തിരിച്ചു പിടിക്കാമെന്നും റഷ്യയെ തോൽപ്പിക്കാമെന്നുമാണ് അമേരിക്കൻ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് ജേയ്ക്ക് സള്ളിവൻ ‘ഫിനാൻഷ്യൽ ടൈംസി’നു നൽകിയ അഭിമുഖത്തിൽ പറഞ്ഞത്. അമേരിക്കൻ തിരഞ്ഞെടുപ്പ് കഴിഞ്ഞാൽ അമേരിക്കൻ സേന യുക്രെയ്നിലെ പോരാട്ടഭൂമിയിൽ നേരിട്ടിടപെടുമെന്നാണ് സൈനിക വിദഗ്ധരുടെ കണക്കുകൂട്ടൽ. ഇതോടെ യുദ്ധഗതി പ്രവചനാതീതമാകും. നാറ്റോയുടെയും അമേരിക്കയുടെയും നേരിട്ടുള്ള ഇടപെടൽ ഒരു പക്ഷേ മൂന്നാം ലോകമഹായുദ്ധത്തിനോ ആണവ യുദ്ധത്തിനോ തിരികൊളുത്തിയേക്കും.

(ലേഖകന്റെ ഇമെയിൽ: nishadkurian@mm.co.in)

English Summary:

Potential Escalation: Could the Conflict Between Ukraine and Russia Lead to a Nuclear War?

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT