ആരാധനയ്ക്ക് പിണറായി യോഗ്യൻ; എന്റെ ചുണ്ടിൽ പഞ്ചസാര വയ്ക്കേണ്ട; ഇനി മത്സരത്തിനില്ല: എ.കെ.ബാലൻ
സിപിഎമ്മും മുഖ്യമന്ത്രിയും ഒരു പ്രശ്നത്തിൽ പെടുമ്പോൾ ഇപ്പോൾ ആദ്യം പ്രതികരണങ്ങൾക്കായി സമീപിക്കുന്നത് എ.കെ.ബാലനെയാണ്. അവരെ അദ്ദേഹം ഒരിക്കലും നിരാശരാക്കാറുമില്ല. ഉപമയും ഉത്പ്രേക്ഷയും ഒക്കെ ചേർത്ത് ബാലൻ പാർട്ടി നിലപാട് വ്യക്തമാക്കും. അതിന് ആരെങ്കിലും ബാലനെ ഔദ്യോഗികമായി ചുമതലപ്പെടുത്തിയിട്ടുണ്ടോ? അദ്ദേഹം പാർട്ടിയുടെ ഔദ്യോഗിക വക്താവായോ? രാഷ്ട്രീയകേന്ദ്രങ്ങളിൽ ഈ ചോദ്യങ്ങൾ ഇല്ലാതില്ല. പാർട്ടിയുടെ മാധ്യമമുഖമായി എങ്ങനെയാണ് മാറിയെതന്ന് ഈ അഭിമുഖത്തിൽ എ.കെ.ബാലൻ വിശദീകരിക്കുന്നു. രസകരമായ പ്രയോഗങ്ങളുടെ പിന്നിൽ എന്തെന്ന് വെളിപ്പെടുത്തുന്നു. സിപിഎമ്മിന്റെ കേന്ദ്രകമ്മിറ്റി അംഗവും മുൻ മന്ത്രിയുമായ ബാലൻ സിപിഎമ്മിന്റെ സംസ്ഥാന നേതൃനിരയിലെ പ്രമുഖരിൽ ഒരാളാണ്. പാർലമെന്ററി– സംഘടനാ രംഗങ്ങളിലെ ദീർഘകാലത്തെ അനുഭവ സമ്പത്തു കൈമുതലാക്കിത്തന്നെയാണ് പാർട്ടിക്കു ബാലൻ പരിച തീർക്കുന്നത്. ഇനി പാർലമെന്ററി രംഗത്തേയ്ക്കുണ്ടോ എന്ന ചോദ്യത്തിനും ബാലൻ ഈ അഭിമുഖത്തിൽ മറുപടി നൽകുന്നു. മലയാള മനോരമ തിരുവനന്തപുരം ചീഫ് ഓഫ് ബ്യൂറോ സുജിത് നായരുമായി ‘ക്രോസ് ഫയറിൽ’ എ.കെ.ബാലൻ സംസാരിക്കുന്നു.
സിപിഎമ്മും മുഖ്യമന്ത്രിയും ഒരു പ്രശ്നത്തിൽ പെടുമ്പോൾ ഇപ്പോൾ ആദ്യം പ്രതികരണങ്ങൾക്കായി സമീപിക്കുന്നത് എ.കെ.ബാലനെയാണ്. അവരെ അദ്ദേഹം ഒരിക്കലും നിരാശരാക്കാറുമില്ല. ഉപമയും ഉത്പ്രേക്ഷയും ഒക്കെ ചേർത്ത് ബാലൻ പാർട്ടി നിലപാട് വ്യക്തമാക്കും. അതിന് ആരെങ്കിലും ബാലനെ ഔദ്യോഗികമായി ചുമതലപ്പെടുത്തിയിട്ടുണ്ടോ? അദ്ദേഹം പാർട്ടിയുടെ ഔദ്യോഗിക വക്താവായോ? രാഷ്ട്രീയകേന്ദ്രങ്ങളിൽ ഈ ചോദ്യങ്ങൾ ഇല്ലാതില്ല. പാർട്ടിയുടെ മാധ്യമമുഖമായി എങ്ങനെയാണ് മാറിയെതന്ന് ഈ അഭിമുഖത്തിൽ എ.കെ.ബാലൻ വിശദീകരിക്കുന്നു. രസകരമായ പ്രയോഗങ്ങളുടെ പിന്നിൽ എന്തെന്ന് വെളിപ്പെടുത്തുന്നു. സിപിഎമ്മിന്റെ കേന്ദ്രകമ്മിറ്റി അംഗവും മുൻ മന്ത്രിയുമായ ബാലൻ സിപിഎമ്മിന്റെ സംസ്ഥാന നേതൃനിരയിലെ പ്രമുഖരിൽ ഒരാളാണ്. പാർലമെന്ററി– സംഘടനാ രംഗങ്ങളിലെ ദീർഘകാലത്തെ അനുഭവ സമ്പത്തു കൈമുതലാക്കിത്തന്നെയാണ് പാർട്ടിക്കു ബാലൻ പരിച തീർക്കുന്നത്. ഇനി പാർലമെന്ററി രംഗത്തേയ്ക്കുണ്ടോ എന്ന ചോദ്യത്തിനും ബാലൻ ഈ അഭിമുഖത്തിൽ മറുപടി നൽകുന്നു. മലയാള മനോരമ തിരുവനന്തപുരം ചീഫ് ഓഫ് ബ്യൂറോ സുജിത് നായരുമായി ‘ക്രോസ് ഫയറിൽ’ എ.കെ.ബാലൻ സംസാരിക്കുന്നു.
സിപിഎമ്മും മുഖ്യമന്ത്രിയും ഒരു പ്രശ്നത്തിൽ പെടുമ്പോൾ ഇപ്പോൾ ആദ്യം പ്രതികരണങ്ങൾക്കായി സമീപിക്കുന്നത് എ.കെ.ബാലനെയാണ്. അവരെ അദ്ദേഹം ഒരിക്കലും നിരാശരാക്കാറുമില്ല. ഉപമയും ഉത്പ്രേക്ഷയും ഒക്കെ ചേർത്ത് ബാലൻ പാർട്ടി നിലപാട് വ്യക്തമാക്കും. അതിന് ആരെങ്കിലും ബാലനെ ഔദ്യോഗികമായി ചുമതലപ്പെടുത്തിയിട്ടുണ്ടോ? അദ്ദേഹം പാർട്ടിയുടെ ഔദ്യോഗിക വക്താവായോ? രാഷ്ട്രീയകേന്ദ്രങ്ങളിൽ ഈ ചോദ്യങ്ങൾ ഇല്ലാതില്ല. പാർട്ടിയുടെ മാധ്യമമുഖമായി എങ്ങനെയാണ് മാറിയെതന്ന് ഈ അഭിമുഖത്തിൽ എ.കെ.ബാലൻ വിശദീകരിക്കുന്നു. രസകരമായ പ്രയോഗങ്ങളുടെ പിന്നിൽ എന്തെന്ന് വെളിപ്പെടുത്തുന്നു. സിപിഎമ്മിന്റെ കേന്ദ്രകമ്മിറ്റി അംഗവും മുൻ മന്ത്രിയുമായ ബാലൻ സിപിഎമ്മിന്റെ സംസ്ഥാന നേതൃനിരയിലെ പ്രമുഖരിൽ ഒരാളാണ്. പാർലമെന്ററി– സംഘടനാ രംഗങ്ങളിലെ ദീർഘകാലത്തെ അനുഭവ സമ്പത്തു കൈമുതലാക്കിത്തന്നെയാണ് പാർട്ടിക്കു ബാലൻ പരിച തീർക്കുന്നത്. ഇനി പാർലമെന്ററി രംഗത്തേയ്ക്കുണ്ടോ എന്ന ചോദ്യത്തിനും ബാലൻ ഈ അഭിമുഖത്തിൽ മറുപടി നൽകുന്നു. മലയാള മനോരമ തിരുവനന്തപുരം ചീഫ് ഓഫ് ബ്യൂറോ സുജിത് നായരുമായി ‘ക്രോസ് ഫയറിൽ’ എ.കെ.ബാലൻ സംസാരിക്കുന്നു.
സിപിഎമ്മും മുഖ്യമന്ത്രിയും ഒരു പ്രശ്നത്തിൽ പെടുമ്പോൾ ഇപ്പോൾ ആദ്യം പ്രതികരണങ്ങൾക്കായി സമീപിക്കുന്നത് എ.കെ.ബാലനെയാണ്. അവരെ അദ്ദേഹം ഒരിക്കലും നിരാശരാക്കാറുമില്ല. ഉപമയും ഉത്പ്രേക്ഷയും ഒക്കെ ചേർത്ത് ബാലൻ പാർട്ടി നിലപാട് വ്യക്തമാക്കും. അതിന് ആരെങ്കിലും ബാലനെ ഔദ്യോഗികമായി ചുമതലപ്പെടുത്തിയിട്ടുണ്ടോ? അദ്ദേഹം പാർട്ടിയുടെ ഔദ്യോഗിക വക്താവായോ? രാഷ്ട്രീയകേന്ദ്രങ്ങളിൽ ഈ ചോദ്യങ്ങൾ ഇല്ലാതില്ല. പാർട്ടിയുടെ മാധ്യമമുഖമായി എങ്ങനെയാണ് മാറിയതെന്ന് ഈ അഭിമുഖത്തിൽ എ.കെ.ബാലൻ വിശദീകരിക്കുന്നു. രസകരമായ പ്രയോഗങ്ങളുടെ പിന്നിൽ എന്തെന്ന് വെളിപ്പെടുത്തുന്നു.
സിപിഎമ്മിന്റെ കേന്ദ്രകമ്മിറ്റി അംഗവും മുൻ മന്ത്രിയുമായ ബാലൻ സിപിഎമ്മിന്റെ സംസ്ഥാന നേതൃനിരയിലെ പ്രമുഖരിൽ ഒരാളാണ്. പാർലമെന്ററി– സംഘടനാ രംഗങ്ങളിലെ ദീർഘകാലത്തെ അനുഭവ സമ്പത്തു കൈമുതലാക്കിത്തന്നെയാണ് പാർട്ടിക്കു ബാലൻ പരിച തീർക്കുന്നത്. ഇനി പാർലമെന്ററി രംഗത്തേയ്ക്കുണ്ടോ എന്ന ചോദ്യത്തിനും ബാലൻ ഈ അഭിമുഖത്തിൽ മറുപടി നൽകുന്നു. മലയാള മനോരമ തിരുവനന്തപുരം ചീഫ് ഓഫ് ബ്യൂറോ സുജിത് നായരുമായി ‘ക്രോസ് ഫയറിൽ’ എ.കെ.ബാലൻ സംസാരിക്കുന്നു.
∙ പിണറായി വിജയന് ഒരു പ്രശ്നം വന്നാൽ ആദ്യം ഓടിയെത്തുന്ന സഖാവ് ഇപ്പോൾ എ.കെ.ബാലനാണോ?
ആ പറയുന്നതിൽ ഒരു അർഥവുമില്ല. കാരണം സഖാവ് പിണറായിയുമായി ബന്ധപ്പെട്ട പ്രശ്നങ്ങളിൽ എൽഡിഎഫും എന്റെ പാർട്ടിയും പ്രതികരിക്കുന്നുണ്ട്. ഞങ്ങളെപ്പോലുള്ള പാർട്ടി നേതാക്കളും പ്രവർത്തകരും പ്രതികരിച്ചു പോകാറുണ്ട്. അതിനപ്പുറം ഒരു പ്രത്യേക താൽപര്യം വച്ചു ഞാൻ പ്രതികരിക്കാറില്ല.
∙ പക്ഷേ താങ്കൾ ഒരു മുൻകൈ എടുക്കുന്നതായി തോന്നാറുണ്ടല്ലോ?
ചില കാര്യങ്ങളിൽ വ്യക്തത വരുത്താനായി ഞാൻ ഇടപെടാറുണ്ട്. വീണാ വിജയനുമായി ബന്ധപ്പെട്ട പ്രശ്നത്തിൽ ആദായനികുതി തർക്ക പരിഹാരബോർഡിന്റെ വിധി കൃത്യമായി വായിച്ചു മനസ്സിലാക്കിയ ആളാണ് ഞാൻ. അതുകൊണ്ട് ഒരു പുകമറ ഉണ്ടാക്കാനായി ചിലർ ഇറങ്ങിപ്പുറപ്പെട്ടപ്പോൾ ഞാൻ ഇടപെട്ടിട്ടുണ്ട്. അപ്പറഞ്ഞതു ശരിയാണെന്നു പിന്നീട് തെളിയുകയും ചെയ്തു.
മാത്യു കുഴൽനാടൻ എംഎൽഎ ആണല്ലോ അതു വല്ലാതെ ആക്രമിച്ച് അവതരിപ്പിച്ചത്. വീണ എന്തോ തെറ്റ് ചെയ്തെന്ന പ്രതീതി വരുത്താൻ അദ്ദേഹം നല്ല ശ്രമം നടത്തി. അതിന്റെ പൊള്ളത്തരം തുറന്നു കാട്ടാൻ എനിക്കു കഴിഞ്ഞു. കുഴൽനാടൻ ആദ്യം ഉന്നയിച്ച ആരോപണങ്ങളിൽനിന്നു വഴുതി മാറാൻ അദ്ദഹം നിർബന്ധിതനായി. അദ്ദേഹത്തിന്റെ പ്രതികരണങ്ങളുടെ വരികൾക്കിടയിൽ അതു കാണാം. ഇതിനെല്ലാം പിന്നിൽ ചില ബാഹ്യശക്തികളുണ്ട്.
∙ ആരാണ് ആ ബാഹ്യശക്തികൾ? രാഷ്ട്രീയ എതിരാളികൾ തന്നെയാണോ?
പിണറായി വിജയനെ നശിപ്പിക്കാൻ നടത്തുന്ന നീചമായ നീക്കങ്ങൾ ഇന്നോ ഇന്നലെയോ തുടങ്ങിയതല്ലല്ലോ. അതിന്റെ ചില അവശിഷ്ടങ്ങൾ കുഴൽനാടനെയും സ്വാധീനിച്ചിട്ടുണ്ട്. പക്ഷേ പഴയ വിഭാഗീയതയുമായി അതിന് ബന്ധമില്ല. കുഴൽനാടൻ കുഴപ്പത്തിന്റെ ട്രാക്കിൽ വീണുപോയെന്നാണ് എനിക്കു തോന്നുന്നത്. ആരോ അദ്ദേഹത്തിൽ സമ്മർദ്ദം ചെലുത്തിയിട്ടുണ്ട്.
പി.സി.ജോർജും അദ്ദേഹത്തിന്റെ മകനും ബിജെപിയിലേക്കു പോയ ദിവസം തന്നെയാണല്ലോ കേസ് എസ്എഫ്ഐഒയ്ക്കു കൈമാറുന്നത്. ഹൈക്കോടതിയിൽ കേസ് നിലനിൽക്കുമ്പോഴാണ് അവർ കേന്ദ്രത്തെ സമീപിക്കുന്നത്. പിണറായിയെയും അദ്ദേഹത്തിന്റെ കുടുംബത്തെയും കുടുക്കാനായി കഴിയാവുന്ന എല്ലാ സംവിധാനവും ഉപയോഗിക്കാൻ അവർ നോക്കി. ലാവ്‌ലിന്റെ മറ്റൊരു പതിപ്പായിതന്നെ കാണാം.
∙ ഈ ലോ പോയിന്റുകൾ എല്ലാം സ്വയം കണ്ടെത്തുന്നതാണോ? അതോ പാർട്ടിയുടെ സഹായമാണോ?
ഇത്തരം കാര്യങ്ങൾ സാധാരണ നിലയിൽ വായിച്ചാൽ എനിക്കു മനസ്സിലാകും. പിണറായിയേയോ അദ്ദേഹത്തിന്റെ കുടുംബത്തെയോ ഇതു വച്ച് ഒരു ചുക്കും ചെയ്യാൻ കഴിയില്ലെന്ന് പരിശോധിച്ചതിൽനിന്ന് എനിക്കു കൃത്യമായി ബോധ്യമായി. അല്ലെങ്കിൽ കാലം തെളിയിക്കട്ടെ. എന്തെങ്കിലും കുഴപ്പം സംഭവിച്ചാൽ അത് യുഡിഎഫുകാർക്കായിരിക്കും. അതു മനസ്സിലാക്കിയതുകൊണ്ടാണ് നിയമസഭയിൽ ഈ വിഷയം ഉയർത്തിയപ്പോൾ കുഴൽനാടൻ ഒറ്റപ്പെട്ടത്. തിരിഞ്ഞുകൊത്തുമെന്ന് പ്രതിപക്ഷത്തിന് അറിയാം.
∙ ഇത്തരം കാര്യങ്ങൾക്കു താങ്കൾ മുൻകൈ എടുക്കുന്നത് പിണറായി പറഞ്ഞിട്ടാണോ? അദ്ദേഹവുമായി ചർച്ച ചെയ്യാറുണ്ടോ?
ഞാൻ എന്റെ താൽപര്യം വച്ച് ഇടപെടുന്നതാണ്. ഇന്നേവരെ അദ്ദേഹം ഇക്കാര്യത്തിൽ ഒരു വാക്കു പോലും പറഞ്ഞിട്ടില്ല. അങ്ങനെ പറയുന്ന ശീലവും ഇല്ല.
∙ താങ്കളുടെ ഏതെങ്കിലും പ്രതികരണത്തെക്കുറിച്ചു പിന്നീട് കണ്ടപ്പോൾ പിണറായി കമന്റ് ചെയ്തിട്ടുണ്ടോ?
ഇല്ല. അങ്ങനെ ചോദിക്കുകയും പറയുകയും ചെയ്യുന്ന രീതി ഇല്ലല്ലോ. ചിലത് നമ്മൾ അക്കാദമിക് താൽപര്യത്തിന്റെ ഭാഗമായെടുക്കും. പാർട്ടിയേയും സർക്കാരിനെയും രാഷ്ട്രീയമായി പ്രതിരോധിക്കുക എന്നത് ഞങ്ങളുടെ ഉത്തരവാദിത്തമാണല്ലോ. പിണറായി നിരപരാധിയാണെന്ന് ഞങ്ങൾക്കെല്ലാം അറിയാം. അതുകൊണ്ടാണ് ഇത്ര ശക്തമായി എതിർക്കുന്നത്. മനസ്സിന്റെ ഉള്ളിൽ എന്തെങ്കിലും സംശയം ഉണ്ടായിരുന്നെങ്കിൽ ഈ നിലയിൽ ന്യായീകരിക്കാൻ ഞങ്ങൾ ഇറങ്ങുമായിരുന്നില്ല. ഒരു തെറ്റും ചെയ്യാത്ത ശുദ്ധനാണ് പിണറായി എന്ന് ആത്മധൈര്യത്തോടെതന്നെ ഞങ്ങൾക്കു പറയാൻ കഴിയും
∙ അല്ലാതെ പിണറായി പാർട്ടിയിലെ അതിശക്തനായ നേതാവും മുഖ്യമന്ത്രിയും ആയതുകൊണ്ടല്ല അദ്ദേഹത്തെ ന്യായീകരിക്കുന്നത്?
അതു തെറ്റാണ്. പിണറായി അല്ല, മറ്റൊരാളെയാണ് അനാവശ്യമായി പെടുത്തുന്നതെങ്കിലും ഞങ്ങൾ രംഗത്തുവരും. ആക്ഷേപങ്ങൾ ഉയരുമ്പോൾ പാർട്ടിക്കുള്ളിൽതന്നെ ചില സംവിധാനങ്ങളുണ്ടല്ലോ. അന്വേഷിച്ചു സംഘടനാപരമായിതന്നെ കാര്യങ്ങൾ വ്യക്തമാക്കും. ആ രൂപത്തിൽ ഒന്നും ഇതു പോയിട്ടില്ല. കാരണം ഇതിൽ ഒന്നുംതന്നെ ഇല്ലെന്ന് പ്രഥമദൃഷ്ട്യാതന്നെ ഞങ്ങൾക്ക് അറിയാം.
∙ പിണറായിയെ ന്യയീകരിക്കാനായി ദൈവത്തിന്റെ പ്രപഞ്ചോൽപത്തിയെക്കുറിച്ചു വരെ പറഞ്ഞല്ലോ? ദൈവവിശ്വാസി വരെ ആയോ?
നാട്ടിൻപുറത്ത് ജനിച്ച് ആ ജീവിതം ആസ്വദിക്കുന്നവരാണ് എന്നെപ്പോലുള്ളവർ. പഴമൊഴികളും നാട്ടിലുള്ള സംസാര രീതിയുമെല്ലാമാണ് എനിക്കു ചുറ്റുപാടുമുളളവരെ കൂടുതലായി ആകർഷിക്കുന്നത്. കാലിക രാഷ്ട്രീയത്തെ ആ പ്രയോഗങ്ങളുമായി ബന്ധിപ്പിച്ചു ഞാൻ സംസാരിക്കാറുണ്ട്. ദൈവ വിശ്വാസത്തിന്റെ പ്രശ്നം ഇതിൽ ഇല്ല. പ്രപഞ്ചം സൃഷ്ടിച്ച ദൈവം തന്നിക്കു കിട്ടിയ ഒരു ഒഴിവിൽ വിശ്രമിച്ചു എന്നാണ് ബൈബിളിലെ കഥ. ദൈവത്തിനു പോലും വിശ്രമിക്കാമെങ്കിൽ മനുഷ്യന്റെ കഥയോ?
ഷിക്കാഗോ സമരത്തിന്റെ പ്രധാനപ്പെട്ട മുദ്രാവാക്യംതന്നെ എട്ടുമണിക്കൂർ ജോലി, എട്ടുമണിക്കൂർ വിശ്രമം, എട്ടുമണിക്കൂർ ഉറക്കം എന്നതാണ്. കഴിഞ്ഞ ഒന്നു രണ്ടു വർഷം കർമ രംഗത്ത് മുഖ്യമന്ത്രിയുടെ ഇടപെടലുകളും സജീവതയും എല്ലാവർക്കും അറിയാവുന്നതല്ലേ. നവകേരള സദസ്സിനായി കേരളത്തിലെ 140 മണ്ഡലങ്ങളിലും പോയി, പിന്നീട് വിവിധ മേഖലകളിൽ ഉള്ളവരുടെ യോഗം വിളിച്ചു, തിരഞ്ഞെടുപ്പ് പ്രചാരണത്തിന് ഈ ചൂടത്ത് എഴുപതോളം യോഗങ്ങളിൽ പങ്കെടുത്തു. അത്രയും അധ്വാനിച്ച ഒരാൾ അൽപം വിശ്രമിക്കാമെന്നു തീരുമാനിച്ചതിന്റെ പ്രസക്തി ചൂണ്ടിക്കാണിക്കാനായി അങ്ങനെ പറഞ്ഞെന്നു മാത്രം.
∙ ‘പിണറായി വിജയാ’ എന്നു നീട്ടി വിളിച്ചാൽ വിദേശത്തുള്ള അദ്ദേഹം വരുമെന്നു പറഞ്ഞു, വിളിച്ചു നോക്കിയോ?
ഒന്നാമത്തെ കാര്യം ഒരു പാട് അകലേക്കല്ല അദ്ദേഹം പോയത്. പാർലമെന്റംഗമായിരുന്നപ്പോൾ ബൻസിലാലിന്റെ നേതൃത്വത്തിലുള്ള പാർലമെന്ററി സംഘത്തിന്റെ ഭാഗമായി ആൻഡമാൻ നിക്കോബർ ദ്വീപ് സമൂഹങ്ങളിൽ ഞാൻ പോയിരുന്നു. അതിൽ ഒരിടത്ത് എത്തിയപ്പോൾ അവിടെനിന്ന് 60 മൈൽ മാത്രമാണ് ഇന്തൊനീഷ്യയിലേക്ക് എന്ന് ബൻസിലാൽ പറഞ്ഞു. ഭൂമിശാസ്ത്രപരമായ ഒരു വസ്തുത തന്നെയാണ് അത്.
‘ഇവിടെനിന്ന് ഒന്നു കൂകിവിളിച്ചാൽ അവിടെ കേൾക്കുമല്ലോ’ എന്നു ഞാൻ മറുപടിയും പറഞ്ഞു. അതു മനസ്സിൽ വച്ചാണ് അങ്ങനെ പറഞ്ഞത്. സംസാരിക്കുമ്പോൾ എല്ലാം വാച്യാർഥത്തിൽ മാത്രമല്ലല്ലോ എടുക്കുക. പിണറായി പോയത് ബഹിരാകാശത്തേയ്ക്കൊന്നുമല്ലല്ലോ. തിരുവനന്തപുരത്തു നിന്ന് ഡൽഹിയിലേയ്ക്ക് വിമാനയാത്രയ്ക്ക് എടുക്കുന്ന സമയം തന്നെയല്ലേ ഗൾഫ് യാത്രയ്ക്കുമെടുക്കുന്നത്. വിദേശം എന്നു പറഞ്ഞാൽ പെട്ടെന്നൊന്നും എത്തിച്ചേരാൻ കഴിയാത്ത സ്ഥലം എന്ന പ്രതീതി ബോധപൂർവം ഉണ്ടാക്കുകയാണ്.ആ തീവ്രത ഒന്നു കുറയ്ക്കാനായാണ് അങ്ങനെ പറഞ്ഞത്.
∙ വക്താവായി താങ്കളെ പാർട്ടി നിയമിച്ചിട്ടില്ലെങ്കിലും അനൗപചാരികമായി അങ്ങനെ പ്രവർത്തിക്കാൻ പറഞ്ഞിട്ടുണ്ടോ?
സിപിഎമ്മിന് വക്താക്കൾ ഇല്ലല്ലോ. ഒന്നാം പിണറായി സർക്കാരിന്റെ കാലത്ത് ഗുരുതരമായ ആരോപണങ്ങൾ ഉയർന്നപ്പോൾ എല്ലാറ്റിനും ഞാൻ മറുപടി പറഞ്ഞിട്ടുണ്ട്. അത് നിങ്ങൾ മറന്നുപോയതുകൊണ്ടാകും. അന്നും ആരും എന്നെ ചുമതലപ്പെടുത്തിയിട്ടില്ല. നിയമ– പാർലമെന്ററികാര്യമന്ത്രി എന്ന നിലയിൽ അത് എന്റെ ബാധ്യതയുമായിരുന്നു.
∙ സിപിഎമ്മിന്റെ രീതി അനുസരിച്ച് പാർട്ടിയിൽ കൂടിയാലോചന നടത്താതെ എന്തിനും പ്രതികരിക്കാൻ താങ്കൾ ഇറങ്ങിപ്പുറപ്പെടുമെന്നു വിചാരിക്കാൻ പ്രയാസമുണ്ട്?
അങ്ങനെ ഒരു സംശയവും വേണ്ട. പാർട്ടി ലൈനിന് അനുസരിച്ച് തന്നെയാണ് ഞാൻ എക്കാലത്തും സംസാരിച്ചിട്ടുള്ളത്. അത് ഒരു പാർട്ടി അംഗത്തിന്റെ അവകാശമാണ്. അല്ലാതെ അതിനായി ആരും ചുമതലപ്പെടുത്തേണ്ടതില്ല. ഏതെങ്കിലും വിഷയത്തിൽ എന്റെ ഒരു പരാമർശം തെറ്റായിപ്പോയെന്നു വിചാരിക്കുക. എന്തുകൊണ്ടും അതു ചൂണ്ടിക്കാട്ടാൻ അധികാരമുള്ളവരാണ് മുഖ്യമന്ത്രിയും പാർട്ടി സെക്രട്ടറിയും. ചില കാര്യങ്ങളിൽ അങ്ങനെ സംഭവിക്കാറുണ്ടല്ലോ. എന്റെ കാര്യത്തിൽ ഇന്നേവരെ അങ്ങനെ ഉണ്ടായിട്ടില്ല. കാരണം അതു പരിപൂർണമായും പാർട്ടിയുടെയും സർക്കാരിന്റെയും നിലപാടുകളോടു ചേർന്നു തന്നെയായിരിക്കും. അല്ലാതെ ഒന്നും എന്റെ വായിൽ നിന്നു വീഴാറില്ല.
∙ ബോധപൂർവം വിഷയത്തിൽനിന്നു വ്യതിചലിപ്പിക്കാൻ വേണ്ടിയുള്ള പ്രതികരണങ്ങളല്ലേ താങ്കൾ പലപ്പോഴും നടത്തുന്നത്?
അതു നിങ്ങൾ മാധ്യമങ്ങൾ ചില വേണ്ടാത്ത ചർച്ചകൾ സംഘടിപ്പിക്കുമ്പോഴാണ്. ‘പിണറായി വിജയൻ അഴിമതിക്കാരനാണ്’ എന്നു വരുത്തിത്തീർക്കേണ്ടത് പലപ്പോഴും മാധ്യമങ്ങളുടെ ആവശ്യമാണ്. ആ വലയിൽ ജനങ്ങൾ വീഴാതിരിക്കാനുളള മുൻകരുതൽ ഞങ്ങൾ എടുക്കും. അപ്പോൾ ചർച്ച മാറ്റാൻ ബോധപൂർവം ചിലതു പറയേണ്ടിവരും
∙ പിണറായിയോടു സ്നേഹം കൂടിക്കൂടി വന്നപ്പോൾ ‘മരിച്ചാൽ പോലും കണ്ണടയില്ല’ എന്നു ശപിക്കാൻ വരെ മുതിർന്നല്ലോ?
ചെറുപ്പത്തിൽ അമ്മ പറഞ്ഞു കേട്ടിട്ടുള്ള ഒരു പ്രയോഗമാണ്. എനിക്കെതിരെ ഒരാൾ വല്ലാത്ത ക്രൂരത കാട്ടിയപ്പോഴും അമ്മ അതു പറഞ്ഞിട്ടുണ്ട്. ‘അവൻ മരിച്ചാലും കണ്ണടയില്ല’ ആ വിഷയം എന്താണെന്നു ഞാൻ പറയുന്നില്ല. പിണറായി എന്ന മനുഷ്യന് എപ്പോഴെങ്കിലും നിങ്ങൾ സ്വൈര്യം കൊടുക്കേണ്ടേ? അത്ര ഗ്ലാമർ അദ്ദേഹത്തിനു വേണ്ട, ജീവിക്കാനേ ഞങ്ങൾ അനുവദിക്കില്ല എന്ന് മാധ്യമങ്ങൾക്കു തോന്നുമ്പോൾ ക്യാമറ കണ്ണുകൾ പോലെ അടയാതിരിക്കും എന്നു ഞാൻ പറഞ്ഞെന്നു കരുതിയാൽ മതി.
∙ രണ്ടുതവണ മന്ത്രിയായിരുന്ന ആളല്ലേ താങ്കൾ, മുഖ്യമന്ത്രി പുറത്തു പോകുമ്പോൾ സ്വകാര്യ യാത്രയാണെങ്കിൽ പോലും ഒരു വാർത്താക്കുറിപ്പ് ഇറക്കേണ്ടതല്ലേ? എന്തിനാണ് ഈ രഹസ്യ സ്വഭാവം?
ഔദ്യോഗികമായി പോകുമ്പോൾ വിശദാംശങ്ങളെ മാധ്യമങ്ങളെ അറിയിക്കും. വ്യക്തിപരമായി പോകുമ്പോൾ കേന്ദ്രസർക്കാരിനെ പക്ഷേ അറിയിക്കേണ്ടതുണ്ട്. പാർട്ടിയുടെ അംഗീകാരം വേണം. അതു രണ്ടും ചെയ്തിട്ടുണ്ട്. അദ്ദേഹത്തിന് വരുമാനമുണ്ട്, ബാങ്ക് നിക്ഷേപമുണ്ട്. പൂർണമായും സ്വന്തം ചെലവിൽതന്നെയാണ് അദ്ദേഹം പോയത്.
∙ സിപിഎം സംസ്ഥാന സെക്രട്ടറിയായ പിണറായി വിജയൻ പുറത്തു പോകുമ്പോൾ ആവശ്യമുണ്ടെങ്കിൽ അറിയിച്ചാൽ മതി, പക്ഷേ കേരളത്തിന്റെ മുഖ്യമന്ത്രി രണ്ടാഴ്ചത്തേയ്ക്ക് വിദേശത്തു പോകുന്നത് അങ്ങനെയല്ലല്ലോ?
അതു പറഞ്ഞിട്ടുണ്ടല്ലോ. എവിടേക്കെല്ലാമാണ് പോകുന്നതെന്നും കേന്ദ്രസർക്കാരിന്റെ അംഗീകാരം വാങ്ങിയെന്നും പറഞ്ഞല്ലോ.
∙ അദ്ദേഹമോ ഓഫിസോ ഔദ്യോഗികമായി അക്കാര്യം അറിയിച്ചിട്ടില്ലല്ലോ? പത്രക്കുറിപ്പും ഉണ്ടായില്ല...
വിദേശത്തേയ്ക്കുളള സ്വകാര്യ സന്ദർശനമെന്നു പറയുമ്പോൾ അതിൽ ഔപചാരികത ഇല്ലല്ലോ. പിന്നെ പാർട്ടിയുടെ അംഗീകാരമുണ്ടെന്ന് സെക്രട്ടറിയും പറഞ്ഞല്ലോ. അതിന്റെ മുകളിൽ പിന്നെ വിവാദം ഉണ്ടാക്കേണ്ട കാര്യമില്ല.
∙ ചെലവിന്റെ കാര്യം പാർട്ടിയെ അറിയിച്ചോ?
അതിന്റെ ആവശ്യമില്ലല്ലോ. വ്യക്തിപരമായിട്ടാണ് പോകുന്നതെന്നു പറയുമ്പോൾതന്നെ അക്കാര്യം അന്തർലീനമാണല്ലോ.
∙ താങ്കൾ ‘മ്യൂസിയം’ ആകുമെന്നു പ്രവചിച്ച നവകേരള ബസ് ഇപ്പോൾ ബെംഗളൂരു റൂട്ടിൽ സർവീസ് നടത്തുകയാണല്ലോ? പ്രവചനം പിഴച്ചോ?
ആ പ്രവചനം ഏറ്റവും ശരിയായില്ലേ? അതിൽ സീറ്റേ കിട്ടുന്നില്ലല്ലോ. ലൈഫ് ടൈം കഴിയുമ്പോൾ ബസ് കാണാനായി ടിക്കറ്റെടുത്ത് ആളു കാണും എന്നാണ് പറഞ്ഞത്. ഇംഎംഎസും സി.അച്യുതമേനോനും ഉമ്മൻചാണ്ടിയുമെല്ലാം ഉപയോഗിച്ചിരുന്ന സാധനങ്ങൾ എത്ര വിലപിടിപ്പുള്ളതായിട്ടാണ് ഇന്ന് എല്ലാവരും കാണുന്നത്. കേരള മന്ത്രിസഭ ഒരു മാസം മുഴുവൻ യാത്ര ചെയ്ത ബസിനും അതേ മൂല്യം ഉണ്ടാകും. ആ അനുഭൂതി ഇപ്പോൾ നിങ്ങൾക്കു മനസ്സിലാകില്ല.
∙ വ്യക്തിപൂജയ്ക്ക് സിപിഎം എതിരാണല്ലോ, താങ്കളുടെ പല കമന്റുകളും ആ ഗണത്തിൽ വരില്ലേ?
അതിൽ അനൗചിത്യമൊന്നുമില്ല. ചില വ്യക്തികളോട് വല്ലാത്ത ആരാധന ഉണ്ടാകും. അത് ഏതു പാർട്ടി എന്നില്ല. ചില ആളുകളെ അടുത്തു പരിചയപ്പെടുമ്പോഴാണ് അവരുടെ വ്യക്തിത്വത്തിന്റെ മാഹാത്മ്യം മനസ്സിലാകുക. നമ്മുടെ വ്യക്തിത്വത്തെ പരിപാകപ്പെടുത്തുന്നതിലും വരുന്ന തലമുറയെ ഉദ്ദീപിപ്പിക്കുന്നതിലും എല്ലാം അങ്ങനെയുള്ളവരുടെ സമീപനം വലിയ പങ്കുവഹിക്കും. അപ്പോൾ നമ്മുടെ വർത്തമാനത്തിലും പെരുമാറ്റത്തിലും എല്ലാം ഒരു ആരാധനാ മനോഭാവം വരും. അടിയന്തരാവസ്ഥ പ്രഖ്യാപിച്ചതിനോട് എതിർപ്പുണ്ടെങ്കിലും ഇന്ദിരാഗാന്ധി, ഇംഎംഎസ്, സി.എച്ച് കണാരൻ ഒക്കെ ഇതുപോലെ ആകർഷിച്ചവരാണ്.
∙ താങ്കളിൽ അങ്ങനെ എന്തു സ്വാധീനമാണ് പിണറായി ഉണ്ടാക്കിയത്?
എനിക്കു മാത്രമല്ല. അദ്ദേഹവുമായി പരിചയപ്പെടുന്ന ആർക്കും അതു തോന്നാം. അദ്ദേഹത്തിന് എല്ലാറ്റിലും മൗലികത ഉണ്ട്. ഒരാളുടെയും സേവ പിടിക്കാൻ പോകില്ല. കാര്യങ്ങൾ മെറിറ്റിന്റെ അടിസ്ഥാനത്തിൽ മാത്രമേ ചെയ്യൂ. ആരെങ്കിലും പോയി എന്തെങ്കിലും പറയുന്നത് വിശ്വസിക്കില്ല.ഒരാൾ പറയുന്നതു മറ്റൊരാളോടു പറയില്ല. രാഷ്ട്രീയത്തിലെ മാന്യതയില്ലാത്ത സമീപനങ്ങൾക്ക് കൂട്ടു നിൽക്കില്ല.
വ്യക്തിജീവിതത്തിലായാലും ഔദ്യോഗിക ജീവിതത്തിലായാലും എല്ലാറ്റിലും വല്ലാത്ത ചിട്ട ഉണ്ട്. കണ്ടു പഠിക്കേണ്ടതാണ്. ചിലയാളുകൾക്കു ചില പ്രത്യേക കഴിവുകളുണ്ട്, ആ വ്യക്തിത്വങ്ങൾ മറ്റുളളവരിൽ ചെലുത്തുന്ന സ്വാധീനം വിലകുറച്ചു കണ്ടിട്ടു കാര്യമില്ല. സംഘാടകനായും ഭരണാധികാരിയായും നിർഭയനായ നേതാവ് എന്ന നിലയിലും പിണറായി ആളുകളെ ആകർഷിക്കുന്ന ഒരു നേതാവ് തന്നെയാണ്. ഞാനും കോടിയേരിയും ഇ.പി. ജയരാജനുമെല്ലാം പിണറായിയുടെ ശിക്ഷണത്തിൽ മുന്നോട്ടു വന്നവരാണ്.
∙ സിപിഎം ചിഹ്നമായ അരിവാൾ ചുറ്റികയെ നീരാളി, ഈനാം പേച്ചി എന്നിവയുമെല്ലാമായി താരതമ്യം ചെയ്തത് കടന്നു പോയില്ലേ?
രാജ്യത്തിന്റെ ഭരണഘടന, എൽഡിഎഫ് സർക്കാർ, പാർട്ടി– ഇതു മൂന്നും സംരക്ഷിക്കുക എന്നതായിരുന്നു ഈ തിരഞ്ഞെടുപ്പിലെ ഞങ്ങളുടെ ലക്ഷ്യങ്ങൾ. താങ്കൾ ഉദ്ദേശിക്കുന്ന കോഴിക്കോട്ടെ എന്റെ പ്രസംഗത്തിൽ 52 മിനിറ്റും ആദ്യത്തെ രണ്ടു കാര്യത്തെക്കുറിച്ചാണ് പറഞ്ഞത്. പാർട്ടി ചിഹ്നത്തെക്കുറിച്ചു പറഞ്ഞത് ഒന്നരമിനിറ്റാണ്. അതു മാത്രം വാർത്തയാക്കി ചിഹ്നം സംരക്ഷിക്കാനാണ് മത്സരിക്കുന്നതെന്ന വ്യാഖ്യാനം മാധ്യമങ്ങൾ കൊടുത്തു.
∙ താങ്കളുടെ ആ പ്രസ്താവനയെക്കുറിച്ചു താങ്കളോടു തന്നെ ചോദിക്കണമെന്നാണല്ലോ ഗോവിന്ദൻ പറഞ്ഞത്? പാർട്ടിക്ക് അതൃപ്തി ഉണ്ടായോ?
അതൃപ്തി ഉണ്ടായിട്ടില്ലെന്നു മാത്രമല്ല, എന്റെ പ്രസംഗം വൈകാരികമായി സഖാക്കളെ വല്ലാതെ സ്വാധീനിച്ചു. ഏതു സാഹചര്യത്തിലാണ് അതു പറഞ്ഞതെന്ന് എന്നോടു ചോദിക്കാനാണ് സെക്രട്ടറി പറഞ്ഞത്. തിരഞ്ഞെടുപ്പിൽ ചിഹ്നം നഷ്ടപ്പെടാൻ പോകുന്നെന്ന അപകട സന്ദേശം പോയാൽ പാർട്ടിയെ സംരക്ഷിക്കാനായി സഖാക്കൾ കൂട്ടത്തോടെ ഇറങ്ങും. അതാണ് സംഭവിച്ചത്.
∙ തിരഞ്ഞെടുപ്പു ഫലം വരുമ്പോൾ എന്തു സംഭവിക്കും? ചിഹ്നം നഷ്ടപ്പെടുന്ന സ്ഥിതിയാകുമോ?
ഒരിക്കലും സംഭവിക്കില്ല. എല്ലാ സീറ്റുകളും ജയിക്കുമെന്ന് യുഡിഎഫ് പറയുന്നതു പോലെ ഞങ്ങൾ അവകാശപ്പെട്ടാൽ അതു ശരിയാകില്ല. പക്ഷേ ചരിത്ര നേട്ടം എൽഡിഎഫിന് ഉണ്ടാകും.
∙ ലോക്സഭയിലേക്കുള്ള മത്സര രംഗത്തു താങ്കളുടെയും ഭാര്യയുടെയും പേരുണ്ടായിരുന്നല്ലോ?
എന്നെയും എന്റെ പാർട്ടിയേയും അറിയാവുന്ന ഒരാളും ഞാൻ സ്ഥാനാർഥിയാകുമെന്നു പറയില്ല. കാരണം എന്റെ ശക്തമായ നിലപാട് പാർട്ടിയെ അറിയിച്ചതാണ്. അതു തീരുമാനം തന്നെയാണ്. എന്നെ സംബന്ധിച്ചു പരമാവധി പരിഗണന പാർട്ടി നൽകിയിട്ടുണ്ട്. താങ്ങാൻ പറ്റാത്ത സ്ഥാനങ്ങളിലേയ്ക്കും പരിഗണിക്കുമെന്ന തോന്നൽ വന്നപ്പോൾ അതു വേണ്ടെന്ന് അങ്ങോട്ടു പറഞ്ഞിട്ടുള്ളയാളാണ് ഞാൻ. കൊക്കിലൊതുങ്ങുന്നതേ ഞാൻ കൊത്തൂ. ‘ബാലനെ തഴഞ്ഞു, ബാലനെ തഴഞ്ഞു’ എന്നു തെറ്റായി പ്രചരിപ്പിക്കുകയായിരുന്നു. അങ്ങനെ പ്രചരിപ്പിച്ചിട്ട് എന്തെങ്കിലും എന്റെ വായിൽ നിന്നു കിട്ടാൻ നോക്കിയിരിക്കുന്നവർ നിരാശരാകുകയേയുള്ളൂ.
ഞാൻ അസംതൃപ്തൻ അല്ലെന്നു മാത്രമല്ല, അങ്ങേയറ്റം ഭാഗ്യവാനാണെന്നു കൂടിയാണ് കരുതുന്നത്. എന്നെ അറിയാവുന്ന ആരും വേണ്ടാത്ത ഒരു കാര്യത്തിലേയ്ക്ക് എന്റെ പേര് വലിച്ചിഴയ്ക്കില്ല. ഭാര്യ ഡോ. പി.കെ. ജമീലയുടെ കാര്യവും അങ്ങനെത്തന്നെ. അവർ സിപിഎമ്മിന്റെ സമുന്നത നേതാവും കേന്ദ്രകമ്മിറ്റി അംഗവുമായിരുന്ന പി.കെ.കുഞ്ഞച്ചന്റെ മകളാണ്. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ മറ്റു മേഖലകളിലെ പ്രമുഖരെ പരിഗണിച്ചപ്പോൾ അവരുടെ പേരും ചർച്ച ചെയ്തു. അക്കാര്യം അന്നു സെക്രട്ടറിയായിരുന്ന കോടിയേരി ബാലകൃഷ്ണൻതന്നെ ഒരു അഭിമുഖത്തിൽ പറഞ്ഞിരുന്നു. അതിന്റെ പേരിൽ വിവാദങ്ങൾ വന്നതോടെ മത്സരിക്കാനില്ലെന്ന നിലപാട് അവരെടുത്തു. അതു ഞാൻ മുഖേന പാർട്ടിയെയും അറിയിച്ചു. അതും കോടിയേരി പുറത്തു പറഞ്ഞിട്ടുണ്ട്.
∙ അപ്പോൾ ഇനി തിരഞ്ഞെടുപ്പ് മത്സരങ്ങൾക്കില്ല എന്നാണോ?
ഞാൻ അവസാനിപ്പിച്ചതാണ്. ഇനി ലോക്സഭയിലേക്കോ നിയമസഭയിലേക്കോ ഒന്നുമില്ല. ശരീരവും മനസ്സും താങ്ങേണ്ടേ? ആ അധ്യായം അവസാനിച്ചു.
∙ കൊക്കിലൊതുങ്ങുന്നതേ കൊത്തൂ എന്നു താങ്കൾ പറഞ്ഞത് ദലിത് വിഭാഗത്തിൽനിന്ന് ആദ്യ പൊളിറ്റ് ബ്യൂറോ അംഗം ആകാൻ ഉണ്ടായിരുന്ന സാധ്യതയെക്കുറിച്ചാണോ?
ഒരു പദവിയെക്കുറിച്ചും ഞാൻ പറഞ്ഞിട്ടില്ല. ആളുകൾ അങ്ങനെ ചിന്തിക്കുന്നതിലും പറയുന്നതിലും തകരാറില്ല. പക്ഷേ ആരെങ്കിലും ചുണ്ടിൽ പഞ്ചസാര വച്ചാൽ അതു നുണച്ചിറക്കുന്ന രീതി എ.കെ.ബാലനില്ല.