ആറ്റംബോംബിട്ടാലും ഛിന്നഗ്രഹം വീണാലും മരണമില്ല! വെറും ‘കൂറ’യല്ല ഈ അദ്ഭുത ജീവി; ജീവിതകാലം മുഴുവൻ ഗർഭിണി!
Mail This Article
പാറ്റയെന്നും കൂറയെന്നും ഇംഗ്ലിഷിൽ കോക്റോച്ച് എന്നും അറിയപ്പെടുന്ന കൊച്ചുകീടത്തിന്റെ ശാസ്ത്രനാമം ബ്ലാറ്റെല്ലാ ജെർമാനിക്ക (Blatella Germanica) എന്നാണ്. പേരിട്ടതു പ്രശസ്ത പ്രകൃതി ശാസ്ത്രജ്ഞനായ കാൾ ലിന്നിയസാണ്. പേരുകേട്ട് കൂറ ജർമനാണെന്നു കരുതരുത്. കൂറ അറപ്പും വെറുപ്പും ഉണ്ടാക്കുന്നു. കുട്ടിക്കാലത്ത് ഇഡ്ഡലി കഴിക്കാനെടുത്തപ്പോൾ അതിനകത്തു പതിഞ്ഞു കിടക്കുന്ന ചത്ത കൂറയെ കണ്ടത് ഇപ്പോഴും അറപ്പോടെ ഓർക്കുന്നു. അന്റാർട്ടിക്ക ഒഴികെയുള്ള ഭൂഖണ്ഡങ്ങളിലെല്ലാം സർവവ്യാപിയാണു കൂറ. അതിന്റെ ദേശാടനവും ആഗോള വിഹാരവും ഹാർവഡ് സർവകലാശാലയിലെ ഡോ. ക്വാൻ ടാങ്ങും ഗവേഷകസംഘവും പഠിച്ചു. 6 ഭൂഖണ്ഡങ്ങളിലെ 17 രാജ്യങ്ങളിലെ 57 വ്യത്യസ്ത പ്രദേശങ്ങളിൽ നിന്നായി 280 തരം കൂറകളുടെ ജീൻ പരിശോധിച്ചു. ഇന്ത്യയിൽനിന്ന് 25 സാംപിൾ പഠനത്തിലുണ്ടായിരുന്നു. കൊൽക്കത്ത, ചെന്നൈ, മുംബൈ, വിജയവാഡ, സൂറത്ത് എന്നിവിടങ്ങളിൽനിന്ന് 5 സാംപിൾ വീതമാണു ശേഖരിച്ചത്. 2000 വർഷത്തെ ദേശാടനത്തിന്റെ ചുരുളുകളാണ് ഗവേഷകർ തുറന്നത്.