അന്ന് ആർഎസ്എസിന് മനസ്സിലായി, ഇനി വേണം ഒരു പാർട്ടി; വാജ്പേയി പറഞ്ഞു: ‘അന്ധകാരമകലും, സൂര്യനുദിക്കും, താമര വിടരും..’
Mail This Article
1980 ഡിസംബർ 28. മുംബൈയിലെ ശിവജി പാർക്ക് മൈതാനത്തിൽ പ്രത്യേകം സജ്ജീകരിച്ച കൂറ്റൻ പന്തൽ. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്നുള്ള അൻപതിനായിരത്തോളം പ്രതിനിധികൾ അണിനിരന്നിട്ടുണ്ട്. ജയപ്രകാശ് നാരായണൻ, ദീൻദയാൽ ഉപാധ്യായ എന്നിവരുടെ പടുകൂറ്റൻ ചിത്രങ്ങൾ സജ്ജീകരിച്ചിട്ടുണ്ട്. കാവി–പച്ച നിറങ്ങൾക്കു നടുവിൽ താമര ചിഹ്നം മുദ്രണം ചെയ്ത പതാകകൾ പാറിക്കളിക്കുന്നു. പുതിയ അധ്യക്ഷൻ അടൽ ബിഹാരി വാജ്പേയി പൊതു സമ്മേളനത്തിൽ സംസാരിക്കാനെഴുന്നേറ്റു. ‘പശ്ചിമഘട്ടത്തിന്റെ പശ്ചാത്തലമുള്ള ഈ സമുദ്ര തീരത്തു നിന്നു നിങ്ങളോടു ഞാൻ ആത്മവിശ്വാസത്തോടെ ഒരു ഭാവി പ്രവചനം നടത്തുകയാണ്. ‘അന്ധകാരമകലും, സൂര്യനുദിക്കും, താമര വിടരും..’ താമര ചിഹ്നം മുദ്രണം ചെയ്ത കാവിയും പച്ചയും കലർന്ന പതാകകൾ വീശി അണികൾ ഹർഷാരവം മുഴക്കി... ബിജെപി എന്ന രാഷ്ട്രീയ പാർട്ടിയുടെ രൂപീകരണം പൂർത്തിയാവുകയായിരുന്നു. 44 വർഷം താമരയെന്ന ഒരേ ചിഹ്നത്തിൽ മത്സരിക്കാൻ അവസരം കിട്ടിയ രാഷ്ട്രീയ പാർട്ടിയാണ് ബിജെപി. കഴിഞ്ഞ പത്തു വർഷമായി കേന്ദ്രം ഭരിക്കുന്നു.