‘ഉമ്മൻചാണ്ടിയെ വേണ്ടവിധം കെപിസിസി ഓർമിച്ചില്ല: പ്രതിപക്ഷ നേതാവിനെതിരെ സുധാകരൻ യോഗം വിളിക്കരുതായിരുന്നു’
ലോക്സഭാ തിരഞ്ഞെടുപ്പിലെ ഉജ്വല വിജയത്തിന്റെ ക്രെഡിറ്റ് ആ സമയത്ത് കെപിസിസി പ്രസിഡന്റിന്റെ ചുമതലയും യുഡിഎഫ് കൺവീനർ പദവിയും ഒരേ സമയം വഹിച്ച മുതിർന്ന നേതാവ് എ.എം.ഹസന് കൂടി അവകാശപ്പെടാം. എന്നാൽ വോട്ടെടുപ്പ് കഴിഞ്ഞ ഉടൻ ചുമതല തിരിച്ചേൽക്കാനുള്ള കെ.സുധാകരന്റെ തീരുമാനത്തിന്റെയും തുടർ വിവാദങ്ങളുടെയും പശ്ചാത്തലത്തിൽ ആ കാലഘട്ടത്തെക്കുറിച്ചു പ്രതികരിക്കാനേ അന്ന് എം.എം.ഹസൻ തയാറായില്ല. ഇപ്പോൾ അന്നത്തെ ഐക്യാന്തരീക്ഷത്തിന്റെ കാരണങ്ങളും വീണ്ടും പാർട്ടിക്കകത്ത് തർക്കങ്ങൾ ഉടലെടുത്തതും വിലയിരുത്തി എം.എം.ഹസൻ ‘ക്രോസ് ഫയറിൽ’ സംസാരിക്കുന്നു. പാർട്ടിയിലെ പുതിയ സർക്കുലർ വിവാദത്തിന്റെ പൊരുൾ എന്തെന്ന് ഇതിൽ അദ്ദേഹം മനസ്സ് തുറക്കുന്നു. പ്രിയപ്പെട്ട നേതാവ് ഉമ്മൻചാണ്ടിയുടെ ഓർമദിനം കെപിസിസി വേണ്ട വിധം ആചരിക്കാക്കാത്തതിൽ പാർട്ടിക്കുള്ളിലുള്ള അസംതൃപ്തി വെളിപ്പെടുത്തുന്നു. ഒപ്പം തദ്ദേശ തിരഞ്ഞെടുപ്പ് തയാറെടുപ്പുകളും വിശദമാക്കുന്നു. മലയാള മനോരമ തിരുവനന്തപുരം ചീഫ് ഓഫ് ബ്യൂറോ സുജിത് നായരുമായി എം.എം.ഹസൻ സംസാരിക്കുന്നു.
ലോക്സഭാ തിരഞ്ഞെടുപ്പിലെ ഉജ്വല വിജയത്തിന്റെ ക്രെഡിറ്റ് ആ സമയത്ത് കെപിസിസി പ്രസിഡന്റിന്റെ ചുമതലയും യുഡിഎഫ് കൺവീനർ പദവിയും ഒരേ സമയം വഹിച്ച മുതിർന്ന നേതാവ് എ.എം.ഹസന് കൂടി അവകാശപ്പെടാം. എന്നാൽ വോട്ടെടുപ്പ് കഴിഞ്ഞ ഉടൻ ചുമതല തിരിച്ചേൽക്കാനുള്ള കെ.സുധാകരന്റെ തീരുമാനത്തിന്റെയും തുടർ വിവാദങ്ങളുടെയും പശ്ചാത്തലത്തിൽ ആ കാലഘട്ടത്തെക്കുറിച്ചു പ്രതികരിക്കാനേ അന്ന് എം.എം.ഹസൻ തയാറായില്ല. ഇപ്പോൾ അന്നത്തെ ഐക്യാന്തരീക്ഷത്തിന്റെ കാരണങ്ങളും വീണ്ടും പാർട്ടിക്കകത്ത് തർക്കങ്ങൾ ഉടലെടുത്തതും വിലയിരുത്തി എം.എം.ഹസൻ ‘ക്രോസ് ഫയറിൽ’ സംസാരിക്കുന്നു. പാർട്ടിയിലെ പുതിയ സർക്കുലർ വിവാദത്തിന്റെ പൊരുൾ എന്തെന്ന് ഇതിൽ അദ്ദേഹം മനസ്സ് തുറക്കുന്നു. പ്രിയപ്പെട്ട നേതാവ് ഉമ്മൻചാണ്ടിയുടെ ഓർമദിനം കെപിസിസി വേണ്ട വിധം ആചരിക്കാക്കാത്തതിൽ പാർട്ടിക്കുള്ളിലുള്ള അസംതൃപ്തി വെളിപ്പെടുത്തുന്നു. ഒപ്പം തദ്ദേശ തിരഞ്ഞെടുപ്പ് തയാറെടുപ്പുകളും വിശദമാക്കുന്നു. മലയാള മനോരമ തിരുവനന്തപുരം ചീഫ് ഓഫ് ബ്യൂറോ സുജിത് നായരുമായി എം.എം.ഹസൻ സംസാരിക്കുന്നു.
ലോക്സഭാ തിരഞ്ഞെടുപ്പിലെ ഉജ്വല വിജയത്തിന്റെ ക്രെഡിറ്റ് ആ സമയത്ത് കെപിസിസി പ്രസിഡന്റിന്റെ ചുമതലയും യുഡിഎഫ് കൺവീനർ പദവിയും ഒരേ സമയം വഹിച്ച മുതിർന്ന നേതാവ് എ.എം.ഹസന് കൂടി അവകാശപ്പെടാം. എന്നാൽ വോട്ടെടുപ്പ് കഴിഞ്ഞ ഉടൻ ചുമതല തിരിച്ചേൽക്കാനുള്ള കെ.സുധാകരന്റെ തീരുമാനത്തിന്റെയും തുടർ വിവാദങ്ങളുടെയും പശ്ചാത്തലത്തിൽ ആ കാലഘട്ടത്തെക്കുറിച്ചു പ്രതികരിക്കാനേ അന്ന് എം.എം.ഹസൻ തയാറായില്ല. ഇപ്പോൾ അന്നത്തെ ഐക്യാന്തരീക്ഷത്തിന്റെ കാരണങ്ങളും വീണ്ടും പാർട്ടിക്കകത്ത് തർക്കങ്ങൾ ഉടലെടുത്തതും വിലയിരുത്തി എം.എം.ഹസൻ ‘ക്രോസ് ഫയറിൽ’ സംസാരിക്കുന്നു. പാർട്ടിയിലെ പുതിയ സർക്കുലർ വിവാദത്തിന്റെ പൊരുൾ എന്തെന്ന് ഇതിൽ അദ്ദേഹം മനസ്സ് തുറക്കുന്നു. പ്രിയപ്പെട്ട നേതാവ് ഉമ്മൻചാണ്ടിയുടെ ഓർമദിനം കെപിസിസി വേണ്ട വിധം ആചരിക്കാക്കാത്തതിൽ പാർട്ടിക്കുള്ളിലുള്ള അസംതൃപ്തി വെളിപ്പെടുത്തുന്നു. ഒപ്പം തദ്ദേശ തിരഞ്ഞെടുപ്പ് തയാറെടുപ്പുകളും വിശദമാക്കുന്നു. മലയാള മനോരമ തിരുവനന്തപുരം ചീഫ് ഓഫ് ബ്യൂറോ സുജിത് നായരുമായി എം.എം.ഹസൻ സംസാരിക്കുന്നു.
ലോക്സഭാ തിരഞ്ഞെടുപ്പിലെ ഉജ്വല വിജയത്തിന്റെ ക്രെഡിറ്റ് ആ സമയത്ത് കെപിസിസി പ്രസിഡന്റിന്റെ ചുമതലയും യുഡിഎഫ് കൺവീനർ പദവിയും ഒരേ സമയം വഹിച്ച മുതിർന്ന നേതാവ് എ.എം.ഹസന് കൂടി അവകാശപ്പെടാം. എന്നാൽ വോട്ടെടുപ്പ് കഴിഞ്ഞ ഉടൻ ചുമതല തിരിച്ചേൽക്കാനുള്ള കെ.സുധാകരന്റെ തീരുമാനത്തിന്റെയും തുടർ വിവാദങ്ങളുടെയും പശ്ചാത്തലത്തിൽ ആ കാലഘട്ടത്തെക്കുറിച്ചു പ്രതികരിക്കാനേ അന്ന് എം.എം.ഹസൻ തയാറായില്ല. ഇപ്പോൾ അന്നത്തെ ഐക്യാന്തരീക്ഷത്തിന്റെ കാരണങ്ങളും വീണ്ടും പാർട്ടിക്കകത്ത് തർക്കങ്ങൾ ഉടലെടുത്തതും വിലയിരുത്തി എം.എം.ഹസൻ ‘ക്രോസ് ഫയറിൽ’ സംസാരിക്കുന്നു.
പാർട്ടിയിലെ പുതിയ സർക്കുലർ വിവാദത്തിന്റെ പൊരുൾ എന്തെന്ന് ഇതിൽ അദ്ദേഹം മനസ്സ് തുറക്കുന്നു. പ്രിയപ്പെട്ട നേതാവ് ഉമ്മൻചാണ്ടിയുടെ ഓർമദിനം കെപിസിസി വേണ്ട വിധം ആചരിക്കാക്കാത്തതിൽ പാർട്ടിക്കുള്ളിലുള്ള അസംതൃപ്തി വെളിപ്പെടുത്തുന്നു. ഒപ്പം തദ്ദേശ തിരഞ്ഞെടുപ്പ് തയാറെടുപ്പുകളും വിശദമാക്കുന്നു. മലയാള മനോരമ തിരുവനന്തപുരം ചീഫ് ഓഫ് ബ്യൂറോ സുജിത് നായരുമായി എം.എം.ഹസൻ സംസാരിക്കുന്നു.
∙ തദ്ദേശ തിരഞ്ഞെടുപ്പ് തയാറെടുപ്പിലേക്ക് ഇത്തവണ കോൺഗ്രസ് കാലേക്കൂട്ടി നീങ്ങിയത് കഴിഞ്ഞ തവണത്തെ തിരിച്ചടി കണക്കിലെടുത്തു കൂടിയല്ലേ?
ലോക്സഭാ തിരഞ്ഞെടുപ്പിലെ വിജയം നിലനിർത്താൻ കഴിയണമെന്ന ലക്ഷ്യത്തോടെയുള്ള ശ്രമങ്ങളാണ് ആരംഭിച്ചിരിക്കുന്നത്. വളരെ മുൻകൂട്ടി തയാറെടുപ്പുകൾ നടത്താൻ കഴിഞ്ഞതിന്റെ ഫലമായിട്ടാണ് ലോക്സഭയിൽ നല്ല വിജയം നേടാൻ സാധിച്ചത്. തിരഞ്ഞെടുപ്പ് കാലത്ത് വളരെ ഐക്യത്തോടെ പ്രവർത്തിച്ചു. അപസ്വരങ്ങൾ ഉണ്ടായില്ല. അതിന് ജനങ്ങൾ ഇട്ട മാർക്കും വിജയത്തിൽ പ്രതിഫലിച്ചിട്ടുണ്ട്. സംഘടനാപരമായ ഒരു പാട് ദൗർബല്യങ്ങൾ പാർട്ടിക്കുണ്ടെങ്കിലും അതിനെ മറികടക്കുന്ന തരത്തിലുള്ള യോജിച്ച പ്രവർത്തനം എല്ലാവരിൽ നിന്നും ഉണ്ടായി.
∙ കഴിഞ്ഞ തവണ ലോക്സഭയിൽ വൻ വിജയം നേടിയിട്ടും തദ്ദേശത്തിൽ യുഡിഎഫ് തോറ്റു. അത് ആവർത്തിക്കില്ല എന്നതിന് എന്താണ് ഉറപ്പ്?
ആ സാഹചര്യം ഒഴിവാക്കാനാണ് ഞങ്ങൾ വയനാട്ടിൽ രണ്ടു ദിവസത്തെ ക്യാംപ് നടത്തി മുന്നൊരുക്കങ്ങളിലേക്കു കടന്നത്. 2010ൽ മാത്രമാണ് പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ വൻ വിജയം യുഡിഎഫിന് സാധിച്ചത്. കഴിഞ്ഞ തിരഞ്ഞെടുപ്പിൽ എൽഡിഎഫാണ് ജയിച്ചതെങ്കിലും നാൽപതു ശതമാനത്തോളം പഞ്ചായത്തുകൾ യുഡിഎഫിന് ലഭിച്ചിരുന്നു. എന്നാൽ കോർപറേഷൻ ഒന്നേ ലഭിച്ചുള്ളൂ, ജില്ലാ പഞ്ചായത്തുകളും തീർത്തും കുറഞ്ഞു. നേട്ടത്തിന്റെ തിളക്കം അതോടെ എൽഡിഎഫിനായി. ആ സ്ഥിതി ഇത്തവണ ഞങ്ങൾ മാറ്റും. ദേശീയ, സംസ്ഥാന സാഹചര്യങ്ങൾ കോൺഗ്രസിന് വളരെ അനുകൂലമാണ്.
∙ അന്നത്തെ സാഹചര്യവും ഇപ്പോഴത്തേതും തമ്മിൽ കാണുന്ന പ്രകടമായ വ്യത്യാസം എന്താണ്?
സ്ഥാനാർഥി നിർണയം, വോട്ടർ പട്ടികയിലെ ആളുചേർക്കൽ എന്നിവയൊന്നും അന്ന് നല്ല രീതിയിൽ നടത്താൻ കഴിഞ്ഞിരുന്നില്ല. സ്ഥാനാർഥിയെ മുകളിൽ നിന്ന് താഴേക്ക് തീരുമാനിക്കുന്ന രീതി ഉപേക്ഷിക്കാൻ സുൽത്താൻ ബത്തേരിയിലെ ക്യാംപിൽ തീരുമാനമെടുത്തു. ഓരോ വാർഡിലും സ്ഥാനാർഥി ആരെന്ന് അവിടെയുള്ള പ്രവർത്തകർ ചേർന്നു തീരുമാനിക്കും.
∙ കഴിഞ്ഞ തവണയും ഇതെല്ലാം പ്രഖ്യാപിച്ചതാണല്ലോ?
ഇത്തവണ കർശനമായി നടപ്പിലാക്കും. കഴിഞ്ഞ തവണ അതു സാധിക്കാഞ്ഞതുകൊണ്ടു കൂടിയാണല്ലോ ഉദ്ദേശിച്ച വിജയം ഉണ്ടാകാതെ പോയത്. വാർഡിലെ പ്രവർത്തകരുടെ വികാരം പരിഗണിച്ചാകും സ്ഥാനാർഥിയെ തീരുമാനിക്കുക. മുകളിൽനിന്നു കെട്ടിയിറക്കില്ല. എവിടെയെങ്കിലും പ്രവർത്തകരുടെ വികാരത്തിന് വിഘാതമായി സ്ഥാനാർഥി വന്നാൽ മാത്രം നേതൃത്വം പരിശോധിക്കും. ജയിക്കുന്നവരെ അല്ലേ സ്ഥാനാർഥികളാക്കേണ്ടത്? അല്ലാതെ ആരെയെങ്കിലും വച്ചിട്ട് എന്തു കാര്യം?
∙ ഇതൊക്കെ പറയുമ്പോഴും എൽഡിഎഫിന്റെ സംഘടനാപരമായ ശക്തി കുറച്ചു കാണാൻ കഴിയുമോ?
സംഘടനാ ശക്തികൊണ്ടു മാത്രം തിരഞ്ഞെടുപ്പ് ജയിക്കാൻ കഴിയില്ല. ജനവികാരമാണ് പ്രധാനം. ലോക്സഭാ തിരഞ്ഞെടുപ്പിൽ ദേശീയ രാഷ്ട്രീയമാണ് പ്രധാനമായും വിലയിരുത്തപ്പെടുന്നതെങ്കിലും ഇത്തവണ സംസ്ഥാന സർക്കാരിന്റെ ജനദ്രോഹ നടപടികൾക്കെതിരെയുള്ള വികാരമാണ് പ്രതിഫലിച്ചത്. അതിനെക്കാൾ രൂക്ഷമായ പ്രശ്നങ്ങളാണ് താഴെ പഞ്ചായത്തുകളിൽ നിലനിൽക്കുന്നത്.
∙ തദ്ദേശവും, നിയമസഭയും ഒക്കെയാകുമ്പോൾ സ്ഥിതി മാറുമെന്നാണല്ലോ വെള്ളാപ്പളളി നടേശനെ പോലുള്ളവർ പറയുന്നത്. എൽഡിഎഫ് വിരുദ്ധ വോട്ടുകൾ യുഡിഎഫിലേക്കും എൻഡിഎയിലേക്കുമായി ചിതറിപ്പോകുമ്പോൾ എൽഡിഎഫിന് തന്നെയാകില്ലേ ആനുകൂല്യം?
വാർഡിൽ മത്സരിക്കുന്ന സ്ഥാനാർഥിയുടെ ജനസ്വാധീനം അടക്കമുള്ള ഘടകങ്ങളാണ് പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ പ്രസക്തം. വെള്ളാപ്പള്ളിയുടെ കണക്കുകൂട്ടലൊന്നും വിലപ്പോകില്ല. എല്ലാ ജനവിഭാഗങ്ങളും അസംതൃപ്തരാണ്. അതു സർക്കാരിനെതിരെയുളള വികാരം മാത്രമല്ല, ഭൂരിപക്ഷം തദ്ദേശ സ്ഥാപനങ്ങൾ ഭരിക്കുന്നവർക്കെതിരെയുള്ള വികാരം കൂടിയാണ്. വ്യാപകമായ അഴിമതിയാണ് നടക്കുന്നത്. വികസന പ്രവർത്തനങ്ങൾ സ്തംഭിച്ചു. ഇപ്പോൾ തിരുവനന്തപുരം കോർപറേഷനെതിരേയുള്ള ഹൈക്കോടതിയുടെ നിരീക്ഷണങ്ങൾ കണ്ടില്ലേ?
∙ എൻഡിഎയുടെ മുന്നേറ്റം കോൺഗ്രസിനും ആശങ്ക ഉണ്ടാക്കുന്നില്ലേ? കോൺഗ്രസിന്റെ സിറ്റിങ് ലോക്സഭാ സീറ്റാണല്ലോ പോയത്?
പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ കഴിഞ്ഞ തവണയും ബിജെപി പലയിടത്തും ജയിച്ചിരുന്നു. ജനങ്ങളുടെ നിത്യജീവിതവുമായി ബന്ധപ്പെട്ടു പ്രവർത്തിക്കുന്ന പ്രവർത്തകർ ഞങ്ങളെ പോലെ ബിജെപിയിലുമുണ്ട്. കഴിഞ്ഞ തവണ ചില മുനിസിപ്പാലിറ്റികളിൽ അവർ അപ്രതീക്ഷിത ജയം നേടി. പക്ഷേ അവർക്കു ലഭിക്കുന്ന പിന്തുണ ബിജെപിക്കു ലഭിക്കുന്നതായി കാണാൻ കഴിയില്ല. ആ വോട്ടുകൾ ഞങ്ങളുടെ അടിത്തറയിൽ നിന്നു ചോരുന്നതുമല്ല. എൽഡിഎഫിനാകും ആ തലവേദന. മാർക്സിസ്റ്റ് പാർട്ടിയിൽ അസംതൃപ്തരായി നിൽക്കുന്ന ഒരു വിഭാഗത്തിന്റെ വോട്ട് ബിജെപിയിലേക്കു പോകുന്ന കാര്യവും വെള്ളാപ്പള്ളി പറഞ്ഞിരുന്നല്ലോ.
∙ കെട്ടിട നിർമാണ പെർമിറ്റ് ഫീസ് കുറച്ച് തദ്ദേശ തിരഞ്ഞെടുപ്പ് ലക്ഷ്യമിട്ടുള്ള തിരുത്തലുകൾ എൽഡിഎഫ് തുടങ്ങിയല്ലോ. അതു കുറേയൊക്കെ ജനങ്ങളെ സ്വാധീനിക്കില്ലേ?
ഒരു ഫലവും ഉണ്ടാകാൻ പോകുന്നില്ല. പെർമിറ്റ് ഫീസ് കൂട്ടിയപ്പോൾ ഇതു ക്രൂരമായ വർധനയാണെന്ന് പ്രതിപക്ഷം പറഞ്ഞതാണ്. പിൻവലിക്കണമെന്ന് ആവശ്യപ്പെട്ടതാണ്. അന്നൊന്നും ചെയ്യാതെ പഞ്ചായത്ത് തിരഞ്ഞെടുപ്പ് ആയതോടെ പേടിച്ചു കുറച്ചു. തിരഞ്ഞെടുപ്പിന് തൊട്ടു മുൻപ് പെട്രോളിനും ഡീസലിനും ബിജെപി സർക്കാർ വില കുറച്ചതു പോലെയുള്ള തട്ടിപ്പാണ് അതെന്ന് ജനങ്ങൾ തിരിച്ചറിയും. ജനങ്ങളുടെ ദാസനാണ് എന്നെല്ലാം ഇപ്പോൾ മുഖ്യമന്ത്രി അഭിനയിക്കുന്നതും ജനങ്ങൾ മനസ്സിലാക്കുന്നുണ്ട്.
∙ കോൺഗ്രസിന്റെ ഒരുക്കങ്ങൾ തീരുമാനിച്ചല്ലോ? പക്ഷേ യുഡിഎഫ് എന്ന നിലയിലുള്ള തയാറെടുപ്പ് തുടങ്ങിയോ?
ഓഗസ്റ്റ് 19ന് യുഡിഎഫിന്റെ സംസ്ഥാന ഏകോപന സമിതിയുടേയും ജില്ലാ ചെയർമാൻ– കൺവീനർമാരുടെയും ഏകദിന യോഗം കൊച്ചിയിൽ ചേരും. പഞ്ചായത്ത് തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട മുഴുവൻ കാര്യങ്ങളും ആ യോഗം ചർച്ച ചെയ്യും. വാർഡ് പുനർനിർണയത്തിനു വേണ്ടി എടുത്ത സർക്കാർ തീരുമാനത്തിന്റെ ഉദ്ദേശ ശുദ്ധിയിൽ ഞങ്ങൾക്കു സംശയമുണ്ട്. സർക്കാർ സംവിധാനം ഉപയോഗിച്ച് എൽഡിഎഫിന് അനുകൂലമായ ഡീലിമിറ്റേഷനാണ് നടക്കാൻ പോകുന്നത്. അതിനെ ഞങ്ങൾ ശാസ്ത്രീയമായി പഠിച്ചു ചെറുക്കും. വോട്ടർ പട്ടികയിൽ ആളെ ചേർക്കാൻ തുടങ്ങിയിട്ടുണ്ട്.
യുഡിഎഫിന്റെ വാർഡ് തല കമ്മിറ്റി രൂപീകരണം സംബന്ധിച്ച മാർഗരേഖ തയാറാക്കണം. ഓരോ പഞ്ചായത്തിന്റെയും ഭാവി വികസനം സംബന്ധിച്ച വ്യക്തമായ രൂപരേഖ അവതരിപ്പിച്ചാകും വോട്ടു തേടുക. ഓരോ പ്രദേശത്തെയും ജനങ്ങളെ ബാധിക്കുന്ന വിഷയങ്ങൾ ഉയർത്തിക്കൊണ്ടുവരും. തീരുമാനങ്ങൾ നടപ്പിലാക്കുന്നതിലെ പോരായ്മകൾ പരിഹരിക്കും. നിരന്തരമായ ചർച്ചയും തുടർ നടപടികളും ഏകോപനവും അതിന് ആവശ്യമാണ്.
∙ ഇതൊക്കെ പറയുമ്പോഴും കോൺഗ്രസിൽ തർക്കം ഒഴിഞ്ഞ നേരമില്ലല്ലോ. ഏറ്റവും ഒടുവിൽ സർക്കുലർ വിവാദമാണ് ചർച്ചാ വിഷയം. വയനാട് ക്യാംപിലെ തീരുമാനങ്ങൾ കെപിസിസി പ്രസിഡന്റിനു പകരം താഴേക്ക് പ്രതിപക്ഷ നേതാവ് അറിയിച്ചത് തെറ്റായിപ്പോയോ?
ഒറ്റക്കെട്ടായും ഐക്യത്തോടെയും മുന്നോട്ടുപോകണമെന്ന തീരുമാനമാണ് വയനാട്ടിൽ കോൺഗ്രസ് എടുത്തത്. എഐസിസി ജനറൽ സെക്രട്ടറി കെ.സി.വേണുഗോപാൽ പ്രത്യേക താൽപര്യം തന്നെ അതിനായി കൈക്കൊണ്ടു. അദ്ദേഹവും കേരളത്തിന്റെ ചുമതലയുള്ള എഐസിസി ജനറൽ സെക്രട്ടറി ദീപദാസ് മുൻഷിയും മുഴുവൻ സമയവും പങ്കെടുത്തു. വളരെ നല്ല ചർച്ചകളാണ് നടന്നത്.
മിഷൻ 2025 രേഖ അവതരിപ്പിക്കാൻ ചുമതലപ്പെടുത്തിയതു പ്രതിപക്ഷ നേതാവിനെ ആയിരുന്നല്ലോ. അതിന്റെ അടിസ്ഥാനത്തിൽ ജില്ലകളുടെ ചുമതല സീനിയർ നേതാക്കളെ ഏൽപ്പിച്ചത് നിലവിൽ ആ ജില്ലയുടെ ചുമതല വഹിക്കുന്ന കെപിസിസി ഭാരവാഹികളെ ഒഴിവാക്കിക്കൊണ്ടല്ല. തിരഞ്ഞെടുപ്പ് ആകുമ്പോൾ മുതിർന്ന നേതാക്കളെ ഏൽപ്പിക്കണമെന്നു കരുതിയാണ്. കെപിസിസി പ്രസിഡന്റ് അടക്കമുള്ളവർക്ക് കോർപറേഷന്റെ ചുമതല നൽകാനുള്ള തീരുമാനത്തിൽ നിന്നു പാർട്ടി ഉദ്ദേശിക്കുന്നതു വ്യക്തമാണ്.
ഈ തീരുമാനങ്ങൾ ബന്ധപ്പെട്ടവരെ അറിയിക്കാനായി ഒരു കുറിപ്പ് തയാറാക്കി പ്രതിപക്ഷ നേതാവ് അയച്ചെന്നാണ് ഞാൻ മനസ്സിലാക്കുന്നത്. ഇതെല്ലാം കാണിച്ച് കെപിസിസി പ്രസിഡന്റ് അയച്ച സർക്കുലറിലും ഇക്കാര്യങ്ങളൊക്കെ തന്നെയാണ് ഉള്ളത്. എന്നാൽ ഈ കുറിപ്പും സർക്കുലറും എല്ലാം വന്നപ്പോൾ തങ്ങളെ ചുമതലയിൽ നിന്നു മാറ്റിയെന്ന ആശങ്ക കെപിസിസി ഭാരവാഹികൾക്ക് ഉണ്ടായി. പക്ഷേ ക്യാംപിൽ വച്ചാരും അതു പറഞ്ഞില്ല.
അക്കാര്യം ചർച്ച ചെയ്യാനായി ഒരു ഓൺലൈൻ യോഗം ചേർന്നതും അവിടെ നടന്നതും നടക്കാത്തതുമായ ചർച്ചകൾ പുറത്തുവന്നതുമാണ് ഇപ്പോൾ വിവാദമായത്. വയനാട്ടിലെ ഐക്യാന്തരീക്ഷം തകർക്കുന്ന ഒരു നടപടിയും പാടില്ലെന്ന് കൂട്ടായി തീരുമാനിച്ച ശേഷം ഇതെല്ലാം സംഭവിച്ചത് തികച്ചും നിർഭാഗ്യകരമായി. അങ്ങനെ ചെയ്യുന്നവർക്ക് ആ സ്ഥാനത്ത് ഇരിക്കാനുള്ള അർഹത ഉണ്ടാകില്ലെന്നു കെ.സി.വേണുഗോപാൽ മുന്നറിയിപ്പ് നൽകിയതാണ്.
∙ തീരുമാനങ്ങൾ താഴേക്ക് അറിയിക്കാനായി പ്രതിപക്ഷ നേതാവ് കുറിപ്പ് കൈമാറുക, അതിനെതിരെ കെപിസിസിയുടെ യോഗം ഓൺലൈനായി തിരക്കിട്ട് ചേരുക. ഇതൊന്നും കേട്ടുകേൾവി ഇല്ലാത്തതാണല്ലോ?
തന്റെ ഭാരവാഹികൾക്ക് എന്തെങ്കിലും ആശങ്ക ഉണ്ടെങ്കിൽ അതു കെപിസിസി പ്രസിഡന്റ് അകറ്റണം. പക്ഷേ യോഗം വിളിച്ചല്ല അതു ചെയ്യേണ്ടത് എന്നാണ് എന്റെ അഭിപ്രായം. ഓരോരുത്തർക്കും ഓരോ ശൈലി ആണല്ലോ. ഈ ഭാരവാഹികൾ പലരും എന്നോടും സംസാരിച്ചു. അവരുടെ ആശങ്ക എഐസിസിയെ അറിയിക്കാൻ പോകുന്നുവെന്നാണ് അവർ പറഞ്ഞത്. തദ്ദേശ തിരഞ്ഞടുപ്പ് വന്നത് പ്രവർത്തകർക്ക് പദവികളിലേക്കു വരാനുള്ള അവസരമാണ്. അതിനു വിഘാതം വരുന്നതൊന്നും നേതാക്കളുടെ ഭാഗത്തുനിന്ന് ഉണ്ടാകാൻ പാടില്ല. യോജിച്ച തീരുമാനം എടുത്തു പിരിഞ്ഞ ശേഷം ഇത്തരം വാർത്തകൾ വരാനിടയായ സാഹചര്യം അനുവദിക്കാൻ പാടില്ലാത്തതാണ്.
∙ പക്ഷേ പാർട്ടി തീരുമാനങ്ങൾ താഴേക്ക് കൈമാറാനുള്ള അധികാരം കെപിസിസി പ്രസിഡന്റിനല്ലേ?
ശരിയാണ്. അദ്ദേഹം അത് അറിയിച്ചിട്ടുണ്ടല്ലോ. ആ സർക്കുലർ എന്റെ മുന്നിൽ ഉണ്ട്. കെപിസിസി പ്രസിഡന്റിന്റെ സർക്കുലറിലും ജില്ലയുടെ ചുമതലക്കാരുടെ കാര്യം വ്യക്തമായി പറഞ്ഞിട്ടുണ്ട്. സതീശനോട് ഞാൻ സംസരിച്ചു. മിഷൻ 2025 അവതരിപ്പിച്ച അദ്ദേഹത്തിനാണല്ലോ അതിന്റെ നടത്തിപ്പിന്റെയും ചുമതല. അത് വയനാട്ടിൽ വച്ചു തന്നെ അദ്ദേഹത്തെ ഏൽപ്പിച്ചതാണ്. അതിന്റെ അടിസ്ഥാനത്തിൽ കുറിപ്പ് തയാറാക്കി ബന്ധപ്പെട്ടവർക്കു കൈമാറി എന്നതിൽ കവിഞ്ഞ് ഒന്നും ഉണ്ടായിട്ടില്ലെന്നാണ് അദ്ദേഹം പറഞ്ഞത്. അത് ഒരു സർക്കുലറല്ല. ചുമതല ഉള്ളവർക്ക് കാര്യം മനസ്സിലാക്കാനും താഴേക്ക് റിപ്പോർട്ട് ചെയ്യാനുമായി ചില കാര്യങ്ങൾ അറിയിക്കുക മാത്രമാണ് ചെയ്തതെന്നാണ് അദ്ദേഹം പറഞ്ഞത്. അതിന്റെ പേരിൽ ഇങ്ങനെ ഒരു വിവാദം അനാവശ്യമാണ്.
∙ ജില്ലയുടെ ചുമതല ഉള്ള കെപിസിസി ഭാരവാഹികൾക്ക് അവരുടെ അധികാരം പോയെന്ന ആശങ്കയാണോ ഇതിനു പിന്നിൽ?
ഭാരവാഹികൾക്ക് ചില ആശങ്കകളെല്ലാം ഉണ്ടാകും. കാരണം കെപിസിസി പ്രസിഡന്റ് അയച്ച സർക്കുലറിലും അവരുടെ പേരില്ലല്ലോ. ഓരോ ജില്ലയ്ക്കും നിലവിലുള്ള ചുമതലക്കാർ അവിടെ ഉണ്ട്. നിയമസഭാ തിരഞ്ഞെടുപ്പുകളിൽ സംസ്ഥാന നേതൃത്വത്തിനു പുറമേ ദേശീയ തലത്തിലുള്ള സീനിയർ നേതാക്കൾ ചുമതല ഏൽക്കുന്നതു പോലെ തദ്ദേശ തിരഞ്ഞടുപ്പിൽ മുതിർന്ന സംസ്ഥാന നേതാക്കളെ ജില്ലാ ചുമതലയിലേക്ക് അധികമായി നിയോഗിക്കുകയാണ് ചെയ്തത്.
കെ.സി.വേണുഗോപാൽ പറഞ്ഞതും അതു തന്നെയാണ്. അങ്ങനെ ചെയ്യുമ്പോൾ നിലവിലെ ചുമതലക്കാരായ ഭാരവാഹികൾക്ക് എന്തെങ്കിലും അസ്വസ്ഥത ഉണ്ടായെങ്കിൽ അക്കാര്യം കെപിസിസി പ്രസിഡന്റ് അവരോടു സംസാരിക്കണം, ബോധ്യപ്പെടുത്തണം. അതിനു പകരം ഇത്തരം ഒരു യോഗം വിളിച്ചതും വാർത്ത വന്നതും ഐക്യാന്തരീക്ഷത്തിന് മങ്ങലേൽപ്പിച്ചു. കെ.സി.വേണുഗോപാലും ദീപദാസ് മുൻഷിയും ബന്ധപ്പെട്ടവരോടു സംസാരിച്ച് എത്രയും വേഗം പ്രശ്നം പരിഹരിക്കണം.
∙ ഇതിന്റെ പേരിൽ തിരുവനന്തപുരത്തെ ജില്ലാ യോഗത്തിൽ നിന്നു സതീശൻ വിട്ടു നിന്നല്ലോ? അദ്ദേഹവുമായി സംസാരിച്ചെന്നു പറഞ്ഞല്ലോ. താങ്കളോടും പ്രതിഷേധം വ്യക്തമാക്കിയോ?
തന്നെ വിമർശിക്കുന്നതിനോട് എതിർപ്പില്ല, പക്ഷേ ഇതെല്ലാം അനാവശ്യമായിപ്പോയി എന്നാണ് അദ്ദേഹം കരുതുന്നത്. വയനാട് ക്യാംപ് എടുത്ത തീരുമാനങ്ങൾ നടപ്പാക്കാൻ ശ്രമിച്ചതിന്റെ പേരിൽ ഇതാണ് സമീപനമെങ്കിൽ ആ ഉത്തരവാദിത്തം ഏറ്റെടുത്തു നീങ്ങുന്നതിന് ബുദ്ധിമുട്ടുണ്ടെന്ന് ഹൈക്കമാൻഡിനെ അറിയിച്ചെന്നാണ് അദ്ദേഹം പറഞ്ഞത്. കെപിസിസിക്കു തന്നെ ആ ഉത്തരവാദിത്തം കൈമാറുകയാണെന്നും വ്യക്തമാക്കി. മനംമടുത്തെന്ന് പറഞ്ഞു. ആ നിലപാട് ശരിയാണോ തെറ്റാണോ എന്നു ഞാൻ വിലയിരുത്തുന്നില്ല. അത് ഓരോരുത്തരെയും ആശ്രയിക്കുന്ന നിലപാടാണ്. പക്ഷേ അങ്ങനെ പ്രതിപക്ഷ നേതാവ് ഇങ്ങനെ മാറിനിൽക്കുന്നതിലേക്കു പോകാൻ കഴിയില്ല. ഹൈക്കമാൻഡ് പ്രശ്നം തീർക്കാൻ ശ്രമം നടത്തും.
∙ കെപിസിസി പ്രസിഡന്റ് ചെയ്യേണ്ട ചില കാര്യങ്ങൾ പ്രതിപക്ഷ നേതാവ് ഏറ്റെടുക്കുന്നുണ്ടോ? എങ്കിൽ അത് എന്തുകൊണ്ടാണ്?
തദ്ദേശ തിരഞ്ഞെടുപ്പിന്റെ കാര്യം വയനാട്ടിലെ യോഗത്തിൽ വച്ചു തന്നെ തീരുമാനിച്ചതല്ലേ. പ്രതിപക്ഷ നേതാവിന് അതിന്റെ പ്രധാന ചുമതല നൽകിയതാണല്ലോ. അതിന്റെ അടിസ്ഥാനത്തിൽ ഉള്ള നടപടികൾ അദ്ദേഹം ആരംഭിക്കുക മാത്രമാണ് ചെയ്തത്. അല്ലാതെ കെപിസിസി പ്രസിഡന്റിന്റെ അധികാരം കവരാൻ സതീശൻ ശ്രമിക്കുമെന്ന് ഞാൻ കരുതുന്നില്ല. പ്രത്യേകിച്ചും കെ.സുധാകരനെ പോലെ ഒരു നേതാവിനോട് ആലോചിക്കാതെ നീങ്ങുന്ന രീതി സതീശനില്ല. അവർ പരസ്പരം സംസാരിക്കണമെന്നു മാത്രമേയുളളൂ.
∙ പ്രതിപക്ഷ നേതാവും കെപിസിസി പ്രസിഡന്റും തമ്മിലുള്ള സംസാരം കുറവാണോ?
അത് എനിക്ക് അറിയില്ല. അവരോടു തന്നെ ചോദിക്കണം. ഞാൻ 18 മാസം പ്രസിഡന്റായിരുന്നപ്പോഴും അതിനു ശേഷം ഈ തിരഞ്ഞെടുപ്പ് കാലത്തും എല്ലാവരോടും ആലോചിച്ചാണ് ഓരോ നടപടിയും എടുത്തത്. പ്രതിപക്ഷ നേതാവിനോടു മാത്രമല്ല, ബന്ധപ്പെട്ട എല്ലാ നേതാക്കളുമായും ചർച്ച ചെയ്തു. അങ്ങനെ ആശയവിനിമയം നടത്തുന്നത് കൊണ്ട് ഗുണം മാത്രമേ ഉള്ളൂ. സ്ഥാനം ഉള്ളവരെയും ഇല്ലാത്തവരെയും ഒക്കെ ഉൾക്കൊണ്ടു പോയാലേ കോൺഗ്രസിലെ അന്തരീക്ഷം നന്നായിരിക്കൂ. നയപരമായ കാര്യങ്ങൾ ചർച്ച ചെയ്തു മാത്രമേ നീങ്ങാവൂ എന്ന് കെ.സി.വേണുഗോപാൽ എത്രയോ തവണ പറഞ്ഞിരിക്കുന്നു. പക്ഷേ അതിനു മുൻകൈ എടുക്കേണ്ടത് ആരാണ്? കെപിസിസി പ്രസിഡന്റ് അല്ലേ? അതു നടന്നിരുന്നെങ്കിൽ ഇതൊന്നും ഉണ്ടാകുമായിരുന്നില്ല.
∙ നിരന്തരമായ വിമർശനം ഉയർന്നിട്ടും പാർട്ടിയിൽ പരസ്പരധാരണ ഇല്ലെന്നല്ലേ ഇതിൽനിന്നു വ്യക്തമാകുന്നത്?
തിരഞ്ഞെടുപ്പ് കാലത്ത് ഞാൻ കെപിസിസി പ്രസിഡന്റിന്റെ പദവി വഹിച്ച ശേഷം കെപിസിസി കൈക്കൊണ്ട പല നടപടികളിലും വ്യത്യസ്തമായ അഭിപ്രായം എനിക്കുമുണ്ട്. അക്കൂട്ടത്തിൽ ഒരു കാര്യം പറയാതിരിക്കാൻ നിവൃത്തിയില്ല. ഉമ്മൻചാണ്ടിയുടെ ഒന്നാം ചരമവാർഷിക വേളയിൽ ഏറ്റവും വിപുലമായി അദ്ദേഹത്തെ അനുസ്മരിക്കേണ്ടത് തിരുവനന്തപുരത്തു വച്ചു കെപിസിസി അല്ലേ? അങ്ങനെ ചെയ്യാത്തതിൽ ഞങ്ങൾക്കെല്ലാം വലിയ മനോവേദനയുണ്ട്. അതെന്തുകൊണ്ടാണ്? ഉമ്മൻചാണ്ടിയുടെ ചരമവാർഷികം അടുത്തു വരുമ്പോൾ എന്തു ചെയ്യണമെന്ന് എല്ലാവരെയും ഇരുത്തി ആലോചിക്കുകയായിരുന്നു വേണ്ടത്. അതിനു മുൻകൈ എടുക്കേണ്ടത് കെപിസിസി അല്ലേ? ഒരു നല്ല അനുസ്മരണ പരിപാടി കെപിസിസി നടത്താതെ പോയതിൽ വിഷമം തോന്നുന്നു.
∙ ഉമ്മൻചാണ്ടി സ്മരണയെക്കുറിച്ചു ചർച്ച നടത്തിയേ ഇല്ലേ?
അങ്ങനെ ഒരു ചർച്ചയേ ഉണ്ടായിട്ടില്ല. ചർച്ചയ്ക്കു മുൻകൈ എടുക്കേണ്ടത് കെപിസിസി പ്രസിഡന്റ് അല്ലേ? ഞങ്ങളെ എല്ലാം വിളിച്ച് ആലോചിക്കണം. ഒടുവിൽ തിരുവനന്തപുരത്ത് അവസാന നിമിഷം പരിപാടിക്കു വേണ്ടിയുള്ള പരിപാടി സംഘടിപ്പിച്ചിട്ട് കെപിസിസി ജനറൽ സെക്രട്ടറി ടി.യു. രാധാകൃഷ്ണൻ എന്നെ വിളിച്ചു. കെപിസിസി പ്രസിഡന്റു തന്നെ ആ പരിപാടിയിൽ പങ്കെടുക്കുന്നില്ല. അതുകൊണ്ടു ഞാനും പോയില്ല. അങ്ങനെ ഒരു പരിപാടി അല്ല ഉമ്മൻ ചാണ്ടിക്കു വേണ്ടി സംഘടിപ്പിക്കേണ്ടത് എന്നതിൽ പ്രതിഷേധിച്ചു തന്നെയാണ് പോകാതിരുന്നത്. ഉമ്മൻചാണ്ടിയുടെ ചരമ വാർഷികം വരുമ്പോൾ എന്താണു ചെയ്യേണ്ടതെന്ന് പാർട്ടിക്കകത്ത് ആലോചിക്കേണ്ടേ?
∙ കോട്ടയത്തെ അനുസ്മരണ പരിപാടി കെപിസിസിയുടേതായിരുന്നില്ലേ?
കോട്ടയം ഡിസിസിയുടേതായിരുന്നു ആ പരിപാടി. കെപിസിസി അതിനോട് പിന്നീട് സഹകരിച്ചു കാണും. പക്ഷേ ഏറ്റവും വലിയ അനുസ്മരണം സംഘടിപ്പിക്കേണ്ടത് കെപിസിസി അല്ലേ? ഉമ്മൻചാണ്ടിയെ സ്നേഹിക്കുന്ന എത്ര ലക്ഷം പേരുണ്ട് ഈ നാട്ടിൽ. കെപിസിസി അദ്ദേഹത്തെ വേണ്ടവിധം അനുസ്മരിക്കാഞ്ഞത് എന്തുകൊണ്ടെന്ന് എത്രയോ പേർ എന്നോടു ചോദിച്ചു. കൂട്ടായ ചർച്ചകളുടെ അഭാവമാണ് ഇതിനെല്ലാം കാരണം.
∙ കെപിസിസി ആസ്ഥാനത്ത് കാര്യങ്ങൾ ഭദ്രമല്ലെന്ന അഭിപ്രായം പ്രതിപക്ഷ നേതാവ് അടക്കം പലരും പങ്കുവച്ചല്ലോ? ആക്ടിങ് പ്രസിഡന്റായിരുന്നയാൾ എന്ന നിലയിൽ എന്താണ് പ്രതികരണം?
കെപിസിസി പ്രസിഡന്റ് ലോക്സഭാംഗമാണ്. അദ്ദേഹം ഇല്ലാത്തപ്പോൾ പാർട്ടി ആസ്ഥാനത്തെ പ്രവർത്തനങ്ങൾ നല്ല നിലയിൽ കൊണ്ടുപോകേണ്ടത് ഭാരവാഹികളുടെ ചുമതലയാണ്. ഇത്തരം പരാതികൾ ഉയരാതിരിക്കാൻ അവരാണ് ശ്രദ്ധിക്കേണ്ടത്.
∙ തിരഞ്ഞെടുപ്പ് സമയത്ത് ആക്ടിങ് പ്രസിഡന്റ് ആയിരുന്ന താങ്കൾ ആ പദവിയിൽ നിന്ന് മാറിക്കൊടുത്തില്ലെന്ന പരാതി കെപിസിസി പ്രസിഡന്റിന് ഉണ്ടായല്ലോ?
എനിക്ക് ലഭിച്ചത് താൽക്കാലിക ചുമതലയാണെന്ന പൂർണബോധ്യം ഉണ്ടായിരുന്നു. എഐസിസി ഏതു സമയത്തു പറഞ്ഞാലും മാറിക്കൊടുക്കുമെന്നും വ്യക്തമാക്കി. ആ നിർദേശം വന്ന ഉടനെ അതു ചെയ്തു. തിരഞ്ഞെടുപ്പു പ്രക്രിയ പൂർത്തിയാകുന്നതു വരെ തുടരാനുള്ള നിർദേശമാണ് എനിക്കു നേരത്തേ ലഭിച്ചത്. തിരഞ്ഞെടുപ്പ് ഫലം പുറത്തു വരുന്നതു വരെ എന്നാണ് അതിൽനിന്ന് ഉദ്ദേശിക്കുന്നതെന്ന് എഐസിസി എന്നോട് വ്യക്തമാക്കുകയും ചെയ്തിരുന്നു. എന്നാൽ വോട്ടെടുപ്പ് കഴിയും വരെയാണ് ചുമതല എന്ന് കെ.സുധാകരൻ ചൂണ്ടിക്കാട്ടി. അദ്ദേഹം ആ നിലപാടെടുത്തതിന്റെ അടിസ്ഥാനത്തിൽ എഐസിസിയുടെ നിർദേശം വന്നപ്പോൾ ഞാൻ മാറി. അല്ലാതെ അവിടെ കടിച്ചു തൂങ്ങിയിരിക്കാൻ പറ്റില്ലല്ലോ.
∙ കെ.സുധാകരൻ തിരിച്ചു വന്നപ്പോൾ കെപിസിസി ആസ്ഥാനത്തെ ചടങ്ങിൽനിന്ന് താങ്കൾ വിട്ടു നിൽക്കുകയാണല്ലോ ചെയ്തത്?
ചുമതല തിരിച്ചേൽക്കുന്നതിന് പ്രത്യേക ചടങ്ങൊന്നും വേണ്ടെന്ന് എഐസിസി ജനറൽ സെക്രട്ടറി ദീപദാസ് മുൻഷി കെപിസിസിയോട് നിഷ്കർഷിച്ചിരുന്നു. അതുകൊണ്ട് കെ.സുധാകരൻ എന്നെ വിളിച്ച ഉടൻ തന്നെ അവരുമായി ഞാൻ ബന്ധപ്പെട്ടു. ചുമതല കൈമാറാനായി അവിടെ പോകേണ്ട കാര്യമില്ലെന്നും അതൊരു ചടങ്ങാക്കി മാറ്റേണ്ട കാര്യമില്ലെന്നുമാണ് അവർ പറഞ്ഞത്.
∙ രണ്ടു വട്ടം ആക്ടിങ് പ്രസിഡന്റായിരുന്ന താങ്കൾ സ്ഥിരം പ്രസിഡന്റ് പദവിക്കു ശ്രമിക്കുന്നതായി കോൺഗ്രസിൽ പ്രചാരണം ഉണ്ടല്ലോ?
അതൊന്നും ഞാൻ പ്രചരിപ്പിക്കുന്നതല്ലല്ലോ. 18 മാസം പ്രസിഡന്റിന്റെ ചുമതല നേരത്തേ നിർവഹിച്ചിരുന്നതു കൊണ്ട് മുൻ പ്രസിഡന്റ് എന്ന അംഗീകാരം എനിക്കുണ്ടല്ലോ. ഞാൻ അതിൽ സംതൃപ്തനാണ്.
∙ കൂടോത്ര വിവാദമെല്ലാം കോൺഗ്രസിന് ഭൂഷണമാണോ?
ആ വിവാദമെല്ലാം കെട്ടടങ്ങി. ഇനി അതിനെക്കുറിച്ച് പറയാൻ ആഗ്രഹിക്കുന്നില്ല.
∙ പ്രതിപക്ഷനേതാവിനും കെപിസിസി പ്രസിഡന്റിനും ഇടയിൽ പെട്ടു പോകുന്ന സ്ഥിതി യുഡിഎഫ് കൺവീനർക്കുണ്ടോ?
ഞാൻ അതിനിടയിലൊന്നും പെടുന്നില്ല. എന്നോട് വളരെ അടുത്ത ബന്ധം പുലർത്തിയിരുന്നവരാണ് ഉമ്മൻചാണ്ടിയും രമേശ് ചെന്നിത്തലയും. അവർക്കിടയിൽ ചില അസ്വാരസ്യങ്ങൾ ഉണ്ടാകുമ്പോൾ ഞാൻ ഇടപെടുമായിരുന്നു. ഇപ്പോൾ എനിക്ക് അതിന്റെ ആവശ്യമില്ല. പ്രതിപക്ഷനേതാവ് യുഡിഎഫ് ചെയർമാനും ഞാൻ കൺവീനറുമാണ്. ഞങ്ങൾ തമ്മിൽ ഒരു പ്രശ്നവും ഇല്ല. എല്ലാ ദിവസവും സംസാരിക്കാറുണ്ട്. കെപിസിസി പ്രസിഡന്റ് എന്നെ ബന്ധപ്പെട്ടാൽ അല്ലേ അവർക്കിടയിൽ ഞാൻ പെടൂ. ഞാനുമായി ഇത്തരം കാര്യങ്ങൾ അദ്ദേഹം ചർച്ച ചെയ്യാറില്ല.
∙ കെപിസിസി പ്രസിഡന്റും യുഡിഎഫ് കൺവീനറും തമ്മിൽ ബന്ധമില്ലെന്നാണോ ഞങ്ങൾ കരുതേണ്ടത്?
ബന്ധത്തിനൊന്നും ഒരു തകരാറുമില്ല. പക്ഷേ ആശയവിനിമയം കുറവാണ്. അത് അദ്ദേഹത്തിന്റെ ശൈലിയായിരിക്കാം.
∙ യുഎസിലെ ചികിത്സ കഴിഞ്ഞെത്തിയ കെ.സുധാകരൻ തന്റെ ആരോഗ്യ പ്രശ്നങ്ങളെല്ലാം പരിഹരിച്ചെന്നാണ് ഇതേ പംക്തിയിൽ പറഞ്ഞത്. അനാരോഗ്യം കെപിസിസി പ്രസിഡന്റിനെ അലട്ടുന്നുണ്ടോ?
ആരോഗ്യ പ്രശ്നങ്ങളെ എല്ലാം അതിജീവിച്ചെന്നാണ് അദ്ദേഹം ഞങ്ങളോടു പറഞ്ഞത്. ഞങ്ങളാരും ഡോക്ടർമാരല്ലല്ലോ.
∙ തദ്ദേശ തിരഞ്ഞെടുപ്പിനു മുൻപായി കെപിസിസിയിൽ അഴിച്ചുപണി സാധ്യത ഉണ്ടോ?
ഞാൻ അതു കാണുന്നില്ല. എഐസിസി തീരുമാനിക്കേണ്ട ഒരു കാര്യത്തിൽ ഞാൻ എന്ത് അഭിപ്രായം പറയാനാണ്!
∙ കേരള പ്രവാസി അസോസിയേഷൻ എന്ന ആരും കേട്ടിട്ടില്ലാത്ത സംഘടനയെ യുഡിഎഫിൽ പ്രത്യേക ക്ഷണിതാവാക്കിയത് ഏതു സാഹചര്യത്തിലാണ്?
പേര് അസോസിയേഷൻ എന്നാണെങ്കിലും പ്രവാസികളുടെ പേരിൽ രജിസ്റ്റർ ചെയ്തിട്ടുള്ള പാർട്ടിയാണ് അതെന്നാണ് ഞാൻ മനസ്സിലാക്കുന്നത്. പ്രവാസി ക്ഷേമത്തിൽ യുഡിഎഫ് വലിയ താൽപര്യം കാണിക്കാറുണ്ട്. ലോക്സഭാ തിരഞ്ഞെടുപ്പിൽ അവർ മുസ്‌ലിം ലീഗിനു വേണ്ടി പ്രവർത്തിച്ചിരുന്നു. അതിനു ശേഷം അവരെ ഘടകകക്ഷിയാക്കണമെന്ന് ലീഗ് ആവശ്യപ്പെട്ടു. തദ്ദേശ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് യുഡിഎഫിനു മുൻപാകെ അവർ നടത്തിയ ഡിജിറ്റൽ അവതരണം മികച്ചതായിരുന്നു. പ്രവാസികളുടെ പ്രശ്നത്തിനു വേണ്ടി പ്രവർത്തിക്കുന്ന പാർട്ടി എന്നതു കണക്കിലെടുത്തും തിരഞ്ഞെടുപ്പിൽ അവരുടെ മികവ് പ്രയോജനപ്പെടുത്താൻ കഴിയുമെന്നു കണ്ടും കൂട്ടായ തീരുമാനത്തിന്റെ അടിസ്ഥാനത്തിലാണ് അവരെ ക്ഷണിതാവാക്കിയത്.
∙ സിപിഐ യുഡിഎഫിലേക്കു വരണമെന്ന് താങ്കൾ അഭിപ്രായപ്പെട്ടത് ഗൗരവത്തിലാണോ അതോ ആ സാഹചര്യത്തിൽ നടത്തിയ പ്രതികരണമാണോ?
സിപിഐ മത്സരിക്കുന്ന രണ്ടു സീറ്റുകളിലെ സിപിഎം– ബിജെപി അന്തർധാര വ്യക്തമായിരുന്നല്ലോ. രണ്ടിടത്തും അവർ തോറ്റു. കോൺഗ്രസ് നേതൃത്വം നൽകുന്ന ഇന്ത്യാ മുന്നണിയുടെ ഭാഗമായ അവർ പുതിയ രാഷ്ട്രീയ സാഹചര്യത്തിൽ ഇടതുപക്ഷത്തു തുടരുന്നതിൽ അർഥമില്ല. സിപിഐയുടെ അണികളിൽ തന്നെ ആ വികാരം ശക്തമാണ്. അത്തരമൊരു രാഷ്ട്രീയ ധ്രുവീകരണത്തിനു സമയമായി. സിപിഐയുടെ അടുത്ത പാർട്ടി കോൺഗ്രസിൽ ഇക്കാര്യത്തിൽ ചർച്ച വരുമെന്നാണ് ഞാൻ കരുതുന്നത്.