‘2018 അല്ല, ഇനി കേരളത്തിൽ മറ്റൊരു തരം പ്രളയം; കാലാവസ്ഥയിൽ അസ്വഭാവിക മാറ്റം; ഇനിയും ഇടിയാൻ ബാക്കിയുണ്ടോ എന്ന് നോക്കണം’
അപ്രതീക്ഷിതമായി പെയ്തിറങ്ങിയ മഴയിൽ, കേരളം കണ്ട ഏറ്റവും വലിയ പ്രകൃതി ദുരന്തത്തിന് സാക്ഷിയാവുകയാണ് വയനാട്. ഒരു നാടൊന്നാകെ ഉരുൾപൊട്ടലിൽ ഒലിച്ചില്ലാതാവുന്ന കാഴ്ച! കേരളത്തിന് ഇത്തരം ദുരന്തങ്ങൾ പുതിയ കാഴ്ചയല്ലാതായിട്ട് കുറച്ചുകാലമായി. 2018ലെ മഹാപ്രളയത്തിനു ശേഷം പെട്ടിമുടിയിലും കവളപ്പാറയിലും പുത്തുമലയിലും മലവെള്ളപ്പാച്ചിലിൽ ജീവിതങ്ങൾ മറഞ്ഞുപോയത് നമ്മുടെ കൺമുന്നിലാണ്. കവളപ്പാറയിൽ, മണ്ണിനടിയിൽ ഇനിയും ബാക്കിയാണ് രക്ഷിക്കാനാവാതെ പോയവർ. എന്തുകൊണ്ടാണ് കേരളം തുടർച്ചയായി ഇത്തരം ദുരന്തങ്ങൾക്ക് സാക്ഷിയാവുന്നത്? സംസ്ഥാനം വീണ്ടും പ്രളയഭീതിയിലേക്കാണോ നീങ്ങുന്നത്? എങ്ങനെ ഇത്തരം ദുരന്തങ്ങളെ പ്രതിരോധിക്കാം? കുസാറ്റ് റഡാർ ഗവേഷണ കേന്ദ്രം ശാസ്ത്രജ്ഞൻ ഡോ.എം.ജി.മനോജ് സംസാരിക്കുന്നു.

അപ്രതീക്ഷിതമായി പെയ്തിറങ്ങിയ മഴയിൽ, കേരളം കണ്ട ഏറ്റവും വലിയ പ്രകൃതി ദുരന്തത്തിന് സാക്ഷിയാവുകയാണ് വയനാട്. ഒരു നാടൊന്നാകെ ഉരുൾപൊട്ടലിൽ ഒലിച്ചില്ലാതാവുന്ന കാഴ്ച! കേരളത്തിന് ഇത്തരം ദുരന്തങ്ങൾ പുതിയ കാഴ്ചയല്ലാതായിട്ട് കുറച്ചുകാലമായി. 2018ലെ മഹാപ്രളയത്തിനു ശേഷം പെട്ടിമുടിയിലും കവളപ്പാറയിലും പുത്തുമലയിലും മലവെള്ളപ്പാച്ചിലിൽ ജീവിതങ്ങൾ മറഞ്ഞുപോയത് നമ്മുടെ കൺമുന്നിലാണ്. കവളപ്പാറയിൽ, മണ്ണിനടിയിൽ ഇനിയും ബാക്കിയാണ് രക്ഷിക്കാനാവാതെ പോയവർ.
എന്തുകൊണ്ടാണ് കേരളം തുടർച്ചയായി ഇത്തരം ദുരന്തങ്ങൾക്ക് സാക്ഷിയാവുന്നത്? സംസ്ഥാനം വീണ്ടും പ്രളയഭീതിയിലേക്കാണോ നീങ്ങുന്നത്? എങ്ങനെ ഇത്തരം ദുരന്തങ്ങളെ പ്രതിരോധിക്കാം? കുസാറ്റ് റഡാർ ഗവേഷണ കേന്ദ്രം ശാസ്ത്രജ്ഞൻ ഡോ.എം.ജി.മനോജ് സംസാരിക്കുന്നു.
∙ തുടരെ തുടരെ ഇത്തരം ഉരുൾപൊട്ടലുകൾക്കും പ്രകൃതി ദുരന്തങ്ങൾക്കും കേരളം സാക്ഷിയാവുന്നതെന്തുകൊണ്ടാണ്?
കേരളത്തിലെ കാലാവസ്ഥയിൽ 2015നു ശേഷം ഉണ്ടായിട്ടുള്ളത് വളരെ അസ്വാഭാവികമായ ഒരു മാറ്റമാണ്. 2015–16, 2016–17 കാലഘട്ടമൊക്കെ നല്ല വരൾച്ചയാണ് നേരിട്ടത്. 2024ൽ നമ്മളനുഭവിച്ചതിന് സമാനമായ വരൾച്ചയായിരുന്നു 2017ലും ഉണ്ടായിരുന്നത്. അതിനുശേഷം ഓഖി, രണ്ടു പ്രളയങ്ങൾ, ഒട്ടേറെ ഉരുൾപൊട്ടലുകൾ ഒക്കെയുണ്ടായി. 2024 ജൂലൈ പകുതി വരെ നമുക്ക് ആവശ്യത്തിന് മഴ ലഭിച്ചിരുന്നില്ല. 16–20 ശതമാനം ഒക്കെ മഴ കുറവായിരുന്നു. ജൂലൈ അവസാനത്തോടെയാണ് കേരളത്തിൽ മഴ ആവശ്യത്തിന് ലഭിച്ചു തുടങ്ങിയത്.
കേരളത്തിൽ വളരെ പെട്ടെന്ന് വലിയ അളവിൽ മഴയുണ്ടാവുന്നതിന്റെ കാരണങ്ങളിലൊന്ന് അറബിക്കടൽ ചൂടാവുന്നതാണ്. ലോകത്തിലെ വിവിധ സമുദ്രങ്ങൾ ചൂടാവുന്നതിന്റെ രണ്ടിരട്ടിയാണ് അറബിക്കടലിലെ ചൂടിന്റെ തോത്. അതുകൊണ്ടുതന്നെ ഏതു സമയവും കൂമ്പാര മേഘങ്ങൾക്ക് അനുയോജ്യമായ സാഹചര്യം കേരളത്തിൽ സൃഷ്ടിക്കപ്പെടാം. കളമശ്ശേരിയിലുണ്ടായ മേഘവിസ്ഫോടനം ഒക്കെ ഓർമയുണ്ടാവുമല്ലോ. ചെറിയ ന്യൂനമർദം പോലും ശക്തമാവുന്നത് ഈ ചൂടുപിടിക്കൽ കാരണമാണ്. രണ്ടാമത്തെ കാരണം നമ്മുടെ ഭൂപ്രകൃതിയാണ്. പശ്ചിമഘട്ടത്തിന്റെ സാന്നിധ്യം കൊണ്ടുതന്നെ നീരാവി നിറഞ്ഞ കാറ്റിന് വളരെവേഗം മുകളിലേക്കുയരാനും പുതിയ മേഘങ്ങളുണ്ടാക്കാനും അതിവേഗം കഴിയും.
∙ വയനാട്ടിലും കോഴിക്കോടും ഉരുൾപൊട്ടൽ, ഏതാണ്ടെല്ലാ ജില്ലകളിലും ശക്തമായ മഴ. കേരളം വീണ്ടും ഒരു പ്രളയത്തിലേക്ക് നീങ്ങുമോ?
2018ലെ പ്രളയം പോലെ ഒന്നാവില്ല ഉണ്ടാവുക. പക്ഷേ, ഒറ്റപ്പെട്ട പ്രാദേശിക പ്രളയങ്ങൾക്ക് കേരളത്തിൽ സാധ്യതയുണ്ട്. അതാണ് ഇക്കൊല്ലം കേരളത്തിൽ പ്രതീക്ഷിക്കേണ്ടതും. വടക്കൻ കേരളത്തിൽ കഴിഞ്ഞ ഒരാഴ്ചയായി ശക്തമായ മഴയാണ്. നിർമാണ പ്രവർത്തനങ്ങൾ നടക്കുന്ന പലയിടങ്ങളിലും വെള്ളക്കെട്ടുകൾ രൂപപ്പെടുന്നുണ്ട്. അതിതീവ്രമായ മഴ വളരെപ്പെട്ടെന്ന് ഉണ്ടാവുന്നിടത്ത് പ്രളയസമാനമായ സാഹചര്യത്തിലേക്ക് പോകുകയാണ്. ജൂലൈ 28 വരെ ഏറ്റവും കൂടുതൽ മഴ കണ്ണൂരിലായിരുന്നു. അന്ന് വയനാട്ടിൽ മഴ കുറവായിരുന്നു താനും.
∙ മുൻപ് ഉരുൾപൊട്ടലുണ്ടായ സ്ഥലങ്ങൾക്ക് സമീപമാണ് ഇത്തവണയും ദുരന്തം. തുടർച്ചയായ സ്ഥലങ്ങളിൽ ഉരുൾപൊട്ടൽ ഉണ്ടാവുന്നത് എന്തുകൊണ്ടായിരിക്കും?
അടുപ്പിച്ച് കുറേ ദിവസമായി ഉണ്ടാവുന്ന മഴയിൽ മണ്ണ് നനഞ്ഞ് കുതിരുന്നുണ്ട്. അതിന്റെ പരമാവധിയിൽ എത്തുമ്പോഴാണ് ഉരുൾപൊട്ടലിലേക്ക് പോകുന്നത്. 2019ൽ ഉരുൾപൊട്ടലുണ്ടായ പുത്തുമലയുടെ അടുത്താണല്ലോ ഇപ്പോൾ ദുരന്തം ഉണ്ടായത്. ഒരുപക്ഷേ, മുൻപ് തന്നെ കനത്ത മഴയിൽ മണ്ണ് പരമാവധി കുതിരുകയും വിണ്ടുകീറുകയും ചെയ്തിട്ടുണ്ടാകാം. അന്ന് മഴ നിന്നതുകൊണ്ട് കൂടുതൽ ദുരന്തം ഉണ്ടാവാതെ പോയതാവാം.
ഉരുൾപൊട്ടലിന്റെ പ്രധാന കാരണം കനത്ത മഴ തന്നെയാണ്. രണ്ടാമത്തേത് ഭൂപ്രകൃതിയുടെ ചരിവാണ്. 20 ഡിഗ്രിയിൽ കൂടുതൽ ചരിവുള്ള ഏത് ഭൂപ്രകൃതിയിലും ഉരുൾപൊട്ടൽ പ്രതീക്ഷിക്കണം. മൂന്നാമത്തേത് സോയിൽ പൈപ്പിങ് എന്ന പ്രതിഭാസം ആണ്.
മണ്ണിനടിയിൽ എലികൾ മാളമുണ്ടാകുന്നതുപോലെയാണത്. മേൽഭാഗത്ത് പ്രശ്നങ്ങളൊന്നും കാണില്ല. പക്ഷേ കുന്നിന്റെ അടിഭാഗത്തു നിന്ന് തുരങ്കംപോലെ മണ്ണും വെള്ളവും കല്ലും ഒഴുകിപ്പോകും. അങ്ങനെ സംഭവിക്കുമ്പോൾ മേൽഭാഗത്തെ കുന്ന് താഴേക്ക് ഇരിക്കുകയും ഒറ്റയടിക്ക് അടിവാരത്തിലേക്ക് ഇടിഞ്ഞുവീഴുകയും ചെയ്യുന്നു. എന്താണ് ചൂരൽമലയിലേയും മുണ്ടക്കൈയിലേയും ദുരന്തകാരണം എന്നത് പക്ഷേ പരിശോധിക്കേണ്ടി വരും.
∙ ഒരേ സ്ഥലത്ത് തന്നെ രണ്ടും മൂന്നും തവണ ഉരുൾപൊട്ടുക എന്നത് അപൂർവമാണോ?
ഒരേ സ്ഥലത്ത് തന്നെ രണ്ടും മൂന്നും തവണ ഉരുൾപൊട്ടുക എന്നത് മുൻപും സംഭവിച്ചിട്ടുണ്ട്. ഈ മഴയിൽ ഇനി എവിടെയെങ്കിലും ഇടിയാൻ ബാക്കിയുണ്ടോ എന്നതും നോക്കേണ്ടി വരും. അത് ചിലപ്പോൾ അടുത്ത മഴയിലാവും ഇടിയുക. അവിടെ എത്ര മഴകിട്ടി എന്ന് പഠിച്ചതിനുശേഷമേ അത് പറയാനാവൂ.
∙ ചില പ്രദേശങ്ങളിലാണല്ലോ ഇത്തരം ദുരന്തം ആവർത്തിക്കുന്നത്. പ്രാദേശിക കാലാവസ്ഥയും ഇതിന് കാരണമാവുന്നുണ്ടോ?
ആഗോള കാലാവസ്ഥ തന്നെ ചൂടായിക്കൊണ്ടിരിക്കുകയാണ്. പക്ഷേ, അതിനൊപ്പം തന്നെ പ്രാദേശിക കാലാവസ്ഥയെ സ്വാധീനിക്കുന്ന മറ്റു ഘടകങ്ങളുമുണ്ട്. ഭൂവിനിയോഗത്തിലെ മാറ്റങ്ങൾ, വൻ സ്ഫോടനം ഉണ്ടാക്കുന്ന തരത്തിലെ ക്വാറി പ്രവർത്തനങ്ങൾ ഇവയൊക്കെ ഉരുൾപൊട്ടലിലേക്ക് നയിക്കുന്ന ഘടകങ്ങളാണ്. പ്രദേശത്ത് ഉണ്ടായിരുന്ന മരങ്ങൾ വെട്ടിമാറ്റി മറ്റെന്തെങ്കിലും പ്ലാന്റേഷൻ ചെയ്യുക, വൻതോതിൽ കയ്യാല കെട്ടുക എന്നിവയൊക്കെ മണ്ണിന്റെ ഉറപ്പിനെയും ഘടനയെയും ഇളക്കുന്ന പ്രവർത്തനങ്ങളാണ്. ഇവയൊക്കെ പ്രാദേശികമായി ഉരുൾപൊട്ടലിന് അനുകൂല ഘടകങ്ങളായി മാറാം.
∙ ഉരുൾപൊട്ടലിന് സാധ്യതയുണ്ടെന്ന് മുൻകൂട്ടി പ്രവചിക്കാനാവില്ലേ?
ഉരുൾപൊട്ടൽ ഒരർഥത്തിൽ ഒരു ജിയോ ഫിസിക്കൽ ഇവന്റാണ്. മഴ മാത്രമല്ല, ഭൂപ്രകൃതി, മനുഷ്യന്റെ ഇടപെടൽ ഒക്കെക്കൂടി ചേർന്നാണ് അത് ഉണ്ടാവുക. അതുകൊണ്ടു തന്നെ ഉരുൾപൊട്ടൽ എല്ലായ്പ്പോഴും പ്രവചിക്കാനാവില്ല. മഴ പ്രവചിക്കാം, പക്ഷേ ആ മഴ കൊണ്ട് ഉരുൾപൊട്ടൽ ഉണ്ടാവും എന്ന് പ്രവചിക്കുന്നതിന് പരിമിതിയുണ്ട്. ഇതേ തീവ്രതയുള്ള മഴ തൊട്ടടുത്ത കുന്നിൽ ഉണ്ടായാൽ ഒരുപക്ഷേ, ഉരുൾപൊട്ടൽ ഉണ്ടാകണമെന്നുമില്ല. എപ്പോഴും നമ്മൾ ഉരുൾപൊട്ടൽ സാധ്യതയുണ്ട് എന്ന് അലർട്ട് കൊടുത്തുകൊണ്ടിരുന്നാലുള്ള പ്രശ്നം, പിന്നീട് ഒരു യഥാർഥ സാഹചര്യമുണ്ടായാൽ ആളുകൾ മാറണമെന്നില്ല എന്നതാണ്.
ഇത്രയധികം ആളുകളെ മാറ്റിപ്പാർപ്പിച്ചു കൂടായിരുന്നോ എന്നൊക്കെ സംസാരിക്കാൻ എളുപ്പമാണ്. പക്ഷേ, മാറ്റിപ്പാർപ്പിക്കുന്ന സ്ഥലത്താണ് ഒരുപക്ഷേ കുന്നിടിയുന്നതെങ്കിലോ? ദുരന്തസാധ്യത കൂടുതലുള്ള സ്ഥലങ്ങൾ നമുക്ക് മാപ്പ് ചെയ്യാം. പക്ഷേ, മുൻകൂട്ടി പ്രവചിക്കുക എന്നത് പരിമിതിയുള്ള വിഷയമാണ്. കാലാവസ്ഥ, ഭൂഗർഭശാസ്ത്രം, നിർമാണ മേഖല തുടങ്ങി വിവിധ മേഖലകളിലെ വിദഗ്ധരെ ഉൾപ്പെടുത്തി ഹൈലി വൾനറബിൽ, വൾനറബിൽ, മോഡറേറ്റലി വൾനറബിൾ എന്നിങ്ങനെ ഭൂപ്രദേശങ്ങളെ മാപ്പ് ചെയ്യുകയും അവിടുത്തെ പ്രവർത്തനങ്ങൾക്ക് പരിധി നിശ്ചയിക്കുകയും ചെയ്യുക എന്നതു മാത്രമാണ് മനുഷ്യസാധ്യമായി ചെയ്യാനുള്ളത്. പൂർണമായും നമ്മുടെ കയ്യിൽ നിൽക്കുന്ന ഒഒന്നുമല്ല ഇത്.
∙ പുതിയ പ്രളയ - ഉരുൾപൊട്ടൽ സാഹചര്യങ്ങളെ നേരിടാൻ കേരളം പ്രാപ്തമാണോ?
ആലപ്പുഴയിലും മറ്റും പ്രളയത്തിനു ശേഷം നിർമിക്കുന്ന വീടുകൾ ഉയർത്തിയാണ് പണിയുന്നത്. പക്ഷേ, ഉരുൾപൊട്ടൽ പോലെയൊരു സാഹചര്യത്തിൽ വീടുകളുടെ നിർമാണത്തിൽ വരുന്ന മാറ്റങ്ങൾ കൊണ്ടൊന്നും ഒരു കാര്യവുമില്ല. ഉരുൾപൊട്ടൽ സാധ്യതാ മേഖലകളിൽ നിർമാണം നടത്താനാവുമോ എന്ന് തന്നെ ആലോചിക്കേണ്ടി വരും. സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി ഇത്തരം സാധ്യതാ മേഖലകളിൽ മുന്നറിയിപ്പുകൾ നൽകുന്ന പതിവുണ്ട്. പക്ഷേ, നിർമാണപ്രവർത്തനങ്ങൾക്ക് തടസ്സം വരുമ്പോൾ പലപ്പോഴും ജനങ്ങളുടെ ഭാഗത്തുനിന്ന് എതിർപ്പുകൾ ഉണ്ടാവും. ഇത്തരം ദുരന്തങ്ങളുടെ വ്യാപ്തി കുറയ്ക്കാൻ വലിയ തോതിലുള്ള ബോധവൽക്കരണം ആവശ്യമാണ്. ജനങ്ങളെക്കൂടി പങ്കാളികൾ ആക്കിക്കൊണ്ട് മാത്രമേ അത്തരം കാര്യങ്ങളിൽ മുന്നോട്ട് പോകാനാവു.
∙ കേരളത്തിൽ അതിതീവ്രമായ മഴയുണ്ടാവുന്നതാണല്ലോ കുറേക്കാലമായി കാണുന്നത്. ഇതിന് മാറ്റമുണ്ടാവാനുള്ള സാധ്യത ഉണ്ടോ?
മഴ കാണുമ്പോഴേ മലയാളി പേടിക്കുന്ന അവസ്ഥയാണ്. പക്ഷേ, ഇതിനൊപ്പം നമ്മൾ ജീവിക്കുകയേ മാർഗമുള്ളൂ. ഇനി ഇതിലും വലിയ ദുരന്തങ്ങൾ നമ്മൾ പ്രതീക്ഷിക്കേണ്ടി വരും. ആഗോളതലത്തിലെ തന്നെ മാറ്റങ്ങൾ നോക്കുമ്പോൾ ഉടനെയൊന്നും കേരളത്തിൽ മാറ്റം വരാനുള്ള സാധ്യതകൾ ഇല്ല. ആകെ ചെയ്യാവുന്നത് ദുരന്ത സാധ്യതാ മേഖലകളെ കൃത്യമായി കണ്ടെത്തി, അവിടുത്തെ ഭൂപ്രകൃതിയെ മുറിപ്പെടുത്താതിരിക്കുക എന്നത് മാത്രമാണ്.