സ്വന്തം പ്രകാശത്തിൽ നടന്ന കമ്യൂണിസ്റ്റ്; കേന്ദ്രമന്ത്രിയെ വരെ വിറപ്പിച്ച അച്യുതമേനോൻ
വർഷങ്ങൾക്കു മുൻപ്, ഒരു ഞായറാഴ്ച വൈകുന്നേരം കൊല്ലം സ്റ്റാൻഡിൽനിന്നു പുറപ്പെട്ട തിരുവനന്തപുരം ബസിൽ ഇരിക്കുകയായിരുന്നു പ്രശസ്തകവി തിരുനല്ലൂർ കരുണാകരൻ. ഇപ്പോഴും ആഴ്ചതോറും വീട്ടിൽപോയി വരാറാണോ പതിവ്? സൗമ്യമായ ആ ചോദ്യം കേട്ട കവി തിരിഞ്ഞുനോക്കിയപ്പോൾ ഞെട്ടിപ്പോയി. ശബ്ദത്തിന്റെ ഉടമ കേരളത്തിന്റെ മുൻമുഖ്യമന്ത്രി സി. അച്യുതമേനോനായിരുന്നു. ബസ് തിരുവനന്തപുരത്ത് എത്തിയപ്പോൾ പെരുമഴയും ഇരുട്ടും. പാളയത്തു ബസ് നിർത്തിയപ്പോൾ അച്യുതമേനോൻ എഴുന്നേറ്റു മുണ്ടു മടക്കിയുടുത്തു. തൂവാല തലയിൽ നിവർത്തിയിട്ടശേഷം പുസ്തകങ്ങൾ അടക്കിപ്പിടിച്ചുകൊണ്ട് മഴയിലേക്ക് ഇറങ്ങി. തിരുനല്ലൂർ പിന്നാലെയും. ടാക്സി വിളിക്കട്ടെ എന്ന ചോദ്യത്തിനു നിഷേധമായിരുന്നു മറുപടി. എന്നാൽ ഈ കുട എടുത്തോളൂ എന്ന തിരുനല്ലൂരിന്റെ അപേക്ഷയ്ക്കും വേണ്ട എന്നുതന്നെ ഉത്തരം. ഇടപഴഞ്ഞിയിലെ വാടകവീട്ടിലെത്താൻ മൂന്നു കിലോമീറ്ററിലധികം നടക്കണം. മുനിഞ്ഞു കത്തുന്ന തെരുവുവിളക്കുകളുടെ നേർത്ത വെട്ടത്തിൽ, മഴ നനഞ്ഞുകൊണ്ട് പുസ്തകങ്ങളും പിടിച്ച്, ഏകനായി പതിയെ നടന്നുനീങ്ങിയ ആ മനുഷ്യനെ തിരുനല്ലൂർ ഇമ ചിമ്മാതെ നോക്കിനിന്നു. അന്ന്, അച്യുതമേനോൻ

വർഷങ്ങൾക്കു മുൻപ്, ഒരു ഞായറാഴ്ച വൈകുന്നേരം കൊല്ലം സ്റ്റാൻഡിൽനിന്നു പുറപ്പെട്ട തിരുവനന്തപുരം ബസിൽ ഇരിക്കുകയായിരുന്നു പ്രശസ്തകവി തിരുനല്ലൂർ കരുണാകരൻ. ഇപ്പോഴും ആഴ്ചതോറും വീട്ടിൽപോയി വരാറാണോ പതിവ്? സൗമ്യമായ ആ ചോദ്യം കേട്ട കവി തിരിഞ്ഞുനോക്കിയപ്പോൾ ഞെട്ടിപ്പോയി. ശബ്ദത്തിന്റെ ഉടമ കേരളത്തിന്റെ മുൻമുഖ്യമന്ത്രി സി. അച്യുതമേനോനായിരുന്നു. ബസ് തിരുവനന്തപുരത്ത് എത്തിയപ്പോൾ പെരുമഴയും ഇരുട്ടും. പാളയത്തു ബസ് നിർത്തിയപ്പോൾ അച്യുതമേനോൻ എഴുന്നേറ്റു മുണ്ടു മടക്കിയുടുത്തു. തൂവാല തലയിൽ നിവർത്തിയിട്ടശേഷം പുസ്തകങ്ങൾ അടക്കിപ്പിടിച്ചുകൊണ്ട് മഴയിലേക്ക് ഇറങ്ങി. തിരുനല്ലൂർ പിന്നാലെയും.
ടാക്സി വിളിക്കട്ടെ എന്ന ചോദ്യത്തിനു നിഷേധമായിരുന്നു മറുപടി. എന്നാൽ ഈ കുട എടുത്തോളൂ എന്ന തിരുനല്ലൂരിന്റെ അപേക്ഷയ്ക്കും വേണ്ട എന്നുതന്നെ ഉത്തരം. ഇടപഴഞ്ഞിയിലെ വാടകവീട്ടിലെത്താൻ മൂന്നു കിലോമീറ്ററിലധികം നടക്കണം. മുനിഞ്ഞു കത്തുന്ന തെരുവുവിളക്കുകളുടെ നേർത്ത വെട്ടത്തിൽ, മഴ നനഞ്ഞുകൊണ്ട് പുസ്തകങ്ങളും പിടിച്ച്, ഏകനായി പതിയെ നടന്നുനീങ്ങിയ ആ മനുഷ്യനെ തിരുനല്ലൂർ ഇമ ചിമ്മാതെ നോക്കിനിന്നു. അന്ന്, അച്യുതമേനോൻ കമ്യൂണിസ്റ്റ് പാർട്ടിയുടെ സെക്രട്ടറിയായിരുന്നു!
അദ്ദേഹം എല്ലാക്കാലത്തും അങ്ങനെയായിരുന്നു. സ്വന്തം പ്രകാശത്തിന്റെ തെളിച്ചത്തിൽ മുന്നോട്ടുപോയ ഒരാൾ. കേരളം കണ്ട മുഖ്യമന്ത്രിമാരിലെ ഏകാന്തസഞ്ചാരി. നെഹ്റുവിയൻ ആധുനികതയും ഗാന്ധിയൻ ധാർമികതയും മനോഹരമായി ലയിപ്പിച്ചുകൊണ്ടു ആധുനിക കേരളത്തിന്റെ ഭാവിയെ നിർവചിക്കുകയും നിർണയിക്കുകയും ചെയ്ത ജനകീയരായ കമ്യൂണിസ്റ്റുകാരിൽ ഒരാൾ. ഇന്നു കേരളം അനുഭവിക്കുന്ന പല അനന്യതകളുടെയും തുടക്കം അച്യുതമേനോൻ മുഖ്യമന്ത്രിയായ നീണ്ട കാലഘട്ടമായിരുന്നു. ഐക്യകേരളത്തിന്റെ ആദ്യബജറ്റ് അവതരിപ്പിച്ചതും ഭൂപരിഷ്കരണം യാഥാർഥ്യമാക്കിയതും അദ്ദേഹമായിരുന്നു.
പക്ഷേ, എന്നിട്ടും പലപ്പോഴും അച്യുതമേനോന്റെ സംഭാവനകൾ വിസ്മരിക്കപ്പെട്ടു. അദ്ദേഹത്തിന് ഉചിതമായ സ്മാരകംപോലും ഉണ്ടായില്ല. അതുകൊണ്ടുതന്നെ, ഇപ്പോൾ ഏറെ വൈകിയെങ്കിലും, തലസ്ഥാനനഗരിയിൽ അച്യുതമേനോന്റെ പ്രതിമ അനാവരണം ചെയ്യപ്പെടുന്നത് കക്ഷിരാഷ്ട്രീയഭേദമെന്യേ എല്ലാവരെയും സന്തോഷിപ്പിക്കുന്നു. ഒരുപക്ഷേ, ആധുനിക കേരളചരിത്രത്തിൽ കോൺഗ്രസെടുത്ത ഏറ്റവും വിവേകപൂർണമായ ചുവടുവയ്പായിരുന്നു കൂടുതൽ സീറ്റുണ്ടായിട്ടും മുഖ്യമന്ത്രിസ്ഥാനം അച്യുതമേനോനു നൽകാനുള്ള തീരുമാനം. എല്ലാ അർഥത്തിലും നവോത്ഥാന കേരളത്തിന്റെ ഭാവിയിലേക്കുള്ള തുടക്കമായിരുന്നു ആ കാലം.
കേരളത്തിന്റെ വികസനഭൂമികയെ, അതിന്റെ മാനവിക- പങ്കാളിത്ത-സ്ഥിതിസമത്വ സ്വഭാവത്തെ, വിശാല പുരോഗമന സാമൂഹികപരിസരത്തെ ഒക്കെ നിർവചിക്കുകയും കെട്ടിപ്പടുക്കുകയും രൂപപ്പെടുത്തുകയും ചെയ്യുന്നതിൽ ഏറ്റവും പ്രധാനപങ്കു വഹിച്ചത് അച്യുതമേനോൻ മുഖ്യമന്ത്രിയായ കോൺഗ്രസ്- സിപിഐ ഭരണകാലമാണ്. മുന്നണി രാഷ്ട്രീയമര്യാദകളുടെയും പാർലമെന്ററി ധാർമികതയുടെയുമൊക്കെ നല്ല മാതൃകകൾ അദ്ദേഹമുണ്ടാക്കി. ദേശീയ വികസന കൗൺസിലിലെ അച്യുതമേനോന്റെ പ്രസംഗങ്ങൾ സമാനതകൾ ഇല്ലാത്തതായിരുന്നു.
അദ്ദേഹം തുടങ്ങിവച്ച സ്ഥാപനങ്ങളാണ് പിന്നീട് കേരള ചരിത്രത്തിലും വികസനത്തിലും നാഴികക്കല്ലുകളായത്. എല്ലാ പഞ്ചായത്തുകളിലും പ്രൈമറി ഹെൽത്ത് സെന്ററുകൾ തുടങ്ങിയതും ആ സർക്കാരായിരുന്നു. ശ്രീചിത്ര മുതൽ സെന്റർ ഫോർ ഡവലപ്്മെന്റ് സ്റ്റഡീസ് വരെയുള്ള സ്ഥാപനങ്ങൾ, കർഷകത്തൊഴിലാളി നിയമം മുതൽ സ്വകാര്യവനങ്ങളുടെ ദേശസാൽക്കരണം വരെ, ഇന്ത്യയിലെ ആദ്യത്തെ ശാസ്ത്രനയം... അച്യുതമേനോന്റെ കയ്യൊപ്പ് ആഴത്തിൽ പതിഞ്ഞതു വെറും കടലാസിലായിരുന്നില്ല; ആധുനികകേരളത്തിന്റെ ഹൃദയത്തിലായിരുന്നു.
എൻ.ഇ. ബാലറാം, കെ.കരുണാകരൻ, സി.എച്ച്.മുഹമ്മദ് കോയ, എം.എൻ.ഗോവിന്ദൻ നായർ, ടി.വി.തോമസ്, വക്കം പുരുഷോത്തമൻ, വെള്ള ഈച്ചരൻ, കെ.ജി.അടിയോടി തുടങ്ങിയ അതിപ്രഗല്ഭരായ മന്ത്രിമാർ അദ്ദേഹത്തിന്റെ കൂടെനിന്ന് മികവുറ്റ കർമപദ്ധതികൾ നടപ്പാക്കി. കക്ഷിരാഷ്ട്രീയത്തിന്റെ കണ്ണാടിയിലൂടെ മാത്രം കാര്യങ്ങളെ കാണാതെ, വിശാലമായ നയസമീപനമെടുക്കാൻ അദ്ദേഹം എപ്പോഴും ശ്രദ്ധിച്ചിരുന്നു. ശ്രീചിത്രയുടെ വികസനത്തിനുവേണ്ടി ദേശീയ വികസന കൗൺസിലിൽ നിരന്തരം ആവശ്യപ്പെട്ടതും പി.എൻ.ഹക്സറിന്റെ സഹായം ലഭിച്ചതുമൊക്കെ ഈയിടെ നിര്യാതനായ ഡോ. എം.എസ്.വല്യത്താൻ പലയിടത്തും എഴുതിയിട്ടുണ്ട്.
ഭക്ഷ്യധാന്യങ്ങളുടെ കുറവുമൂലമുള്ള പ്രതിസന്ധി പരിഹരിക്കാൻ 1973ൽ അന്നത്തെ കേന്ദ്രമന്ത്രി ഫക്രുദ്ദീൻ അലി അഹമ്മദിനെ (പിന്നീട് രാഷ്‌ട്രപതിയായി) നേരിട്ടു കണ്ട അച്യുതമേനോനോട് അരി അനുവദിക്കാൻ പറ്റില്ലെന്നും പകരം നിർബന്ധിത നെല്ലുസംഭരണത്തിന്റെ വേഗം കൂട്ടുകയാണു വേണ്ടതെന്നും പറഞ്ഞപ്പോൾ അദ്ദേഹം ക്ഷോഭത്തോടെ പ്രതികരിച്ച കഥ അന്നു കൂടെയുണ്ടായിരുന്ന സി.പി.നായർ എഴുതിയിട്ടുണ്ട് (സി. അച്യുതമേനോൻ സ്മൃതിചിത്രങ്ങൾ: പ്രഫ. വിശ്വമംഗലം സുന്ദരേശൻ).
‘ഒരുമണി നെല്ല് ഇനി ശേഖരിക്കാൻ പറ്റില്ല; അതല്ല, ചൈനയിലെപ്പോലെ നിർബന്ധിതമായി നെല്ലു കണ്ടുകെട്ടാനാണോ കേന്ദ്രസർക്കാർ ആവശ്യപ്പെടുന്നത്’ എന്നു വ്രണിതസിംഹത്തെപ്പോലെ മേനോൻ ഗർജിച്ചത്രേ. ഇറങ്ങി നടന്ന അച്യുതമേനോന്റെ പിന്നാലെ പരിഭ്രാന്തനായ ഫക്രുദ്ദീൻ അലി ഓടി വന്നു. ആവശ്യം അംഗീകരിക്കപ്പെട്ടു. അത്രമേൽ ആദരണീയനായിരുന്നു കേരളത്തിന്റെ മുഖ്യമന്ത്രി ഡൽഹിയിൽ!
ഒരു മികച്ച ‘പ്രക്ഷോഭകാരിക്ക്’ ഒരേസമയം മികച്ച സംഘാടകനും അതുല്യനായ ഭരണാധികാരിയുമാകാൻ കഴിയില്ലെന്ന ‘പോപ്പുലർ മിത്തിന്റെ’ നേർവിപരീതമായിരുന്നു ചേലാട്ട് അച്യുതമേനോൻ.
മദ്രാസ് സർവകലാശാലയിൽനിന്നു മാത്തമാറ്റിക്സിൽ ഒന്നാം റാങ്കോടെ ഓണേഴ്‌സ് ബിരുദവും നിയമബിരുദവും നേടി, ചുരുങ്ങിയ കാലത്തിനുള്ളിൽ പ്രതിഭാശാലിയായ അഭിഭാഷകനെന്ന് അറിയപ്പെട്ടശേഷമാണ് അദ്ദേഹം ദേശീയപ്രസ്ഥാനത്തിലേക്കും കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിലേക്കും എത്തിയത്.
അറുപത്തിനാലാമത്തെ വയസ്സിൽ അധികാരരാഷ്ട്രീയം ഉപേക്ഷിക്കാൻ കാണിച്ച ആ അപൂർവ നിർമമതകൂടി ഓർത്തതുകൊണ്ടാവണം, വിശ്വാസത്തിൽ മാർക്സിസ്റ്റും ജീവിതത്തിൽ ഗാന്ധിയനുമായിരുന്നു അച്യുതമേനോനെന്നു സുകുമാർ അഴീക്കോട് അഭിപ്രായപ്പെട്ടത്. അതോടൊപ്പം നെഹ്റുവിയൻ ആധുനികത അതേപടി ഉൾക്കൊള്ളുകയും നടപ്പാക്കാൻ പരമാവധി ശ്രമിക്കുകയും ചെയ്ത, സ്വതന്ത്രഇന്ത്യയിലെ അപൂർവം മുഖ്യമന്ത്രിമാരിൽ ഒരാളായി അച്യുതമേനോനെ അടയാളപ്പെടുത്തേണ്ടതുണ്ട്. സാമൂഹിക ഉള്ളടക്കമുള്ള ജനാധിപത്യരാഷ്ട്രീയത്തിൽ വിശ്വസിക്കുന്നവർ ഒരിക്കലും മറക്കാൻ പാടില്ലാത്ത പേരാണ് സി.അച്യുതമേനോൻ.
ഓഗസ്റ്റ് 16ന് അദ്ദേഹത്തിന്റെ മൂപ്പത്തിമൂന്നാം ചരമവാർഷികമാണ്. പക്ഷേ, നിർഭാഗ്യവശാൽ അദ്ദേഹത്തിന്റെ സമഗ്രമായ രാഷ്ട്രീയജീവചരിത്രം പോലും നമുക്കില്ല. കേരളമാതൃകയെക്കുറിച്ച് ഊറ്റം കൊള്ളുമ്പോഴും ഈ വികസനത്തിനു തുടക്കമിട്ട എഴുപതുകളെയും അതിനിടയാക്കിയ വിവേകശാലികളുടെ മന്ത്രിസഭയെയും എല്ലാവരും മനഃപൂർവം മറന്നു. തുടർഭരണം കിട്ടിയ ആദ്യസർക്കാരായിരുന്നു അതെന്നും നമ്മൾ ഓർക്കാറില്ല. ഒരു പ്രതിമയിലൂടെയെങ്കിലും അദ്ദേഹം ഓർമിക്കപ്പെടുന്നത് തീർച്ചയായും ഒരു തെറ്റുതിരുത്തൽ ആണ്.