‘തൃശൂരിൽ ഇടതു വോട്ട് ചോർന്നു; ‘ജീവൻ രക്ഷാപ്രവർത്തനം’ തെറ്റ്; സിപിഐയിൽ പുതിയ ചേരി നോക്കേണ്ട’
കേരളത്തിൽ നിന്നുള്ള സിപിഐയുടെ ദേശീയ നിർവാഹകസമിതി അംഗം എന്ന നിലയിൽ സംസ്ഥാനത്തെ സിപിഐ ശ്രേണിയിൽ രണ്ടാമനാണ് കെ.പ്രകാശ് ബാബു. എന്നാൽ പദവി കൊണ്ട് ശക്തനെങ്കിലും രാജ്യസഭയിലേക്കും സിപിഐ കേന്ദ്ര സെക്രട്ടേറിയറ്റിലേക്കും ഒഴിവുകൾ ഉണ്ടായപ്പോൾ പരിഗണിക്കപ്പെട്ടെങ്കിലും ഒടുവിൽ പ്രകാശ് ബാബു തഴയപ്പെട്ടു. സംഘടനയിലും അതിന്റെ രാഷ്ട്രീയത്തിലും സ്വാധീനശക്തിയായി തുടരുമ്പോഴും അവസരങ്ങൾ വരുമ്പോൾ അദ്ദേഹത്തിന് കാര്യങ്ങൾ ഭദ്രമല്ല. ഒരു ഘട്ടത്തിൽ കാനം രാജേന്ദ്രനു പിൻഗാമിയായി അദ്ദേഹം വരുമെന്ന പ്രചാരണം ശക്തമായിരുന്നെങ്കിലും സിപിഐയുടെ കേന്ദ്ര–സംസ്ഥാന നേതൃത്വങ്ങൾ യോജിപ്പോടെ തീരുമാനിച്ചത് ബിനോയ് വിശ്വത്തിന്റെ പേരാണ്. സമീപകാല സംഭവവികാസങ്ങൾ ഇരുവരുടെയും ബന്ധത്തിൽ വിളളലുകൾ സൃഷ്ടിച്ചെന്നു കരുതുന്നവരുണ്ട്. സിപിഐയുടെ രാഷ്ട്രീയ നിലപാടുകൾ ആർജവത്തോടെ വ്യക്തമാക്കാറുള്ള കെ.പ്രകാശ് ബാബു ലോക്സഭാ തിരഞ്ഞെടുപ്പ് തോൽവിയുടെ കൂടി പശ്ചാത്തലത്തിൽ ഈ വിവാദങ്ങളെക്കുറിച്ച് മലയാള മനോരമ തിരുവനന്തപുരം ചീഫ് ഓഫ് ബ്യൂറോ സുജിത് നായരോട് ‘ക്രോസ് ഫയറിൽ’ സംസാരിക്കുന്നു.
കേരളത്തിൽ നിന്നുള്ള സിപിഐയുടെ ദേശീയ നിർവാഹകസമിതി അംഗം എന്ന നിലയിൽ സംസ്ഥാനത്തെ സിപിഐ ശ്രേണിയിൽ രണ്ടാമനാണ് കെ.പ്രകാശ് ബാബു. എന്നാൽ പദവി കൊണ്ട് ശക്തനെങ്കിലും രാജ്യസഭയിലേക്കും സിപിഐ കേന്ദ്ര സെക്രട്ടേറിയറ്റിലേക്കും ഒഴിവുകൾ ഉണ്ടായപ്പോൾ പരിഗണിക്കപ്പെട്ടെങ്കിലും ഒടുവിൽ പ്രകാശ് ബാബു തഴയപ്പെട്ടു. സംഘടനയിലും അതിന്റെ രാഷ്ട്രീയത്തിലും സ്വാധീനശക്തിയായി തുടരുമ്പോഴും അവസരങ്ങൾ വരുമ്പോൾ അദ്ദേഹത്തിന് കാര്യങ്ങൾ ഭദ്രമല്ല. ഒരു ഘട്ടത്തിൽ കാനം രാജേന്ദ്രനു പിൻഗാമിയായി അദ്ദേഹം വരുമെന്ന പ്രചാരണം ശക്തമായിരുന്നെങ്കിലും സിപിഐയുടെ കേന്ദ്ര–സംസ്ഥാന നേതൃത്വങ്ങൾ യോജിപ്പോടെ തീരുമാനിച്ചത് ബിനോയ് വിശ്വത്തിന്റെ പേരാണ്. സമീപകാല സംഭവവികാസങ്ങൾ ഇരുവരുടെയും ബന്ധത്തിൽ വിളളലുകൾ സൃഷ്ടിച്ചെന്നു കരുതുന്നവരുണ്ട്. സിപിഐയുടെ രാഷ്ട്രീയ നിലപാടുകൾ ആർജവത്തോടെ വ്യക്തമാക്കാറുള്ള കെ.പ്രകാശ് ബാബു ലോക്സഭാ തിരഞ്ഞെടുപ്പ് തോൽവിയുടെ കൂടി പശ്ചാത്തലത്തിൽ ഈ വിവാദങ്ങളെക്കുറിച്ച് മലയാള മനോരമ തിരുവനന്തപുരം ചീഫ് ഓഫ് ബ്യൂറോ സുജിത് നായരോട് ‘ക്രോസ് ഫയറിൽ’ സംസാരിക്കുന്നു.
കേരളത്തിൽ നിന്നുള്ള സിപിഐയുടെ ദേശീയ നിർവാഹകസമിതി അംഗം എന്ന നിലയിൽ സംസ്ഥാനത്തെ സിപിഐ ശ്രേണിയിൽ രണ്ടാമനാണ് കെ.പ്രകാശ് ബാബു. എന്നാൽ പദവി കൊണ്ട് ശക്തനെങ്കിലും രാജ്യസഭയിലേക്കും സിപിഐ കേന്ദ്ര സെക്രട്ടേറിയറ്റിലേക്കും ഒഴിവുകൾ ഉണ്ടായപ്പോൾ പരിഗണിക്കപ്പെട്ടെങ്കിലും ഒടുവിൽ പ്രകാശ് ബാബു തഴയപ്പെട്ടു. സംഘടനയിലും അതിന്റെ രാഷ്ട്രീയത്തിലും സ്വാധീനശക്തിയായി തുടരുമ്പോഴും അവസരങ്ങൾ വരുമ്പോൾ അദ്ദേഹത്തിന് കാര്യങ്ങൾ ഭദ്രമല്ല. ഒരു ഘട്ടത്തിൽ കാനം രാജേന്ദ്രനു പിൻഗാമിയായി അദ്ദേഹം വരുമെന്ന പ്രചാരണം ശക്തമായിരുന്നെങ്കിലും സിപിഐയുടെ കേന്ദ്ര–സംസ്ഥാന നേതൃത്വങ്ങൾ യോജിപ്പോടെ തീരുമാനിച്ചത് ബിനോയ് വിശ്വത്തിന്റെ പേരാണ്. സമീപകാല സംഭവവികാസങ്ങൾ ഇരുവരുടെയും ബന്ധത്തിൽ വിളളലുകൾ സൃഷ്ടിച്ചെന്നു കരുതുന്നവരുണ്ട്. സിപിഐയുടെ രാഷ്ട്രീയ നിലപാടുകൾ ആർജവത്തോടെ വ്യക്തമാക്കാറുള്ള കെ.പ്രകാശ് ബാബു ലോക്സഭാ തിരഞ്ഞെടുപ്പ് തോൽവിയുടെ കൂടി പശ്ചാത്തലത്തിൽ ഈ വിവാദങ്ങളെക്കുറിച്ച് മലയാള മനോരമ തിരുവനന്തപുരം ചീഫ് ഓഫ് ബ്യൂറോ സുജിത് നായരോട് ‘ക്രോസ് ഫയറിൽ’ സംസാരിക്കുന്നു.
കേരളത്തിൽ നിന്നുള്ള സിപിഐയുടെ ദേശീയ നിർവാഹകസമിതി അംഗം എന്ന നിലയിൽ സംസ്ഥാനത്തെ സിപിഐ ശ്രേണിയിൽ രണ്ടാമനാണ് കെ.പ്രകാശ് ബാബു. എന്നാൽ പദവി കൊണ്ട് ശക്തനെങ്കിലും രാജ്യസഭയിലേക്കും സിപിഐ കേന്ദ്ര സെക്രട്ടേറിയറ്റിലേക്കും ഒഴിവുകൾ ഉണ്ടായപ്പോൾ പരിഗണിക്കപ്പെട്ടെങ്കിലും ഒടുവിൽ പ്രകാശ് ബാബു തഴയപ്പെട്ടു. സംഘടനയിലും അതിന്റെ രാഷ്ട്രീയത്തിലും സ്വാധീനശക്തിയായി തുടരുമ്പോഴും അവസരങ്ങൾ വരുമ്പോൾ അദ്ദേഹത്തിന് കാര്യങ്ങൾ ഭദ്രമല്ല. ഒരു ഘട്ടത്തിൽ കാനം രാജേന്ദ്രനു പിൻഗാമിയായി അദ്ദേഹം വരുമെന്ന പ്രചാരണം ശക്തമായിരുന്നെങ്കിലും സിപിഐയുടെ കേന്ദ്ര–സംസ്ഥാന നേതൃത്വങ്ങൾ യോജിപ്പോടെ തീരുമാനിച്ചത് ബിനോയ് വിശ്വത്തിന്റെ പേരാണ്.
സമീപകാല സംഭവവികാസങ്ങൾ ഇരുവരുടെയും ബന്ധത്തിൽ വിളളലുകൾ സൃഷ്ടിച്ചെന്നു കരുതുന്നവരുണ്ട്. സിപിഐയുടെ രാഷ്ട്രീയ നിലപാടുകൾ ആർജവത്തോടെ വ്യക്തമാക്കാറുള്ള കെ.പ്രകാശ് ബാബു ലോക്സഭാ തിരഞ്ഞെടുപ്പ് തോൽവിയുടെ കൂടി പശ്ചാത്തലത്തിൽ ഈ വിവാദങ്ങളെക്കുറിച്ച് മലയാള മനോരമ തിരുവനന്തപുരം ചീഫ് ഓഫ് ബ്യൂറോ സുജിത് നായരോട് ‘ക്രോസ് ഫയറിൽ’ സംസാരിക്കുന്നു.
∙ സിപിഐയുടെ മുൻ മുഖ്യമന്ത്രി സി.അച്യുതമേനോന്റെ ഓർമദിനമാണല്ലോ വരുന്നത്. അച്യുതമേനോൻ സർക്കാരും പിണറായി സർക്കാരും താരതമ്യപ്പെടുത്താവുന്നതാണോ?
നയപരമായി നോക്കുമ്പോൾ രണ്ടും രണ്ടു തരത്തിലുള്ള സർക്കാരുകളാണ്. എന്നാൽ രണ്ടിനും ചില പൊതു സ്വഭാവങ്ങളുണ്ട്. രണ്ടിന്റെയും മുഖ്യമന്ത്രിമാർ ഇടതുപക്ഷ പാർട്ടികളിൽ നിന്നാണ്. കേരളത്തിന്റെ വികസനം എന്ന ലക്ഷ്യം രണ്ടു സർക്കാരുകൾക്കുമുണ്ട്. കോൺഗ്രസിന് കൂടി പങ്കാളിത്തമുള്ളതായിരുന്നു 70 നു ശേഷമുള്ള അച്യുതമേനോൻ സർക്കാർ. പിണറായി സർക്കാർ അങ്ങനെയല്ലല്ലോ.
∙ പാവങ്ങൾക്ക് മുൻഗണന നൽകണമെന്നാണ് അച്യുതമേനോൻ സർക്കാർ ഓർമിപ്പിക്കുന്നതെന്നു തിരഞ്ഞെടുപ്പ് തോൽവിക്കു ശേഷം സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം അഭിപ്രായപ്പെട്ടിരുന്നു. പിണറായി സർക്കാരിനുള്ള ഓർമപ്പെടുത്തലാണോ അത്?
അദ്ദേഹത്തിന്റെ ലേഖനത്തിന്റെ ഉള്ളടക്കത്തെക്കുറിച്ച് ഞാൻ അഭിപ്രായം പറയുന്നില്ല. എന്നാൽ സംസ്ഥാനത്തിന്റെ വിഭവ വിനിയോഗത്തിൽ അർഹമായ മുൻഗണനാക്രമം പാലിക്കണമെന്നാണ് സിപിഐയുടെ കാഴ്ചപ്പാട്. അക്കാര്യം ആദ്യം മുതലേ ഞങ്ങൾ ഓർമപ്പെടുത്താറുണ്ട്. അതു ശ്രദ്ധിക്കാത്തതിലുള്ള ചില പാളിച്ചകൾ സർക്കാരിനു സംഭവിച്ചെന്നാണ് തിരഞ്ഞെടുപ്പിനു ശേഷമുള്ള വിലയിരുത്തൽ. അച്യുതമേനോൻ സർക്കാർ കേരളത്തിലെ നിസ്വവർഗത്തിനു വേണ്ടി നിരവധി കാര്യങ്ങൾ ചെയ്തിട്ടുണ്ട്. ലക്ഷം വീട് പദ്ധതി അതിൽ ഒന്നു മാത്രമാണ്.
∙ പക്ഷേ അച്യുതമേനോൻ സർക്കാരിന്റെ നേട്ടങ്ങളെ ഇടിച്ചു താഴ്ത്താനും തമസ്കരിക്കാനും ബോധപൂർവമായ ശ്രമം നടക്കുന്നുണ്ടോ? സിപിഐക്കു തന്നെ ആ പരാതി ഉണ്ടല്ലോ. നിങ്ങളെല്ലാം അടങ്ങുന്ന ഇടതുപക്ഷത്തു നിന്നു തന്നെയല്ലേ ആ അവഗണന?
രാഷ്ട്രീയമായി രണ്ടു സമീപനങ്ങൾ അന്ന് ഉണ്ടായിരുന്നല്ലോ. കോൺഗ്രസിലെ പുരോഗമന ചിന്താഗതിക്കാരെ കൂടി ഒപ്പം അണിനിരത്തുന്ന ദേശീയ ജനാധിപത്യ മുന്നണി എന്ന കമ്യൂണിസ്റ്റ് കാഴ്ച്ചപ്പാടും കോൺഗ്രസിനെ പൂർണമായി ഒഴിവാക്കി സിപിഎം മുന്നോട്ടുവച്ച ജനകീയ ജനാധിപത്യ വിപ്ലവം എന്ന പരിപാടിയും തമ്മിൽ വ്യത്യാസമുണ്ട്. അതുകൊണ്ട് അങ്ങോട്ടും ഇങ്ങോട്ടും അംഗീകരിക്കാത്ത സ്ഥിതിയുണ്ടായി.
∙ കോൺഗ്രസ്–സിപിഎം സഖ്യമായിരുന്നല്ലോ അക്കാലത്ത്. അത് ഓർമിപ്പിച്ചുകൊണ്ട് സിപിഐയെ വീണ്ടും കോൺഗ്രസ് ഇടയ്ക്കിടെ ഇങ്ങോട്ടു വരാനായി ക്ഷണിക്കുന്നുണ്ടല്ലോ?
അഖിലേന്ത്യാതലത്തിൽ തന്നെ കോൺഗ്രസും ഇടതുപാർട്ടികളും എല്ലാം ചേർന്ന ഇന്ത്യാ മുന്നണി നിലവിൽ ഉണ്ടല്ലോ. അതുകൊണ്ട് ആരും ആരെയും പ്രത്യേകമായി ക്ഷണിക്കേണ്ട കാര്യം ഇന്നില്ല.
∙ കോൺഗ്രസ് ഉൾപ്പെട്ട ഇന്ത്യാ മുന്നണിയുടെ ഭാഗമാണ് സിപിഐ എന്നതുകൊണ്ട് കേരളത്തിലും അങ്ങനെയാകുന്നതിൽ തെറ്റില്ലെന്നാണോ?
ഇന്ത്യാ മുന്നണി രൂപീകരിക്കുമ്പോൾ തന്നെ കേരളത്തിൽ എൽഡിഎഫും യുഡിഎഫുമായുള്ള മത്സരം തുടരുമെന്നു വ്യക്തമാക്കിയതാണല്ലോ. കേരളത്തിൽ ബിജെപിയെ അധികാരത്തിൽ നിന്നു മാറ്റിനിർത്താനായി ഞങ്ങൾ യോജിക്കേണ്ട സാഹചര്യമില്ല. അങ്ങനെ യോജിച്ചാൽ അതിന്റെ നേട്ടം ബിജെപിക്കേ ഉണ്ടാകൂ.
∙ പക്ഷേ കോൺഗ്രസ് വിരുദ്ധതയുടെ കാലം കഴിഞ്ഞില്ലേ? അതിന് അനുസരിച്ചുള്ള ധ്രുവീകരണങ്ങൾ പല സംസ്ഥാനങ്ങളിലും ഉണ്ടാകുന്നില്ലേ?
ശരിയാണ്. ബംഗാളിൽ കോൺഗ്രസുമായി ചേർന്ന് ഒരു മുന്നണി എന്നത് കുറച്ചു വർഷങ്ങൾക്കു മുൻപ് ചിന്തിക്കാൻ കഴിയുമായിരുന്നോ? ഇത്തവണ അവർ ഒരുമിച്ചായിരുന്നല്ലോ.
∙ ഇടത് ഐക്യം വിട്ട് ഇവിടെയും സിപിഐ അങ്ങനെയാകാനുള്ള സാധ്യത ഉണ്ടോ എന്നാണ് എന്റെ സംശയം?
ഇടത് ഐക്യം വിടേണ്ട കാര്യം തന്നെയില്ലല്ലോ. ബംഗാളിൽ സിപിഎം അല്ലേ കോൺഗ്രസിനൊപ്പം ചേരാൻ മുൻകൈ എടുത്തത്? കേരളത്തിന്റെ കാര്യത്തിൽ പക്ഷേ അങ്ങനെ ഒരു പ്രവചനം നടത്തേണ്ട സാഹചര്യമില്ല. അങ്ങനെ ഒരു സാഹചര്യം വന്നാൽ തന്നെ എൽഡിഎഫ് ആയിട്ട് ഇന്ത്യാ മുന്നണിയിൽ ഒരുമിച്ചു നിൽക്കാനേ സാധ്യത ഉള്ളൂ. സിപിഎമ്മും സിപിഐയും യോജിച്ച് ആ തീരുമാനമെടുക്കേണ്ട കാര്യമേ ഉള്ളൂ. എന്നാൽ ഇപ്പോൾ അങ്ങനെ ഒരു യോജിപ്പിന്റെ ആവശ്യം ഇവിടെയില്ല. പക്ഷേ അപകടം മുന്നിലുണ്ട്. തൃശൂർ പാർലമെന്റ് സീറ്റ് ബിജെപി ജയിച്ചതും വോട്ടു ശതമാനത്തിൽ അവർക്കു കൈവരിക്കാനായ വർധനയും ഗൗരവമായ പരിശോധനയ്ക്കു വിധേയമാക്കേണ്ടതാണ്.
∙ ലോക്സഭാ തിരഞ്ഞെടുപ്പിലെ തോൽവി സംബന്ധിച്ച് ഒട്ടേറെ വിശകലനങ്ങൾ വന്നു കഴിഞ്ഞു. സർക്കാരിനോടുള്ള അതൃപ്തി അതിൽ പ്രതിഫലിച്ചെന്ന് പൊതുവിൽ വിലയിരുത്തലുണ്ട്. എന്താണ് സർക്കാരിന് പ്രധാനമായും പറ്റിയത്?
ഒരു സർക്കാരിന്റെ കാലത്തും പൂർണ തൃപ്തി ആർക്കും ഉണ്ടാവില്ല. എന്നാൽ സർക്കാരിന്റെ പ്രവർത്തനങ്ങൾ തിരഞ്ഞെടുപ്പിനെ ബാധിച്ചിട്ടുണ്ടെന്നാണ് ഞങ്ങൾ വിലയിരുത്തിയത്. മുൻഗണനാക്രമത്തിലെ പോരായ്മ, ക്ഷേമ പെൻഷൻ വിതരണത്തിലെ പ്രശ്നങ്ങൾ, സപ്ലൈകോയ്ക്ക് മതിയായ പരിഗണന കിട്ടാഞ്ഞതിന്റെ പ്രയാസങ്ങൾ... ഇതെല്ലാം തിരഞ്ഞെടുപ്പിനെ സ്വാധീനിച്ചിട്ടുണ്ട്.
∙ ജനങ്ങൾ ഇടതുപക്ഷത്തു നിന്ന് അകന്നു പോയെന്ന വിലയിരുത്തലുണ്ടോ?
ജനങ്ങൾ അകന്നുപോയിട്ടൊന്നുമില്ല. എന്നാൽ ചെയ്ത നല്ല കാര്യങ്ങളും സർക്കാർ നേരിട്ട സാമ്പത്തിക പ്രതിസന്ധിയും ജനങ്ങളെ ബോധ്യപ്പെടുത്തുന്നതിൽ പോരായ്മകളുണ്ടായി.
∙ അതിനായി മാത്രം നവകേരള സദസ് സംഘടിപ്പിച്ച സർക്കാരും മുന്നണിയുമാണല്ലോ ഇത്?
അതെ. എന്നിട്ടും അത് ഉദ്ദേശിച്ച ഫലം ചെയ്തില്ല. നവകേരള സദസ് കൊണ്ട് അതിനു വേണ്ടവിധം സാധിച്ചില്ല. അതിന് എതിരായ വന്ന പ്രചാരണങ്ങളും പ്രതിക്രിയകളും എല്ലാം അതിന്റെ ശോഭ കെടുത്തിക്കളഞ്ഞു.
∙ ചുരുക്കത്തിൽ നവകേരള സദസ് വിപരീത ഫലം ഉണ്ടാക്കിയെന്നാണോ?
ഒരിക്കലുമില്ല. പക്ഷേ സദസ് കൊണ്ട് ഉദ്ദേശിച്ച പ്രയോജനം ഉണ്ടാക്കിയില്ല. വിവാദങ്ങൾ ഒരു പാട് വന്നപ്പോൾ ലക്ഷ്യമിട്ടതു നടന്നില്ല.
∙ മുഖ്യമന്ത്രിയുടെ ശൈലി ഈ പ്രായത്തിൽ മാറ്റുന്നത് എളുപ്പമല്ലായിരിക്കാം. പക്ഷേ അകമ്പടി വ്യൂഹം പോലെ ആളുകൾക്ക് അമർഷം ഉണ്ടാക്കുന്ന ചില നടപടികൾ ഒഴിവാക്കാവുന്നതല്ലേ? മിതത്വം പാലിക്കേണ്ടതല്ലേ?
കമ്യൂണിസ്റ്റുകാർ പാലിക്കേണ്ട മിതത്വം എല്ലാവർക്കും ബാധകമാണ്. എന്നാൽ സഖാവ് പിണറായി ജനകീയ പ്രതിച്ഛായയോടെയാണ് ഇപ്പോൾ പ്രവർത്തിക്കുന്നത്. മുപ്പതും നാൽപ്പതും വണ്ടി എന്നുള്ള പ്രചാരണം തെറ്റാണ്. എവിടെയെങ്കിലും ഒന്നോ രണ്ടോ ഇടത്ത് കൂടുതൽ വണ്ടി ഉണ്ടായിക്കാണാം. എന്നാൽ പൊതുവിൽ നാലോ അഞ്ചോ വണ്ടികളിൽ കൂടുതൽ അകമ്പടി ഉണ്ടാകാറില്ല. മുഖ്യമന്ത്രി എന്ന നിലയിലുള്ള പിണറായിയുടെ പ്രവർത്തനം കൊണ്ടു മാത്രമാണ് ഈ തിരഞ്ഞെടുപ്പിൽ പരാജയം ഉണ്ടായത് എന്ന ആക്ഷേപത്തിൽ ഒരു വസ്തുതയുമില്ല. കൂട്ടുത്തരവാദിത്വം എല്ലാവർക്കുമുണ്ട്.
∙ നവകേരള സദസിനിടെ ജീവൻരക്ഷാ പ്രവർത്തനം എന്ന വാക്ക് മുഖ്യമന്ത്രി ഉപയോഗിച്ചത് വ്യാപക വിമർശനത്തിനു കാരണമായല്ലോ?
അത് ഒഴിവാക്കേണ്ടതായിരുന്നു. ആ നിലയിൽ അക്കാര്യത്തെ വ്യാഖ്യാനിക്കുകയും ന്യായീകരിക്കുകയും ചെയ്യേണ്ടതില്ലായിരുന്നു. അതൊന്നും പക്ഷേ തിരഞ്ഞെടുപ്പിനെ ബാധിച്ചതായി തോന്നുന്നില്ല.
∙ തിരഞ്ഞെടുപ്പു ഫലം വന്ന ശേഷം എന്തെങ്കിലും കാര്യമായ തിരുത്തൽ, മാറ്റങ്ങൾ ഇതുവരെ ഉണ്ടായിട്ടുണ്ടോ?
2018 ലെ പ്രളയകാലത്ത് ജനങ്ങളൊടൊപ്പം നിന്നതു പോലെ തന്നെയാണ് സമാനതകളില്ലാത്ത ദുരന്തം വയനാട്ടിൽ ഉണ്ടായപ്പോഴും ഈ സർക്കാർ നിൽക്കുന്നത്. മുഖ്യമന്ത്രിയും മന്ത്രിമാരുമെല്ലാം അങ്ങനെ അവിടെ പ്രവർത്തിക്കുന്നുണ്ട്.
∙ സർക്കാരിന്റെ പ്രവർത്തനത്തിൽ പോരായ്മകൾ വന്നപ്പോൾ സിപിഐക്ക് ഇടപെടാൻ കഴിയാതെ വന്നോ?
സിപിഐയുടെ നേതൃത്വം മുഖ്യമന്ത്രിയുടെയും സിപിഎമ്മിന്റെയും ശ്രദ്ധയിൽ അക്കാര്യം സമയാസമയം കൊണ്ടുവന്നിട്ടുണ്ടെന്നാണ് ഞാൻ മനസ്സിലാക്കുന്നത്.
∙ അത് സിപിഎം ഗൗനിച്ചിട്ടില്ലെന്നാണോ?
എന്താണെങ്കിലും സിപിഐ അക്കാര്യം അവരുടെ ശ്രദ്ധയിൽ പെടുത്തിയിട്ടുണ്ട്.
∙ പിണറായിയെയും സിപിഎമ്മിനെയും മാത്രം കുറ്റം പറഞ്ഞിട്ടു കാര്യമില്ല, സിപിഐയും സ്വയം വിമർശനം നടത്തണമെന്ന അഭിപ്രായം താങ്കളുടെ പാർട്ടി നേതൃയോഗങ്ങളിൽ ഉണ്ടായല്ലോ? സിപിഐ എന്താണ് ഇപ്പോൾ ശ്രദ്ധിക്കേണ്ടത്?
കമ്യൂണിസ്റ്റ് പാർട്ടിയുടെ അടിത്തറ ശക്തിപ്പെടുത്താനും കെട്ടുറപ്പ് ശക്തമാക്കാനും ജനങ്ങളിലേക്ക് എത്തിച്ചേരാനും ജനകീയ വിഷയങ്ങൾ ഏറ്റെടുക്കാനും കൂടുതൽ ശ്രദ്ധിക്കണമെന്ന അഭിപ്രായം പാർട്ടിയിലുണ്ടായിട്ടുണ്ട്.
∙ തിരഞ്ഞെടുപ്പിൽ എൽഡിഎഫിന്റെ വോട്ടുകൾ ബിജെപിയിലേക്കു പോയല്ലോ? സിപിഐയുടെതും ഇങ്ങനെ പോയിക്കാണുമല്ലോ?
അങ്ങനെ പറയാൻ കഴിയില്ല. മാവേലിക്കര മണ്ഡലത്തിൽ എൽഡിഎഫിന്റയോ സിപിഐയുടെയോ വോട്ട് എവിടെയും പോയിട്ടില്ല. വയനാടും അതു സംഭവിച്ചിട്ടില്ല. അതു നടന്നത് ഞങ്ങൾ മത്സരിച്ച തൃശൂരാണ്. അവിടെ സുരേഷ് ഗോപി ബിജെപി സ്ഥാനാർഥി എന്നതിൽ ഉപരിയായ പ്രതിച്ഛായ സൃഷ്ടിക്കാൻ ശ്രമിച്ചതിന്റെ ഭാഗമായി വോട്ടുകൾ അദ്ദേഹത്തിനു പോയിട്ടുണ്ട്. അതിൽ സിപിഐ ഉൾപ്പെടെയുള്ള എൽഡിഎഫിന്റ രാഷ്ട്രീയ വോട്ടുകളുമുണ്ട്. തിരുവനന്തപുരത്ത് ഒരു ചെറിയ ശതമാനം അങ്ങനെ പോയേക്കാം. അല്ലാതെ കൂട്ടത്തോടെ പോയിട്ടില്ല. തൃശൂരിൽ അങ്ങനെ സംഭവിച്ചതു ഗൗരവമായി കാണാനും പരിശോധിക്കാനും സിപിഐയുടെ തൃശൂർ ഡിസിയോട് ആവശ്യപ്പെട്ടിട്ടുണ്ട്.
∙ സിപിഐയുടെ നാലു മന്ത്രിമാരുടെ പ്രവർത്തനത്തെക്കുറിച്ചു പാർട്ടിക്ക് പൂർണ തൃപ്തി ഉണ്ടോ?
അതേ. പാർട്ടി തൃപ്തരാണ്. അവരെ ഏൽപ്പിച്ച വകുപ്പുകൾ അവർ ശ്രദ്ധിക്കുന്നുണ്ട്.
∙ കാനം രാജേന്ദ്രനു പകരം ബിനോയി വിശ്വം സിപിഐ സംസ്ഥാന സെക്രട്ടറിയായി വന്നപ്പോൾ സിപിഐയ്ക്ക് എന്തെങ്കിലും മാറ്റമുണ്ടോ?
സെക്രട്ടറി മാറിയതുകൊണ്ടു മാത്രം എന്തെങ്കിലും ഗുണമോ ദോഷമോ ഞങ്ങൾ വിലയിരുത്താറില്ല. കമ്യൂണിസ്റ്റ് പാർട്ടിയുടെ രീതി അതല്ല.
∙ കാനം രാജേന്ദ്രൻ കേന്ദ്ര നേതൃത്വത്തിനു കൈമാറിയ കത്തിന്റെ അടിസ്ഥാനത്തിലാണല്ലോ ബിനോയി സെക്രട്ടറിയായത്. മുൻസെക്രട്ടറി ഒരാളെ പിൻഗാമിയായി നിർദേശിക്കുന്നതും അത് പാർട്ടി അനുസരിക്കുന്നതും ഇപ്പറഞ്ഞ കമ്യൂണിസ്റ്റ് രീതിയാണോ?
‘നോ കമന്റ്സ്’. അതെല്ലാം പാർട്ടിയുടെ കേന്ദ്രനേതൃത്വത്തിന്റെ തീരുമാനത്തിന്റെ കൂടി അടിസ്ഥാനത്തിലാണ്. അതിലൊന്നും ഞാൻ അഭിപ്രായം പറയേണ്ട കാര്യമില്ല
∙ സിപിഐയുടെ രാജ്യസഭാ സീറ്റിൽ താങ്കളാണ് അർഹൻ എന്ന സൂചന ശക്തമായിരുന്നല്ലോ? പക്ഷേ മറ്റൊരാളെയാണ് തീരുമാനിച്ചത്. പാർട്ടി നേതൃത്വം താങ്കളെ കൈവിട്ടതാണോ?
പാർട്ടി എന്നെ കൈവിട്ടിട്ടുമില്ല, അതിന്റെ പേരിൽ എനിക്ക് എന്തെങ്കിലും പ്രയാസവുമില്ല. പാർട്ടി നിർവാഹകസമിതി ചർച്ച ചെയ്ത് ഒരാളെ തീരുമാനിച്ചു. അദ്ദേഹം രാജ്യസഭാംഗവുമായി. ആ അധ്യായം അവിടെ അവസാനിച്ചു.
∙ ജീവിച്ചിരിക്കെ കാനം രാജേന്ദ്രൻ രാജ്യസഭാംഗത്വം സംബന്ധിച്ച് എന്തെങ്കിലും ഉറപ്പ് താങ്കൾക്കു നൽകിയിരുന്നോ?
അതെല്ലാം വാർത്തകൾ അല്ലേ. കമ്യൂണിസ്റ്റ് പാർട്ടിയിൽ അത്തരം വാഗ്ദാനങ്ങൾ നൽകുന്ന രീതി അല്ല.
∙ കേരളത്തിൽ നിന്നുള്ള ദേശീയ നിർവാഹകസമിതി അംഗമായിട്ടും കാനത്തിന്റെ ഒഴിവിൽ സിപിഐയുടെ കേന്ദ്ര സെക്രട്ടേറിയറ്റിലേക്കും താങ്കളെ പരിഗണിച്ചില്ല. തുടർച്ചയായ അനീതി നേരിടുന്നുണ്ടോ?
2022 ലെ പാർട്ടി കോൺഗ്രസിലാണ് ഞാൻ ആദ്യമായി സിപിഐ ദേശീയ നിർവാഹകസമിതിയിൽ എത്തുന്നത്. അതായത് ഈ ടേമിൽ. അതേ ടേമിൽ തന്നെ എന്നെ സെക്രട്ടേറിയറ്റ് അംഗവുമാക്കണമെന്ന് ആരെങ്കിലും ആഗ്രഹിച്ചാൽ അവരെ ഞാൻ കുറ്റം പറയില്ല. പക്ഷേ അതിന്റെ ആവശ്യമില്ല. ദേശീയ നിർവാഹസമിതിയിൽ ഒന്നോ രണ്ടോ ടേം കഴിയുന്നവരെയാണ് സെക്രട്ടേറിയറ്റിൽ ഉൾപ്പെടുത്തുന്നത്. മറിച്ച് ഞാൻ ആഗ്രഹിച്ചാൽ അതു തെറ്റു തന്നെയാണ്.
∙ ദേശീയ നിർവാഹകസമിതി അംഗം എന്ന നിലയിൽ കേരളത്തിലെ പാർട്ടിയിൽ രണ്ടാമനാണെങ്കിലും എൽഡിഎഫിൽ നേതൃയോഗത്തിലും താങ്കൾ സിപിഐയുടെ പ്രതിനിധി അല്ലല്ലോ?
എൽഡിഎഫിന്റെ സംസ്ഥാന സമിതിയിലെ പാർട്ടി പ്രാതിനിധ്യം എന്നത് സംസ്ഥാന നിർവാഹകസമിതിയുടെ അധികാരവും അവകാശവുമാണ്. അവർ തീരുമാനിക്കുന്നവർ പോകും. ദേശീയ നിർവാഹകസമിതി അംഗമായതോടെ ഞാൻ സംസ്ഥാന നിർവാഹകസമിതിയിൽ അംഗമല്ല. സംസ്ഥാന കൗൺസിലിൽ ഉണ്ട്. ദേശീയ നിർവാഹകസമിതി അംഗമായ പി.സന്തോഷ് കുമാറും എൽഡിഎഫിൽ ഇല്ലല്ലോ.
∙ രാജ്യസഭാംഗമായ അദ്ദേഹത്തിന്റെ പ്രവർത്തന കേന്ദ്രം ഡൽഹിയാണല്ലോ, താങ്കളുടേത് ഇവിടെയും?
അതു ശരിയാണ്. പക്ഷേ സംസ്ഥാന നിർവാഹകസമിതിയുടെ തീരുമാനം എന്നെ ഉൾപ്പെടുത്താനായിരുന്നില്ല. അത്രയേയുള്ളൂ.
∙ സിപിഐയിൽ സംഘടനാ പ്രശ്നങ്ങൾ കൂടിവരുന്നതായിട്ടാണല്ലോ വാർത്തകൾ. പാലക്കാട് ‘സേവ് സിപിഐ ഫോറം’ വരെ ഉദയം ചെയ്തല്ലോ?
പാലക്കാട് സേവ് സിപിഐ എന്ന നിലയിൽ യോഗം ചേർന്നതായി അറിവുണ്ട്. എന്നാൽ അതിനു ശേഷം സംഘടനാ വിഷയങ്ങൾ ചർച്ച ചെയ്യാനായി നിർവാഹകസമിതി യോഗം ചേരാൻ കഴിഞ്ഞില്ല. അതിനു ശേഷം വിളിച്ച യോഗം വയനാട് ദുരന്തം കണക്കിലെടുത്ത് മാറ്റിവച്ചു. അടുത്ത നേതൃയോഗം ഇക്കാര്യങ്ങൾ ചർച്ച ചെയ്തു പരിഹരിക്കാനാകും ശ്രമിക്കുക.
∙ പ്രശ്നപരിഹാര നീക്കങ്ങളിൽ കുറച്ചു കൂടി ശ്രദ്ധ താങ്കൾ അടങ്ങുന്ന നേതൃത്വം നടത്തേണ്ടതല്ലേ?
വേണ്ടതാണ്. കമ്യൂണിസ്റ്റ് പാർട്ടിയുടെ രീതി അനുസരിച്ച് രാഷ്ട്രീയ–സംഘടനാ വിഷയങ്ങൾക്കു തുല്യ പരിഗണന നൽകണം. പക്ഷേ പാർട്ടി ഘടകമായ നിർവാഹകസമിതി ചേരുമ്പോഴേ അതു സാധ്യമാകൂ.
∙ ബിനോയ് വിശ്വത്തിന്റെ നേതൃത്വത്തിനെതിരെ താങ്കളുടെ നേതൃത്വത്തിൽ സിപിഐയിൽ ഒരു പുതിയ ചേരി രൂപപ്പെടുന്നതായുള്ള പ്രചാരണം ഉണ്ടല്ലോ?
ഈ പാർട്ടിയിൽ രണ്ടു ചേരികൾ എന്ന പ്രശ്നം ഉദിക്കുന്നില്ല. അത്തരം നീക്കങ്ങളെ ആരും പ്രോത്സാഹിപ്പിക്കാൻ പാടില്ല. എന്റെ പേര് ഉപയോഗിച്ച് ഒരു ചേരി ഉണ്ടാക്കാൻ ആരും പരിശ്രമിക്കുകയും വേണ്ട. കമ്യൂണിസ്റ്റ് പാർട്ടിയുടെ ഐക്യത്തിനും കെട്ടുറപ്പിനും വേണ്ടിയാണ് ഞാൻ നിലകൊളളുന്നത്. അതിനു വിരുദ്ധമായ ഒന്നിനും ഞാൻ കൂട്ടുനിൽക്കില്ല.