അയ്യോ മാലിന്യം എന്നു പറഞ്ഞ് മൂക്കത്തു വിരൽവയ്ക്കുന്നവരാണ് പലരും. പക്ഷേ, അതേ മാലിന്യത്തിൽനിന്ന് വരുമാനമുണ്ടാക്കുന്നവരും വളമുണ്ടാക്കുന്നവരും നമുക്കിടയിലുണ്ട്; വൈദ്യുതിയുണ്ടാക്കുന്ന നഗരസഭയും. മാലിന്യമുക്ത കേരളത്തിനായി ഒരുങ്ങുമ്പോൾ നമുക്ക് മാതൃകയാക്കാൻ അവയിൽ ചിലതിനെക്കുറിച്ച്. ശുചിമുറി മാലിന്യ സംസ്കരണം വലിയ ചോദ്യചിഹ്നമായപ്പോൾ അതിനുള്ള ശരിയായ ഉത്തരം സഞ്ചരിക്കുന്ന മൊബൈൽ സെപ്റ്റേജ് ട്രീറ്റ്മെന്റ് യൂണിറ്റാണെന്നു കണ്ടുപിടിച്ചു ചങ്ങനാശേരി നഗരസഭ. വീടുകളിലും സ്ഥാപനങ്ങളിലും വാഹനവുമായെത്തി ശുചിമുറി മാലിന്യം സംസ്കരിക്കുന്ന പദ്ധതിയാണിത്. കഴിഞ്ഞ മേയിൽ ആരംഭിച്ച പദ്ധതിയുടെ സേവനം സമീപ പഞ്ചായത്തുകളിലും

അയ്യോ മാലിന്യം എന്നു പറഞ്ഞ് മൂക്കത്തു വിരൽവയ്ക്കുന്നവരാണ് പലരും. പക്ഷേ, അതേ മാലിന്യത്തിൽനിന്ന് വരുമാനമുണ്ടാക്കുന്നവരും വളമുണ്ടാക്കുന്നവരും നമുക്കിടയിലുണ്ട്; വൈദ്യുതിയുണ്ടാക്കുന്ന നഗരസഭയും. മാലിന്യമുക്ത കേരളത്തിനായി ഒരുങ്ങുമ്പോൾ നമുക്ക് മാതൃകയാക്കാൻ അവയിൽ ചിലതിനെക്കുറിച്ച്. ശുചിമുറി മാലിന്യ സംസ്കരണം വലിയ ചോദ്യചിഹ്നമായപ്പോൾ അതിനുള്ള ശരിയായ ഉത്തരം സഞ്ചരിക്കുന്ന മൊബൈൽ സെപ്റ്റേജ് ട്രീറ്റ്മെന്റ് യൂണിറ്റാണെന്നു കണ്ടുപിടിച്ചു ചങ്ങനാശേരി നഗരസഭ. വീടുകളിലും സ്ഥാപനങ്ങളിലും വാഹനവുമായെത്തി ശുചിമുറി മാലിന്യം സംസ്കരിക്കുന്ന പദ്ധതിയാണിത്. കഴിഞ്ഞ മേയിൽ ആരംഭിച്ച പദ്ധതിയുടെ സേവനം സമീപ പഞ്ചായത്തുകളിലും

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

അയ്യോ മാലിന്യം എന്നു പറഞ്ഞ് മൂക്കത്തു വിരൽവയ്ക്കുന്നവരാണ് പലരും. പക്ഷേ, അതേ മാലിന്യത്തിൽനിന്ന് വരുമാനമുണ്ടാക്കുന്നവരും വളമുണ്ടാക്കുന്നവരും നമുക്കിടയിലുണ്ട്; വൈദ്യുതിയുണ്ടാക്കുന്ന നഗരസഭയും. മാലിന്യമുക്ത കേരളത്തിനായി ഒരുങ്ങുമ്പോൾ നമുക്ക് മാതൃകയാക്കാൻ അവയിൽ ചിലതിനെക്കുറിച്ച്. ശുചിമുറി മാലിന്യ സംസ്കരണം വലിയ ചോദ്യചിഹ്നമായപ്പോൾ അതിനുള്ള ശരിയായ ഉത്തരം സഞ്ചരിക്കുന്ന മൊബൈൽ സെപ്റ്റേജ് ട്രീറ്റ്മെന്റ് യൂണിറ്റാണെന്നു കണ്ടുപിടിച്ചു ചങ്ങനാശേരി നഗരസഭ. വീടുകളിലും സ്ഥാപനങ്ങളിലും വാഹനവുമായെത്തി ശുചിമുറി മാലിന്യം സംസ്കരിക്കുന്ന പദ്ധതിയാണിത്. കഴിഞ്ഞ മേയിൽ ആരംഭിച്ച പദ്ധതിയുടെ സേവനം സമീപ പഞ്ചായത്തുകളിലും

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മാലിന്യമടിഞ്ഞ് അഴുകിയൊഴുകുന്ന തിരുവനന്തപുരത്തെ ആമയിഴഞ്ചാൻ തോടിന്റെ ചിത്രം ഓർമയില്ലേ ? മാലിന്യനീക്കത്തിനുള്ള ശ്രമത്തിനിടെ ഒരു ജീവൻ പൊലിയേണ്ടി വന്നു, അതു നമ്മുടെ ശ്രദ്ധയിലെത്താൻ. മാലിന്യമലകളുടെ ഉയരമേറുന്നതല്ലാതെ നാം ഒന്നും പഠിക്കുന്നില്ല. വീട്ടിൽനിന്നുള്ള മാലിന്യത്തെ നമ്മൾ നാട്ടിലേക്ക് ഒളിച്ചുകടത്തുന്നു. കേരളം ഒത്തുപിടിച്ചാലേ ഈ മാലിന്യമല നീക്കാനാകൂ. മാലിന്യമുക്ത ഹരിതകേരളമാകട്ടെ നാം വരുംതലമുറയ്ക്കു കൈമാറുന്നത്. മാലിന്യമുക്ത കേരളത്തിനായി ഒരുങ്ങുമ്പോൾ നമുക്ക് മാതൃകയാക്കാൻ അവയിൽ ചിലതിനെക്കുറിച്ച്...

∙ശുചിമുറിയിൽനിന്ന് വെള്ളവും വളവും; ചങ്ങനാശേരിയുടെ ശരിയുത്തരം 

ADVERTISEMENT

ശുചിമുറി മാലിന്യ സംസ്കരണം വലിയ ചോദ്യചിഹ്നമായപ്പോൾ അതിനുള്ള ശരിയായ ഉത്തരം സഞ്ചരിക്കുന്ന മൊബൈൽ സെപ്റ്റേജ് ട്രീറ്റ്മെന്റ് യൂണിറ്റാണെന്നു കണ്ടുപിടിച്ചു ചങ്ങനാശേരി നഗരസഭ. വീടുകളിലും സ്ഥാപനങ്ങളിലും വാഹനവുമായെത്തി ശുചിമുറി മാലിന്യം സംസ്കരിക്കുന്ന പദ്ധതിയാണിത്. കഴിഞ്ഞ മേയിൽ ആരംഭിച്ച പദ്ധതിയുടെ സേവനം സമീപ പഞ്ചായത്തുകളിലും ഉറപ്പാക്കുന്നു. ഫോൺ മുഖേന ബുക്ക് ചെയ്യുന്നയിടങ്ങളിൽ വാഹനമെത്തി ശുചിമുറി മാലിന്യം ശേഖരിച്ചു സംസ്കരിക്കും.

ചങ്ങനാശേരിയിലെ മൊബൈൽ സെപ്റ്റേജ് ട്രീറ്റ്മെന്റ് യൂണിറ്റ്. (ചിത്രം: മനോരമ)

ചെറിയ ട്രക്കിന്റെ പ്ലാറ്റ്ഫോമിൽ സ്ഥാപിച്ചിരിക്കുന്ന ഫിൽറ്ററുകളും ശുദ്ധീകരണ യൂണിറ്റുകളും അടങ്ങിയ സംവിധാനമാണിത്. സംസ്കരിച്ചതിനു ശേഷമുള്ള ജലം കൃഷിക്കും മറ്റും ഉപയോഗിക്കാം. ചെറിയ അളവിലുള്ള ഖരമാലിന്യം യന്ത്രം തന്നെ കംപോസ്റ്റാക്കി മാറ്റും. മണിക്കൂറിൽ 6,000 ലീറ്റർ സംസ്കരിക്കാം. ഒരു മണിക്കൂറിനു നഗരസഭാ പരിധിയിൽ 5000 രൂപയാണ് ഈടാക്കുന്നത്. പഞ്ചായത്തുപരിധിയിൽ 1000 രൂപ കൂടി ഈടാക്കും. 45 ലക്ഷം രൂപ ചെലവഴിച്ചാണ് നഗരസഭ പദ്ധതി നടപ്പാക്കിയത്. തിരുവനന്തപുരം ആസ്ഥാനമായ ഭൗമ എൻവിറോടെക് പ്രൈവറ്റ് ലിമിറ്റഡാണ് യൂണിറ്റ് നിർമിച്ചതും തുടർപരിപാലനം നടത്തുന്നതും.

∙കലക്ടേഴ്സും ഗ്രീൻ പൊലീസും; ബേഡഡുക്കയുടെ പുതുപാഠം

ഒരു പഞ്ചായത്തിലെ സ്കൂളുകളിൽ മാലിന്യം തരംതിരിക്കാനും പഠിപ്പിക്കുന്നുണ്ടെന്നു കേട്ടാൽ വിശ്വസിക്കുമോ? സംഗതി സത്യമാണ്. കാസർകോട് ജില്ലയിലെ ബേഡഡുക്ക പഞ്ചായത്തിലെ സ്കൂളുകളിലാണ് പ്രത്യേക പരിശീലനം നൽകുന്നത്. നാലു ബോക്സുകൾ വീതം സ്കൂളുകൾക്കു നൽകി. ഇതിൽ ജൈവ– അജൈവ മാലിന്യങ്ങൾ വെവ്വേറെ സംഭരിക്കും. ‘കലക്ടേഴ്സ് @ സ്കൂൾ’ എന്നാണു പദ്ധതിയുടെ പേര്. ഇതിന്റെ ഭാഗമായ വിദ്യാർഥികളുടെ കൂട്ടമാണ് ‘ഗ്രീൻ പൊലീസ്.’ പഞ്ചായത്തിലെ ഹരിതകർമസേന 8424 വീടുകളിൽനിന്ന് അജൈവമാലിന്യം ശേഖരിക്കുന്നു. അജൈവമാലിന്യം തരംതിരിക്കാൻ പഞ്ചായത്തിലെ വ്യാപാരികൾക്കും ബോക്സുകൾ നൽകി. 

ADVERTISEMENT

∙വളമായും വൈദ്യുതിയായും; പെരിന്തൽമണ്ണ നഗരസഭയുടെ പെരുമ

മാലിന്യത്തിൽനിന്നു വൈദ്യുതി ഉൽപാദിപ്പിക്കുന്ന സംസ്ഥാനത്തെ ഏക നഗരസഭ!. വൈദ്യുതി ഉൽപാദനത്തിനു പറ്റാത്ത മാലിന്യം ജൈവവളമാക്കും. മലപ്പുറം ജില്ലയിലെ പെരിന്തൽമണ്ണ നഗരസഭയാണ് മാലിന്യസംസ്കരണത്തിന്റെ വേറിട്ട മാതൃക തീർക്കുന്നത്. ഈ മികവിനു സംസ്ഥാന മലിനീകരണ നിയന്ത്രണ ബോർഡിന്റെ പുരസ്‌കാരം ഈ വർഷം ലഭിച്ചു. 13 ഏക്കറിലേറെ വ്യാപിച്ചു കിടക്കുന്നതാണ് പെരിന്തൽമണ്ണയിലെ ജൈവ–അജൈവ മാലിന്യ സംസ്‌കരണപ്ലാന്റും അനുബന്ധ സൗകര്യങ്ങളും. എൺപതോളം ഹരിത കർമ സേനാംഗങ്ങളുടെ നേതൃത്വത്തിൽ പ്രതിദിനം 4 ടൺ അജൈവ മാലിന്യം ശേഖരിക്കുന്നു. കഴിഞ്ഞവർഷം ഒന്നരക്കോടിയിലേറെ രൂപ യൂസർഫീ ഇനത്തിൽ ഹരിതകർമ സേനാംഗങ്ങൾക്കു ലഭിച്ചു.

പെരിന്തൽമണ്ണ നഗരസഭയുടെ ഖരമാലിന്യ സംസ്‌കരണ പ്ലാന്റ്. (ചിത്രം: മനോരമ)

പ്രതിദിനം രണ്ടു ടൺ ജൈവമാലിന്യം വൈദ്യുതിയാക്കാവുന്ന ബയോശക്തി പ്ലാന്റാണ് ഇവിടെയുള്ളത്. പ്ലാന്റിലെ യന്ത്രങ്ങൾ പ്രവർത്തിക്കുന്നത് ഇവിടെ ഉൽപാദിപ്പിക്കുന്ന വൈദ്യുതിയിലാണ്. വൈദ്യുതിക്ക് ഉപകരിക്കാത്ത മാലിന്യം കംപോസ്‌റ്റാക്കും. ബയോപാർക്ക് നിർമാണം അന്തിമഘട്ടത്തിലാണ്. മാലിന്യത്തിന്റെ സാധ്യതകൾ മനസ്സിലാക്കാനും ബോധവൽക്കരണത്തിനുമായുള്ള അക്കാദമിക് സെന്ററും സജ്ജമാക്കുന്നുണ്ട്. 

ശുചിമുറി മാലിന്യം ശേഖരിക്കുന്നതിനുള്ള പ്ലാന്റിനും നടപടിയായി. 24 മണിക്കൂറും നിരീക്ഷണ ക്യാമറകൾ സജ്ജം. മാലിന്യത്തിലെ പൊടികളയാൻ ഡീടെസ്‌റ്റർ, മാലിന്യം കെട്ടുകളാക്കി മാറ്റാനും പുനരുപയോഗമില്ലാത്ത മാലിന്യം പൊടിക്കാനും യന്ത്രങ്ങൾ തുടങ്ങിയവ സജ്ജമാക്കാനുള്ള ഒരുക്കത്തിലാണ് നഗരസഭയെന്നു ക്ലീൻ സിറ്റി മാനേജർ സി.കെ.വത്സൻ പറഞ്ഞു. ‌

ADVERTISEMENT

∙ മാലിന്യം ബോണസാണ്; വിജയചരിത്രമെഴുതി ഏലൂരിലെ ഹരിതകർമ സേന

ഓണത്തിനു ബോണസും വിഷുവിനു കൈനീട്ടവും അഡ്വാൻസും ലഭിക്കുന്ന ഹരിതകർമ സേനയാണ് കൊച്ചി ഏലൂരിലേത്. കഴിഞ്ഞവർഷം 50,000 രൂപ വീതം ലാഭവിഹിതം അംഗങ്ങൾക്കു ലഭിച്ചു. വീടുകളിൽനിന്ന് അജൈവമാലിന്യം ശേഖരിച്ചപ്പോൾ ലഭിച്ച പുസ്തകങ്ങൾ കൂട്ടിവച്ച് ഹരിതകർമ സേന നഗരസഭാ അങ്കണത്തിൽ ‘കലാഭവൻ മണി സ്മാരക വായനശാല’ ഒരുക്കി. പരിപാടികൾക്കായി ഗ്ലാസ് പ്ലേറ്റ്, ഗ്ലാസുകൾ, ഐസ്ക്രീം ബൗളുകൾ എന്നിവ വാടകയ്ക്കു നൽകാൻ ‘സീറോ വേസ്റ്റ് ഹരിത പീടിക’യും റെഡി.  അജൈവ മാലിന്യ ശേഖരണത്തിൽ 100 ശതമാനം യൂസർഫീ കലക്‌ഷൻ നേട്ടവും കൈവരിച്ചു. സേവനങ്ങൾ പൂർണമായും ഡിജിറ്റൽ. വീടുകൾ, സ്ഥാപനങ്ങൾ എന്നിവിടങ്ങളിൽനിന്നു ക്യുആർ കോഡ് വഴി യൂസർഫീ അടയ്ക്കാം.

ഏലൂർ നഗരസഭയിലെ ഹരിത കർമസേനാംഗങ്ങൾ (ചിത്രം: മനോരമ)

ഫാക്ട് കവല മുതൽ മുനിസിപ്പൽ ഓഫിസ് വരെ പൂച്ചട്ടികളും ചെടികളും, തെരുവുകളിൽ സ്നേഹാരാമങ്ങൾ, ഓഫിസ് ചുമരുകളിൽ നിറക്കൂട്ടുകളും ചിത്രശലഭങ്ങളും. പദ്ധതികളിൽ ജനങ്ങളുടെ പങ്കാളിത്തം ഉറപ്പാക്കാൻ ഫാക്ട് കവലയിൽ സെൽഫി കോർണർ. ഇങ്ങനെ മാലിന്യത്തിൽനിന്നു നിറമുള്ള ചിത്രങ്ങൾ വരയ്ക്കുകയാണ് ഏലൂരിലെ ഹരിതകർമസേന.  2025 വരെയുള്ള പ്രവർത്തനങ്ങൾക്കു ശുചിത്വമിഷൻ 40 ലക്ഷം രൂപ അനുവദിച്ചിട്ടുണ്ടെന്നു നഗരസഭാധ്യക്ഷൻ എ.‍ഡി.സുജിൽ അറിയിച്ചു.

∙ഒരുമിച്ചിറങ്ങിയാൽ വരും വൃത്തി; ബത്തേരിയുടെ പുത്തൻസംസ്കാരം

വീട്ടുമുറ്റം പോലെ വൃത്തിയുള്ള നിരത്തുകൾ. തുപ്പാൻ പോയിട്ട്, ചെരിപ്പിട്ടു നടക്കാൻപോലും തോന്നില്ലെന്നു പറഞ്ഞാൽ അതിശയോക്തിയല്ല. ജനകീയ പങ്കാളിത്തത്തോടെയുള്ള മാലിന്യസംസ്കരണത്തിൽ പുത്തൻസംസ്കാരം വളർത്തിയെടുത്തു, ബത്തേരി നഗരസഭ. നഗരവാസികളും വ്യാപാരി–വ്യവസായികളും ഓട്ടോ ടാക്സി ഡ്രൈവർമാരുമെല്ലാം ഒരുമിച്ചിറങ്ങിയപ്പോൾ ബത്തേരി ക്ലീൻ. സ്വന്തമായി മാലിന്യപ്ലാന്റ് ഇല്ലെങ്കിലും മാലിന്യശേഖരണവും കയറ്റിയയ്ക്കലുമെല്ലാം വലിയ പരാതിക്കിടയാക്കാത്തവിധം നടക്കുന്നു. നഗരസഭാ പരിധിയിലെ എല്ലാ വീടുകളിലും സ്ഥാപനങ്ങളിലുംനിന്നു മാലിന്യം വേർതിരിച്ചു ശേഖരിക്കുന്നു.

25 വർഷത്തേക്കുള്ള മാലിന്യസംസ്കരണം എങ്ങനെയായിരിക്കണമെന്നതിനു രൂപരേഖയും നഗരസഭ തയാറാക്കിയിട്ടുണ്ട്. ശുചിമുറി മാലിന്യം ശേഖരിക്കാനുള്ള പദ്ധതിയും നടപ്പാക്കി. ഒരു ലോഡ് മാലിന്യം ശേഖരിക്കാൻ 10,000 രൂപയാണ് ഫീസ്. മറ്റ് ഏജൻസികൾ 25,000 രൂപ വരെ ഈടാക്കുമ്പോഴാണു നഗരസഭ പദ്ധതിയുമായി രംഗത്തിറങ്ങിയത്. ശേഖരിക്കുന്ന മാലിന്യം കൽപറ്റയിലെ പ്ലാന്റിലെത്തിച്ചു സംസ്കരിക്കും. 

കതിരൂരിലെ റിസോഴ്സ് റിക്കവറി ഫെസിലിറ്റി കേന്ദ്രം. (ചിത്രം: മനോരമ)

∙മുൻപേ നടന്നവർ; നാടിനോടുള്ള കതിരൂരിന്റെ കരുതൽ 

സംസ്ഥാനതലത്തിൽ പ്രാവർത്തികമാകും മുൻപേ ഹരിതകർമസേന എന്ന ആശയം നടപ്പാക്കിയ പഞ്ചായത്താണ് കണ്ണൂരിലെ കതിരൂർ. പ്ലാസ്റ്റിക് മാലിന്യം വിറ്റും യൂസർ ഫീ ഇനത്തിലും ലഭിക്കുന്ന തുകയുടെ 10% നിർധനരായ അർബുദരോഗികൾക്കു നൽകും. പഞ്ചായത്തിലെ 18 വാർഡുകളിൽനിന്നും പ്ലാസ്റ്റിക് മാലിന്യം ശേഖരിച്ച് കുറ്റ്യേരിച്ചാലിലെ പ്ലാന്റിൽ എത്തിച്ചു തരംതിരിച്ച് ക്ലീൻകേരള കമ്പനിക്കു കൈമാറുന്നു.  പഞ്ചായത്തിലെ 2500 കുടുംബങ്ങളിൽ റിങ് കംപോസ്റ്റ്, പൈപ് കംപോസ്റ്റ് എന്നിവയിലേതെങ്കിലുമുണ്ട്. 18 വാർഡുകളിലും മാലിന്യശേഖരണ സംവിധാനവും. ‘വലിച്ചെറിയൽ മുക്ത’ പഞ്ചായത്താണ് കതിരൂർ. ആഘോഷച്ചടങ്ങുകളിൽ പ്ലാസ്റ്റിക് പാത്രവും ഗ്ലാസും ഉപയോഗിക്കുന്നില്ലെന്ന് ഉറപ്പാക്കുന്നു. പുഴകളും മറ്റു ജലസ്രോതസ്സുകളും ശുചീകരിക്കാൻ ജനപങ്കാളിത്തത്തോടെ ‘പുഴനടത്തം’ പദ്ധതി നടപ്പാക്കി. 

('മാലിന്യം മാഞ്ഞു; പൂമണം നിറഞ്ഞു', വായിക്കാം 'പണം കായ്ക്കുന്ന മാലിന്യം' പരമ്പര രണ്ടാം ഭാഗത്തിൽ)

English Summary:

Turning Trash into Treasure: Kerala's Innovative Waste Management Initiatives