യുദ്ധങ്ങളും ചെറുതും വലുതുമായ അനേകം സംഘർഷങ്ങളും അനുദിനമെന്നോണം ഉടലെടുക്കുന്ന ഇന്നത്തെ ലോകത്തെ ഏറ്റവും വലിയ ദുരന്തം ഇവയൊന്നുമല്ലെന്ന് പറഞ്ഞാൽ പലർക്കും വിശ്വാസം വരില്ല. നമ്മുടെയെല്ലാം ദൃഷ്ടിയിൽ നിന്ന് വളരെ ദൂരെ, ആഫ്രിക്കയിലെ സുഡാനിൽ നടക്കുന്ന ആഭ്യന്തരയുദ്ധവും തന്മൂലം ഉളവായിട്ടുള്ള പട്ടിണിയും മൂലം 2.5 കോടി ജനങ്ങൾ മരിക്കാനുള്ള സാധ്യതയുണ്ടെന്നാണ്‌ ഐക്യരാഷ്ട്ര സഭ 2024 ഓഗസ്റ്റ് 6ന് പുറത്തിറക്കിയ റിപ്പോർട്ടിൽ രേഖപ്പെടുത്തിയിട്ടുള്ളത്‌. ഇതിനകം തന്നെ ഒന്നര ലക്ഷത്തോളം സുഡാൻ സ്വദേശികൾ മരിച്ച ഈ കലാപം മൂലം ഒരു കോടിയിലേറെ പേർക്ക് തങ്ങളുടെ വീടും കിടപ്പാടവും നഷ്ടപ്പെട്ട നിലയിലാണ്‌. ഇത്രയും വലിയ ഒരു ദുരന്തം തങ്ങളുടെ കൺമുന്നിൽ അരങ്ങേറുമ്പോഴും മറ്റ് ലോക രാഷ്ട്രങ്ങൾ ഇതിനെപ്പറ്റി പ്രതികരിക്കാത്തത്‌ എന്തുകൊണ്ടാണ്? ഈ ദുരന്തത്തിന്റെ നേരിട്ടും അല്ലാതെയുമുള്ള അനന്തരഫലങ്ങൾ എന്തെല്ലാമാണ്? ഇവ പരിഹരിക്കാൻ

യുദ്ധങ്ങളും ചെറുതും വലുതുമായ അനേകം സംഘർഷങ്ങളും അനുദിനമെന്നോണം ഉടലെടുക്കുന്ന ഇന്നത്തെ ലോകത്തെ ഏറ്റവും വലിയ ദുരന്തം ഇവയൊന്നുമല്ലെന്ന് പറഞ്ഞാൽ പലർക്കും വിശ്വാസം വരില്ല. നമ്മുടെയെല്ലാം ദൃഷ്ടിയിൽ നിന്ന് വളരെ ദൂരെ, ആഫ്രിക്കയിലെ സുഡാനിൽ നടക്കുന്ന ആഭ്യന്തരയുദ്ധവും തന്മൂലം ഉളവായിട്ടുള്ള പട്ടിണിയും മൂലം 2.5 കോടി ജനങ്ങൾ മരിക്കാനുള്ള സാധ്യതയുണ്ടെന്നാണ്‌ ഐക്യരാഷ്ട്ര സഭ 2024 ഓഗസ്റ്റ് 6ന് പുറത്തിറക്കിയ റിപ്പോർട്ടിൽ രേഖപ്പെടുത്തിയിട്ടുള്ളത്‌. ഇതിനകം തന്നെ ഒന്നര ലക്ഷത്തോളം സുഡാൻ സ്വദേശികൾ മരിച്ച ഈ കലാപം മൂലം ഒരു കോടിയിലേറെ പേർക്ക് തങ്ങളുടെ വീടും കിടപ്പാടവും നഷ്ടപ്പെട്ട നിലയിലാണ്‌. ഇത്രയും വലിയ ഒരു ദുരന്തം തങ്ങളുടെ കൺമുന്നിൽ അരങ്ങേറുമ്പോഴും മറ്റ് ലോക രാഷ്ട്രങ്ങൾ ഇതിനെപ്പറ്റി പ്രതികരിക്കാത്തത്‌ എന്തുകൊണ്ടാണ്? ഈ ദുരന്തത്തിന്റെ നേരിട്ടും അല്ലാതെയുമുള്ള അനന്തരഫലങ്ങൾ എന്തെല്ലാമാണ്? ഇവ പരിഹരിക്കാൻ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

യുദ്ധങ്ങളും ചെറുതും വലുതുമായ അനേകം സംഘർഷങ്ങളും അനുദിനമെന്നോണം ഉടലെടുക്കുന്ന ഇന്നത്തെ ലോകത്തെ ഏറ്റവും വലിയ ദുരന്തം ഇവയൊന്നുമല്ലെന്ന് പറഞ്ഞാൽ പലർക്കും വിശ്വാസം വരില്ല. നമ്മുടെയെല്ലാം ദൃഷ്ടിയിൽ നിന്ന് വളരെ ദൂരെ, ആഫ്രിക്കയിലെ സുഡാനിൽ നടക്കുന്ന ആഭ്യന്തരയുദ്ധവും തന്മൂലം ഉളവായിട്ടുള്ള പട്ടിണിയും മൂലം 2.5 കോടി ജനങ്ങൾ മരിക്കാനുള്ള സാധ്യതയുണ്ടെന്നാണ്‌ ഐക്യരാഷ്ട്ര സഭ 2024 ഓഗസ്റ്റ് 6ന് പുറത്തിറക്കിയ റിപ്പോർട്ടിൽ രേഖപ്പെടുത്തിയിട്ടുള്ളത്‌. ഇതിനകം തന്നെ ഒന്നര ലക്ഷത്തോളം സുഡാൻ സ്വദേശികൾ മരിച്ച ഈ കലാപം മൂലം ഒരു കോടിയിലേറെ പേർക്ക് തങ്ങളുടെ വീടും കിടപ്പാടവും നഷ്ടപ്പെട്ട നിലയിലാണ്‌. ഇത്രയും വലിയ ഒരു ദുരന്തം തങ്ങളുടെ കൺമുന്നിൽ അരങ്ങേറുമ്പോഴും മറ്റ് ലോക രാഷ്ട്രങ്ങൾ ഇതിനെപ്പറ്റി പ്രതികരിക്കാത്തത്‌ എന്തുകൊണ്ടാണ്? ഈ ദുരന്തത്തിന്റെ നേരിട്ടും അല്ലാതെയുമുള്ള അനന്തരഫലങ്ങൾ എന്തെല്ലാമാണ്? ഇവ പരിഹരിക്കാൻ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

യുദ്ധങ്ങളും ചെറുതും വലുതുമായ അനേകം സംഘർഷങ്ങളും അനുദിനമെന്നോണം ഉടലെടുക്കുന്ന ഇന്നത്തെ ലോകത്തെ ഏറ്റവും വലിയ ദുരന്തം ഇവയൊന്നുമല്ലെന്ന് പറഞ്ഞാൽ പലർക്കും വിശ്വാസം വരില്ല. നമ്മുടെയെല്ലാം ദൃഷ്ടിയിൽ നിന്ന് വളരെ ദൂരെ, ആഫ്രിക്കയിലെ സുഡാനിൽ നടക്കുന്ന ആഭ്യന്തരയുദ്ധവും തന്മൂലം ഉളവായിട്ടുള്ള പട്ടിണിയും മൂലം 2.5 കോടി ജനങ്ങൾ മരിക്കാനുള്ള സാധ്യതയുണ്ടെന്നാണ്‌ ഐക്യരാഷ്ട്ര സഭ 2024 ഓഗസ്റ്റ് 6ന് പുറത്തിറക്കിയ റിപ്പോർട്ടിൽ രേഖപ്പെടുത്തിയിട്ടുള്ളത്‌. 

ഇതിനകം തന്നെ ഒന്നര ലക്ഷത്തോളം സുഡാൻ സ്വദേശികൾ മരിച്ച ഈ കലാപം മൂലം ഒരു കോടിയിലേറെ പേർക്ക് തങ്ങളുടെ വീടും കിടപ്പാടവും നഷ്ടപ്പെട്ട നിലയിലാണ്‌. ഇത്രയും വലിയ ഒരു ദുരന്തം തങ്ങളുടെ കൺമുന്നിൽ അരങ്ങേറുമ്പോഴും മറ്റ് ലോക രാഷ്ട്രങ്ങൾ ഇതിനെപ്പറ്റി പ്രതികരിക്കാത്തത്‌ എന്തുകൊണ്ടാണ്? ഈ ദുരന്തത്തിന്റെ നേരിട്ടും അല്ലാതെയുമുള്ള അനന്തരഫലങ്ങൾ എന്തെല്ലാമാണ്? ഇവ പരിഹരിക്കാൻ എന്തെങ്കിലും മാർഗങ്ങളുണ്ടോ? ഇതിനെയെല്ലാം പറ്റി വിശദമായ പഠനം ആവശ്യമാണ്‌.

ജനങ്ങൾക്കിടയിലൂടെ കടന്നുപോകുന്ന സുഡാൻ സൈനിക ടാങ്കറുകൾ. (Photo by AFP)
ADVERTISEMENT

∙ എന്താണ്‌ സുഡാനിലെ പ്രശ്‌നത്തിന്‌ മൂലകാരണം? 

വടക്കു കിഴക്കൻ ആഫ്രിക്കയിൽ ഈജിപ്ത്തിന് തെക്കും ഇത്യോപ്യക്ക്‌ വടക്കും ലിബിയക്ക്‌ കിഴക്കും സ്ഥിതി ചെയ്യുന്ന സുഡാന്റെ കിഴക്കേ അതിർത്തി ചെങ്കടലാണ്‌. ആകെ 7 രാജ്യങ്ങളുമായി അതിർത്തി പങ്കുവയ്ക്കുന്ന സുഡാൻ ആഫ്രിക്കയിലെ തന്നെ മൂന്നാമത്തെ വലിയ രാജ്യമാണ്‌. നൈൽ നദി സുഡാനിൽകൂടി ഒഴുകുന്നതുകൊണ്ട്‌ അതിന്റെ തീരങ്ങൾ ഫലഭൂയിഷ്ഠമാണ്‌. ചെങ്കടൽ വഴി സൂയസ്‌ കനാൽ, ഇന്ത്യൻ മഹാസമുദ്രം, മെഡിറ്ററേനിയൻ കടൽ എന്നീ പ്രധാന ജലപാതകളിലേക്ക്‌ സുഡാനിൽ നിന്ന് എളുപ്പത്തിൽ പ്രവേശിക്കാൻ സാധിക്കും. 

പല രീതികളിൽ പ്രകൃതി കനിഞ്ഞനുഗ്രഹിച്ചിട്ടും എന്തുകൊണ്ടാണ് ഇവിടെ പട്ടിണി വിളയാടുകയും ആഭ്യന്തര യുദ്ധം വരെ ഉണ്ടാകുകയും ചെയ്തത്‌?

1956ൽ  സ്വാതന്ത്ര്യം നേടിയ സുഡാനിൽ ഉണ്ടായ 33 വർഷം നീണ്ടു നിന്ന 2 ആഭ്യന്തര യുദ്ധങ്ങളും അതിനെ തുടർന്നുണ്ടായ സംഭവവികാസങ്ങളും  2011ൽ  തെക്കൻ സുഡാൻ എന്ന പുതിയ രാജ്യത്തിന്റെ പിറവിയിൽ കലാശിച്ചു. ഒരു ഇസ്‌ലാമിക രാഷ്ട്രമായി ജനനത്തിൽ തന്നെ പ്രഖ്യാപിച്ച സുഡാന്റെ സ്വാതന്ത്യ്രത്തിനു ശേഷമുള്ള ആദ്യ 13 വർഷങ്ങളിൽ ജനാധിപത്യ സർക്കാർ നിലനിന്നിരുന്നു. 1969ൽ  ഒരു പട്ടാള വിപ്ലവത്തിലൂടെ കേണൽ ഗാഫർ നിമേറി ഭരണം പിടിച്ചെടുത്തു. 1985 വരെ അധികാരത്തിൽ തുടർന്ന നിമേറി സുഡാനിൽ ഇസ്‌ലാമിക നിയമം കർശനമായി നടപ്പാക്കിയെങ്കിലും അതേ സമയം തന്നെ അമേരിക്കയുമായി നല്ല ബന്ധം വളർത്തിയെടുക്കുകയും ചെയ്തു. 

സാമ്പത്തിക ബുദ്ധിമുട്ടുകൾ സുഡാനെ പിടിച്ചുലച്ചപ്പോൾ ഒരു രക്തരഹിത വിപ്ലവം വഴി നിമേറിയെ പട്ടാളം തന്നെ അധികാരത്തിൽ നിന്ന് നീക്കി. തുടർന്നു നടന്ന തിരഞ്ഞെടുപ്പിൽ സാദിഖ്‌ അൽ മഹിദി പ്രധാനമന്ത്രിയായി ഒരു സർക്കാർ അധികാരമേറ്റു. എന്നാൽ, 1989ൽ  കേണൽ ഒമർ അൽ ബഷീർ ഈ സർക്കാരിനെ മറിച്ചിട്ട്‌ അധികാരം പിടിച്ചെടുത്തു. തുടർന്നുള്ള 30 വർഷം അൽ ബഷീർ ഒരു ഏകാധിപതിയായി ഈ രാജ്യം ഭരിച്ചു. ആദ്യം തീവ്ര ഇസ്‌ലാമിക പാത തുടർന്ന അൽ ബഷീർ പിന്നീട്‌ ഈ വഴി ഉപേക്ഷിച്ചെങ്കിലും നിരന്തരമായ മനുഷ്യാവകാശ ലംഘനങ്ങളും രാഷ്ട്രീയ എതിരാളികളോടുള്ള ക്രൂരമായ സമീപനവും മൂലം പാശ്ചാത്യ ലോകത്തിനു അനഭിമതനായി. 

സുഡാൻ പൊലീസ് ഉദ്യോഗസ്ഥർ (Photo by AFP)
ADVERTISEMENT

2019ൽ  അവശ്യ സാധനങ്ങളുടെ ദൗർലഭ്യവും വിലക്കയറ്റവും മറ്റു സാമ്പത്തിക ബുദ്ധിമുട്ടുകളും മൂലം അൽ ബഷീറിന്റെ ഭരണത്തിനെതിരെ വൻ ജനരോഷമുയർന്നു. ഇതിനെത്തുടർന്ന് പട്ടാളം ഇടപെട്ടു അൽ ബഷീറിനെ പ്രസിഡന്റ് സ്ഥാനത്തു നിന്നും നീക്കി. ഇതിന് പിന്നാലെ പട്ടാളവും സൈനികേതര നേതൃത്വവും ചേർന്ന്‌ ഒരു സർക്കാർ നിലവിൽ വന്നെങ്കിലും രണ്ടു വർഷത്തിനകം ഭരണം പൂർണമായും പട്ടാളത്തിന്റെ കീഴിലായി. നിലവിൽ സുഡാൻ പട്ടാളത്തിന്റെ (Sudan Armed Forces അഥവാ SAF) മേധാവി ആയ അബ്ദെൽ ഫത്തഹ്‌ അൽ ബർഹാൻ ആണ്‌ രാജ്യത്തിന്റെ ഭരണാധികാരി.

∙ വഴിയൊരുങ്ങിയത് സമാന്തരമായ അധികാരകേന്ദ്രത്തിന് 

ഈ നൂറ്റാണ്ടിന്റെ ആദ്യ ദശകത്തിൽ അറബികളായ സുഡാനികളുടെ താൽപര്യങ്ങൾ അൽ ബഷീറിന്റെ ഭരണകൂടം സംരക്ഷിക്കുന്നു എന്ന്‌ ആരോപിച്ച് അറബികൾ അല്ലാത്ത സുഡാനികൾ ഈ ഭരണത്തിനെതിരെ ദാർഫുർ കേന്ദ്രമാക്കി പ്രക്ഷോഭം തുടങ്ങി. ഈ പ്രക്ഷോഭം അടിച്ചമർത്താൻ അൽ ബഷീർ റാപിഡ്‌ സപ്പോർട്ട്‌ ഫോഴ്‌സ്‌ (Rapid Support Force അഥവാ RSF) എന്ന പേരിൽ ഒരു സായുധ സേനയ്ക്ക്‌ രൂപം കൊടുത്തു. ലക്ഷ്യപ്രാപ്തിക്ക്‌ വേണ്ടി അൽ ബഷീർ ഈ സേനയ്ക്ക്‌ അമിതമായ അധികാരങ്ങളും നൽകി. ഇവ ഉപയോഗിച്ച്‌ ആർഎസ്എഫ് ദാർഫുറിലും അടുത്ത പ്രദേശങ്ങളിലും വൻ തോതിലുള്ള നരഹത്യ നടത്തി. 

സുഡാനിലെ സാധാരണക്കാരായ ജനങ്ങളെ സംബന്ധിച്ചിടത്തോളം ഏറ്റവും വലിയ ദുരന്തം ഇവർ അനുഭവിക്കുന്ന ബുദ്ധിമുട്ടുകളോടും കഷ്ടപ്പാടുകളോടും മറ്റു രാജ്യങ്ങളും ലോക നേതാക്കളും രാജ്യാന്തര സംഘടനകളും കാണിക്കുന്ന നിസംഗതയാണ്‌

വളരെ വേഗം ഇതിന്റെ സേനാധിപനായ ഹെമെദ്ടി എന്നറിയപ്പെടുന്ന മുഹമ്മദ്‌ ഹമദാൻ ദഗാലോ ഒരു സമാന്തരമായ അധികാരകേന്ദ്രമായി ഉയർന്നു. അൽ ബഷീറിനെ അട്ടിമറിച്ച പട്ടാള വിപ്ലവം നടക്കുമ്പൊഴേക്കും എസ്എഎഫിനോട്  മല്ലടിച്ചു നിൽക്കാൻ വേണ്ട ശക്തിയും പ്രാപ്തിയുമുള്ള  സംഘടനയായി ആർഎസ്എഫ് വളർന്നിരുന്നു. ഹെമെദ്ടിയും അൽ ബർഹാനും  ഒരുമിച്ചു നിന്ന് സഹകരണ മനോഭാവത്തോടെയാണ്  അൽ ബഷീറിന്റെ പതനം ഉറപ്പാക്കിയതെന്നും പ്രസക്തമാണ്‌. എന്നാൽ സൈനികേതര ഭരണത്തിലേക്കുള്ള മാറ്റം നടക്കാതെ വരികയും അൽ ബർഹാൻ ഖാർത്തൂമിൽ അധികാരം പിടിച്ചെടുക്കുകയും ചെയ്തതോടെ ഇദ്ദേഹവും ഹെമെമ്ടിയും തമ്മിൽ അഭിപ്രായവ്യത്യാസങ്ങൾ ഉടലെടുത്തു. 

സുഡാനിലെ ആഭ്യന്തരയുദ്ധം അവസാനിപ്പിക്കണമെന്ന ആവശ്യവുമായി പ്രതിഷേധം നടത്തുന്ന സ്ത്രീകൾ. (Photo by Fabrice COFFRINI / AFP)
ADVERTISEMENT

ഇത്‌ കാലക്രമേണ കൂടുതൽ വഷളായെന്നു  മാത്രമല്ല 2023 ഏപ്രിൽ മാസം മുതൽ എസ്എഎഫും ആർഎസ്എഫും   തമ്മിലുള്ള തുറന്ന യുദ്ധത്തിലേക്ക്‌ കാര്യങ്ങൾ എത്തി. ദാർഫുർ കേന്ദ്രികരിച്ചുള്ള സുഡാന്റെ പശ്ചിമ - തെക്ക്‌, പശ്ചിമ മേഖലകൾ ആർഎസ്എഫിന്റെ  നിയന്ത്രണത്തിലാണ്‌. ബാക്കി ഭാഗങ്ങൾ എസ്എഎഫിന്റെ  കീഴിലും. രണ്ടു സേനകളും രാജ്യത്തിനുള്ളിലും പുറത്തുമുള്ള സ്വകാര്യ സേനകളുടെയും കൂലി പട്ടാളക്കാരുടെയും സേവനങ്ങൾ സ്വീകരിക്കുന്നുണ്ട്‌. എസ്എഎഫ് ഇസ്‌ലാം തീവ്രവാദികളുടെ സഹായം സ്വീകരിക്കുമ്പോൾ ആർഎസ്എഫിന്  അറബികളുടെ അസംഘടിത സേനകളിൽ നിന്ന് സഹായം ലഭിക്കുന്നു. 

ഇതെല്ലാം കാരണം പ്രമുഖ സൈന്യങ്ങൾ തമ്മിലുള്ള  വലിയ യുദ്ധത്തിനു പുറമേ മറ്റു സേനകളും പോരാളികളും തമ്മിലുള്ള പല ചെറിയ  പോരാട്ടങ്ങളും സുഡാന്റെ പല ഭാഗങ്ങളിലായി അരങ്ങേറുന്നുണ്ട്‌. ഈ ആഭ്യന്തര യുദ്ധം ഒന്നര വർഷം പിന്നിടുമ്പോൾ ഇത്‌ സൃഷ്ടിച്ച ദുരിതങ്ങൾ ഒട്ടേറെയാണ്. ഏകദേശം ഒരു കോടി ജനങ്ങൾ സ്വന്തം വീടും നാടും വിട്ടിട്ടുണ്ട്‌; അതിൽ 20 ലക്ഷത്തോളം അഭയാർഥികൾ സുഡാനിൽ നിന്ന് പുറത്തേക്ക്‌ പലായനം ചെയ്തിട്ടുണ്ടെന്നാണ്‌ കണക്കാക്കുന്നത്‌. സ്ത്രീകൾക്കും കുട്ടികൾക്കും എതിരെയുള്ള അക്രമങ്ങൾ അനുദിനം വർധിച്ചു വരികയാണ്‌. 

30 ലക്ഷത്തോളം സ്ത്രീകൾ അക്രമങ്ങൾ നേരിടുന്നുണ്ടെന്ന്‌ ഐക്യരാഷ്ട്ര സംഘടനയുടെ റിപ്പോർട്ടിൽ പറയുന്നു; 20 ലക്ഷത്തോളം കുട്ടികൾ വിദ്യാഭ്യാസം ലഭിക്കാതെ ഉഴലുന്നു. ഇതിനൊല്ലാം പുറമേയാണ്‌ ഭക്ഷ്യക്ഷാമവും തന്മൂലമുള്ള രോഗങ്ങളും. നേരത്തെ സൂചിപ്പിച്ചതു പോലെ പട്ടിണി മരണങ്ങൾ കൂടി തുടങ്ങിയാൽ ഒരു  മഹാദുരന്തത്തിനാകും സുഡാൻ സാക്ഷ്യം വഹിക്കേണ്ടിവരുന്നത്.  

∙ കണ്ണടച്ച് അയൽ രാജ്യങ്ങൾ

ഇത്രയേറെ പ്രശ്നങ്ങൾ ഉണ്ടായിട്ടും എന്തുകൊണ്ടാണ് മറ്റ് രാജ്യങ്ങളോ സംഘടനകളോ സുഡാനിലെ ഈ സ്ഥിതി മാറ്റിയെടുക്കാൻ ശ്രമിക്കാത്തത്‌? ഒരു പ്രധാന കാരണം ഈ പ്രദേശത്തുള്ള പല രാജ്യങ്ങളുടെയും സ്വാർഥ താൽപര്യങ്ങൾ തന്നെയാണ്. ആർഎസ്എഫിന്  ഏറ്റവും വലിയ പിന്തുണ നൽകുന്നത്‌ യുണൈറ്റഡ്‌ അറബ്‌ എമിറേറ്റ്സ്‌ അഥവ യുഎഇ ആണ്‌. പണ്ട്‌ ആർഎസ്എഫ് സേനയുടെ അംഗങ്ങൾ യെമനിലും ലിബിയയിലും യുഎഇയുടെ  സൈന്യത്തോടൊപ്പം പോരാടിയത്കൊണ്ട്  മാത്രമല്ല ഈ അടുപ്പം; ഇതുവഴി യുഎഇയ്ക്ക് കിഴക്കൻ സുഡാനിലുള്ള സ്വാധീനം കൂട്ടാനും അവിടെയുള്ള ധാതുക്കളുടെയും മറ്റു ലോഹങ്ങളുടെയും ഖനനത്തിൽ നിന്ന് ലാഭമുണ്ടാക്കാമെന്ന ലക്ഷ്യവുമുണ്ട്‌.   

ഛാഡ്‌, നൈജീരിയ, സെൻട്രൽ ആഫ്രിക്കൻ റിപ്പബ്ലിക് എന്നീ രാജ്യങ്ങളിൽ നിന്ന് ആർഎസ്എഫിനു  സഹായം ലഭിക്കുന്നുണ്ട്‌. എസ്എഎഫിനു  തുർക്കി, ഖത്തർ, ഈജിപ്ത് എന്നീ രാജ്യങ്ങളിൽ നിന്ന്‌ സഹായം കിട്ടുന്നു. റഷ്യക്ക്‌ പോർട്ട്‌ സുഡാനിൽ ഒരു സൈനിക താവളം വേണമെന്ന ആഗ്രഹമുണ്ട്‌. ഇറാനും ചെങ്കടലിൽ ഒരു നാവികത്താവളം  ആവശ്യപെട്ടിട്ടുണ്ട്‌. ഈ രണ്ടു ആവശ്യങ്ങൾക്കും എസ്എഎഫും  അൽ ബുർഹനും ഇതു വരെ വഴങ്ങിയിട്ടില്ലെങ്കിലും ആർഎസ്എഫ് ശക്തി പ്രാപിക്കുകയാണെങ്കിൽ ഈ നിലപാട്‌ മാറിക്കൂടായ്കയില്ല. 

സുഡാനിലെ ആഭ്യന്തര യുദ്ധത്തെത്തുടർന്ന് വീട് നഷ്ടപ്പെട്ട് അഭയാർഥി ക്യാംപിൽ കഴിയുന്ന കുട്ടികളും രക്ഷിതാക്കളും (Photo by AFP)

അങ്ങനെ ആഫ്രിക്കയിലെ ഈ പ്രദേശങ്ങളിലും ചെങ്കടലിലും ആധിപത്യം സ്ഥാപിക്കാൻ താൽപര്യപ്പെടുന്ന ശക്തികൾ തമ്മിലുള്ള ഒരു പരോക്ഷ പോരാട്ടം കൂടി സുഡാനിൽ അരങ്ങേറുന്നുണ്ട്‌. രാജ്യാന്തര സംഘടനകളായ യുഎൻ,  ആഫ്രിക്കൻ യൂണിയൻ എന്നിവയും ഇവിടെ പ്രശ്നപരിഹാരത്തിന്‌ വേണ്ടി കാര്യമായി പ്രവർത്തിക്കുന്നില്ല. ലോകത്തിലെ വൻ ശക്തികളായ അമേരിക്കയും ചൈനയും ഈ വിഷയത്തിൽ കാര്യമായി താൽപര്യമെടുത്തിട്ടില്ല.

∙ അലയൊലികൾ സുഡാനിൽ മാത്രം അടങ്ങില്ല

സുഡാനിലെ ഈ പ്രതിസന്ധി അവിടത്തെ ഭരണത്തെയും ജനജീവിതത്തെയും മാത്രം ബാധിക്കുന്ന ഒന്നായി കാണാൻ കഴിയില്ല. അഭയാർഥി പ്രശ്നം തന്നെയെടുക്കാം. 20 ലക്ഷത്തിൽപരം പരം സുഡാൻ പൗരന്മാർ ഈ ആഭ്യന്തര യുദ്ധം മൂലം ഛാഡിലേക്കും ഈജിപ്തിലേക്കും അടുത്തുള്ള മറ്റു രാജ്യങ്ങളിലേക്കും പലായനം ചെയ്തിട്ടുണ്ടെന്നു നേരത്തെ സൂചിപ്പിച്ചുവല്ലോ. ഇത്‌ വരും ദിവസങ്ങളിൽ ഈ രാജ്യങ്ങളിൽ വലിയ പ്രതിസന്ധി സൃഷ്ടിക്കും എന്ന കാര്യത്തിലും ഉറപ്പാണ്‌. ഇത്രയധികം അഭയാർഥികൾക്ക്‌ താമസത്തിനും ഭക്ഷണത്തിനും ആവശ്യമായ വൈദ്യ ചികിത്സക്കും വേണ്ട സൗകര്യങ്ങൾ ഈ രാജ്യങ്ങളിലില്ല. 

ആഭ്യന്തരയുദ്ധത്തെ തുടർന്ന് സുഡാനിൽ നിന്ന് പലായനം ചെയ്യുന്നവർ. (Photo by LUIS TATO / AFP)

അഭയാർഥി പ്രശ്നം സുഡാന്റെ അയൽപക്കങ്ങളിൽ മാത്രം ഒതുങ്ങുന്ന ഒരു വിഷയവുമാകില്ല. ഇവർ കാലക്രമേണ ആഫ്രിക്കയിലെ മറ്റു രാജ്യങ്ങളിലേക്കും യൂറോപ്പിലേക്കും കുടിയേറാൻ ശ്രമിക്കും. ഇതു മാത്രമല്ല, അഭയാർഥി ക്യാംപുകളിലെ പട്ടിണിയും നരകതുല്യമായ ജീവിതവും ഈ ലോകത്തോട്‌ തന്നെ പകയും വിദ്വേഷവുമുള്ള, തീവ്രവാദ പ്രവർത്തനങ്ങളിൽ വേഗം ആകൃഷ്ടരാകാൻ സാധ്യതയുള്ള ഒരു വലിയ സംഘം ചെറുപ്പക്കാരെയും സൃഷ്ടിക്കും എന്ന വസ്തുതയും നമ്മൾ മറക്കരുത്‌. 

ലോകത്തിലെ എല്ലാ ഭീകരവാദ സംഘടനകളും തങ്ങളുടെ കൂട്ടത്തിലേക്കുള്ള പുതുരക്തത്തെ തേടുന്നത്‌ ഇത്പോലെയുള്ള അഭയാർഥി ക്യാംപുകളിൽ നിന്നാണ്‌. ഇക്കാരണങ്ങളെല്ലാം കൊണ്ടുതന്നെ ഈ പ്രശ്നം  സുഡാനെയും അതിനടുത്തു സ്ഥിതി ചെയ്യുന്ന രാജ്യങ്ങളുടെയും മാത്രം ബാധിക്കുന്ന ഒന്നാണെന്നു കരുതി  കണ്ണടയ്ക്കാൻ മറ്റു രാജ്യങ്ങൾക്കുമാകില്ല.

∙ ഈ പ്രശ്നങ്ങൾക്ക്‌ എന്താണ്‌ പരിഹാരം? 

എസ്എഎഫും ആർഎസ്എഫും തമ്മിലുള്ള പോരാട്ടം പെട്ടെന്ന്‌ അവസാനിക്കാനുള്ള സാധ്യത വിരളമാണ്‌. ഇതിനു വേണ്ടിയുള്ള നിർദേശങ്ങൾ ഇതുവരെ ആരും മുൻപോട്ട്‌ വച്ചിട്ടുമില്ല. അത്കൊണ്ട്  ഇപ്പോൾ ചെയ്യാൻ സാധിക്കുന്നത്‌ ഈ പ്രദേശത്ത് ഉടലെടുക്കുന്ന പട്ടിണിയും തന്മൂലമുള്ള ജീവഹാനിയും സാംക്രമിക രോഗങ്ങളും തടയുക എന്നതാണ്‌. വേൾഡ്‌ ഫുഡ്‌ പ്രോഗ്രാം (World Food Programme അഥവാ WFP) എന്ന ഐക്യരാഷ്ട്ര സഭയുടെ കീഴിലുള്ള സംഘടന 2023–24ൽ മാത്രം രണ്ടു ലക്ഷം ടൺ ഭക്ഷണം സുഡാനിലെത്തിച്ചിട്ടുണ്ട്‌. 

എന്നാൽ ഇതുമുഴുവൻ  ഭക്ഷണം ആവശ്യമുള്ള പ്രദേശങ്ങളിൽ എത്തുന്നില്ല. ഇതിൽ ഒരു നല്ല ശതമാനം എസ്എഎഫും ആർഎസ്എഫും തങ്ങളുടെ പക്കലാകും. മോഷണവും വ്യാപകമാണ്. പോർട്ട്‌ സുഡാനിൽ ഭക്ഷണവുമായെത്തുന്ന കപ്പലിൽ നിന്ന് അവ ട്രക്കുകളിലേക്ക്‌ കയറ്റി തുറമുഖത്തിന്‌ പുറത്തെത്തിക്കാൻ മാത്രം 6 ആഴ്ചയോളം എടുക്കും. ഈ കാലതാമസവും സേനകളുടെ വിഹിതവും മോഷണവും എല്ലാം കഴിഞ്ഞെത്തുന്ന ഭക്ഷണത്തിന്റെ ഒരു ചെറിയ ശതമാനം മാത്രമേ ദ൪ഫുറിലും പശ്ചിമ സുഡാനിലും എത്തുന്നുള്ളൂ. 

സുഡാനിലെ അഭയാർഥി ക്യാംപുകളിൽ സന്നദ്ധപ്രവർത്തകർ ഭക്ഷണം വിതരണം ചെയ്യുന്നത് വാങ്ങാനായി കാത്തുനിൽക്കുന്ന ജനക്കൂട്ടം. (Photo by AFP)

ഈ സ്ഥിതിയിൽ  മാറ്റം വരുത്തുവാൻ കഴിഞ്ഞാൽ പട്ടിണി മരണങ്ങളും വൻ തോതിലുള്ള സാംക്രമിക രോഗങ്ങളും ഒരു പരിധിവരെ  ഒഴിവാക്കാൻ സാധിച്ചേക്കാം. ഇതിനു വേണ്ടി എസ്എഎഫിന്റെയും ആർഎസ്എഫിന്റെയും നേതൃത്വങ്ങളിൽ സ്വാധീനമുള്ള യുഎഇ, തുർക്കി,  സൗദി അറേബ്യ, ഈജിപ്ത്‌ തുടങ്ങിയ രാജ്യങ്ങൾ ഒത്തൊരുമിച്ചു ശ്രമിക്കുകയാണെങ്കിൽ ആ ഉദ്യമം വിജയം കണ്ടേക്കാം.

സുഡാനിലെ സാധാരണക്കാരായ ജനങ്ങളെ സംബന്ധിച്ചിടത്തോളം ഏറ്റവും വലിയ ദുരന്തം ഇവർ അനുഭവിക്കുന്ന ബുദ്ധിമുട്ടുകളോടും കഷ്ടപ്പാടുകളോടും മറ്റു രാജ്യങ്ങളും ലോക നേതാക്കളും രാജ്യാന്തര സംഘടനകളും കാണിക്കുന്ന നിസംഗതയാണ്‌. ലക്ഷക്കണക്കിന്‌ ജനങ്ങൾ മരിച്ചിട്ടും, ശത ലക്ഷങ്ങൾ വീടുകൾ വിട്ടു അഭയസ്ഥാനം തേടി പലായനം ചെയ്തിട്ടും, രണ്ടു കോടിയിൽപരം മനുഷ്യർ പട്ടിണി മരണത്തെ നേരിടുന്ന സാഹചര്യം ഉണ്ടായിട്ടും പ്രമുഖ രാഷ്ട്രങ്ങളും ചിന്തകരും മനുഷ്യാവകാശ പ്രവർത്തകരും ഇവർക്കുവേണ്ടി ചെറുവിരൽ പോലും അനക്കുന്നില്ലെന്നത് അതീവ ദുഃഖകരമായ വസ്തുതയാണ്‌. 

ഇതിനെ കുറ്റകരമായ അനാസ്ഥ എന്നു മാത്രമേ വിശഷിപ്പിക്കാനാകൂ. ‘ഗ്ലോബൽ സൗത്ത്’ (global south) എന്നറിയപ്പെടുന്ന ലോകത്തിലെ പിന്നാക്ക രാജ്യങ്ങളുടെ നേതൃത്വം കാംക്ഷിക്കുന്ന ഇന്ത്യയും ഈ വിഷയത്തിൽ കാര്യമായി ഇടപെട്ടിട്ടില്ല. കുടുതൽ സമയം പാഴാക്കാതെ ഇനിയെങ്കിലും ഇന്ത്യ ഉൾപ്പെടെയുള്ള രാഷ്ട്രങ്ങൾ ഈ വിഷയത്തിൽ ഒരു ശാശ്വതപരിഹാരം കണ്ടെത്താൻ മുൻകൈയെടുക്കണം. ഇത്‌ ചെയ്തില്ലെങ്കിൽ ഇവിടെ ഉരുത്തിരിയാൻ സാധ്യതയുള്ള  മഹാദുരന്തത്തിനും അതിന്റെ തിക്ത ഫലങ്ങൾക്കും വരും തലമുറ ഇന്നത്തെ ലോക നേതാക്കൾക്ക്‌ മാപ്പ്‌ നൽകില്ല.

(മുൻ ഐആർഎസ് ഉദ്യോഗസ്ഥനായ ഡോ. കെ.എൻ. രാഘവൻ രാജ്യാന്തര ക്രിക്കറ്റ് അംപയറും രാജ്യാന്തര വിഷയങ്ങളുടെ നിരീക്ഷകനുമാണ്)