കറുത്ത കുതിരയായി ഉത്തരകൊറിയ; ദക്ഷിണ കൊറിയയെയും യുക്രെയ്നിനെയും റഷ്യ പൂട്ടി; ആശങ്കയുടെ മുൾമുനയിൽ ലോകം!
ലോകം ഒരു ചതുരംഗപലകയാണെങ്കിൽ അതിലെ കറുത്ത കുതിരയാണ് ഉത്തരകൊറിയ. അപ്രതീക്ഷിത നീക്കങ്ങളിലൂടെ എതിരാളിയുടെ കണക്കുകൂട്ടലുകൾ ആകെ തെറ്റിക്കുന്ന കറുത്ത കുതിര. റഷ്യ- യുക്രെയ്ൻ യുദ്ധത്തിനു പിന്നാലെ ലോകത്തിന്റെ പലഭാഗത്തും യുദ്ധങ്ങളും സംഘർഷങ്ങളും തുടർക്കഥയാകുമ്പോൾ അതിലെ കേന്ദ്രകഥാപാത്രമാകുകയാണ് ഉത്തരകൊറിയ. ഈ വർഷം ജൂണിൽ റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുട്ടിന്റെ ഉത്തരകൊറിയൻ സന്ദർശനത്തിനു പിന്നാലെ കിഴക്കൻ ഏഷ്യയിലെ ശാക്തിക സമവാക്യങ്ങൾ ആകെ തകിടം മറിഞ്ഞിരുന്നു. റഷ്യയുമായുള്ള യുദ്ധത്തിൽ തങ്ങൾക്ക് ഏറ്റവും പ്രതിസന്ധി സൃഷ്ടിക്കുന്നത് ഇറാനോ ചൈനയോ അല്ലെന്നും മറിച്ച് ഉത്തരകൊറിയ ആണെന്നും യുക്രെയ്ൻ ഇന്റലിജൻസ് മേധാവി കിറിലോ ബുധനോവ് സെപ്റ്റംബർ 14ന് തലസ്ഥാനമായ കീവിൽ നടന്ന സുരക്ഷാ കോൺഫറൻസിൽ ആരോപിച്ചിരുന്നു. ഏഴു മാസം മുൻപു ദക്ഷിണ കൊറിയയെ പ്രധാന ശത്രുവായി പ്രഖ്യാപിച്ചു ഉത്തര കൊറിയൻ നേതാവ് കിം ജോങ് ഉൻ യുദ്ധത്തിന് ഒരുക്കം തുടങ്ങിയതു മുതൽ കൊറിയൻ ഉപദ്വീപിലും ലോകമെങ്ങും ആശങ്കയുടെ വേലിയേറ്റമാണ്. 13 ലക്ഷം സജീവ അംഗങ്ങളുള്ള ഉത്തരകൊറിയൻ സൈന്യം അംഗബലം കൊണ്ട് ലോകത്തെ ഏറ്റവും വലിയ സൈന്യമായാണു പരിഗണിക്കപ്പെടുന്നത്. യുദ്ധത്തിന് ഒരുക്കങ്ങൾ പൂർത്തിയാക്കിയെന്ന ഉത്തരകൊറിയയുടെ അവകാശവാദം,
ലോകം ഒരു ചതുരംഗപലകയാണെങ്കിൽ അതിലെ കറുത്ത കുതിരയാണ് ഉത്തരകൊറിയ. അപ്രതീക്ഷിത നീക്കങ്ങളിലൂടെ എതിരാളിയുടെ കണക്കുകൂട്ടലുകൾ ആകെ തെറ്റിക്കുന്ന കറുത്ത കുതിര. റഷ്യ- യുക്രെയ്ൻ യുദ്ധത്തിനു പിന്നാലെ ലോകത്തിന്റെ പലഭാഗത്തും യുദ്ധങ്ങളും സംഘർഷങ്ങളും തുടർക്കഥയാകുമ്പോൾ അതിലെ കേന്ദ്രകഥാപാത്രമാകുകയാണ് ഉത്തരകൊറിയ. ഈ വർഷം ജൂണിൽ റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുട്ടിന്റെ ഉത്തരകൊറിയൻ സന്ദർശനത്തിനു പിന്നാലെ കിഴക്കൻ ഏഷ്യയിലെ ശാക്തിക സമവാക്യങ്ങൾ ആകെ തകിടം മറിഞ്ഞിരുന്നു. റഷ്യയുമായുള്ള യുദ്ധത്തിൽ തങ്ങൾക്ക് ഏറ്റവും പ്രതിസന്ധി സൃഷ്ടിക്കുന്നത് ഇറാനോ ചൈനയോ അല്ലെന്നും മറിച്ച് ഉത്തരകൊറിയ ആണെന്നും യുക്രെയ്ൻ ഇന്റലിജൻസ് മേധാവി കിറിലോ ബുധനോവ് സെപ്റ്റംബർ 14ന് തലസ്ഥാനമായ കീവിൽ നടന്ന സുരക്ഷാ കോൺഫറൻസിൽ ആരോപിച്ചിരുന്നു. ഏഴു മാസം മുൻപു ദക്ഷിണ കൊറിയയെ പ്രധാന ശത്രുവായി പ്രഖ്യാപിച്ചു ഉത്തര കൊറിയൻ നേതാവ് കിം ജോങ് ഉൻ യുദ്ധത്തിന് ഒരുക്കം തുടങ്ങിയതു മുതൽ കൊറിയൻ ഉപദ്വീപിലും ലോകമെങ്ങും ആശങ്കയുടെ വേലിയേറ്റമാണ്. 13 ലക്ഷം സജീവ അംഗങ്ങളുള്ള ഉത്തരകൊറിയൻ സൈന്യം അംഗബലം കൊണ്ട് ലോകത്തെ ഏറ്റവും വലിയ സൈന്യമായാണു പരിഗണിക്കപ്പെടുന്നത്. യുദ്ധത്തിന് ഒരുക്കങ്ങൾ പൂർത്തിയാക്കിയെന്ന ഉത്തരകൊറിയയുടെ അവകാശവാദം,
ലോകം ഒരു ചതുരംഗപലകയാണെങ്കിൽ അതിലെ കറുത്ത കുതിരയാണ് ഉത്തരകൊറിയ. അപ്രതീക്ഷിത നീക്കങ്ങളിലൂടെ എതിരാളിയുടെ കണക്കുകൂട്ടലുകൾ ആകെ തെറ്റിക്കുന്ന കറുത്ത കുതിര. റഷ്യ- യുക്രെയ്ൻ യുദ്ധത്തിനു പിന്നാലെ ലോകത്തിന്റെ പലഭാഗത്തും യുദ്ധങ്ങളും സംഘർഷങ്ങളും തുടർക്കഥയാകുമ്പോൾ അതിലെ കേന്ദ്രകഥാപാത്രമാകുകയാണ് ഉത്തരകൊറിയ. ഈ വർഷം ജൂണിൽ റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുട്ടിന്റെ ഉത്തരകൊറിയൻ സന്ദർശനത്തിനു പിന്നാലെ കിഴക്കൻ ഏഷ്യയിലെ ശാക്തിക സമവാക്യങ്ങൾ ആകെ തകിടം മറിഞ്ഞിരുന്നു. റഷ്യയുമായുള്ള യുദ്ധത്തിൽ തങ്ങൾക്ക് ഏറ്റവും പ്രതിസന്ധി സൃഷ്ടിക്കുന്നത് ഇറാനോ ചൈനയോ അല്ലെന്നും മറിച്ച് ഉത്തരകൊറിയ ആണെന്നും യുക്രെയ്ൻ ഇന്റലിജൻസ് മേധാവി കിറിലോ ബുധനോവ് സെപ്റ്റംബർ 14ന് തലസ്ഥാനമായ കീവിൽ നടന്ന സുരക്ഷാ കോൺഫറൻസിൽ ആരോപിച്ചിരുന്നു. ഏഴു മാസം മുൻപു ദക്ഷിണ കൊറിയയെ പ്രധാന ശത്രുവായി പ്രഖ്യാപിച്ചു ഉത്തര കൊറിയൻ നേതാവ് കിം ജോങ് ഉൻ യുദ്ധത്തിന് ഒരുക്കം തുടങ്ങിയതു മുതൽ കൊറിയൻ ഉപദ്വീപിലും ലോകമെങ്ങും ആശങ്കയുടെ വേലിയേറ്റമാണ്. 13 ലക്ഷം സജീവ അംഗങ്ങളുള്ള ഉത്തരകൊറിയൻ സൈന്യം അംഗബലം കൊണ്ട് ലോകത്തെ ഏറ്റവും വലിയ സൈന്യമായാണു പരിഗണിക്കപ്പെടുന്നത്. യുദ്ധത്തിന് ഒരുക്കങ്ങൾ പൂർത്തിയാക്കിയെന്ന ഉത്തരകൊറിയയുടെ അവകാശവാദം,
ലോകം ഒരു ചതുരംഗപലകയാണെങ്കിൽ അതിലെ കറുത്ത കുതിരയാണ് ഉത്തരകൊറിയ. അപ്രതീക്ഷിത നീക്കങ്ങളിലൂടെ എതിരാളിയുടെ കണക്കുകൂട്ടലുകൾ ആകെ തെറ്റിക്കുന്ന കറുത്ത കുതിര. റഷ്യ- യുക്രെയ്ൻ യുദ്ധത്തിനു പിന്നാലെ ലോകത്തിന്റെ പലഭാഗത്തും യുദ്ധങ്ങളും സംഘർഷങ്ങളും തുടർക്കഥയാകുമ്പോൾ അതിലെ കേന്ദ്രകഥാപാത്രമാകുകയാണ് ഉത്തരകൊറിയ. ഈ വർഷം ജൂണിൽ റഷ്യൻ പ്രസിഡന്റ് വ്ളാഡിമിര്‍ പുടിന്റെ ഉത്തരകൊറിയൻ സന്ദർശനത്തിനു പിന്നാലെ കിഴക്കൻ ഏഷ്യയിലെ ശാക്തിക സമവാക്യങ്ങൾ ആകെ തകിടം മറിഞ്ഞിരുന്നു.
റഷ്യയുമായുള്ള യുദ്ധത്തിൽ തങ്ങൾക്ക് ഏറ്റവും പ്രതിസന്ധി സൃഷ്ടിക്കുന്നത് ഇറാനോ ചൈനയോ അല്ലെന്നും മറിച്ച് ഉത്തരകൊറിയ ആണെന്നും യുക്രെയ്ൻ ഇന്റലിജൻസ് മേധാവി കിറിലോ ബുധനോവ് സെപ്റ്റംബർ 14ന് തലസ്ഥാനമായ കീവിൽ നടന്ന സുരക്ഷാ കോൺഫറൻസിൽ ആരോപിച്ചിരുന്നു. ഏഴു മാസം മുൻപു ദക്ഷിണ കൊറിയയെ പ്രധാന ശത്രുവായി പ്രഖ്യാപിച്ചു ഉത്തര കൊറിയൻ നേതാവ് കിം ജോങ് ഉൻ യുദ്ധത്തിന് ഒരുക്കം തുടങ്ങിയതു മുതൽ കൊറിയൻ ഉപദ്വീപിലും ലോകമെങ്ങും ആശങ്കയുടെ വേലിയേറ്റമാണ്.
13 ലക്ഷം സജീവ അംഗങ്ങളുള്ള ഉത്തരകൊറിയൻ സൈന്യം അംഗബലം കൊണ്ട് ലോകത്തെ ഏറ്റവും വലിയ സൈന്യമായാണു പരിഗണിക്കപ്പെടുന്നത്. യുദ്ധത്തിന് ഒരുക്കങ്ങൾ പൂർത്തിയാക്കിയെന്ന ഉത്തരകൊറിയയുടെ അവകാശവാദം, സമീപ രാജ്യങ്ങളായ ദക്ഷിണ കൊറിയയുടെയും ജപ്പാന്റെയും മാത്രമല്ല, അങ്ങുദൂരെ അമേരിക്കയുടെയും യുക്രെയ്നിന്റെയും എല്ലാം നെഞ്ചിടിപ്പു കൂട്ടുകയാണ്. ഒറ്റബുദ്ധിക്കാരനും സാഹസികനുമായി പാശ്ചാത്യ ലോകം വിലയിരുത്തുന്ന കിം ജോങ് ഉൻ കൊറിയൻ ഉപദ്വീപിൽ സമ്പൂർണ യുദ്ധത്തിന് ഇറങ്ങിയാൽ ആണവയുദ്ധം പോലും സംഭവിച്ചേക്കാം.
അമേരിക്കയുടെ മുക്കിലും മൂലയിലും പോലും എത്താൻ ശേഷിയുള്ള ഇന്റർ കോണ്ടിനന്റൽ ആണവ മിസൈലുകളടക്കം സ്വന്തമായുള്ള ഉത്തരകൊറിയയുടെ യുദ്ധനീക്കം അമേരിക്കയ്ക്കും വെല്ലുവിളിയാകും. ചൈനയെയും റഷ്യയെയും പൂട്ടാൻ കരുക്കൾ നീക്കുന്ന അമേരിക്കയുടെ രഹസ്യ പദ്ധതികൾ ഉത്തരകൊറിയ എന്ന കറുത്ത കുതിരയുടെ അപ്രതീക്ഷിത നീക്കത്തിൽ വിറങ്ങലിച്ചു നിൽക്കുകയാണ്.
എന്താണ് ദക്ഷിണ കൊറിയയുമായി യുദ്ധത്തിനൊരുങ്ങാൻ ഉത്തരകൊറിയയെ പ്രേരിപ്പിക്കുന്ന ഘടകം? കൊറിയൻ ഉപദ്വീപ് യുദ്ധഭൂമിയാകുന്നത് യുക്രെയ്നിനെയും അമേരിക്കയെയും എങ്ങനെയാണു ഭയപ്പെടുത്തുന്നത്? റഷ്യൻ പ്രസിഡന്റ് വ്ളാഡിമിര്‍ പുടിന്റെ ഉത്തരകൊറിയൻ സന്ദർശനം ശാക്തിക സമവാക്യങ്ങൾ എങ്ങനെയാണു മാറ്റിയെഴുതിയത്? വിശദമായി പരിശോധിക്കാം..
∙ അന്ന് ശീതയുദ്ധത്തിന്റെ ഇര; ഇന്ന് വേട്ടക്കാരൻ
രണ്ടാം ലോകമഹായുദ്ധത്തിനു പിന്നാലെ അമേരിക്കയ്ക്കും സോവിയറ്റ് യൂണിയനുമിടയിൽ രൂപപ്പെട്ട ശീതയുദ്ധത്തിന്റെ യഥാർഥ ഇരയാണ് കൊറിയൻ ഉപദ്വീപ്. രണ്ടാം ലോകമഹായുദ്ധത്തിൽ ജപ്പാനിൽ നിന്നു കൊറിയയുടെ തെക്കൻ മേഖല അമേരിക്കയും, വടക്കൻ മേഖല സോവിയറ്റ് യൂണിയനുമാണു മോചിപ്പിച്ചത്. യുദ്ധത്തിനു ശേഷം ഈ പ്രദേശങ്ങളുടെ നിയന്ത്രണവും അമേരിക്കയും സോവിയറ്റ് യൂണിയനും പങ്കിട്ടെടുത്തു. യൂറോപ്പിൽ ജർമനിയുടെയും അവസ്ഥയും ഇങ്ങനെ തന്നെയായിരുന്നു. പടിഞ്ഞാറൻ ജർമനി അമേരിക്കൻ നിയന്ത്രണത്തിലും കിഴക്കൻ ജർമനി സോവിയറ്റ് നിയന്ത്രണത്തിലുമായിരുന്നു.
ലോകമഹായുദ്ധത്തിനു പിന്നാലെ രണ്ടു സാമ്രാജ്യശക്തികളുടെ ആശയസിദ്ധാന്തങ്ങളുടെ ബലപരീക്ഷണത്തിനുള്ള വേദിയായി ജർമനിയും കൊറിയയും മാറി. സോവിയറ്റ് യൂണിയന്റെ തകർച്ചയോടെ യൂറോപ്പിൽ ജർമനിയുടെ ഏകീകരണം ഏറെക്കുറെ സമാധാനപരമായി നടന്നെങ്കിലും ഉത്തരകൊറിയയും ദക്ഷിണ കൊറിയയും തമ്മിലുള്ള ഏകീകരണം ഇന്നും കീറാമുട്ടിയായി തുടരുകയാണ്. അതിനു കാരണം 1950ൽ ഇരുകൊറിയകളും തമ്മിലുണ്ടായ രക്തരൂക്ഷിതമായ യുദ്ധമാണ്. ഇരുകൊറിയകളെയും ഒരുമിപ്പിക്കുകയെന്ന ലക്ഷ്യത്തോടെ ഉത്തരകൊറിയയാണ് ദക്ഷിണ കൊറിയയ്ക്കു നേരെ യുദ്ധം ആരംഭിച്ചത്.
സോവിയറ്റ് പിന്തുണയുള്ളതിനാൽ രണ്ടു മാസത്തിനകം ദക്ഷിണ കൊറിയയുടെ 90 ശതമാനം പ്രദേശവും ഉത്തരകൊറിയ പിടിച്ചടക്കുകയും ചെയ്തു. എന്നാൽ തങ്ങളുടെ താൽപര്യം സംരക്ഷിക്കുന്നതിനായി അമേരിക്കൻ സേന ദക്ഷിണ കൊറിയയുടെ സഹായത്തിനെത്തി. ഒരാഴ്ചയ്ക്കകം ദക്ഷിണ കൊറിയയുടെ നഷ്ടപ്പെട്ട പ്രദേശങ്ങളെല്ലാം തിരിച്ചു പിടിച്ച അമേരിക്കൻ സഹായ സേന ഉത്തരകൊറിയയുടെ ഒട്ടേറെ പ്രദേശങ്ങൾ പിടിച്ചെടുക്കുകയും വടക്ക് ചൈനയുടെ അതിർത്തിവരെ മുന്നേറുകയും ചെയ്തു. ഇതോടെ അമേരിക്കൻ സേനയുടെ കടന്നുകയറ്റം തടയാനായി ചൈന ഉത്തരകൊറിയയുടെ സഹായത്തിനെത്തി.
പിന്നാലെ സംയുക്ത അമേരിക്കൻ സേനയെ യുദ്ധത്തിനു മുൻപുള്ള നിയന്ത്രണരേഖയിലേക്ക് തുരത്താൻ ഉത്തരകൊറിയയ്ക്കു സാധിച്ചു. പിന്നീട് യുദ്ധം രണ്ടു വർഷം കൂടി തുടർന്നെങ്കിലും എടുത്തുപറയത്തക്ക നേട്ടം സൃഷ്ടിക്കാൻ ഇരു സൈന്യങ്ങൾക്കും സാധിച്ചില്ല. ഒരു വശത്ത് അമേരിക്കയും മറുവശത്ത് ചൈനയും സോവിയറ്റ് യൂണിയനും ചേർന്നുള്ള പ്രോക്സി (പരോക്ഷ)യുദ്ധത്തിനാണ് ഇക്കാലയളവ് സാക്ഷ്യം വഹിച്ചത്. വൻനാശവും മരണവും ഉണ്ടാക്കിയ 1950–53ലെ കൊറിയൻ യുദ്ധത്തിനൊടുവിൽ ഐക്യരാഷ്ട്ര സംഘടനയും ഉത്തരകൊറിയ–ചൈന സഖ്യവും തമ്മിൽ 1953 ജൂലൈ 27ന് യുദ്ധവിരാമ കരാറുണ്ടാക്കി.
എന്നാൽ, ഈ കരാറിൽ ദക്ഷിണ കൊറിയ പങ്കെടുത്തില്ല. അതുകൊണ്ടുതന്നെ സാങ്കേതികമായി ഇരുകൊറിയകളും ഇപ്പോഴും യുദ്ധത്തിലാണ്. യുദ്ധം സാങ്കേതികമായി അവസാനിപ്പിക്കാനും ഇരുകൊറിയകളുടെയും ഏകീകരണത്തിനുമായി പിന്നീട് ഒട്ടേറെ നടപടികളുണ്ടായെങ്കിലും അവയൊന്നും ലക്ഷ്യം കണ്ടില്ല. ഇരുകൊറിയകളുടെയും സമാധാനപരമായ ഏകീകരണം ഇനി സാധ്യമല്ലെന്നു പ്രഖ്യാപിച്ചാണ് ഉത്തരകൊറിയൻ നേതാവ് കിം ജോങ് ഉൻ തെക്കൻ കൊറിയയെ തങ്ങളുടെ പ്രധാന ശത്രുവായി പ്രഖ്യാപിച്ചത്. ഇതു ഭരണഘടനയിൽ എഴുതിച്ചേർക്കുമെന്നും കിം ജോങ് ഉൻ പ്രഖ്യാപിച്ചു.
2020ൽ ഇരു കൊറിയകൾക്കും നടുവിൽ ഉത്തരകൊറിയയുടെ നിയന്ത്രണത്തിലുള്ള സൈനികമുക്ത ഗ്രാമമായ പൻമുൻജോങ്ങിലെ പീസ് ഹൗസ് ഉത്തര കൊറിയ സ്ഫോടനത്തിലൂടെ തകർത്തിരുന്നു. സമാധാനപരമായ ഏകീകരണത്തിന് ചർച്ച നടത്താനായി ദക്ഷിണ കൊറിയ ഉത്തര കൊറിയയ്ക്കു നിർമിച്ചു നൽകിയതാണ് പൻമുൻജോങ്ങിലെ സമാധാന വീട്.
∙ ഉത്തരകൊറിയയെന്ന ഇരുണ്ട രാജ്യം ?!!!
ലോകത്ത് ഏറ്റവും അധികം ഒറ്റപ്പെട്ട രാജ്യമാണ് ഉത്തരകൊറിയ. മിസൈൽ - ആണവ പരീക്ഷണങ്ങളുടെ പേരിൽ ഏറ്റുവാങ്ങിയ രാജ്യാന്തര ഉപരോധങ്ങളാണ് ഈ ഒറ്റപ്പെടലിനു പിന്നിൽ. രാജ്യത്തിനു പുറത്തേയ്ക്കും അകത്തേയ്ക്കും സഞ്ചരിക്കാനും ഒട്ടേറെ വിലക്കുകളുണ്ട്. അതുകൊണ്ടു തന്നെ ഉത്തരകൊറിയയെ കുറിച്ചുള്ള യഥാർഥ ചിത്രം ഇന്നും ലോകത്തിന് അന്യമാണ്. വർഷങ്ങളായി കടുത്ത ഉപരോധം നേരിടുന്നതിനാൽ സാങ്കേതികമായും സാമ്പത്തികമായും ഏറ്റവും പിന്നിൽ നിൽക്കുന്ന രാജ്യമായാണ് ഉത്തരകൊറിയയെ ലോകത്ത് മിക്കവരും നോക്കി കാണുന്നത്.
എന്നാൽ വർഷങ്ങളായി തുടരുന്ന കടുത്ത ഉപരോധത്തെ അതിജീവിച്ചു സാങ്കേതിക മേഖലയിലും സൈനിക മേഖലയിലും ശ്രദ്ധിക്കപ്പെടുന്ന നേട്ടങ്ങൾ സ്വന്തമാക്കിയിട്ടുള്ള രാജ്യമാണ് ഉത്തരകൊറിയ. ഇന്നു ലോകത്തെ മുൻനിര രാജ്യങ്ങളോട് കിടപിടിക്കാവുന്ന ഇന്റർ കോണ്ടിനന്റൽ മിസൈലുകളും ആണവ ബോംബും അടക്കം ഒട്ടേറെ അത്യാധുനിക ആയുധങ്ങൾ ഉത്തരകൊറിയയ്ക്കു സ്വന്തമായുണ്ട്. ഉത്തരകൊറിയൻ ഹാക്കർമാരുടെ സംഘമായ ലാസറസ് ഗ്രൂപ്പ് ലോകത്തിലെ ഏറ്റവും ശക്തവും അപകടകരവുമായ സംഘമായാണ് അമേരിക്കയടക്കം വിലയിരുത്തുന്നത്.
ആണവായുധങ്ങൾക്കും ഇന്റർ കോണ്ടിനന്റൽ മിസൈലുകൾക്കും പുറമേ ആണവശേഷിയുള്ള അന്തർവാഹിനി ഡ്രോണും ഉത്തരകൊറിയ വികസിപ്പിച്ചിട്ടുണ്ട്. സൂനാമി എന്നർഥം വരുന്ന ഹെയ്ൽ–2 എന്ന ആണവ ഡ്രോൺ വെള്ളത്തിനടിയിലൂടെ 1000 കിലോമീറ്റർ സഞ്ചരിച്ച് സ്ഫോടനം നടത്താൻ ശേഷിയുള്ളതാണ്. സ്ഫോടനത്തിന്റെ ഫലമായി ആണവ സുനാമി സൃഷ്ടിക്കാൻ ഹെയ്ൽ-2 ഡ്രോണിനു സാധിക്കുമെന്നാണ് ഉത്തരകൊറിയയുടെ അവകാശവാദം. കൂടാതെ വർഷങ്ങളായി അമേരിക്ക കിണഞ്ഞു പരിശ്രമിച്ചിട്ടും നിർമിച്ചെടുക്കാൻ സാധിക്കാത്ത ഹൈപ്പർ സോണിക് മിസൈലുകളും ഉത്തരകൊറിയയുടെ ആയുധശേഖരത്തിലുണ്ട്.
ആണവ പോർമുനകൾ പോലും വഹിക്കാൻ ശേഷിയുള്ളതാണ് ഈ ഹൈപ്പർ സോണിക് മിസൈൽ. അതിനാൽ ഇരുണ്ടതെന്നു പാശ്ചാത്യലോകം വിലയിരുത്തുമ്പോഴും സൈനികമായി അത്ര ഇരുണ്ടതല്ല ഉത്തരകൊറിയയുടെ സ്ഥാനമെന്നു മനസ്സിലാക്കാം.
നൂറിൽ താഴെ അണുബോംബുകൾ നിർമിക്കാനുള്ളത്ര യുറേനിയം (weapons-grade uranium) ഉത്തരകൊറിയ സംപുഷ്ടീകരണം നടത്തിയെടുത്തിട്ടുണ്ടെന്ന് ദക്ഷിണ കൊറിയൻ ചാര ഏജൻസി കഴിഞ്ഞ ദിവസം വെളിപ്പെടുത്തിയിരുന്നു. ആയുധനിർമാണത്തിനാവശ്യമായ 70 കിലോഗ്രാം പ്ലൂട്ടോണിയം ശേഖരവുമുണ്ടെന്നും അവർ പറയുന്നു. സെപ്റ്റംബർ 13ന് ഉത്തര കൊറിയയിലെ അജ്ഞാത നിർമാണ കേന്ദ്രത്തിൽ കിം ജോങ് ഉൻ സന്ദർശനം നടത്തിയതിന്റെ ചിത്രങ്ങള്‍ വിശകലനം ചെയ്താണ് ദക്ഷിണ കൊറിയയുടെ നാഷനൽ ഇന്റലിജൻസ് സര്‍വീസ് ഈ നിഗമനങ്ങളിൽ എത്തിയത്.
സെപ്റ്റംബർ 18ന് രണ്ട് തരം മിസൈലുകളും പരീക്ഷിച്ചെന്നും ഒരെണ്ണം വമ്പന്‍ പോർമുനകളെ വഹിക്കാൻ ശേഷിയുള്ളതും രണ്ടാമത്തേത് ആണവാക്രമണത്തിനുള്ള ക്രൂസ് മിസൈലുമാണെന്നും കണ്ടെത്തിയിട്ടുണ്ട്. യുഎസ് തിരഞ്ഞെടുപ്പിനു മുൻപ് ഉത്തരകൊറിയ ആണവപരീക്ഷണം നടത്തുമെന്ന സൂചനകളുമുണ്ട്. ദക്ഷിണ കൊറിയയിലെ സ്ഥലങ്ങള്‍ കൃത്യമായി ടാർഗറ്റ് ചെയ്ത് ആക്രമിക്കാൻ ശേഷിയുള്ള ആയുധങ്ങൾ ഉത്തര കൊറിയ നിർമിച്ചതായാണു വിവരം. യുഎസിലേക്ക് തൊടുക്കാൻ ശേഷിയുള്ള ദീർഘ ദൂര മിസൈലുകളുടെ പരീക്ഷണവും കിമ്മിന്റെ മനസ്സിലുണ്ട്.
∙ യുക്രെയ്നിന്റെയും റഷ്യയുടെയും വിധി നിർണയിക്കുന്ന കൊറിയ
കൊറിയൻ ഉപദ്വീപിലെ ഇപ്പോഴത്തെ യുദ്ധഭീതിക്കു പിന്നിൽ യുക്രെയ്ൻ - റഷ്യ യുദ്ധത്തിനു സുപ്രധാന പങ്കുണ്ട്. 2022ൽ യുക്രെയ്നിനു നേർക്കു റഷ്യ പ്രത്യേക സൈനിക നടപടി തുടങ്ങിയതിനു പിന്നാലെയാണ് കൊറിയൻ ഉപദ്വീപിലെ ശാക്തിക സമവാക്യങ്ങൾ മാറിമറിഞ്ഞത്. വളരെ പെട്ടെന്ന് അവസാനിക്കുമെന്നു മിക്കവരും കണക്കുകൂട്ടിയ റഷ്യ - യുക്രെയ്ൻ യുദ്ധം നീണ്ടതോടെ വെടിക്കോപ്പുകൾക്കായി അമേരിക്ക തങ്ങളുടെ സഖ്യകക്ഷികളുടെ സഹായം അഭ്യർഥിച്ചിരുന്നു. യൂറോപ്യൻ യൂണിയനും നാറ്റോ രാജ്യങ്ങളുമായിരുന്നു ആദ്യഘട്ടത്തിൽ യുക്രെയ്നിനു ആവശ്യമായ 105, 155 മില്ലിമീറ്റർ ഷെല്ലുകൾ നൽകിയത്.
എന്നാൽ യുദ്ധം കൂടുതൽ കടുത്തതോടെ അമേരിക്കയും നാറ്റോ സഖ്യകക്ഷികളും ഉൽപാദിപ്പിക്കുന്ന ഷെല്ലുകൾ യുക്രെയ്നിനു മതിയാകാതെ വന്നു. ഇതോടെ അമേരിക്ക ദക്ഷിണ കൊറിയയിൽ നിന്നും ബ്രിട്ടൻ പാക്കിസ്ഥാനിൽ നിന്നും ഇത്തരം ഷെല്ലുകൾ വാങ്ങി യുക്രെയ്നിനു നൽകാൻ തുടങ്ങി. ആയുധക്കച്ചവടത്തിന്റെ ലാഭസാധ്യത തിരിച്ചറിഞ്ഞ ദക്ഷിണ കൊറിയ തങ്ങളുടെ ആയുധ ഉൽപാദനവും കയറ്റുമതിയും കുത്തനെ വർധിപ്പിച്ചു. 2022ൽ 140 ശതമാനം വർധനയോടെ 17.3 ബില്യൻ ഡോളറിന്റെ ആയുധക്കയറ്റുമതിയാണ് ദക്ഷിണ കൊറിയ നടത്തിയത്. ഇതിൽ 12.4 ബില്യൻ ഡോളറിന്റെ ആയുധങ്ങളും പോളണ്ട് വഴി യുക്രെയ്നിലേക്കാണ് എത്തിയത്.
2018ൽ ആയുധക്കയറ്റുമതിയിൽ ലോകത്ത് പതിനൊന്നാം സ്ഥാനത്തായിരുന്നു ദക്ഷിണ കൊറിയ. എന്നാൽ 2024 ആയപ്പോഴേയ്ക്കും ഒൻപതാം റാങ്കിലേക്ക് ദക്ഷിണ കൊറിയയുടെ സ്ഥാനം ഉയർന്നു. പീരങ്കി ഷെല്ലുകൾ നിർമിക്കാനുള്ള ദക്ഷിണ കൊറിയയുടെ ശേഷി പൂർണതോതിലെത്തുകയും യുക്രെയ്നിലേക്ക് അവ ഒഴുകാനും തുടങ്ങിയതോടെ റഷ്യ ഏറെ വിയർക്കാൻ തുടങ്ങി. യുദ്ധത്തിൽ ആദ്യഘട്ടത്തിൽ പിടിച്ചെടുത്ത യുക്രെയ്നിലെ ഒട്ടേറെ പ്രദേശങ്ങളുടെ നിയന്ത്രണവും ഇതിനു പിന്നാലെ റഷ്യയ്ക്ക് നഷ്ടമായി. കൂടാതെ സിവിലിയൻ ആവശ്യത്തിനോ സൈനിക ആവശ്യങ്ങൾക്കോ ഒരുപോലെ ഉപയോഗിക്കാവുന്ന 600ൽ അധികം ഉൽപന്നങ്ങളുടെ റഷ്യയിലേക്കുള്ള കയറ്റുമതിയും ദക്ഷിണ കൊറിയ നിരോധിച്ചു.
ഇതിൽ ഹെവി മെഷിനറികളും കാർഷിക ഉപകരണങ്ങളും എല്ലാമുണ്ടായിരുന്നു. കയറ്റുമതി നിയന്ത്രണങ്ങൾക്കെതിരെയും യുക്രെയ്നിനു ആയുധങ്ങൾ നൽകുന്നതിനെതിരെയും ദക്ഷിണ കൊറിയയോട് ശക്തമായ ഭാഷയിൽ റഷ്യ പ്രതിഷേധമറിയിച്ചിരുന്നു. കടുത്ത പ്രതികാര നടപടിയുണ്ടാകുമെന്ന് മുന്നറിയിപ്പും നൽകിയിരുന്നു. എന്നാൽ നിലപാട് മാറ്റാൻ ദക്ഷിണ കൊറിയ തയാറായില്ല. കൂടാതെ 2023 ജൂലൈ 15നു യുക്രെയ്നിൽ അപ്രതീക്ഷിത സന്ദർശനം നടത്തിയ ദക്ഷിണ കൊറിയൻ പ്രസിഡന്റ് യൂൻ സൂക്ക് യോൾ യുക്രെയ്നിനു സൈനിക സാമ്പത്തിക സഹായം വാഗ്ദാനവും ചെയ്തു. ഇതോടെ പ്രകോപിതരായ റഷ്യ ദക്ഷിണ കൊറിയയെ പൂട്ടുകയെന്ന ലക്ഷ്യത്തോടെ ഉത്തരകൊറിയയെന്ന കറുത്ത കുതിരയെ കളത്തിലേക്ക് ഇറക്കാൻ നിർബന്ധിതരായി.
∙ കണക്കുകൂട്ടൽ തെറ്റിച്ച കിമ്മിന്റെ റഷ്യൻ സന്ദർശനം
രാജ്യാന്തര ഉപരോധങ്ങളുടെ ഫലമായി ഉത്തരകൊറിയയുമായി ലോകത്തെ മിക്കരാജ്യങ്ങളും അകലം പാലിച്ചിരിക്കുകയായിരുന്നു. ചൈന മാത്രമായിരുന്നു ഇതിനു ഏക അപവാദം. എങ്കിലും രാജ്യാന്തര ഉപരോധങ്ങൾ ലംഘിക്കാതിരിക്കാൻ ചൈനയും ശ്രദ്ധിച്ചിരുന്നു. യുക്രെയ്ൻ യുദ്ധത്തിനു പിന്നാലെ അമേരിക്കയും യൂറോപ്യൻ യൂണിയനും ജി7 രാജ്യങ്ങളും റഷ്യയുടെ മേൽ കടുത്ത ഉപരോധം ഏർപ്പെടുത്തിയതോടെ ഉത്തരകൊറിയയുമായുള്ള ബന്ധം ശക്തമാക്കാൻ റഷ്യയ്ക്കു മേൽ ഉപരോധത്തിന്റെ ഭീഷണിയില്ലാതെയായി.
കൂടാതെ യുക്രെയ്ൻ യുദ്ധത്തിൽ ദക്ഷിണ കൊറിയയുടെ ഇടപെടൽ അവസാനിപ്പിക്കാൻ ഉത്തരകൊറിയയെ കളത്തിലിറക്കേണ്ടത് റഷ്യയുടെ ആവശ്യവുമായി മാറി. ദക്ഷിണ കൊറിയൻ പ്രസിഡന്റിന്റെ യുക്രെയ്ൻ സന്ദർശനത്തിനു പിന്നാലെ 2023 ജൂലൈ 25നു അന്നത്തെ റഷ്യൻ പ്രതിരോധ മന്ത്രി സെഗെയ് ഷെയ്ഗു ഉത്തരകൊറിയയിൽ സന്ദർശനം നടത്തിയിരുന്നു. ഉത്തരകൊറിയയുടെ സൈനിക ഫാക്ടറികൾ സന്ദർശിച്ച ഷെയ്ഗു കൊറിയൻ യുദ്ധവാർഷിക ദിനത്തിൽ റഷ്യൻ പ്രസിഡന്റ് വ്ളാഡിമിര്‍ പുടിന്റെ സന്ദേശവും വായിച്ചിട്ടാണു മടങ്ങിയത്.
ഇതിനു പിന്നാലെ സെപ്റ്റംബറിൽ കിം ജോങ് ഉൻ റഷ്യയിൽ സന്ദർശനവും നടത്തി. റഷ്യയുടെ യുദ്ധവിമാന നിർമാണ ഫാക്ടറിയും ഉപഗ്രഹ വിക്ഷേപണ കേന്ദ്രവും ആണവമിസൈലുകൾ വഹിക്കുന്ന യുദ്ധക്കപ്പലുകളും ഹൈപ്പർ സോണിക് മിസൈലുകളും സന്ദർശിച്ചതിനു ശേഷം കിം പുടിനുമായി ചർച്ചയും നടത്തി. ചർച്ചയിൽ യുക്രെയ്ൻ യുദ്ധത്തിൽ റഷ്യയ്ക്ക് ഉത്തരകൊറിയ സമ്പൂർണ പിന്തുണയും പ്രഖ്യാപിച്ചു. ഇതോടെ യുക്രെയ്ൻ - റഷ്യ യുദ്ധത്തിന്റെ ഗതി തന്നെ മാറി മറിയുകയായിരുന്നു.
∙ കിമ്മും പുടിനും കൈ കോർക്കുന്നു
യുക്രെയ്നുമായുള്ള റഷ്യയുടെ യുദ്ധം നിർണായക ഘട്ടത്തിലെത്തി നിൽക്കെ ഉത്തരകൊറിയൻ ഭരണാധികാരി കിം ജോങ് ഉന്നിന്റെ റഷ്യൻ സന്ദർശനം പാശ്ചാത്യ ലോകത്തെ പിടിച്ചു കുലുക്കിയിരുന്നു. റഷ്യയുടെ സൈനിക സാങ്കേതികവിദ്യയും ആണവമുങ്ങിക്കപ്പലുകളും ലക്ഷ്യമിട്ടാണു കിമ്മിന്റെ സന്ദർശനമെന്നായിരുന്നു പൊതുവേയുള്ള വിലയിരുത്തൽ. ഇതിനു പകരം യുക്രെയ്നിൽ റഷ്യയ്ക്കു നിലവിൽ ലഭ്യത കുറവുള്ള പീരങ്കി ഷെല്ലുകളും റോക്കറ്റുകളും മിസൈലുകളും ഉത്തര കൊറിയ നൽകുമെന്നും റിപ്പോർട്ടുകൾ വന്നു.
കിമ്മിന്റെ സന്ദർശനത്തിനു പിന്നാലെ റഷ്യ യുക്രെയ്നിൽ ഉത്തരകൊറിയൻ മിസൈലും ഷെല്ലുകളും പ്രയോഗിച്ചെന്നും അമേരിക്ക ആരോപിച്ചിരുന്നു. എന്നാൽ ഇതിനു വ്യക്തമായ തെളിവുകൾ ഹാജരാക്കാൻ അമേരിക്കയ്ക്കോ യുക്രെയ്നിനോ ഇതുവരെ സാധിച്ചില്ല. എന്നാൽ ഇതൊന്നും യുക്രെയ്നിലേക്കുള്ള തെക്കൻ കൊറിയയുടെ ആയുധക്കയറ്റുമതിയെ ബാധിച്ചിരുന്നില്ല. എന്നാൽ നവംബർ 21ന് ഉത്തര കൊറിയ തങ്ങളുടെ ആദ്യ ചാര ഉപഗ്രഹം വിക്ഷേപിച്ചതോടെ ദക്ഷിണ കൊറിയയും അമേരിക്കയും ഞെട്ടി. മുൻപു രണ്ടുതവണ ശ്രമിച്ചിട്ടും ഉത്തര കൊറിയയുടെ ചാര ഉപഗ്രഹ വിക്ഷേപണം പരാജയപ്പെട്ടിരുന്നു.
റഷ്യൻ സന്ദർശനത്തിനിടെ ബഹിരാകാശ റോക്കറ്റ് വിക്ഷേപണകേന്ദ്രവും ഉപഗ്രഹനിർമാണ കേന്ദ്രവും കിം ജോങ് ഉൻ സന്ദർശിച്ചിരുന്നു. ഉത്തരകൊറിയയുടെ ഉപഗ്രഹവിക്ഷേപണത്തിനു പിന്നിൽ റഷ്യൻ സഹായം ഉണ്ടെന്നാണ് അമേരിക്കയുടെ ആരോപണം. ഇതിനു പിന്നാലെ ഡിസംബർ ഒന്നിന് അമേരിക്കൻ സഹായത്തോടെ ദക്ഷിണ കൊറിയ തങ്ങളുടെ ആദ്യ ചാരഉപഗ്രഹം ബഹിരാകാശത്ത് എത്തിച്ചു.
ജനുവരി ആദ്യത്തോടെ ഇരുകൊറിയകളും തമ്മിൽ സമാധാനപരമായ ഒരു ഏകീകരണമില്ലെന്നും ദക്ഷിണ കൊറിയ തങ്ങളുടെ പ്രധാനശത്രുവാണെന്നും അതു ഭരണഘടനയിൽ എഴുതിച്ചേർക്കുമെന്നും കിം ജോങ് ഉൻ പ്രഖ്യാപിച്ചതോടെ ദക്ഷിണ കൊറിയ മാത്രമല്ല, അമേരിക്കയും യുക്രെയ്നും ഒരുപോലെ ഞെട്ടി. കൂടാതെ ഉത്തര കൊറിയൻ സൈന്യത്തോട് യുദ്ധസജ്ജരാകാനും ആയുധഫാക്ടറികളോട് യുദ്ധകാല അടിസ്ഥാനത്തിൽ ഉൽപാദനം നടത്താനും കിം ജോങ് ഉൻ ഉത്തരവിട്ടു.
∙ ദക്ഷിണ കൊറിയയെ പൂട്ടി; വെള്ളം കുടിച്ച് യുക്രെയ്ൻ
യുക്രെയ്നിനെതിരെ റഷ്യ സ്പെഷൽ മിലിറ്ററി ഓപ്പറേഷൻ തുടങ്ങിയതു മുതൽ അമേരിക്കൻ ആവശ്യപ്രകാരം ദക്ഷിണ കൊറിയ പോളണ്ട് വഴി യുക്രെയ്നിനു ധാരാളം ആയുധങ്ങൾ നൽകുന്നുണ്ടായിരുന്നു. 2023ൽ മൂന്നു ലക്ഷത്തോളം 155 മില്ലിമീറ്റർ പീരങ്കി ഷെല്ലുകളാണ് ദക്ഷിണ കൊറിയ യുക്രെയ്നിനു നൽകിയത്. എന്നാൽ കിം ജോങ് ഉന്നിന്റെ റഷ്യൻ സന്ദർശനത്തിനു പിന്നാലെ ഉത്തരകൊറിയ യുദ്ധഭീഷണി മുഴക്കിയതോടെ യുക്രെയ്നിലേക്കുള്ള ദക്ഷിണ കൊറിയയുടെ പീരങ്കി ഷെൽ കയറ്റുമതി കുത്തനെ കുറഞ്ഞു.
പ്രതിവർഷം 2 ലക്ഷം 155 മില്ലിമീറ്റർ പീരങ്കി ഷെല്ലുകൾ മാത്രമാണ് ഉൽപാദന നിരക്കെന്നും മൂന്നു ലക്ഷം പീരങ്കി ഷെല്ലുകൾ യുക്രെയ്നിനു നൽകിയതിനാൽ തങ്ങളുടെ രാജ്യത്തിന് ആവശ്യമായ പീരങ്കി ഷെല്ലുകളുടെ ശേഖരം കുറഞ്ഞെന്നും അതു പരിഹരിക്കും വരെ പീരങ്കി ഷെല്ലുകളുടെ കയറ്റുമതി താൽക്കാലികമായി വെട്ടിച്ചുരുക്കുകയാണെന്നും ദക്ഷിണ കൊറിയ പ്രഖ്യാപിച്ചു. ഇതോടെ യുദ്ധഭൂമിയിൽ മതിയായ പീരങ്കി ഷെല്ലുകൾ ലഭിക്കാതായ യുക്രെയ്ൻ സേന കടുത്ത ആയുധക്ഷാമവും നേരിട്ടു. പിന്നാലെ യുദ്ധക്കളത്തിൽ യുക്രെയ്ൻ തിരിച്ചടികളും നേരിടാൻ തുടങ്ങി. നിലവിൽ യുക്രെയ്നിലേക്ക് പോളണ്ട് വഴി ദക്ഷിണ കൊറിയ ആയുധങ്ങൾ അയയ്ക്കുന്നുണ്ടെങ്കിലും അവയുടെ അളവ് കുത്തനെ കുറഞ്ഞതായാണ് റിപ്പോർട്ടുകൾ.
ഉത്തരകൊറിയയെ പ്രലോഭിപ്പിച്ച് ദക്ഷിണ കൊറിയയ്ക്കെതിരെ റഷ്യ ഇറക്കിയതിന്റെ പ്രധാന ലക്ഷ്യവും ഇതു തന്നെയായിരുന്നു. ഉത്തരകൊറിയ എന്ന കറുത്ത കുതിരയെ വളരെ വിദഗ്ധമായി രാജ്യാന്തര സംഘർഷത്തിലേക്ക് ഇറക്കിയ റഷ്യ, ദക്ഷിണ കൊറിയയുടെ ആയുധക്കയറ്റുമതി പ്രതിസന്ധിയിലാക്കുകയും അതുവഴി യുക്രെയ്നിന്റെ പോരാട്ടത്തെ തളർത്തുകയും ചെയ്തു. ഇതിനു പിന്നാലെ 2024 ഫെബ്രുവരിയോടെ കിം ജോങ് ഉന്നിന് വ്ളാഡിമിര്‍ പുടിന്റെ വക സ്പെഷൽ സമ്മാനവും ലഭിച്ചു. മറ്റൊന്നുമല്ല, പുടിൻ തന്റെ യാത്രകൾക്ക് ഉപയോഗിക്കുന്ന തരം അതീവ സുരക്ഷ സംവിധാനങ്ങളുള്ള റഷ്യൻ നിർമിത ലിമോസിൻ കാറാണ് കിം ജോങ് ഉന്നിന് ലഭിച്ചത്.
കൂടാതെ മിസൈൽ – ആണവ പരീക്ഷണങ്ങളെ തുടർന്നു 2006 മുതൽ ഉത്തരകൊറിയയുടെ മേൽ ഐക്യരാഷ്ട്ര സഭ ഏർപ്പെടുത്തിയ രാജ്യാന്തര ഉപരോധങ്ങൾ പുതുക്കാൻ ഈ വർഷം മാർച്ചിൽ ചേർന്ന യുഎൻ യോഗത്തിൽ റഷ്യ തങ്ങളുടെ വീറ്റോ അധികാരം ഉപയോഗിക്കുകയും ചെയ്തു. ഇതോടെ രാജ്യാന്തര ഉപരോധങ്ങളുടെ കുരുക്കിൽ നിന്നു ഉത്തരകൊറിയ ഊരിപ്പോരുകയും ചെയ്തു.
∙ പുടിന്റെ രണ്ടാം വരവും ദക്ഷിണ കൊറിയയുടെ ആശങ്കയും
റഷ്യൻ സന്ദർശനത്തിനു പിന്നാലെ കിം ജോങ് ഉൻ, റഷ്യൻ പ്രസിഡന്റ് വ്ളാഡിമിര്‍ പുടിനെ ഉത്തരകൊറിയ സന്ദർശിക്കാനായി ക്ഷണിച്ചിരുന്നു. 24 വർഷങ്ങൾക്കു ശേഷമായിരുന്നു പുടിൻ ഉത്തരകൊറിയയിൽ തന്റെ രണ്ടാം സന്ദർശനത്തിനെത്തിയത്. ജൂൺ 20ന് രണ്ടു ദിവസത്തെ സന്ദർശനത്തിനെത്തിയ പുടിന്റെ രണ്ടാം വരവ് കിഴക്കൻ ഏഷ്യയിലെ ശാക്തിക സമവാക്യങ്ങളാകെ തിരുത്തിക്കുറിച്ചിരിക്കുകയാണ്. ഉത്തരകൊറിയയുമായി വ്യാപാര - പ്രതിരോധ കരാറുകൾ ഒപ്പിട്ടതിനു പിന്നാലെ ദക്ഷിണകൊറിയയെ ഭീഷണിപ്പെടുത്താനും പുടിൻ മറന്നില്ല.
യുക്രെയ്നിനു യുദ്ധത്തിനാവശ്യമായ ആയുധങ്ങൾ കൈമാറുന്നതിലൂടെ ദക്ഷിണ കൊറിയ വലിയ തെറ്റാണ് ചെയ്യുന്നതെന്നും ഇതിനു ശക്തമായ തിരിച്ചടിയുണ്ടാകുമെന്നും പുടിൻ വ്യക്തമാക്കിയിരുന്നു. യുക്രെയ്നിനെ ദക്ഷിണ കൊറിയ ആയുധമണിയിച്ചാൽ ഉത്തരകൊറിയയ്ക്ക് റഷ്യ ആധുനിക ആയുധങ്ങളും സാങ്കേതിക സഹായങ്ങളും കൈമാറുമെന്നും യുദ്ധമുണ്ടായാൽ ഉത്തരകൊറിയയ്ക്ക് എല്ലാവിധ സഹായങ്ങളും നൽകുമെന്നും പുടിൻ പ്രഖ്യാപിച്ചു. ഇതോടെ ആശങ്കയിലായ ദക്ഷിണ കൊറിയ സിയോളിലെ റഷ്യൻ അംബാസഡറെ വിളിച്ചു വരുത്തി ശക്തമായ പ്രതിഷേധവുമറിയിച്ചു.
ഉത്തരകൊറിയയ്ക്ക് റഷ്യ ആയുധങ്ങൾ നൽകിയാൽ യുക്രെയ്നിന് ആവശ്യമായ എല്ലാ ആയുധങ്ങൾ തങ്ങളും നൽകുമെന്ന് ദക്ഷിണ കൊറിയ പ്രഖ്യാപിക്കുകയും ചെയ്തു. റഷ്യയും – വടക്കൻ കൊറിയയും തമ്മിലുള്ള ബന്ധം ശക്തമാകുന്നത് ദക്ഷിണ കൊറിയയെ മാത്രമല്ല, ജപ്പാനെയും അമേരിക്കയെയും അസ്വസ്ഥതപ്പെടുത്തുന്നുണ്ട്. 2022 മുതൽ വടക്കൻ കൊറിയ മിസൈൽ പരീക്ഷണങ്ങളുടെ എണ്ണം കുത്തനെ വർധിപ്പിച്ചിട്ടുണ്ട്. കഴിഞ്ഞ മൂന്നു വർഷത്തിനിടെ മാത്രം 109 പരീക്ഷണങ്ങളാണു നടത്തിയത്. ഇതിനു പുറമേ റഷ്യയിൽ നിന്നു ആധുനിക ആയുധങ്ങളും സൈനിക സാങ്കേതിക വിദ്യകളും ഉത്തര കൊറിയയ്ക്ക് ലഭിക്കുന്നത് മേഖലയിലെ ശാക്തിക സമവാക്യങ്ങളാകെ തെറ്റിക്കുമെന്ന ആശങ്കയിലാണ് അമേരിക്ക.
പുടിന്റെ കൊറിയൻ സന്ദർശനത്തിനു പിന്നാലെ ജൂൺ 22ന് അമേരിക്കൻ ആണവ വിമാനവാഹിനിയായ യുഎസ്എസ് തിയഡോർ റൂസ്‌വെൽറ്റ് സൗത്ത് കൊറിയൻ തുറമുഖമായ ബൂസാനിൽ നങ്കൂരമിട്ടു. പിന്നാലെ ജപ്പാനെയും സൗത്ത് കൊറിയയെയും ഉൾപ്പെടുത്തി ഈസ്റ്റ് ചൈനീസ് കടലിൽ ‘ഫ്രീഡം എഡ്ജ്’ എന്ന പേരിൽ വൻ സൈനിക ശാക്തിക പ്രകടനം നടത്തുകയും ചെയ്തു.
വാൽക്കഷണം
യുക്രെയ്നിന്റെ പേരിൽ റഷ്യയെയും, തായ്‌വാന്റെ പേരിൽ ചൈനയെയും പൂട്ടാൻ ശ്രമിക്കുന്ന അമേരിക്കയ്ക്ക് വടക്കൻ കൊറിയയുടെ പുതിയ നീക്കങ്ങൾ കടുത്ത വെല്ലുവിളി സൃഷ്ടിക്കുന്നുണ്ട്. തായ്‌വാന്റെ പേരിൽ അമേരിക്കയും ചൈനയും യുദ്ധത്തിൽ ഏർപ്പെട്ടാൽ, അമേരിക്കയ്ക്കു ശക്തമായ പിന്തുണ നൽകേണ്ട രാജ്യങ്ങളാണ് ദക്ഷിണ കൊറിയയും ജപ്പാനും. ചൈനയുമായുള്ള യുദ്ധം മുന്നിൽകണ്ട് ഈ രാജ്യങ്ങൾ തങ്ങളുടെ പ്രതിരോധ ബജറ്റ് കഴിഞ്ഞ രണ്ടു വർഷമായി കുത്തനെ വർധിപ്പിച്ചിട്ടുണ്ട്. എന്നാൽ ഉത്തരകൊറിയ കൂടി ഈ യുദ്ധത്തിൽ പങ്കാളിയായാൽ അമേരിക്കൻ കണക്കുകൂട്ടലുകൾ ആകെ തെറ്റും. വടക്കൻ കൊറിയ എന്ന കറുത്ത കുതിര കിഴക്കൻ ഏഷ്യയിലെ ശാക്തിക സമവാക്യങ്ങൾ എന്നെന്നേക്കുമായി മാറ്റിയെഴുതുകയും ചെയ്യും.
ലേഖകന്റെ ഇമെയിൽ : nishadkurian@mm.co.in