അന്ന് സിംഹള ബില്ലിൽ കത്തിയ ലങ്ക; ഇനി ‘മുണ്ട് മുറുക്കിയാൽ’ ജനം ഇടയും; ‘ദിസ്സനായകെ ചൈനയെ വിശ്വസിച്ചേക്കില്ല’
നിലവിലുള്ള പ്രസിഡന്റിനെയും വേറെ ഒരു ശക്തനായ എതിരാളിയെയും മലര്‍ത്തിയടിച്ച്, ശ്രീലങ്കയില്‍ നടന്ന പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ വിജയിച്ച നാഷനല്‍ പീപ്പിള്‍സ് പവര്‍ (എൻപിപി) എന്ന രാഷ്ട്രീയ സഖ്യത്തിന്റെ നേതാവായ അനുര കുമാര ദിസ്സനായകെ ആയിരുന്നു പോയ വാരത്തിലെ വാര്‍ത്താ താരം. ലോകത്തിലെ ഒട്ടു മിക്ക ഭാഗങ്ങളിലും കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ തിരഞ്ഞെടുക്കപ്പെട്ട സര്‍ക്കാരുകള്‍ അപ്രത്യക്ഷമായിക്കൊണ്ടിരിക്കുന്ന ഈ കാലത്തു ശ്രീലങ്കയില്‍ തിരഞ്ഞെടുപ്പ് വഴി ഒരു ഇടതുപക്ഷ ചായ്‌വുള്ള കക്ഷിയുടെ നേതാവ് പ്രസിഡന്റായി അധികാരത്തിലെത്തിയത് വാര്‍ത്താപ്രാധാന്യം അര്‍ഹിക്കുന്ന സംഭവം തന്നെയാണ്. എന്നാല്‍, അതിലുപരിയായി രാഷ്ട്രീയ പ്രത്യയശാസ്ത്രങ്ങള്‍ക്കപ്പുറം ശ്രീലങ്ക എന്ന രാഷ്ട്രത്തിന്റെ മാത്രമല്ല ഇന്ത്യ ഉള്‍പ്പെടുന്ന തെക്കന്‍ ഏഷ്യ പ്രദേശത്തിന്റെ ഭാവിയെ തന്നെ സാരമായി ബാധിക്കുന്ന ഒരു സംഭവവികാസമായതിനാല്‍ ഇതിനു വലിയൊരു കാലിക പ്രാധാന്യം കൂടിയുണ്ട്. ഇന്ത്യയ്ക്ക് സ്വാതന്ത്ര്യം ലഭിച്ചുകഴിഞ്ഞ് ആറു മാസത്തിനുള്ളില്‍ നമ്മുടെ തെക്ക് ഇന്ത്യന്‍ മഹാസമുദ്രത്തില്‍ സ്ഥിതി ചെയ്യുന്ന ‘സിലോണ്‍’ എന്നറിയപ്പെട്ടിരുന്ന ദ്വീപിൽ നിന്നുകൂടി ബ്രിട്ടിഷുകാര്‍ പടിയിറങ്ങി. നൂറ്റിമുപ്പതിലേറെ വര്‍ഷങ്ങള്‍ നീണ്ടു നിന്ന ബ്രിട്ടിഷ് ഭരണത്തില്‍ നിന്ന് പുറത്തു വന്ന് സ്വതന്ത്ര രാജ്യമായി നിലകൊള്ളുവാന്‍ തുടങ്ങിയതിനു ശേഷവും സിലോണ്‍ ബ്രിട്ടിഷ് സാമ്രാജ്യത്തിന്റെ ഭാഗമായി സ്വയംഭരണാവകാശമുള്ള ഒരു കോളനിയായി അടുത്ത കാല്‍ നൂറ്റാണ്ടു കാലത്തോളം തുടര്‍ന്നു. 1972ല്‍ സിരിമാവോ ബന്ദാരനായകെ പ്രധാനമന്ത്രി ആയിരിക്കുമ്പോഴാണ് ഒരു ‘റിപ്പബ്ലിക്ക്’ ആയി

നിലവിലുള്ള പ്രസിഡന്റിനെയും വേറെ ഒരു ശക്തനായ എതിരാളിയെയും മലര്‍ത്തിയടിച്ച്, ശ്രീലങ്കയില്‍ നടന്ന പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ വിജയിച്ച നാഷനല്‍ പീപ്പിള്‍സ് പവര്‍ (എൻപിപി) എന്ന രാഷ്ട്രീയ സഖ്യത്തിന്റെ നേതാവായ അനുര കുമാര ദിസ്സനായകെ ആയിരുന്നു പോയ വാരത്തിലെ വാര്‍ത്താ താരം. ലോകത്തിലെ ഒട്ടു മിക്ക ഭാഗങ്ങളിലും കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ തിരഞ്ഞെടുക്കപ്പെട്ട സര്‍ക്കാരുകള്‍ അപ്രത്യക്ഷമായിക്കൊണ്ടിരിക്കുന്ന ഈ കാലത്തു ശ്രീലങ്കയില്‍ തിരഞ്ഞെടുപ്പ് വഴി ഒരു ഇടതുപക്ഷ ചായ്‌വുള്ള കക്ഷിയുടെ നേതാവ് പ്രസിഡന്റായി അധികാരത്തിലെത്തിയത് വാര്‍ത്താപ്രാധാന്യം അര്‍ഹിക്കുന്ന സംഭവം തന്നെയാണ്.
എന്നാല്‍, അതിലുപരിയായി രാഷ്ട്രീയ പ്രത്യയശാസ്ത്രങ്ങള്‍ക്കപ്പുറം ശ്രീലങ്ക എന്ന രാഷ്ട്രത്തിന്റെ മാത്രമല്ല ഇന്ത്യ ഉള്‍പ്പെടുന്ന തെക്കന്‍ ഏഷ്യ പ്രദേശത്തിന്റെ ഭാവിയെ തന്നെ സാരമായി ബാധിക്കുന്ന ഒരു സംഭവവികാസമായതിനാല്‍ ഇതിനു വലിയൊരു കാലിക പ്രാധാന്യം കൂടിയുണ്ട്. ഇന്ത്യയ്ക്ക് സ്വാതന്ത്ര്യം ലഭിച്ചുകഴിഞ്ഞ് ആറു മാസത്തിനുള്ളില്‍ നമ്മുടെ തെക്ക് ഇന്ത്യന്‍ മഹാസമുദ്രത്തില്‍ സ്ഥിതി ചെയ്യുന്ന ‘സിലോണ്‍’ എന്നറിയപ്പെട്ടിരുന്ന ദ്വീപിൽ നിന്നുകൂടി ബ്രിട്ടിഷുകാര്‍ പടിയിറങ്ങി. നൂറ്റിമുപ്പതിലേറെ വര്‍ഷങ്ങള്‍ നീണ്ടു നിന്ന ബ്രിട്ടിഷ് ഭരണത്തില്‍ നിന്ന് പുറത്തു വന്ന് സ്വതന്ത്ര രാജ്യമായി നിലകൊള്ളുവാന്‍ തുടങ്ങിയതിനു ശേഷവും സിലോണ്‍ ബ്രിട്ടിഷ് സാമ്രാജ്യത്തിന്റെ ഭാഗമായി സ്വയംഭരണാവകാശമുള്ള ഒരു കോളനിയായി അടുത്ത കാല്‍ നൂറ്റാണ്ടു കാലത്തോളം തുടര്‍ന്നു.
1972ല്‍ സിരിമാവോ ബന്ദാരനായകെ പ്രധാനമന്ത്രി ആയിരിക്കുമ്പോഴാണ് ഒരു ‘റിപ്പബ്ലിക്ക്’ ആയി മാറുവാന്‍ ഈ രാഷ്ട്രം തീരുമാനിച്ചത്. അതോടൊപ്പം തന്നെ ഈ സര്‍ക്കാര്‍ ബ്രിട്ടിഷുകാര്‍ നല്‍കിയ പേര് ഉപേക്ഷിച്ചു രാജ്യത്തെ ശ്രീലങ്ക എന്ന് നാമകരണം ചെയ്തു. ഇതു കഴിഞ്ഞ് ആറു വര്‍ഷത്തോളം ഇന്ത്യയിലെ പോലെ എക്സിക്യൂട്ടിവ് അധികാരങ്ങള്‍ ഇല്ലാത്ത പ്രസിഡന്റ് ആയിരുന്നു ശ്രീലങ്കയില്‍. 1978ലാണ് ഭരണഘടനാ ഭേദഗതി വഴി ജനങ്ങളാല്‍ നേരിട്ട് തിരഞ്ഞെടുക്കപ്പെട്ട, എക്സിക്യൂട്ടിവ് അധികാരങ്ങള്‍ കൈയാളുന്ന പ്രസിഡന്റ് എന്ന ഭരണ സമ്പദ്രായം ശ്രീലങ്കയില്‍ നിലവില്‍ വന്നത്.
∙ നേതാവിന്റെ വധത്തിലെത്തിയ ‘സിംഹള ബിൽ’
സ്വാതന്ത്ര്യം ലഭിക്കുന്ന സമയത്തു ബ്രിട്ടിഷുകാരില്‍നിന്ന് ശ്രീലങ്കയ്ക്ക് പൈതൃകം പോലെ ലഭിച്ച രണ്ടു കാര്യങ്ങളുണ്ട് - തോട്ടം മേഖലയില്‍ അധിഷ്ഠിതമായ സമ്പദ്‌ഘടനയും സിംഹളരും തമിഴരും തമ്മിലുള്ള വംശീയ സംഘര്‍ഷവും. ബ്രിട്ടിഷ് ഭരണകാലത്ത് ഈ രാജ്യത്ത് സ്ഥാപിച്ച കാപ്പി, തേയില, റബര്‍ തോട്ടങ്ങളും അവയില്‍ നിന്നുള്ള ഉല്‍പന്നങ്ങളുടെ കയറ്റുമതിയും രാജ്യത്തിന് നല്ലൊരു സാമ്പത്തിക അടിത്തറ ഉണ്ടാക്കി എന്ന വസ്തുത നിഷേധിക്കുവാനാകില്ല. എന്നാല്‍ ഈ തോട്ടങ്ങളില്‍ ജോലിയെടുക്കുവാന്‍ വേണ്ടി ബ്രിട്ടിഷുകാര്‍ കൊണ്ടു വന്ന തമിഴ് തൊഴിലാളികള്‍ കാലക്രമേണ ഇവിടുത്തെ ജനസംഖ്യയുടെ അവഗണിക്കുവാന്‍ പറ്റാത്ത ശതമാനം ആയി ഉയര്‍ന്നു. ഇത് അവരും ഈ രാജ്യത്തിലെ ആദികാലം മുതലുള്ള നിവാസികളായ സിംഹളരും തമ്മില്‍ സംഘര്‍ഷത്തിന് വഴിവച്ചു.
ബ്രിട്ടിഷ് ഭരണ കാലത്തു തന്നെ ഈ പ്രശ്നം ഉടലെടുത്തിരുന്നു; എന്നാല്‍ ഒരു നിഷ്പക്ഷ സാമ്രാജ്യ ശക്തിയായിരുന്ന ബ്രിട്ടന് ഈ പ്രശ്‌നം ഒരു പൊട്ടിത്തെറിയില്‍ എത്താതെ നിയന്ത്രിക്കുവാന്‍ സാധിച്ചിരുന്നു. പക്ഷേ സ്വാതന്ത്യലബ്ധിക്ക് ശേഷം ഇത് നിയന്ത്രണാതീതമാവുകയും ഒരു വലിയ ആഭ്യന്തര യുദ്ധത്തില്‍ കലാശിക്കുകയും ചെയ്തു. സിംഹളരുടെ താൽപര്യങ്ങള്‍ ഉയര്‍ത്തിപ്പിടിക്കും എന്ന പ്രതിജ്ഞയോടെ 1956ല്‍ അധികാരത്തിലെത്തിയ സോളമന്‍ ബന്ദാരനായകെയുടെ കാര്യം തന്നെ നമുക്ക് പരിശോധിക്കാം. സിംഹള ഭാഷ രാജ്യത്തിന്റെ ഔദ്യോഗിക ഭാഷയായി പ്രഖ്യാപിക്കുന്നതുള്‍പ്പെടെയുള്ള കാര്യങ്ങളുമായി അദ്ദേഹം കൊണ്ടു വന്ന ‘സിംഹള ബില്‍’ വലിയ സംഘര്‍ഷത്തിന് വഴിവച്ചു.
ഇത് നിയന്ത്രിക്കുവാന്‍ വേണ്ടി അദ്ദേഹം തമിഴ് നേതാവായ ചെല്‍വനായഗവുമായി ചര്‍ച്ച നടത്തി ഒരു കരാറില്‍ ഒപ്പുവച്ചു. എന്നാല്‍ ഈ തീരുമാനത്തില്‍ സിംഹളരും ബുദ്ധ ഭിക്ഷുക്കളും അതൃപ്തരായി. ഒരു ബുദ്ധ ഭിക്ഷുതന്നെ സോളമന്‍ ബന്ദാരനായകെയെ വധിച്ചു. സിംഹള- തമിഴ് തര്‍ക്കം സൃഷ്ടിക്കുന്ന വികാരവിക്ഷോഭങ്ങള്‍ മൂലം ശ്രീലങ്കയിലെ ജനങ്ങള്‍ എന്ത് ചെയ്യുവാനും മടിക്കില്ല എന്നതിന്റെ ഉത്തമ ദൃഷ്ടാന്തമായിരുന്നു 1958ല്‍ നടന്ന സോളമന്‍ ബന്ദാരനായകെയുടെ കൊലപാതകം.
∙ ആഭ്യന്തര യുദ്ധം മുതൽ ജനാധിപത്യം വരെ
1978ലെ ഭരണഘടനാ ഭേദഗതിയിലൂടെ എക്സിക്യൂട്ടിവ് പ്രസിഡന്റ് പദവി നിലവില്‍ വന്നപ്പോള്‍ അന്ന് പ്രധാനമന്ത്രി ആയിരുന്ന ജൂനിയസ് ജയവര്‍ധനെ ആ സ്ഥാനം ഏറ്റെടുത്തു. 1977ൽ നടന്ന തിരഞ്ഞെടുപ്പില്‍ സിരിമാവോയെ പരാജയപ്പെടുത്തിയാണ് അദ്ദേഹം പ്രധാനമന്ത്രി ആയത്. 1988 വരെ അധികാരത്തില്‍ തുടര്‍ന്ന ഇദ്ദേഹത്തിന്റെ സമയത്താണ് ശ്രീലങ്കയില്‍ സിംഹള– തമിഴ് പ്രശ്നം ഒരു ആഭ്യന്തര യുദ്ധത്തിന്റെ തലത്തിലേക്ക് ഉയര്‍ന്നത്. ഇതിനു പിന്നില്‍ രണ്ടു കാരണങ്ങളുണ്ടായിരുന്നു- വേലുപിള്ള പ്രഭാകരന്‍ എന്ന ഊർജപ്രഭാവമുള്ള നായകന്റെ നേതൃത്വത്തില്‍ എൽടിടിഇ എന്ന സംഘടന വളര്‍ന്നു വന്നു. അതോടൊപ്പം തന്നെ ഇന്ദിര ഗാന്ധിയുടെയും ജയവര്‍ധനെയുടെയും ഇടയിലുണ്ടായ അഭിപ്രായ വ്യത്യാസങ്ങള്‍ ഇന്ത്യയും ശ്രീലങ്കയും തമ്മിലുള്ള ഉഭയ കക്ഷി ബന്ധം വഷളാക്കി.
1983ല്‍ എൽടിടിഇ തുടങ്ങിവച്ച സായുധ കലാപം 2009ല്‍ ശ്രീലങ്കന്‍ സേനയുമായുള്ള പോരാട്ടത്തില്‍ പ്രഭാകരന്റെ മരണത്തോടെയാണ് അവസാനിച്ചത്. ഇതിനിടയില്‍ ഏകദേശം രണ്ടു ദശാബ്ദത്തോളം ശ്രീലങ്കയിലെ വടക്കും കിഴക്കുമുള്ള പ്രവിശ്യകളില്‍ എൽടിടിഇ ഒരു സമാന്തര സര്‍ക്കാര്‍ നടത്തി. അതിനു പുറമേ രാജീവ് ഗാന്ധി, ശ്രീലങ്കയുടെ രണ്ടാമത്തെ പ്രസിഡന്റ് പ്രേമദാസ എന്നിവരെ എൽടിടിഇ വധിച്ചു. 1994 മുതല്‍ 2005 വരെ പ്രസിഡന്റ് ആയിരുന്ന ചന്ദ്രിക കുമാരതുംഗയെ കൊലപ്പെടുത്തുവാന്‍ പലവട്ടം ശ്രമിച്ചു. ഇങ്ങനെ കാൽനൂറ്റാണ്ടിലേറെ കാലം ഈ രാജ്യത്തിന് ഒരു ആഭ്യന്തര യുദ്ധത്തിന്റെ നിഴലില്‍ കഴിയേണ്ടി വന്നു.
ഇതിനിടയില്‍ മാര്‍ക്‌സിസ്റ്റ് ആശയങ്ങളിലും മാവോവിന്റെ മാര്‍ഗങ്ങളിലും വിശ്വസിച്ചിരുന്ന ജനത വിമുക്തി പെരമുണ (ജെവിപി) എന്ന സംഘടന 1971ലും 1980കളിലും ശ്രീലങ്കയില്‍ സായുധ വിപ്ലവം വഴി ഭരണം പിടിച്ചെടുക്കുവാന്‍ ശ്രമിച്ചു. പക്ഷേ ഇത് വിഫലമായി എന്നു മാത്രമല്ല സര്‍ക്കാര്‍ ഈ പ്രസ്ഥാനത്തെ ദയാദാക്ഷിണ്യമില്ലാതെ അടിച്ചമര്‍ത്തി. അതോടെ ഈ സംഘടന സായുധ കലാപത്തിലൂടെ ഭരണം പിടിച്ചെടുക്കാമെന്ന ആശയം ഉപേക്ഷിച്ച് തങ്ങളുടെ നയങ്ങള്‍ മാറ്റി തിരഞ്ഞെടുപ്പില്‍ മത്സരിച്ചു പാര്‍ലമെന്ററി ജനാധിപത്യം വഴി സോഷ്യലിസം നടപ്പില്‍ വരുത്തുവാന്‍ തീരുമാനിച്ചു.
എന്നാല്‍ ശ്രീലങ്കയില്‍ നിലനിന്നിരുന്ന ശക്തമായ ‘രണ്ടു കക്ഷി’ സംവിധാനത്തില്‍ ചുവടുറപ്പിക്കുവാന്‍ ജെവിപി നന്നേ പാടുപെട്ടു. 2019ല്‍ സമാന ചിന്താഗതിക്കാരായ വേറെ 20 കക്ഷികളെയും ചേര്‍ത്ത് നാഷനല്‍ പീപ്പിള്‍സ് പവര്‍ എന്ന സഖ്യം രൂപീകരിച്ചു. 2019ലെ പ്രസിഡന്റ് തിരഞ്ഞെടുപ്പിലും അതിനടുത്ത വര്‍ഷം നടന്ന പാർലമെന്റിലേക്കുള്ള തിരഞ്ഞെടുപ്പിലും മത്സരിച്ച എൻപിപിക്ക് മൂന്ന് ശതമാനം വോട്ടുകള്‍ മാത്രമേ ലഭിച്ചുള്ളൂ. എന്നാല്‍ 2024ല്‍ മറ്റു പ്രബല കക്ഷികളെയെല്ലാം ഞെട്ടിച്ചു കൊണ്ട് ദിസ്സനായകെയെ പ്രസിഡന്റ് പദവിയില്‍ എത്തിക്കുവാന്‍ ഈ രാഷ്ട്രീയ സഖ്യത്തിന് സാധിച്ചു.
∙ രാജ്യം തകർത്ത സാമ്പത്തിക നയങ്ങൾ
കോവിഡ് മഹാമാരി ലോകത്തെ നിശ്ചലമാക്കിയ സമയത്ത് ശ്രീലങ്കയില്‍ ഉടലെടുത്ത സാമ്പത്തിക പ്രതിസന്ധിക്ക് മൂല കാരണം 2010നു ശേഷം കൊളംബോയിലെ ഭരണാധികാരികള്‍ സാമ്പത്തിക കാര്യങ്ങളില്‍ കാണിച്ച കെടുകാര്യസ്ഥതയാണ്. 2005 മുതല്‍ 2015 വരെ പ്രസിഡന്റ് ആയിരുന്ന മഹിന്ദ രാജപക്സെ ചൈനയുമായി അടുത്ത ബന്ധം സ്ഥാപിച്ചു; ആ രാജ്യത്തു നിന്നും കടമായി ലഭിച്ച പണം അടിസ്ഥാന സൗകര്യങ്ങള്‍ വിപുലീകരിക്കുവാനുള്ള വലിയ പദ്ധതികളില്‍ നിക്ഷേപിക്കുകയും ചെയ്തു. പക്ഷേ ഇവയൊന്നും പ്രതീക്ഷിച്ച പ്രതിഫലങ്ങള്‍ നല്‍കിയില്ലെന്ന് മാത്രമല്ല വലിയൊരു കടബാധ്യത കൂടി വരുത്തിവച്ചു.
ആഭ്യന്തര യുദ്ധം കെട്ടടങ്ങിയതിനു ശേഷം പുനര്‍ജീവന്‍ ലഭിച്ച ടൂറിസം മേഖല കോവിഡ് മഹാമാരിയും ലോക്ഡൗണും കാരണം തകര്‍ച്ച നേരിട്ടത് സ്ഥിതി കൂടുതല്‍ വഷളാക്കി. ഈ പ്രതിസന്ധി നേരിടുന്നതില്‍ 2019ല്‍ പ്രസിഡന്റ് സ്ഥാനത്തേക്കെത്തിയ ഗോട്ടബയ രാജപക്സെ പൂര്‍ണമായും പരാജയപെട്ടു. അതിനു പുറമേ സര്‍ക്കാര്‍ നടപ്പിലാക്കുവാന്‍ ശ്രമിച്ച ചില ‘മണ്ടന്‍’ പരിഷ്‌കാരങ്ങള്‍ തിരിച്ചടിക്കുക കൂടി ചെയ്തപ്പോള്‍ പ്രതിസന്ധി അത്യന്തം രൂക്ഷമായി. തങ്ങള്‍ അനുഭവിക്കുന്ന ബുദ്ധിമുട്ടുകളും കഷ്ടപ്പാടുകളും സര്‍ക്കാര്‍ മനസ്സിലാക്കുന്നില്ല എന്ന ധാരണ ജനങ്ങള്‍ക്കുള്ളില്‍ പരന്നു. സര്‍ക്കാരിന്റെ ഭാഗത്തുനിന്നുള്ള നിസ്സംഗത വന്‍ തോതിലുള്ള ജനരോഷത്തിനു വഴിവച്ചു.
ജനരോഷത്തിന്റെ അഗ്നിയില്‍ പിറന്ന ‘അരഗാലയ’ എന്ന പ്രക്ഷോഭം വളരെ വേഗം ശക്തി പ്രാപിച്ചു. 2022 മാര്‍ച്ചില്‍ തുടങ്ങിയ പ്രതിഷേധ സമരങ്ങള്‍ നാലു മാസത്തിനകം പ്രധാനമന്ത്രിയുടെയും മന്ത്രിമാരുടെയും രാജി മാത്രമല്ല ഗോട്ടബയ രാജപക്സെയുടെ രാജ്യത്തു നിന്നുള്ള പലായനത്തിന് കൂടി വഴിയൊരുക്കി ചരിത്രം സൃഷ്ടിച്ചു. പ്രസിഡന്റിന്റെ കൊട്ടാരം കൈയേറി അവിടെയുള്ള സാധനങ്ങളും സാമഗ്രികളും കയ്യടക്കി ആയിരകണക്കിന് ജനങ്ങള്‍ തങ്ങളുടെ രോഷവും അമര്‍ഷവും പ്രകടിപ്പിച്ചത്, അതിന്റെ ദൃശ്യങ്ങള്‍ കണ്ട ഒരു വ്യക്തിയും മറക്കില്ല. അറസ്റ്റ്, കര്‍ഫ്യൂ, സമൂഹ മാധ്യമങ്ങള്‍ തടസ്സപ്പെടുത്തുക, അടിയന്തരാവസ്ഥ തുടങ്ങി സര്‍ക്കാരിന്റെ കൈവശമുള്ള എല്ലാ ആയുധങ്ങളും പ്രതിഷേധിക്കുന്നവര്‍ക്ക് നേരെ ഉപയോഗിച്ചെങ്കിലും അവയൊന്നും ഫലിച്ചില്ല.
ഗോട്ടബയ രാജപക്സെ നാടുവിട്ടതിനു ശേഷം പ്രധാനമന്ത്രി ആയിരുന്ന റനില്‍ വിക്രമസിംഗെയെ ശ്രീലങ്കന്‍ പാര്‍ലമെന്റ് പ്രസിഡന്റ് ആയി തിരഞ്ഞെടുത്തു. ഇദ്ദേഹത്തിന്റെ നേതൃത്വത്തില്‍ വലിയ ഉപാധികളോടു കൂടി ഐഎംഎഫിൽ (ഇന്റർനാഷനൽ മോണിറ്ററി ഫണ്ട്) നിന്നും ലഭിച്ച സാമ്പത്തിക സഹായം ഉപയോഗിച്ച് ശ്രീലങ്ക സാമ്പത്തിക പ്രതിസന്ധിയുടെ ഏറ്റവും കടുത്ത ഘട്ടം തരണം ചെയ്തു. എന്നാലും ഐഎംഎഫ് നിര്‍ദേശിച്ച പ്രകാരം നടപ്പിലാക്കിയ ‘മുണ്ടു മുറുക്കല്‍’ നടപടികള്‍ സാധാരണക്കാര്‍ക്ക് ധാരാളം ക്ലേശങ്ങള്‍ സമ്മാനിച്ചു; ദൈനംദിന ജീവിതം അവര്‍ക്ക് ദുസ്സഹമായിത്തന്നെ തുടര്‍ന്നു. ഈ സാഹചര്യത്തിലാണ് അഴിമതി തുടച്ചു നീക്കി, സ്വജനപക്ഷപാതം ഇല്ലാതെ, സാധാരണ ജനങ്ങളുടെ ക്ഷേമം മുന്‍നിര്‍ത്തി പ്രവര്‍ത്തിക്കുന്ന ഭരണം വാഗ്ദാനം ചെയ്ത് പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ എൻപിപി സ്ഥാനാര്‍ത്ഥിയായി ദിസ്സനായകെ മത്സരിച്ചതും വിജയിച്ചതും.
∙ വെല്ലുവിളികൾ മറികടക്കുമോ?
അധികാരത്തിലെത്തുന്ന ദിസ്സനായകെയെ കാത്തിരിക്കുന്നത് വലിയ വെല്ലുവിളികളാണ്. 2021ലെ പാര്‍ലമെന്റ് തിരഞ്ഞെടുപ്പില്‍ വെറും മൂന്ന് സീറ്റുകള്‍ മാത്രമാണ് എൻപിപിക്ക് ലഭിച്ചത്. അതുകൊണ്ടു തന്നെ മന്ത്രിസഭയില്‍ മൂന്ന് അംഗങ്ങളെ മാത്രമേ ഉള്‍പ്പെടുത്താനാകൂ. ഈ സ്ഥിതി തരണം ചെയ്യുവാനും ഇപ്പോഴുള്ള അനുകൂല രാഷ്ട്രീയ കാലാവസ്ഥ മുതലാക്കുവാനും വേണ്ടിയാണ് ഡോ. ഹരിണി അമരസൂര്യയെ പ്രധാനമന്ത്രിയായി നാമനിര്‍ദേശം ചെയ്തതിനു തൊട്ടു പിറകെ ദിസ്സനായകെ പാര്‍ലമെന്റ് പിരിച്ചു വിട്ടു തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചത്. ഈ പ്രക്രിയ കഴിയുന്നതു വരെ താല്‍കാലിക മന്ത്രിസഭയുമായി ദിസ്സനായകെയ്ക്ക് ഭരണം നടത്തേണ്ടി വരും.
ഐഎംഎഫ് ധനസഹായം നല്‍കിയപ്പോള്‍ ഉപാധികളായി വച്ച കടുത്ത സാമ്പത്തിക ക്രമീകരണങ്ങളാണ് അടുത്ത വെല്ലുവിളി. ഇവ മൂലം സര്‍ക്കാരിന്റെ ക്ഷേമപദ്ധതികള്‍ മുൻപോട്ട് കൊണ്ടുപോകുവാന്‍ സാധിക്കാതെ വന്നു; ഇതിന്റെ ബുദ്ധിമുട്ട് കൂടുതല്‍ അനുഭവിക്കുന്നത് സാധാരണക്കാരാണ്. ആദായ നികുതി വര്‍ധിപ്പിച്ചതും പെട്രോളിന് വില കൂട്ടിയതും മധ്യവര്‍ഗത്തെ സര്‍ക്കാരില്‍ നിന്നും അകറ്റിയിരുന്നു. തങ്ങള്‍ നിഷ്കര്‍ഷിച്ച ഉപാധികളില്‍ ഇളവുകള്‍ നല്‍കാന്‍ ഐഎംഎഫ് എത്രത്തോളം തയാറാകും എന്നത് ഒരു വലിയ ചോദ്യചിഹ്നമായി നില്‍ക്കുന്നു. ഐഎംഎഫുമായി തുടര്‍ന്ന് നടക്കേണ്ട ചര്‍ച്ചകള്‍ ഇതുകൊണ്ടു തന്നെ ദിസ്സനായകെയുടെ ഭരണത്തിന് നിര്‍ണായകമാകും.
ഇതുപോലെത്തന്നെ പ്രധാനപ്പെട്ട കാര്യമാണ് ചൈനയും ഇന്ത്യയും ആയുള്ള ശ്രീലങ്കയുടെ ഉഭയകക്ഷി ബന്ധങ്ങള്‍. മഹിന്ദ രാജപക്സെയുടെ കാലത്തു കൊളംബോ- ബെയ്ജിങ് ബന്ധങ്ങള്‍ ഉച്ചസ്ഥായിയില്‍ ആയിരുന്നു. പക്ഷേ അതിനു ശേഷമുള്ള വര്‍ഷങ്ങളില്‍, പ്രത്യേകിച്ച് പുതിയ പദ്ധതികള്‍ വരുത്തിവച്ച അമിത സാമ്പത്തിക ഭാരം താങ്ങാനാകാതെ വന്നപ്പോള്‍ ഈ ബന്ധത്തിന് ചെറിയ തോതിലെങ്കിലും മങ്ങലേറ്റു. ശ്രീലങ്കയോട് ഏറ്റവും അടുത്ത് സ്ഥിതി ചെയ്യുന്ന വലിയ രാഷ്ട്രം എന്ന നിലയില്‍ ഇന്ത്യയുമായി നല്ല ബന്ധം സൂക്ഷിക്കേണ്ടതും അനിവാര്യമാണ്.
ഒരു ഇടതുപക്ഷ ചിന്താഗതിയുള്ള നേതാവ് അധികാരത്തില്‍ വന്നത് പ്രത്യക്ഷത്തില്‍ ചൈനയുമായുള്ള ബന്ധം മെച്ചപ്പെടുത്തും എന്ന ധാരണ ഉണ്ടാക്കിയാലും യാഥാര്‍ഥ്യം മറിച്ചായാലും അദ്ഭുതപ്പെടേണ്ടതില്ല. കാരണം ആത്യന്തികമായി ചൈന കാംക്ഷിക്കുന്നത് അവരുടെ സാമ്പത്തികവും സൈനികവുമായ താൽപര്യങ്ങള്‍ സംരക്ഷിക്കുന്ന ഭരണകൂടമാണ്. ശ്രീലങ്കയിലെ സാധാരണ ജനങ്ങളുടെ താൽപര്യങ്ങൾക്ക് മുന്‍ഗണന നല്‍കുന്ന ഒരു ഭരണാധികാരിക്ക് ചൈനയോട് കൂടുതല്‍ അടുപ്പമോ വിധേയത്വമോ ഉണ്ടാകുവാന്‍ സാധ്യതയില്ല. ഇതുകൊണ്ടു തന്നെ ഇന്ത്യയുമായുള്ള ബന്ധം കൂടുതല്‍ ഊഷ്മളമാകുവാനുള്ള സാധ്യത തള്ളിക്കളയാനുമാകില്ല.
ഇതാദ്യമായാണ് പ്രസിഡന്റ് തിരഞ്ഞെടുപ്പിന്റെ ആദ്യ റൗണ്ടിൽ തന്നെ വിജയിയെ കണ്ടെത്തുവാന്‍ സാധിക്കാതെ വന്നത്. അതുകൊണ്ടുതന്നെ ഇതിനു മുന്‍പ് ഈ സ്ഥാനത്തേക്ക് എത്തിയ മറ്റു വ്യക്തികളുടെയത്ര ജനപിന്തുണ ഈ ഘട്ടത്തില്‍ ദിസ്സനായകെയ്ക്ക് ഇല്ലായെന്നത് വാസ്തവമാണ്. ജെവിപിയുടെ പിന്തുണ കൂടുതലും സിംഹള വിഭാഗത്തില്‍ നിന്നാണെന്ന് സംസാരമുള്ളതിനാല്‍ തമിഴ് വിഭാഗത്തിനെ ചേര്‍ത്തു നിര്‍ത്താനും അവരുടെ വിശ്വാസം കൈയിലെടുക്കുവാനും ദിസ്സനായകെയുടെ ഭാഗത്തു നിന്നും പ്രത്യേക ശ്രദ്ധ വേണ്ടി വരും. ആഭ്യന്തര യുദ്ധത്തിന് ശേഷം തങ്ങള്‍ പാർശ്വവൽക്കരിക്കപ്പെട്ടു പോവുകയാണെന്ന ധാരണ ആ സമൂഹത്തിനുണ്ടെങ്കില്‍ അത് മാറ്റിയെടുക്കേണ്ട ഉത്തരവാദിത്തവും ഭരണകൂടത്തിന്റേതാണ്. സോഷ്യലിസ്റ്റ് ചിന്താഗതി വച്ചു പുലര്‍ത്തുന്ന ദിസ്സനായകെയെ പോലുള്ള നേതാവില്‍ നിന്നും മുന്‍വിധികളില്ലാതെ സഹാനുഭൂതിയോടുള്ള സമീപനം ആ വിഭാഗം പ്രതീക്ഷിക്കുന്നുണ്ടെങ്കില്‍ അവരെ കുറ്റം പറയാനുമാകില്ല.
ശ്രീലങ്കയുടെ ചരിത്രത്തില്‍ ഇതാദ്യമായാണ് കൊളംബോയിലെ ‘ആഢ്യ’ വര്‍ഗത്തിന് പുറത്തു നിന്നുള്ള ഒരു വ്യക്തി അധികാരത്തില്‍ എത്തുന്നത്. കുടുംബമഹിമയോ വിദേശ വിദ്യാഭ്യാസമോ ഒന്നും കൂടാതെ സമത്വം എന്ന ആശയത്തില്‍ വിശ്വസിച്ചു ജനങ്ങളുടെയിടയില്‍ പ്രവര്‍ത്തിച്ച് നേതൃസ്ഥാനത്തില്‍ എത്തിയ ദിസ്സനായകെയെക്കുറിച്ച് വാനം മുട്ടെയുള്ള പ്രതീക്ഷകളാണ് ശ്രീലങ്കയിലെ സാധാരണ ജനങ്ങള്‍ക്കുള്ളത്. ആ പ്രതീക്ഷയ്ക്ക് ഒത്തുയരുവാനും എല്ലാ വിഭാഗങ്ങളെയും കോര്‍ത്തിണക്കി ഒരു പുതിയ രാഷ്ട്രീയ സംസ്കാരം ആ രാജ്യത്തു കൊണ്ടു വരുവാനും അദ്ദേഹത്തിന് സാധിക്കുമോ എന്നത് വരുന്ന വര്‍ഷങ്ങള്‍ തെളിയിക്കും.
(മുൻ ഐആർഎസ് ഉദ്യോഗസ്ഥനായ ഡോ. കെ.എൻ. രാഘവൻ രാജ്യാന്തര ക്രിക്കറ്റ് അംപയറും രാജ്യാന്തര വിഷയങ്ങളുടെ നിരീക്ഷകനുമാണ്)