ഭാര്യയ്ക്ക് എഴുതിയ കത്തുകള് വായിക്കാൻ മത്സരം; ശുചിമുറിയിൽ ക്യാമറ; സായിബാബയുടെ ജീവിതം ‘കൊള്ളയടിച്ചത്’ സർക്കാർ
ഡൽഹി സർവകലാശാലയിൽ അധ്യാപകർക്കു മോശമല്ലാത്ത ശമ്പളവും സൗകര്യങ്ങളുമുണ്ട്. അതുമായി സ്വന്തം കാര്യം നോക്കി കഴിയാമായിരുന്നിട്ടും അതിനു നിൽക്കാതെ സദാ പോരാട്ടമനസ്സുമായി ജീവിച്ചയാളാണ് ഡോ.ജി.എൻ.സായിബാബ. ചലനമറ്റ കാലുകളുമായി സിപിഐയുടെ ദേശീയ ആസ്ഥാനമന്ദിരമായ അജോയ് ഭവനിലെ ഒന്നാം നിലയിലേക്കു തൊണ്ണൂറുകളുടെ അവസാനം വീൽചെയറിൽ പതിവായി വന്നിരുന്ന സർവകലാശാലാ അധ്യാപകനായ സായിയുടെ മുഖം ജീവിതത്തിലൊരിക്കലും മായില്ല. അന്നു ഞങ്ങളുടെ പാർട്ടിയുടെ ജനറൽ സെക്രട്ടറിയായിരുന്ന എ.ബി.ബർദന്റെ മുറിയിലേക്കാണ് സായി എത്തിയിരുന്നത്. ചുറ്റുമുള്ളവരുടെ പ്രശ്നങ്ങളെക്കുറിച്ചു നിരന്തരം സംസാരിക്കുമ്പോൾ സായിക്കു ശാരീരിക ബുദ്ധിമുട്ടുകൾ പ്രശ്നമായില്ല. സഖാവ് ബർദൻ അവരുടെ ചർച്ചകളിലേക്ക് എന്നെയും കൂട്ടി. ഞാനും ഡോ. സായിയും തമ്മിലുള്ള സൗഹൃദം തുടങ്ങിയതും ശക്തമായതും ബർദന്റെ ഓഫിസ് മുറിയിലെ കൂടിക്കാഴ്ചകളിൽ നിന്നായിരുന്നു. സായി തെറ്റുചെയ്തിട്ടില്ലെന്നു കോടതിക്കും പൊലീസിനും മനസ്സിലാക്കാൻ അയാളുടെ ജീവിതത്തിലെ വിലപ്പെട്ട 10 വർഷം നഷ്ടപ്പെടുത്തേണ്ടി വന്നു.

∙ മരണംവരെ പോരാളി; ഡി.രാജ അനുസ്മരിക്കുന്നു
ഡൽഹി സർവകലാശാലയിൽ അധ്യാപകർക്കു മോശമല്ലാത്ത ശമ്പളവും സൗകര്യങ്ങളുമുണ്ട്. അതുമായി സ്വന്തം കാര്യം നോക്കി കഴിയാമായിരുന്നിട്ടും അതിനു നിൽക്കാതെ സദാ പോരാട്ടമനസ്സുമായി ജീവിച്ചയാളാണ് ഡോ.ജി.എൻ.സായിബാബ. ചലനമറ്റ കാലുകളുമായി സിപിഐയുടെ ദേശീയ ആസ്ഥാനമന്ദിരമായ അജോയ് ഭവനിലെ ഒന്നാം നിലയിലേക്കു തൊണ്ണൂറുകളുടെ അവസാനം വീൽചെയറിൽ പതിവായി വന്നിരുന്ന സർവകലാശാലാ അധ്യാപകനായ സായിയുടെ മുഖം ജീവിതത്തിലൊരിക്കലും മായില്ല.
അന്നു ഞങ്ങളുടെ പാർട്ടിയുടെ ജനറൽ സെക്രട്ടറിയായിരുന്ന എ.ബി.ബർദന്റെ മുറിയിലേക്കാണ് സായി എത്തിയിരുന്നത്. ചുറ്റുമുള്ളവരുടെ പ്രശ്നങ്ങളെക്കുറിച്ചു നിരന്തരം സംസാരിക്കുമ്പോൾ സായിക്കു ശാരീരിക ബുദ്ധിമുട്ടുകൾ പ്രശ്നമായില്ല. സഖാവ് ബർദൻ അവരുടെ ചർച്ചകളിലേക്ക് എന്നെയും കൂട്ടി. ഞാനും ഡോ. സായിയും തമ്മിലുള്ള സൗഹൃദം തുടങ്ങിയതും ശക്തമായതും ബർദന്റെ ഓഫിസ് മുറിയിലെ കൂടിക്കാഴ്ചകളിൽ നിന്നായിരുന്നു. സായി തെറ്റുചെയ്തിട്ടില്ലെന്നു കോടതിക്കും പൊലീസിനും മനസ്സിലാക്കാൻ അയാളുടെ ജീവിതത്തിലെ വിലപ്പെട്ട 10 വർഷം നഷ്ടപ്പെടുത്തേണ്ടി വന്നു. ഞങ്ങൾക്കത് ആദ്യമേ ബോധ്യമായിരുന്നു.
ജയിലിലായപ്പോഴും സായിയുടെയും കുടുംബത്തിന്റെയും വിളിപ്പുറത്തു ഞങ്ങൾ നിന്നത് ആ ബോധ്യംകൊണ്ടായിരുന്നു. ജയിലിലെ യാതനയ്ക്കിടയിലും സായി വായന വ്രതമാക്കി. ഞങ്ങളുടെ വീട്ടിൽ വരുത്തിയിരുന്ന ഇംഗ്ലിഷ് മാസികകൾ ജയിലിൽ കാണാനെത്തുമ്പോൾ കൊണ്ടുവരണമെന്നു ഭാര്യ വസന്തയെ സായി പറഞ്ഞേൽപിച്ചു. ജയിലിലേക്കു കൊടുത്തുവിടാൻ ഞങ്ങൾ സന്തോഷപൂർവം മാസികകൾ ശേഖരിച്ചുവച്ചു. ജയിലിലെ ഏകാന്തതയിലിരുന്നും എന്നോടും ആനി രാജയോടും സായി കത്തുകളിലൂടെ നിരന്തരം സംസാരിച്ചു. ആ കത്തുകൾ ഞങ്ങളിപ്പോഴും സൂക്ഷിക്കുന്നു.
സായിയെക്കുറിച്ച് അറിയാവുന്നതുകൊണ്ടാണ് അറസ്റ്റിലായ കാലത്ത് രാജ്യസഭാംഗമെന്ന നിലയിൽ സായിയുടെ മോചനം പാർലമെന്റിനകത്തും പുറത്തും നിരന്തരം ഉന്നയിച്ചത്. കേന്ദ്രമന്ത്രി രാജ്നാഥ് സിങ്ങിനെ കണ്ടും വിഷയം സംസാരിച്ചിരുന്നു. മനുഷ്യാവകാശ പ്രശ്നങ്ങളുമായി ബന്ധപ്പെട്ടു പങ്കെടുത്തിട്ടുള്ള പരിപാടികളിലെല്ലാം സായിയെക്കുറിച്ചു സംസാരിച്ചു. കഠിനകാലത്ത് സായിയുടെ ഭാര്യ വസന്തകുമാരിക്കും മകൾ മഞ്ജീരയ്ക്കുമൊപ്പം ഒരു കുടുംബമായി ഞങ്ങൾ പോരാടി.
നാഗ്പുരിലെ ജയിലിലേക്കു പോകുമ്പോൾ അവിടെ ആവശ്യമായ സഹായത്തിന് അഭിഭാഷകരെയും മറ്റും പാർട്ടി വഴി ലഭ്യമാക്കി. സായിയുടെ അധ്യാപക സുഹൃത്തുക്കളും പൂർണാർഥത്തിൽ ഒപ്പം നിന്നു. അധികാരം ദുരുപയോഗം ചെയ്യപ്പെടുന്നതിനെതിരായ രാഷ്ട്രീയ പോരാട്ടമായാണ് ഞങ്ങളെല്ലാം അതിനെ കണ്ടത്. ജയിൽമോചിതനായപ്പോൾ സായിയുടെ ശരീരം കൂടുതൽ ക്ഷീണിച്ചിരുന്നു. മനസ്സിനപ്പോഴും പോരാട്ടവീര്യമുണ്ടായിരുന്നു. ജയിലിലടച്ചവരും ഭയപ്പെട്ടതു സായിയുടെ ശരീരത്തെയല്ല, ചിന്തകളെയാണ്.
ജീവിതത്തിൽ എക്കാലവും അധ്യാപകനായിരുന്നു സായി. ജയിലിൽ തടവുകാരെ ഉൾപ്പെടെ പഠിപ്പിച്ചും അതു തുടർന്നു. ഒരാഗ്രഹം ബാക്കിവച്ചാണ് ദിവസങ്ങൾക്കു മുൻപു ഹൈദരാബാദിലേക്കു പോയത്. തിരികെ ഡൽഹി സർവകലാശാലയിൽ അധ്യാപകനായി ചേരണമെന്ന മോഹം. കേന്ദ്ര വിദ്യാഭ്യാസമന്ത്രിയുമായി സംസാരിച്ച് ഇക്കാര്യത്തിൽ തുടർനടപടി സ്വീകരിക്കണമെന്ന് എന്നോടു പറഞ്ഞിരുന്നു. അതിന്റെ ആദ്യനടപടികൾ ചെയ്തുവയ്ക്കാനും പറഞ്ഞു; അപ്പോഴേക്കും ഹൈദരാബാദിലെ ചികിത്സ പൂർത്തിയാക്കി വരാമെന്നും. മടങ്ങിവരാതെ സായി പോയി. പകരമാകില്ലെങ്കിലും അധ്യാപകജോലി തിരികെ നൽകിയിരുന്നെങ്കിൽ സർക്കാരും സംവിധാനവും ചെയ്ത ക്രൂരതയ്ക്കു പ്രായശ്ചിത്തമാകുമായിരുന്നെങ്കിലും അവിടെയും ഭരണകൂടം സായിയോടു ക്രൂരത കാട്ടി– ഡി. രാജ പറഞ്ഞുനിർത്തി.
∙ കൊള്ളയടിക്കപ്പെട്ട ആയുസ്സ്
പുസ്തകങ്ങൾ നിറഞ്ഞിരുന്ന അതിഥിമുറിയിലേക്കു പുതിയൊരു വീൽചെയറിൽ ഭാര്യ വസന്തകുമാരി കൊണ്ടുവന്നിരുത്തുമ്പോൾ ഡോ. ജി.എൻ. സായിബാബയുടെ നെറ്റിയിൽ തടിച്ചൊരു പാട്. ആശുപത്രിയിൽ നിന്നിറങ്ങുംവഴി പുതിയൊരു വീൽചെയർ വാങ്ങാൻ കയറിയതായിരുന്നു. ഇരുന്നുനോക്കുന്നതിനിടെ നിലത്തുവീണു. നിസ്സഹായതയെ ചിരികൊണ്ടു മറയ്ക്കാൻ അന്നദ്ദേഹം പാടുപെട്ടു. പോളിയോ രോഗം നൽകിയ കുറവുകളെ തോൽപിച്ചു വളർന്നയാളാണ്. അദ്ദേഹത്തിന്റെതന്നെ ഭാഷയിൽ പറഞ്ഞാൽ, ഇഴഞ്ഞു വളർന്നുയർന്നതാണ്. പക്ഷേ, ഇല്ലാത്ത കുറ്റം ചുമത്തി ഭരണകൂടം ഏൽപിച്ച മുറിവും വേദനയും അദ്ദേഹത്തെ പത്തു വർഷത്തോളം കാരാഗൃഹത്തിലെ കയ്പു കുടിപ്പിച്ചു. നിനച്ചിരിക്കാതെ മരണത്തിനു കീഴടങ്ങുമ്പോൾ, ഭരണകൂടത്തിനു നേരെ സായിബാബയുടെ ജീവിതം ഉയർത്തുന്ന ചോദ്യങ്ങൾ ഒട്ടേറെയാണ്.
ആന്ധ്രയിലെ അമലാപുരം ഗ്രാമത്തിൽ ജീവിതം തളച്ചിടാൻ പോന്ന പോളിയോയുമായി മല്ലിട്ടായിരുന്നു സായിയുടെ ബാല്യം. കയ്യിൽ ചെരിപ്പിട്ടു നിലത്തിഴഞ്ഞു നീങ്ങിയ ആ കാലത്തും പുസ്തകങ്ങളിലേക്ക് എത്തിപ്പിടിച്ചു. നടക്കാൻ കഴിവില്ലാത്ത മകൻ ഇല്ലായ്മകളുടെ ചതുപ്പിൽ പുതഞ്ഞു പോകരുതെന്ന വാശിയോടെ കയ്യിലെടുത്ത് അമ്മ സൂര്യവതി സ്കൂളിലേക്കു കൊണ്ടുപോയതുകൊണ്ടാണ് താനിവിടെ എത്തിയതെന്ന് ‘മനോരമ ഞായറാഴ്ചയിലെ’ അഭിമുഖത്തിൽ അദ്ദേഹം പറഞ്ഞു. ഹൈദരാബാദിലെ ആശുപത്രിയിൽ ഐസിയു മുറിയിൽ കാൻസർ ബാധിതയായി കിടക്കവേ ആ അമ്മ തന്നെ കാണാൻ കൊതിച്ചിട്ടും സർക്കാരും ജയിലധികൃതരും അതനുവദിച്ചില്ലെന്നു വേദനിച്ചു.
കർഷകഗ്രാമത്തിലെ പരിമിതികളിൽനിന്നാണ് ഡൽഹി സർവകലാശാലയിലെ ഇംഗ്ലിഷ് അധ്യാപകനെന്ന മേൽവിലാസത്തിലേക്കു സായി വളർന്നത്. ശാരീരിക പരിമിതികളും കോളജിലെ സൗകര്യങ്ങളും തുലാസിലിട്ടു സ്വയം ഒതുങ്ങിക്കൂടാതെ സായി ചുറ്റുമുള്ളവർക്കായി ഇറങ്ങി. വീണുപോയവരെ ആവുംവിധം പിടിച്ചെഴുന്നേൽപിച്ചു. സമൂഹത്തിലെ നീതികേടുകൾ ചോദ്യം ചെയ്തപ്പോൾ അധികാരികളുടെ കണ്ണിലെ കരടായി. അതിനവർ കണ്ട എളുപ്പവഴി ജയിലറയിലെ ഇരുട്ടിലേക്കു തള്ളുക എന്നതായിരുന്നു. ഒരിക്കലും പുറത്തുവരില്ലെന്നുറപ്പിക്കാൻ മാവോയിസ്റ്റ് ബന്ധം ആരോപിച്ചു; നിയമവിരുദ്ധ പ്രവർത്തന നിരോധന നിയമം (യുഎപിഎ) പോലുള്ള കടുത്ത വകുപ്പുകൾ ചുമത്തി.
നാഗ്പുർ ജയിലിൽ കുപ്രസിദ്ധ കുറ്റവാളികൾക്കുള്ള ‘അണ്ഡാ സെല്ലിൽ’ ആണ് പാർപ്പിച്ചത്. നിവർന്നുനിൽക്കാൻ കഴിയാത്തത്ര ഇടുങ്ങിയ സ്ഥലത്ത് ജീവിതം നരകതുല്യമായി. സ്വകാര്യതപോലും മാനിക്കാതെ ശുചിമുറിയിൽവരെ സിസിടിവി ക്യാമറ വച്ചു. പുറത്ത് സായിയെക്കുറിച്ചു മാധ്യമങ്ങളെഴുതിയതിനൊക്കെയും ജയിലധികൃതർ പ്രതികാരം ചെയ്തു. കത്തെഴുത്ത് പലപ്പോഴും വിലക്കി. ഭാര്യയ്ക്ക് എഴുതിയ കത്തുകൾ തുറന്നു വായിക്കാൻ ജയിലധികൃതർ മത്സരിച്ചു. കത്തെഴുതാനും പുസ്തകം വായിക്കാനുമുള്ള സ്വാതന്ത്ര്യത്തിനുവേണ്ടി സായിക്കു ജയിലിൽ നിരാഹാരമിരിക്കേണ്ടി വന്നു. അതിനു മുന്നിൽ അധികൃതർ അയഞ്ഞു. കാലിനു ചലനശേഷിയില്ലാത്തതു മാത്രമായിരുന്നു ജയിലിലെത്തുമ്പോൾ സായിയുടെ പ്രശ്നം.
പത്തു വർഷം നീണ്ട ജയിൽവാസത്തിനിടെ രോഗങ്ങൾ വരിവരിയായെത്തി. അറസ്റ്റ് ചെയ്യുമ്പോൾ പൊലീസ് കൈകാര്യം ചെയ്തത് ഇടതുകയ്യിലെ ഞരമ്പുകളെ ബാധിച്ചു; കൈ പൂർണമായി തളർന്നു. വലതുകയ്യിലും പ്രശ്നങ്ങളുണ്ടായി. കൃത്യമായ ചികിത്സയോ മരുന്നോ ജയിലിൽ ലഭിച്ചില്ല. വീട്ടുകാർ എത്തിച്ച മരുന്നുകളും അകത്തേക്കു നൽകിയില്ല. മകനെ കാണാത്ത ആധിയുമായി ആ ജയിൽകാലത്തിനിടെ അമ്മ കടന്നുപോയി. ഭർത്താവിനു വേണ്ടിയുള്ള നിരന്തര പോരാട്ടവുമായി ഭാര്യ വസന്തകുമാരി കാലം കഴിച്ചു, മകൾ മഞ്ജീര പരിഭവം പറഞ്ഞില്ലെങ്കിലും, അച്ഛനോടൊത്തുള്ള നല്ല വർഷങ്ങൾ നഷ്ടമായി. അധ്വാനിച്ചും ആഗ്രഹിച്ചും നേടിയ അധ്യാപന ജോലിയിൽനിന്നു സായി പുറന്തള്ളപ്പെട്ടു, നഷ്ടങ്ങളുടെ 10 വർഷമായിരുന്നു സായിക്കും കുടുംബത്തിനും. വൈകിയെങ്കിലും നീതി ലഭ്യമാക്കിയെന്ന് ആശ്വസിക്കുന്ന കോടതികൾക്കു സായിബാബയ്ക്കു നഷ്ടമായതൊന്നും തിരിച്ചുകൊടുക്കാൻ കഴിഞ്ഞില്ല.
അവസാനം കാണുമ്പോൾ ജീവിതത്തിലെ ഏറ്റവും വലിയ നഷ്ടത്തെക്കുറിച്ചു ചോദിച്ചു. 2013 അവസാനം സ്വന്തം ക്വാർട്ടേഴ്സിൽ മഹാരാഷ്ട്ര പൊലീസ് നടത്തിയ റെയ്ഡിനെക്കുറിച്ചു സായി പറഞ്ഞു. സ്വന്തം വിദ്യാർഥികൾക്കായി വർഷങ്ങളോളമെടുത്ത്, പല ലൈബ്രറികളിലും മറ്റും പോയി ശേഖരിച്ച ഫയലുകൾ, മകൾക്കിഷ്ടപ്പെട്ട കുറേയേറെ സിനിമകൾ, ഭാര്യ സൂക്ഷിച്ചിരുന്ന അപൂർവ കുടുംബചിത്രങ്ങൾ അങ്ങനെ വിലപ്പെട്ട പലതും പൊലീസ് കൊണ്ടുപോയി. കോടതിവഴി അതു തിരിച്ചുകിട്ടാൻ ശ്രമിച്ചിട്ടും നടന്നില്ല. റെയ്ഡ് ചെയ്തു പിടിച്ചവയിൽ പൊലീസ് കൃത്രിമത്വം കാട്ടിയെന്നു കൂടി ബോധ്യപ്പെട്ടെന്നു മാത്രം. സ്വതന്ത്രനാക്കപ്പെട്ടപ്പോൾ ആയുസ്സും ആരോഗ്യവും ക്ഷയിച്ചു. എന്നിട്ടും എല്ലാം തിരിച്ചുപിടിക്കണമെന്നും സർവകലാശാലയിലെ സ്വന്തം കുട്ടികളോടു സംസാരിക്കണമെന്നും അവർക്കായി കൂടുതൽ ഗവേഷണം നടത്തണമെന്നും അവരെ പഠിപ്പിക്കണമെന്നും മോഹിച്ചു. എല്ലാം ബാക്കിയാക്കിയാണ് സായിയുടെ മടക്കം. ഭരണകൂടവും കോടതികളും ചേർന്നു കവർന്നെടുത്ത 10 വർഷത്തിന് എന്തു നൽകിയാലാണ് പകരമാകുക?