കോൺഗ്രസ് ഡിജിറ്റൽ മീഡിയ സെല്ലിന്റെ അമരത്ത് നിന്ന് നേരെ സിപിഎമ്മിന്റെ സ്ഥാനാർഥിത്വത്തിലേക്ക്! പാലക്കാട് ഉപതിരഞ്ഞെടുപ്പിൽ ഇടതു സ്വതന്ത്ര സ്ഥാനാർഥിയായി ഡോ.പി.സരിനെ സിപിഎം തീരുമാനിച്ചതോടെ രാഷ്ട്രീയ ചർച്ചകളുടെ കേന്ദ്രബിന്ദുവായി സരിനും അദ്ദേഹത്തിന്റെ കൂടുവിട്ട് കൂടു മാറലും മാറി.സിവിൽ സർവീസിൽ നിന്ന് രാജിവച്ച് രാഷ്ട്രീയ പ്രവർത്തകനാകുകയും കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ ഒറ്റപ്പാലത്ത് കോൺഗ്രസ് സ്ഥാനാർഥിയായി മത്സരിച്ചു പരാജയപ്പെടുകയും ചെയ്ത സരിനെ സഖാവ് സരിൻ ആയി പാർട്ടി ഏറ്റെടുത്തത് കോൺഗ്രസിലും സിപിഎമ്മിലും സമ്മിശ്ര പ്രതികരണങ്ങൾ സൃഷ്ടിച്ചു. അസുഖകരമായ ചോദ്യങ്ങളുടെ കൂടി നടുവിലാണ് പി.സരിൻ.ചുറ്റും ഉയരുന്ന ആ ചോദ്യങ്ങളോട് മലയാള മനോരമ മനോരമ ഓൺലൈൻ ‘ക്രോസ് ഫയർ’ അഭിമുഖത്തിൽ ഡോ.പി.സരിൻ പ്രതികരിക്കുന്നു. കേരളം ഉറ്റുനോക്കുന്ന പാലക്കാട്ടെ ത്രികോണ മത്സരത്തിന്റെ സ്ഥാനാർഥികളുമായുള്ള അഭിമുഖ പരമ്പരയിലെ ആദ്യത്തേതു കൂടിയാണ് ഈ സംഭാഷണം. കോൺഗ്രസ് സ്ഥാനാർഥി രാഹുൽ മാങ്കൂട്ടത്തിൽ അടുത്ത ലക്കം ക്രോസ് ഫയറിൽ സംസാരിക്കും. മലയാള മനോരമ തിരുവനന്തപുരം ചീഫ് ഓഫ് ബ്യൂറോ സുജിത് നായരുമായി പി.സരിൻ നടത്തിയ സംഭാഷണത്തിൽ നിന്ന്. കോൺഗ്രസിന്റെ സൈബർ പടനായകൻ. പാർട്ടിക്കു വേണ്ടി സിപിഎമ്മിനെ നിരന്തരം പ്രഹരിച്ചിരുന്നയാൾ. നിന്ന നിൽപ്പിൽ ആ പാ‍ർട്ടിയുടെ ഭാഗമാകുന്നു. മനസാക്ഷിക്കുത്ത് തോന്നുന്നില്ലേ? നിന്ന നിൽപ്പിൽ എന്ന പ്രയോഗത്തെ നിരാകരിക്കുന്നു. കോൺഗ്രസിന്റെ നിലനിൽപ്പിനുവേണ്ടിയും ആ പാർട്ടിക്കു വേണ്ട നല്ല മാറ്റങ്ങൾക്കു വേണ്ടിയും കുറേക്കാലമായി ഉള്ളിൽ നിന്നു പോരാടുന്ന ഒരു പാട് പേരുണ്ട്. ഇതു ഗതിപിടിക്കാൻ സാധ്യതയില്ലെന്ന് ഞങ്ങൾക്കെല്ലാം തോന്നിയിരുന്നു. അവനവിനിസത്തിലേക്കാണ് കോൺഗ്രസ് ചുരുങ്ങിയത്.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കോൺഗ്രസ് ഡിജിറ്റൽ മീഡിയ സെല്ലിന്റെ അമരത്ത് നിന്ന് നേരെ സിപിഎമ്മിന്റെ സ്ഥാനാർഥിത്വത്തിലേക്ക്! പാലക്കാട് ഉപതിരഞ്ഞെടുപ്പിൽ ഇടതു സ്വതന്ത്ര സ്ഥാനാർഥിയായി ഡോ.പി.സരിനെ സിപിഎം തീരുമാനിച്ചതോടെ രാഷ്ട്രീയ ചർച്ചകളുടെ കേന്ദ്രബിന്ദുവായി സരിനും അദ്ദേഹത്തിന്റെ കൂടുവിട്ട് കൂടു മാറലും മാറി.സിവിൽ സർവീസിൽ നിന്ന് രാജിവച്ച് രാഷ്ട്രീയ പ്രവർത്തകനാകുകയും കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ ഒറ്റപ്പാലത്ത് കോൺഗ്രസ് സ്ഥാനാർഥിയായി മത്സരിച്ചു പരാജയപ്പെടുകയും ചെയ്ത സരിനെ  സഖാവ് സരിൻ ആയി പാർട്ടി ഏറ്റെടുത്തത് കോൺഗ്രസിലും സിപിഎമ്മിലും  സമ്മിശ്ര പ്രതികരണങ്ങൾ സൃഷ്ടിച്ചു.

അസുഖകരമായ ചോദ്യങ്ങളുടെ കൂടി നടുവിലാണ് പി.സരിൻ.ചുറ്റും ഉയരുന്ന ആ ചോദ്യങ്ങളോട് മലയാള മനോരമ മനോരമ ഓൺലൈൻ ‘ക്രോസ് ഫയർ’ അഭിമുഖത്തിൽ ഡോ.പി.സരിൻ പ്രതികരിക്കുന്നു. കേരളം ഉറ്റുനോക്കുന്ന പാലക്കാട്ടെ ത്രികോണ മത്സരത്തിന്റെ സ്ഥാനാർഥികളുമായുള്ള അഭിമുഖ പരമ്പരയിലെ ആദ്യത്തേതു കൂടിയാണ് ഈ സംഭാഷണം. കോൺഗ്രസ് സ്ഥാനാർഥി രാഹുൽ മാങ്കൂട്ടത്തിൽ അടുത്ത ലക്കം ക്രോസ് ഫയറിൽ സംസാരിക്കും. മലയാള മനോരമ തിരുവനന്തപുരം ചീഫ് ഓഫ് ബ്യൂറോ സുജിത് നായരുമായി പി.സരിൻ നടത്തിയ സംഭാഷണത്തിൽ നിന്ന്. 

പാലക്കാട് എൽഡിഎഫ് നൽകിയ സ്വീകരണത്തിൽ പ്രവർത്തകരെ അഭിവാദ്യം ചെയ്യുന്ന ഡോ.പി.സരിൻ (image credit: CPIMKerala/facebook)
ADVERTISEMENT

∙ കോൺഗ്രസിന്റെ സൈബർ പടനായകൻ. പാർട്ടിക്കു വേണ്ടി സിപിഎമ്മിനെ നിരന്തരം പ്രഹരിച്ചിരുന്നയാൾ. നിന്ന നിൽപ്പിൽ ആ പാ‍ർട്ടിയുടെ ഭാഗമാകുന്നു. മനസ്സാക്ഷിക്കുത്ത് തോന്നുന്നില്ലേ?

നിന്ന നിൽപ്പിൽ എന്ന പ്രയോഗത്തെ നിരാകരിക്കുന്നു. കോൺഗ്രസിന്റെ നിലനിൽപ്പിനുവേണ്ടിയും ആ പാർട്ടിക്കു വേണ്ട നല്ല മാറ്റങ്ങൾക്കു വേണ്ടിയും കുറേക്കാലമായി ഉള്ളിൽ നിന്നു പോരാടുന്ന ഒരു പാട് പേരുണ്ട്. ഇതു ഗതിപിടിക്കാൻ സാധ്യതയില്ലെന്ന് ഞങ്ങൾക്കെല്ലാം തോന്നിയിരുന്നു. അവനവനിസത്തിലേക്കാണ് കോൺഗ്രസ് ചുരുങ്ങിയത്. അവനവൻ മെച്ചപ്പെടുന്നയിടത്തോളം പാർട്ടിയും മെച്ചപ്പെട്ടാൽ മതിയെന്ന ആ വിചാരം സംഘടനയ്ക്ക് ഗുണം ചെയ്യില്ല. ആ അവനവനിസത്തിന്റെ ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണ് പാലക്കാട്ടെ സ്ഥാനാർഥി നിർണയം. ഈ സ്ഥാനാർഥി  കോൺഗ്രസിന്റെ തോൽവിക്ക് ഇടയാക്കുമെന്ന പൂർണബോധ്യത്തിലും കോൺഗ്രസ് തോറ്റാൽ ജയിക്കുന്നത് ബിജെപി ആകുമെന്ന യാഥാർഥ്യവുമാണ് എന്നെ ഈ തീരുമാനത്തിനു പ്രേരിപ്പിച്ചത്.

പാലക്കാട് നിയമസഭ മണ്ഡലം തിരഞ്ഞെടുപ്പിലേക്കുള്ള കോൺഗ്രസ് സ്ഥാനാർഥിത്വത്തിൽ അതൃപ്തി രേഖപ്പെടുത്തിക്കൊണ്ട് നടത്തിയ പത്രസമ്മേളനം കഴിഞ്ഞു പുറത്തേക്കിറങ്ങിയ ഡോ.പി.സരിൻ. രാഹുൽ മാങ്കൂട്ടത്തിന് വോട്ട് അഭ്യർത്ഥിച്ചുകൊണ്ട് സമീപത്തെ ചുമരിൽ പതിച്ചിരിക്കുന്ന പോസ്റ്ററുകളും കാണാം. (ചിത്രം : മനോരമ)

കാരണം സിപിഎം കഴിഞ്ഞ രണ്ടു തിരഞ്ഞെടുപ്പിലും പാലക്കാട് അമ്പേ പിറകിൽ പോയിരുന്നു. ബിജെപി ജയിക്കാതിരിക്കാൻ വേണ്ടി സിപിഎമ്മിനു പോലും അവരുടെ വോട്ട് കോൺഗ്രസിന് കൊടുക്കേണ്ടി വന്ന സ്ഥിതി ഉണ്ടായി. ബിജെപിയെ ജയിക്കാൻ അനുവദിച്ചുകൂടാ എന്ന സിപിഎമ്മിന്റെ നേരറിവാണ് കോൺഗ്രസിനെ  സഹായിച്ചത്. ആ ബിജെപി ഒടുവിൽ കടന്നുകൂടാതിരിക്കാൻ ഏതു രാഷ്ട്രീയത്തിന്റെ കൂടെ നിൽക്കണമെന്ന ചോദ്യത്തിന്റെ ഉത്തരമാണ് ഞാൻ തേടിയത്. മനസാക്ഷിക്കുത്തില്ലാതെയും നിന്ന നിൽപ്പിൽ അല്ലാതെയും കൃത്യമായ രാഷ്ട്രീയം പറഞ്ഞ് അപ്പുറത്ത് പോകാൻ ഇടയായ സാഹചര്യം അതാണ്.

∙ കഴിഞ്ഞ തവണ കോൺഗ്രസ് സ്ഥാനാർഥിയായി താങ്കൾ  മത്സരിച്ച ഒറ്റപ്പാലം പോലെ ഒരു മണ്ഡലം കയ്യിലുണ്ട്. ആ സീറ്റ് വീണ്ടും ലഭിക്കാനുള്ള  സാധ്യതയും താങ്കൾക്കുണ്ട്. ഒന്നരവർഷം മാത്രമാണ് ആ കാത്തിരിപ്പിന് വേണ്ടത്. എന്നിട്ടും എന്തേ പാലക്കാട് സീറ്റ് തന്നെ വേണമെന്ന വാശി?

ADVERTISEMENT

താങ്കൾ പറഞ്ഞ ഒറ്റപ്പാലം മാഹാത്മ്യത്തെക്കുറിച്ചു പറയാം. അങ്ങനെയാണ് ഞാൻ അതിനെ വിളിക്കുന്നത്. കോൺഗ്രസിലെ ആർക്കും വേണ്ടാത്ത സീറ്റായിരുന്നു അത്. പുറമേ നിന്ന് ഷാനിമോൾ ഉസ്മാനെ മത്സരിപ്പിച്ചപ്പോൾ പതിനാറായിരത്തിലേറെ വോട്ടിനാണ് തോറ്റത്. സിവിൽ സർവീസ് രാജിവച്ച് വന്ന ഒരു മനുഷ്യൻ അവിടെ നിന്ന് പയറ്റി.  കോൺഗ്രസുകാർക്കൊപ്പം താനുണ്ട് എന്ന ബോധ്യം ഉണ്ടാക്കിയപ്പോൾ ചില മാറ്റങ്ങളുണ്ടായി. ഒരു നേതാവും എന്നെ സഹായിക്കാൻ ഉണ്ടായിരുന്നില്ല. പാലക്കാട് ജില്ലയിൽ ഗ്രൂപ്പിസം കൊടി കുത്തി വാഴുകയായിരുന്നു. ജനങ്ങളിലേക്ക് ഇറങ്ങിച്ചെല്ലാനാണ് ഞാൻ ശ്രമിച്ചത്. എന്നിട്ടും പാർട്ടി എന്നെ ആയിരുന്നില്ല ആദ്യം പരിഗണിച്ചത്.

ഡോ.പി.സരിൻ (image credit: drsarinofficial/facebook)

കോൺഗ്രസിന്റെ കേന്ദ്രനേതൃത്വമാണ് ഗൂഢ നീക്കങ്ങളെ മറികടന്ന് എന്നെ സ്ഥാനാർഥിയാക്കിയത്. തോൽക്കാൻ ഇടയുള്ള ഒരു സീറ്റിൽ കുറച്ചുകാലമായി ഒരു മനുഷ്യൻ നടത്തിയ അധ്വാനം അവർ കണക്കിലെടുത്തു. പാലക്കാട് ജില്ലയിൽ 35000 വോട്ടിന് മുകളിൽ മൂന്നു സീറ്റും 25,000നും 35,000നും ഇടയിൽ വേറെ മൂന്നു സീറ്റും തോറ്റപ്പോൾ ഒറ്റപ്പാലത്ത് ഞാൻ പരാജയപ്പെട്ടത് 15152 വോട്ടിനാണ്. തോൽവിക്കു ശേഷവും ഒറ്റപ്പാലത്ത് ഞാൻ തുടർന്നു. പുതുപ്പള്ളി ഉപതിരഞ്ഞെടുപ്പിന് മുൻപായി കോൺഗ്രസിന്റെ സോഷ്യൽ മീഡിയയുടെ ചുമതല എനിക്കു ലഭിച്ചു. അതിനു ശേഷം പഴയ തീവ്രതയോടെ എനിക്ക് ഒറ്റപ്പാലത്തു പ്രവർത്തിക്കാൻ സാധിച്ചില്ല. എനിക്ക് തന്ന ഒറ്റപ്പാലം സൗജന്യം ഞാൻ നിരാകരിച്ചു എന്നതിന്റെ പിന്നിലെ വസ്തുത ഇതാണ്.

∙ കോൺഗ്രസ് നേതൃത്വം താങ്കളെ പാലക്കാട് ഉപതിരഞ്ഞെടുപ്പിൽ സ്ഥാനാർഥിയായി ഗൗരവത്തോടെ പരിഗണിച്ചിരുന്നില്ല എന്നതല്ലേ വസ്തുത?

ഇപ്പോൾ ഗൗരവം വന്നോ? പാലക്കാട്ടെ മത്സരത്തിനും ഗൗരവം വന്നോ? ഈ സംഭവങ്ങളെല്ലാം ഗുരുതരമായി കോൺഗ്രസിനെ ബാധിച്ചോ? പാലക്കാട്ടെ തിരഞ്ഞെടുപ്പിൽ സിപിഎമ്മിന് മേൽവിലാസം പോലും ഇല്ലാതിരുന്ന സാഹചര്യത്തിൽ ഈ തീരുമാനത്തോടെ അതുണ്ടായില്ലേ. അവിടുത്തെ മത്സരം ഉറ്റുനോക്കുന്നതായില്ലേ? .എനിക്ക് വില ഇല്ലെങ്കിൽ അതു തീരുമാനിക്കേണ്ടത് പാർട്ടിയിൽ ഒരു വിലയും ഇല്ലാത്തവരല്ല. പാർട്ടിക്ക് അകത്ത് അവർക്ക് പദവികളുടെ വലിപ്പം ഉണ്ടായിരിക്കും. പക്ഷേ ഒരു മൂല്യവും അവർക്കില്ല. ചർച്ചകൾക്കും തീരുമാനങ്ങൾക്കും മതിയായ  ഉൾപ്പാർട്ടി സംവിധാനം കോൺഗ്രസിൽ ഉണ്ടാകണം.

വടകര എം.പി. ഷാഫി പറമ്പിലിനോട് സംസാരിക്കുന്ന രാഹുൽ മാങ്കൂട്ടത്തിൽ (image credit:rahulbrmamkootathil/facebook)
ADVERTISEMENT

∙ ഒരു പാർട്ടിയിലായിരിക്കെ അനുജനെ പോലെ കണ്ടയാൾ ആയിരിക്കുമല്ലോ രാഹുൽ മാങ്കൂട്ടത്തിൽ. യൂത്ത് കോ‍ൺഗ്രസിന്റെ സംസ്ഥാന പ്രസിഡന്റായ അദ്ദേഹത്തിന്  പാലക്കാട് മത്സരിക്കാൻ എന്താണ് അയോഗ്യത?

ഒരു ജൂനിയർ സഹപ്രവർത്തകൻ മാത്രമായിരുന്നു രാഹുൽ. അനുജനെ പോലെ കാണാനുള്ള വ്യക്തിപരമായ ഗുണം ഒരു കാലത്തും അദ്ദേഹത്തിൽ ഞാൻ കണ്ടിട്ടില്ല. അദ്ദേഹത്തിന്റെ അയോഗ്യതയെ മുൻനിർത്തിയാണല്ലോ ഇത്രയും പ്രശ്നങ്ങൾ ഉണ്ടായിരിക്കുന്നത്. ഏറ്റവും ഒടുവിൽ കെഎസ്‌യുവിന്റെ പാലക്കാട് മുൻ ജില്ലാ പ്രസിഡന്റ് വികാരഭരിതമായി ചില കാര്യങ്ങൾ പറഞ്ഞ് ഇറങ്ങിപ്പോയില്ലേ? ഇനിയും എത്രയോ പേർ ഇറങ്ങിപ്പോകാൻ ഇരിക്കുന്നു. ഷാഫി പറമ്പിലിനെ മണിയടിച്ചു നിന്ന ഒരാൾക്ക് ഈ സീറ്റിൽ അദ്ദേഹത്തിനു തന്നെ പിന്നീട് മത്സരിക്കാൻ കഴിയണം എന്ന ധാരണയുടെ പുറത്ത് സീറ്റ് താൽക്കാലികമായി കൈമാറുകയായിരുന്നില്ലേ നടന്നത്.

ആ രാഷ്ട്രീയ കോക്കസ് കളിയുടെ ഭാഗമായിട്ടല്ല യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് പദവി പ്രയോജനപ്പെടുത്തേണ്ടത്. അടുത്ത നിയമസഭാ തിരഞ്ഞെടുപ്പ് വരെ ആ സംഘടനയെ സമരസജ്ജമാക്കി നിലനിർത്തുക എന്ന ദൗത്യമാണ് രാഹുൽ മറന്നത്. തിര‍ഞ്ഞെടുപ്പ് കഴിയുന്നതോടെ ആ ജോലി എന്തായാലും പാലക്കാട്ടെ വോട്ടർമാർ തിരികെ അദ്ദേഹത്തെ  ഏൽപ്പിക്കും.

∙ എംഎൽഎയും മന്ത്രിയുമെല്ലാം ആകാനാണോ സിവിൽ സർവീസ് ഉപേക്ഷിച്ച് രാഷ്ട്രീയത്തിലേക്ക് വന്നത്?

അങ്ങനെ ഒരു പോസ്റ്റ് എന്റെ അഡ്മിൻ ഇട്ടു എന്നത് ശരിയാണ്. ഞാൻ കോൺഗ്രസിൽ ഉണ്ടായിരുന്നപ്പോഴത്തെ അഡ്മിൻ ആണെന്നു പറയുമ്പോൾ അതു വ്യാജമാണെന്നു  മനസ്സിലാകുമല്ലോ. എന്റെ പേരിൽ ഇങ്ങനെ പോസ്റ്റ് ചമച്ചതു മാത്രം മതി കോൺഗ്രസിന്റെ നിലവാരത്തകർച്ച മനസ്സിലാക്കാൻ. അതിന്റെ പേരിൽ എന്റെ ഭാര്യ ഡോ.സൗമ്യ സരിനെ അടക്കം സൈബർ ഇടത്തു വേട്ടയാടി. സരിന്റെ  ഭാര്യ എന്നതല്ല അവരുടെ മേൽവിലാസം. ആ ആക്രമണമെല്ലാം അവർ ഒറ്റയ്ക്ക് നേരിട്ടുകൊള്ളും. ഈ മലീമസമായ സംഘടനയിലെ മുഴുവൻ പുഴുക്കുത്തുകളും ചേർന്ന് ഒരുമിച്ച് ആക്രമിച്ചാലും സൗമ്യയെ തൊടാൻ കഴിയില്ല.

ഡോ.പി.സരിനും ഭാര്യ ഡോ. സൗമ്യ സരിനും (image credit: drsarinofficial/facebook)

സിവിൽ സർവീസ് ഉപേക്ഷിച്ചു ഞാൻ വന്നപ്പോൾ കോൺഗ്രസ് ഇവിടെ തോറ്റുനിൽക്കുകയാണ്. ദേശീയതലത്തിൽ നരേന്ദ്ര മോദിയുടെ സ്വാധീനം ശക്തമാകുന്ന സാഹചര്യത്തിലാണ് ‍ഞാൻ രാഷ്ട്രീയത്തിൽ ഇറങ്ങിയത്. അധികാരസ്ഥാനങ്ങളാണ് എനിക്ക് മുഖ്യമെങ്കിൽ കോൺഗ്രസ് പാർട്ടിയെ ആ സമയത്ത് തിരഞ്ഞെടുക്കേണ്ടതില്ലല്ലോ. ഇപ്പോൾ കോൺഗ്രസ് പാർട്ടിയിൽ നിന്നു പുറത്തു വന്ന് ഞാൻ മത്സരിക്കുന്ന മണ്ഡലം കഴിഞ്ഞ രണ്ടു തവണ സിപിഎം മൂന്നാം സ്ഥാനത്തേക്ക് ദയനീയമായി പിന്തള്ളപ്പെട്ടതാണ്. രാഷ്ട്രീയത്തിൽ അതിതീവ്രമായ വെല്ലുവിളികളാണ് ‍ഞാ‍ൻ ആഗ്രഹിക്കുന്നത്. ഈ  ദുർഘടമായ വഴികളിലൂടെയെല്ലാം കടന്നു പോയ ‍എന്റെ പേരിൽ  മന്ത്രിയും എംഎൽഎയും ആകാനാണ് രാഷ്ട്രീയത്തിൽ ഇറങ്ങിയതെന്ന പ്രസ്താവന വരുമ്പോൾ അതിനു പിന്നിലെ കള്ളക്കളി ആർക്കും മനസ്സിലാകും. കുറച്ചു പേരെ കുറച്ചു സമയത്തേക്കു തെറ്റിദ്ധരിപ്പിക്കാൻ കഴിഞ്ഞേക്കാം.

∙ പുതുപ്പള്ളി ഉപതിരഞ്ഞെടുപ്പു സമയത്ത് താങ്കളും പ്രതിപക്ഷ നേതാവ് വി.ഡി.സതീശനും തമ്മിൽ തെറ്റിയോ? അദ്ദേഹവുമായി പിന്നീട് പൊരുത്തപ്പെടാൻ കഴിഞ്ഞിട്ടേ ഇല്ലേ?എന്നിട്ടും സ്ഥാനാർഥി ആകരുതെന്ന് താങ്കളോട് അപേക്ഷിച്ചു എന്നാണല്ലോ അദ്ദേഹം പറഞ്ഞത്?

ഉമ്മൻചാണ്ടിയുടെ മരണം കഴിഞ്ഞ് അധികം വൈകാതെ നടന്ന പുതുപ്പള്ളി തിരഞ്ഞെടുപ്പിൽ അദ്ദേഹത്തിന്റെ ഓർമകൾ സജീവമാക്കി നിലനിർത്തുന്ന പ്രചാരണമാണ് വേണ്ടതെന്ന് കോൺഗ്രസ് തീരുമാനിച്ചിരുന്നു. പക്ഷേ എല്ലാ പോസ്റ്ററുകളിലും ‘എന്റെ തല, എന്റെ ഫുൾഫിഗർ’ എന്നതായിരുന്നു സതീശന്റെ ചിന്ത. ഞാനാണ് എല്ലാം നിയന്ത്രിക്കുന്നതെന്ന് അദ്ദേഹത്തിന് വരുത്തിതീ‍ർക്കണം. ആ നിലപാടിനെ ഞാൻ എതിർത്തതോടെ എന്നെ മാറ്റണമെന്നായി. പക്ഷേ സോഷ്യൽ മീഡിയയുടെ ചുമതലയിൽ ഞാൻ നടത്തിയിരുന്ന പ്രവർത്തനത്തെക്കുറിച്ചു പൊതുവിൽ പാർട്ടിക്കു മതിപ്പ് ഉണ്ടായിരുന്നതുകൊണ്ട് അദ്ദേഹത്തിന്റെ ആഗ്രഹം നടത്തിയെടുക്കാൻ സാധിച്ചില്ല.

പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ (ഫയൽ ചിത്രം: മനോരമ)

എന്നിട്ടും ഇല്ലാത്ത ആരോപണം വരെ അദ്ദേഹം ഉന്നയിച്ചു. തിരഞ്ഞെടുപ്പ് വിജയത്തിനു ശേഷം കെപിസിസി പ്രസിഡന്റ് സംസാരിക്കേണ്ടയിടത്ത് മൈക്ക് പിടിച്ചുവാങ്ങി ആദ്യം സംസാരിക്കാൻ അദ്ദേഹം ശ്രമിക്കുന്ന കാഴ്ച ലോകത്തിനു മുന്നിൽ എത്തിയപ്പോൾ അതു പ്രചരിപ്പിച്ചതിനു പിന്നിലും ഞാനാണെന്ന് അദ്ദേഹം വിചാരിച്ചുകൂട്ടി. അദ്ദേഹത്തിന്റെ കോൺഗ്രസിനെ വച്ച് സരിന്റെ കോ‍ൺഗ്രസിനെ അളക്കരുതെന്ന് എന്നോടു വന്ന് അക്കാര്യം പറഞ്ഞവരോട്  പറഞ്ഞു. പിന്നെ  എന്നെ കണ്ടാൽ അദ്ദേഹം നോക്കാതെയായി. അതിൽ ഭീരുത്വമാണ് ഞാൻ ദർശിക്കുന്നത്.

∙ കോൺഗ്രസിനെതിരെ താങ്കൾ നടത്തിയ വാ‍ർത്താസമ്മേളനം അതിവൈകാരികമായിപ്പോയോ? വീണ്ടും കണ്ടു നോക്കിയപ്പോൾ കുറച്ചു കൂടി സംയമനത്തോടെ സംസാരിക്കാമായിരുന്നുവെന്ന് തോന്നിയില്ലേ?

അത് അന്നത്തെ ദിവസം എനിക്കു സമ്മാനിച്ച സംഘർഷങ്ങൾ മൂലമാണ്. എത്രയോ പേരുടെ ഫോൺകോളുകൾ എനിക്ക് അറ്റൻഡ് ചെയ്യേണ്ടിവന്നു. കോൺഗ്രസിനെതിരെ നിലപാടെടുക്കരുതെന്ന് പറയാൻ വേണ്ടിയുള്ള വിളികളായിരുന്നു അതിലേറെയും. അക്കൂട്ടത്തിൽ പ്രതിപക്ഷ നേതാവും ആദ്യമായിട്ട് എന്നെ ഇങ്ങോട്ടു വിളിച്ചു. എത്ര മൃദുവായിട്ടാണ് അദ്ദേഹം എന്നോട് അപ്പോൾ സംസാരിച്ചത്! എനിക്ക് അതു കേട്ട് വല്ലാത്ത ആനന്ദം തോന്നി. ഇങ്ങനെയും സംസാരിക്കാൻ അദ്ദേഹത്തിന് കഴിയുമെന്ന് എനിക്ക് അപ്പോഴാണ് ആദ്യമായി മനസ്സിലാകുന്നത്. കാരണം പൊതു ഇടത്തും ഫോണിലും പ്രവർത്തകരോട് അദ്ദേഹം സംസാരിക്കുന്ന രീതി എന്താണെന്ന് എല്ലാ കോൺഗ്രസുകാർക്കും അറിയാം.

ഒറ്റപ്പാലം നിയമസഭാ മണ്ഡലത്തിൽ യുഡിഎഫ് സ്ഥാനാർഥിയായപ്പോൾ പ്രചരണത്തിനിടെ ക്രിക്കറ്റ് കളിക്കുന്ന പി.സരിൻ (image credit: drsarinofficial/facebook)

‘ഞാൻ സംരക്ഷിക്കും’ എന്നാണ് അദ്ദേഹം എന്നോട് പറഞ്ഞത്. ഒരു വ്യക്തിയുടെയും സംരക്ഷണം എനിക്കു വേണ്ടെന്നു ഞാൻ മറുപടി നൽകി. തുടർച്ചയായ ‘ഞാൻ’ പ്രയോഗം ദയവു ചെയ്ത് അവസാനിപ്പിക്കണമെന്ന് അദ്ദേഹത്തോട് അഭ്യർഥിച്ചു. പാർട്ടിയാണ് അദ്ദേഹത്തെ പ്രതിപക്ഷ നേതാവാക്കിയത്. ‘അതുകൊണ്ട് പാർട്ടി സംരക്ഷിക്കും, അതിനായി ഞാൻ മുൻകൈ എടുക്കും’ എന്നു പറഞ്ഞാൽ മനസ്സിലാക്കാം. അതാണ് അന്തസ്. അക്കാര്യം ചൂണ്ടിക്കാട്ടി അദ്ദേഹത്തെ ഞാൻ തിരുത്തി. ഇതെല്ലാം കഴിഞ്ഞാണ് മാധ്യമപ്രവർത്തകരെ കണ്ടത്.അപ്പോൾ വൈകാരികമായി പ്രതികരിച്ചു. മുഴുനീളം അങ്ങനെ തന്നെയായിരുന്നു. അത് എനിക്ക് മനസ്സിലായി.

∙ സിപിഎമ്മിനും മുഖ്യമന്ത്രിക്കും എതിരെ അങ്ങേയറ്റം അവജ്ഞയോടെയും വിരോധത്തോടെയും സംസാരിച്ചിരുന്ന ഒരാളാണ് താങ്കൾ. നേരെ കരണം മറിയുന്നത് എത്ര കണ്ട് എളുപ്പമാണ്? വ്യക്തി എന്ന നിലയിൽ അതു മാനസിക സംഘർഷങ്ങൾ ഉണ്ടാക്കുന്നില്ലേ?

അതൊരു ശരിയായ ചോദ്യമാണ്. ഒരു പ്രസ്ഥാനത്തിന്റെ ഭാഗമായി നിന്നുകൊണ്ട് ഭരണപക്ഷത്തിന്റെ വീഴ്ചകൾ ഞാൻ ചൂണ്ടിക്കാണിച്ചത് എന്റെ ബോധ്യത്തിൽ നിന്നു തന്നെയായിരുന്നു. വളരെ ശ്രദ്ധേയമായി അവ അവതരിപ്പിക്കാൻ എനിക്കും ടീമിനും സാധിച്ചിട്ടുണ്ട്. പക്ഷേ എന്നിട്ടും അതൊന്നും ഏറ്റെടുക്കാൻ ആളുണ്ടായില്ല. ജനങ്ങളിലേക്ക് ഇറങ്ങിച്ചെന്നുള്ള രാഷ്ട്രീയം കൈകാര്യം ചെയ്യാത്തയിടത്തോളം കാലം കോൺഗ്രസ് പരാജയപ്പെടുമെന്ന തിരിച്ചറിവാണ് ആ സാഹചര്യം നൽകിയത്. പരാജയപ്പെട്ടു നിൽക്കുന്ന സംവിധാനത്തെ തിരുത്താനുള്ള ശ്രമം ഞാനടക്കമുള്ളവർ തുടർന്നു.

ഒറ്റപ്പാലം നിയമസഭാ മണ്ഡലത്തിൽ യുഡിഎഫ് സ്ഥാനാർഥിയായി മത്സരിച്ചപ്പോൾ വോട്ട് ചോദിക്കുന്ന പി.സരിൻ (image credit: drsarinofficial/facebook)

പക്ഷേ നേതൃത്വം അതിനു വേണ്ടി  ഒന്നും ചെയ്തില്ല. പറഞ്ഞു പരാജയപ്പെട്ട വിമർശനങ്ങളാണ് എന്റേത് എന്ന് പതുക്കെ പതുക്കെ ഞാൻ തിരിച്ചറിഞ്ഞു. അതുകൊണ്ട്   മാറ്റിപ്പറയുന്നതിൽ ഒരു കുറ്റബോധവും എനിക്കില്ല. കാരണം കോൺഗ്രസ് എന്ന പാർട്ടിയെയോ സംഘടനയെയോ മുഖവിലക്കെടുക്കാൻ കേരളത്തിലെ ജനങ്ങൾ തയാറാകുന്നില്ല. ആ സംവിധാനത്തിന്റെ ഭാഗമായി രാഷ്ട്രീയ പ്രവർത്തനം നടത്തണോ അതോ പുതിയ സാധ്യതകൾ നോക്കണോ എന്ന ചോദ്യത്തിന് ഒരു മനസാക്ഷിക്കുത്തുമില്ലാതെ കിട്ടിയ ഉത്തരമാണ് പാലക്കാട്ടെ സ്ഥാനാർഥിത്വം.

∙ സിപിഎമ്മും സർക്കാരും തുടർച്ചയായി വിവാദ പരമ്പരയിൽ പെട്ട് ആകെ ഉഴറി നിൽക്കുമ്പോൾ കോൺഗ്രസിനെതിരെ സംസാരിക്കാൻ ആ പാർട്ടിയിൽ നിന്നു തന്നെ ഒരാളെ സിപിഎമ്മിനു വേണ്ടിയിരുന്നു. ആ ചാവേറായി ഡോ.സരിൻ മാറിയോ? അതാണോ താങ്കളുടെ റോൾ?

സിപിഎം അങ്ങനെ വലവിരിച്ചാൽ അതിൽ വീഴുന്ന ഒരാളല്ല ഞാൻ. എന്റെ നിലപാടുകൾ കൃത്യമായി ബോധ്യപ്പെടുത്തി അതിൽ ഉറച്ചു നിൽക്കാനും തുടർന്നും പറയാനും വേദി നൽകാൻ കഴിയുമോ എന്നു ചോദിച്ച് സിപിഎമ്മിനെ അങ്ങോട്ട് ബന്ധപ്പെടുകയാണ് ‍ഞാൻ ചെയ്തത്. അവസരവാദിയായി സിപിഎം വിലയിരുത്തിയാൽ ആ പാർട്ടി എന്നെ പ്രോത്സാഹിപ്പിക്കില്ലല്ലോ. പി.വി.അൻവറിന്റെ അനുഭവം അവർക്ക് തൊട്ടു മുന്നിലുണ്ട്. എത്രയോ വട്ടം ആലോചിച്ചാകും അവർ ആ തീരുമാനം എടുത്തിട്ടുണ്ടാകുക. കോൺഗ്രസിൽ നിന്ന് ചാടിച്ചു കൊണ്ടുവന്ന ഒരാൾ നാളെ നമ്മളെക്കുറിച്ചു പറയുന്നതും അവർ ആലോചിക്കില്ലേ? പ്രതിപക്ഷനേതാവിനെ പോലെ ചിന്തിക്കുന്നവരുടെ ഒരു സാങ്കൽപിക ചോദ്യമാണ് താങ്കൾ ചോദിച്ചത്.

ഡോ. പി.സരിൻ (image credit: drsarinofficial/facebook)

∙ കഴിഞ്ഞ രണ്ടു തവണ എൽഡിഎഫ് മൂന്നാം സ്ഥാനത്തായ ഒരു സീറ്റിൽ മത്സരിക്കുമ്പോൾ ജയിക്കുന്നതിനേക്കാൾ തോൽക്കാനുള്ള സാധ്യതയാണല്ലോ മുന്നിൽ കാണേണ്ടത്. അങ്ങനെ സംഭവിച്ചാൽ സംരക്ഷിക്കാമെന്ന ഉറപ്പ് സിപിഎമ്മിൽ നിന്ന് താങ്കൾക്ക് ലഭിച്ചിട്ടുണ്ടോ?

അങ്ങനെ ഒരു സംരക്ഷണത്തിന്റെ ആവശ്യമില്ല. ഞാൻ എന്റെ ബോധ്യങ്ങൾ പറഞ്ഞു. എൽഡിഎഫ് അത് ഏറ്റെടുത്തു. എന്നെ സ്ഥാനാർഥിയാക്കി. ബിജെപി ബന്ധം മുഖ്യമന്ത്രിക്കെതിരെ അടക്കം ആരോപിക്കപ്പെടുന്ന ഒരു സാഹചര്യത്തിൽ, ബിജെപി ജയിക്കാൻ ഇടയുള്ള ഒരു മണ്ഡലത്തെ സംബന്ധിച്ച് എടുത്ത ഈ പ്രധാന തീരുമാനം ആ ആക്ഷേപങ്ങളെ പാടെ നിരാകരിക്കുന്നതല്ലേ. അതിനുള്ള രാഷ്ട്രീയവസരം കൂടിയാണ് സിപിഎം പ്രയോജനപ്പെടുത്തിയതെന്നു ഞാൻ കരുതുന്നു. നിയോഗം പോലെ സരിൻ വന്നത് അങ്ങനെ കൂടിയാണെന്നാണ് കരുതുന്നത്. എൽഡിഎഫിന്റെ രാഷ്ട്രീയ വോട്ടുകൾ ഇത്തവണ എവിടേക്കും മറിഞ്ഞു പോകില്ല. ബിജെപി ജയിക്കാൻ പോകുന്നുവെന്ന അന്തരീക്ഷം ഉണ്ടാക്കിയെടുത്ത് കോൺഗ്രസ് തട്ടിയെടുത്തിരുന്ന വോട്ടുകളായിരുന്നു അവ.

∙  സിപിഎം വോട്ട് ഇത്തവണ ബിജെപിയിലേക്കു ചോരില്ല എന്നു തന്നെയാണോ?

ആ ആശങ്ക മാറിക്കഴിഞ്ഞു. ഒരു ഉപതിരഞ്ഞെടുപ്പ് ഉണ്ടാകുമെന്ന് ഉറപ്പായിട്ടും മതത്തിന്റെ അടിസ്ഥാനത്തിൽ വടകരയിലേക്കു മത്സരിക്കാൻ പോയ സ്ഥാനാർഥിയാണ് ഷാഫി പറമ്പിൽ. അദ്ദേഹത്തെ സെക്കുലർ നേതാവായി ‍ഞാൻ കാണില്ല. ഉപതിരഞ്ഞെടുപ്പ് നടന്നാൽ പാലക്കാട് ബിജെപിക്കു സാധ്യത കൂടുമെന്ന് അറിയാവുന്ന കോൺഗ്രസ് ആരെയാണ് വഞ്ചിച്ചത്? ജനങ്ങൾ ഇതെല്ലാം  മനസ്സിലാക്കിക്കഴിഞ്ഞു.

പാലക്കാട് എൽഡിഎഫ് നൽകിയ സ്വീകരണത്തിൽ പ്രവർത്തകരെ അഭിവാദ്യം ചെയ്യുന്ന ഡോ.പി.സരിൻ (image credit: CPIMKerala/facebook)

∙ കോൺഗ്രസുകാരുടെ ചുറ്റുവട്ടത്ത് നിന്ന് സിപിഎമ്മുകാരുടെ ചുറ്റുവട്ടത്തേക്കുള്ള മാറ്റത്തെക്കുറിച്ചു പറഞ്ഞ് ഈ സംഭാഷണം അവസാനിപ്പിക്കാം...

രണ്ടിടത്തും മനുഷ്യരാണ് ഉള്ളത്. ഒരു പക്ഷത്ത് നിൽക്കുമ്പോൾ അപ്പുറത്തുള്ളവരുടെ കുറ്റവും കുറവും മാത്രമാകും കണ്ണിൽ ഉടക്കുക. അവർ കുറച്ചു കൂടി തീവ്രമായി പ്രതികരിക്കുന്നവരാണ്. അത് ആശയ ദൃ‍ഢത ഉള്ളതുകൊണ്ടാണെന്ന് ഞാൻ കരുതുന്നു. ഒരു തീരുമാനമെടുത്താൽ ജീവൻ കൊടുത്തും സിപിഎം സംരക്ഷിക്കും. അച്ചടക്കത്തിലും ആശയത്തിലും വിശ്വസിക്കുന്ന ഞാൻ എട്ടുകൊല്ലത്തോളം കോൺഗ്രസിൽ അതു തിരഞ്ഞെങ്കിലും നിരാശ മാത്രമാണ് ഉണ്ടായത്. അതിനാൽ അർഹമായ ഇടത്തിൽ  എത്തിച്ചേർന്ന സന്തോഷകരമായ പ്രതീതിയാണ് ഇപ്പോഴുള്ളത്. തോളോടു തോൾ ചേർന്നു പ്രവർത്തിക്കുക എന്ന പാരസ്പര്യത്തിന്റെ അർഥം ‍ഞാൻ മനസ്സിലാക്കുന്നു. ഒരാളുടെ തോളിൽ കയറി നിന്ന് അയാളെ ചവിട്ടി താഴെ ഇട്ടിട്ട് മുകളിലേക്ക് കയറുന്ന കോൺഗ്രസിന്റെ രീതിയിൽ നിന്ന്  ഇതു തികച്ചും ഭിന്നമാണ്.

English Summary:

Palakkad By-election: Dr. P. Sarin Confident of CPM Support, Explains His Switch in Cross-Fire Interview