രാജ്യങ്ങള്‍ തമ്മില്‍ അസ്വാരസ്യങ്ങള്‍ ഉണ്ടാവുക എന്നത്‌ അസാധാരണമല്ല; ചുരുക്കം ചില സന്ദര്‍ഭങ്ങളില്‍ ഇവ സംഘര്‍ഷത്തിലേക്ക്‌ നയിക്കാറുമുണ്ട്‌. പക്ഷേ, ലോക ചരിത്രം പരിശോധിച്ചാല്‍ നമുക്ക്‌ കാണുവാന്‍ കഴിയുന്നത്‌ രാഷ്ട്രങ്ങള്‍ തമ്മിലുള്ള തര്‍ക്കങ്ങളും തന്മൂലമുള്ള സംഘട്ടനങ്ങളും ഉണ്ടാവുക മിക്കവാറും അയല്‍രാജ്യങ്ങള്‍ തമ്മിലാണ്‌ എന്ന വസ്തുതയാണ്‌. വളരെ വിരളമായി മാത്രമേ ഒരു രാജ്യം തങ്ങളില്‍ നിന്നും ആയിരത്തിലധികം മൈലുകള്‍ അകലെയുള്ള വേറൊരു രാഷ്ട്രവുമായി കലഹിക്കുവാനുള്ള സാഹചര്യം ഉണ്ടാകാറുള്ളൂ. അപ്പോഴും ഈ അഭിപ്രായവ്യത്യാസങ്ങള്‍ മിക്കവാറും ഒരു സഖ്യത്തിനെ ചൊല്ലിയോ അതുമല്ലെങ്കില്‍ മൂന്നാമതൊരു രാജ്യത്തിന്റെ നയങ്ങളെയും നടപടികളെയുംകുറിച്ചുള്ള വ്യത്യസ്ത കാഴ്ചപ്പാടുകള്‍ വരുത്തിവയ്ക്കുന്നതോ ആയിരിക്കും. ഇതൊന്നുമല്ലാതെ ഭൂമിശാസ്ത്രപരമായി വളരെ അകലെ സ്ഥിതി ചെയ്യുന്ന രണ്ടു രാജ്യങ്ങള്‍ തമ്മിലുള്ള വഴക്കുകള്‍ കാരണം നയതന്ത്രബന്ധം വിച്ഛേദിക്കുന്നതിന്റെ വക്കില്‍ വരെയെത്തി നില്‍ക്കുന്ന സ്ഥിതിവിശേഷം വളരെ അപൂര്‍വമായി മാത്രമാണ്‌ സംജാതമാകാറുള്ളത്‌. അത്തരമൊരു വിഷമവൃത്തത്തിലാണ്‌ അടുത്തിടെയുണ്ടായ പ്രശ്നങ്ങള്‍ കാരണം ഇന്ത്യയും കാനഡയും തമ്മിലുള്ള ഉഭയകക്ഷി ബന്ധം എത്തി നില്‍ക്കുന്നത്‌. 2023 ജൂലൈ മാസം 18നു ഹര്‍ദിപ്‌ സിങ് നിജ്ജര്‍ എന്ന സിഖ്‌ മതസ്ഥനായ കനേഡിയന്‍ പൗരൻ

രാജ്യങ്ങള്‍ തമ്മില്‍ അസ്വാരസ്യങ്ങള്‍ ഉണ്ടാവുക എന്നത്‌ അസാധാരണമല്ല; ചുരുക്കം ചില സന്ദര്‍ഭങ്ങളില്‍ ഇവ സംഘര്‍ഷത്തിലേക്ക്‌ നയിക്കാറുമുണ്ട്‌. പക്ഷേ, ലോക ചരിത്രം പരിശോധിച്ചാല്‍ നമുക്ക്‌ കാണുവാന്‍ കഴിയുന്നത്‌ രാഷ്ട്രങ്ങള്‍ തമ്മിലുള്ള തര്‍ക്കങ്ങളും തന്മൂലമുള്ള സംഘട്ടനങ്ങളും ഉണ്ടാവുക മിക്കവാറും അയല്‍രാജ്യങ്ങള്‍ തമ്മിലാണ്‌ എന്ന വസ്തുതയാണ്‌. വളരെ വിരളമായി മാത്രമേ ഒരു രാജ്യം തങ്ങളില്‍ നിന്നും ആയിരത്തിലധികം മൈലുകള്‍ അകലെയുള്ള വേറൊരു രാഷ്ട്രവുമായി കലഹിക്കുവാനുള്ള സാഹചര്യം ഉണ്ടാകാറുള്ളൂ. അപ്പോഴും ഈ അഭിപ്രായവ്യത്യാസങ്ങള്‍ മിക്കവാറും ഒരു സഖ്യത്തിനെ ചൊല്ലിയോ അതുമല്ലെങ്കില്‍ മൂന്നാമതൊരു രാജ്യത്തിന്റെ നയങ്ങളെയും നടപടികളെയുംകുറിച്ചുള്ള വ്യത്യസ്ത കാഴ്ചപ്പാടുകള്‍ വരുത്തിവയ്ക്കുന്നതോ ആയിരിക്കും. ഇതൊന്നുമല്ലാതെ ഭൂമിശാസ്ത്രപരമായി വളരെ അകലെ സ്ഥിതി ചെയ്യുന്ന രണ്ടു രാജ്യങ്ങള്‍ തമ്മിലുള്ള വഴക്കുകള്‍ കാരണം നയതന്ത്രബന്ധം വിച്ഛേദിക്കുന്നതിന്റെ വക്കില്‍ വരെയെത്തി നില്‍ക്കുന്ന സ്ഥിതിവിശേഷം വളരെ അപൂര്‍വമായി മാത്രമാണ്‌ സംജാതമാകാറുള്ളത്‌. അത്തരമൊരു വിഷമവൃത്തത്തിലാണ്‌ അടുത്തിടെയുണ്ടായ പ്രശ്നങ്ങള്‍ കാരണം ഇന്ത്യയും കാനഡയും തമ്മിലുള്ള ഉഭയകക്ഷി ബന്ധം എത്തി നില്‍ക്കുന്നത്‌. 2023 ജൂലൈ മാസം 18നു ഹര്‍ദിപ്‌ സിങ് നിജ്ജര്‍ എന്ന സിഖ്‌ മതസ്ഥനായ കനേഡിയന്‍ പൗരൻ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

രാജ്യങ്ങള്‍ തമ്മില്‍ അസ്വാരസ്യങ്ങള്‍ ഉണ്ടാവുക എന്നത്‌ അസാധാരണമല്ല; ചുരുക്കം ചില സന്ദര്‍ഭങ്ങളില്‍ ഇവ സംഘര്‍ഷത്തിലേക്ക്‌ നയിക്കാറുമുണ്ട്‌. പക്ഷേ, ലോക ചരിത്രം പരിശോധിച്ചാല്‍ നമുക്ക്‌ കാണുവാന്‍ കഴിയുന്നത്‌ രാഷ്ട്രങ്ങള്‍ തമ്മിലുള്ള തര്‍ക്കങ്ങളും തന്മൂലമുള്ള സംഘട്ടനങ്ങളും ഉണ്ടാവുക മിക്കവാറും അയല്‍രാജ്യങ്ങള്‍ തമ്മിലാണ്‌ എന്ന വസ്തുതയാണ്‌. വളരെ വിരളമായി മാത്രമേ ഒരു രാജ്യം തങ്ങളില്‍ നിന്നും ആയിരത്തിലധികം മൈലുകള്‍ അകലെയുള്ള വേറൊരു രാഷ്ട്രവുമായി കലഹിക്കുവാനുള്ള സാഹചര്യം ഉണ്ടാകാറുള്ളൂ. അപ്പോഴും ഈ അഭിപ്രായവ്യത്യാസങ്ങള്‍ മിക്കവാറും ഒരു സഖ്യത്തിനെ ചൊല്ലിയോ അതുമല്ലെങ്കില്‍ മൂന്നാമതൊരു രാജ്യത്തിന്റെ നയങ്ങളെയും നടപടികളെയുംകുറിച്ചുള്ള വ്യത്യസ്ത കാഴ്ചപ്പാടുകള്‍ വരുത്തിവയ്ക്കുന്നതോ ആയിരിക്കും. ഇതൊന്നുമല്ലാതെ ഭൂമിശാസ്ത്രപരമായി വളരെ അകലെ സ്ഥിതി ചെയ്യുന്ന രണ്ടു രാജ്യങ്ങള്‍ തമ്മിലുള്ള വഴക്കുകള്‍ കാരണം നയതന്ത്രബന്ധം വിച്ഛേദിക്കുന്നതിന്റെ വക്കില്‍ വരെയെത്തി നില്‍ക്കുന്ന സ്ഥിതിവിശേഷം വളരെ അപൂര്‍വമായി മാത്രമാണ്‌ സംജാതമാകാറുള്ളത്‌. അത്തരമൊരു വിഷമവൃത്തത്തിലാണ്‌ അടുത്തിടെയുണ്ടായ പ്രശ്നങ്ങള്‍ കാരണം ഇന്ത്യയും കാനഡയും തമ്മിലുള്ള ഉഭയകക്ഷി ബന്ധം എത്തി നില്‍ക്കുന്നത്‌. 2023 ജൂലൈ മാസം 18നു ഹര്‍ദിപ്‌ സിങ് നിജ്ജര്‍ എന്ന സിഖ്‌ മതസ്ഥനായ കനേഡിയന്‍ പൗരൻ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

രാജ്യങ്ങള്‍ തമ്മില്‍ അസ്വാരസ്യങ്ങള്‍ ഉണ്ടാവുക എന്നത്‌ അസാധാരണമല്ല; ചുരുക്കം ചില സന്ദര്‍ഭങ്ങളില്‍ ഇവ സംഘര്‍ഷത്തിലേക്ക്‌ നയിക്കാറുമുണ്ട്‌. പക്ഷേ, ലോക ചരിത്രം പരിശോധിച്ചാല്‍ നമുക്ക്‌ കാണുവാന്‍ കഴിയുന്നത്‌ രാഷ്ട്രങ്ങള്‍ തമ്മിലുള്ള തര്‍ക്കങ്ങളും തന്മൂലമുള്ള സംഘട്ടനങ്ങളും ഉണ്ടാവുക മിക്കവാറും അയല്‍രാജ്യങ്ങള്‍ തമ്മിലാണ്‌ എന്ന വസ്തുതയാണ്‌. വളരെ വിരളമായി മാത്രമേ ഒരു രാജ്യം തങ്ങളില്‍ നിന്നും ആയിരത്തിലധികം മൈലുകള്‍ അകലെയുള്ള വേറൊരു രാഷ്ട്രവുമായി കലഹിക്കുവാനുള്ള സാഹചര്യം ഉണ്ടാകാറുള്ളൂ. അപ്പോഴും ഈ അഭിപ്രായവ്യത്യാസങ്ങള്‍ മിക്കവാറും ഒരു സഖ്യത്തിനെ ചൊല്ലിയോ അതുമല്ലെങ്കില്‍ മൂന്നാമതൊരു രാജ്യത്തിന്റെ നയങ്ങളെയും നടപടികളെയുംകുറിച്ചുള്ള വ്യത്യസ്ത കാഴ്ചപ്പാടുകള്‍ വരുത്തിവയ്ക്കുന്നതോ ആയിരിക്കും.

ഇതൊന്നുമല്ലാതെ ഭൂമിശാസ്ത്രപരമായി വളരെ അകലെ സ്ഥിതി ചെയ്യുന്ന രണ്ടു രാജ്യങ്ങള്‍ തമ്മിലുള്ള വഴക്കുകള്‍ കാരണം നയതന്ത്രബന്ധം വിച്ഛേദിക്കുന്നതിന്റെ വക്കില്‍ വരെയെത്തി നില്‍ക്കുന്ന സ്ഥിതിവിശേഷം വളരെ അപൂര്‍വമായി മാത്രമാണ്‌ സംജാതമാകാറുള്ളത്‌. അത്തരമൊരു വിഷമവൃത്തത്തിലാണ്‌ അടുത്തിടെയുണ്ടായ പ്രശ്നങ്ങള്‍ കാരണം ഇന്ത്യയും കാനഡയും തമ്മിലുള്ള ഉഭയകക്ഷി ബന്ധം എത്തി നില്‍ക്കുന്നത്‌. 2023 ജൂലൈ മാസം 18നു ഹര്‍ദിപ്‌ സിങ് നിജ്ജര്‍ എന്ന സിഖ്‌ മതസ്ഥനായ കനേഡിയന്‍ പൗരൻ ബ്രിട്ടിഷ്‌ കൊളംബിയയിലെ ഒരു ഗുരുദ്വാരയ്ക്ക്‌ മുന്‍പില്‍ വെടിയേറ്റു മരിച്ചു. 1977ല്‍ ഇന്ത്യയില്‍ ജലന്ധറില്‍ ജനിച്ച നിജ്ജര്‍ ഇരുപത്‌ വയസ്സ്‌ തികഞ്ഞപ്പോഴേക്കും കാനഡയിലേക്ക്‌ കടന്നിരുന്നു. അവിടെയെത്തി 10 വര്‍ഷത്തിന്‌ ശേഷമാണ്‌ കനേഡിയന്‍ പൗരത്വം ലഭിച്ചത്‌.

കാനഡയിലെ ബ്രിട്ടിഷ് കൊളംബിയയിലെ സിഖ് ആരാധനാലയത്തിന് മുൻവശം. ഇവിടെ വച്ചാണ് ഹർദീപ് സിങ് നിജ്ജറിനെ അക്രമികൾ കൊലപ്പെടുത്തിയത്. (File Photo by Jennifer Gauthier/REUTERS)
ADVERTISEMENT

ഇന്ത്യ വിഘടനവാദി വിഭാഗമായി കാണുന്ന ‘ഖലിസ്ഥാന്‍ ടൈഗര്‍ ഫോഴ്‌സ്‌’ എന്ന സംഘടനയിലെ അംഗമായിരുന്നു നിജ്ജര്‍. ഇന്ത്യയില്‍ കലാപങ്ങള്‍ ഉണ്ടാക്കുവാന്‍ ശ്രമിക്കുന്നതിനു പുറമെ ഒരു ഹിന്ദു പൂജാരിയെ കൊലപ്പെടുത്തുവാനുള്ള ഗൂഢാലോചനയുടെ ഭാഗമായി പ്രവര്‍ത്തിച്ചതിനാല്‍ നിജ്ജറിനെ കുറിച്ചുള്ള വിവരങ്ങള്‍ നല്‍കുന്നവര്‍ക്ക്‌ നാഷനല്‍ ഇന്‍വെസ്റ്റിഗേഷന്‍ ഏജന്‍സി (NIA) 10 ലക്ഷം രൂപയുടെ പാരിതോഷികവും പ്രഖ്യാപിച്ചിട്ടുണ്ട്‌. ഇതിനെല്ലാം പുറമെ ഇന്ത്യയില്‍ നടന്ന പല അക്രമ സംഭവങ്ങളിലും നിജ്ജറിനു നേരിട്ടും അല്ലാതെയും പങ്കുണ്ടെന്ന് ഇന്ത്യൻ സര്‍ക്കാര്‍ കരുതുന്നു. കേന്ദ്രത്തിന്റെ ആവശ്യപ്രകാരം നിജ്ജറിനെതിരെ ഇന്റര്‍പോള്‍ പല വട്ടം ജാഗ്രതാ നോട്ടിസുകള്‍ പുറപ്പെടുവിച്ചിട്ടുമുണ്ട്‌.

∙ പ്രകോപനമായി ട്രൂഡോയുടെ വാക്ക്

നിജ്ജറിന്റെ കൊലപാതകത്തിന്‌ പിന്നില്‍ ഇന്ത്യന്‍ സര്‍ക്കാരിന്‌ പങ്കുണ്ടെന്നു സംശയമുണ്ടെന്നും റോയല്‍ കനേഡിയന്‍ മൗണ്ടഡ് പൊലീസിന്റെ (ആർസിഎംപി) അന്വേഷണം ആ ദിശയിലാണ്‌ നീങ്ങുന്നതെന്നും കാനഡ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ 2023 സെപ്റ്റംബറില്‍ നടത്തിയ പ്രസ്താവനയാണ്‌ ഇപ്പോഴുണ്ടായ പ്രശ്‌നങ്ങള്‍ക്ക്‌ തുടക്കം കുറിച്ചത്‌. ഇത്‌ ഇന്ത്യയെ സംബന്ധിച്ചിടത്തോളം വളരെ പ്രകോപനകരമായ നീക്കമായിരുന്നു. ഇതിനു മുന്‍പും സിഖ്‌ വിഘടനവാദികളെ പിന്തുണയ്ക്കുന്ന രീതിയിലുള്ള ജസ്റ്റിൻ ട്രൂഡോയുടെ പല നടപടികളും ഇന്ത്യയെ അരിശം കൊള്ളിച്ചിട്ടുണ്ട്‌.

കാനഡയിലെ ഒട്ടാവയിലുള്ള ഇന്ത്യൻ ഹൈക്കമ്മിഷൻ ഓഫിസ് (File Photo by Blair Gable/REUTERS)

ഏതായാലും ഈ പ്രസ്താവന കഴിഞ്ഞയുടന്‍ ഇന്ത്യയും കാനഡയും എംബസിയില്‍ ജോലി ചെയ്യുന്ന ചില ഉദ്യോഗസ്ഥരെ പുറത്താക്കി. വാണിജ്യ സംബന്ധമായ ചര്‍ച്ചകള്‍ നിർത്തിവച്ചു. വീസ അപേക്ഷകള്‍ പരിഗണിക്കുന്നതിന്റെ വേഗത കുറച്ചു. ഇങ്ങനെ രണ്ടു രാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി ബന്ധത്തിന്റെ ഊഷ്മളത നന്നായി കുറഞ്ഞു.

ADVERTISEMENT

വീസയുടെ മുകളിലുള്ള നിയന്ത്രണങ്ങള്‍ രണ്ടു സര്‍ക്കാരുകളും അധികം താമസിയാതെ പിന്‍വലിച്ചെങ്കിലും ബന്ധത്തിന്‌ മേല്‍ വീണ കരിനിഴല്‍ പൂര്‍ണമായും മാറുന്നതിനു മുൻപാണ് ഇപ്പോഴുണ്ടായ സംഭവ വികാസങ്ങള്‍ ഉടലെടുത്തത്‌. കാനഡയിലെ ഇന്ത്യന്‍ സ്ഥാനപതി ഉള്‍പ്പെടെയുള്ള ചില ഉദ്യോഗസ്ഥര്‍ നിജ്ജര്‍ വധത്തില്‍ ‘താൽപര്യമുള്ള വ്യക്തികള്‍’ ആണെന്ന്‌ ആർസിഎംപി അന്വേഷണം കണ്ടെത്തിയെന്ന ജസ്റ്റിന്‍ ട്രൂഡോയുടെ പ്രസ്താവനയാണ്‌ ഇപ്പോള്‍ ഇതിനു വീണ്ടും തിരി കൊളുത്തിയത്‌.

ഇതിനെ തുടര്‍ന്ന്‌ ഇന്ത്യയും കാനഡയും സ്ഥാനപതിയെയും അദ്ദേഹത്തിന്റെ അഭാവത്തിൽ എംബസിയുടെ ചുമതലയുള്ള ഉദ്യോഗസ്ഥനെയും മറ്റ് നയതന്ത്ര ഉദ്യോഗസ്ഥരെയും പുറത്താക്കി. ഇങ്ങനെ രണ്ടു രാഷ്ട്രങ്ങള്‍ തമ്മിലുള്ള ബന്ധം വീണ്ടും ഒരു പ്രതിസന്ധിയുടെ വക്കിലെത്തി നില്‍ക്കുന്നു. എന്താണ്‌ ഇന്ത്യയും കാനഡയും തമ്മിലുള്ള പ്രശ്നങ്ങള്‍ക്ക്‌ മൂല കാരണം? ഒരു സിഖ്‌ വംശജന്റെ മരണം എന്തുകൊണ്ടാണ്‌ ജസ്റ്റിന്‍ ട്രൂഡോയും കാനഡയും ഒരു പ്രമാദ വിഷയമാക്കി മാറ്റിയത്‌? എന്തുകൊണ്ടാണ്‌ കാനഡ സര്‍ക്കാരിന്റെ നടപടികള്‍ ഇന്ത്യയെ ഇത്രയ്ക്കും രോഷാകുലരാക്കുന്നത്‌? അൽപം വിശദമായി തന്നെ അപഗ്രഥിക്കേണ്ട കാര്യങ്ങളാണ്‌ ഇവയെല്ലാം.

കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോയും ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയും ജി7 ഉച്ചകോടിയിൽ കണ്ടുമുട്ടിയപ്പോൾ (File Photo by PTI)

∙ കാനഡയിലേക്കുള്ള സിഖ് കുടിയേറ്റം

പത്തൊന്‍പതാം നൂറ്റാണ്ടിന്റെ അവസാന വര്‍ഷങ്ങളിലാണ്‌ ആദ്യമായി സിഖ്‌ മതസ്ഥര്‍ കാനഡയില്‍ എത്തുന്നത്‌. ഇന്ത്യയില്‍ നിന്നും ലണ്ടനിലേക്ക്‌ പോയ കപ്പലില്‍ ഉണ്ടായിരുന്ന കുറച്ചു സിഖുകാര്‍ വാന്‍കൂവറില്‍ എത്തിയപ്പോള്‍  പുറത്തേക്ക്‌ ഇറങ്ങി. ആ നാട്ടില്‍ ശാരീരികമായി ഏറ്റവും ബുദ്ധിമുട്ടുള്ള ജോലികള്‍ വളരെ അനായാസം ചെയ്തും ഒരു പരാതിയും കൂടാതെ ധാരാളം മണിക്കൂറുകള്‍ പണിയെടുത്തും സിഖുകാര്‍ കാനഡയിലെ ജീവിതം തുടങ്ങി. കൃഷിയുമായി ബന്ധപ്പെട്ട ജോലികളും മരത്തടികള്‍ അറുക്കുന്ന മില്ലുകളിലെ പണിയുമാണ്‌ ആദ്യകാലങ്ങളില്‍ ഇവര്‍ കൂടുതലായി ചെയ്തത്‌. ക്രമേണ പഞ്ചാബില്‍ നിന്നും കൂടുതല്‍ സിഖുകാര്‍ ഇവിടെയെത്തി, അവരുടെ സ്വന്തം കൊച്ചു സമൂഹം വളര്‍ന്നു, ഗുരുദ്വാരകള്‍ പണിതു; അങ്ങനെ അവര്‍ ഈ നാട്ടില്‍ വേരുറപ്പിച്ചു.

ADVERTISEMENT

1947ല്‍ ഇവിടെയുള്ള രണ്ടായിരത്തില്‍ താഴെ സിഖ്‌ മതസ്ഥര്‍ക്ക്‌ വോട്ടവകാശം ലഭിച്ചതോടെയാണ്‌ ഇവരുടെ ഭാഗ്യരേഖ തെളിയുന്നത്‌. 1950ല്‍ നരഞ്ജന്‍ സിങ് ഗരെവാള്‍ തദ്ദേശസ്വയംഭരണ സ്ഥാപനത്തിലേക്കുള്ള തിരഞ്ഞെടുപ്പില്‍ വിജയിച്ചതാണ്‌ പൊതു ജീവിതത്തിലേക്കുള്ള ഈ സമൂഹത്തിന്റെ ആദ്യ കാല്‍വയ്പ്. ഈ സമയം മുതല്‍ കൂടുതല്‍ സിഖുകാര്‍ കാനഡയില്‍ എത്തിത്തുടങ്ങി എന്ന്‌ മാത്രമല്ല അവഗണിക്കുവാന്‍ പറ്റാത്ത ഒരു ജനവിഭാഗമായി അധികം താമസിയാതെ അംഗീകരിക്കപ്പെടുകയും ചെയ്തു. ഇപ്പോള്‍ എട്ടു ലക്ഷത്തോളം സിഖുകാര്‍ കാനഡയില്‍ താമസമാക്കിയിട്ടുണ്ട്‌ എന്നാണു കണക്കുകള്‍.

കാനഡയിലെ ന്യു ഡെമോക്രാറ്റിക് പാർട്ടിയുടെ (എൻഡിപി) നേതാവ് ജഗ്മീത് സിങ്ങും ഭാര്യ ഗുർകിരൺ കൗറും (File Photo by Rebecca Cook/ REUTERS)

2015ലെ തിരഞ്ഞെടുപ്പില്‍ 20 സിഖുകാര്‍ കാനഡയിലെ പാര്‍ലമെന്റ്‌ അംഗങ്ങളായി. ഇന്ന്‌ 2 ക്യാബിനറ്റ്‌ മന്ത്രിമാരടക്കം 15 സിഖുകാര്‍ കാനഡയില്‍ പാര്‍ലമെന്റ്‌ അംഗങ്ങളാണ്‌. ഒരു പ്രധാനപ്പെട്ട രാഷ്ട്രീയ പാര്‍ട്ടിയുടെ പ്രസിഡന്റും ഒരു സര്‍ദാര്‍ ആണ്‌. ഇതെല്ലാം കൊണ്ട്‌ ഇന്ന്‌ കാനഡയിലെ രാഷ്ട്രീയ സാമൂഹിക മണ്ഡലങ്ങളില്‍ വലിയൊരു ശക്തിയായി സിഖുകാര്‍ വളര്‍ന്നു കഴിഞ്ഞു. സാമ്പത്തികമായി മെച്ചപ്പെടുകയും രാഷ്ട്രീയമായി സ്വാധീനം കൈവരിക്കുകയും ചെയ്ത കാനഡയിലെ സിഖ്‌ സമൂഹം പഞ്ചാബിലുള്ള തങ്ങളുടെ സഹോദരീ സഹോദരന്മാരെ കൈയയച്ചു സഹായിച്ചു. ‘ഹരിത വിപ്ലവം’ വഴി ഉയര്‍ന്ന സാമ്പത്തിക സ്ഥിതി നേടിയ പഞ്ചാബിലെ സിഖുകാര്‍ക്ക്‌ കാനഡ ആകര്‍ഷകമായ ഒരു ലക്ഷ്യസ്ഥലമായി മാറി.

ഈ രീതിയില്‍ പഞ്ചാബും കാനഡയില്‍ സിഖ്‌ മതസ്ഥര്‍ കൂടുതലുള്ള ബ്രിട്ടിഷ്‌ കൊളംബിയയും തമ്മില്‍ ഒരു പൊക്കിള്‍കൊടി കണക്കെയുള്ള ബന്ധം ഉണ്ടായി. ഇതെല്ലാം കൊണ്ട്‌ 1980കളില്‍ ജർണൽ സിങ് ഭിന്ദ്രന്‍വാലയുടെ നേതൃത്വത്തില്‍ പഞ്ചാബില്‍ ഒരു വിഘടനവാദ പ്രക്ഷോഭം അരങ്ങേറിയപ്പോള്‍ അതിന്റെ അലയൊലികള്‍ കാനഡയിലും ഉണ്ടായത്‌ സ്വാഭാവികം മാത്രം. ഭിന്ദ്രന്‍വാലയെയും പ്രക്ഷോഭത്തെയും പിന്തുണക്കുന്ന സിഖുകാര്‍ കാനഡയില്‍ അധികം ഉണ്ടായിട്ടുണ്ടാകില്ല; പക്ഷേ, പണക്കൊഴുപ്പും അത്‌ വഴി കൈവന്ന കയ്യൂക്കും ഉപയോഗിച്ച്‌ ബഹുഭൂരിപക്ഷം വരുന്ന സമാധാനപ്രിയരുടെ സ്വരം മൂടിവയ്ക്കുവാന്‍ ഇവര്‍ക്ക്‌ കഴിഞ്ഞു.

ന്യൂഡൽഹിയിലെ കാനഡയുടെ ഹൈക്കമ്മിഷൻ ആസ്ഥാനമന്ദിരം (File Photo by Shahbaz Khan/PTI)

∙ അവഗണിക്കപ്പെട്ട പരാതികൾ

തങ്ങള്‍ക്കെതിരെ പ്രവര്‍ത്തിക്കുന്ന സിഖ്‌ വിഘടന വിഭാഗങ്ങളെ നിയന്ത്രിക്കുവാന്‍ കാനഡ ശ്രമിക്കുന്നില്ല എന്ന്‌ മാത്രമല്ല അവര്‍ക്ക്‌ സര്‍ക്കാര്‍ വക സഹായങ്ങളും ലഭിക്കുന്നു എന്ന പരാതി ഇന്ത്യയ്ക്ക്  ഉണ്ടായിരുന്നു. ഈ കാര്യത്തെകുറിച്ച്‌ അക്കാലത്ത് കാനഡയുടെ ഡല്‍ഹിയിലെ സ്ഥാനപതി ആയിരുന്ന ബില്‍ വാര്‍ഡന്‍ തന്റെ ആത്മകഥയായ ‘ഡിപ്ലോമാറ്റ്, ഡിസിഡന്റ്, സ്പൂക്‌’ എന്ന പുസ്തകത്തില്‍ വിശദമായി എഴുതിയിട്ടുണ്ട്‌. ഇന്ത്യന്‍ എംബസിയുടെ മുകളില്‍ ഖലിസ്ഥാന്‍ പതാക കെട്ടിത്തൂക്കുക, അവിടെ ജോലിയെടുക്കുന്ന ഉദ്യോഗസ്ഥരെ ദേഹോപദ്രവം ചെയ്യുക തുടങ്ങിയ സംഭവങ്ങള്‍ ഉണ്ടായിട്ടും ആർസിഎംപി കാര്യമായ നടപടികള്‍ എടുത്തില്ല എന്ന്‌ വാര്‍ഡന്‍ സമ്മതിക്കുന്നു.

1980ൽ വെനീസിൽ നടന്ന ലോക സാമ്പത്തിക ഉച്ചകോടിയിൽ പങ്കെടുക്കാനെത്തിയ കനേഡിയൻ പ്രധാനമന്ത്രി പിയറി ട്രൂഡോ. മകൻ ജസ്റ്റിൻ ട്രൂഡോയാണ് ഒപ്പം (File Photo by AP)

പക്ഷേ ഈ പ്രകോപനങ്ങള്‍ എല്ലാമുണ്ടായിട്ടും രണ്ടു രാജ്യങ്ങളും തമ്മിലുള്ള ബന്ധത്തിന്‌ വലിയ തോതിലുള്ള ഉലച്ചില്‍ ഉണ്ടാകാതിരുന്നത്‌ അന്നത്തെ ഇന്ത്യയുടെ പ്രധാനമന്ത്രി ഇന്ദിര ഗാന്ധിയും കാനഡയുടെ പ്രധാനമന്ത്രി പിയര്‍ ട്രൂഡോയും (ജസ്റ്റിന്‍ ട്രൂഡോയുടെ പിതാവ്‌) തമ്മില്‍ വ്യക്തിപരമായി നല്ല അടുപ്പം ഉണ്ടായിരുന്നത്‌ കൊണ്ടാണെന്നു വാര്‍ഡന്‍ എഴുതിയിട്ടുണ്ട്‌. 1984-85 കാലഘട്ടത്തില്‍ പലപ്രാവശ്യം ഡല്‍ഹിയിലെ വിദേശകാര്യ മന്ത്രാലയം കാനഡയിലുള്ള സിഖ്‌  വിഘടനവാദികൾ ഇന്ത്യയ്ക്കെതിരെ പ്രവര്‍ത്തിക്കുന്നു എന്ന്‌ രേഖാ മൂലം അറിയിച്ചിരുന്നു. എന്നാലും ഇത്‌ താരതമ്യേന ലാഘവത്തോടെ കാണേണ്ട വിഷയമാണെന്ന തങ്ങളുടെ നിഗമനം മാറ്റുവാന്‍ ആർസിഎംപി തയാറായില്ല.

കാനഡ കാണിച്ച ഈ അശ്രദ്ധയും നിസ്സംഗതയും 329 യാത്രക്കാരുടെ ജീവന്‍ അപഹരിച്ച ഒരു വലിയ വിമാന ദുരന്തത്തിലേക്ക്‌ നയിച്ചു. മോൺട്രിയൽ - ലണ്ടൻ - ഡൽഹി സർവീസ് നടത്തിയിരുന്ന എയർ ഇന്ത്യ ഫ്ലൈറ്റ് 182വിൽ (എംപറർ നിഷ്ക) സിഖ് വിഘടനവാദികൾ സ്ഥാപിച്ച ബോംബ് പൊട്ടി 1985 ജൂൺ 23നാണ് 329 മരണം സംഭവിച്ചത്.  ‘ഇനിയെങ്കിലും സിഖ്‌ വിഘടനവാദികളെകുറിച്ചുള്ള ഞങ്ങളുടെ ആകുലതകള്‍ കാനഡ ഗൗരവത്തോടെ കാണുമെന്നു പ്രതീക്ഷിക്കുന്നു’ എന്ന്‌ ഈ സംഭവത്തിന്‌ ശേഷം ഇന്ത്യയുടെ വിദേശകാര്യ സെക്രട്ടറി പറഞ്ഞപ്പോള്‍ തനിക്ക്‌ തല താഴ്ത്തി ഇരിക്കുവാന്‍ മാത്രമേ കഴിഞ്ഞുള്ളൂ എന്നും വാര്‍ഡന്‍ പറയുന്നു. ഒരു വിരമിച്ച നയതന്ത്രജ്ഞന്റെ ഓർമക്കുറിപ്പുകൾ ആയതിനാല്‍ ഇവയെ അവിശ്വസിക്കേണ്ട കാര്യമില്ല.

കൊല്ലപ്പെട്ട ഹർദീപ് സിങ് നിജ്ജറിന് നീതി ലഭിക്കണമെന്ന് ആവശ്യപ്പെട്ട് ഖലിസ്ഥാൻ അനുകൂല സംഘടനയുടെ പ്രവർത്തകർ പ്രതിഷേധിക്കുന്നു (File Photo by Narinder NANU / AFP)

ഈ ചരിത്രമെല്ലാം ഇവിടെ പറഞ്ഞത്‌ കാലാകാലങ്ങളായി സിഖ്‌ വിഘടനവാദത്തോട്  കാനഡ ഒരു മൃദു സമീപനം പുലര്‍ത്തുന്നു എന്ന വസ്തുതയ്ക്ക്‌ അടിവര ഇടുവാനാണ്‌. ഇന്ന്‌ നിജ്ജറിന്റെ മരണത്തില്‍ രോഷം കൊള്ളുന്ന ജസ്റ്റിന്‍ ട്രൂഡോയും അതന്വേഷിക്കുന്ന ആർസിഎംപിയും ഇന്ത്യയുടെ ഈ കാര്യത്തിലുള്ള ആശങ്കകള്‍ മനസ്സിലാക്കി പ്രവര്‍ത്തിച്ചിരുന്നെങ്കില്‍ ഈ പ്രശ്‌നം ഉടലെടുക്കില്ലായിരുന്നു. ഇന്ത്യയുടെ ഭാഗത്തു നിന്നുള്ള കടുത്ത തീരുമാനങ്ങള്‍ക്കും നടപടികള്‍ക്കും പിന്നിലുള്ള മൂല കാരണം കാനഡ ഈ വിഷയത്തില്‍ കാണിക്കുന്ന ലാഘവത്വവും ഉദാസീനതയുമാണ്‌.

∙ തീരുമാനം കടുത്താൽ നഷ്ടം ഇന്ത്യയ്ക്കും

ജസ്റ്റിന്‍ ട്രൂഡോ ഈ വിഷയം കൈകാര്യം ചെയ്ത രീതിയും  ഇന്ത്യയ്ക്ക്  അമര്‍ഷം ജനിപ്പിക്കുന്നതാണ്‌. ഒരു കൊലപാതകത്തിനെ കുറിച്ചുള്ള അന്വേഷണം നടക്കുമ്പോള്‍ അതില്‍ ഇന്ത്യന്‍ സര്‍ക്കാരിന്റെ പങ്കിനെ കുറിച്ചുള്ള സംശയങ്ങള്‍ പാര്‍ലമെന്റില്‍ പറയേണ്ട ഒരു കാര്യവുമില്ല. എല്ലാ വശങ്ങളും പരിശോധിച്ചുള്ള പഴുതടച്ച അന്വേഷണം നടക്കുന്നുണ്ട്‌, അതിന്റെ അവസാനം കുറ്റവാളികള്‍ക്ക്‌ പരമാവധി ശിക്ഷ നല്‍കും എന്ന്‌ മാത്രം പറഞ്ഞാല്‍ മതിയായിരുന്നു. ഇത്‌ ജസ്റ്റിന്‍ ട്രൂഡോയ്ക്ക് അറിയാത്ത കാര്യമല്ല. പക്ഷേ ഈ കാര്യത്തില്‍ ഇന്ത്യന്‍ സര്‍ക്കാരിനെ പരസ്യമായി പ്രതിക്കൂട്ടില്‍ നിര്‍ത്തിയത്‌ സിഖ്‌ സമുദായത്തെ കൂടെ നിര്‍ത്തുവാനും അവരുടെ വോട്ടുകള്‍ നേടുവാന്‍ വേണ്ടിയാണെന്ന കാര്യത്തില്‍ സംശയമില്ല.

പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ കാനഡ പാർലമെന്റിൽ സംസാരിക്കുന്നു (File Photo by Sean Kilpatrick/The Canadian Press via AP)

അതു പോലെ തന്നെ അന്വേഷണത്തില്‍ ഇന്ത്യന്‍ എംബസിയില്‍ ജോലി ചെയ്യുന്ന ഏതെങ്കിലും ഉദ്യോഗസ്ഥന്റെ പങ്കു കണ്ടെത്തുകയാണെങ്കില്‍ അത്‌ പത്രസമ്മേളനം നടത്തി ലോകത്തെ അറിയിക്കുക അല്ല വേണ്ടത്‌. കാനഡയുടെ വിദേശ കാര്യ മന്ത്രി വിവരങ്ങള്‍ ഇന്ത്യയെ ധരിപ്പിച്ച് ആ ഉദ്യോഗസ്ഥനെ ഉടനെ മാറ്റണമെന്ന്‌ ആവശ്യപ്പെടുക ആയിരുന്നു ചെയ്യേണ്ടിയിരുന്നത്‌. ഒരു രാജ്യവും അന്വേഷണം നേരിടുന്ന നയതന്ത്രജ്ഞനെയോ ഉദ്യോഗസ്ഥനെയോ തങ്ങളുടെ എംബസിയില്‍ നിര്‍ത്തില്ല; അവരെ ഉടനെ തന്നെ തിരിച്ചു വിളിക്കും. തങ്ങളുടെ നടപടികളില്‍ ഈ തന്മയത്വം കാനഡ കാണിച്ചിരുന്നെങ്കില്‍ ഈ വിഷയം ഇത്രയും ലോകശ്രദ്ധ നേടില്ലായിരുന്നു. നയതന്ത്രജ്ഞരെയും ഉദ്യോഗസ്ഥരെയും ഇരു രാഷ്ട്രങ്ങളും വാശിക്ക്‌ പുറത്താക്കുന്ന നാടകവും അരങ്ങേറില്ലായിരുന്നു.

ഇവിടെ നമ്മള്‍ ഇന്ത്യയുടെ ഉത്തരവാദിത്തത്തെകുറിച്ചു കൂടി ഓര്‍ക്കണം. ആർസിഎംപി വഴി തങ്ങള്‍ നടത്തുന്ന അന്വേഷണവുമായി ഇന്ത്യ സഹകരിക്കുന്നില്ല എന്ന ഒരു ധാരണ പടര്‍ത്തുവാന്‍ കാനഡയ്ക്ക്  സാധിച്ചിട്ടുണ്ട്‌. ഇത്‌ എത്രയും വേഗം മാറ്റിയെടുക്കുവാനുള്ള നീക്കങ്ങള്‍ ഇന്ത്യയുടെ ഭാഗത്തു നിന്നും ഉണ്ടാകണം. നിയമങ്ങള്‍ പാലിക്കുന്ന ഉത്തരവാദപ്പെട്ട രാഷ്ട്രമാണ്‌ നമ്മള്‍ എന്ന്‌ തെളിയിക്കുന്നതിന്‌ വേണ്ടി മാത്രമല്ല ഇത്‌. നമ്മുടെ ഔദ്യോഗിക രേഖകള്‍ പ്രകാരം 18 ലക്ഷം ഇന്ത്യന്‍ വംശജര്‍ കാനഡയില്‍ പൗരത്വം സ്വീകരിച്ചിട്ടുണ്ട്‌; 10 ലക്ഷത്തോളം ഇന്ത്യന്‍ പൗരന്മാര്‍ അവിടെ താമസിക്കുന്നുമുണ്ട്‌. ഉപരി പഠനത്തിനായി ധാരാളം വിദ്യാർഥികളും ജോലി തേടി ആയിരക്കണക്കിന്‌ യുവാക്കളും എല്ലാ വര്‍ഷവും ഇന്ത്യയില്‍ നിന്നും കാനഡയില്‍ എത്തുന്നുണ്ട്‌.

മഞ്ഞുമൂടിയ കാനഡയിലെ നഗരക്കാഴ്ച (File Photo by Alice Chiche/ AFP)

ഉഭയ കക്ഷി ബന്ധം വഷളായി വീസ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയാല്‍ അത്‌ ലക്ഷക്കണക്കിന്‌ ഇന്ത്യക്കാരുടെ കനേഡിയന്‍ സ്വപ്നങ്ങള്‍ തകര്‍ക്കും. ഇന്ത്യയും കാനഡയുമായി സുദൃഡമായ വാണിജ്യ ബന്ധങ്ങളുണ്ട്‌; നമ്മുടെ ഓഹരി വിപണിയില്‍ കാനഡയില്‍ നിന്നുള്ള കമ്പനികളും സ്ഥാപനങ്ങളും വലിയ നിക്ഷേപങ്ങള്‍ നടത്തിയിട്ടുണ്ട്‌. എന്തിന്‌, കേരളത്തിന്റെ അഭിമാനമായ ഇടുക്കി പദ്ധതിയിലും മലബാര്‍ കാന്‍സര്‍ സെന്ററിലും വരെ കാനഡയുടെ കയ്യൊപ്പുണ്ട്‌. ഇങ്ങനെ ദീര്‍ഘകാലം കൊണ്ട്‌ വളര്‍ത്തിയെടുത്ത ബന്ധം ഈ പ്രശ്നത്തിലെ സമീപനം മൂലം നഷ്ടമാകരുത്. ഈ വിഷയം കൈകാര്യം ചെയ്യുമ്പോള്‍ ഈ ചിന്തകള്‍ ആകണം ഇന്ത്യയുടെ വിദേശകാര്യ മന്ത്രാലയത്തിനെ നയിക്കേണ്ടത്‌.

2018ൽ ഇന്ത്യാ സന്ദർശനത്തിനെത്തിയ കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോയും കുടുംബവും ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കൊപ്പം (File Photo by Atul Yadav/PTI)

ഈ വിഷയത്തില്‍ ഇത്രയേറെ പ്രകോപനങ്ങള്‍ ഉണ്ടായിട്ടും പ്രധാന മന്ത്രി നരേന്ദ്ര മോദിയോ വിദേശകാര്യ മന്ത്രി ജയശങ്കറോ ഇതുവരെ പരസ്യ പ്രതികരണം നടത്തിയിട്ടില്ല. തന്റെ രാഷ്ട്രീയ ലക്ഷ്യങ്ങള്‍ കൈവരിച്ചത്‌ കൊണ്ട്‌ ഈ വിഷയത്തില്‍ ജസ്റ്റിന്‍ ട്രൂഡോ കൂടുതല്‍ കടുത്ത നിലപാടുകള്‍ എടുക്കില്ലെന്നു കരുതാം. പക്ഷേ അദ്ദേഹത്തിന്റെ ഈ നീക്കങ്ങള്‍ ഇന്ത്യ– കാനഡ ബന്ധത്തെ ടെലിവിഷനിലെ ചാനല്‍ ചര്‍ച്ചയുടെ വിഷയമാക്കി മാറ്റി എന്ന കാര്യത്തില്‍ സംശയമില്ല. ഈ തന്ത്രം മറികടക്കുവാന്‍ ആദ്യം ചെയ്യേണ്ടത്‌ ഈ പ്രശ്നം സംബന്ധിച്ചിട്ടുള്ള ചര്‍ച്ചകളും ആശയവിനിമയവും എത്രയും വേഗം മന്ത്രാലയത്തിലെ കോണ്‍ഫറന്‍സ്‌ മുറികളില്‍ തിരിച്ചെത്തിക്കുക എന്നതാണ്‌. രണ്ടു രാജ്യങ്ങള്‍ തമ്മിലുള്ള ബന്ധവും അതിനെ ബാധിക്കുന്ന കാര്യങ്ങളും പൊതു വേദിയില്‍ ചര്‍ച്ച ചെയ്തു തീരുമാനിക്കേണ്ട വിഷയങ്ങളല്ല എന്ന വസ്തുത കാനഡയെ ഓര്‍മിപ്പിക്കുന്നതിനോടൊപ്പം തന്നെ ഈ വിഷയം ഉളവാക്കിയ താപവും ക്ഷോഭവും ഒന്ന്‌ തണുപ്പിക്കുവാനും യുക്തിയും ബുദ്ധിയും നയിക്കുന്ന തീരുമാനങ്ങള്‍ എടുക്കുവാനും ഈ സമീപനം സഹായിക്കും.

(മുൻ ഐആർഎസ് ഉദ്യോഗസ്ഥനായ ഡോ. കെ.എൻ. രാഘവൻ രാജ്യാന്തര ക്രിക്കറ്റ് അംപയറും രാജ്യാന്തര വിഷയങ്ങളുടെ നിരീക്ഷകനുമാണ്)

English Summary:

India-Canada Relations on Edge: Trudeau's Accusations Spark Diplomatic Row- Global Canvas