‘മലയാളിയെന്ന പേരിൽ വോട്ട് തേടിയില്ല; പ്രസിഡന്റ് ആക്കിയത് അന്നത്തെ ഉഷാറില്ലാത്ത സമരം; യുകെയിലേക്ക് വരുമ്പോൾ ഇക്കാര്യങ്ങൾ അറിയണം’
ആരോഗ്യമേഖലയിൽ കേരളം മുന്നിലാണെന്നും ജീവനക്കാരുടെ എണ്ണത്തിലും സർക്കാർ നയങ്ങളിലും കാതലായ മാറ്റങ്ങളുണ്ടായാൽ നമ്മൾ കൂടുതൽ ലോകോത്തരമാകുമെന്നും ആർസിഎൻ (റോയൽ കോളജ് ഓഫ് നഴ്സിങ്) യൂണിയൻ പ്രസിഡന്റും മലയാളിയുമായ ബിജോയ് സെബാസ്റ്റ്യൻ. ലോകത്തിലെ ഏറ്റവും അംഗബലമുള്ള നഴ്സിങ് സംഘടനയായ യുകെയിലെ ആർസിഎൻ യൂണിയന്റെ പ്രസിഡന്റായി വിജയിച്ചശേഷം ‘മനോരമ ഓൺലൈനുമായി’ സംസാരിക്കുകയായിരുന്നു അദ്ദേഹം. 5 ലക്ഷം അംഗങ്ങളുള്ള ആർസിഎൻ സംഘടനയുടെ പ്രസിഡന്റാകുന്ന ആദ്യ ഇന്ത്യക്കാരനാണു ബിജോയ്. ആലപ്പുഴ സ്വദേശി. യൂണിവേഴ്‌സിറ്റി കോളജ് ലണ്ടൻ ഹോസ്പിറ്റലിൽ സീനിയർ ക്രിട്ടിക്കൽ കെയർ നഴ്സാണ്. കൃഷി വകുപ്പ് മുൻ സൂപ്രണ്ട് പുത്തൻപറമ്പിൽ സെബാസ്റ്റ്യൻ ജോസഫിന്റെയും സോഫിയയുടെയും മകൻ. കോട്ടയം മെഡിക്കൽ കോളജിലെ പൂർവ വിദ്യാർഥിയായ ബിജോയിക്കു തിരഞ്ഞെടുപ്പുവിജയം ഇവിടെ ആഘോഷിക്കാനായതിൽ ഇരട്ടി സന്തോഷം. ബിജോയിയുമായുള്ള സംഭാഷണത്തിൽനിന്നുള്ള പ്രസക്തഭാഗങ്ങൾ.

∙ കോട്ടയം മെഡിക്കൽ കോളജിൽ പഠിച്ച വിദ്യാർഥി ഇന്ന് ലോകത്തിലെ ഏറ്റവും അംഗബലമുള്ള നഴ്സിങ് സംഘടനയുടെ പ്രസിഡന്റാണ്. എന്തുതോന്നുന്നു?
വളരെയേറെ സന്തോഷം. ആർസിഎൻ സംഘടനയിലെ സാധാരണ അംഗമായ ഞാൻ അതിന്റെ തലപ്പത്ത് എത്തുമെന്നു ചിന്തിച്ചിട്ടു പോലുമില്ലായിരുന്നു. നേരത്തേ, യുകെയിൽ ജനിച്ചുവളർന്ന ഇന്ത്യൻ വംശജ ആർസിഎൻ ഭാരവാഹിയായിട്ടുണ്ട്. എന്നാൽ പൂർണമായും ഒരു ഇന്ത്യക്കാരൻ ഈ പദവിയിലെത്തുന്നത് ആദ്യം. ഒരേസമയം തൊഴിലാളി യൂണിയനും പ്രഫഷനൽ സംഘടനയുമാണ് ആർസിഎൻ. യുകെയിൽ നഴ്സുമാരുടെ വലിയ സമരം നടന്നപ്പോൾ ഞാനും പങ്കെടുത്തിരുന്നു. ഉത്തരവാദിത്തം കൂടുതലുള്ളതിനാൽ, സാധാരണ സീനിയർ നഴ്സുമാർ സമരത്തിനു നേരിട്ടിറങ്ങാറില്ല. അന്നു സമരരീതിയൊക്കെ വൻ ബോറായിരുന്നു.
പതിയെ ഞാൻ പിക്കറ്റ് ലീഡറായി, മുദ്രാവാക്യങ്ങൾ മുഴക്കി കൂടെയുള്ളവരെ ഉഷാറാക്കി. വലിയ സമരമായിരുന്നെങ്കിലും ഒന്നും സംഭവിച്ചില്ല. പലരും നിരാശരായി. ആർസിഎന്നിൽ സജീവമാകണമെന്നു സുഹൃത്തുക്കൾ നിർബന്ധിച്ചു. അവകാശങ്ങൾ ലഭിക്കാൻ തെരുവിൽ ശബ്ദമുയർത്തിയാൽ മാത്രം പോരാ, നയതീരുമാനങ്ങൾ എടുക്കുന്നിടത്തും സ്വാധീനം വേണമെന്നു മനസ്സിലായി. അങ്ങനെയാണു സംഘടനയുടെ ദേശീയ പ്രസിഡന്റ് സ്ഥാനത്തേക്കു മത്സരിക്കാൻ തീരുമാനിച്ചത്.
∙ മറ്റൊരു രാജ്യത്തെത്തി സംഘടനാ തിരഞ്ഞെടുപ്പിൽ മത്സരിക്കുമ്പോൾ എന്താണു തോന്നിയത്?
വിജയിക്കുമെന്ന പ്രതീക്ഷയോടെയാണു കളത്തിലിറങ്ങിയത്. ഞങ്ങൾ ഉയർത്തിയ മുദ്രാവാക്യങ്ങൾ സാധാരണ നഴ്സുമാർക്കിടയിൽ തരംഗമുണ്ടാക്കുമെന്ന് ഉറപ്പായിരുന്നു. മലയാളികളുടെ വലിയ പിന്തുണയും ലഭിച്ചു. മറ്റെല്ലാവിഭാഗം ആളുകളും കൂടെ നിന്നു. സാധാരണക്കാരായ നഴ്സുമാരുടെ തൊഴിലിടത്തെയും ജീവിതത്തിലെയും പ്രശ്നങ്ങളും അതിനുള്ള പരിഹാരങ്ങളും അവർക്കു മനസ്സിലാകുന്ന ഭാഷയിലാണ് അവതരിപ്പിച്ചത്. അവരുടെ ജീവിതത്തിൽ എന്തു മാറ്റമുണ്ടാക്കാം എന്നതിലായിരുന്നു ശ്രദ്ധ. അത്തരം കാര്യങ്ങൾ അവർ ശ്രദ്ധിക്കുകയും പിന്തുണയ്ക്കുകയും ചെയ്തതിനാലാണു ജയിക്കാനായത്.
∙ തിരഞ്ഞെടുപ്പു രീതിയും പ്രചാരണവും വ്യത്യസ്തമായിരുന്നല്ലോ?
ഒക്ടോബർ 14 മുതൽ നവംബർ 11 വരെ, പോസ്റ്റൽ ബാലറ്റിലൂടെ ആയിരുന്നു തിരഞ്ഞെടുപ്പ്. വോട്ടു ചെയ്യാൻ അംഗത്വമുള്ളവർക്കെല്ലാം ബാലറ്റ് അയയ്ക്കും. ഉത്തര കൊറിയ ഒഴികെ ഒട്ടുമിക്ക രാജ്യങ്ങളിൽനിന്നുള്ളവരും ഇവിടെ ജോലി ചെയ്യുന്നുണ്ട്. 5 ലക്ഷം പേരിലേക്കു നേരിട്ട് എത്തുകയെന്നതു മനുഷ്യസാധ്യമല്ല, ഡിജിറ്റൽ പ്രചാരണമായിരുന്നു ആശ്രയം. ഞാൻ മത്സരിക്കുന്ന വിവരം ആദ്യമായി ലോകത്തെ അറിയിച്ചതും വലിയ പിന്തുണ നൽകിയതും മനോരമ ഓൺലൈനാണ്. സുഹൃത്തുക്കളും സഹപ്രവർത്തകരും മലയാളി സംഘടനകളും ആവേശത്തോടെ കൂടെനിന്നു.
ആളുകൾക്കു ബാലറ്റ് പേപ്പർ കിട്ടിയോ എന്നും അവർ വോട്ടു രേഖപ്പെടുത്തിയ ശേഷം കൃത്യമായ മേൽവിലാസത്തിൽ തപാൽപെട്ടിയിലിട്ടോ എന്നതും ഉറപ്പാക്കേണ്ടിയിരുന്നു. ഇതിനായി ഞങ്ങളുടെ ടീമംഗങ്ങൾ വോട്ടർമാരെ നിരന്തരം ഫോണിലും നേരിട്ടും ബന്ധപ്പെട്ടു. തപാൽവോട്ട് ചെയ്യാനുള്ള ആളുകളുടെ മടിയും മറികടക്കേണ്ടിയിരുന്നു. ഇതിനായി സമൂഹമാധ്യമ ഗ്രൂപ്പുകളിൽ പോസ്റ്ററുകളും വിഡിയോകളും പങ്കുവച്ചു.
ഞാനുൾപ്പെടെ 7 പേരാണു മത്സരിച്ചത്. 1419 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണു ജയം. 2011ൽ എൻഎച്ച്എസ് നഴ്സായി യുകെയിൽ എത്തിയ ഞാൻ 2012 ലാണ് ആർസിഎൻ യൂണിയനിൽ അംഗമായത്. 12 വർഷത്തിനുള്ളിൽ പ്രസിഡന്റാകാനായതു വലിയ നേട്ടമാണ്. 2025 ജനുവരി ഒന്നു മുതൽ 2026 ഡിസംബർ 31 വരെയാണു കാലാവധി. ഇക്കാലത്തിനിടെ നഴ്സിങ് മേഖലയിൽ വലിയ മാറ്റങ്ങളാണു ലക്ഷ്യം.
∙ യുകെ മലയാളികൾക്കും അഭിമാനമാണല്ലോ?
നമ്മളൊരിക്കലും മലയാളി സ്ഥാനാർഥിക്കു വോട്ടു ചെയ്യണം എന്ന് ആവശ്യപ്പെട്ടു പ്രചാരണം നടത്തിയിരുന്നില്ല. എങ്കിലും വലിയ പിന്തുണയാണു കിട്ടിയത്. അതിൽ സന്തോഷവും അഭിമാനവുമുണ്ട്. പ്രചാരണ വിഡിയോയിൽ കൂടുതലും മറ്റു കമ്യൂണിറ്റിയിലെ ആളുകളാണ് എനിക്കുവേണ്ടി സംസാരിച്ചത്. ഞാൻ ജയിച്ചതിൽ നഴ്സുമാർ ഉൾപ്പെടെയുള്ള മലയാളി ആരോഗ്യപ്രവർത്തകരും ആഹ്ലാദത്തിലാണ്.
∙ നാട്ടിൽ സംഘടന, രാഷ്ട്രീയ പ്രവർത്തനമുണ്ടായിരുന്നോ?
കോട്ടയം മെഡിക്കൽ കോളജിലെ പഠനകാലത്തു സ്റ്റുഡന്റ്സ് നഴ്സസ് അസോസിയേഷന്റെ സെക്രട്ടറി, വൈസ് പ്രസിഡന്റ്, ട്രഷറർ ചുമതലകൾ വഹിച്ചിട്ടുണ്ട്. അക്കാലത്ത് എസ്എഫ്ഐയിൽ പ്രവർത്തിച്ചിരുന്നു. പുന്നപ്ര പോലെ ചെറിയ സ്ഥലത്തുനിന്നുള്ള എനിക്ക് ലോകത്തെ വലിയ നഴ്സിങ് സംഘടനയിലെ ആദ്യ മത്സരത്തിൽ ജയിക്കാനായി എന്നതു വലിയ കാര്യമാണ്. എനിക്കു വോട്ടു ചെയ്തതവരും അല്ലാത്തവരുമായ എല്ലാ ആർസിഎൻ അംഗങ്ങൾക്കും സാമൂഹികനീതിയും മികച്ച തൊഴിൽ അന്തരീക്ഷവും ഉറപ്പാക്കുക എന്നതിനാണു മുൻഗണന.
∙ നഴ്സിങ് പഠനവും യുകെ യാത്രയും?
കോട്ടയം മെഡിക്കൽ കോളജിലെ നഴ്സിങ് പഠനത്തിനും ഒരു വർഷത്തെ സേവനത്തിനും ശേഷം നേരെ യുകെയിലേക്കു പോവുകയായിരുന്നു. 2011ൽ ഇംപീരിയൽ കോളജ് എൻഎച്ച്എസ് ട്രസ്റ്റിൽ ജോലിയിൽ പ്രവേശിച്ചു. 2021ലാണു യൂണിവേഴ്‌സിറ്റി കോളജ് ലണ്ടൻ ഹോസ്പിറ്റലിലേക്കു മാറിയത്. നെറ്റ്‍വർക്ക് ഓഫ് ഇന്റർനാഷനലി എജ്യുക്കേറ്റഡ് നഴ്സസ് ആൻഡ് മിഡ്‌വൈഫറി അസോസിയേഷൻസിന്റെ ചെയർ, അലയൻസ് ഓഫ് സീനിയർ കേരള നഴ്സസിന്റെ ജനറൽ സെക്രട്ടറി എന്നീ നിലകളിലും പ്രവർത്തിക്കുന്നുണ്ട്. ഇംപീരിയൽ കോളജ് എൻഎച്ച്എസ് ട്രസ്റ്റിന്റെ ഹാമർസ്മിത്ത് ആശുപത്രി നഴ്‌സായ ദിവ്യയാണു ഭാര്യ. ഇമ്മാനുവൽ മകനാണ്. എന്റെ സഹോദരി ബ്ലെസിയും ഭർത്താവ് ജിതിനും ലണ്ടനിൽ നഴ്സുമാരാണ്.
∙ ആർസിഎൻ സംഘടനയുടെ പ്രാധാന്യവും മലയാളികളടക്കം അറിഞ്ഞിരിക്കേണ്ട കാര്യങ്ങളും എന്താണ്?
യുകെയിലെ നഴ്സിങ് ജീവനക്കാരുടെ പ്രമുഖ യൂണിയനുകളിൽ ഒന്നാണു റോയൽ കോളജ് ഓഫ് നഴ്സിങ് എന്ന ആർസിഎൻ. നഴ്സുമാർ, ഹെൽത്ത് കെയർ അസിസ്റ്റന്‍റുമാർ ഉൾപ്പെടെയുള്ള സപ്പോർട്ട് വർക്കർമാർ എന്നിവരാണു യൂണിയനിലുള്ളത്. വോട്ടവകാശം മാത്രമല്ല നിരവധി ആനുകൂല്യങ്ങളാണു ആർസിഎൻ അംഗത്വത്തിലൂടെ ലഭിക്കുക. പിആർ, സിറ്റിസൺഷിപ്പ് എന്നിവ എടുക്കാനും ഏതെങ്കിലും വിധത്തിലുള്ള നിയമ, അച്ചടക്ക നടപടികൾ നേരിടുമ്പോഴും ആർസിഎൻ സഹായവും നിർദേശവും പിന്തുണയും അംഗങ്ങൾക്കു ലഭിക്കും. തൊഴിലിടത്തിലെ അച്ചടക്ക–നിയമ–സിക്നസ് നടപടികൾ എന്നിവയ്ക്കു വിധേയരായി തൊഴിൽ നഷ്ടപ്പെടുന്ന ജീവനക്കാരുടെ എണ്ണം വർധിക്കുകയാണ്. എൻഎംസി റഫറലിലേക്കു നീണ്ട് പിൻ നമ്പർ നഷ്ടപ്പെടുന്ന അവസ്ഥയും ഉണ്ടാകാറുണ്ട്.
എന്നാൽ ആർസിഎൻ അംഗത്വം എടുക്കുന്നവർക്ക് യുകെയിലെ ഏറ്റവും വലിയ ട്രേഡ് യൂണിയൻ ഇൻ ഹൗസ് ലീഗൽ ടീമിന്റെ സൗജന്യ നിയമ സഹായം ലഭ്യമാകും. അംഗത്വമില്ലാത്തവർക്ക് ആയിരക്കണക്കിന് പൗണ്ട് വക്കീൽ ഫീസിനത്തിലും മറ്റും കൊടുക്കേണ്ടി വരും. തൊഴിലിടങ്ങളിലെ വർണവിവേചനത്തിനും ചൂഷണങ്ങൾക്കുമെതിരെ ശബ്ദം ഉയർത്താനും യൂണിയൻ അംഗത്വം സഹായകരമാണ്. അംഗത്വം എടുക്കുന്നവർക്ക് ആർസിഎൻ സംഘടിപ്പിക്കുന്ന പ്രത്യേക തുടർപഠന പരിപാടികൾ, യുകെയിലെ ഏറ്റവും വലിയ നഴ്സിങ് ലൈബ്രറി റിസോഴ്സ് തുടങ്ങിയവ ലഭിക്കും. ടെലഫോൺ കരിയർ കോച്ചിങ് ഉപയോഗിച്ച് കരിയറിലെ അടുത്ത ഘട്ടം എങ്ങനെ വേണമെന്ന് പ്ലാൻ ചെയ്യാൻ സഹായം, സിവി എഴുത്ത്, പുതിയ കരിയർ മാറ്റത്തിനുള്ള ആശയങ്ങൾ എന്നിവയും കിട്ടും. വീട്ടിലും ജോലിസ്ഥലത്തും നഴ്‌സുമാരെയും ഹെൽത്ത്കെയർ അസിസ്റ്റന്‍റുമാരെയും ബാധിക്കുന്ന നിരവധി പ്രശ്‌നങ്ങളിൽ സൗജന്യ സഹായവും ഉപദേശവും നൽകും.
യുകെയിൽ സ്ഥിരതാമസമായ നഴ്‌സുമാർ ഉൾപ്പടെയുള്ള ജീവനക്കാർക്ക് വിൽപത്ര എഴുത്തു സംബന്ധിച്ച ഉപദേശങ്ങളും സാമ്പത്തിക ഉപദേശങ്ങളും ലഭ്യമാകും. യുകെയിലെ വീസ മാറ്റം, സെറ്റിൽമെന്‍റ് അപേക്ഷ തുടങ്ങിയ കാര്യങ്ങളിലും ആർസിഎൻ ഇമിഗ്രേഷൻ ഉപദേശക സംഘത്തിന് ഇടപെടാനാകും. ആർസിഎൻ അംഗത്വത്തിന് നഴ്സുമാർ പ്രതിമാസം 16.82 പൗണ്ടാണു നൽകേണ്ടത്. എന്നാൽ എൻഎംസിയിൽ റജിസ്റ്റർ ചെയ്ത പുതിയ നഴ്സുമാർക്ക് ആദ്യ വർഷത്തിൽ പ്രതിമാസം 8.41 പൗണ്ട് മതി. നഴ്‌സുമാരുടെ നേരിട്ടുള്ള മേൽനോട്ടത്തിൽ എൻഎച്ച്എസ് ആശുപത്രികൾ, നഴ്സിങ് ഹോമുകൾ എന്നിവിടങ്ങളിൽ ജോലി ചെയ്യുന്ന ഹെൽത്ത് കെയർ അസിസ്റ്റന്‍റുമാർ ഉൾപ്പടെയുള്ള സപ്പോർട്ട് വർക്കർമാർക്കും ആർസിഎൻ അംഗത്വം ലഭിക്കും. ഇവർക്ക് അംഗത്വ ഫീസ് പ്രതിമാസം 8.41 പൗണ്ടാണ്. ആദ്യവർഷം 4.21 പൗണ്ട് അടച്ചാൽ മതി.
3,000 ചില്ലറ വ്യാപാരികളിൽനിന്നും പ്രത്യേക ഡിസ്കൗണ്ടുകളും ആർസിഎൻ അംഗങ്ങൾക്കു ലഭ്യമാണ്. സ്റ്റുഡന്‍റ് നഴ്സസ്, മറ്റേർണിറ്റി ലീവ് അല്ലെങ്കിൽ കരിയർ ബ്രേക്ക് ലീവിലുള്ള ജീവനക്കാർക്കു മാസ വരിസംഖ്യയ്ക്കു പകരം വാർഷിക വരിസംഖ്യ ആയി 10 പൗണ്ട് മാത്രം അടച്ചാൽ മതി. ഇത്തരം സേവനങ്ങൾ കിട്ടാനായി എല്ലാ നഴ്സിങ് ജീവനക്കാരും അംഗത്വം എടുക്കണമെന്ന് ഞങ്ങൾ ആവശ്യപ്പെട്ടു. ഇതോടെ മലയാളികൾ ഉൾപ്പെടെയുള്ള ആയിരക്കണക്കിനുപേർ പുതുതായി അംഗത്വമെടുത്തതാണു പ്രസിഡന്റായതിനേക്കാൾ സന്തോഷമുള്ള കാര്യം.
∙ യുകെ ഇപ്പോഴും നഴ്സുമാരുടെ സ്വപ്നരാജ്യമാണോ? മലയാളികൾ നേരിടുന്ന പ്രശ്നങ്ങൾ എന്തൊക്കെയാണ്?
5 വർഷത്തിനിടെ 60,000 പേരെ റിക്രൂട്ട് ചെയ്തതിനാൽ എൻട്രി ഗ്രേഡിൽ താൽക്കാലികമായി ജോലിസാധ്യത കുറഞ്ഞിട്ടുണ്ട്. നിലവിൽ ഒഴിവുകൾ കുറവാണ്. 2011ലും കോവിഡിനു മുൻപും ഇതുപോലെയുണ്ടായിരുന്നു. ഇതു സ്വാഭാവികമാണ്, ഈ സാഹചര്യം മാറും. പുറത്തുനിന്നു വരുന്നവർ നേരിടുന്നതും യുകെയിൽ പൊതുവായുള്ളതുമായ അനേകം പ്രശ്നങ്ങളുണ്ട്. കേരളത്തിലെ തൊഴിൽ സാഹചര്യവും രീതികളും യുകെയിൽനിന്നു വ്യത്യസ്തമാണ്. ഉത്തരവാദിത്തം കൂടുതലാണ്.
കേരളത്തിൽ പരിശീലിച്ചിരുന്ന പല ജോലിയും അവിടെ മറ്റൊരു രീതിയിലായിരിക്കും. തൊഴിൽ ഉപകരണങ്ങളിൽ വ്യത്യാസമുണ്ടാകും. പോളിസിയും പ്രോട്ടോക്കോളും കർശനമായി പാലിക്കേണ്ടി വരും. 5 വർഷത്തിനിടെ ജീവിതച്ചെലവ് വലിയ തോതിൽ കൂടിയത് എല്ലാവരെയും ബാധിക്കുന്ന വിഷയമാണ്. ഇതിനനുസരിച്ചുള്ള ശമ്പളവർധനവാണ് നമ്മൾ ആവശ്യപ്പെടുന്നത്. നഴ്സുമാരിൽ മൂന്നിൽനാലു പേരും ജോലിക്കു കയറിയ അതേ പോസ്റ്റിൽത്തന്നെ വിരമിക്കുന്ന അവസ്ഥയുണ്ട്. ഇതിൽ മാറ്റമുണ്ടായി, കൂടുതൽ പേർക്കു പ്രമോഷനുള്ള സാധ്യത വേണം. ഇതിനെല്ലാം നിരന്തരമായ സമരങ്ങളും ചർച്ചകളും നയപരമായ തീരുമാനങ്ങളും ആവശ്യമാണ്.
∙ ബിജോയ് ഇടയ്ക്കിടെ കോട്ടയം മെഡിക്കൽ കോളജിലും വരുന്നുണ്ടല്ലോ, സന്നദ്ധ സേവനമാണോ?
മുഖ്യമന്ത്രി പിണറായി വിജയനും ആരോഗ്യമന്ത്രി വീണാ ജോർജും ഒരിക്കൽ യുകെ സന്ദർശിച്ചപ്പോൾ ‘നിങ്ങളൊക്കെ കേരളത്തിൽ പഠിച്ചതല്ലേ. ഏതെങ്കിലും തരത്തിൽ തിരിച്ചു സഹായിച്ചുകൂടെ?’ എന്നു വീണാ ജോർജ് ചോദിച്ചത് ഞങ്ങളുടെ മനസ്സിൽത്തട്ടി. അങ്ങനെയാണു കൈരളി യുകെയുടെ നേതൃത്വത്തിൽ കോട്ടയം മെഡിക്കൽ കോളജുമായി സഹകരിച്ച് വിജ്‍ഞാനകൈമാറ്റ പദ്ധതി തയാറാക്കിയത്. വലിയ സാമ്പത്തിക നിക്ഷേപം ആവശ്യമില്ലാത്തതും ചികിത്സയിൽ ഗുണപരമായ മാറ്റങ്ങളുണ്ടാക്കുന്നതുമായ ചെറിയ മാറ്റങ്ങൾ പരസ്പരം ചർച്ച ചെയ്യുകയും വിവരം കൈമാറുന്നതുമാണു പദ്ധതി.
സന്നദ്ധസേവനമാണ്, പണം വേണ്ടെന്നു സംസ്ഥാന സർക്കാരിനെ അറിയിച്ചിരുന്നു. ഞാനുൾപ്പെടെ 3 മലയാളികളും ഒരു ഐറിഷ് നഴ്സുമാണു സംഘത്തിലുള്ളത്. നേരിട്ടും ഓൺലൈനിലൂടെയും കൂടിക്കാഴ്ച നടക്കാറുണ്ട്. കൂടുതൽ ആശുപത്രികളിലേക്കു വ്യാപിപ്പിക്കാനുള്ള പ്രൊപ്പോസൽ മന്ത്രി വീണാ ജോർജിനു കൈമാറിയിട്ടുണ്ട്. ആർസിഎൻ തിരഞ്ഞെടുപ്പിന്റെ ഫലമറിയുമ്പോൾ കോട്ടയം മെഡിക്കൽ കോളജിലായിരുന്നു. ഇവിടെ നഴ്സുമാർ ഉൾപ്പെടെയുള്ള ജീവനക്കാരുടെ കൂടെയാണു കേക്ക് മുറിച്ച് വിജയം ആഘോഷിച്ചത്.
∙ കേരളത്തിലെ ആരോഗ്യമേഖലയെപ്പറ്റിയുള്ള നിരീക്ഷണം എന്താണ്?
കേരളത്തിൽ വലിയ രീതിയിലുള്ള മാറ്റമാണ് ഇക്കാലത്തിനിടെ സംഭവിച്ചിട്ടുള്ളത്. ഞാൻ പഠിച്ചിരുന്ന കാലത്തേക്കാൾ അജഗജാന്തരം കാര്യങ്ങൾ മാറി. കൂടുതൽ വൃത്തിയും പ്രഫഷനലിസവും വന്നു. എന്നാൽ ഇതുപോരാ, ഇനിയും മാറണം. ജീവനക്കാരുടെ കുറവ്, സാമ്പത്തികം തുടങ്ങിയ വിഭവപരിമിതി കണക്കിലെടുക്കുമ്പോൾ നമ്മൾ പല ലോകോത്തര നേട്ടങ്ങളും കൈവരിച്ചിട്ടുണ്ട്. യുകെയിൽ സർക്കാർ ആശുപത്രിയിൽ എംആർഐ സ്കാൻ എടുക്കാൻ 2 വർഷമൊക്കെ കാത്തിരിക്കണം. ഡോക്ടർ നിർദേശിച്ച ദിവസം തന്നെയോ അല്ലെങ്കിൽ ഒന്നോ രണ്ടോ ദിവസം വൈകിയാലോ കേരളത്തിൽ ഇതു പ്രശ്നമാണ്. ആ തരത്തിൽ നമ്മുടെ സ്റ്റാൻഡേർഡ് ഉയർന്നിട്ടുണ്ട്. നയപരമായ മാറ്റങ്ങളിലൂടെ മറ്റു മേഖലകളും ഇതുപോലെ മാറിയാൽ കേരളത്തിലെ ആരോഗ്യരംഗം ലോകത്തിലെ മുൻനിരയിലെത്തും.