‘ഞങ്ങൾ ഇട്ടേച്ചു പോയാൽ ഈ മക്കൾക്ക് ആരുണ്ട്?’ ബജറ്റിൽ 60 കോടി ‘പറ്റിച്ച്’ സർക്കാർ; അധ്യാപിക ജീവിക്കാന്‍ റേഷൻ കടയിലും
Mail This Article
ബൗദ്ധിക ഭിന്നശേഷിയുള്ള കുട്ടികൾക്കു പരിശീലനം നൽകുന്ന റംല ടീച്ചർക്ക് ഈ ഭിന്നശേഷി ദിനത്തിൽ പറയാനുള്ളത് സ്പെഷൽ സ്കൂൾ അധ്യാപകർ നേരിടുന്ന വെല്ലുവിളികളെപ്പറ്റി. അറിവും അന്നവും നൽകുന്നവരുടെ പ്രതിനിധിയായ ദീപ ടീച്ചറുടെ കാര്യത്തിൽ പ്രതിമാസം ബാക്കിയാവുന്നത് കടം മാത്രം. സാക്ഷരതാപ്രേരക് ആയിരുന്ന സുശാന്ത് ബാബു ആ തൊഴിൽ അവസാനിപ്പിച്ച് വേറെ പണിക്കു പോയി. അസംഘടിതരെന്നാൽ ആർക്കും വേണ്ടാത്തവർ എന്ന രീതിയിലേക്കാണു കാര്യങ്ങളുടെ പോക്ക്. ‘‘ ബുദ്ധിപരമായ വെല്ലുവിളി നേരിടുന്ന കുട്ടികളാണ്. എല്ലാ കാര്യത്തിലും സഹായം വേണം. ഞങ്ങൾ ഇട്ടേച്ചുപോയാൽ ഈ മക്കൾക്ക് ആരുണ്ട്. ആ സങ്കടംകൊണ്ടാണ് ദിവസവും ജോലിക്കു വരുന്നത്. രാവിലെ ബ്രഷ് ചെയ്യുന്നതു മുതൽ ശുചിമുറിയിൽ പോകുന്നതു വരെ പരിശീലിപ്പിക്കണം. ചിലർ പെട്ടെന്ന് അക്രമാസക്തരാകും. ഓരോരുത്തരും ഓരോ രീതിയിൽ പെരുമാറുന്നൊരു ക്ലാസ്മുറി സങ്കൽപിച്ചു നോക്കൂ. ഇവരെ പഠിപ്പിച്ച് സ്വന്തം കാര്യങ്ങൾ ചെയ്യാൻ പ്രാപ്തരാക്കുക എന്നതു ചില്ലറക്കാര്യമല്ല. പക്ഷേ, തുച്ഛമായ ശമ്പളം; അതുപോലും കൃത്യമായി കിട്ടുന്നില്ലെങ്കിൽ എന്തുചെയ്യും?