നിസ്സാരമെന്നു തള്ളിക്കളയുകയോ?- ബി.എസ്. വാരിയർ എഴുതുന്നു

2024 ഡിസംബർ 18ന് നാഗർകോവിലിലെ ഇറച്ചിവെട്ടുകാരൻ മാരിമുത്തു (35) ഭാര്യ മരിയ സത്യത്തെ (30) വെട്ടിനുറുക്കി കഷണങ്ങളാക്കി മൂന്നു ബാഗുകളിൽ നിറച്ചു. രാത്രി പത്തരയ്ക്കു ബാഗുകൾ രഹസ്യമായി ഉപേക്ഷിക്കാൻ പോയവഴി ഇറച്ചിമണം തിരിച്ചറിഞ്ഞ തെരുവുനായ്ക്കൾ ചുറ്റുംകൂടി കുരച്ചു വലിയ ശബ്ദമുണ്ടാക്കി. ബാഗുകളിൽ
2024 ഡിസംബർ 18ന് നാഗർകോവിലിലെ ഇറച്ചിവെട്ടുകാരൻ മാരിമുത്തു (35) ഭാര്യ മരിയ സത്യത്തെ (30) വെട്ടിനുറുക്കി കഷണങ്ങളാക്കി മൂന്നു ബാഗുകളിൽ നിറച്ചു. രാത്രി പത്തരയ്ക്കു ബാഗുകൾ രഹസ്യമായി ഉപേക്ഷിക്കാൻ പോയവഴി ഇറച്ചിമണം തിരിച്ചറിഞ്ഞ തെരുവുനായ്ക്കൾ ചുറ്റുംകൂടി കുരച്ചു വലിയ ശബ്ദമുണ്ടാക്കി. ബാഗുകളിൽ
2024 ഡിസംബർ 18ന് നാഗർകോവിലിലെ ഇറച്ചിവെട്ടുകാരൻ മാരിമുത്തു (35) ഭാര്യ മരിയ സത്യത്തെ (30) വെട്ടിനുറുക്കി കഷണങ്ങളാക്കി മൂന്നു ബാഗുകളിൽ നിറച്ചു. രാത്രി പത്തരയ്ക്കു ബാഗുകൾ രഹസ്യമായി ഉപേക്ഷിക്കാൻ പോയവഴി ഇറച്ചിമണം തിരിച്ചറിഞ്ഞ തെരുവുനായ്ക്കൾ ചുറ്റുംകൂടി കുരച്ചു വലിയ ശബ്ദമുണ്ടാക്കി. ബാഗുകളിൽ
2024 ഡിസംബർ 18ന് നാഗർകോവിലിലെ ഇറച്ചിവെട്ടുകാരൻ മാരിമുത്തു (35) ഭാര്യ മരിയ സത്യത്തെ (30) വെട്ടിനുറുക്കി കഷണങ്ങളാക്കി മൂന്നു ബാഗുകളിൽ നിറച്ചു. രാത്രി പത്തരയ്ക്കു ബാഗുകൾ രഹസ്യമായി ഉപേക്ഷിക്കാൻ പോയവഴി ഇറച്ചിമണം തിരിച്ചറിഞ്ഞ തെരുവുനായ്ക്കൾ ചുറ്റുംകൂടി കുരച്ചു വലിയ ശബ്ദമുണ്ടാക്കി. ബാഗുകളിൽ പന്നിയിറച്ചിയാണെന്നു മാരിമുത്തു പറഞ്ഞതു വിശ്വസിക്കാതെ സമീപവാസികൾ പരിശോധിച്ച് മൃതദേഹത്തിന്റെ ഭാഗങ്ങൾ കണ്ടതോടെ കൊലയാളി പിടിയിലായി. തെരുവുനായ്ക്കളെ കൊല്ലണോ കൊല്ലാതിരിക്കണോ എന്നു തർക്കിക്കുന്നവരാരും അവയെക്കൊണ്ട് എന്തെങ്കിലും പ്രയോജനമുണ്ടെന്നു പറഞ്ഞുകേട്ടിട്ടില്ല. പക്ഷേ കണ്ടോ!. വിളിക്കാതെതന്നെ അവ വന്നു കുറ്റാന്വേഷണത്തിൽ സഹായിച്ചു. ‘നിന്റെ വാക്കിനു പുല്ലുവില’ എന്നു പറയുന്നയാൾ ആ വാക്കിനു യാതൊരു വിലയുമില്ലെന്നാണ് ഉദ്ദേശിക്കുന്നത്. പക്ഷേ പശുവളർത്തലുകാരോടു ചോദിച്ചാൽ പച്ചപ്പുല്ലിന്റെ തീപിടിച്ച വിലയെപ്പറ്റി പറഞ്ഞ് പ്രയാസപ്പെടും.
‘പുല്ലുകൾ കൊണ്ടുമുപകാരമുണ്ടാകാം തന്റെ
പല്ലുകൾ തേയ്ക്കാൻ കൊള്ളാം, പയ്ക്കളെ തീറ്റാൻ കൊള്ളാം’
എന്ന വരി പണ്ടേ പുല്ലിന്റെ വിലയറിഞ്ഞിരുന്നതു സൂചിപ്പിക്കുന്നു. മനുഷ്യമനസ്സിന്റെ ആഴങ്ങളിൽ മുങ്ങിത്തപ്പി, അമൂല്യരത്നങ്ങൾ കണ്ടെടുത്ത് മനോഹരമായി അവതരിപ്പിച്ച ഷേക്സ്പിയർ നിസ്സാരവസ്തുക്കളെ അതിവിദഗ്ധമായി കൈകാര്യം ചെയ്ത് മഹാനാടകങ്ങളുടെ കഥാഗതിയെ മാറ്റിമറിച്ചിട്ടുണ്ട്. റോമൻ സ്വേച്ഛാധിപതി ജൂലിയസ് സീസറെ ബ്രൂട്ടസും കാസിയസും അടങ്ങിയ ഗൂഢാലോചനസംഘം വധിച്ച്, അതുവഴി രാജ്യത്തെ രക്ഷിച്ചെന്ന അവകാശവാദം മുഴക്കി. ജനക്കൂട്ടം അതു വിശ്വസിച്ച് ആശ്വാസത്തോടെ സംഘത്തെ അഭിനന്ദിച്ച്, സ്വാതന്ത്ര്യം കിട്ടിയതിൽ മതിമറന്ന് ആർത്തലച്ച് ആഹ്ലാദിക്കുന്നു. ആ സമയം അവരുടെ മുന്നിലെത്തിയ മാർക് ആന്റണി നടത്തിയ വികാരസാന്ദ്രമായ ചരമപ്രസംഗം ഇംഗ്ലിഷ് സാഹിത്യത്തിലെ അസുലഭസൗഭാഗ്യങ്ങളിലൊന്നാണ്.
പ്രസംഗം ഉച്ചസ്ഥായിയിലെത്തുന്നത് കൗശലക്കാരനായ ആന്റണി ഒരു തുകൽക്കഷണമെടുത്തു കാട്ടുന്നതോടെയാണ്. അത് സീസറെഴുതിയ വിൽപത്രമാണെന്നു പറഞ്ഞ ആന്റണി, അതു വായിച്ചുകേട്ടാൽ കല്ലും മരവുമല്ലാത്ത നിങ്ങൾ ഭ്രാന്തുപിടിച്ച് അക്രമാസക്തരാകുമെന്നു വ്യക്തമാക്കുന്നു. സീസറുടെ മഹത്വത്തിന്റെ കഥകൾ കേട്ട് വികാരംകൊണ്ട ജനക്കൂട്ടം കൊലവിളിയുമായി ഗൂഢാലോചനക്കാരെ തേടുകയും, അവർക്കു റോമിൽനിന്നു പലായനം ചെയ്യേണ്ടിവരികയും ചെയ്യുന്നു. ജനക്കൂട്ടത്തിന്റെ മനസ്സു നേർവിപരീതമായി, ദുരന്തനാടകത്തിലെ നിർണായകമായ വഴിത്തിരിവുണ്ടായതിനു കാരണം ആന്റണിയുടെ പ്രസംഗത്തോടൊപ്പം വിൽപ്പത്രമെന്നു പറഞ്ഞ് ഉയർത്തിക്കാട്ടിയ വെറും തുകൽക്കടലാസ്.
സ്വയം അതിപവിത്രമെന്നു കരുതിയ കൈലേസ് സ്നേഹപ്രതീകമായി പ്രിയതമ ഡെസ്ഡിമോണയ്ക്കു ഒഥെല്ലോ സമ്മാനിക്കുന്നു. അതു നഷ്ടപ്പെടുത്തുന്നത് ചാരിത്ര്യഭംഗത്തിന്റെ സൂചനയായി ഒഥെല്ലോ കരുതുമെന്നു നിശ്ചയമുള്ള വക്രബുദ്ധിയായ ഇയാഗോ, കപടമാർഗത്തിലൂടെ അത് കാസിയോയുടെ കൈയിലെത്തിക്കുന്നു. അതുവഴി തെറ്റിദ്ധാരണയുടെ വിത്തുകൾ സമർഥമായി വിതയ്ക്കുന്നതിനെത്തുടർന്നാണ് ഒഥെല്ലോ നാടകത്തിലെ ദുരന്തങ്ങളെല്ലാം രൂപംകൊള്ളുന്നത്. ഇതിനെല്ലാം കാരണം നിസ്സാരമെന്നു കരുതാവുന്ന കൈലേസ്.
കൊള്ളപ്പലിശക്കാരനായ ഷൈലോക്, അന്റോണിയോയുടെ ശുപാർശപ്രകാരം, ബസാനിയോയ്ക്കു പണം കടം കൊടുക്കുന്നത് വിചിത്രവ്യവസ്ഥ വച്ചാണ്. നേരത്തു കടം വീട്ടിയില്ലെങ്കിൽ അന്റോണിയോയുടെ ഒരു പൗണ്ട് മാംസം മുറിച്ചെടുക്കും. കടം വീട്ടാനാകാതെ വന്നപ്പോൾ, വ്യവസ്ഥയനുസരിച്ച് മാംസം മുറിച്ചെടുത്തുകൊള്ളാൻ വക്കീൽവേഷമിട്ടുവന്ന പോർഷ്യ സമ്മതിക്കുന്നു. പക്ഷേ മാംസം മുറിക്കുമ്പോൾ ഒരു തുള്ളി ചോരയെങ്കിലും വീഴുകയോ, തൂക്കത്തിൽ നേരിയ വ്യത്യാസം പോലും വരികയോ ചെയ്താൽ ഷൈലോക്കിന്റെ വസ്തുവകകളെല്ലാം കണ്ടുകെട്ടും. നിയമക്കുരുക്ക് ഷൈലോക്കിനെ പ്രയാസപ്പെടുത്തുന്നു. മെർച്ചന്റ് ഓഫ് വെനിസ് നാടകത്തിന്റെ കഥ തിരിയുന്നത് കേവലം ഒരു പൗണ്ട് മാംസത്തിൽ.
ജുലിയസ് സീസർ, ഒഥെല്ലോ, മെർച്ചന്റ് ഓഫ് വെനിസ് എന്നീ അനശ്വര നാടകങ്ങളിലൂടെ നിസ്സാരവസ്തുക്കളും അതിപ്രധാനമെന്ന് വിദഗ്ധമായി ഷേക്സ്പിയർ തെളിയിച്ചതാണ് ഇവിടെ സൂചിപ്പിച്ചത്. കണ്വാശ്രമത്തിലെത്തി ശകുന്തളയെ ഗാന്ധർവിവാഹം ചെയ്ത ദുഷ്യന്തൻ പിന്നീട് അക്കഥ മറക്കുന്നു. രാജമന്ദിരത്തിലെത്തിയ ഗർഭിണിയായ ശകുന്തളയെ തിരിച്ചറിയാനാകാതെ തിരസ്കരിക്കുന്നു. ദുഷ്യന്തൻ കൊടുത്തിരുന്ന മുദ്രമോതിരം കൊട്ടാരത്തിലേക്കുള്ള യാത്രയ്ക്കിടയിൽ ശകുന്തളയുടെ വിരലിൽനിന്ന് നദിയിൽ ഊർന്നുപോയിരുന്നു. മുക്കുവർ പിടിച്ച മത്സ്യത്തിന്റെ വയറ്റിൽക്കണ്ട മോതിരം കൊട്ടാരത്തിലെത്തുന്നു. അതുകണ്ട് ശകുന്തളയെ ദുഷ്യന്തൻ ഓർമിക്കുകയും പശ്ചാത്താപവിവശനായിത്തീരുകയും ചെയ്യുന്നു. ഈ വലിയ വഴിത്തിരിവിനു കാരണം ആ മോതിരമാണ്. മോതിരം വിലയേറിയതെന്നു തോന്നാമെങ്കിലും രാജ്യത്തെ പട്ടമഹിഷിയാകേണ്ട ശകുന്തളയുടെ ജീവിതത്തിനു നാടകീയപരിവർത്തനം വരുത്തുന്ന മഹാസംഭവുമായി തട്ടിച്ചു നോക്കുമ്പോൾ മോതിരം നിസ്സാരമാണ്.
മഹാഭാരതത്തിലെ മൂലകഥയിൽനിന്നു വ്യതിചലിച്ച് ദുർവാസാവിന്റെ ശാപവും മുദ്രമോതിരവും ഭാവനാശാലിയായ കാളിദാസൻ കൂട്ടിച്ചേർത്താണ് വികാരസാന്ദ്രമായ അഭിജ്ഞാനശാകുന്തളം രചിച്ചത്. ‘നിസ്സാരകാര്യങ്ങൾ ചേർന്നു പരിപൂർണത സൃഷ്ടിക്കുന്നു. പക്ഷേ പരിപൂർണത നിസ്സാരമല്ല’ എന്ന് എക്കാലത്തെയും ബഹുമുഖ കലാപ്രതിഭയായിരുന്ന മൈക്കലാഞ്ജലോ. ഒരൊറ്റ അപസ്വരം ഗായകന്റെ മികവു നഷ്ടപ്പെടുത്തില്ലേ? അഴകിന്റെ ഉറവിടം തീരെച്ചെറുതിലെന്നു ജാപ്പനീസ് മൊഴി. ഇംഗ്ലിഷ് നോവലിസ്റ്റ് ഇ എം ഫോർസ്റ്റർ : ‘തീരെ നിസ്സാരമായ സാധനവും കണക്കാക്കാൻ കഴിയാത്തവിധം സുപ്രധാനമെന്നു തോന്നുന്ന കാലമാണിത്. യാതൊന്നും ചെറുതിനെ ആശ്രയിക്കുന്നില്ല എന്നു പറയുന്നത് ദൈവനിന്ദ പോലെ.’
മറ്റൊരു ഇംഗ്ലിഷ് നോവലിസ്റ്റ് ജെയ്ൻ ഓസ്റ്റിൻ സൂചിപ്പിച്ചത് ചില ബുദ്ധിശാലികൾ നിസ്സാരകാര്യങ്ങൾ തോന്നിയപോലെ കൈകാര്യം ചെയ്ത് നിസ്സാരമല്ലാതാക്കിക്കളയുമെന്ന്. ഉറുമ്പിൻകൂട്ടത്തിനുമേൽ വെള്ളമൊഴിച്ച് ഉപദ്രവിച്ച ആനയെ പിന്നീട് തുമ്പിക്കൈകത്തു കയറി കടിച്ച് മര്യാദ പഠിപ്പിച്ച കൊച്ചുറുമ്പിന്റെ കുട്ടിക്കഥ, തീരെച്ചെറിയവർക്ക് വളരെ വലിയവരെയും കൊമ്പുകുത്തിക്കാൻ കഴിഞ്ഞേക്കുമെന്ന വിവേകം പകർന്നുതരുന്നു. ‘തീരെ നിസ്സാര സംഗതിയും നമുക്കു ശാന്തി പകരുകയോ നമ്മെ തീവ്ര ദുഃഖത്തിലാക്കുകയോ ചെയ്തേക്കാം’ എന്നു ഫ്രഞ്ച് ഗണിതശാസ്ത്രജ്ഞനും ദാർശനികനും ആയിരുന്ന പ്രശസ്തപ്രതിഭാശാലി ബ്ലെയിസ് പാസ്കൽ (1623–1662). ചെറിയ അരുവികൾ ചേർന്നു മഹാനദികളുണ്ടാകുന്നു. വലിയ കാര്യങ്ങളുണ്ടാകുന്നതു ചെറിയ കാര്യങ്ങൾ ചേർന്നാണെന്നു ചൈനീസ് ചിന്തകൻ ലാവോട്സു. ആയിരം നാഴികയുടെ യാത്രയും തുടങ്ങുന്നത് ഒരേയൊരു ചുവടുകൊണ്ടെന്നു ചൈനീസ് മൊഴി. വലിയ കാര്യങ്ങളിൽ ശ്രദ്ധിക്കുമ്പോഴും ചെറിയവയെ അവഗണിക്കാതിരിക്കുന്നതും പ്രധാനം.