‘ഡിസിസികളെ ശക്തമാക്കും, കേരളത്തിലും പുനഃസംഘടന; ഇവിടെയിരുന്ന് ബിജെപി സേവ വേണ്ട: കോൺഗ്രസിൽ അഴിച്ചുപണി’

ബിജെപിയുടെ നേതൃത്വത്തിൽ പാർലമെന്റിനെപ്പോലും അപ്രസക്തമാക്കുന്ന നടപടികളാണ് ഉണ്ടാകുന്നതെന്നു കോൺഗ്രസ് സംഘടനാകാര്യ ജനറൽ സെക്രട്ടറി കെ.സി.വേണുഗോപാൽ. ഭരണഘടനാനുസൃതമായ കാര്യങ്ങൾക്കെതിരെയുള്ള ശക്തമായ ആക്രമത്തെ പ്രതിരോധിക്കാനും അതിജീവിക്കാനും ലോക്സഭാ തിരഞ്ഞെടുപ്പിൽ ഭരണഘടന മുൻനിർത്തി നടത്തിയ പോരാട്ടം ഒരുപരിധിവരെ വിജയിച്ചെന്നും അദ്ദേഹം പറഞ്ഞു. അഹമ്മദാബാദിൽ എഐസിസി സമ്മേളനം ആരംഭിക്കാനിരിക്കെ, കോൺഗ്രസ് സംഘടനാകാര്യ ജനറൽ സെക്രട്ടറി കെ.സി.വേണുഗോപാൽ, മലയാള മനോരമ ഡൽഹി ചീഫ് ഓഫ് ബ്യൂറോ ജോമി തോമസിനോടു സംസാരിക്കുന്നു.
ബിജെപിയുടെ നേതൃത്വത്തിൽ പാർലമെന്റിനെപ്പോലും അപ്രസക്തമാക്കുന്ന നടപടികളാണ് ഉണ്ടാകുന്നതെന്നു കോൺഗ്രസ് സംഘടനാകാര്യ ജനറൽ സെക്രട്ടറി കെ.സി.വേണുഗോപാൽ. ഭരണഘടനാനുസൃതമായ കാര്യങ്ങൾക്കെതിരെയുള്ള ശക്തമായ ആക്രമത്തെ പ്രതിരോധിക്കാനും അതിജീവിക്കാനും ലോക്സഭാ തിരഞ്ഞെടുപ്പിൽ ഭരണഘടന മുൻനിർത്തി നടത്തിയ പോരാട്ടം ഒരുപരിധിവരെ വിജയിച്ചെന്നും അദ്ദേഹം പറഞ്ഞു. അഹമ്മദാബാദിൽ എഐസിസി സമ്മേളനം ആരംഭിക്കാനിരിക്കെ, കോൺഗ്രസ് സംഘടനാകാര്യ ജനറൽ സെക്രട്ടറി കെ.സി.വേണുഗോപാൽ, മലയാള മനോരമ ഡൽഹി ചീഫ് ഓഫ് ബ്യൂറോ ജോമി തോമസിനോടു സംസാരിക്കുന്നു.
ബിജെപിയുടെ നേതൃത്വത്തിൽ പാർലമെന്റിനെപ്പോലും അപ്രസക്തമാക്കുന്ന നടപടികളാണ് ഉണ്ടാകുന്നതെന്നു കോൺഗ്രസ് സംഘടനാകാര്യ ജനറൽ സെക്രട്ടറി കെ.സി.വേണുഗോപാൽ. ഭരണഘടനാനുസൃതമായ കാര്യങ്ങൾക്കെതിരെയുള്ള ശക്തമായ ആക്രമത്തെ പ്രതിരോധിക്കാനും അതിജീവിക്കാനും ലോക്സഭാ തിരഞ്ഞെടുപ്പിൽ ഭരണഘടന മുൻനിർത്തി നടത്തിയ പോരാട്ടം ഒരുപരിധിവരെ വിജയിച്ചെന്നും അദ്ദേഹം പറഞ്ഞു. അഹമ്മദാബാദിൽ എഐസിസി സമ്മേളനം ആരംഭിക്കാനിരിക്കെ, കോൺഗ്രസ് സംഘടനാകാര്യ ജനറൽ സെക്രട്ടറി കെ.സി.വേണുഗോപാൽ, മലയാള മനോരമ ഡൽഹി ചീഫ് ഓഫ് ബ്യൂറോ ജോമി തോമസിനോടു സംസാരിക്കുന്നു.
‘‘ഇന്ത്യാ മുന്നണി സംസ്ഥാനങ്ങളിൽ മുഴുവൻ ഐക്യമുണ്ടാക്കുന്ന സംവിധാനമല്ല. അതു ദേശീയമായി ജനാധിപത്യത്തിലെ മൗലിക കാര്യങ്ങൾക്കെതിരെ ബിജെപി വെല്ലുവിളി ഉയർത്തുമ്പോൾ പ്രാദേശികമായ എല്ലാ ഭിന്നതകളും മറന്നുള്ള ദേശീയ ഐക്യത്തിന്റെ സാധ്യതയാണു പരീക്ഷിച്ചത്. അതു വിജയമാണെന്നു വ്യക്തമായി. വഖഫ് ബിൽ വന്നപ്പോഴും പാർലമെന്റിൽ അതു തെളിയിച്ചു.’’– കെ.സി.വേണുഗോപാൽ ചൂണ്ടിക്കാട്ടി. ഡിസിസികളെ ശക്തിപ്പെടുത്തുക, പിസിസികളിലും വലിയ മാറ്റമുണ്ടാക്കുക തുടങ്ങിയവയാണു പാർട്ടിയുടെ ലക്ഷ്യങ്ങൾ. പ്രധാനമന്ത്രി നരേന്ദ്ര മോദിക്കുള്ള രാഷ്ട്രീയ സന്ദേശമാണോ അഹമ്മദാബാദിലെ എഐസിസി സമ്മേളനം? കോൺഗ്രസിൽ സമഗ്രമായ പൊളിച്ചുപണി സംഭവിക്കുമോ? പ്രശ്നങ്ങളില്ലാതെ കേരളത്തിലെ അഴിച്ചുപണി സാധ്യമോ? കോൺഗ്രസിലിരുന്നു ബിജെപിയെ സേവിക്കുന്നവരെക്കുറിച്ചു എന്താണു പറയാനുള്ളത്? – കെ.സി.വേണുഗോപാൽ വിശദമായി സംസാരിക്കുന്നു.
∙ അഹമ്മദാബാദ് എഐസിസി സമ്മേളനത്തിന്റെ പ്രസക്തിയെന്താണ്?
മഹാത്മാ ഗാന്ധിയുടെയും സർദാർ പട്ടേലിന്റെയും ജന്മസ്ഥലമായ ഗുജറാത്തിൽ എഐസിസി സമ്മേളനം നടത്താൻ ബെളഗാവിയിൽ ചേർന്ന വിശാല പ്രവർത്തക സമിതിയാണു തീരുമാനിച്ചത്. ഇപ്പോഴത്തെ ഭരണകൂടത്തിനു ഗാന്ധിജി ഉൾപ്പെടെയുള്ള ദേശീയ നേതാക്കളെ തമസ്കരിക്കാനുള്ള രാഷ്ട്രീയ അജൻഡയുണ്ട്. അതിനെതിരെയുള്ള രാഷ്ട്രീയ പ്രചാരണത്തിന്റെ ഭാഗമായാണ് സമ്മേളനം. ഗാന്ധിജി ഉയർത്തിയ ആശയങ്ങൾ, ഭരണഘടനയുടെ സംരക്ഷണം തുടങ്ങിയവ എടുത്തുപറഞ്ഞാണ് പ്രചാരണം.
∙ ഗുജറാത്തായതിനാൽ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കുള്ള രാഷ്ട്രീയ സന്ദേശംകൂടി ഉദ്ദേശിക്കുന്നുണ്ടോ?
തീർച്ചയായും. നിലവിലെ സർക്കാരിനെ നയിക്കുന്നത് അദ്ദേഹമാണല്ലോ. രാജ്യത്തിന്റെ ഭരണഘടനാ സംവിധാനങ്ങളെയത്രയും ചോദ്യംചെയ്യുന്ന രീതിയിലാണു കാര്യങ്ങൾ മുന്നോട്ടുപോകുന്നത്. ഭരണഘടന ഉയർത്തിപ്പിടിച്ചുള്ള ഞങ്ങളുടെ പോരാട്ടം രണ്ടുമൂന്നു വർഷമായി ശക്തിയോടെ പോകുകയാണ്. രാജ്യം മറ്റൊരു ഘട്ടത്തിലേക്കു പോകുന്നു. ഭരണഘടനാ സ്ഥാപനങ്ങളെ ഹൈജാക്ക് ചെയ്യുകയോ വരുതിക്കു നിർത്തുകയോ ചെയ്യുന്നതും ജനാധിപത്യ അവകാശങ്ങളെ നിഷേധിക്കുന്നതുമായ ഭരണകൂടമാണു നിലവിലുള്ളത്. ഒാരോ ദിവസവും ഒാരോ പ്രവൃത്തിയിലും അതു വ്യക്തമാകുന്നു.
പാർലമെന്റിനെപ്പോലും അപ്രസക്തമാക്കുന്ന നടപടികളാണ് ഉണ്ടാകുന്നത്. ഭരണഘടനാനുസൃതമായ കാര്യങ്ങൾക്കെതിരെയുള്ള ശക്തമായ ആക്രമണത്തെ പ്രതിരോധിക്കാനും അതിജീവിക്കാനും ലോക്സഭാ തിരഞ്ഞെടുപ്പിൽ ഭരണഘടന മുൻനിർത്തി ഞങ്ങൾ നടത്തിയ പോരാട്ടം ഒരുപരിധിവരെ വിജയിച്ചു. വിജയം പൂർണമായിട്ടില്ല. ബാക്കിയുള്ള പോരാട്ടം ജനങ്ങളിലേക്ക് എത്തിക്കാനുള്ള ശ്രമമാണ്. അതുപോലെതന്നെ ജനങ്ങളുടെ പ്രശ്നങ്ങൾ ചർച്ച ചെയ്യപ്പെടണം. അതു തടയാനുള്ള ‘ഡിസ്റ്റോർഷൻ പൊളിറ്റിക്സ്’ ആണ് ബിജെപിയും സർക്കാരും ആഗ്രഹിക്കുന്നത്.
∙ ലോക്സഭാ തിരഞ്ഞെടുപ്പു കഴിഞ്ഞതോടെ കോൺഗ്രസിന് ഊർജം നഷ്ടപ്പെട്ടു. നിയമസഭാ തിരഞ്ഞെടുപ്പുകളിലെ പരാജയം കൂടിയായപ്പോൾ ക്ഷീണം കൂടിയോ?
ഹരിയാനയിലെയും മഹാരാഷ്ട്രയിലെയും ഫലങ്ങൾ വിശകലനം ചെയ്തപ്പോൾ ഞെട്ടിപ്പിക്കുന്ന വിവരങ്ങളാണു ഞങ്ങൾക്കു ബോധ്യപ്പെട്ടത്. അതുകൂടി ചേർത്തുവച്ചാണു ഞങ്ങൾ പലതും പറയാൻ ഉദ്ദേശിക്കുന്നത്. രാജ്യത്തു നീതിപൂർവമായ തിരഞ്ഞെടുപ്പു വ്യവസ്ഥ ഉണ്ടാകാതിരിക്കാനുള്ള എല്ലാ നീക്കങ്ങളുമാണു സർക്കാർ നടത്തിയത്. അതു ഹരിയാനയിലും മഹാരാഷ്ട്രയിലും വ്യക്തമായി. വോട്ടർ പട്ടികയിലുണ്ടായതു ഭീകരമായ ക്രമക്കേടുകളാണ്. ഞങ്ങൾ ഉന്നയിച്ച കാര്യങ്ങൾ ഭാഗികമായി അംഗീകരിച്ച് ആധാറും വോട്ടർ തിരിച്ചറിയൽ കാർഡുമായി ബന്ധിപ്പിക്കുന്നതു ചർച്ച ചെയ്യാൻ സമിതിയെ വയ്ക്കാമെന്നു തിരഞ്ഞെടുപ്പു കമ്മിഷൻ പറഞ്ഞു. എന്നാൽ, അന്തിമ വോട്ടുവിവരങ്ങൾ ഞങ്ങൾക്കു നൽകണമെന്നു പറഞ്ഞിട്ട് ഇനിയും തയാറായിട്ടില്ല.
∙ പ്രതിപക്ഷ ഐക്യം തിരഞ്ഞെടുപ്പിനുശേഷം മുന്നോട്ടുകൊണ്ടുപോകാൻ കോൺഗ്രസ് താൽപര്യപ്പെട്ടില്ല. ഒരു യോഗം പോലും കൂടിയില്ല?
അങ്ങനെ പറയുന്നതു തെറ്റാണ്. ഇന്ത്യാ മുന്നണിയെന്ന സങ്കൽപത്തെക്കുറിച്ചുതന്നെ തെറ്റായ ധാരണയുള്ളതുകൊണ്ടാണ് ഇങ്ങനെ പറയുന്നത്. ഇന്ത്യാ മുന്നണി സംസ്ഥാനങ്ങളിൽ മുഴുവൻ ഐക്യമുണ്ടാക്കുന്ന സംവിധാനമല്ല. അതു ദേശീയമായി ജനാധിപത്യത്തിലെ മൗലിക കാര്യങ്ങൾക്കെതിരെ ബിജെപി വെല്ലുവിളി ഉയർത്തുമ്പോൾ പ്രാദേശികമായ എല്ലാ ഭിന്നതകളും മറന്നുള്ള ദേശീയ ഐക്യത്തിന്റെ സാധ്യതയാണു പരീക്ഷിച്ചത്. അതു വിജയമാണന്നു വ്യക്തമായി. വഖഫ് ബിൽ വന്നപ്പോഴും പാർലമെന്റിൽ അതു തെളിയിച്ചു. ഇടയ്ക്കു ചില അസ്വാരസ്യങ്ങൾ സംസ്ഥാനതലത്തിൽ ഉണ്ടാകാതിരിക്കില്ല. ബംഗാളിലും കേരളത്തിലും പഞ്ചാബിലും ഡൽഹിയിലുമൊക്കെ തിരഞ്ഞെടുപ്പിന് ഇന്ത്യാ മുന്നണി കക്ഷികളുമായി ധാരണയുണ്ടാക്കുന്നതു ഞങ്ങൾ ആലോചിച്ചെങ്കിലും കൂടുതൽ പ്രശ്നങ്ങളിലേക്കു പോകുമെന്നാണു വിലയിരുത്തിയത്.
∙ സംസ്ഥാനങ്ങളിലെ ഐക്യമല്ല, ലോക്സഭാ തിരഞ്ഞെടുപ്പു കഴിഞ്ഞതോടെ കൂട്ടുകെട്ട് അവസാനിച്ചു എന്ന പ്രതീതിയാണുള്ളത്. അല്ലെങ്കിൽ കോൺഗ്രസിനു മാത്രമേ ഇന്ത്യാ മുന്നണി സങ്കൽപത്തിന്റെ അർഥം അറിയൂ എന്നു കരുതണം.
തെറ്റായ കാഴ്ചപ്പാടാണത്. മുന്നണി യോഗം കൂടാൻ പ്രശ്നവുമുണ്ടായിട്ടല്ല. ഹരിയാനയിലും പിന്നാലെ മഹാരാഷ്ട്രയിലും തിരഞ്ഞെടുപ്പു വന്നു. ആ തിരഞ്ഞെടുപ്പുകളിൽ ഞങ്ങൾക്കിടയിൽ അഭിപ്രായഭിന്നത ഉണ്ടായെന്നതു യാഥാർഥ്യമാണ്. ബംഗാളിലൊക്കെ അതു രൂക്ഷമായിരുന്നു. ഒന്നിച്ചുകൂടി അഭിപ്രായങ്ങൾ ക്രോഡീകരിക്കുന്നതിനു പകരം അവിടെ വേറൊരു പ്രശ്നമുണ്ടാക്കേണ്ടതില്ല എന്നതുകൊണ്ടാണു യോഗം ചേരാത്തത്. മുന്നണിക്കകത്തു പ്രധാനപ്പെട്ട എല്ലാ വിഷയങ്ങളിലും അനൗപചാരിക കൂടിയാലോചനകൾ നന്നായി നടക്കുന്നുണ്ട്. മീറ്റിങ്ങിന്റെ രൂപത്തിൽ കൂടിയിട്ടില്ലെന്നു പറഞ്ഞാൽ സാങ്കേതികമായി ശരിയായിരിക്കാം. അത്തമൊരു ആവശ്യകത കാര്യമായി വന്നിട്ടില്ലെന്നതാണു യാഥാർഥ്യം.
∙ മുന്നണി തിരഞ്ഞെടുപ്പിനുള്ളതു മാത്രമാക്കി ഒതുക്കരുതെന്നാണു സിപിഎം പറയുന്നത്. ദേശീയമായി സാംസ്കാരികവും സാമൂഹികവുമായ കൂട്ടായ്മയാക്കി സജീവമാക്കി നിലനിർത്തണമെന്ന്.
അതു പ്രവർത്തിച്ചു മുന്നോട്ടുപോകുമ്പോൾ ഉണ്ടാകേണ്ട കാര്യമാണ്. മുന്നണി ഉണ്ടായതു ലോക്സഭാ തിരഞ്ഞെടുപ്പിന് ആറു മാസം മുൻപാണ്. ഒരു വർഷത്തിനുള്ളിലാണു മുന്നണി എന്ന ആശയം രൂപപ്പെട്ടത്. ഒറ്റയടിക്കു കയറി എല്ലാ തലത്തിലും യോജിപ്പുണ്ടാക്കുക ഇത്രയും സങ്കീർണമായ മുന്നണിക്കു സാധ്യമാകുന്ന കാര്യമല്ല. മുന്നണിയുടെ ആത്മാവ് വിശാലമാണെന്നു മുന്നണിയിലെ എല്ലാ കക്ഷിയും അംഗീകരിക്കുന്ന കാര്യമാണ്. ചില ദേശീയ പ്രശ്നങ്ങളിൽ മുന്നണിക്കകത്ത് അഭിപ്രായ വ്യത്യാസങ്ങളുണ്ട്.
ബിജെപിയുടെ സ്വേഛാധിപത്യം, രാജ്യത്തിന്റെ ജനാധിപത്യ അവകാശങ്ങളെയും ഭരണഘടനയെയും ചോദ്യം ചെയ്യുന്ന ശൈലി എന്നിവയെക്കുറിച്ചു മുന്നണിയിൽ അടിസ്ഥാനപരമായ യോജിപ്പുണ്ട്. സാധ്യതകളെ പരമാവധി മുതലെടുത്ത് ഐക്യത്തോടെ മുന്നോട്ടുപോകാൻ കോൺഗ്രസ് താൽപര്യപ്പെടുന്നു. കുറ്റപ്പെടുത്തുന്നവർക്കു കുറ്റപ്പെടുത്താം. എന്നാൽ, ഞങ്ങൾ എല്ലാവരുമായിട്ടും ചർച്ചയ്ക്കു മുൻകൈ എടുക്കാറുണ്ട്. ഇന്ത്യാ മുന്നണിക്കു പ്രതിബന്ധങ്ങളുണ്ടാക്കുന്നതു കോൺഗ്രസ് അല്ല.
∙ തിരഞ്ഞെടുപ്പിലൊതുങ്ങാതെ വിവിധ മേഖലകളിലെ വിശാല ഐക്യം?
അതിനു കോൺഗ്രസിന് ഒരുവിധ ബുദ്ധിമുട്ടുമില്ല; അതേക്കുറിച്ചു വ്യക്തമായ കാഴ്ചപ്പാടുണ്ട്. ഇന്ത്യയുടെ സാമൂഹിക സാംസ്കാരിക ഭാവങ്ങളെ ഉൾക്കൊണ്ടും ഇന്ത്യാ മുന്നണിയിലെ മാത്രമല്ല, മുന്നണിക്കു പുറത്തുള്ള ശക്തികളെയും യോജിപ്പിച്ചുകൊണ്ടുമാണു ഞങ്ങൾ ഭാരത് ജോഡോ യാത്ര നടത്തിയത്. എല്ലാ മേഖലകളും ഐക്യം വേണമെന്നതിൽ കോൺഗ്രസിന് അഭിപ്രായ വ്യത്യാസമില്ല. പക്ഷേ, സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പു വരുമ്പോൾ നമ്മൾ ഉദ്ദേശിക്കുന്ന രീതിയിലായിരിക്കില്ല അതു പോകുക. അപ്പോൾ പ്രയാസങ്ങൾ വരും. ഇപ്പോൾ കേരളത്തിലും ബംഗാളിലും തിരഞ്ഞെടുപ്പു വരാൻ പോകുകയാണ്. ആ സംസ്ഥാനങ്ങളിൽ താഴേത്തട്ടിൽ ഞങ്ങൾക്ക് ഇടതുപക്ഷത്തോടു യോജിച്ചു പ്രവർത്തിക്കാൻ പറ്റില്ല. അതിന്റെ സാങ്കേതികത്വം കൂടി പരിഗണിച്ച് വിശാലമായ ദേശീയ ഐക്യത്തിൽ പോകണമെന്നാണു കാഴ്ചപ്പാട്.
∙ ബെളഗാവിയിൽ പറഞ്ഞത് 2025 സംഘടനയെ പൊളിച്ചുപണിയുന്നതിനുള്ള വർഷമായിരിക്കുമെന്നാണ്. ഇപ്പോൾ ഉദ്ദേശിക്കുന്നത് എത്ര വലിയ പുനഃസംഘടനയാണ്. കോൺഗ്രസിൽ സമഗ്രമായ പൊളിച്ചുപണി കാണാറില്ല. എപ്പോഴും കുറച്ചുകുറച്ച് അഴിച്ചുപണിയാണ്.
അടിസ്ഥാനപരമായി സമഗ്ര അഴിച്ചുപണിയിലേക്കാണു പോകുന്നത്. ഡൽഹിയിൽ കഴിഞ്ഞ ദിവസങ്ങളിൽ ഡിസിസി പ്രസിഡന്റുമാരെ വിളിച്ചുചേർത്ത് അഭിപ്രായം ചോദിച്ചു. 20 വർഷത്തിനു ശേഷമായിരുന്നു അത്തരമൊരു യോഗം. അവർക്കു പറയാനുള്ളതും മല്ലികാർജുൻ ഖർഗെയും രാഹുൽ ഗാന്ധിയും കേട്ടു; മറുപടി പറഞ്ഞു. ചില സംസ്ഥാനങ്ങളിൽ ഇപ്പോൾ മണ്ഡലം കമ്മിറ്റികളില്ല. കഴിഞ്ഞ പ്ലീനറിയിലാണു കേരളത്തിലെ ശൈലിയിൽ മണ്ഡലം കമ്മിറ്റികളുണ്ടാക്കാൻ തീരുമാനിച്ചത്. അതു പകുതി സ്ഥലങ്ങളിൽ നടന്നു. ബാക്കി നടക്കാനുണ്ട്.
അടുത്ത ലോക്സഭാ തിരഞ്ഞെടുപ്പിനു മുൻപ് പാർട്ടിയെ ശക്തിപ്പെടുത്തണം. അതിനിടയിൽ നിയമസഭാ തിരഞ്ഞെടുപ്പുകളുണ്ടാവും. ഒാരോ വർഷവും ഏതെങ്കിലും സംസ്ഥാനത്തു തിരഞ്ഞെടുപ്പുണ്ടാവും. തിരഞ്ഞെടുപ്പെന്ന കാരണം പറഞ്ഞു മാറ്റിവച്ചാൽ പുനഃസംഘടന നടത്താനേ പറ്റില്ല.
ബൂത്ത്, മണ്ഡലം, ബ്ലോക്ക് കമ്മിറ്റികളെ ശക്തിപ്പെടുത്താനുള്ള ബൃഹത്തായ പദ്ധതിയാണ് ഉദ്ദേശിക്കുന്നത്. ഡിസിസികളെ ശക്തിപ്പെടുത്തി അവയിലൂടെ താഴെയുള്ള കമ്മിറ്റികളിൽ അടിസ്ഥാനപരമായ മാറ്റമുണ്ടാക്കുക. ഒപ്പം, പിസിസികളിലും വലിയ മാറ്റമുണ്ടാക്കുക. അതിനുള്ള ബ്ലൂപ്രിന്റുമായാണു മുന്നോട്ടുപോകുന്നത്. ഡിസിസികൾക്കു കൂടുതൽ അധികാരങ്ങളും ഉത്തരവാദിത്തങ്ങളും നൽകി, ഏറ്റവും കഴിവുള്ള ആളുകളെ ഡിസിസി പ്രസിഡന്റ് സ്ഥാനത്തേക്കു കൊണ്ടുവരാനാണ് ആലോചന.
∙ ഡിസിസികളെ അങ്ങനെ ശക്തിപ്പെടുത്തുമ്പോൾ പിസിസി ദുർബലമാകാമെന്ന ആശങ്ക പലർക്കുമുണ്ട്?
അങ്ങനെയുണ്ടാവില്ല. പിസിസികളുടെ അധികാരം നിലനിർത്തും. എന്നാൽ, ഡിസിസികളെ ശാക്തീകരിക്കാതെ മുന്നോട്ടുപോകാനാവില്ല. പാർട്ടി താഴെത്തട്ടിൽ ശക്തിപ്പെടണമെങ്കിൽ കമ്മിറ്റികൾ ശക്തിപ്പെടണം. യുപിയിലൊക്കെ പതിനായിരക്കണക്കിനു മണ്ഡലം കമ്മിറ്റികളുണ്ട്. അവിടെ പിസിസി ശക്തിപ്പെടുത്തിയതുകൊണ്ടു മാത്രം ജില്ലകളിലെ മറ്റു കമ്മിറ്റികൾ ശക്തിപ്പെടില്ല. അതാണു ഞങ്ങൾക്കു വന്ന ദൗർബല്യമെന്നു വിലയിരുത്തിയിട്ടുണ്ട്. എന്നുവച്ച് പിസിസിയെ ദുർബലപ്പെടുത്താൻ ഉദ്ദേശിക്കുന്നില്ല. കൂടുതൽ അധികാരം അവർക്കുണ്ടെങ്കിൽ അതു കുറയ്ക്കും; എന്നാൽ, നിർണായകമായ റോൾ ഉറപ്പാക്കും.
∙ കേന്ദ്ര സർക്കാർ ജില്ലാ കലക്ടർമാരിലൂടെ കാര്യങ്ങൾ നടത്തുന്നതു പോലൊരു സാഹചര്യമുണ്ടാവില്ല?
നിങ്ങൾ ഇതിനെയെല്ലാം വിമർശനപരമായി വ്യാഖ്യാനിക്കുകയാണ്. കേരളത്തിലെ ഡിസിസികൾക്കുള്ള അധികാരത്തിന്റെ പകുതി പോലും മറ്റു സംസ്ഥാനങ്ങളിലില്ല; മണ്ഡലം പ്രസിഡന്റിനെ നിശ്ചയിക്കാൻപോലും അധികാരമില്ല. പഞ്ചായത്ത് വാർഡുകളിൽ സ്ഥാനാർഥികളെ നിർണയിക്കാനുള്ള അധികാരവുമില്ല. തുറന്നുപറഞ്ഞാൽ, ഡിസിസികളെയൊക്കെ നിയന്ത്രിക്കുന്നതു നേതാക്കളാണ്. അവരുടെ നോമിനികളാണ് പലപ്പോഴും ഡിസിസി പ്രസിഡന്റാകുന്നത്. എങ്കിൽ ആ നേതാക്കൾതന്നെ ഡിസിസി പ്രസിഡന്റാകട്ടെയെന്നാണു ഞങ്ങളുടെ ആലോചന. എന്റെ നോമിനിക്കു പകരം, ഞാൻ ഡിസിസി പ്രസിഡന്റാവണം. എന്നിട്ടു ജില്ലയിലെ പാർട്ടിയെ ശക്തിപ്പെടുത്താനുള്ള വെല്ലുവിളി ഏറ്റെടുക്കണം. പലയിടത്തും ഡിസിസികൾ നാമമാത്ര കമ്മിറ്റികളായി മാറി. പാർട്ടി ഭരണഘടനയനുസരിച്ചുള്ള അധികാരങ്ങൾ പ്രയോഗിക്കാൻ അവർക്കു പറ്റുന്നില്ല.
∙ ഇങ്ങനെയൊരു മാറ്റം ഉദ്ദേശിക്കുമ്പോൾ 862 ഡിസിസി പ്രസിഡന്റുമാരുടെ യോഗം വിളിച്ചതിന്റെ യുക്തിയെന്താണ്?
നിലവിലെ സംവിധാനത്തിലുള്ളത് അവരല്ലേ? എന്താണ് അവരുടെ അഭിപ്രായം എന്നറിയേണ്ടേ? നിങ്ങൾക്ക് അധികാരങ്ങളുണ്ടോ, എന്തൊക്കെയാണ് ന്യൂനതകൾ, നിങ്ങൾ നേരിടുന്ന പ്രതിസന്ധികൾ എന്തൊക്കെ, എവിടുന്നൊക്കെ സഹായം കിട്ടുന്നു, കിട്ടുന്നില്ല, ഈ ചർച്ചകളാണ് ഉണ്ടായത്. അതിലെ എല്ലാവരെയും ഒറ്റയടിക്കു മാറ്റാൻ പോകുന്നില്ലല്ലോ. വളരെ കഴിവുള്ള കുറെയാളുകൾ അതിലുണ്ട്. ഒരു വർഷമായവരും ഒന്നരവർഷമായവരുമുണ്ട്. അവരെ മാറ്റേണ്ട കാര്യമില്ല. ഉടനെ 800 ഡിസിസികളെ മാറ്റാനല്ല ഉദ്ദേശിക്കുന്നത്. ഡിസിസികളെ ശക്തിപ്പെടുത്തിയും കഴിവുള്ളവരെ ഉപയോഗപ്പെടുത്തിയും ഒരു വർഷംകൊണ്ട് മാറ്റം പൂർത്തിയാക്കാനാണു തീരുമാനം. പരിശീലനം എന്നതു പാർട്ടിയിൽ നിന്നുപോയ സംഗതിയാണ്. അതും ശക്തിപ്പെടുത്തണം. സമൂഹമാധ്യമങ്ങളിൽ പാർട്ടിയുടെ സാന്നിധ്യം ശക്തമാക്കാൻ നടപടിയുണ്ടാവണം.
∙ അടുത്ത വർഷം തിരഞ്ഞെടുപ്പുള്ള കേരളത്തിലും തമിഴ്നാട്ടിലുമൊക്കെ ഉടനെ ഇത്തരത്തിലുള്ള മാറ്റം വന്നാൽ ശരിയാകുമോ?
ഒറ്റയടിക്കു നടപ്പാക്കാനല്ലല്ലോ ഉദ്ദേശിക്കുന്നത്. കൃത്യമായി പറഞ്ഞാൽ 2029 ആണ് ലക്ഷ്യം. അടുത്ത ലോക്സഭാ തിരഞ്ഞെടുപ്പിനു മുൻപ് പാർട്ടിയെ ശക്തിപ്പെടുത്തണം. അതിനിടയിൽ നിയമസഭാ തിരഞ്ഞെടുപ്പുകളുണ്ടാവും. ഒാരോ വർഷവും ഏതെങ്കിലും സംസ്ഥാനത്തു തിരഞ്ഞെടുപ്പുണ്ടാവും. തിരഞ്ഞെടുപ്പെന്ന കാരണം പറഞ്ഞു മാറ്റിവച്ചാൽ പുനഃസംഘടന നടത്താനേ പറ്റില്ല. താരതമ്യേന തിരഞ്ഞെടുപ്പു കുറവുള്ള വർഷമാണ് 2025. തിരഞ്ഞെടുപ്പുള്ള സംസ്ഥാനങ്ങളിൽ ഒറ്റയടിക്കു താഴെത്തട്ടിൽ പുനഃസംഘടന നടത്താൻ പറ്റില്ലെന്നു നന്നായറിയാം.
∙ കേരളത്തിൽ ഉടനെയൊന്നും സംഭവിക്കില്ലെന്ന് അർഥമാക്കാം?
ആ അർഥത്തിലേക്കു പോകേണ്ട. പ്രയോഗികതലങ്ങളിൽ ചെയ്യാൻ പറ്റുന്നിടത്തൊക്കെ ചെയ്യും. ഒരു വർഷമേ ഉള്ളൂവെങ്കിലും, ഏറ്റവും ദുർബലമായ കമ്മിറ്റികളാണെങ്കിൽ, അങ്ങനെതന്നെ കൊണ്ടുപോകുന്നതിനെക്കാൾ നല്ലതു പുതിയതു വന്നിട്ട് എട്ടു മാസം വർക്ക് ചെയ്യുന്നതല്ലേ. കൃത്യമായ വിലയിരുത്തലുണ്ടാവും, അതിനു സംവിധാനമുണ്ടാക്കും.
ബിഹാറിലും തമിഴ്നാട്ടിലും ഹരിയാനയിലുമൊക്കെ പിസിസിയിൽ ഒരുകാലത്തുമുണ്ടാവാത്ത വിധത്തിൽ പട്ടിക വിഭാഗങ്ങൾക്കും ഒബിസികൾക്കും ന്യൂനപക്ഷങ്ങൾക്കും 50 ശതമാനത്തിലേറെ പദവികൾ നൽകി. അതുപോലെ, ചെറുപ്പക്കാർക്കും വനിതകൾക്കുമുള്ള പ്രാതിനിധ്യം വർധിച്ചു.
∙ കേരളത്തിൽ ഒരു വർഷത്തിനുള്ളിൽ എത്രത്തോളം മാറ്റം?
നിലവിലുള്ളവതിൽ മെച്ചപ്പെട്ടതിനെ നിലനിർത്തിയും മറ്റിടങ്ങളിൽ മാറ്റം വരുത്തിയും മുന്നോട്ടുപോകും. ഏതു സമയവും കേരളത്തിലെ അഴിച്ചുപണി ചർച്ചയ്ക്കു വിധേയമാവും. കേരളം മാത്രമല്ല, ഇന്ത്യയിൽ മൊത്തത്തിലുള്ള നടപടിയാണ്. കേരളത്തിലെ നേതാക്കളുടെ യോഗം വിളിച്ചിരുന്നു. അതിലൊരു ധാരണയുണ്ടായിട്ടുണ്ട്. അന്തിമരൂപം വരുത്താനുള്ള വ്യക്തതയ്ക്കായി എഐസിസിക്കുവേണ്ടി കാത്തിരിക്കുകയാണ്.
∙ തിരഞ്ഞെടുപ്പിനെ ബാധിക്കാവുന്ന പ്രശ്നങ്ങളില്ലാതെ കേരളത്തിലെ അഴിച്ചുപണി സാധിക്കുമെന്നു വിശ്വാസമുണ്ടോ?
പൂർണമായും. അഴിച്ചുപണിയെന്നു പറയുമ്പോൾ, കേരളത്തിലെ സംഘടനയെ തിരഞ്ഞെടുപ്പിനു സജ്ജമാക്കാനുള്ള പ്രക്രിയ പൂർത്തീകരിക്കാനാവും. അത് അഴിച്ചുപണിയാണോ നിലവിലേതിനെ ശക്തിപ്പെടുത്തലാണോയെന്നു കൂട്ടായി ആലോചിക്കും.
∙ പരിഷ്കാരങ്ങളെ ആരുടെ ആശയങ്ങളെന്നു പറയാം?
കൂട്ടായിട്ടുള്ള ആശയമാണ്. രാഹുൽ ഗാന്ധിയും കോൺഗ്രസ് പ്രസിഡന്റുമായുള്ള ചർച്ചകളിൽ പാർട്ടിയെ ശക്തപ്പെടുത്താനുള്ള കാര്യങ്ങൾ ഉയർന്നുവന്നപ്പോൾ വർക്കിങ് കമ്മിറ്റിയിൽ ചർച്ച ചെയ്യാമെന്നു തീരുമാനിച്ചു. അങ്ങനെ ബെളഗാവിയിൽ ചർച്ചയുണ്ടായി. അതിനുശേഷം ഇതിനുള്ള ശുപാർശകൾ നൽകാൻ സമിതിയുണ്ടാക്കി. ശുപാർശകൾ പരിഗണിക്കാൻ രാഹുലും ഖർഗെയും രണ്ടു മൂന്നു തവണ യോഗം കൂടി. പല തലത്തിലും ചർച്ചകൾ നടത്തി. പിന്നെ ജനറൽ സെക്രട്ടറിമാരെ വിളിച്ചുകൂട്ടി ചർച്ച നടത്തി.
∙ പാർട്ടിയെ നന്നാക്കാനുള്ള രാഹുൽ ഗാന്ധിയുടെ ആശയങ്ങൾ എന്നു പറയാനാവില്ല. കൂട്ടായുള്ളതാണ്.
രാഹുൽ ഗാന്ധിയുടെ ആശയങ്ങളുണ്ട്. പ്രസിഡന്റാണ് ആശയങ്ങൾ പാർട്ടിക്കു മുന്നിൽ വച്ചത്. ഡിസിസികളെ ശക്തമാക്കണമെന്ന ആശയം രാഹുൽ ശക്തമായി മുന്നോട്ടുവച്ചതാണ്.
∙ കഴിവുള്ളവരെയൊക്കെ പ്രയോജനപ്പെടുത്തണമെന്നു പറയുമ്പോൾ, പ്രിയങ്ക ഗാന്ധി ഇപ്പോഴും ചുമതലകളില്ലാത്ത ജനറൽ സെക്രട്ടറിയായി തുടരുന്നത് എന്തുകൊണ്ടാണ്?
മറ്റാർക്കുമില്ലാത്ത പരിഗണന സംഘടനാപരമായി നോക്കുമ്പോൾ പോരായ്മയാണ്. പ്രിയങ്ക ഗാന്ധി തിരഞ്ഞെടുപ്പിന്റെ തിരക്കിലായിരുന്നു. അവർക്കും ഉത്തരവാദിത്തങ്ങളുണ്ടാവും. ഇപ്പോൾ ഉത്തരവാദിത്തമുള്ള സെക്രട്ടറിയെക്കാൾ കൂടുതൽ ജോലികൾ അവർ ചെയ്യുന്നുണ്ട്. പാർട്ടിയുടെ എല്ലാ പ്രചാരണ രംഗത്തും പ്രധാന മുഖമാണ്. പാർലമെന്റിൽ വന്നിട്ട് മൂന്നുമാസമേ ആയിട്ടുള്ളൂവെങ്കിലും ശക്തമായ സാന്നിധ്യമായി. പാർട്ടിയുമായി ബന്ധപ്പെട്ട് ആവശ്യപ്പെടുന്ന എല്ലാ കാര്യങ്ങളിലും അവർ സഹകരിക്കുന്നു, സഹായിക്കുന്നു. കൃത്യമായൊരു ചുമതലയില്ലെന്നതു ശരിയാണ്. അത് പാർട്ടി ആലോചിച്ചുകൊണ്ടിരിക്കുകയാണ്. വരുന്ന ദിവസങ്ങളിൽതന്നെ തീരുമാനമുണ്ടാവും.
∙ പ്രിയങ്കയ്ക്ക് സംഘടനാച്ചുമതലയാണു താൽപര്യം. അതു കിട്ടാത്തതുകൊണ്ടാണു ചുമതലയില്ലാതെ പോകുന്നതെന്നു പറയുന്നതു ശരിയാണോ?
പ്രിയങ്ക ഗാന്ധിക്കു താൽപര്യമുണ്ടായിരുന്നെങ്കിൽ എന്നേ അതായേനെ. രണ്ടും കൂടി പറയരുത്. ഒരു ഭാഗത്തു പറയും ഗാന്ധി കുടുംബമാണ് എല്ലാം തീരുമാനിക്കുന്നതെന്ന്. മറുവശത്ത് ഇങ്ങനെയും. പ്രിയങ്ക ഒരു കാര്യത്തിലും താൽപര്യം പ്രകടിപ്പിച്ച് മുന്നോട്ടുവന്നിട്ടില്ലെന്നല്ല, പ്രിയങ്ക ആഗ്രഹിക്കുന്നെങ്കിൽ ആദ്യമായിട്ട് ഞാനതു ശുപാർശ െചയ്യുകയാണ്. എഐസിസി തുടങ്ങുംമുൻപ് ഈ വിവാദത്തിലേക്ക് ഇടാനാണോ ശ്രമം?
∙ ഉദയ്പുരിലെടുത്ത തീരുമാനങ്ങൾ പലതും നടപ്പാകാത്തത് എന്തുകൊണ്ടാണ്? കാലാവധി വ്യവസ്ഥ കർശനമായി പാലിക്കുക, ഇരട്ടപ്പദവി പ്രശ്നം ഒഴിവാക്കുക തുടങ്ങിയവ.
ഉദയ്പുരിലെ തീരുമാനങ്ങൾ സംബന്ധിച്ച് റായ്പുരിലെ പ്ലീനറിയിൽ തീരുമാനമെടുത്തിരുന്നു. കുറെ കാര്യങ്ങൾ നടപ്പാക്കി. ഉദാഹരണത്തിനു ഭാരവാഹികളിൽ 50% പട്ടിക വിഭാഗത്തിലും ഒബിസിയിലും ന്യൂനപക്ഷങ്ങളിലും നിന്നായിരിക്കണമെന്ന തീരുമാനം പ്രധാനപ്പെട്ടതായിരുന്നു. അതു പാലിക്കാതെ ഇപ്പോൾ ഒരു കമ്മിറ്റിയും അംഗീകരിക്കാറില്ല. ഇത്തരം പ്രാതിനിധ്യം ഉറപ്പാക്കണമെന്നു പിസിസികളോടും പറഞ്ഞിട്ടുണ്ട്. അതൊരു ചെറിയ തീരുമാനമല്ല.
പുതിയ പിസിസി അധ്യക്ഷരെ തീരുമാനിക്കുന്നതിൽ ഉണ്ടായിരിക്കുന്ന മാറ്റങ്ങളെക്കുറിച്ച് നിങ്ങൾ എഴുതാറില്ല. ബിഹാറിലും തമിഴ്നാട്ടിലും ഹരിയാനയിലുമൊക്കെ പിസിസിയിൽ ഒരുകാലത്തുമുണ്ടാവാത്ത വിധത്തിൽ പട്ടിക വിഭാഗങ്ങൾക്കും ഒബിസികൾക്കും ന്യൂനപക്ഷങ്ങൾക്കും 50 ശതമാനത്തിലേറെ പദവികൾ നൽകി. അതുപോലെ, ചെറുപ്പക്കാർക്കും വനിതകൾക്കുമുള്ള പ്രാതിനിധ്യം വർധിച്ചു. ഇതെല്ലാം ഒറ്റയടിക്കു നടപ്പാക്കുക കോൺഗ്രസിൽ പ്രയാസമുള്ള കാര്യമാണ്. നടപടികൾ കാര്യമായി തുടങ്ങിയിട്ടുണ്ട്. അഞ്ചു വർഷം പൂർത്തിയാക്കിയവരെ മാറ്റുന്നതൊക്കെ നടക്കുന്നുണ്ട്.
∙ കോൺഗ്രസിൽ ജാതി–മതപരമായ മാറ്റങ്ങൾ വരുത്താൻ ശ്രമിച്ചപ്പോൾ വലിയ ചെറുത്തുനിൽപുണ്ടായെന്നതാണ് ചരിത്രം. വെല്ലുവിളികളെ നേരിടാനുള്ള കെൽപ് പാർട്ടിക്കുണ്ടോ?
ആ വെല്ലുവിളി നേരിടാമെന്ന ഉറച്ച വിശ്വാസത്തോടെയാണു പോകുന്നത്. പ്രായോഗിക തലത്തിൽ ചില പ്രതിസന്ധികളുണ്ടാവില്ലെന്ന് പറയുന്നില്ല. ആറുമാസം കൊണ്ടു തീരേണ്ടിടത്ത് ഒരു വർഷമെടുക്കാം. ഉദ്ദേശിക്കുന്നതിനേക്കാൾ വേഗത്തിൽ കാര്യങ്ങൾ നടക്കുന്നു. കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പിൽനിന്നുള്ള എംപിമാരുടെ പട്ടിക നോക്കിയാലറിയാം മുൻപെങ്ങുമില്ലാത്തവിധം ഈ വിഭാഗങ്ങളിൽനിന്നുള്ള പ്രാതിനിധ്യം ഉണ്ടായിട്ടുണ്ട്. എന്നുകണ്ട് മേൽജാതി വിഭാഗങ്ങളെ മുഴുവൻ ഇല്ലാതാക്കാനല്ല. ജനസംഖ്യാനുപാതികമായ പ്രാതിനിധ്യം വേണമെന്നതു ദേശീയമായ പ്രചാരണമാണ്. സംഘടനയിൽ അങ്ങനെ വേണമെന്നാണ് തീരുമാനം. ഉദയ്പുരിലെടുത്ത തീരുമാനങ്ങളിൽ രണ്ടുമൂന്നെണ്ണം പൂർണമായി നടപ്പിൽ വന്നിട്ടില്ലെന്നതു ശരിയാണ്. അവയും നടപ്പാക്കും. അവയുടെ സെൻസ് ഉൾക്കൊണ്ടാവും പുനഃസംഘടന.
∙ പാർട്ടിയുടെ അടിസ്ഥാന ആശയങ്ങൾ അറിയാവുന്നവർ വേണ്ടത്രയില്ലെന്നതു കോൺഗ്രസിനൊരു പ്രശ്നമാണ്?
ആശയ പ്രചാരണത്തിനുള്ള പരിശീലനം പുനഃസംഘടനയുടെ ഭാഗമാക്കും. അതു നടപ്പാക്കിലാക്കേണ്ടത് അത്യാവശ്യമാണ്. അത്തരം പരിശീലനം ഇല്ലാത്തവർ ഭാരവാഹികളാകാനോ മത്സരിക്കാനോ പാടില്ലെന്നൊരു നിബന്ധനകൂടി കഴിഞ്ഞ പ്രാവശ്യം ഞങ്ങൾ വച്ചിട്ടുണ്ട്.
∙ പാർട്ടിയുടെ ആശയത്തെക്കുറിച്ചു വേണ്ടത്ര ധാരണയില്ലാത്തതുകൊണ്ടാണോ ധാരാളം പേർ കോൺഗ്രസിൽനിന്നു ബിജെപിയിലേക്കു പോകുന്നത്? കോൺഗ്രസിലിരുന്നു ബിജെപിയെ സേവിക്കുന്നവരെക്കുറിച്ചു രാഹുൽ പറഞ്ഞിരുന്നു.
കുറെപ്പേർ ബിജെപിയുടെ ഭീഷണിക്കു വഴങ്ങി പോകുന്നതാണ്. അല്ലെങ്കിൽ പ്രതിപക്ഷത്തിരിക്കാൻ താൽപര്യമില്ലാഞ്ഞിട്ടാണ്. അണികൾക്കിടയിൽ ആശയപരമായ പ്രശ്നമില്ല. ഞങ്ങളുടെ പ്രധാന നേതാവായിരുന്നു അശോക് ചവാൻ. അദ്ദേഹം പോയിട്ടും നാന്തേഡ് സീറ്റിൽ ഞങ്ങളുടെ സ്ഥാനാർഥി ജയിച്ചു. അദ്ദേഹം മരിച്ചതിനാലുണ്ടായ ഉപതിരഞ്ഞെടുപ്പിലും ഞങ്ങൾക്കാണു ജയം. ജ്യോതിരാദിത്യ സിന്ധ്യയുടെ പ്രദേശത്തുനിന്ന് ഞങ്ങളുടെ പ്രധാന നേതാവായിരുന്ന റാം നിവാസ് റാവത്ത് പോയി. അദ്ദേഹം രാജിവച്ച സീറ്റിലെ ഉപതിരഞ്ഞെടുപ്പിൽ കോൺഗ്രസാണ് ജയിച്ചത്. ചില നേതാക്കൾ പോകുന്നതുകൊണ്ട് അണികൾ മൊത്തം പോകുമെന്നു വിചാരിക്കേണ്ടതില്ല. കോൺഗ്രസ് പോലൊരു വലിയ പാർട്ടിയാവുമ്പോൾ പല ആളുകളും ഉണ്ടാവില്ലേ. ബിജെപിയിൽനിന്ന് മുൻകാലങ്ങളിൽ ധാരാളം പേർ പോയിട്ടില്ലേ. വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലെ രീതിവച്ച് അധികാരമെവിടെയുണ്ടോ അവിടേക്ക് എല്ലാവരും പോകും.
∙ ബിജെപിയെ സേവിക്കുന്ന കോൺഗ്രസുകാർ ഗുജറാത്തിൽ മാത്രമാണോ ഉള്ളത്? മറ്റു സംസ്ഥാനങ്ങളെക്കുറിച്ച് അത്തരമൊരു നിരീക്ഷണമുണ്ടോ?
ഞങ്ങൾക്ക് വ്യക്തമായ നിരീക്ഷണമുണ്ട്. പാർട്ടിയുടെ നേതൃത്വം കൂടുതൽ ആശയപരമായ കൂറും പ്രതിബദ്ധതയും ഉണ്ടാക്കിയെടുക്കാൻ ശ്രമിക്കുമ്പോൾ ആരാണ് കൂറുള്ളവർ, ആരാണ് അല്ലാത്തവരെന്നൊക്കെ നേതൃത്വത്തിനു കൃത്യമായ ബോധ്യമുണ്ട്. ആശയബോധ്യമില്ലാത്തവരെന്നതു വ്യാപകമായ പ്രശ്നമല്ല.
∙ അച്ചടക്കമില്ലായ്മയിലേക്കു വന്നാൽ, ശശി തരൂർ പാർട്ടിയുടെ നിർദേശങ്ങൾക്കു വഴങ്ങാതെ മുന്നോട്ടുപോകുന്നതും അതു പാർട്ടി കണക്കിലെടുക്കാത്തതും തെറ്റായ സന്ദേശമാകുന്നുണ്ടോ?
ആശയത്തിന്റെ കാര്യം പറയുമ്പോൾ നേതാക്കളെയും വിലയിരുത്തണം. ഞാനുൾപ്പെടെ കോൺഗ്രസിലെ ബഹുഭൂരിപക്ഷം പേരും കോൺഗ്രസ് ആശയങ്ങളും പരിശീലനവുമായി ഒരുപാടു കാലം പ്രവർത്തിച്ചിട്ടുള്ളതാണ്. അവർ ചില കാര്യങ്ങളിൽ പ്രസ്താവന നടത്തുമ്പോഴുള്ള മാനസികാവസ്ഥ ആയിരിക്കണമെന്നില്ല മറ്റ് ഔദ്യോഗിക പദവികളിൽനിന്ന് കോൺഗ്രസിലേക്ക് വന്നുചേർന്ന് അതിന്റെ നേതൃതലത്തിൽ നിൽക്കുന്നവർക്ക്. ശശി തരൂർ കോൺഗ്രസിന്റെ ആശയങ്ങൾക്കു നിരക്കാത്ത പ്രസ്താവനകൾ നടത്തുന്നതായി തോന്നിയിട്ടില്ല. ചില ഘട്ടങ്ങളിൽ അദ്ദേഹം അരാഷ്ട്രീയ സമീപനം സ്വീകരിക്കുന്നതായി തോന്നുവെന്നു പറയുന്നുവരുണ്ടാവും. അതുകൊണ്ട് അദ്ദേഹം കോൺഗ്രസിൽനിന്ന് പൂർണമായി അകന്നുനിന്നിട്ടോ എതിരായിട്ടോ ആണ് പറയുന്നതെന്നു വിലയിരുത്തേണ്ടതില്ല.
കോൺഗ്രസ് ജനാധിപത്യമുള്ള, മനോഹരമായ ആശയങ്ങളുള്ള പാർട്ടിയാണ്. അച്ചടക്കത്തോടെ നിൽക്കണമെന്നു പറയുമ്പോഴും കുറച്ചൊക്കെ ആളുകളുടെ സ്വന്തം ചിന്തകളെ പ്രോത്സാഹിപ്പിക്കാൻ, അഭിപ്രായങ്ങൾ പറയാൻ അനുവദിക്കും. ഒന്നോ രണ്ടോ പ്രസ്താവനകളുടെ പേരിൽ അദ്ദേഹം കോൺഗ്രസിന് എതിരാണെന്നു പറയാനാവില്ല. അദ്ദേഹത്തിന്റെ പ്രവർത്തനവഴിയും മറ്റുള്ളവരുടെ പ്രവർത്തന വഴിയും തമ്മിലുള്ള വ്യത്യാസം കൊണ്ടുണ്ടാവുന്നതാവും അത്. അതിനെ പാർട്ടിവിരുദ്ധമെന്നു ചിത്രീകരിക്കണമെന്നു തോന്നുന്നില്ല.
∙ കോൺഗ്രസിൽ വേണ്ടത്ര ഇടമോ പദവിയോ കിട്ടാത്തതുകൊണ്ടുള്ള പരാമർശങ്ങളായി അദ്ദേഹത്തിന്റെ പ്രസ്താവനകളെ കരുതാനാവില്ലേ?
അങ്ങനെ തോന്നിയിട്ടില്ല. അദ്ദേഹം അങ്ങനെ പറഞ്ഞതായും കരുതുന്നില്ല. പലർക്കും പല ശൈലിയായിരിക്കും. അത്തരം ശൈലീ വ്യത്യാസങ്ങൾക്ക് ഇടമുള്ള പാർട്ടിയാണു കോൺഗ്രസ്.
∙ നീതിയുടെയുടെയും നിശ്ചയദാർഢ്യത്തിന്റെയും സമർപ്പണത്തിന്റെയും സമരത്തിന്റെയും പാത – അതാണ് ഇത്തവണത്തെ എഐസിസിയുടെ മുദ്രവാക്യം
സാമാന്യജനങ്ങൾ നേരിടുന്ന നീതിനിഷേധം എടുത്തുപറയുന്നു. സാധാരണക്കാർക്ക്, സ്ത്രീകൾക്ക്, വിദ്യാർഥികൾക്ക് ഒക്കെ അർഹിക്കുന്ന നീതി കിട്ടാത്ത കാലമാണ്. അതിനെ മറച്ചുപിടിക്കാനുള്ള വർഗീയ ധ്രുവീകരണത്തിന്റെ അജൻഡയുമായാണ് സർക്കാർ മുന്നോട്ടുപോകുന്നത്. അതിനെതിരെയുള്ള പോരാട്ടമാണ് കോൺഗ്രസ് ഉദ്ദേശിക്കുന്നത്. സർക്കാരിനെ നീതിയിൽ ഉറപ്പിച്ചു നിർത്താനുള്ള പോരാട്ടം. മോശപ്പെട്ട ആശയത്തിനെതിരെ പോരാടി നീതി നടപ്പാക്കാൻ ആശയപരമായി കൃത്യമായ പൊസിഷനിങും അതിനുള്ള നിശ്ചയദാർഢ്യവുമുണ്ടാവണം. ആശയങ്ങളിൽ ഉറച്ചുനിന്നുള്ള സംഘർഷം ഉണ്ടാവേണ്ടിവരും; അതിനു തയാറാവേണ്ടിവരും. രണ്ടാം സ്വാതന്ത്ര്യ സമരം എന്നൊക്കെ പറയുന്നതുപോലെ ശക്തമായൊരു കാഴ്ചപ്പാട് ഉണ്ടാക്കിയെടുക്കേണ്ടതുണ്ട്.
∙ സംഘർഷമെന്നും സമരമെന്നും പറയുമ്പോൾ രാഹുൽ ഗാന്ധിയിൽ ആരോപിക്കപ്പെടുന്ന ഇടതുസ്വാധീനം തെളിഞ്ഞുവരുന്നു.
ഇടതുകാർ ഞങ്ങളിൽനിന്ന് എടുത്തതല്ലേ? അവർക്കു സ്വന്തമായി മുദ്രാവാക്യം ഉണ്ടായിരുന്നോ? ഞങ്ങളായിരുന്നല്ലോ കൂടുതൽ ഇടത്.
∙ അധികാരം മാത്രം പോര, ഡിസിസികൾക്ക് സാമ്പത്തിക ബലവും വേണ്ടേ? പല സംസ്ഥാനങ്ങളിലും ഭരണമില്ലാത്ത പാർട്ടിക്ക് എത്ര സംഭാവന കിട്ടാനാണ്?
അതു പ്രധാനകാര്യമാണ്. ഡിസിസികൾ ജനങ്ങളിലേക്ക് ഇറങ്ങി പിരിക്കണം. കേരള മോഡൽ പിരിവാണ് ഞങ്ങൾ പറഞ്ഞിരിക്കുന്നത്. ഒാരോ ജില്ലയിലും ടാർഗറ്റ് കൊടുക്കും. അങ്ങനെ ഫണ്ട് ഉണ്ടാക്കിയെടുക്കുമ്പോൾ അതിനെ പിന്തുണയ്ക്കാൻ ഞങ്ങളും തയാറാവും. പ്രാദേശികമായി അവർ പിരിക്കുമ്പോൾ അവരെ സഹായിക്കാൻ മറ്റു ഘടകങ്ങളും വരും. എല്ലാ പ്രശ്നങ്ങളും ഒറ്റദിവസം കൊണ്ട് പരിഹരിക്കാനാവില്ല. ഒരു ഘട്ടം തുടങ്ങുകയാണ്. അതുകൊണ്ടാണ് പ്രാപ്തിയുള്ളവർ ഡിസിസികളുടെ തലപ്പത്തുവരണമെന്ന് ആഗ്രഹിക്കുന്നത്.
∙ പുനഃസംഘടന സംബന്ധിച്ച കൃത്യമായൊരു രൂപരേഖയുമായിട്ടാവുമോ എഐസിസി അംഗങ്ങൾ ഗുജറാത്തിൽനിന്നു പോകുക?
തീർച്ചയായും. പുനഃസംഘടനയെക്കുറിച്ചു കൃത്യമായൊരു ചിത്രം നേരത്തേ നൽകിയിട്ടുണ്ട്. ഡിസിസികളുടെ കാര്യത്തിലാണ് അന്തിമരൂപം നൽകുന്നത്. അത് പരീക്ഷണാടിസ്ഥാനത്തിൽ ഗുജറാത്തിൽ രണ്ടു മാസം നടപ്പാക്കും. അതിലെ ന്യൂനതകൾ പരിഹരിച്ചശേഷമാവും മറ്റുള്ളവരിൽ നടപ്പാക്കുക. പിസിസികൾ ദുർബലമാകുമെന്ന ആശങ്കയുണ്ടെങ്കിൽ അതൊക്കെ പരിഹരിച്ചാവും മുന്നോട്ടുപോകുക. പ്രശ്നങ്ങൾ കാണുന്നില്ലെങ്കിൽ ഇപ്പോൾ തീരുമാനിക്കുന്ന രീതിയിൽത്തന്നെ പോകും. ഗ്രാമതലങ്ങളിൽ നടത്തേണ്ട പദയാത്രകളുൾപ്പെടെ വിശദമായ രൂപം എഐസിസി പ്രമേയത്തിന്റെ ഭാഗമായി വരും. സംഘടനാപരവും രാഷ്ട്രീയവുമായ വിഷയങ്ങളുള്ള ഈ പ്രമേയത്തിന്റെ അടിസ്ഥാനത്തിലാവും ചർച്ചകൾ. സർദാർ വല്ലഭ്ഭായ് പട്ടേലിന്റെ 150ാം ജന്മവാർഷികത്തെയും ഗുജറാത്തിനെക്കുറിച്ചുള്ള കോൺഗ്രസ് കാഴ്ചപ്പാട് സംബന്ധിച്ചും പ്രത്യേക പ്രമേയങ്ങളുമുണ്ടാവും.