‘എന്നെ കാത്തത് അന്നത്തെ തോൽവി; ദേശീയഗാനം കേൾക്കാൻ സർവതും മറന്നോടി; മകനെയോർത്ത് ഉറങ്ങാത്ത രാത്രി'
‘പയ്യോളി എക്സ്പ്രസ്’ എന്നു കേൾക്കുമ്പോൾ തീവണ്ടി വേഗത്തിൽ പി.ടി.ഉഷ എന്ന പേര് ഇന്ത്യൻ കായികപ്രേമികളുടെ മനസ്സിലേക്കു കുതിച്ചെത്തും. കോഴിക്കോട് പയ്യോളിയിലെ കടപ്പുറത്ത് ഓടിത്തുടങ്ങിയപ്പോൾ മുതൽ ലൊസാഞ്ചലസിലെ ഒളിംപിക്സ് ട്രാക്കിൽ കുതിച്ചോടുമ്പോൾ വരെ ഉഷയ്ക്കു മുന്നിലുണ്ടായിരുന്നത് ഒറ്റലക്ഷ്യം– രാജ്യത്തിനായി ഒരു മെഡൽ! സെക്കൻഡിന്റെ നൂറിലൊരംശം വ്യത്യാസത്തിൽ നഷ്ടപ്പെട്ട ആ മെഡൽ ഇന്നും ഇന്ത്യൻ കായിക ലോകത്തിന്റെ നെഞ്ചിലെ തീരാവേദനയാണ്. പിന്നീട് പല രാത്രികളിലും ആ സ്വപ്നനഷ്ടം ഓർത്ത് ഞെട്ടിയുണർന്ന് കരഞ്ഞതായി ഉഷ തന്നെ പറഞ്ഞിട്ടുണ്ട്. പക്ഷേ, പിന്നീട് ഉഷയുടെ ജീവിതത്തെയാകെ പരുവപ്പെടുത്തിയതും കിട്ടാതെ പോയ ആ മെഡലായിരുന്നു. രാജ്യസഭാംഗമായും ഇന്ത്യൻ ഒളിംപിക് അസോസിയേഷൻ പ്രസിഡന്റായും കായികരംഗത്ത് ഇപ്പോഴും ഓട്ടം തുടരുന്ന ഉഷയ്ക്ക് അറുപത് തികയുകയാണ്. കായികരംഗത്തെ കൂടുതൽ ജീവസ്സുറ്റതാക്കുന്ന പദ്ധതികളുമായി ഇനിയും കുതിപ്പ് തുടരാനുള്ള ശ്രമത്തിലാണ് പി.ടി.ഉഷ. ഉഷയോട് വിവിധ മേഖലകളിലെ പ്രതിഭകൾക്ക് എന്തൊക്കെയാവും ചോദിക്കാൻ ഉണ്ടാവുക? 60–ാം ജന്മദിനത്തിൽ ‘ചോദ്യങ്ങളുടെ ഉച്ചകോടി’ക്കു മറുപടി പറയുന്നു. ഉഷയ്ക്ക് ജന്മദിനാശംസകളും ഒപ്പം ചോദ്യങ്ങളുമായി വിവിധ മേഖലകളിലെ പ്രതിഭകൾ...

‘പയ്യോളി എക്സ്പ്രസ്’ എന്നു കേൾക്കുമ്പോൾ തീവണ്ടി വേഗത്തിൽ പി.ടി.ഉഷ എന്ന പേര് ഇന്ത്യൻ കായികപ്രേമികളുടെ മനസ്സിലേക്കു കുതിച്ചെത്തും. കോഴിക്കോട് പയ്യോളിയിലെ കടപ്പുറത്ത് ഓടിത്തുടങ്ങിയപ്പോൾ മുതൽ ലൊസാഞ്ചലസിലെ ഒളിംപിക്സ് ട്രാക്കിൽ കുതിച്ചോടുമ്പോൾ വരെ ഉഷയ്ക്കു മുന്നിലുണ്ടായിരുന്നത് ഒറ്റലക്ഷ്യം– രാജ്യത്തിനായി ഒരു മെഡൽ! സെക്കൻഡിന്റെ നൂറിലൊരംശം വ്യത്യാസത്തിൽ നഷ്ടപ്പെട്ട ആ മെഡൽ ഇന്നും ഇന്ത്യൻ കായിക ലോകത്തിന്റെ നെഞ്ചിലെ തീരാവേദനയാണ്. പിന്നീട് പല രാത്രികളിലും ആ സ്വപ്നനഷ്ടം ഓർത്ത് ഞെട്ടിയുണർന്ന് കരഞ്ഞതായി ഉഷ തന്നെ പറഞ്ഞിട്ടുണ്ട്.
പക്ഷേ, പിന്നീട് ഉഷയുടെ ജീവിതത്തെയാകെ പരുവപ്പെടുത്തിയതും കിട്ടാതെ പോയ ആ മെഡലായിരുന്നു. രാജ്യസഭാംഗമായും ഇന്ത്യൻ ഒളിംപിക് അസോസിയേഷൻ പ്രസിഡന്റായും കായികരംഗത്ത് ഇപ്പോഴും ഓട്ടം തുടരുന്ന ഉഷയ്ക്ക് അറുപത് തികയുകയാണ്. കായികരംഗത്തെ കൂടുതൽ ജീവസ്സുറ്റതാക്കുന്ന പദ്ധതികളുമായി ഇനിയും കുതിപ്പ് തുടരാനുള്ള ശ്രമത്തിലാണ് പി.ടി.ഉഷ. ഉഷയോട് വിവിധ മേഖലകളിലെ പ്രതിഭകൾക്ക് എന്തൊക്കെയാവും ചോദിക്കാൻ ഉണ്ടാവുക? 60–ാം ജന്മദിനത്തിൽ ‘ചോദ്യങ്ങളുടെ ഉച്ചകോടി’ക്കു മറുപടി പറയുന്നു. ഉഷയ്ക്ക് ജന്മദിനാശംസകളും ഒപ്പം ചോദ്യങ്ങളുമായി വിവിധ മേഖലകളിലെ പ്രതിഭകൾ...
∙ സംഗീതത്തിൽ ചെറുപ്പം മുതൽ ഞാൻ ഇഷ്ടപ്പെട്ടിരുന്നതും മാതൃകയായി കണ്ടിരുന്നതും മുഹമ്മദ് റഫിയെ ആണ്. സ്പോർട്സിൽ ഉഷയ്ക്ക് അതുപോലെ ഒരു റോൾ മോഡൽ ഉണ്ടായിരുന്നോ? ഉണ്ടെങ്കിൽ അതാരാണ്?
അങ്ങനെ പറയാൻ എനിക്കാരുമില്ല. ഓടാൻ എനിക്ക് ഇഷ്ടമായിരുന്നു. ഞാൻ ഓടി. ഓടിയപ്പോൾ റെക്കോർഡുകൾ വന്നു. റെക്കോർഡുകൾ എനിക്കു മെഡലുകൾ നേടിത്തന്നു. നാടിനായി പിന്നെയും പിന്നെയും മെഡലുകൾ നേടണമെന്ന വാശിയിൽ, ലോകവേദികളിൽ ഇന്ത്യയുടെ ദേശീയഗാനം വീണ്ടും വീണ്ടും മുഴങ്ങിക്കേൾക്കണമെന്ന ആഗ്രഹത്തിൽ സർവതും മറന്ന് ഞാൻ ഓടുകയായിരുന്നു. ആ ഓട്ടത്തിൽ എനിക്കു മുന്നിൽ മാതൃകകൾ ഉണ്ടായിരുന്നില്ല.
∙ കായികതാരമായും പരിശീലകയായും കായികസംഘാടകയായുമുള്ള ജീവിതാനുഭവങ്ങളിൽ മലയാളി എന്ന നിലയിൽ ഏറ്റവും അഭിമാനം തോന്നിയ നിമിഷം ഏതാണ്?
ഒരു അത്‌ലീറ്റ് എന്ന നിലയിൽ ആദരിക്കപ്പെട്ട ഓരോ വേദിയിലും മലയാളി എന്ന നിലയിൽ അഭിമാനത്തിന്റെ നെറുകയിലായിരുന്നു ഞാൻ. ലൊസാഞ്ചലസ് ഒളിംപിക്സിനുശേഷം രാജ്യ തലസ്ഥാനത്തു പ്രധാനമന്ത്രി ഇന്ദിരാ ഗാന്ധിയുടെ നേതൃത്വത്തിലും തിരുവനന്തപുരത്തു സംസ്ഥാന സർക്കാരിന്റെ നേതൃത്വത്തിലും ഒരുക്കിയ സ്വീകരണയോഗങ്ങളിൽ പങ്കെടുത്തപ്പോഴുണ്ടായ അഭിമാനവും ആഹ്ലാദവും പറഞ്ഞറിയിക്കാൻ പറ്റുന്നതല്ല. എംപി, ഐഒഎ പ്രസിഡന്റ് സ്ഥാനങ്ങൾ എന്നെ തേടിയെത്തിയതും അത്‌ലീറ്റ് എന്ന ഒരൊറ്റ ലേബലിന്റെ പുറത്താണെന്നതും അഭിമാനം നൽകുന്നു.
∙ എപ്പോഴും ശിഷ്യർക്കൊപ്പം ട്രാക്കിൽ നിൽക്കുന്ന അമ്മയെയാണു കുട്ടിക്കാലം മുതൽ ഞാൻ കാണുന്നത്. അവർക്കു കൂടുതൽ പരിഗണന കൊടുക്കുമ്പോൾ, അവരോടു കൂടുതൽ സ്നേഹം കാട്ടുമ്പോൾ മകനെന്ന നിലയിൽ എനിക്കു വന്നിട്ടുള്ള സങ്കടം അമ്മ മനസ്സിലാക്കിയിരുന്നോ?
പ്രിയ ഉജ്വൽ, നിന്റെ സങ്കടം എന്നെ ശരിക്കും വേദനിപ്പിക്കുന്നുണ്ട്. നീ പിറന്നശേഷം ട്രാക്കിലേക്കു മടങ്ങിപ്പോയ കാലത്തെ ഒരു അനുഭവം ഞാൻ പറയാം. അന്നു ഡൽഹിയിൽ ക്യാംപിലായിരുന്നു ഞാൻ. നിന്നെ ശ്രീനിയേട്ടന്റെ (ഭർത്താവ് ശ്രീനിവാസൻ) കൈയിൽ ഏൽപിച്ചാണു ഞാൻ പോയത്. പക്ഷേ, അക്കാലത്ത് ഒരു രാത്രിയിൽ നിന്നെക്കുറിച്ചോർത്ത് എനിക്ക് ഉറക്കം നഷ്ടപ്പെട്ടു. ഞാൻ ഒട്ടും മടിച്ചില്ല. തൊട്ടടുത്ത ദിവസം വിമാനത്തിൽ കോഴിക്കോട്ടേക്കു വന്നു. കുറച്ചുദിവസം നിന്റെകൂടെ നിന്നശേഷമാണു മടങ്ങിപ്പോയത്. നിനക്കൊപ്പം സമയം ചെലവഴിക്കാൻ എന്നെക്കൊണ്ടു പറ്റുന്ന രീതിയിൽ ഞാൻ ശ്രമിച്ചിട്ടുണ്ട്. നിന്റെ കുട്ടിക്കാലത്തു ശ്രീനിയേട്ടനാണ് ഏറെ ശ്രദ്ധിച്ചതെങ്കിലും നിന്റെ എംബിബിഎസ് പഠനകാലത്തൊക്കെ ഒപ്പം യാത്ര ചെയ്യാനും പഠിക്കുമ്പോൾ കൂട്ടിരിക്കാൻ ഞാൻ ശ്രമിച്ചിരുന്നല്ലോ...
∙ അനാവശ്യകാര്യങ്ങൾക്കു പഴി കേൾക്കേണ്ടി വന്നിട്ടും പതറാതെ, ഉയരങ്ങളിലേക്കു നടക്കുമ്പോൾ മനസ്സിലെന്താണ് ആലോചിക്കാറുള്ളത്? ഒരിക്കലും തോൽക്കാത്തൊരു മനസ്സ് ഉണ്ടാക്കിയെടുത്തത് എങ്ങനെയാണ്?
ഞാൻ ഒരു നാട്ടിൻപുറത്തുകാരിയാണ്; അന്നും ഇന്നും. ജീവിതപ്രതിസന്ധികൾ തളർത്തുമ്പോഴും മനസ്സു മടുക്കാതെ മക്കൾക്കായും വീട്ടുകാർക്കായും ജീവിതം ഉഴിഞ്ഞുവച്ച അമ്മമാരെ ഏറെ കണ്ടിട്ടുണ്ട് ഞാൻ. അവരിൽനിന്നു പ്രവഹിച്ച കരുത്താകും തോൽവികളിൽ വീണുപോകാതിരിക്കാൻ എനിക്കു കൈത്താങ്ങായത്. ഒളിംപിക്സ് മെഡൽ നഷ്ടം ഈ നിമിഷവും എന്നെ ദുഃഖിപ്പിക്കുന്നുണ്ട്. പക്ഷേ ആ മെഡൽ നേടിയിരുന്നുവെങ്കിൽ എനിക്കു മുന്നിൽ പിന്നീടു വലിയ ലക്ഷ്യങ്ങൾ ഉണ്ടാകുമായിരുന്നില്ല. എന്നാൽ, ആ തോൽവിയുടെ നിരാശയിൽ നിന്നു കരകയറാൻ പുതിയ ഉയരങ്ങളിലേക്കു പറക്കേണ്ടത് എനിക്ക് അത്യാവശ്യമായിരുന്നു. നല്ല കാര്യങ്ങൾക്കു വേണ്ടി പ്രവർത്തിക്കുമ്പോൾ കുറ്റാരോപണം നേരിടേണ്ടി വന്നാലും ഞാൻ തളരില്ല. കാരണം, എന്റെ പക്ഷത്താണു ശരി എന്ന ബോധ്യം ഉണ്ടെങ്കിൽ പിന്നെ ഞാനെന്തിനു മറ്റുള്ളവരെ ഭയക്കണം.
∙ പയ്യോളി കഴിഞ്ഞാൽ, ലോകത്ത് ഉഷാജി വീണ്ടും പോകാൻ ആഗ്രഹിക്കുന്ന, പ്രചോദനം പകരുന്നതും മറക്കാനാകാത്തതുമായ ഒരു സ്ഥലം ഉണ്ടാകുമല്ലോ. അത് ഏതാണ്?
എന്റെ ജന്മനാട് കഴിഞ്ഞാൽ എനിക്കേറ്റവും ഇഷ്ടമുള്ള നഗരം ഡൽഹിയാണ്. ഏഷ്യൻ ഗെയിംസ് ഉൾപ്പെടെ എത്രയെത്ര ചാംപ്യൻഷിപ്പുകളിൽ ഡൽഹിയിൽ ഞാൻ മത്സരിച്ചിട്ടുണ്ടെന്നറിയാമോ. ഒട്ടേറെ മെഡലുകൾ ഡൽഹിയിൽ ഞാൻ നേടിയിട്ടുമുണ്ട്. വർഷങ്ങളോളം ഞാൻ പരിശീലനം നടത്തിയതും ഡൽഹിയിൽത്തന്നെ. ഇപ്പോൾ, ഒരു നിയോഗമെന്നോണം രാജ്യസഭാംഗമായും ഇന്ത്യൻ ഒളിംപിക് അസോസിയേഷൻ പ്രസിഡന്റ് എന്ന നിലയിലും കൂടുതൽ സമയം ചെലവഴിക്കുന്നതും അതേ ഡൽഹിയിൽത്തന്നെ.
∙ പണ്ട് മടിയിലിരുന്ന ഈ കുട്ടി പി.ടി. ഉഷയുടെ കായിക നേട്ടങ്ങളിൽനിന്നു പ്രചോദനമുൾക്കൊണ്ട് വിജയങ്ങൾ നേടിയതിനു ശേഷം ഇതുപോലെ ഒന്നിച്ചു നിൽക്കുമെന്ന് എപ്പോഴെങ്കിലും പ്രതീക്ഷിച്ചിരുന്നോ?
ഏഷ്യൻ ഗെയിംസ് വോളിബോളിൽ മെഡൽ നേടിയ എന്റെ പ്രിയ സുഹൃത്ത് പി.വി.രമണയുടെ മകളല്ലേ സിന്ധൂ, നീ. ഹൈദരാബാദിൽ വരുമ്പോഴെല്ലാം നിന്റെ വീട്ടിൽക്കയറാതെ ഞാൻ മടങ്ങിയിട്ടില്ല. രമണയും ജോലി ചെയ്തിരുന്നതു റെയിൽവേയിലായിരുന്നു. നിനക്കിഷ്ടപ്പെട്ട സ്പോർട്സായ ബാഡ്മിന്റനിൽ നീ മികവു തെളിയിക്കുമെന്ന് എനിക്കുറപ്പായിരുന്നു. പക്ഷേ, ഒളിംപിക്സിലും ലോക ചാംപ്യൻഷിപ്പിലുമൊക്കെ തിളങ്ങി നീ ഇത്ര വലിയ സൂപ്പർതാരമാകുമെന്നു സത്യം പറഞ്ഞാൽ ഞാൻ വിചാരിച്ചിരുന്നില്ല. നിന്റെ നേട്ടങ്ങളിൽ ഏറ്റവുമധികം സന്തോഷിക്കുന്നവരിൽ ഒരാൾ ഞാനാണ്.
∙ ഇന്ത്യൻ ഒളിംപിക് അസോസിയേഷൻ പ്രസിഡന്റ് എന്ന നിലയിൽ രാജ്യത്തെ കായികരംഗത്ത് എന്തൊക്കെ മാറ്റങ്ങൾ വരുത്താനാണ് ശ്രമിച്ചുകൊണ്ടിരിക്കുന്നത്?
ഒരുകാലത്ത് ഇന്ത്യൻ ആർച്ചറിയുടെ മുഖമായിരുന്ന ലിംബ റാം ഇക്കഴിഞ്ഞയിടെ എന്നെ കാണാൻ വന്നിരുന്നു. ചക്രക്കസേരയിലാണ് ഇപ്പോൾ ലിംബയുടെ ജീവിതം. സഹായം തേടിയാണ് അദ്ദേഹം വന്നത്. രാജ്യത്തിനുവേണ്ടി മെഡൽ നേടുമ്പോൾ എല്ലാവരും താരങ്ങളെ അനുമോദിക്കും, അവരുടെ നേട്ടം ആഘോഷിക്കും. പിന്നെ, അവർ എങ്ങോട്ടുപോകുന്നുവെന്നോ, അവരുടെ ജീവിതം എന്താകുന്നുവെന്നോ ആരും അന്വേഷിക്കുന്നില്ല. അത്തരമൊരു സാഹചര്യം ഉണ്ടാകാതിരിക്കാൻ കായികതാരങ്ങളുടെ ക്ഷേമത്തിനുവേണ്ടിയുള്ള ചില പദ്ധതികളുടെ പണിപ്പുരയിലാണു ഞാനിപ്പോൾ. നമ്മുടെ താരങ്ങളെ പരിശീലിപ്പിക്കുന്ന കോച്ചുമാരുടെ ഉന്നമനത്തിനുവേണ്ടിയുള്ള പദ്ധതികളും മനസ്സിലുണ്ട്. പരിശീലകരില്ലെങ്കിൽ താരങ്ങളില്ലല്ലോ! വിവിധ സ്പോർട്സ് അസോസിയേഷനുകളുടെ പിന്തുണയോടെ രാജ്യത്തെ കായികമേഖലയെ മുന്നിലെത്തിക്കാനുള്ള ശ്രമങ്ങൾ വിജയിപ്പിക്കണമെന്നുണ്ട്.
∙ പി.ടി.ഉഷയുടെ ജീവിതം പ്രമേയമായി ഒരു മലയാളസിനിമ വരികയാണെങ്കിൽ അതിൽ ആരു നായികയാവണം എന്നാണ് ആഗ്രഹം? മലയാള സിനിമയിൽ വലിയ ഇഷ്ടം തോന്നിയ നായിക കഥാപാത്രങ്ങൾ ആരൊക്കെയാണ്?
‘ആ ഓട്ടവും കുതിപ്പുമൊക്കെ ഉഷയെപ്പോലെ തന്നെ’ എന്നു പറയിപ്പിക്കുന്ന വിധത്തിൽ ആര് അഭിനയിച്ചാലും എനിക്ക് ഇഷ്ടമേയുള്ളൂ. പക്ഷേ അഭിനയമല്ലല്ലോ സ്പോർട്സ്. എത്ര വികാരപരമായി അഭിനയിച്ചാലും ആളുകളെ രസിപ്പിച്ചാലും എന്നെപ്പോലെ ഹർഡിൽസ് ചാടുന്നതു കൃത്യമായി ഫലിപ്പിക്കാൻ പറ്റണമെന്നില്ല. ‘ഭാഗ് മിൽഖ, ഭാഗ്’ സിനിമയ്ക്കുവേണ്ടി ഫർഹാൻ അക്തർ ഒന്നരവർഷത്തോളം ശാരീരികമായി തയാറെടുത്തു എന്നു കേട്ടിട്ടുണ്ട്. ആ രീതിയിൽ കഠിനപ്രയത്നം നടത്തി എന്റെ വേഷത്തിൽ ആരു വന്നാലും നന്നായിരിക്കും. ഒട്ടേറെ നടിമാരെ എനിക്ക് ഇഷ്ടമാണ്. ഷീല, മഞ്ജു വാരിയർ, സംയുക്ത വർമ എന്നിവരെല്ലാം എനിക്കു പ്രിയപ്പെട്ട നായികമാരാണ്.