ബാറ്റിങ് അവസരം ലഭിക്കാതെ തുടക്കം; ‘അടിച്ചുകയറിവന്ന’ 17 വർഷങ്ങൾ; മടക്കം, ലോക ജേതാവിന്റെ തലയെടുപ്പോടെ
‘‘ഇത് എന്റേയും അവസാന മത്സരമാണ്... ക്രിക്കറ്റിന്റെ ഈ ഫോർമാറ്റിനോട് യാത്ര പറയാൻ ഇതിലും നല്ല അവസരം വേറെയില്ല. കളിയുടെ ഓരോ നിമിഷവും ഞാൻ നന്നായി ആസ്വദിച്ചു. ഇന്ത്യൻ ദേശീയ ടീമിനായി ക്രിക്കറ്റ് കരിയർ ആരംഭിച്ചത് ട്വന്റി20യിലൂടെയാണ്. അന്നുമുതൽ ഓരോ നിമിഷവും ഞാൻ ആഗ്രഹിച്ചത് ഇതിനുവേണ്ടിയാണ്, ലോക കപ്പിനു വേണ്ടി’’... 16 വർഷവും 276 ദിവസവും നീണ്ട രാജ്യാന്തര ട്വന്റി20 കരിയറിന് അവസാനം കുറിച്ചുകൊണ്ട് ഇന്ത്യൻ നായകൻ രോഹിത് ശർമ പറഞ്ഞ വാക്കുകളാണിത്. പ്രഥമ ലോകകപ്പിൽ ബാറ്റ് ചെയ്യാൻ അവസരം ലഭിക്കാതെ കരിയർ തുടങ്ങിയ രോഹിത് ഇപ്പോൾ ലോക ജേതാവിന്റെ തലപ്പൊക്കത്തോടെ കരിയർ അവസാനിപ്പിക്കുന്നത് ബാറ്റുകൊണ്ടും തന്ത്രങ്ങൾക്കൊണ്ടും നടത്തിയ ഒട്ടേറെ പോരാട്ടങ്ങൾക്കൊടുവിലാണ്. കഴിഞ്ഞ 17 വർഷങ്ങൾക്കിടയിലെ 9 ട്വന്റി20 ലോകകപ്പുകളിലൂടെ രോഹിത് എഴുതിച്ചേർത്ത ചില അധ്യായങ്ങളിലൂടെ...
‘‘ഇത് എന്റേയും അവസാന മത്സരമാണ്... ക്രിക്കറ്റിന്റെ ഈ ഫോർമാറ്റിനോട് യാത്ര പറയാൻ ഇതിലും നല്ല അവസരം വേറെയില്ല. കളിയുടെ ഓരോ നിമിഷവും ഞാൻ നന്നായി ആസ്വദിച്ചു. ഇന്ത്യൻ ദേശീയ ടീമിനായി ക്രിക്കറ്റ് കരിയർ ആരംഭിച്ചത് ട്വന്റി20യിലൂടെയാണ്. അന്നുമുതൽ ഓരോ നിമിഷവും ഞാൻ ആഗ്രഹിച്ചത് ഇതിനുവേണ്ടിയാണ്, ലോക കപ്പിനു വേണ്ടി’’... 16 വർഷവും 276 ദിവസവും നീണ്ട രാജ്യാന്തര ട്വന്റി20 കരിയറിന് അവസാനം കുറിച്ചുകൊണ്ട് ഇന്ത്യൻ നായകൻ രോഹിത് ശർമ പറഞ്ഞ വാക്കുകളാണിത്. പ്രഥമ ലോകകപ്പിൽ ബാറ്റ് ചെയ്യാൻ അവസരം ലഭിക്കാതെ കരിയർ തുടങ്ങിയ രോഹിത് ഇപ്പോൾ ലോക ജേതാവിന്റെ തലപ്പൊക്കത്തോടെ കരിയർ അവസാനിപ്പിക്കുന്നത് ബാറ്റുകൊണ്ടും തന്ത്രങ്ങൾക്കൊണ്ടും നടത്തിയ ഒട്ടേറെ പോരാട്ടങ്ങൾക്കൊടുവിലാണ്. കഴിഞ്ഞ 17 വർഷങ്ങൾക്കിടയിലെ 9 ട്വന്റി20 ലോകകപ്പുകളിലൂടെ രോഹിത് എഴുതിച്ചേർത്ത ചില അധ്യായങ്ങളിലൂടെ...
‘‘ഇത് എന്റേയും അവസാന മത്സരമാണ്... ക്രിക്കറ്റിന്റെ ഈ ഫോർമാറ്റിനോട് യാത്ര പറയാൻ ഇതിലും നല്ല അവസരം വേറെയില്ല. കളിയുടെ ഓരോ നിമിഷവും ഞാൻ നന്നായി ആസ്വദിച്ചു. ഇന്ത്യൻ ദേശീയ ടീമിനായി ക്രിക്കറ്റ് കരിയർ ആരംഭിച്ചത് ട്വന്റി20യിലൂടെയാണ്. അന്നുമുതൽ ഓരോ നിമിഷവും ഞാൻ ആഗ്രഹിച്ചത് ഇതിനുവേണ്ടിയാണ്, ലോക കപ്പിനു വേണ്ടി’’... 16 വർഷവും 276 ദിവസവും നീണ്ട രാജ്യാന്തര ട്വന്റി20 കരിയറിന് അവസാനം കുറിച്ചുകൊണ്ട് ഇന്ത്യൻ നായകൻ രോഹിത് ശർമ പറഞ്ഞ വാക്കുകളാണിത്. പ്രഥമ ലോകകപ്പിൽ ബാറ്റ് ചെയ്യാൻ അവസരം ലഭിക്കാതെ കരിയർ തുടങ്ങിയ രോഹിത് ഇപ്പോൾ ലോക ജേതാവിന്റെ തലപ്പൊക്കത്തോടെ കരിയർ അവസാനിപ്പിക്കുന്നത് ബാറ്റുകൊണ്ടും തന്ത്രങ്ങൾക്കൊണ്ടും നടത്തിയ ഒട്ടേറെ പോരാട്ടങ്ങൾക്കൊടുവിലാണ്. കഴിഞ്ഞ 17 വർഷങ്ങൾക്കിടയിലെ 9 ട്വന്റി20 ലോകകപ്പുകളിലൂടെ രോഹിത് എഴുതിച്ചേർത്ത ചില അധ്യായങ്ങളിലൂടെ...
‘‘ഇത് എന്റേയും അവസാന മത്സരമാണ്... ക്രിക്കറ്റിന്റെ ഈ ഫോർമാറ്റിനോട് യാത്ര പറയാൻ ഇതിലും നല്ല അവസരം വേറെയില്ല. കളിയുടെ ഓരോ നിമിഷവും ഞാൻ നന്നായി ആസ്വദിച്ചു. ഇന്ത്യൻ ദേശീയ ടീമിനായി ക്രിക്കറ്റ് കരിയർ ആരംഭിച്ചത് ട്വന്റി20യിലൂടെയാണ്. അന്നുമുതൽ ഓരോ നിമിഷവും ഞാൻ ആഗ്രഹിച്ചത് ഇതിനുവേണ്ടിയാണ്, ലോകകപ്പിനു വേണ്ടി’’...
16 വർഷവും 276 ദിവസവും നീണ്ട രാജ്യാന്തര ട്വന്റി20 കരിയറിന് അവസാനം കുറിച്ചുകൊണ്ട് ഇന്ത്യൻ നായകൻ രോഹിത് ശർമ പറഞ്ഞ വാക്കുകളാണിത്. പ്രഥമ ലോകകപ്പിൽ ബാറ്റ് ചെയ്യാൻ അവസരം ലഭിക്കാതെ കരിയർ തുടങ്ങിയ രോഹിത് ഇപ്പോൾ ലോക ജേതാവിന്റെ തലപ്പൊക്കത്തോടെ കരിയർ അവസാനിപ്പിക്കുന്നത് ബാറ്റുകൊണ്ടും തന്ത്രങ്ങൾക്കൊണ്ടും നടത്തിയ ഒട്ടേറെ പോരാട്ടങ്ങൾക്കൊടുവിലാണ്. കഴിഞ്ഞ 17 വർഷങ്ങൾക്കിടയിലെ 9 ട്വന്റി20 ലോകകപ്പുകളിലൂടെ രോഹിത് എഴുതിച്ചേർത്ത ചില അധ്യായങ്ങളിലൂടെ...
∙ ആർക്കും പുറത്താക്കാനാകാത്ത ആദ്യ ലോകകപ്പ്
2007 സെപ്റ്റംബർ 19ന് പ്രഥമ ട്വന്റി20 ലോകകപ്പിന്റെ ഭാഗമായി നടന്ന ഇന്ത്യ – ഇംഗ്ലണ്ട് മത്സരത്തിലാണ് രോഹിത് ആദ്യമായി ഇന്ത്യൻ ദേശീയ ടീമിന്റെ ജഴ്സി അണിയുന്നത്. എന്നാൽ, മധ്യനിര ബാറ്റർ ആയി ടീമിൽ ഇടം ലഭിച്ച രോഹിത്തിന് ആദ്യ മത്സരത്തിൽ ബാറ്റിങ്ങിന് പോലും അവസരം ലഭിച്ചിരുന്നില്ല. ആ ബാറ്റിൽ നിന്ന് രാജ്യത്തിനായി ആദ്യ റൺ പിറക്കാൻ പിന്നെയും ഒരു ദിവസംകൂടി കാത്തിരിക്കേണ്ടിവന്നു. സെപ്റ്റംബർ 20ന് ദക്ഷിണാഫ്രിക്കയ്ക്ക് എതിരെ നടന്ന മത്സരത്തിലാണ് രോഹിത്തിന്റെ ബാറ്റ് ഇന്ത്യയ്ക്കായി റൺ കണ്ടെത്തിത്തുടങ്ങിയത്. ആദ്യ ഇന്നിങ്സിൽ തന്നെ 40 പന്തിൽ നിന്ന് അർധ സെഞ്ചറി തികച്ച രോഹിത് ആയിരുന്നു കളിയിലെ താരവും.
ടൂർണമെന്റിലെ ഇന്ത്യയുടെ വിജയ നക്ഷത്രമായിരുന്ന യുവരാജ് സിങ് വിട്ടു നിന്ന മത്സരത്തിൽ മുൻനിര ബാറ്റർമാരായ ഗംഭീറും സെവാഗും ഉത്തപ്പയും കാർത്തിക്കും എല്ലാം പരാജയപ്പെട്ടിടത്താണ് രോഹിത് എന്ന പുതിയ നക്ഷത്രം പിറവിയെടുത്തത്. ദക്ഷിണാഫ്രിക്കയ്ക്കെതിരെ ഇന്ത്യ 37 റൺസിന്റെ വിജയം ആഘോഷിച്ച മത്സരത്തിൽ രോഹിത്തിന് പിന്തുണ നൽകിയത് നായകൻ എം.എസ്. ധോണി (33 പന്തിൽ 45 റൺസ്) മാത്രമായിരുന്നു. പിന്നീട് ഓസീസിന് എതിരായ സെമിഫൈനൽ മത്സരത്തിൽ ആറാമനായി ബാറ്റിങ്ങിനിറങ്ങിയ രോഹിത്തിന് നേരിടാൻ ആകെ ലഭിച്ചത് 5 പന്തുകൾ മാത്രമാണ്. എന്നാൽ അവിടെയും 8 റൺസ് നേടി രോഹിത് തന്റെ സംഭാവന നൽകി.
യുവരാജ് സിങ്ങിന്റെ 70 റൺസിന്റെ കരുത്തിൽ ഓസീസിനെ തകർത്ത് ഫൈനലിൽ പ്രവേശിച്ച ഇന്ത്യയ്ക്കായി രോഹിത്തിനും ചെയ്യാൻ ഏറെയുണ്ടായിരുന്നു. 54 പന്തിൽ നിന്ന് 75 റൺസ് നേടി ഫൈനലിൽ ഇന്ത്യൻ ഇന്നിങ്സിന്റെ നെടുന്തൂണായി മാറിയ ഗൗതം ഗംഭീറിന് പിന്നിൽ, ഇന്നിങ്സിന്റെ അവസാന ഓവറുകളിലെ 16 പന്തിൽ രോഹിത് അടിച്ചുകൂട്ടിയ 30 റൺസ് ഇന്ത്യയുടെ രണ്ടാമത്തെ ടോപ് സ്കോർ ആയിരുന്നു.
ആദ്യ ലോകകപ്പിൽ രോഹിത് കളത്തിലിറങ്ങിയ മൂന്ന് മത്സരങ്ങളിലും ഒരു എതിർ ടീം ബോളറിനും രോഹിത്തിന്റെ വിക്കറ്റ് സ്വന്തമാക്കാൻ കഴിഞ്ഞില്ലെന്നതും ചരിത്രം.
∙ രണ്ട് ട്വന്റി 20 കിരീടങ്ങൾ സ്വന്തമാക്കുന്ന ഒൻപതാമൻ
ആദ്യമായി രണ്ട് ട്വന്റി 20 ലോക കിരീടങ്ങൾ സ്വന്തം പേരിലാക്കുന്ന ഇന്ത്യൻ താരം എന്ന റെക്കോർഡുകൂടിയാണ് ഈ കിരീട ധാരണത്തിലൂടെ രോഹിത് സ്വന്തമാക്കിയത്. എന്നാൽ, ലോക ക്രിക്കറ്റിൽ ഈ നേട്ടം സ്വന്തമാക്കുന്ന ഒൻപതാമത്തെ മാത്രം താരമാണ് രോഹിത്. നേരത്തേ ഈ നേട്ടം സ്വന്തമാക്കിയിട്ടുള്ളത് ഇന്ത്യയ്ക്കു പുറമേ രണ്ട് ട്വന്റി 20 കിരീടങ്ങൾ (2012, 2016) സ്വന്തമായുള്ള വെസ്റ്റ് ഇൻഡീസിന്റെ 8 താരങ്ങളാണ്. സിക്സ് അടി ഉൾപ്പെടെയുള്ള കളി ശൈലിയിൽ വെസ്റ്റ് ഇൻഡീസ് താരങ്ങളോട് ഏറെ ഉപമിക്കപ്പെടുന്ന രോഹിത് തന്നെ ഈ കൂട്ടത്തിലെ ഏക ഇതര ടീം അംഗമായതും കാലത്തിന്റെ കാവ്യനീതി. ഇന്ത്യയ്ക്കും വെസ്റ്റ് ഇൻഡീസിനും പുറമേ ഇംഗ്ലണ്ടും രണ്ട് ട്വന്റി20 ലോകകപ്പുകൾ (2010, 2022) സ്വന്തമാക്കിയിട്ടുണ്ടെങ്കിലും ഇരു ടൂർണമെന്റുകളിലും ഒരുപോലെ കളിച്ച താരങ്ങൾ അവർക്കുണ്ടായിരുന്നില്ല.
∙ 9 ലോകകപ്പുകളിലും കളത്തിലിറങ്ങിയ രണ്ടിലൊരാൾ
2007ൽ നടന്ന പ്രഥമ ട്വന്റി20 ലോകകപ്പു മുതൽ ഇത്തവണത്തേതുവരെയുള്ള 9 ലോകകപ്പുകളിലും പങ്കെടുത്തിട്ടുള്ള രണ്ടു താരങ്ങൾ മാത്രമാണുള്ളത്. തീർച്ചയായും അതിൽ ഒരാൾ രോഹിത് ശർമ തന്നെയാണ്. മറ്റൊരാൾ ബംഗ്ലദേശിന്റെ ഷക്കീബ് അൽ ഹസനും. എന്നാൽ ഇവരിൽ ട്വന്റി20 ലോകകപ്പിന്റെ ചരിത്രത്തിൽ ഏറ്റവും കൂടുതൽ മത്സരങ്ങളിൽ കളത്തിലിറങ്ങിയിട്ടുള്ളത് രോഹിത് തന്നെയാണ്. 47 ലോകകപ്പ് മത്സരങ്ങളിലാണ് രോഹിത് ഇന്ത്യയെ പ്രതിനിധീകരിച്ചത്. ഇതിൽ ബാറ്റ് ചെയ്യാൻ അവസരം ലഭിക്കാതെ പോയത് ആദ്യ മത്സരം ഉൾപ്പെടെ മൂന്ന് തവണ മാത്രം.
∙ ലോകകപ്പ് റൺ വേട്ടക്കാരിൽ രണ്ടാമൻ
ട്വന്റി20 ലോകകപ്പുകളിൽ നിന്ന് ഏറ്റവും കൂടുതൽ റൺസ് സ്വന്തമാക്കിയിട്ടുള്ള താരങ്ങളിൽ രണ്ടാമനാണ് രോഹിത്. 33 ഇന്നിങ്സുകളിൽ നിന്ന് 1292 റൺസ് സ്വന്തമാക്കിയിട്ടുള്ള കോലി ഒന്നാം സ്ഥാനം സ്വന്തമാക്കിയപ്പോൾ, 44 ഇന്നിങ്സുകളിൽ നിന്ന് 1220 റൺസാണ് രോഹിത്തിന്റെ സമ്പാദ്യം. ലോകകപ്പുകളിൽ ആകെ 917 പന്തുകൾ നേരിട്ടിട്ടുള്ള രോഹിത്തിന്റെ സ്ട്രൈക് റേറ്റ് 133.04 ആണ്.
20–ാം വയസ്സിൽ ലോകകപ്പിൽ അങ്കംകുറിച്ച രോഹിത് തന്റെ ഏറ്റവും ഉയർന്ന സ്കോറായ 92 റൺസ് കണ്ടെത്തുന്നത് 37–ാം വയസ്സിലാണ്. ഇത്തവണത്തെ സൂപ്പർ 8 പോരാട്ടത്തിൽ ഓസീസിന് എതിരെ 41 പന്തിലായിരുന്നു രോഹിത്തിന്റെ ഈ ഹൈ വോൾട്ടേജ് ഇന്നിങ്സ്.
9 ടൂർണമെന്റുകൾ കളിച്ചെങ്കിലും ഒരിക്കൽ പോലും ട്വന്റി20 ലോകകപ്പ് സെഞ്ചറി എന്ന നാഴികക്കല്ല് പിന്നിടാൻ രോഹിത്തിന് അവസരം ലഭിച്ചില്ല. സെഞ്ചറികൾ നേടിയിട്ടില്ലെങ്കിലും 12 അർധ സെഞ്ചറികളാണ് ട്വന്റി20 ലോകകപ്പ് മത്സരങ്ങളിൽ നിന്ന് രോഹിത് അടിച്ചുകൂട്ടിയിട്ടുള്ളത്. ഇതും റെക്കോർഡ് ബുക്കിൽ രണ്ടാം സ്ഥാനത്താണ്. 15 അർധ സെഞ്ചറികളുമായി കോലി തന്നെയാണ് ഇവിടെയും ഒന്നാമതുള്ളത്.
∙ സിക്സറുകളിലും അർധ സെഞ്ചറി തികച്ച് ഹിറ്റ്മാൻ
രോഹിത് ശർമ എന്നതിനേക്കാളേറെ, ഹിറ്റ്മാൻ ശർമ എന്ന് അറിയപ്പെടുന്ന രോഹിത്തിന്റെ പേരിലാണ് ലോക ക്രിക്കറ്റിലെ സിക്സടികളുടെ ഒട്ടുമിക്ക റെക്കോർഡുകളും. ആ കണക്കുപുസ്തകത്തിൽ എവിടെയെങ്കിലും രോഹിത് രണ്ടാം സ്ഥാനത്തേക്ക് പോയിട്ടുണ്ടോ, അവിടെയെല്ലാം ഒന്നാം സ്ഥാനത്തുള്ളത് ക്രിസ് ഗെയ്‌ലോ അല്ലെങ്കിൽ മറ്റേതെങ്കിലും കരീബിയൻ താരമോ ആയിരിക്കും. ട്വന്റി20 ലോകകപ്പുകളിലെ സിക്സടികളുടെ കാര്യത്തിലും രോഹിത്തിന് മുന്നിൽ ഒരേഒരാൾ മാത്രമാണുള്ളത്, സാക്ഷാൽ ക്രിസ് ഗെയ്‌ൽ.
31 ഇന്നിങ്സുകളിൽ നിന്നായി 63 സിക്സറുകളാണ് ഗെയ്‌ലിന്റെ സമ്പാദ്യമെങ്കിൽ 44 ഇന്നിങ്സുകളിൽ നിന്ന് 50 സിക്സറുകളാണ് രോഹിത് സ്വന്തമാക്കിയിട്ടുള്ളത്. എന്നാൽ ട്വന്റി20 ലോകകപ്പുകളിലെ ഫോറുകളുടെ കാര്യത്തിൽ രോഹിത്തിന് മുന്നിൽ മറ്റാരുമില്ല. 115 ഫോറുകളുമായി രോഹിത് ഒന്നാം സ്ഥാനത്തുള്ളപ്പോൾ 111 ഫോറുകൾ വീതം നേടിക്കൊണ്ട് വിരാട് കോലിയും മഹേല ജയവർധനെയും രണ്ടാം സ്ഥാനത്തുണ്ട്.
∙ വീഴ്ചകളുടെ 2023, ഉയിർപ്പിന്റെ 2024
രോഹിത്തിന്റെ നേതൃത്വം ഇന്ത്യൻ ടീമിന് സുവർണ കാലഘട്ടമായിരുന്നു. വിജയങ്ങളുടെ കളിത്തോഴനായി ടീം ഇന്ത്യ ഈ കാലയളവിൽ മാറി. ടെസ്റ്റ്, ഏകദിനം, ട്വന്റി20 എന്നിങ്ങനെ എല്ലാ ഫോർമാറ്റുകളിലും ഇന്ത്യ ഒന്നാമനാകുന്നത് പതിവായി. ഇതിനെല്ലാം പുറമേ 2023 ലോക ടെസ്റ്റ് ചാംപ്യൻഷിപ്, 2023 ഏകദിന ലോകകപ്പ് എന്നിവയുടെ ഫൈനലുകളിൽ വരെ ഇന്ത്യ എത്തി. എന്നാൽ, ഓസീസിന് എതിരായ ടെസ്റ്റ് ചാംപ്യൻഷിപ് ഫൈനൽ പോരാട്ടം നടന്ന ഓവലിൽ നിന്നും ഓസീസിന് എതിരെ തന്നെ ഏകദിന ഫൈനൽ പോരാട്ടം നടന്ന അഹമ്മദാബാദിൽ നിന്നും നിറകണ്ണുകളോടെ മടങ്ങാനായിരുന്നു രോഹിത്തിനും കൂട്ടർക്കും വിധി. കപ്പിനും ചുണ്ടിനും ഇടയിൽ കിരീടങ്ങൾ അകന്നുപോയി.
ഒടുവിൽ 2024 എത്തി, ട്വന്റി20 ലോകകപ്പും. ഇന്ത്യയുടെ ഐസിസി കപ്പ് വരൾച്ചയ്ക്ക് പരിഹാരവുമായി. ഇന്ത്യയ്ക്ക് നാലാം ലോക കിരീടവും രോഹിത്തിന് ആശ്വാസത്തിന്റെ പുഞ്ചിരിയും സമ്മാനിച്ച്.
∙ നായക വിജയങ്ങളിലും അർധ സെഞ്ചറി തികച്ച ലോകകപ്പ്
62 ട്വന്റി20 മത്സരങ്ങളിലാണ് രോഹിത് ഇന്ത്യൻ നായകന്റെ തൊപ്പി അണിഞ്ഞിട്ടുള്ളത്. അതിൽ രോഹിത്തിന്റെ 50–ാം വിജയമായിരുന്നു ലോകകപ്പ് ഫൈനലിലേത്. ഇന്ത്യയ്ക്ക് ഏറ്റവും കൂടുതൽ ട്വന്റി20 വിജയങ്ങൾ സമ്മാനിച്ചിട്ടുള്ള നായകനും രോഹിത് തന്നെയാണ്. ലോക ക്രിക്കറ്റിലും രോഹിത്തിന്റെ ഈ നേട്ടം ഒന്നാം സ്ഥാനത്താണ് രേഖപ്പെടുത്തിയിരിക്കുന്നത്. രോഹിത്തിന് തൊട്ടുപിന്നിലുള്ളത് പാക്കിസ്ഥാന് 85 മത്സരങ്ങളിൽ നിന്ന് 48 വിജയങ്ങൾ സമ്മാനിച്ചിട്ടുള്ള ബാബർ അസം ആണ്. 72 മത്സരങ്ങളിൽ ഇന്ത്യയെ നയിച്ച ധോണിയുടെ കീഴിൽ 41 വിജയങ്ങളാണ് ടീം ഇന്ത്യ സ്വന്തമാക്കിയിട്ടുള്ളത്. 50 മത്സരങ്ങളിൽ ഇന്ത്യയെ നയിച്ച കോലിയുടെ സംഭാവന 30 വിജയങ്ങളും.
∙ മുന്നിൽ നിന്ന് നയിച്ചു, കിരീട നേട്ടത്തോടെ പടിയിറക്കം
2022 ട്വന്റി20 ലോകകപ്പ് സെമി ഫൈനലിൽ ഇംഗ്ലണ്ടിനോട് തോൽവി വഴങ്ങിയ ശേഷം കോലിക്കൊപ്പം രോഹിത്തും ഏറെക്കാലം ട്വന്റി20 മത്സരങ്ങളിൽ നിന്ന് അകലം പാലിച്ചിരുന്നു. എന്നാൽ, ഏകദിന ലോകകപ്പ് ഫൈനലിൽ പരാജയം നുണഞ്ഞ ശേഷം, ടീം ഇന്ത്യയ്ക്ക് ഒരു ലോക കിരീടം എന്ന സ്വപ്നവുമായാണ് ഇരുവരും വീണ്ടും ട്വന്റി20 ഫോർമാറ്റിലേക്ക് തിരികെയെത്തിയത്. അഫ്ഗാനിസ്ഥാനെതിരായ പരമ്പരയിൽ രോഹിത് നേടിയ ഉജ്വല സെഞ്ചറിയും രണ്ട് സൂപ്പർ ഓവറുകൾ നീണ്ട പോരാട്ടത്തിൽ മുന്നിൽ നിന്ന് നയിച്ച് ഇന്ത്യയ്ക്ക് വിജയം സമ്മാനിച്ചതുമെല്ലാം ഒരു തുടക്കം മാത്രമായിരുന്നു. വരാനിരിക്കുന്ന ലോകകപ്പിന് മുന്നേയുള്ള വെറും സന്നാഹം.
ഈ ലോകകപ്പിൽ, ഇന്ത്യയ്ക്കായി ഏറ്റവും കൂടുതൽ റൺസ് (257), ഏറ്റവും മികച്ച സ്കോർ (92), ഉയർന്ന സ്ട്രൈക് റേറ്റ് (156.70), ഉയർന്ന ആവറേജ്, കൂടുതൽ സിക്സറുകൾ (15), കൂടുതൽ അർധ സെഞ്ചറികൾ (3) എന്നിവയെല്ലാം സ്വന്തമാക്കി ടീമിനെ മുന്നിൽ നിന്ന് നയിച്ചത് ക്യാപ്റ്റൻ രോഹിത് തന്നെയാണ്. ടൂർണമെന്റിലെ ഉയർന്ന രണ്ടാമത്തെ ടോപ് സ്കോററും രോഹിത് തന്നെ. ക്യാപ്റ്റൻ എന്ന ജോലി മികവോടെ മുന്നോട്ടുകൊണ്ടുപോകുമ്പോഴും കളിക്കാരൻ (ബാറ്റർ) എന്ന തന്റെ ചുമതലയും രോഹിത് മനോഹരമാക്കി എന്നതിന് മറ്റെന്ത് തെളിവാണ് ആവശ്യം.