ഒരേയൊരു വൻമതിൽ, ഒടുവിലൊരു കിരീടം; കാലവും ക്രിക്കറ്റും ചേർന്നു കടം വീട്ടുമ്പോൾ
കണ്ണുചിമ്മാതെ, ഉടലും ഉയിരും ഏകാഗ്രമാക്കി ക്രീസിൽ നിന്നു പൊരുതിയ പതിനായിരക്കണക്കിനു മിനിറ്റുകൾ. പക്ഷേ, അർഹിച്ച അംഗീകാരവും ആഘോഷവും ആ താരത്തെ തേടി ഒരിക്കലും വന്നിട്ടില്ല. രാഹുൽ ശരദ് ദ്രാവിഡ്, വെല്ലുവിളികളുടെ സമയത്തു സുരക്ഷ ഉറപ്പാക്കുന്ന വൻമതിലായും അല്ലാത്തപ്പോൾ ആവേശം പകരാത്ത പഴഞ്ചൻ ശൈലിക്കാരനായും ക്രിക്കറ്റ് ആരാധകർ മുദ്രകുത്തിയ ഇന്ത്യയുടെ വിശ്വസ്തതാരം. പോരാട്ടത്തിന്റെ ക്രീസുകളിൽ എന്നും രണ്ടാമൂഴക്കാരനാകാൻ വിധിക്കപ്പെട്ട ആ ക്രിക്കറ്റർക്കായി കാലം കാത്തുവച്ചതാണ് ഈ ട്വന്റി20 ലോകകിരീടം.
കണ്ണുചിമ്മാതെ, ഉടലും ഉയിരും ഏകാഗ്രമാക്കി ക്രീസിൽ നിന്നു പൊരുതിയ പതിനായിരക്കണക്കിനു മിനിറ്റുകൾ. പക്ഷേ, അർഹിച്ച അംഗീകാരവും ആഘോഷവും ആ താരത്തെ തേടി ഒരിക്കലും വന്നിട്ടില്ല. രാഹുൽ ശരദ് ദ്രാവിഡ്, വെല്ലുവിളികളുടെ സമയത്തു സുരക്ഷ ഉറപ്പാക്കുന്ന വൻമതിലായും അല്ലാത്തപ്പോൾ ആവേശം പകരാത്ത പഴഞ്ചൻ ശൈലിക്കാരനായും ക്രിക്കറ്റ് ആരാധകർ മുദ്രകുത്തിയ ഇന്ത്യയുടെ വിശ്വസ്തതാരം. പോരാട്ടത്തിന്റെ ക്രീസുകളിൽ എന്നും രണ്ടാമൂഴക്കാരനാകാൻ വിധിക്കപ്പെട്ട ആ ക്രിക്കറ്റർക്കായി കാലം കാത്തുവച്ചതാണ് ഈ ട്വന്റി20 ലോകകിരീടം.
കണ്ണുചിമ്മാതെ, ഉടലും ഉയിരും ഏകാഗ്രമാക്കി ക്രീസിൽ നിന്നു പൊരുതിയ പതിനായിരക്കണക്കിനു മിനിറ്റുകൾ. പക്ഷേ, അർഹിച്ച അംഗീകാരവും ആഘോഷവും ആ താരത്തെ തേടി ഒരിക്കലും വന്നിട്ടില്ല. രാഹുൽ ശരദ് ദ്രാവിഡ്, വെല്ലുവിളികളുടെ സമയത്തു സുരക്ഷ ഉറപ്പാക്കുന്ന വൻമതിലായും അല്ലാത്തപ്പോൾ ആവേശം പകരാത്ത പഴഞ്ചൻ ശൈലിക്കാരനായും ക്രിക്കറ്റ് ആരാധകർ മുദ്രകുത്തിയ ഇന്ത്യയുടെ വിശ്വസ്തതാരം. പോരാട്ടത്തിന്റെ ക്രീസുകളിൽ എന്നും രണ്ടാമൂഴക്കാരനാകാൻ വിധിക്കപ്പെട്ട ആ ക്രിക്കറ്റർക്കായി കാലം കാത്തുവച്ചതാണ് ഈ ട്വന്റി20 ലോകകിരീടം.
കണ്ണുചിമ്മാതെ, ഉടലും ഉയിരും ഏകാഗ്രമാക്കി ക്രീസിൽ നിന്നു പൊരുതിയ പതിനായിരക്കണക്കിനു മിനിറ്റുകൾ. പക്ഷേ, അർഹിച്ച അംഗീകാരവും ആഘോഷവും ആ താരത്തെ തേടി ഒരിക്കലും വന്നിട്ടില്ല. രാഹുൽ ശരദ് ദ്രാവിഡ്, വെല്ലുവിളികളുടെ സമയത്തു സുരക്ഷ ഉറപ്പാക്കുന്ന വൻമതിലായും അല്ലാത്തപ്പോൾ ആവേശം പകരാത്ത പഴഞ്ചൻ ശൈലിക്കാരനായും ക്രിക്കറ്റ് ആരാധകർ മുദ്രകുത്തിയ ഇന്ത്യയുടെ വിശ്വസ്തതാരം. പോരാട്ടത്തിന്റെ ക്രീസുകളിൽ എന്നും രണ്ടാമൂഴക്കാരനാകാൻ വിധിക്കപ്പെട്ട ആ ക്രിക്കറ്റർക്കായി കാലം കാത്തുവച്ചതാണ് ഈ ട്വന്റി20 ലോകകിരീടം.
കരിയറിൽ ദ്രാവിഡ് ഏറ്റവും പഴികേട്ട, ടീമിലും നാട്ടിലും ഒറ്റപ്പെട്ട 2007ലെ ഏകദിന ലോകകപ്പിനു വേദിയൊരുക്കിയ അതേ കരീബിയൻ മണ്ണിൽതന്നെയാണു പരിശീലകനായുള്ള ലോകകപ്പ് നേട്ടമെന്നതും കാലം കാത്തുവച്ച കാവ്യനീതി. ഏതു നിമിഷവും തകർന്നടിയാവുന്ന ബാറ്റിങ് കോട്ടയ്‌ക്കു കണ്ണിലെണ്ണയൊഴിച്ചു കാവൽ നിൽക്കുക എന്ന ബ്രഹ്മാണ്ഡദൗത്യമായിരുന്നു കളിക്കാലത്തെ ദ്രാവിഡിന്റെ നിയോഗം. പേരുകേട്ട ബാറ്റർമാർ നെഞ്ചുവിരിക്കാതെ മടങ്ങാറുള്ള വിദേശമണ്ണിൽ ദ്രാവിഡിന്റെ ചങ്കുറപ്പിലാണ് ഇന്ത്യ ഒരുകാലത്തു നിവർന്നുനിന്നത്. എന്നിട്ടും കറിവേപ്പില പോലെ വലിച്ചെറിയപ്പെട്ട, ഒരു വിടവാങ്ങൽ വേദി പോലും ഉയരാത്ത ഒന്നായി മാറി ആ കരിയറിന്റെ പടിയിറക്കം.
അതിനുകൂടി പ്രായശ്ചിത്തം ചെയ്യുന്ന ഒന്നാണ് ബാർബഡോസിൽ ലോക കിരീടവും സമ്മാനിച്ചുള്ള രോഹിത്തിന്റെയും സംഘത്തിന്റെയും ഗുരുദക്ഷിണ. ഇന്ത്യൻ ടീമിന്റെ പരിശീലക ദൗത്യവും പൂർത്തിയാക്കി മടങ്ങുകയാണ് രാഹുൽ ദ്രാവിഡ് എന്ന ഇന്ത്യയുടെ മിസ്റ്റർ ഡിപ്പൻഡബ്ൾ. എന്നാൽ, ദ്രാവിഡ് ആയതു കൊണ്ടു ഈ മടക്കം ഒരു പടിയിറക്കമാണെന്നും പറയാനാകില്ല. തിരിച്ചടികളുടെ ആടിയുലഞ്ഞ് ഇന്ത്യയ്ക്ക് ഇനിയും ഒരു രക്ഷകനെ ആവശ്യമായിവന്നാൽ ബിസിസിഐതന്നെ ദ്രാവിഡിനെ തിരിച്ചുവിളിക്കും. ദ്രാവിഡ് ആ വിളി കേൾക്കും. ഏകദിനത്തിൽ നിന്നു അകറ്റി നിർത്തിയ കാലത്തും അതങ്ങിനെയായിരുന്നല്ലോ. പിച്ചിൽ അപകടം കുതിച്ചുയരുന്ന വേളകളിൽ ഇന്ത്യ ആ വൻമതിലിന്റെ തണൽ തേടും. പിന്നെ കയ്യൊഴിയും.
ഒടുവിൽ പന്തു പിടിതരാതെ ചാഞ്ചാടിപ്പായുന്ന ഇംഗ്ലണ്ടിൽ ട്വന്റി20 ടീമിൽപ്പോലും ഏകദിനങ്ങൾക്കു കൊള്ളാത്തവനെന്നു പഴികേട്ട ദ്രാവിഡിനെത്തേടി ഇന്ത്യയുടെ വിളിയെത്തി. ഒരേയൊരു രാജ്യാന്തര ട്വന്റി20 മത്സരം മാത്രം കളിച്ച ദ്രാവിഡിന്റെ തന്ത്രങ്ങളുടെയും കണക്കുകൂട്ടലുകളുടെയും വിജയത്തിലാണ് ഒരു ലോകകിരീടത്തിനായുള്ള ടീം ഇന്ത്യയുടെ ഒന്നരപ്പതിറ്റാണ്ടരികെയെത്തിയ കാത്തിരിപ്പിനു വിരാമമായത്. കിങ്സ്റ്റൺ സബീന പാർക്കിലും ഹെഡിങ്‌ലിയിലും അഡ്‍ലെയ്ഡ് ഓവലിലുമായി തീ തുപ്പുന്ന പന്തുകൾക്കു പ്രതിരോധം തീർത്തു ടീം ഇന്ത്യയെ രക്ഷിക്കുമ്പോൾ കിട്ടാതിരുന്ന അഭിനന്ദനങ്ങളാണു ബാർബഡോസിലെ വിശ്വവിജയത്തോടെ രാഹുൽ ദ്രാവിഡിനെ തേടിയെത്തുന്നത്.
∙ പൂജിക്കാത്ത വിഗ്രഹം !
അരങ്ങേറ്റം മുതൽക്കേ രാഹുലിന്റെ സന്തതസഹചാരിയാണു നേട്ടത്തിന്റെ മാറ്റു കുറയ്ക്കുന്ന ഭാഗ്യദോഷങ്ങൾ. ലോഡ്‌സിൽ ടെസ്റ്റ് അരങ്ങേറ്റത്തിൽ സെഞ്ചുറിക്കരികെയെത്തിയ ഇന്നിങ്സിന്റെ ശ്രദ്ധ കവർന്നതു സഹതാരം സൗരവ് ഗാംഗുലിയുടെ സെഞ്ചുറിയും വിഖ്യാത അംപയർ ഡിക്കി ബേഡിന്റെ വിടവാങ്ങലും. വിമർശകരുടെ വായടപ്പിച്ചെത്തിയ ആദ്യ ഏകദിന ശതകമാകട്ടെ 194 റൺസ് വാരിക്കൂട്ടിയ സയീദ് അൻവറിന്റെ റെക്കോർഡ് വേട്ടയിൽ കൊഴിഞ്ഞുവീണു.
കൊൽക്കത്ത ടെസ്റ്റിൽ ഓസ്ട്രേലിയൻ ശൗര്യത്തെ ചവിട്ടിമെതിക്കുമ്പോഴും വി.വി എസ് ലക്ഷ്മണിന്റെ നിഴൽമറയിലായിരുന്നു ദ്രാവിഡ്. ബാർബഡോസിൽ ദക്ഷിണാഫ്രിക്കയുടെ വെല്ലുവിളി മറികടന്നു ട്വന്റി20 ലോകജേതാക്കളുടെ ചെങ്കോലും കിരീടവും ഇന്ത്യ ഏറ്റുവാങ്ങുമ്പോഴും രണ്ടു വലിയ വിടവാങ്ങലുകൾ ഉയർത്തിയ 'ശ്രദ്ധതിരിക്കലി'ന്റെ നടുവിലാണു രാഹുൽ ദ്രാവിഡ്. സമീപകാല ക്രിക്കറ്റിലെ വൻമരങ്ങളായ വിരാട് കോലിയും രോഹിത് ശർമയും വിശ്വകിരീടവിജയത്തിനു പിന്നാലെ രാജ്യാന്തര ട്വന്റി20യിൽ നിന്നു പടിയിറക്കം പ്രഖ്യാപിച്ചതോടെയാണത്.
ആരാധകർക്ക് ഇന്നും എന്നും നൊമ്പരമുണ്ടാക്കുന്നതാകാം ഈ അവഗണനകളെങ്കിലും വൻമതിൽ അതിലൊന്നും ഇളകിയിട്ടുണ്ടാകില്ല. റെക്കോർഡ് ബുക്കിൽ കയറിപ്പറ്റാനായി ഒരിക്കലും ടീം വർക്കിന്റെ ക്രീസിൽ നിന്നിറങ്ങി കളിച്ചിട്ടില്ലാത്ത ദ്രാവിഡ് അതൊന്നും ശ്രദ്ധിച്ചിട്ടേയുണ്ടാകില്ലെന്നു പറയുന്നതാകും കൂടുതൽ ശരി. പരാതിയും പരിഭവവുമില്ലാതെ ടീമിന്റെ ആവശ്യങ്ങൾക്കു മുൻഗണന നൽകി ഓപ്പണറായും ഏഴാമനായും കീപ്പറായുമെല്ലാം ഇന്ത്യ കണ്ട ഏറ്റവും മികച്ച ‘ടീം മാൻ’ ആകുകയായിരുന്നു എക്കാലവും ദ്രാവിഡ്. സ്റ്റംപിനു മുന്നിൽ തിളങ്ങാൻ പോന്നൊരു വിക്കറ്റ് കീപ്പറുടെ അഭാവം പ്രകടമായതോടെയാണ് ടീമിന്റെ ആവശ്യം കണ്ടറിഞ്ഞു വിക്കറ്റ് കീപ്പറുടെ അധികഭാരവും ഈ മിതഭാഷി ഏറ്റെടുത്തത്.
ഇരട്ട റോളിനു തയാറായില്ലെങ്കിലും വൈസ് ക്യാപ്റ്റൻ കൂടിയായ ദ്രാവിഡിനു ടീമിൽ ഒരിടം ഉറപ്പായിരുന്ന നാളുകളായിരുന്നത്. 1999ലെ ഇംഗ്ലിഷ് ലോകകപ്പിലെ ടോപ് സ്കോററെ കൂടാതൊരു ലോകകപ്പ് ടീം 2003ൽ ഇന്ത്യയ്ക്കു സ്വപ്നം കാണാൻ പോലും ആകുമായിരുന്നില്ല. ദക്ഷിണാഫ്രിക്കയിലെ ജീവനുള്ള പിച്ചുകളിൽ വിക്കറ്റിന് മുന്നിൽ പിടിപ്പതു പണിയുണ്ടായിട്ടും പിന്നിലെ അധികഭാരം കൂടി ചുമലിലേറ്റാനുള്ള രാഹുലിന്റെ തീരുമാനത്തിന്റെ തണലിലാണു ദക്ഷിണാഫ്രിക്കൻ മണ്ണിലെ ആ ലോകകപ്പിൽ ഇന്ത്യ കലാശപ്പോരാട്ടത്തിലേക്ക് ഇരമ്പിക്കയറിയത്. 2011ലെ ലോകകപ്പിന്റെ വേദി ഇന്ത്യൻ മണ്ണിലായതു പക്ഷേ, ദ്രാവിഡിന്റെ ഏകദിന കരിയറിൽ പ്രതിഫലിച്ചു.
‘ബാറ്റ്‌സ്മാൻമാരുടെ സ്വന്തം’ മൈതാനങ്ങളിൽ നടക്കുന്ന ലോകകപ്പിൽ ദ്രാവിഡിന്റെ ആവശ്യം ടീം ഇന്ത്യയ്ക്ക് അനിവാര്യമല്ലെന്ന ഒറ്റക്കാരണത്തിലാണ് ഈ കർണാടകക്കാരൻ ഏകദിന പരിഗണനയ്ക്കു പുറത്തായത്. 2007ൽ ഇംഗ്ലിഷ് പേസാക്രമണത്തെ തലങ്ങും വിലങ്ങും പായിച്ച, 63 പന്തിൽ 92 റൺസെന്ന ബ്രിസ്റ്റോളിലെ തകർപ്പൻ പ്രകടനം കഴിഞ്ഞു വിരലിൽ എണ്ണാവുന്നത്ര ഇന്നിങ്സ് മാത്രമേ ദ്രാവിഡിനു കളിക്കാനായുള്ളൂ. നീണ്ട ഇടവേളകൾക്കു ശേഷം, അപകടം പതിയിരിക്കുന്ന വിദേശ പിച്ചുകളിലായിരുന്നു ദ്രാവിഡ് പിന്നെ കളിച്ച ആ മത്സരങ്ങൾ. ഏകദിനങ്ങൾക്ക് ഇനിയില്ല എന്നു താരം പോലും ചിന്തിച്ചിടത്താണു സിലക്ടർമാർ 2011ലെ ഇംഗ്ലിഷ് പര്യടനത്തിൽ ദ്രാവിഡിന്റെ സഹായം തേടിയതെന്നതും ചരിത്രം.
ടെസ്റ്റ് പരമ്പരയിലെ ഇന്ത്യയുടെ അഭിമാനം കാത്ത ഒറ്റയാൾ പോരാട്ടത്തിനു പിന്നാലെയായിരുന്നു ആ വിളി. ഇനി ഈ 'ലിമിറ്റഡ്' ഓവർ കളിക്ക് ഇല്ലായെന്നു പറയാതെ ദ്രാവിഡ് ആ ദൗത്യവും ഏറ്റെടുത്തു. അർധശതകം കുറിച്ചു ഏകദിനത്തിൽ നിന്നുള്ള പടിയിറക്കം പ്രഖ്യാപിച്ച ആ പര്യടനത്തിലായിരുന്നു രാജ്യാന്തര ട്വന്റി20 അരങ്ങേറ്റവും. തുടർച്ചയായ മൂന്നു സിക്സറുകൾ പിറന്ന ആ ഇന്നിങ്സ് ഇന്ത്യൻ നിറത്തിൽ താരത്തിന്റെ ആദ്യത്തേതും അവസാനത്തേതുമായ ട്വന്റി20 പ്രകടനവുമായി. ടെസ്റ്റിലും ഭിന്നമായിരുന്നില്ല ദ്രാവിഡിനോടുള്ള കളത്തിനു പുറത്തെ സമീപനം. ഇംഗ്ലണ്ടിൽ ചരിത്രം കുറിച്ച പരമ്പര നേട്ടത്തിനു പിന്നാലെ നായകസ്ഥാനം തന്നെ ഉപേക്ഷിക്കേണ്ടിവന്നിട്ടുണ്ട് ഇന്ത്യയുടെ ‘മിസ്റ്റർ കൺസിസ്റ്റന്റി’ന്.
ഇന്ത്യയുടെ ബാറ്റിങ് ഹീറോകൾ ഒരുമിച്ചു കീഴടങ്ങിയ 2011ലെ ഇംഗ്ലണ്ട് പര്യടനത്തിൽ മൂന്നു ശതകങ്ങളുമായി ഒറ്റയ്ക്കു പട നയിച്ച ദ്രാവിഡ് പിന്നീടു കളിച്ചത് ഒരേയൊരു പരമ്പരയിൽ മാത്രം. ഓസ്ട്രേലിയൻ പര്യടനത്തിൽ ടീമിലെ സൂപ്പർ താരനിര ഒന്നടങ്കം പരാജിതരായതോടെ ദ്രാവിഡ് കളി മതിയാക്കി. സീനിയർ താരങ്ങളുടെ കൂട്ടസാന്നിധ്യം ചോദ്യം ചെയ്യപ്പെട്ടതോടെ ഒറ്റ പരമ്പരയിലെ വീഴ്ച മാത്രമുള്ള ദ്രാവിഡ് സ്വയം പടിയിറങ്ങുകയായിരുന്നു. ഡിസംബറിൽ രാജ്യത്തെ ഏറ്റവും മികച്ച ക്രിക്കറ്റർക്കുള്ള പോളി ഉമ്രിഗർ പുരസ്കാരം ഏറ്റുവാങ്ങിയ താരം ഒരു വിടവാങ്ങൽ മൽസരത്തിന്റെ അകമ്പടി പോലുമില്ലാതെ മാർച്ചിൽ കളമൊഴിഞ്ഞു.
∙ ഇന്ത്യയുടെ കാവലാൾ
ക്രിക്കറ്റ് എന്ന ഗെയിമിനോടുള്ള സമീപനത്തിലും സമർപ്പണത്തിലും, എന്തിനു ഹെയർ സ്റ്റൈലിൽ പോലും അണുവിട മാറ്റം വരുത്താതെ മൂന്നു ദശാബ്ദക്കാലത്തോളമാണു ദ്രാവിഡ് ഇന്ത്യൻ ക്രിക്കറ്റിന്റെ കാവലാളായത്. ഒരിക്കലും പദവികൾക്കും റെക്കോർഡുകൾക്കും പിന്നാലെ പോയിട്ടില്ല എന്നതും ദ്രാവിഡിന്റെ കാര്യത്തിൽ എടുത്തു പറഞ്ഞേതീരൂ. ടീമിനു വേണ്ടി വെള്ളത്തിനു മുകളിലൂടെ നടക്കാൻ ആവശ്യപ്പെട്ടാൽ എത്ര മൈൽ വേണമെന്നാകും ദ്രാവിഡിന്റെ ചോദ്യമെന്ന ഹർഷ ഭോഗ്‌ലെയുടെ നിരീക്ഷണം മാത്രം മതിയാകും താരപ്രഭാവം ഇത്തിരിയേറെയുള്ള ഇന്ത്യൻ ക്രിക്കറ്റിൽ ഈ ബെംഗലൂരു സ്വദേശിയുടെ മൂല്യം അറിയാൻ.
പരിശീലകനായി ഇന്ത്യയ്ക്ക് ഇന്നു ലോകകിരീടം സമ്മാനിച്ച ദ്രാവിഡിനെത്തേടി ഏറെക്കാലം മുൻപേ ചെന്നതാണു ആ റോൾ. താരത്തിന്റെ അർധസമ്മതം മാത്രമുണ്ടായിരുന്നെങ്കിൽ പോലും സീനിയർ ടീമിന്റെ പരിശീലകസ്ഥാനം രാഹുൽ ദ്രാവിഡിനെത്തേടിയെത്തുമായിരുന്നു. പക്ഷേ, ഇന്ത്യൻ ക്രിക്കറ്റിലെ ഏറ്റവും തലപ്പത്തേതെന്നു പറയാവുന്ന ആ പദവിയിൽ നിന്നു ദ്രാവിഡ് അന്നൊഴിഞ്ഞുമാറി. ജൂനിയർ താരങ്ങളുടെ പരിശീലനച്ചുമതല നൽകിയപ്പോൾ സസന്തോഷം അതേറ്റെടുക്കുകയും ചെയ്തു. അപ്പോഴും ഐപിഎലിലെ പങ്കാളിത്തം ഉയർത്തി താരത്തിന്റെ ആത്മാർഥത ചോദ്യം ചെയ്യാനും ചിലർ രംഗത്തിറങ്ങിയിരുന്നു.
ഏതൊരു വിവാദത്തെയും പോലെ മറുപടിക്കു മുതിരാതെ ഏറ്റെടുത്ത ദൗത്യത്തിൽ വ്യാപൃതനാകുകയായിരുന്നു ദ്രാവിഡ്. ഒടുവിൽ സമയം വന്നപ്പോൾ വേണ്ടിടത്തുതന്നെ ദ്രാവിഡ് മറുപടി നൽകി. വാക്കുകളിലായിരുന്നില്ല, പ്രവൃത്തിയിലൂടെയായിരുന്നു ആ മറുപടി. പണവും പ്രതാപവുമുള്ള ഐപിഎൽ അല്ലെങ്കിൽ പകിട്ടും പ്രശസ്തിയും കുറവുള്ള ജൂനിയർ ടീം എന്ന ബിസിസിഐ അന്വേഷണത്തിനു മുന്നിൽ രണ്ടാമതു തിരഞ്ഞെടുക്കുകയായിരുന്നു ഇന്ത്യയുടെ പകരം വയ്ക്കാനില്ലാത്ത ‘പെർഫെക്ട് ജെന്റിൽമാൻ’.
അണ്ടർ–19 ടീമിലും ഇന്ത്യ എ ടീമിലുമായി ‘ഭാവി ദേശീയ താരങ്ങൾ’ വൻമതിലിന്റെ തണലിൽ വാടാതെ വളർന്ന ആ നാളുകളുടെ ബാക്കിപത്രമാണ് ഇന്നുകാണുന്ന ഒന്നും രണ്ടും ഇന്ത്യൻ ടീമിനെ ഇറക്കാൻ പോന്ന പ്രതിഭോത്സവം. ക്യാംപുകളിലും നെറ്റ്സിലും മാത്രം ഒതുങ്ങാതെ, മൽസരപരിചയം കൂടി ചേർന്നാലേ തയാറെടുപ്പു പൂർണമാകൂ എന്ന ദ്രാവിഡിന്റെ വാശിയിൽ ഇന്ത്യയുടെ ‘എ’ ടീമംഗങ്ങൾക്കു പോലും നാട്ടിലും വിദേശത്തും ഒട്ടേറെ അവസരങ്ങളാണ് ഒരുങ്ങിയത്.
ഓസ്ട്രേലിയയിലും ദക്ഷിണാഫ്രിക്കയിലുമായി ഇന്ത്യൻ ക്രിക്കറ്റിന്റെ ബാലികേറാമലകളിൽ ചെന്നു യുവതാരങ്ങൾ ദ്രാവിഡിനു കീഴിൽ കരുത്തു തെളിയിച്ചതോടെ കരുതൽ ശേഖരത്തിൽ നിന്ന് അനായാസമാണു സിലക്ടർമാർ സീനിയർ ടീമിലേക്കു താരങ്ങളെ തേടിയത്. ദ്രാവിഡിൽ നിന്നു പാഠങ്ങൾ ഉൾക്കൊണ്ട താരങ്ങൾ തന്നെയാണു പരിശീലകന്റെ ഏറ്റവും വലിയ ബ്രാൻഡ് അംബാസഡർമാരായതും. നമ്മുടെ സഞ്ജു സാംസൺ മുതൽ കെവിൻ പീറ്റേഴ്സൺ വരെയുണ്ട് ‘വൻമതിലിന്റെ തണലിൽ’ സ്വന്തം മികവിന്റെ അളവുകോൽ ഉയർത്തിയവരിൽ.
സ്വന്തം നാട്ടിലെ ഐപിഎൽ ക്ലബ് റോയൽ ചാലഞ്ചേഴ്സിൽ നിന്നുള്ള പടിയിറക്കമാണു പരിശീലകനായുള്ള ദ്രാവിഡിന്റെ വരവിനു വേഗവും ആക്കവും കൂട്ടിയത്. ക്യാപ്റ്റനും മെന്ററുമായുള്ള രാജസ്ഥാൻ റോയൽസിലെ ദ്രാവിഡദൗത്യം ഒരുപറ്റം യുവതാരങ്ങളുടെ ജാതകം തന്നെ മാറ്റിയെഴുതി. ആഭ്യന്തര ക്രിക്കറ്റിൽ വിജയത്തിന്റെ ഒരുപാട് സീസണുകൾ എഴുതിച്ചേർത്തിട്ടും മുഖ്യധാരയിൽ നിന്ന് അകന്നു സഞ്ചരിച്ചിരുന്നയാളാണ് അജിൻക്യ രഹാനെ.
മുംബൈ ഇന്ത്യൻസിൽ ഇടംകിട്ടിയെങ്കിലും ടെസ്റ്റ് മെറ്റീരിയൽ എന്നു ചാർത്തി അവസരം നിഷേധിക്കപ്പെട്ട താരത്തെ ഇന്നുകാണുന്ന രഹാനെയാക്കിയതിനു പിന്നിൽ ദ്രാവിഡിന്റെ ഒരു ഫോൺ വിളിയാണ്. റോയൽസിൽ പ്ലേയിങ് ഇലവനിൽ സ്ഥാനം തരാമെന്ന ദ്രാവിഡിന്റെ ഉറപ്പിലാണു രഹാനെ ജയ്പൂരിനു വണ്ടി കയറിയത്. പിന്നെ സംഭവിച്ചതെല്ലാം ഐപിഎലിന്റെയും ഇന്ത്യയുടെയും സ്കോർ കാർഡുകളിലുണ്ട്. സഞ്ജുവിനും പറയാനുണ്ടാകും ഇങ്ങനെയൊരു കഥ. റോയൽസിന്റെ സിലക്ഷൻ ട്രയൽസിൽ ദ്രാവിഡ് സാക്ഷിയായ ഏതാനും പന്തുകളിലെ പ്രകടനമാണു സഞ്ജുവിന്റെ ജീവിതം മാറ്റിമറിച്ചത്.
∙ ദ്രാവിഡിന്റെ പാഠങ്ങൾ
കളത്തിലെ തിളക്കം പരിശീലകദൗത്യത്തിൽ വിലപ്പോവില്ലെന്ന കണക്കുകൂട്ടലുകളും കൂടിയാണു ദ്രാവിഡ് പൊളിച്ചെഴുതിയത്. കുറവുകൾ തിരിച്ചറിഞ്ഞ, കഠിനാദ്ധ്വാനം ചെയ്യാൻ മടി കാണിക്കാത്തയാളായിരുന്നു ദ്രാവിഡ് എന്ന സ്പോർട്സ്മാൻ. അതേ മികവുകൾ തന്നെയാണ് ഇപ്പോൾ പരിശീലകനെന്ന നിലയിലും ദ്രാവിഡിന്റെ വിജയഘടകവും. ബാല്യകാലം മുതൽക്കേ പരിശീലനം നേടിയെത്തുന്ന താരങ്ങളെ സംബന്ധിച്ചു ബാറ്റിങ് ടെക്നിക്കിലും സമീപനത്തിലും ഒരു തിരുത്തു മാത്രമേ പലപ്പോഴും വേണ്ടിവരൂ. അതിനാകട്ടെ ക്രിക്കറ്റിലെ കോപ്പി ബുക് ഷോട്ടുകളുടെ ഉപാസകനായ ദ്രാവിഡിനെക്കാൾ മികച്ചൊരു പാഠപുസ്തകം കുട്ടികൾക്കു കിട്ടാനുമില്ല.
ഒരു വർഷത്തിലേറെ നീണ്ട വ്യക്തമായ പദ്ധതിയിലൂടെയാണ് ലോകകപ്പിനുള്ള ടീമിന്റെ ഒരുക്കവുമായി ദ്രാവിഡ് മുന്നോട്ടുനീങ്ങിയത്. അണ്ടർ–19 തലത്തിലും വ്യത്യസ്തമായിരുന്നില്ല താരത്തിന്റെ സമീപനം. ടീമൊരുക്കത്തിനായി രാജ്യത്തുടനീളമുള്ള നവപ്രതിഭകളെത്തേടി ദ്രാവിഡും സംഘവും മുന്നിട്ടിറങ്ങി. ക്യാംപുകളിലും നെറ്റ്സിലും മാത്രം ഒതുങ്ങിനിൽക്കേണ്ടതല്ല തയാറെടുപ്പെന്ന പക്ഷക്കാരനാണു ദ്രാവിഡ് എന്ന കോച്ച്. ബിസിസിഐയോട് ആവശ്യപ്പെട്ട് ഇന്ത്യൻ താരങ്ങളടങ്ങിയ ബോർഡ് പ്രസിഡന്റ്സ് ടീം രൂപീകരിച്ചു അണ്ടർ–19 ടീമിനെതിരെ മൽസരിപ്പിച്ചാണു ദ്രാവിഡ് തയാറെടുപ്പു നടത്തിയത്.
ജൂനിയർ ലോകകപ്പ് എന്ന ഇളവുകൾ നൽകാതെയുള്ള വിശാലമായ മുന്നൊരുക്കത്തിൽ മൂന്നു ടീമുകൾ ഇറക്കാൻ വേണ്ടത്ര താരങ്ങളുടെ കഴിവുകൾ കോച്ച് പരീക്ഷിച്ചറിഞ്ഞു. തിരിച്ചടികളും നേട്ടങ്ങളും നേരിട്ട്, ദ്രാവിഡിന്റെ അണ്ടർ–19 കുട്ടികൾ ആരെയും കൂസാതെ ഒരു തവണ ലോകകപ്പ് ഏറ്റുവാങ്ങി. ഒരു തവണ കലാശപ്പോരാട്ടത്തിൽ കീഴടങ്ങി. 2018ൽ ഒരു പരിശീലന മൽസരം പോലുമില്ലാതെ ദക്ഷിണാഫ്രിക്കയിലേക്കു സീനിയർ ടീം പോയതു വാർത്തകളിൽ നിറഞ്ഞുനിന്നപ്പോഴാണു ന്യൂസീലൻഡിൽ ആദ്യമായി കളിക്കാനിറങ്ങുന്ന താരങ്ങളെയും കൊണ്ടു ദിവസങ്ങൾക്കു മുൻപേ ദ്രാവിഡ് അണ്ടർ–19 ലോകകപ്പിനായി യാത്ര തിരിച്ചത്.
സീനിയർ ടീമിന്റെ പരിശീലകനായപ്പോഴും ഇതേ ശൈലിയാണു ദ്രാവിഡ് പിന്തുടർന്നത്. മത്സരഫലങ്ങളെക്കാളുപരി ലോകകപ്പ് പോലുള്ള വൻലക്ഷ്യം മുൻനിർത്തിയായിരുന്നു ടീമൊരുക്കം. ടീമിന് അനിവാര്യമായ വിന്നിങ് കോംബിനേഷൻ തേടി ഒരു സംഘം താരങ്ങളെ വച്ചുള്ള പരീക്ഷണമാണു ക്രീസിൽ ഒരിക്കലും സാഹസത്തിനു മുതിർന്നിട്ടില്ലാത്ത വൻമതിൽ നടത്തിയത്. താരങ്ങളെ അടിക്കടി മാറ്റിയുള്ള സ്ക്വാഡ് പരീക്ഷണങ്ങളുടെ പേരിൽ പതിവുപോലെ വിമർശന ശരങ്ങളും ദ്രാവിഡിനു നേർക്കെത്തി. ഒടുവിൽ ലോകകിരീടം നെഞ്ചോടു ചേർത്ത സംഘമായി മാറിയതും ആ പരീക്ഷണത്തിന്റെ മറുവശമാണ്. മുഖം നോക്കാതെയായിരുന്നു കറതീർന്ന ടീം മാൻ എന്നു പേരെടുത്ത ദ്രാവിഡ് ഈ ട്വന്റി20 ലോകകപ്പിനായി ടീമിനെ ഒരുക്കിയത്.
കെ.എൽ.രാഹുലിനെപ്പോലുള്ള സൂപ്പർ താരങ്ങളെപ്പോലും മറികടന്നു സ്ക്വാഡ് തിരഞ്ഞെടുത്ത ദ്രാവിഡും സംഘവും ടൂർണമെന്റിലെ ഇലവനിലും അപ്രതീക്ഷിത മാറ്റങ്ങൾ വരുത്തി. കരിയറിൽ മിന്നും തുടക്കം കുറിച്ച യശസ്വി ജയ്സ്വാളിന്റെ സാന്നിധ്യമുള്ള ടീമിൽ ഓപ്പണർ റോളിൽ വിരാട് കോലിക്കു സ്ഥാനമാറ്റം നൽകിയാണു ഇന്ത്യ കളത്തിലെത്തിയത്. കോലി പരാജയപ്പെട്ടിട്ടും ആ പരീക്ഷണം തുടർന്നു. ബാറ്റിങ് നിരയ്ക്കു സൂപ്പർ താരമുഖം നൽകുന്നതിനു പകരം ട്വന്റി20യ്ക്കു ചേരുന്ന യൂട്ടിലിറ്റി താരങ്ങളെ ഉൾപ്പെടുത്തുന്നതിലായിരുന്നു ദ്രാവിഡിന്റെ ശ്രദ്ധ. രോഹിത് ശർമയും വിരാട് കോലിയും ഋഷഭ് പന്തും പോലുള്ള ടോപ് മാച്ച് വിന്നർമാരുടെ ടോപ് ഓർഡർ കഴിഞ്ഞുള്ള ഇന്ത്യൻ ബാറ്റർമാർ അക്ഷരാർഥത്തിൽ ട്വന്റി20യ്ക്കായുള്ള തീപ്പൊരി താരങ്ങളായിരുന്നു.
സൂര്യകുമാർ യാദവ്, ശിവം ദുബെ, ഹാർദിഖ് പാണ്ഡ്യ, അക്ഷർ പട്ടേൽ... കണ്ടുശീലിച്ച താരമൂല്യങ്ങളിൽ നിന്നു വഴിമാറി സൃഷ്ടിച്ച ഈ വിന്നിങ് കോംബിനേഷനിലാണു കളി മാറിയതും ആറ്റുനോറ്റിരുന്ന കിരീടം വന്നതും. കർക്കശക്കാരനായൊരു പരിശീലകന്റെ സമ്മർദമില്ലാതെ ഒരു സീനിയർ താരമെന്ന നിലയിൽ ദ്രാവിഡ് ടീമംഗങ്ങളോട് അടുത്ത് ഇടപഴകിയതിന്റെ സ്വാധീനവും ടൂർണമെന്റിലുടനീളം ഇന്ത്യയുടെ പ്രകടനത്തിൽ പ്രതിഫലിച്ചു.
കിരീടം ഏറ്റുവാങ്ങിയ ശേഷം ബാർബഡോസിലെ ഷാംപെയ്ൻ നിമിഷങ്ങളിൽ ടീമംഗങ്ങളുടെ അരികിൽ മാത്രമായി ഒതുങ്ങി നിന്ന ദ്രാവിഡിനെത്തേടി വിരാട് കോലി കിരീടവുമായി ചെന്ന ആ നിമിഷം മറക്കാനാകുമോ? ആഘോഷക്കൂട്ടമായി നീങ്ങുന്ന ടീമിനു പിന്നാലെയായി ആഹ്ലാദത്തിന്റെ ചെറുപുഞ്ചിരിയുമായി നടന്നു നീങ്ങിയ ദ്രാവിഡിനെ എടുത്തുയർത്താൻ രോഹിത് ശർമ സഹതാരങ്ങളോടു പറയുന്ന ദൃശ്യം മറക്കാനാകുമോ? അതെല്ലാം പറഞ്ഞുവയ്ക്കുന്നത് ഒരുത്തരമാണ്. ഈ കിരീടം രാഹുൽ ദ്രാവിഡിനു കാലം കാത്തുവച്ചു നൽകിയ കനകകിരീടമാണ്. കണ്ണുചിമ്മാതെ, ഉടലും ഉയിരും ഏകാഗ്രമാക്കി ഗെയിമിനായി പകുത്തുനൽകിയ മൂന്നു ദശകത്തോളം നീണ്ട ദിനരാത്രങ്ങൾക്കു ക്രിക്കറ്റ് തിരികെ നൽകിയ ഉപഹാരം കൂടിയാണീ കിരീടത്തിളക്കം.