വൽസൻ, ശ്രീശാന്ത്, സഞ്ജു... പാത പിന്തുടരാൻ ആശയും സജനയും; നീലപ്പടയുടെ ‘മലയാളി’ ഭാഗ്യം ആവർത്തിക്കുമോ? യുഎഇ കാത്തിരിക്കുന്നു
ഒക്ടോബറിൽ യുഎഇയിൽ അരങ്ങേറുന്ന വനിതകളുടെ ട്വന്റി 20 ലോകകപ്പിനുള്ള ഇന്ത്യൻ ടീമിലെത്തിയത് രണ്ട് മലയാളികളാണ്; തിരുവനന്തപുരം പേരൂർക്കട സ്വദേശി ആശ ശോഭനയും വയനാട് മാനന്തവാടി സ്വദേശി സജന സജീവനും. ഓൾ റൗണ്ടർ എന്ന നിലയിൽ സജനയും സ്പിന്നറായി ആശ ശോഭനയും ടീമിലെത്തിയത് അടുത്തകാലത്തെ മികച്ച പ്രകടനത്തിന്റെ
ഒക്ടോബറിൽ യുഎഇയിൽ അരങ്ങേറുന്ന വനിതകളുടെ ട്വന്റി 20 ലോകകപ്പിനുള്ള ഇന്ത്യൻ ടീമിലെത്തിയത് രണ്ട് മലയാളികളാണ്; തിരുവനന്തപുരം പേരൂർക്കട സ്വദേശി ആശ ശോഭനയും വയനാട് മാനന്തവാടി സ്വദേശി സജന സജീവനും. ഓൾ റൗണ്ടർ എന്ന നിലയിൽ സജനയും സ്പിന്നറായി ആശ ശോഭനയും ടീമിലെത്തിയത് അടുത്തകാലത്തെ മികച്ച പ്രകടനത്തിന്റെ
ഒക്ടോബറിൽ യുഎഇയിൽ അരങ്ങേറുന്ന വനിതകളുടെ ട്വന്റി 20 ലോകകപ്പിനുള്ള ഇന്ത്യൻ ടീമിലെത്തിയത് രണ്ട് മലയാളികളാണ്; തിരുവനന്തപുരം പേരൂർക്കട സ്വദേശി ആശ ശോഭനയും വയനാട് മാനന്തവാടി സ്വദേശി സജന സജീവനും. ഓൾ റൗണ്ടർ എന്ന നിലയിൽ സജനയും സ്പിന്നറായി ആശ ശോഭനയും ടീമിലെത്തിയത് അടുത്തകാലത്തെ മികച്ച പ്രകടനത്തിന്റെ
ഒക്ടോബറിൽ യുഎഇയിൽ അരങ്ങേറുന്ന വനിതകളുടെ ട്വന്റി 20 ലോകകപ്പിനുള്ള ഇന്ത്യൻ ടീമിലെത്തിയത് രണ്ട് മലയാളികളാണ്; തിരുവനന്തപുരം പേരൂർക്കട സ്വദേശി ആശ ശോഭനയും വയനാട് മാനന്തവാടി സ്വദേശി സജന സജീവനും. ഓൾ റൗണ്ടർ എന്ന നിലയിൽ സജനയും സ്പിന്നറായി ആശ ശോഭനയും ടീമിലെത്തിയത് അടുത്തകാലത്തെ മികച്ച പ്രകടനത്തിന്റെ അടിസ്ഥാനത്തിലാണ്. രാജ്യാന്തര വനിതാ ട്വന്റി20 മത്സരം കളിച്ച ആദ്യ മലയാളിയായ മിന്നു മണിക്ക് ഇത്തവണ ടീമിൽ ഇടം ലഭിക്കാതെ പോയെങ്കിലും കേരളത്തിന്റെ ഈ ഇരട്ട നേട്ടം ഇന്ത്യയ്ക്ക് ഭാഗ്യം കൊണ്ടുവരുമെന്ന വിശ്വാസത്തിലാണ് കേരളത്തിലെ ക്രിക്കറ്റ് പ്രേമികൾ. സജനയ്ക്കും ആശ ശോഭനയ്ക്കും മുൻപേ ഐസിസി ലോകകപ്പ് ടൂർണമെന്റുകളിൽ കളിച്ച മലയാളി താരങ്ങളെ അടുത്തറിയാം
∙ സൂസനും സുധാ ഷായും ആദ്യ ‘ലോകകപ്പ് മലയാളികൾ’
രാജ്യാന്തര ക്രിക്കറ്റിലെ മലയാളിയുടെ അരങ്ങേറ്റം 1955ൽ ആയിരുന്നു. 1924ൽ കോഴിക്കോട്ട് ജനിച്ച വി. എൻ.സ്വാമി എന്ന വെങ്കട്ട് രാമൻ നാരായൺ സ്വാമിയാണ് ഇന്ത്യൻ ക്രിക്കറ്റ് ടീമിലെത്തിയ ആദ്യ മലയാളി. ന്യൂസീലൻഡിനെതിരെ ഒരു ടെസ്റ്റിൽ മാത്രമാണ് സ്വാമി കളിച്ചത്. സ്വാമിയുടെ അരങ്ങേറ്റത്തിനുശേഷം ഏതെങ്കിലും മലയാളി രാജ്യാന്തര ക്രിക്കറ്റ് കളിക്കുന്നത് 1976ൽ മാത്രമാണ്. സ്വാമിക്കു ശേഷം രാജ്യാന്തര ക്രിക്കറ്റിൽ വരവറിയിച്ച മലയാളികൾ രണ്ട് വനിതകളാണ്. 1976ൽ വെസ്റ്റിൻഡീസിന്റെ ഇന്ത്യൻ പര്യടനത്തിലെ ബാംഗ്ലൂർ ടെസ്റ്റിലൂടെ ഇന്ത്യൻ വനിതകൾ രാജ്യാന്തര ക്രിക്കറ്റിൽ അരങ്ങേറ്റം കുറിക്കുമ്പോൾ മലയാളികളായ ആ രണ്ടു പേരും ആ ടീമിൽ ഉണ്ടായിരുന്നു.
മീഡിയം ഫാസ്റ്റ് ബോളർ സൂസൻ ഇട്ടിച്ചെറിയയും ഓൾ റൗണ്ടർ സുധാ ഷായും. ആഭ്യന്തര ക്രിക്കറ്റിൽ ഇരുവരും തമിഴ്നാടിനെയാണ് പ്രതിനിധീകരിച്ചത്. 1978ൽ ഇന്ത്യയിൽ നടന്ന രണ്ടാമത് വനിത ലോകകപ്പിലും ഇരുവരും കളിച്ചു. അങ്ങനെ ലോകകപ്പ് കളിച്ച ആദ്യ മലയാളികൾ എന്ന പെരുമയും ഇവരുടെ പേരിലായി. 1978 ലോകകപ്പിൽ സൂസൻ രണ്ട് മത്സരങ്ങളിൽ കളത്തിലിറങ്ങിയപ്പോൾ സുധാ ഷാ ഒരൊറ്റ മത്സരത്തിൽ മാത്രമാണ് കളിച്ചത്.
പത്തനംതിട്ട ജില്ലയിലെ നിരണം സ്വദേശിയായ സൂസൻ ഇട്ടിച്ചെറിയ ആകെ കളിച്ചത് രണ്ട് ഏകദിനങ്ങളിലും ഏഴ് ടെസ്റ്റുകളിലുമാണ്. ഇവരുടെ മകളെ നമ്മൾ അറിയും: ഒട്ടേറെ രാജ്യാന്തര വിജയങ്ങൾ സമ്മാനിച്ച സ്ക്വാഷ് താരം ദീപിക പള്ളിക്കൽ. മുൻ ഇന്ത്യൻ നായിക സുധാ ഷാ ജന്മംകൊണ്ടും മാതൃത്വം കൊണ്ടും കണ്ണൂർ സ്വദേശിയാണ്. കണ്ണൂരിലെ കുറ്റിക്കണ്ടി രാമുണ്ണിയുടെയും രോഹിണിയുടെയും മകൾ കനകത്തിന്റെ പുത്രിയാണ് സുധ. തമിഴ്നാട് വിമൻസ് ക്രിക്കറ്റ് അസോസിയേഷൻ സ്ഥാപക സെക്രട്ടറി ജെ.ബി. ഷായാണ് പിതാവ്. ആകെ 21 ടെസ്റ്റുകളിലും (1976–91) 13 ഏകദിനങ്ങളിലും (1978–86) ഇന്ത്യൻ കുപ്പായമണിഞ്ഞു.
∙ ഇന്ത്യയ്ക്കു കളിക്കാത്ത ലോകകപ്പ് ജേതാവ്
1983ൽ പ്രൂഡൻഷ്യൽ ലോകകപ്പ് നേടിയ കപിൽദേവും കൂട്ടരും നാട്ടിലെത്തിയശേഷം ട്രോഫിയുമായി പ്രധാനമന്ത്രി ഇന്ദിരാ ഗാന്ധിയെ കാണാനെത്തി. ഇന്നത്തെപ്പോലെ വിജയികളെ ആനയിച്ചുള്ള റോഡ് ഷോയോ വിപുലമായ ആഘോഷങ്ങളോ ഇല്ലാതിരുന്ന കാലം. ഇന്ദിര ഗാന്ധി താരങ്ങളെ ഒരോരുത്തരെ പരിചയപ്പെട്ടു കുശലാന്വേഷണം നടത്തുന്നു. ആ നേരം അത്രയും ഒരാൾ പ്രൂഡൻഷ്യൽ കപ്പുംപിടിച്ച് നിൽക്കുകയാണ്. ഇന്ദിര ഗാന്ധി ആളിനെ വിളിച്ച് വിവരം അന്വേഷിച്ചു.‘താഴെ വയ്‌ക്കാനാവില്ല, അത്ര വിലപിടിച്ചതാണിത്’. ഇന്ദിരയ്‌ക്ക് ഉത്തരം രസിച്ചു. കപ്പുമായി ഉടനീളം നിന്നത് മറ്റാരുമല്ല, അത് മലയാളിയായ സുനിൽ വൽസനാണ്.
നിർഭാഗ്യമെന്നു പറയട്ടെ ഇന്ത്യ ആ ടൂർണമെന്റിൽ കളിച്ച 8 മത്സരങ്ങളിൽ ഒന്നിൽപ്പോലും കളിക്കാൻ തലശേരിക്കാരനായ ഈ ഇടംകയ്യൻ പേസ് ബോളർക്ക് അവസരം കൈവന്നില്ല. പ്രാഥമിക റൗണ്ടിലെ ഇന്ത്യ – വെസ്‌റ്റിൻഡീസ് രണ്ടാം മത്സരത്തിൽ കളിക്കാനുള്ള അവസാന ഇലവനിൽ കയറിക്കൂടിയതാണ് സുനിൽ. റോജർ ബിന്നി പരുക്കിന്റെ പിടിയിൽ ആയതിനാലാണ് വൽസനെക്കൂടി ഉൾപ്പെടുത്തിയത്. എന്നാൽ ‘നിർഭാഗ്യവശാൽ’ ബിന്നി ‘ഫിറ്റ്’ ആണെന്ന അറിയിപ്പാണ് കളിയുടെ രാവിലെയെത്തിയത്. ഇതോടെ വൽസൻ ഔട്ട്. പക്ഷേ സുനിൽ വൽസൻ അന്ന് ചരിത്രത്തിന്റെ ഭാഗമായി – ക്രിക്കറ്റ് ലോകകപ്പ് നേടിയ ഇന്ത്യൻ ടീമിലെ ആദ്യ മലയാളി.
ലോകകപ്പിനുശേഷം നടന്ന വെസ്‌റ്റിൻഡീസിന്റെ ഇന്ത്യൻ പര്യടനത്തിൽ കളിക്കാനും വൽസന് ഭാഗ്യമുണ്ടായില്ല. അന്നും ടീമിൽ അംഗമായിരുന്നു വൽസൻ. ഒരിക്കൽപ്പോലും ഇന്ത്യൻ കുപ്പായം വൽസനെ തേടിയെത്തിയില്ല എന്നതും കായികകേരളത്തിന്റെ ദൗർഭാഗ്യം. രാജ്യാന്തര ക്രിക്കറ്റിൽ കളിക്കാനാകാതെ അദ്ദേഹത്തിന്റെ കരിയർ ഫസ്‌റ്റ് ക്ലാസ് ക്രിക്കറ്റിൽ ഒതുങ്ങി. ഡൽഹി, റെയിൽവേ എന്നിവയ്‌ക്കുവേണ്ടിയാണ് അദ്ദേഹം കളിച്ചത്. ആകെ 75 ഫസ്‌റ്റ് ക്ലാസ് മത്സരങ്ങൾ, അതിൽനിന്ന് 212 വിക്കറ്റുകൾ നേടിയിട്ടുണ്ട് ഈ ഇടംകയ്യൻ മീഡിയം പേസർ. 1988ൽ വിരമിച്ചു. സെക്കന്തരാബാദിൽ ജനിച്ച വൽസൻ പിന്നീട് ഡൽഹി ഡെയർഡെവിൾസ് ടീമിന്റെ ഭരണതലപ്പത്തുമെത്തി.
സുനിൽ വൽസനെപ്പോലെ ടൂർണമെന്റിലെ ഒരൊറ്റ മത്സരംപോലും കളിക്കാൻ അവസരം ലഭിച്ചില്ലെങ്കിലും ഏകദിന ലോകകപ്പ് ഉയർത്തിയ ടീമുകളിൽ അംഗമായിരുന്ന ചില കളിക്കാരുണ്ട്. കോളിസ് കിങ് (വെസ്റ്റിൻഡീസ്, 1975), മാൽക്കം മാർഷൽ, ലാറി ഗോംസ്, ഫാവുദ് ബാക്കസ് (വെസ്റ്റിൻഡീസ്, 1979), മാർവൻ അട്ടപ്പട്ടു, ഉപുൽ ചന്ദന, റസൽ അർനോൾഡ് (ശ്രീലങ്ക, 1996) നഥാൻ ബ്രാക്കൻ, നഥാൻ ഹൗറിറ്റ്സ് (ഓസ്ട്രേലിയ, 2003), മിച്ചൽ ജോൺസൺ, ബ്രാഡ് ഹാഡിൻ (ഇരുവരും ഓസ്ട്രേലിയ, 2007), ടോം കറൻ, ലിയാം ഡോസൻ (ഇംഗ്ലണ്ട്, 2019)
∙ മിസ്ബായെ പിടിച്ചു പുറത്താക്കി, ലോകകപ്പ് ഇന്ത്യയ്ക്ക് സമ്മാനിച്ച് ശ്രീശാന്ത്
സുനിൽ വൽസനു ശേഷം ഇന്ത്യയുടെ ലോകകപ്പ് ടീമിലെത്തിയ മലയാളി ‘കേരള എക്സ്പ്രസ്’ എസ്. ശ്രീശാന്താണ്. ‘യഥാർഥ’ കേരള താരം എന്ന ബഹുമതിയോടെയാണ് ശ്രീശാന്ത് ഇന്ത്യൻ ടീമിന്റെ ഭാഗമായത്. കേരളത്തിനുവേണ്ടി ആഭ്യന്തര ക്രിക്കറ്റ് കളിച്ച് ഇന്ത്യൻ ടീമിലെത്തിയ ആദ്യ മലയാളിയാണ് അദ്ദേഹം. 2007ൽ വെസ്റ്റിൻഡീസിൽ അരങ്ങേറിയ ഏകദിന ലോകകപ്പ് ടൂർണമെന്റിൽ രാഹുൽ ദ്രാവിഡ് നേതൃത്വം നൽകിയ ഇന്ത്യൻ ടീമിലേക്ക് ഫാസ്റ്റ് ബോളർ ശ്രീശാന്തിനു വിളിയെത്തി. പക്ഷേ പ്രാഥമിക റൗണ്ടിൽത്തന്നെ പുറത്തായ ഇന്ത്യയുടെ ഒരു മത്സരത്തിൽപ്പോലും ശ്രീശാന്തിന് കളിക്കാൻ അവസരം ലഭിച്ചില്ല. സുനിൽ വൽസന്റെ അതേ ദുർഗതി. അന്ന് ബംഗ്ലദേശിനോടും ശ്രീലങ്കയോടും തോറ്റു തുന്നംപാടിയ ഇന്ത്യ ആകെ ജയിച്ചത് കുഞ്ഞൻമാരായ ബർമുഡയോടു മാത്രം.
2007ൽ ദക്ഷിണാഫ്രിക്കയിൽ നടന്ന പ്രഥമ ട്വന്റി20 ലോകകപ്പിൽ എം.എസ്.ധോണിയുടെ നേതൃത്വത്തിൽ കിരീടം നേടിയ ഇന്ത്യൻ ടീമിലേക്കും ശ്രീശാന്തിന് വിളിയെത്തി. കേരളത്തിന്റെ അഭിമാനമായി ഒരു മലയാളി പുരുഷതാരം ലോകകപ്പിൽ അരങ്ങേറ്റം കുറിച്ചത് അന്നാണ്. ടൂർണമെന്റിൽ ഫൈനലടക്കം ഇന്ത്യ കളിച്ച എല്ലാ മത്സരങ്ങളിലും ശ്രീ പന്തെറിഞ്ഞു. ഏതെങ്കിലും ക്രിക്കറ്റ് ലോകകപ്പ് ഫൈനലിൽ ആദ്യമായി ഒരു മലയാളി കളിച്ചതും അന്നായിരുന്നു. പക്ഷേ അതുക്കും മേലേയായിരുന്നു ഇന്ത്യയ്ക്ക് വിജയം കൊണ്ടുവന്ന നിർണായക നിമിഷത്തിലെ ശ്രീശാന്ത് എടുത്ത ക്യാച്ച്. ഇന്ത്യയെ കിരീടത്തിലേക്കു നയിച്ച ക്യാച്ചെടുത്തതുകൊണ്ട് ശ്രീശാന്ത് രാജ്യത്തിന്റെ ഭാഗ്യതാരമായി. ക്രിക്കറ്റ് ലോകം വെളുത്ത പന്തായി ശ്രീശാന്തിന്റെ കൈകളിൽ ചെന്നിറങ്ങിയപ്പോൾ ഇന്ത്യ പ്രഥമ ട്വന്റി 20 ലോകകരീടത്തിൽ ചുംബിച്ചു.
ആ പന്ത് ശ്രീയുടെ കൈകളിൽ ഉറച്ചപ്പോഴേയ്‌ക്കും ഇന്ത്യ ലോക ക്രിക്കറ്റിന്റെ നിറുകയിലെത്തിയിരുന്നു. കൈവിട്ട വിജയം ഇന്ത്യ കൈപ്പിടിയിലൊതുക്കി. തോൽവിയുടെ വക്കിൽ നിന്ന് വിജയത്തിന്റെ കൊടുമുടിയിലേയ്‌ക്ക് ആ ഒരൊറ്റ ക്യാച്ചിന്റെ അകലം. ഭാഗ്യനിർഭാഗ്യങ്ങൾ ചാഞ്ചാട്ടം നടത്താറുള്ള ക്രിക്കറ്റ് ആവേശത്തെ ചെപ്പിലടച്ച ട്വന്റി 20 ലോകകപ്പിൽ ഇന്ത്യ ലോക ചക്രവർത്തിമാരായി. ഫൈനലിലെ അവസാന പന്തെറിഞ്ഞ ജോഗിന്ദർ ശർമയുടെ മുഖത്ത് അപൂർവമായി മാത്രം വിരിയുന്ന ചിരി വീണ്ടും വന്നു. നാലാം പന്തിൽ ശ്രീശാന്തിനു ക്യാച്ച് നൽകിയ പാക്കിസ്‌ഥാന്റെ മിസ്‌ബാ ഉൾ ഹക്ക് (43 റൺസ്) ക്രീസിൽ തളർന്ന് ഇരുന്നത് ഇന്നും നമുക്ക് മറക്കാറായിട്ടില്ല. പാക്കിസ്‌ഥാന്റെ അവസാന ബാറ്ററും പുറത്തായതോടെ സമ്പൂർണ കീഴടങ്ങൽ സമ്മതിച്ച പാക്കിസ്ഥാൻ പരമ്പരാഗത വൈരികളായ ഇന്ത്യയുടെ കൈകളിൽ വച്ചുകൊടുത്തത് ട്വന്റി 20യിലെ ആദ്യ ലോകകിരീടമായിരുന്നു.
∙ പാതി മലയാളിയല്ല, ‘മുഴുവൻ മലയാളിയായ’ ഉത്തപ്പ
2007 ഏകദിന, ട്വന്റി 20 ലോകകപ്പുകളിൽ കളിക്കാൻ കേരള ബന്ധമുള്ള മറ്റൊരു കളിക്കാരനും ഭാഗ്യമുണ്ടായി: റോബിൻ ഉത്തപ്പ. ഓപ്പണിങ് ബാറ്റ്‌സ്‌മാൻ റോബിൻ ഉത്തപ്പയും അമ്മ വഴി മലയാളിയാണ്. കായികസൗന്ദര്യത്തിന്റെ നാടായ കൂർഗിൽനിന്നുള്ള മുൻ ഹോക്കി താരം എ.ഇ. വേണു ഉത്തപ്പയുടെയും കോഴിക്കോട് ജില്ലയിലെ കുന്നത്തുപാലം സ്വദേശിനിയായ റോസിയുടെയും മകനാണ് റോബിൻ. താൻ പാതി മലയാളിയല്ല, മുഴുവൻ മലയാളിയാണെന്ന് റോബിൻ പലപ്പോഴും പറയാറുണ്ട്. ഇന്ത്യയുടെ എല്ലാ മത്സരങ്ങളിലും ഉത്തപ്പ കളിക്കാനിറങ്ങിയിരുന്നു.
∙ പരുക്ക്, ഭാഗ്യം, ലോകകപ്പ്: വീണ്ടും ശ്രീശാന്ത്
2011ൽ ഇന്ത്യ കൂടി ആതിഥ്യം വഹിച്ച ഏകദിന ലോകകപ്പിൽ ഭാഗ്യം ഒന്നുകൊണ്ടുമാത്രമാണ് ശ്രീശാന്ത് ടീമിൽ കടന്നുകൂടിയത്. ടീമിലെത്തിയ പ്രവീൺകുമാറിന് പരുക്ക്. പരുക്കിന്റെ രൂപത്തിൽ വന്ന ഭാഗ്യം ശ്രീശാന്തിനു ലോകകപ്പ് ടീമിലേക്ക് വഴി തുറന്നു. പകരക്കാരനാക്കിയ ശ്രീശാന്തിനെ ഉൾപ്പെടുത്തിയുള്ള തീരുമാനം അവസാനമാണ് രാജ്യാന്തര ക്രിക്കറ്റ് കൗൺസിൽ അംഗീകരിച്ചത്. പരുക്കിന് ലണ്ടനിൽ ചികിത്സ നടത്തിയെങ്കിലും തിരികെയെത്തി ഫിറ്റ്‌നസ് തെളിയിക്കുന്നതിൽ പ്രവീൺ പരാജയപ്പെട്ടതോടെയാണു ശ്രീശാന്തിനു വഴിതെളിഞ്ഞത്. ശ്രീശാന്തിനെ ലോകകപ്പ് ടീമിൽ ഉൾപ്പെടുത്തുന്നതിനോടു ടീം മാനേജ്‌മെന്റിന് അന്ന് പൂർണ യോജിപ്പുണ്ടായിരുന്നില്ലെന്നത് അന്ന് വലിയ വാർത്തയായിരുന്നു. ശ്രീയുടെ കളിമികവിൽ സംശയമില്ലെങ്കിലും മൈതാനത്തെ പെരുമാറ്റമടക്കമുള്ള കാര്യങ്ങളിൽ നായകൻ മഹേന്ദ്ര സിങ് ധോണിയടക്കമുള്ളവർക്കു വിയോജിപ്പുണ്ടായിരുന്നു.
ബംഗ്ലദേശിനെതിരെയുള്ള ഇന്ത്യയുടെ ആദ്യ മത്സരത്തിനിറങ്ങേണ്ടിയിരുന്ന ആശിഷ് നെഹ്‌റയ്‌ക്കു പുറംവേദന. പുറത്തിരിക്കേണ്ടിവന്ന നെഹ്‌റയ്‌ക്കു പകരം ശ്രീശാന്ത് മലയാളത്തിന്റെ അഭിമാനമായി ഏകദിന ലോകകപ്പിൽ അരങ്ങേറ്റം കുറിച്ചു. ഏകദിന ലോകകപ്പ് കളിക്കുന്ന ആദ്യ മലയാളി പുരുഷ താരമായി ശ്രീ. ലോകകപ്പിൽ ഇന്ത്യയുടെ ആദ്യ പന്തെറിഞ്ഞതും ശ്രീ തന്നെ. പിന്നെ ഫൈനലിലാണ് ശ്രീശാന്ത് കളിക്കുന്നത്. കപ്പടിച്ച ടീമിൽ അംഗമാകാൻ ഭാഗ്യം കിട്ടിയതൊഴിച്ചാൽ കേരളത്തിനും ശ്രീശാന്തിനും അഭിമാനിക്കാൻ ഏറെയൊന്നും വക നൽകിയില്ല ഫൈനൽ പോരാട്ടം. നെഹ്‌റയ്‌ക്കു പരുക്കേറ്റപ്പോൾ ഉദ്‌ഘാടന മത്സരത്തിൽ കളത്തിലിറങ്ങിയ ശ്രീശാന്തിനെ നെഹ്‌റയുടെ പരുക്കു തന്നെയാണു ഫൈനലിനും തുണച്ചത്.
നീണ്ട ഇടവേളയ്‌ക്കു ശേഷം കളത്തിലിറങ്ങിയതിന്റെ പോരായ്‌മ ശ്രീയുടെ പ്രകടനത്തെ ബാധിക്കുകയും ചെയ്‌തു. മൂന്നു സ്‌പെല്ലുകളിലായി എട്ട് ഓവറിൽ 52 റൺസാണു വഴങ്ങിയത്. വിക്കറ്റ് കിട്ടിയുമില്ല. തുടക്കത്തിൽ ലങ്കൻ ബാറ്റർമാർ സമ്മർദമില്ലാതെ നേരിട്ടതും ശ്രീശാന്തിനെ മാത്രം. സഹീർ ഖാൻ മൂന്നു മെയ്‌ഡനുകൾ എറിഞ്ഞ് ഒരുവശത്ത് ഉയർത്തിക്കൊണ്ടു വന്ന സമ്മർദം ശ്രീശാന്തിന്റെ ഓവറുകളിൽ ഇന്ത്യ കൈവിട്ടു. 2011 ലോകകപ്പിൽ രണ്ട് മത്സരങ്ങൾമാത്രം കളിച്ച ശ്രീശാന്തിന് ബാറ്റ് ചെയ്യാൻ അവസരം കിട്ടിയില്ല. ആ ലോകകപ്പിൽ വിക്കറ്റും ലഭിച്ചില്ല. ‘ജീവിതത്തിലെ ഏറ്റവും അഭിമാനകരമായ മുഹൂർത്തമാണിത്. ഈ വലിയ നേട്ടത്തിൽ ടീമിന്റെ ഭാഗമാകാൻ കഴിഞ്ഞതിൽ ദൈവത്തോട് നന്ദി പറയുന്നു’ : ലോകകപ്പ് നേടിയ ടീമിന്റെ ഭാഗമായതിനെപ്പറ്റി പിന്നീട് ശ്രീശാന്ത് ഇങ്ങനെയാണ് വിശേഷിപ്പിച്ചത്.
∙ മലയാളത്തിന്റെ ശ്രേയസ്സ് ഉയർത്തി അയ്യർ
പിന്നീട് മലയാളി ബന്ധമുള്ള ഒരാൾ ടീമിലെത്തുന്നത് 2023 ഏകദിന ലോകകപ്പിലാണ്. അന്ന് പാതി മലയാളിയായ ശ്രേയസ്സ് അയ്യർ ഇന്ത്യൻ ടീമിലുണ്ടായിരുന്നു. ഫൈനലടക്കം ഇന്ത്യയുടെ എല്ലാ മത്സരങ്ങളിലും അയ്യർ കളിച്ചു. 11 മത്സരങ്ങൾ, 2 സെഞ്ചറികൾ, 3 അർധ സെഞ്ചറികൾ. ആകെ 530 റൺസ് എന്ന മികച്ച പ്രകടനം അയ്യർ കാഴ്ചവച്ചെങ്കിലും ഫൈനലിൽ നേടിയത് വെറും 4 റൺസ് മാത്രമാണ്. തൃശൂരിൽ കുടുംബവേരുകളുള്ള മുംബൈ മലയാളി സന്തോഷ് അയ്യരാണ് ശ്രേയസ്സിന്റെ അച്ഛൻ. ശ്രേയസ്സിന്റെ അമ്മ രോഹിണി മംഗളൂരു സ്വദേശിനിയാണ്.
∙ സഞ്ജു സാംസൺ: സുനിൽ വൽസന്റെ പിൻഗാമി
യുഎസും വെസ്റ്റിൻഡീസും സംയുക്തമായി ആതിഥ്യം വഹിച്ച 2024 ട്വന്റി 20 ലോകകപ്പ് ഉയർത്തിയ ഇന്ത്യൻ ടീമിലും ഒരു മലയാളിയുണ്ടായിരുന്നു സഞ്ജു സാംസൺ. ടൂർണമെന്റിലെ ഒരു മത്സരം പോലും കളിച്ചില്ലെങ്കിലും സഞ്ജുവിന്റെ സാന്നിധ്യം ടീമിന് ഭാഗ്യമായെന്ന് വിശ്വസിക്കുകയാണ് കായികകേരളം. അങ്ങനെ ഇന്ത്യൻ ടീം ലോകകപ്പ് നേടിയപ്പോൾ ടീമിലുണ്ടായിരുന്ന മലയാളികളുടെ പിൻമുറക്കാരനായി സഞ്ജു മാറി.
ഏകദിന, ട്വന്റി20 ക്രിക്കറ്റ് ഫോർമാറ്റുകളിൽ ഇന്ത്യ നേടിയത് 4 ലോകകപ്പുകളാണ്. ഈ നാലു തവണയും ഇന്ത്യൻ ടീമിന് ഭാഗ്യതാരകങ്ങളായി മലയാളികളും ടീമിൽ ഉണ്ടായിരുന്നു. 1983ൽ സുനിൽ വൽസനും 2007ൽ ശ്രീശാന്തും റോബിൻ ഉത്തപ്പയും 2011ൽ വീണ്ടും ശ്രീശാന്തും ഇന്ത്യൻ ടീമിൽ ഇടം നേടിയവരാണ്. ഒടുവിൽ 2024 ട്വന്റി20 ടീമിൽ സഞ്ജു സാംസണും.
∙ പാക്കിസ്ഥാനെ പിടിച്ചുകെട്ടി ജഡേജ
മൂന്ന് ലോകകപ്പുകൾ കളിച്ച മറ്റൊരു മലയാളിയുണ്ട്. സാക്ഷാൽ അജയ് ജഡേജ. അമ്മ വഴിയായി അദ്ദേഹത്തിന് കേരളവുമായുള്ളത് പൊക്കിൾക്കൊടി ബന്ധമാണ്. ആലപ്പുഴ മുഹമ്മ വാരണം പുത്തനങ്ങാടി ഇത്തിപ്പള്ളി കുടുംബാംഗം ഷാനാണ് ജഡേജയുടെ അമ്മ. ഇന്ത്യൻ ക്രിക്കറ്റിന്റെ പിതാവ് സാക്ഷാൽ കെ.എസ്. രഞ്‌ജിത്‌സിങ്‌ജിയുടെ കുടുംബപരമ്പരയിൽപ്പെട്ടതാണ് ജഡേജയുടെ അച്ഛൻ. ഡൽഹി എയിംസിൽ നഴ്സായിരിക്കുമ്പോഴാണു ഹരിയാന സ്വദേശിയായ ദൗലത് സിങ് ജഡേജയെ ഷാൻ പരിചയപ്പെട്ടത്. പ്രാദേശിക ക്രിക്കറ്റ് മത്സരത്തിനിടെയുണ്ടായ പരുക്കിനു ചികിത്സിക്കാനാണു ദൗലത് സിങ് ജഡേജ ആശുപത്രിയിലെത്തിയത്.
പരിചയം വളർന്നു, അദ്ദേഹം ഷാനിനെ ജീവിതസഖിയാക്കി. 1964ൽ ആലപ്പുഴ കിടങ്ങാംപറമ്പ് ക്ഷേത്രത്തിലായിരുന്നു വിവാഹം. ഗുജറാത്തിൽനിന്നുള്ള എംപിയായിരുന്നു അദ്ദേഹം. ഏതാനും മാസംമുൻപാണ് ഷാൻ മരിച്ചത്. ഭാര്യ വഴിയും ജഡേജ കേരളത്തിന്റെ മരുമകനാണ്. അദ്ദേഹത്തിന്റെ ഭാര്യ അദിതിയുടെ അമ്മ ജനതാദൾ നേതാവും മലയാളിയുമായ ജയാ ജയ്റ്റ്‌ലിയാണ്.1992, 96, 99 ഏകദിന ലോകകപ്പുകളിൽ ഇന്ത്യൻ ടീമിലെ അവിഭാജ്യഘടകമായിരുന്നു ഈ ഓൾ റൗണ്ടർ. മൂന്ന് ടൂർണമെന്റുകളിലും മുഹമ്മദ് അസ്ഹറുദ്ദീനായിരുന്നു ഇന്ത്യൻ നായകൻ. ഇതിൽ 1992, 96 ലോകകപ്പുകളിൽ പാക്കിസ്ഥാനെതിരെ ജഡേജയുടെ ബാറ്റിങ് മികവാണ് ഇന്ത്യയെ ജയത്തിലേക്ക് നയിച്ചത്.