സച്ചിന്റെ അവസാന ടെസ്റ്റിൽ 10 വിക്കറ്റ് നേട്ടം, മാൻ ഓഫ് ദ് മാച്ച്, അതോടെ ടീമിനു പുറത്ത്! വിരമിക്കൽ വിവാദങ്ങൾക്കിടെ ഒരു ചോദ്യം, പ്രഗ്യാൻ ഓജ എവിടെയാണ്?
ആദ്യം ബോർഡർ – ഗാവസ്കർ ട്രോഫിക്കിടെ അപ്രതീക്ഷിത വിരമിക്കൽ പ്രഖ്യാപനവുമായി രവിചന്ദ്രൻ അശ്വിൻ. ഇപ്പോൾ ബോർഡർ – ഗാവസ്കർ ട്രോഫിക്കു ശേഷം രോഹിത് ശർമ വിരമിക്കുമോ എന്ന ചർച്ച. അടുത്തത് വിരാട് കോലിയോ രവീന്ദ്ര ജഡേജയോ എന്ന ചോദ്യവുമായി ഒരു വിഭാഗം ആരാധകർ. ഇന്ത്യൻ ക്രിക്കറ്റിൽ ഇത് വിരമിക്കൽ കാലമാണ്; പതിവുപോലെ വിവാദ കാലവും. സൂപ്പർതാരങ്ങളുടെ വിരമിക്കൽ അഭ്യൂഹങ്ങളും ഇന്ത്യൻ ക്രിക്കറ്റിൽ അതിന്റെ അനുബന്ധമായ വിവാദങ്ങളും ഒരിക്കൽക്കൂടി ചർച്ചകളിൽ നിറയുമ്പോൾ, വർഷങ്ങൾക്കു മുൻപ് ആരും അറിയാതെ രാജ്യാന്തര ക്രിക്കറ്റിന്റെ പടിയിറങ്ങിപ്പോയ ഒരു താരത്തെ മനോരമ ഓൺലൈൻ പ്രീമിയം തേടിച്ചെന്നു. ഇന്ത്യൻ ക്രിക്കറ്റ് ആരാധകർ ആ പേര് ഇന്നും മറന്നിരിക്കാൻ ഇടയില്ല. ഇടംകയ്യിൽ സ്പിൻ വിസ്മയം ഒളിച്ചുവച്ച് ഇന്ത്യയ്ക്ക് ഒരുപിടി വിജയങ്ങൾ സമ്മാനിച്ച ഹൈദരാബാദുകാരൻ. പ്രായം മാനദണ്ഡമാക്കിയാൽ ഇന്ത്യൻ ക്രിക്കറ്റിന്റെ പൊതുരീതിയനസരിച്ച് ഇപ്പോഴും ടീമിന്റെ ഭാഗമായി കാണേണ്ടിയിരുന്ന മുപ്പത്തിയെട്ടുകാരൻ. പേര് പ്രഗ്യാൻ ഓജ.
ആദ്യം ബോർഡർ – ഗാവസ്കർ ട്രോഫിക്കിടെ അപ്രതീക്ഷിത വിരമിക്കൽ പ്രഖ്യാപനവുമായി രവിചന്ദ്രൻ അശ്വിൻ. ഇപ്പോൾ ബോർഡർ – ഗാവസ്കർ ട്രോഫിക്കു ശേഷം രോഹിത് ശർമ വിരമിക്കുമോ എന്ന ചർച്ച. അടുത്തത് വിരാട് കോലിയോ രവീന്ദ്ര ജഡേജയോ എന്ന ചോദ്യവുമായി ഒരു വിഭാഗം ആരാധകർ. ഇന്ത്യൻ ക്രിക്കറ്റിൽ ഇത് വിരമിക്കൽ കാലമാണ്; പതിവുപോലെ വിവാദ കാലവും. സൂപ്പർതാരങ്ങളുടെ വിരമിക്കൽ അഭ്യൂഹങ്ങളും ഇന്ത്യൻ ക്രിക്കറ്റിൽ അതിന്റെ അനുബന്ധമായ വിവാദങ്ങളും ഒരിക്കൽക്കൂടി ചർച്ചകളിൽ നിറയുമ്പോൾ, വർഷങ്ങൾക്കു മുൻപ് ആരും അറിയാതെ രാജ്യാന്തര ക്രിക്കറ്റിന്റെ പടിയിറങ്ങിപ്പോയ ഒരു താരത്തെ മനോരമ ഓൺലൈൻ പ്രീമിയം തേടിച്ചെന്നു. ഇന്ത്യൻ ക്രിക്കറ്റ് ആരാധകർ ആ പേര് ഇന്നും മറന്നിരിക്കാൻ ഇടയില്ല. ഇടംകയ്യിൽ സ്പിൻ വിസ്മയം ഒളിച്ചുവച്ച് ഇന്ത്യയ്ക്ക് ഒരുപിടി വിജയങ്ങൾ സമ്മാനിച്ച ഹൈദരാബാദുകാരൻ. പ്രായം മാനദണ്ഡമാക്കിയാൽ ഇന്ത്യൻ ക്രിക്കറ്റിന്റെ പൊതുരീതിയനസരിച്ച് ഇപ്പോഴും ടീമിന്റെ ഭാഗമായി കാണേണ്ടിയിരുന്ന മുപ്പത്തിയെട്ടുകാരൻ. പേര് പ്രഗ്യാൻ ഓജ.
ആദ്യം ബോർഡർ – ഗാവസ്കർ ട്രോഫിക്കിടെ അപ്രതീക്ഷിത വിരമിക്കൽ പ്രഖ്യാപനവുമായി രവിചന്ദ്രൻ അശ്വിൻ. ഇപ്പോൾ ബോർഡർ – ഗാവസ്കർ ട്രോഫിക്കു ശേഷം രോഹിത് ശർമ വിരമിക്കുമോ എന്ന ചർച്ച. അടുത്തത് വിരാട് കോലിയോ രവീന്ദ്ര ജഡേജയോ എന്ന ചോദ്യവുമായി ഒരു വിഭാഗം ആരാധകർ. ഇന്ത്യൻ ക്രിക്കറ്റിൽ ഇത് വിരമിക്കൽ കാലമാണ്; പതിവുപോലെ വിവാദ കാലവും. സൂപ്പർതാരങ്ങളുടെ വിരമിക്കൽ അഭ്യൂഹങ്ങളും ഇന്ത്യൻ ക്രിക്കറ്റിൽ അതിന്റെ അനുബന്ധമായ വിവാദങ്ങളും ഒരിക്കൽക്കൂടി ചർച്ചകളിൽ നിറയുമ്പോൾ, വർഷങ്ങൾക്കു മുൻപ് ആരും അറിയാതെ രാജ്യാന്തര ക്രിക്കറ്റിന്റെ പടിയിറങ്ങിപ്പോയ ഒരു താരത്തെ മനോരമ ഓൺലൈൻ പ്രീമിയം തേടിച്ചെന്നു. ഇന്ത്യൻ ക്രിക്കറ്റ് ആരാധകർ ആ പേര് ഇന്നും മറന്നിരിക്കാൻ ഇടയില്ല. ഇടംകയ്യിൽ സ്പിൻ വിസ്മയം ഒളിച്ചുവച്ച് ഇന്ത്യയ്ക്ക് ഒരുപിടി വിജയങ്ങൾ സമ്മാനിച്ച ഹൈദരാബാദുകാരൻ. പ്രായം മാനദണ്ഡമാക്കിയാൽ ഇന്ത്യൻ ക്രിക്കറ്റിന്റെ പൊതുരീതിയനസരിച്ച് ഇപ്പോഴും ടീമിന്റെ ഭാഗമായി കാണേണ്ടിയിരുന്ന മുപ്പത്തിയെട്ടുകാരൻ. പേര് പ്രഗ്യാൻ ഓജ.
ആദ്യം ബോർഡർ – ഗാവസ്കർ ട്രോഫിക്കിടെ അപ്രതീക്ഷിത വിരമിക്കൽ പ്രഖ്യാപനവുമായി രവിചന്ദ്രൻ അശ്വിൻ. ഇപ്പോൾ ബോർഡർ – ഗാവസ്കർ ട്രോഫിക്കു ശേഷം രോഹിത് ശർമ വിരമിക്കുമോ എന്ന ചർച്ച. അടുത്തത് വിരാട് കോലിയോ രവീന്ദ്ര ജഡേജയോ എന്ന ചോദ്യവുമായി ഒരു വിഭാഗം ആരാധകർ. ഇന്ത്യൻ ക്രിക്കറ്റിൽ ഇത് വിരമിക്കൽ കാലമാണ്; പതിവുപോലെ വിവാദ കാലവും. സൂപ്പർതാരങ്ങളുടെ വിരമിക്കൽ അഭ്യൂഹങ്ങളും ഇന്ത്യൻ ക്രിക്കറ്റിൽ അതിന്റെ അനുബന്ധമായ വിവാദങ്ങളും ഒരിക്കൽക്കൂടി ചർച്ചകളിൽ നിറയുമ്പോൾ, വർഷങ്ങൾക്കു മുൻപ് ആരും അറിയാതെ രാജ്യാന്തര ക്രിക്കറ്റിന്റെ പടിയിറങ്ങിപ്പോയ ഒരു താരത്തെ മനോരമ ഓൺലൈൻ പ്രീമിയം തേടിച്ചെന്നു. ഇന്ത്യൻ ക്രിക്കറ്റ് ആരാധകർ ആ പേര് ഇന്നും മറന്നിരിക്കാൻ ഇടയില്ല. ഇടംകയ്യിൽ സ്പിൻ വിസ്മയം ഒളിച്ചുവച്ച് ഇന്ത്യയ്ക്ക് ഒരുപിടി വിജയങ്ങൾ സമ്മാനിച്ച ഹൈദരാബാദുകാരൻ. പ്രായം മാനദണ്ഡമാക്കിയാൽ ഇന്ത്യൻ ക്രിക്കറ്റിന്റെ പൊതുരീതിയനസരിച്ച് ഇപ്പോഴും ടീമിന്റെ ഭാഗമായി കാണേണ്ടിയിരുന്ന മുപ്പത്തിയെട്ടുകാരൻ. പേര് പ്രഗ്യാൻ ഓജ.
ഇന്ത്യയ്‌ക്കായി 24 ടെസ്റ്റുകളും 18 ഏകദിനങ്ങളും ആറ് ട്വന്റി20 മത്സരങ്ങളും കളിച്ച പ്രഗ്യാൻ ഓജ, ഇന്ന് കമന്ററി ബോക്സിലെ താരമാണ്. ഒപ്പം വിരമിച്ച താരങ്ങൾക്കായുള്ള ടൂർണമെന്റുകളിലും സജീവം. ഇന്ത്യൻ ക്രിക്കറ്റിൽ ഏറ്റവും എളുപ്പത്തിൽ ഓജയെ എപ്രകാരം അടയാളപ്പെടുത്താം എന്നു ചോദിച്ചാൽ, രാജ്യാന്തര ട്വന്റി20 അരങ്ങേറ്റത്തിൽ മാൻ ഓഫ് ദ് മാച്ച് പുരസ്കാരം നേടിയ താരമെന്നോ, അതിനുമപ്പുറം ഇതിഹാസ താരം സച്ചിൻ തെൻഡുൽക്കറിന്റെ വിരമിക്കൽ മത്സരത്തിൽ മാൻ ഓഫ് ദ് മാച്ച് പുരസ്കാരം നേടിയ താരമെന്ന ഒറ്റ വിലാസമോ മാത്രം മതിയാകും! അന്ന് ലോകം മുഴുവൻ സച്ചിൻ തെൻഡുൽക്കറിന്റെ ബാറ്റിൽ മാത്രം ശ്രദ്ധ കേന്ദ്രീകരിച്ചപ്പോൾ, പന്തുകൊണ്ട് മായാജാലം തീർത്ത് കരിയറിലെ ആദ്യ 10 വിക്കറ്റ് നേട്ടവുമായി ആ മത്സരത്തിൽ കളിയിലെ കേമനായത് പ്രഗ്യാൻ ഓജയായിരുന്നു. പക്ഷേ, 27–ാം വയസ്സിൽ ആ 10 വിക്കറ്റ് നേട്ടവുമായി കരിയറിന്റെ ഔന്നത്യത്തിൽ നിൽക്കെ പ്രഗ്യാൻ ഓജ ഇന്ത്യൻ ക്രിക്കറ്റ് ടീമിൽനിന്ന് അപ്രത്യക്ഷനായി. കരിയറിലെ ഏറ്റവും മികച്ച പ്രകടനം കാഴ്ചവച്ച, മാൻ ഓഫ് ദ് മാച്ച് പുരസ്കാരം പോലും നേടിയ ആ മത്സരത്തിനു ശേഷം ഓജയ്ക്ക് ഒരിക്കൽപ്പോലും ഇന്ത്യൻ ജഴ്സിയണിയാൻ ഭാഗ്യം ലഭിച്ചില്ല! ആരോടും പരാതിയില്ലാതെ, ആരോടും പരിഭവം പറയാതെ അന്ന് ടീം വിട്ടതാണ് ഓജ.
വെറും 27–ാം വയസ്സിന്റെ ചെറുപ്പത്തിൽ അകാലത്തിൽ അസ്തമിച്ച തന്റെ രാജ്യാന്തര ക്രിക്കറ്റ് കരിയറിനെക്കുറിച്ച്, ഇന്ത്യൻ ക്രിക്കറ്റിലെ സുവർണ തലമുറയ്ക്കൊപ്പം ഡ്രസിങ് റൂം പങ്കുവയ്ക്കാൻ ഭാഗ്യം ലഭിച്ചതിനെക്കുറിച്ച്, ഇന്ത്യൻ ടീമിൽ തന്റെ ആദ്യകാല സ്പിൻ പാർട്ണറായിരുന്ന രവിചന്ദ്രൻ അശ്വിന്റെ അപ്രതീക്ഷിത വിരമിക്കൽ പ്രഖ്യാപനത്തെക്കുറിച്ച്, മലയാളി താരം എസ്.ശ്രീശാന്തുമായി ഉണ്ടായിരുന്ന സൗഹൃദത്തെക്കുറിച്ച്, തന്റെ പ്രിയ സുഹൃത്തും ക്യാപ്റ്റനുമായിരുന്ന രോഹിത് ശർമയെക്കുറിച്ച്, മലയാളികളുടെ പ്രിയപ്പെട്ട സഞ്ജു സാംസണിനെക്കുറിച്ച് മനോരമ ഓൺലൈന് അനുവദിച്ച പ്രത്യേക അഭിമുഖത്തിൽ പ്രഗ്യാൻ ഓജ മനസ്സ് തുറക്കുന്നു...
ഇപ്പോൾ എവിടെയാണ് പ്രഗ്യാൻ ഓജ?
∙ നിലവിൽ കമന്ററി രംഗത്താണ് ഞാൻ പ്രവർത്തിക്കുന്നത്. ജിയോ സിനിമയ്‌ക്കായി മുംബൈയിലാണ് കമന്ററിയുമായി ബന്ധപ്പെട്ട കൂടുതൽ പ്രവർത്തനങ്ങൾ നടക്കുന്നത്. വിരമിച്ച താരങ്ങൾക്കായുള്ള ക്രിക്കറ്റ് ടൂർണമെന്റുകളിലും ഇപ്പോൾ സജീവമാണ്. യുഎസിൽ ഉൾപ്പെടെ ഇത്തവണ ടൂർണമെന്റുകളിൽ കളിക്കാനായി പോയിരുന്നു.
ജനിച്ചത് ഒഡീഷയിൽ, കളിച്ചത് ഹൈദരാബാദിന്. അത് എങ്ങനെ സംഭവിച്ചു?
∙ ഒഡീഷയിലെ ഭുവനേശ്വറിലായിരുന്നു എന്റെ ജനനം. പക്ഷേ, ചെറുപ്പത്തിൽത്തന്നെ ഞങ്ങൾ ഹൈദരാബാദിലേക്ക് മാറിയിരുന്നു. എന്റെ സ്കൂൾ ജീവിതവും കോളജ് പഠനവുമെല്ലാം ഹൈദരാബാദിലായിരുന്നു. എന്റെ കരിയറിൽ ഏറിയ പങ്കും ഞാൻ കളിച്ചിട്ടുള്ളതും ഹൈദരാബാദിനായാണ്. കരിയറിന്റെ അവസാന ഘട്ടത്തിൽ ബംഗാളിനായും ബിഹാറിനായും കളിച്ചിരുന്നു.
രാജ്യാന്തര ട്വന്റി20 അരങ്ങേറ്റത്തിൽ മാൻ ഓഫ് ദ് മാച്ച് പുരസ്കാരം നേടി. ആ ഓർമകൾ?
∙ രാജ്യത്തിനായി കളിക്കുമ്പോൾ ഓരോ മത്സരവും സ്പെഷലാണ്. 2009ൽ ഇംഗ്ലണ്ടിൽ നടന്ന ട്വന്റി20 ലോകകപ്പിൽ നോട്ടിങ്ങാമിൽ ബംഗ്ലദേശിനെതിരെയായിരുന്നു എന്റെ അരങ്ങേറ്റം. ആ മത്സരം ഇപ്പോഴും ഓർമയിലുണ്ട്. ആഭ്യന്തര ക്രിക്കറ്റിൽ മികച്ച ഫോമിൽ കളിക്കുന്ന സമയത്താണ് എനിക്ക് ദേശീയ ടീമിൽ അവസരം ലഭിക്കുന്നത്. അന്ന് ക്യാപ്റ്റനായിരുന്ന എം.എസ്. ധോണി ഏറ്റവും മികച്ച രീതിയിൽ എന്റെ ബോളിങ് ഉപയോഗപ്പെടുത്തിയതുകൊണ്ടാണ് മികച്ച പ്രകടനം കാഴ്ചവയ്ക്കാനും മാൻ ഓഫ് ദ് മാച്ച് പുരസ്കാരം നേടാനും കഴിഞ്ഞത്. രാജ്യാന്തര കരിയറിലെ ആദ്യ പന്തിൽത്തന്നെ എനിക്ക് വിക്കറ്റ് നേടാനായി.
ക്യാപ്റ്റനെന്ന നിലയിലുള്ള ധോണിയുടെ വളർച്ച വളരെ അടുത്തുനിന്ന് കണ്ട ആളാണല്ലോ? ആ വളർച്ചയെ എങ്ങനെ കാണുന്നു?
∙ ഐപിഎലിൽ മാത്രമല്ല, ഐസിസി ടൂർണമെന്റുകളിൽ ഉൾപ്പെടെ ടീമിനെ നയിച്ച് അദ്ദേഹം നേടിയിട്ടുള്ള കിരീടങ്ങൾ അതുല്യമാണ്. എല്ലാവർക്കും അറിയുന്നതുപോലെ, കളത്തിലും പുറത്തുമെല്ലാം വളരെ കൂൾ ആയിട്ടുള്ള വ്യക്തിയാണ് ധോണി. മാത്രമല്ല, എന്താണ് ചെയ്യുന്നത്, എന്താണ് വേണ്ടത് തുടങ്ങിയ കാര്യങ്ങളിൽ അദ്ദേഹത്തിനുള്ള വ്യക്തത സുപ്രധാനമാണ്. ഒരു ബോളറെന്ന നിലയിൽ, വേണ്ടതെന്താണെന്ന് കൃത്യമായ ധാരണയുള്ള ഒരാളാണ് ക്യാപ്റ്റനെങ്കിൽ ജോലി പകുതി തീർന്നു. രോഹിത് ശർമയ്‌ക്കൊപ്പം കളിക്കുമ്പോഴും ഇതേ ക്ലാരിറ്റി ഞാൻ കണ്ടിട്ടുണ്ട്. അതിന്റെ ഗുണവും ലഭിച്ചിട്ടുണ്ട്. ക്യാപ്റ്റൻ നമുക്കു നൽകുന്ന സ്വാതന്ത്ര്യം വളരെ പ്രധാനപ്പെട്ടതാണ്. രോഹിത്തിനും ധോണിക്കുമൊപ്പം കളിക്കുന്ന സമയത്ത് ആ സ്വാതന്ത്ര്യം ഞാൻ അനുഭവിച്ചിട്ടുണ്ട്. അതുകൊണ്ട് എന്റെ പ്രകടനം മെച്ചപ്പെടുത്താനുമായിട്ടുണ്ട്.
ധോണിയുടെ കാര്യത്തിൽ, വിക്കറ്റ് കീപ്പറെന്ന ജോലി മികച്ച ക്യാപ്റ്റനായുള്ള അദ്ദേഹത്തിന്റെ പരിണാമത്തെ ശ്രദ്ധേയമായ രീതിയിൽ സ്വാധീനിച്ചിട്ടുണ്ട്. കളിയെ മനസ്സിലാക്കാനും അതിനനുസരിച്ച് തന്ത്രങ്ങൾ മെനയാനും അത് സഹായിച്ചിട്ടുമുണ്ട്. വിക്കറ്റ് കീപ്പറെന്ന നിലയിൽ അദ്ദേഹം നിൽക്കുന്ന സ്ഥലം പോലും പ്രധാനപ്പെട്ടതാണ്. കളത്തിൽ എന്താണ് സംഭവിക്കുന്നത് എന്ന് ഏറ്റവും അടുത്തുനിന്ന് അദ്ദേഹം കാണുകയാണ്. അതിനു പുറമേ അദ്ദേഹത്തിന്റെ പരിചയസമ്പത്തും പ്രധാനപ്പെട്ട ഘടകമാണ്. പ്രാദേശിക തലത്തിൽപ്പോലും കളിച്ച് തഴക്കവും പഴക്കവും വന്ന വ്യക്തിയാണ് അദ്ദേഹം. അതിനു പുറമേ, വ്യത്യസ്ത തരത്തിലുള്ള ക്രിക്കറ്റ് മത്സരങ്ങളിൽ പങ്കെടുത്തതിന്റെ ഗുണവുമുണ്ട്. വ്യത്യസ്ത തരം പന്തുകളിൽ അദ്ദേഹം കളിച്ചിട്ടുണ്ട്. ഇതെല്ലാം കൂടി ചേർന്നതാണ് ഒരു കളിയുടെ ഗതിയുടെ മനസ്സിലാക്കാനുള്ള ധോണിയുടെ കഴിവ്. രാജ്യാന്തര തലത്തിലേക്ക് എത്തുമ്പോഴേയ്ക്കും ഈ ഗുണങ്ങളെല്ലാം അദ്ദേഹത്തെ മികച്ച ക്യാപ്റ്റൻമാരിലൊരാളാക്കി മാറ്റി.
ഇന്ത്യൻ ക്രിക്കറ്റിലെ സുവർണ തലമുറയ്ക്കൊപ്പം ഡ്രസിങ് റൂം പങ്കിടാൻ ഭാഗ്യം ലഭിച്ചല്ലോ. ആ ഓർമകൾ പങ്കുവയ്ക്കാമോ?
∙ ഇന്ത്യൻ ക്രിക്കറ്റിലെ സുവർണ തലമുറയെന്നു വിശേഷിപ്പിക്കാവുന്ന താരങ്ങൾക്കൊപ്പം ഡ്രസിങ് റൂം പങ്കിടാൻ സാധിച്ചു എന്നത് വലിയൊരു അംഗീകാരവും നേട്ടവുമായാണ് ഞാൻ കാണുന്നത്. വീരേന്ദർ സേവാഗ്, ഗൗതം ഗംഭീർ, രാഹുൽ ദ്രാവിഡ്, വി.വി.എസ്. ലക്ഷ്മൺ, സച്ചിൻ തെൻഡുൽക്കർ തുടങ്ങിയവരെല്ലാമാണ് ഞാൻ ടീമിലെത്തുന്ന സമയത്ത് ഉണ്ടായിരുന്നത്. ആദ്യത്തെ ഏതാനും പരമ്പരകളിൽ എന്റെ പ്രധാന പരിപാടി ഇവരെ സൂക്ഷ്മമായി നിരീക്ഷിക്കുകയായിരുന്നു. രാജ്യാന്തര ക്രിക്കറ്റിൽ അത്രമാത്രം പരിചയസമ്പത്തുള്ളവരാണ് അവരെല്ലാം. അവർ എങ്ങനെയാണ് മത്സരങ്ങൾക്കായി തയാറെടുക്കുന്നത്, പരിശീലനം എങ്ങനെയാണ് എന്നത് ഉൾപ്പെടെ ശ്രദ്ധാപൂർവം ഞാൻ വീക്ഷിക്കുമായിരുന്നു. ഇവർക്കൊപ്പം ചെലവഴിച്ച ദിവസങ്ങളും നടത്തിയ പരിശീലനവും എന്റെ കരിയറിനെ, പ്രത്യേകിച്ചും എന്നിലെ ടെസ്റ്റ് ക്രിക്കറ്ററെ രൂപപ്പെടുത്തുന്നതിൽ സഹായിച്ചു.
സച്ചിൻ തെൻഡുൽക്കറിന്റെ വിരമിക്കൽ മത്സരത്തിൽ മാൻ ഓഫ് ദ് മാച്ചായിരുന്നു. അതേക്കുറിച്ച്?
∙ രാജ്യത്തിനായി മത്സരങ്ങൾ ജയിക്കാൻ സാധിച്ചു എന്നതാണ് എന്റെ ഏറ്റവും വലിയ സന്തോഷം. ഇന്ത്യൻ ക്രിക്കറ്റ് ആരാധകർ ഇത്രയേറെ സ്നേഹിച്ച, ചരിത്രത്തിലെ ഏറ്റവും മഹാരഥൻമാരായ താരങ്ങളിൽപ്പെടുന്ന സച്ചിൻ തെൻഡുൽക്കറിനേപ്പോലുള്ള ഒരു ഇതിഹാസത്തിന്റെ വിടവാങ്ങൽ മത്സരത്തിലെ വിജയത്തിൽ നിർണായക പങ്കുവഹിക്കാനായതും മാൻ ഓഫ് ദ് മാച്ച് പുരസ്കാരം നേടി ആ നേട്ടം അദ്ദേഹത്തിനു സമർപ്പിക്കാൻ സാധിച്ചതും അതുല്യമായ നിമിഷങ്ങളാണ്. അന്ന് ഞങ്ങളുടെ മനസ്സിലുണ്ടായിരുന്നതും അദ്ദേഹത്തിന് ഇത്തരമൊരു ഉജ്വലമായ യാത്രയയപ്പ് നൽകണമെന്നതായിരുന്നു. അതിൽ മുഖ്യ പങ്കുവഹിക്കാനായതിൽ സന്തോഷം.
കരിയറിലെ ഏറ്റവും മികച്ച പ്രകടനം കാഴ്ചവച്ച ആ മത്സരത്തിനുശേഷം പിന്നീട് ഇന്ത്യൻ ജഴ്സിയിൽ കണ്ടിട്ടേയില്ല?
∙ ടീമിനായി കളിക്കാൻ അവസരം ലഭിക്കുമ്പോൾ, മികച്ച പ്രകടനം നടത്താനുള്ള ചുമതല നമ്മുടേതാണ്. പക്ഷേ, ടീമിലേക്കുള്ള തിരഞ്ഞെടുപ്പ് ഒരിക്കലും നമ്മുടെ കയ്യിലല്ല. അവസരം ലഭിക്കുമ്പോൾ മികച്ച പ്രകടനം ഉറപ്പാക്കുക. അതു മാത്രമേ നമുക്കു ചെയ്യാനുള്ളൂ. കിട്ടിയ അവസരങ്ങളിൽ ഏറ്റവും മികച്ച പ്രകടനം കാഴ്ചവയ്ക്കാൻ എനിക്കു സാധിച്ചിട്ടുണ്ട്. രാജ്യത്തിനായി ടെസ്റ്റിൽ നൂറിലധികം വിക്കറ്റ് നേടി. എന്റെ കരിയറിൽനിന്ന് മനസ്സിൽ കൊണ്ടുനടക്കാൻ ഞാൻ ആഗ്രഹിക്കുന്നത് ഇത്തരം നിമിഷങ്ങൾ മാത്രമാണ്. ടീമിലേക്ക് തിരഞ്ഞെടുക്കപ്പെടുന്നതും, പ്ലേയിങ് ഇലവനിൽ അവസരം ലഭിക്കുന്നതുമൊന്നും ഒരിക്കലും നമ്മുടെ കയ്യിലല്ല. മികച്ച രീതിയിൽ ഒരുങ്ങുക, മികച്ച പ്രകടനം ഉറപ്പാക്കുക. എന്റെ കാര്യത്തിൽ ലഭിച്ച അവസരങ്ങളിൽ അതു രണ്ടും ഉറപ്പാക്കാൻ എനിക്ക് സാധിച്ചിട്ടുണ്ട്. ടീമിൽ അവസരം ലഭിക്കാത്തതിനെക്കുറിച്ചെല്ലാം സംസാരിക്കുന്നത്, മുന്നിലുള്ള ലക്ഷ്യങ്ങളിൽനിന്ന് നമ്മെ അകറ്റാനേ ഉപകരിക്കൂ എന്ന് വിശ്വസിക്കുന്നയാളാണ് ഞാൻ. അതുകൊണ്ട് അത്തരം കാര്യങ്ങളെക്കുറിച്ച് ആലോചിച്ച് ഞാൻ തല പുകയ്ക്കാറില്ല.
എന്റെ കരിയറിലെ ഏറ്റവും മികച്ച പ്രകടനം എനിക്ക് ലഭിച്ച ആ അവസാന അവസരത്തിലാണെന്ന് എനിക്കറിയാം. പക്ഷേ, ടീമിലേക്കുള്ള സിലക്‌ഷൻ ഒരിക്കലും നമ്മുടെ കൈകളിലല്ല എന്നതല്ലേ സത്യം. അവസരം പ്രതീക്ഷിച്ചിട്ട് ലഭിക്കാത്ത സാഹചര്യം വരുമ്പോൾ അതിനെ എങ്ങനെ നേരിടണമെന്നു പോലും നമുക്ക് ഒരുപക്ഷേ പിടികിട്ടില്ല. കായിക താരമെന്ന നിലയിൽ, നമ്മുടെ കയ്യിൽ നിൽക്കുന്ന കാര്യങ്ങളിലേ നമുക്ക് എന്തെങ്കിലും ചെയ്യാനാകൂ. ഇവിടെ എനിക്ക് ചെയ്യാനാകുന്നത് നന്നായി ഒരുങ്ങുക, ടീമിനായി വിക്കറ്റെടുക്കുക എന്നതാണ്. അതു ഞാൻ വൃത്തിയായി ചെയ്തിട്ടുമുണ്ട്.
സ്പിൻ ബോളിങ്ങിലെ സൂപ്പർതാരങ്ങളായ അനിൽ കുംബ്ലെ, ഹർഭജൻ സിങ് എന്നിവർക്കൊപ്പം ഒന്നിച്ചു കളിക്കാൻ അവസരം ലഭിച്ചിരുന്നല്ലോ
∙ ഞാൻ ദേശീയ ടീമിലെത്തുന്ന സമയത്ത് അനിൽ കുംബ്ലെയായിരുന്നു ക്യാപ്റ്റൻ. ടീമിലെ മുതിർന്ന അംഗമായി ഹർഭജൻ സിങ്ങുമുണ്ടായിരുന്നു. അവർക്കൊപ്പം ചെലവഴിച്ച നാളുകളിൽ ഒരുപാടു കാര്യങ്ങൾ പഠിക്കാൻ സാധിച്ചു. വ്യത്യസ്ത സാഹര്യങ്ങളിൽ എങ്ങനെ പന്തെറിയണമെന്നും വ്യത്യസ്ത തരം പന്തുകൾ എങ്ങനെ ഫലപ്രദമായി വിനിയോഗിക്കാമെന്നതും ലോകോത്തര നിലവാരമുള്ള താരങ്ങളെ എങ്ങനെ കൈകാര്യം ചെയ്യണമെന്നുമെല്ലാം ഇവരിൽ നിന്നെല്ലാമാണ് ഞാൻ പഠിച്ചത്. ഇന്ത്യയ്ക്കായി ആയിരത്തിലധികം വിക്കറ്റുകൾ നേടിയതിന്റെ പരിചയസമ്പത്ത് ഇവർക്കുണ്ടെന്ന് ഓർക്കണം.
എന്നെ സംബന്ധിച്ച് പിഎച്ച്ഡിക്കു ചേർന്നതുപോലെയായിരുന്നു ടീമിലെത്തിയപ്പോൾ. എല്ലാവരും ഇവർക്കൊപ്പം അൽപം സമയം ചെലവഴിക്കാൻ ആഗ്രഹിച്ചിട്ടുണ്ടാകും. കളത്തിലും പുറത്തും എത്രയോ സമയം ഇവർക്കൊപ്പം ചെലവഴിക്കാൻ എനിക്കു സാധിച്ചു. ഒരു ബോളറെന്ന നിലയിൽ പണമൊന്നും നൽകാതെ പിഎച്ച്ഡി നേടിയ അനുഭവമായിരുന്നു ഇവർക്കൊപ്പം പഠിച്ചു മുന്നേറിയ കാലം.
ഇന്ത്യൻ ടീമിൽ അശ്വിന്റെ ആദ്യകാല സ്പിൻ പാർട്ണർമാരിൽ ഒരാളായിരുന്നു താങ്കൾ. അശ്വിനെ എങ്ങനെ വിലയിരുത്തുന്നു?
∙ ഒരു ബോളർ പോലും അല്ലാതെ കരിയർ തുടങ്ങിയ ആളാണ് അശ്വിൻ. എന്നിട്ടും ഇന്ത്യൻ ടീമിൽ വന്ന് ടെസ്റ്റിൽ മാത്രം അഞ്ഞൂറിലധികം വിക്കറ്റെടുക്കാൻ സാധിച്ചത് ചെറിയ നേട്ടമല്ല. അശ്വിൻ ക്രിക്കറ്റിലേക്കു വരുമ്പോൾ ഒരു ബാറ്ററായിരുന്നു എന്ന് നമുക്കറിയാം. പിന്നീട് വിസ്മയകരമായ വിധത്തിലാണ് ഇന്ത്യ കണ്ട ഏറ്റവും മികച്ച ഓഫ് സ്പിന്നർമാരിൽ ഒരാളായി അദ്ദേഹം വളർന്നത്. ഇത് വലിയൊരു നേട്ടം തന്നെയാണ്. കളത്തിൽ ഏറ്റവും ബുദ്ധിപൂർവം നിന്ന താരങ്ങളിലൊരാളാണ് അശ്വിൻ. ഓരോ നിമിഷവും സ്വയം മെച്ചപ്പെടാനും കഠിനാധ്വാനം ചെയ്യാനും അദ്ദേഹം ശ്രമിച്ചു. അതിന്റെ ഗുണവും കിട്ടിയെന്നു തന്നെ പറയണം.
അശ്വിന്റെ അപ്രതീക്ഷിത വിരമിക്കൽ പ്രഖ്യാപനം ഇന്ത്യൻ ക്രിക്കറ്റിനെ എങ്ങനെ ബാധിക്കുമെന്നാണ് കരുതുന്നത്?
∙ അശ്വിൻ വിരമിച്ച് കളം വിട്ടാലും ഇന്ത്യൻ ക്രിക്കറ്റ് എന്നും അതേപടി നിൽക്കും. ഇതിനു മുൻപും ഇത്തരം നിർണായക താരങ്ങളുടെ വിരമിക്കൽ ഘട്ടത്തിൽ ഇന്ത്യൻ ക്രിക്കറ്റ് കരുത്തോടെ പിടിച്ചുനിന്നിട്ടില്ലേ. ഇനിയും അതു തുടരും. ഓരോ താരവും ഉണ്ടാകുന്നത് ക്രിക്കറ്റ് നിമിത്തമാണ്. അല്ലാതെ താരങ്ങൾ നിമിത്തമല്ല ക്രിക്കറ്റ് ഉണ്ടായത്. അശ്വിൻ പോയാലും ഇന്ത്യൻ ടീമിൽ മികച്ച സ്പിന്നർമാർ വരും. ഇന്ത്യൻ ക്രിക്കറ്റ് ഇപ്പോഴത്തേതുപോലെ ശക്തമായി മുന്നോട്ടു പോകും. ഒരു വർഷം ഇന്ത്യൻ ക്രിക്കറ്റിന്റെ പ്രകടനം മോശമായേക്കാം. പക്ഷേ, ശക്തമായിത്തന്നെ ടീം തിരിച്ചുവരും. അതാണ് ചരിത്രം. പഴയ താരങ്ങൾ പോകും, പുതിയവർ വരും. പക്ഷേ, നമ്മുടെ ക്രിക്കറ്റ് സംവിധാനം ശക്തമായിരിക്കുന്നിടത്തോളം കാലം ഇതൊന്നും ക്രിക്കറ്റിനെ ബാധിക്കില്ല.
ബിഷൻസിങ് ബേദി, പ്രസന്ന, ചന്ദ്രശേഖർ തുടങ്ങിയവരെല്ലാം ടീമിനായി മികച്ച പ്രകടനം പുറത്തെടുത്തവരാണ്. ഇവർ പോയപ്പോൾ അനിൽ കുംബ്ലെ, ഹർഭജൻ സിങ് തുടങ്ങിയവർ വന്നു. അവർക്കു ശേഷം അശ്വിനും ജഡേജയും വന്നു, മികച്ച പ്രകടനം കാഴ്ചവച്ചു. ഇനിയും പുതിയ ആളുകൾ വരും, ഇന്ത്യൻ ക്രിക്കറ്റ് ആധിപത്യം തുടരും. പുതിയ താരങ്ങള്‍ക്കിടയിൽ കഴിവുള്ളവരുണ്ട്. വാഷിങ്ടൻ സുന്ദർ, അക്ഷർ പട്ടേൽ, കുൽദീപ് യാദവ് തുടങ്ങിയവർ ഇതിനകം ശ്രദ്ധ നേടിയവരാണ്. ആഭ്യന്തര ക്രിക്കറ്റിൽ മാനവ് സുതർ, തനുഷ് കൊട്ടിയൻ തുടങ്ങിയവരുണ്ട്. ഇപ്പോൾ ഇന്ത്യൻ ടീമിലേക്ക് എത്തുന്ന സ്പിൻ ബോളർമാരെ ശ്രദ്ധിച്ചിട്ടുണ്ടോ? അവരെല്ലാം മികച്ച രീതിയിൽ ബാറ്റു ചെയ്യാനും സാധിക്കുന്നവരാണ്. അതാണ് ക്രിക്കറ്റിൽ വന്നിട്ടുള്ള പ്രധാന മാറ്റം. ഇന്ന് ഇന്ത്യയ്‌ക്കായി കളിക്കാൻ ആഗ്രഹിക്കുന്ന സ്പിൻ ബോളർമാർ, കുറച്ചു ബാറ്റിങ് കൂടി അറിഞ്ഞേ മതിയാകൂ.
രവിചന്ദ്രൻ അശ്വിന്റെ വിരമിക്കൽ പ്രഖ്യാപനം വിവാദങ്ങൾക്കും കാരണമായല്ലോ. അർഹിച്ച യാത്രയയപ്പ് ലഭിച്ചില്ലെന്നാണ് വിമർശനം.
∙ എവിടെനിന്നാണ് ഇത്തരം വിവാദങ്ങളൊക്കെ വരുന്നത് എന്ന് എനിക്കറിയില്ല. വിരമിക്കാനുള്ള തീരുമാനം അശ്വിന്റേതാണ്. ഇത്തരം തീരുമാനങ്ങൾ തികച്ചും വ്യക്തിപരമാണ്. ടീമിലേക്കുള്ള തിരഞ്ഞെടുപ്പ് സിലക്ടർമാരുടെ ചുമതലയാണ്. കളി നിർത്താനുള്ള തീരുമാനം താരത്തിന്റേതാണ്. അശ്വിൻ വിരമിക്കൽ പ്രഖ്യാപിച്ച വാർത്താ സമ്മേളനവും അദ്ദേഹത്തിന്റെ പ്രസ്താവനകളും ഞാൻ കണ്ടിരുന്നു. അതിലൊന്നും അദ്ദേഹത്തിന് എന്തെങ്കിലും വിധത്തിലുള്ള ആശയക്കുഴപ്പം ഉണ്ടായിരുന്നതായി എനിക്കു തോന്നിയിട്ടില്ല. അദ്ദേഹത്തിന് ജീവിതത്തിന്റെ അടുത്ത ഘട്ടത്തിലേക്ക് കടക്കേണ്ടതുണ്ട്. അതുകൊണ്ട് അദ്ദേഹം അത്തരമൊരു തീരുമാനം കൈക്കൊണ്ടു, അതിനെ നാം ബഹുമാനിച്ചേ തീരൂ. അതിൽ വിവാദത്തിന്റെ കാര്യമൊന്നും ഞാൻ കാണുന്നില്ല.
ടൂർണമെന്റിനിടെ വിരമിക്കണോ ടൂർണമെന്റ് കഴിഞ്ഞ് വിരമിക്കണോ എന്നുള്ളതെല്ലാം ആ കളിക്കാരന്റെ തിരഞ്ഞെടുപ്പാണ്. ഇന്ത്യൻ ക്രിക്കറ്റിനായി എത്രയോ മത്സരങ്ങൾ ജയിച്ച ബോളറാണ് അശ്വിൻ. എത്രയോ മത്സരങ്ങളിൽ അദ്ദേഹം ഈ രാജ്യത്തെയും ആരാധകരെയും അഭിമാനപൂരിതരാക്കിയിരിക്കുന്നു. ഈ സാഹചര്യത്തിൽ ഇത്തരം വിവാദങ്ങൾ കുത്തിപ്പൊക്കുന്നത് ഇന്ത്യൻ ക്രിക്കറ്റിനും ആർ.അശ്വിനും ഒട്ടും നല്ലതല്ല. അത് അവരെ അപമാനിക്കുന്നതിനു തുല്യമാണ്.
സൂപ്പർതാരങ്ങൾ വിരമിക്കുമ്പോഴെല്ലാം എന്തുകൊണ്ടാണ് വലിയ വിവാദങ്ങൾ തലപൊക്കുന്നത്? അത് സംവിധാനത്തിന്റെ പോരായ്മയാണോ?
∙ ഇന്ത്യയിൽ ക്രിക്കറ്റ് എന്നത് ഒരു മതമാണ്. ആളുകൾക്ക് ക്രിക്കറ്റിനോടും ക്രിക്കറ്റ് താരങ്ങളോടും അത്രമാത്രം വൈകാരിക അടുപ്പമുണ്ട്. അവർ സ്നേഹിക്കുന്ന താരങ്ങൾ വിരമിക്കുന്ന ഘട്ടത്തിൽ, അതിനെ എങ്ങനെ കൈകാര്യം ചെയ്യണമെന്ന കാര്യത്തിൽ ആശയക്കുഴപ്പം സ്വാഭാവികമാണ്. അവർ അതിന്റെ വ്യത്യസ്ത തലങ്ങൾ പരിശോധിക്കാൻ ശ്രമിക്കും, അതിനെ പല രീതികളിൽ നോക്കിക്കാണാനും ശ്രമിക്കും. അതെല്ലാം ഇന്ത്യയിലെ ക്രിക്കറ്റിന്റെ പ്രത്യേക സാഹചര്യത്തിൽ സ്വാഭാവികമാണ്. ഇന്ത്യൻ ക്രിക്കറ്റിൽ വിടവാങ്ങൽ മത്സരം ലഭിച്ചിരുന്നെങ്കിൽ എന്നു നമുക്കു തോന്നിപ്പോകുന്ന കളിക്കാരുണ്ടാകും.
പക്ഷേ ഒരിക്കൽ അവർ തീരുമാനമെടുത്താൽ കഴിഞ്ഞാൽ, അതിനെ ബഹുമാനിക്കുക, അംഗീകരിക്കുക. എന്താണ് സംഭവിച്ചത് എന്നും, അവരുടെ മനസ്സിലൂടെ കടന്നുപോകുന്നത് എന്താണെന്നും നമുക്കറിയില്ല. അവരുടെ ചിന്തകളും കണക്കുകൂട്ടലുകളും അവർക്കു മാത്രമേ അറിയൂ. അത് മനസ്സിലാക്കാതെ നമ്മൾ അനാവശ്യമായി അഭിപ്രായം പറഞ്ഞിട്ട് എന്താണ് കാര്യം? അവർക്കു കുറച്ചുകൂടി കളിക്കാമായിരുന്നു, വിടവാങ്ങൽ മത്സരം കൊടുക്കാമായിരുന്നു എന്നെല്ലാം നമ്മളാണ് ചിന്തിക്കുന്നത്. അവരുടെ മനസ്സിലെന്താണെന്ന് ആർക്കറിയാം.
താങ്കളുടെ കരിയറും പാതിവഴിയിൽ അവസാനിച്ചതാണ്. അതിൽ നിർഭാഗ്യമുണ്ട് എന്ന് കരുതുന്നുണ്ടോ?
∙ താരതമ്യേന ചെറിയ പ്രായത്തിൽ ഇന്ത്യയ്ക്കായി അവസാന മത്സരം കളിച്ചയാളാണ് ഞാൻ. അതുകൊണ്ട് എനിക്ക് ഭാഗ്യമില്ല എന്നൊന്നും ഞാൻ പറയില്ല. ഇന്ത്യയ്‌ക്കായി കളിക്കാൻ ഭാഗ്യം ലഭിച്ചയാളല്ലേ ഞാൻ? ടീമിനായി വിക്കറ്റുകൾ വീഴ്ത്താനും മാൻ ഓഫ് ദ് മാച്ച് പുരസ്കാരങ്ങൾ നേടാനും എനിക്കു സാധിച്ചു. ഇന്ത്യൻ ക്രിക്കറ്റുമായി ബന്ധപ്പെട്ട് എത്രയോ സുന്ദരമായ ഓർമകൾ എനിക്കുണ്ട്.
ഏതു വ്യക്തിയെ എടുത്താലും അവരെല്ലാം കൂടുതൽ മത്സരങ്ങൾ കളിക്കാൻ ആഗ്രഹമുണ്ടെന്നല്ലേ പറയൂ? ഇന്ത്യയ്‌ക്കായി കളിക്കാൻ എനിക്ക് അവസരം ലഭിച്ചു. കുറേ മത്സരങ്ങൾ കൂടി കളിക്കാമായിരുന്നു എന്ന് എനിക്കും തോന്നും. ഞാൻ മുൻപു പറഞ്ഞതുപോലെ, ചില കാര്യങ്ങൾ നമ്മുടെ നിയന്ത്രണത്തിലല്ല. അതേക്കുറിച്ച് ആലോചിക്കുന്നതും സംസാരിക്കുന്നതും ഒരു മാറ്റവും കൊണ്ടുവരികയുമില്ല. ലഭിച്ച അവസരങ്ങൾക്ക് നന്ദിയുള്ളവരായിരിക്കുക, മുന്നോട്ടു നീങ്ങുക. അതു മാത്രമേ ചെയ്യാനുള്ളൂ.
മലയാളി താരം ശ്രീശാന്തിനൊപ്പം ഇന്ത്യയ്‌ക്കായി കളിച്ചിരുന്നല്ലോ. ശ്രീയുമൊത്തുള്ള ഓർമകൾ?
∙ അദ്ഭുതകരമായ കഴിവുകളുള്ള മഹാനായ ബോളറായിരുന്നു ശ്രീശാന്ത്. ഇന്ത്യയ്‌ക്കായി വ്യത്യസ്ത ഫോർമാറ്റുകളിൽ എത്രയോ മത്സരങ്ങളാണ് അദ്ദേഹം കളിച്ചത്. ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ടെസ്റ്റ് മത്സരത്തിൽ സാക്ഷാൽ ജാക്വസ് കാലിസിന്റെ വിക്കറ്റെടുത്ത ആ പന്ത് ശ്രീശാന്ത് എറിയുമ്പോൾ ഞാനും ഗ്രൗണ്ടിലുണ്ടായിരുന്നു. എന്തൊരു ബോളായിരുന്നു അത്! ആ വിക്കറ്റെടുത്ത് ഇന്ത്യയെ ശക്തമായാണ് ശ്രീശാന്ത് മത്സരത്തിലേക്കു തിരികെ കൊണ്ടുവന്നത്. അതിനു പുറമേ 2007ലെ ട്വന്റി20 ലോകകപ്പും 2011ലെ ഏകദിന ലോകകപ്പും ജയിച്ച ടീമിൽ അംഗമായിരുന്നു അദ്ദേഹം. അതൊക്കെ ചരിത്രപരമായ നിമിഷങ്ങളല്ലേ.
അദ്ദേഹത്തിന്റെ കരിയറിൽ ഇടക്കാലത്തുണ്ടായ വെല്ലുവിളികൾ നമുക്കറിയാം. പക്ഷേ, എന്താണ് സംഭവിച്ചത് എന്ന കാര്യത്തിൽ വ്യക്തതയില്ലാത്തിടത്തോളം അതേക്കുറിച്ച് അഭിപ്രായം പറയുന്നതിൽ കാര്യമില്ല. അത് ശ്രീശാന്തിനോടും ആ സംഭവവുമായി ബന്ധപ്പെട്ടവരോടും ചെയ്യുന്ന അനീതി കൂടിയാകും. അതുകൊണ്ട് അഭിപ്രായം പറയുന്നില്ല. പക്ഷേ ബോളറെന്ന നിലയിൽ വലിയ കഴിവുകളുള്ള താരമായിരുന്നു ശ്രീ എന്ന കാര്യത്തിൽ യാതൊരു സംശയവും ഇല്ല. രണ്ടു ലോകകപ്പുകൾ ജയിച്ച ടീമിന്റെ ഭാഗമായിരുന്നു ശ്രീ എന്നു പറയുന്നതിനപ്പുറം എന്തു വേണം.
കേരളത്തിൽനിന്ന് വരുന്ന സഞ്ജു സാംസണിന്റെ കരിയറിനെ, അദ്ദേഹത്തിന്റെ വളർച്ചയെ എങ്ങനെ കാണുന്നു?
∙ സഞ്ജു സാംസണിന്റെ വളർച്ച അടുത്തുനിന്ന് കണ്ടിട്ടുള്ളയാളാണ് ഞാൻ. അദ്ദേഹത്തിന്റെ കരിയറിന്റെ തുടക്കത്തിൽ ഭാരത് പെട്രോളിയത്തിനായി ഞങ്ങൾ ഒരുമിച്ചു കളിച്ചിരുന്നു. അതുകൊണ്ട് കരിയറിന്റെ തുടക്കം മുതലേ അറിയാം. പ്രതിഭയുള്ള താരമാണ്. ഇന്ത്യൻ ടീമിന്റെ ഭാഗമായുള്ള അദ്ദേഹത്തിന്റെ വളർച്ച വിസ്മയിപ്പിക്കുന്നതാണ്. ഇത്രമാത്രം കഴിവുകളുള്ള ബാറ്ററാണ് സഞ്ജുവെന്ന് ആദ്യം മുതലേ മനസ്സിലാക്കിയ വ്യക്തിയാണ് ഞാൻ. ഒരു ക്യാപ്റ്റനെന്ന നിലയിൽക്കൂടി അദ്ദേഹം പാകപ്പെട്ടു വരുന്നതാണ് എന്നെ സംബന്ധിച്ച് ഏറ്റവും സുന്ദരമായ കാഴ്ച. രാജസ്ഥാൻ റോയൽസിനായി അദ്ദേഹം ഏറ്റവും മികച്ച രീതിയിലാണ് കളിക്കുന്നതും ടീമിനെ നയിക്കുന്നതും. സഞ്ജുവിന് എന്റെ എല്ലാ ആശംസകളും.
രോഹിത് ശർമയുമായി അടുത്ത സൗഹൃദമുണ്ടല്ലോ. അദ്ദേഹവുമായി ബന്ധപ്പെട്ട വിരമിക്കൽ വിവാദങ്ങളെക്കുറിച്ച്...?
∙ സൗഹൃദവും രാജ്യത്തിനായി കളിക്കുന്നതും രണ്ടാണ് എന്ന് കരുതുന്നയാളാണ് ഞാൻ. രോഹിത് എന്റെ അടുത്ത സുഹൃത്ത് തന്നെയാണ്. പക്ഷേ രാജ്യത്തിനായി കളിക്കുമ്പോൾ മികച്ച പ്രകടനം കാഴ്ചവച്ചാൽ ആളുകൾ പൊക്കിക്കൊണ്ടു നടക്കും. പ്രകടനം മോശമായാൽ ക്രൂരമായി വിമർശിക്കും. ടീമിന്റെ ക്യാപ്റ്റൻ കൂടിയാകുമ്പോൾ ആളുകളെല്ലാം കൃത്യമായി നിരീക്ഷിക്കും. അത് നല്ല കാര്യമാണ്. മികച്ച പ്രകടനം പുറത്തെടുക്കുമ്പോൾ ആളുകളുടെ അഭിനന്ദനം ആസ്വദിക്കുന്നുണ്ടെങ്കിൽ, പ്രകടനം മോശമാകുമ്പോൾ അവരിൽനിന്ന് വിമർശനവും പ്രതീക്ഷിക്കണം. അവർക്ക് രാജ്യത്തിന്റെ വിജയമാണ് പ്രധാനം. ഇതെല്ലാം മനസ്സിലാക്കാനുള്ള പാകത രോഹിത് ശർമയ്ക്കുണ്ട്.
രോഹിത്തിന്റേതുപോലുള്ള സുദീർഘമായ കരിയറുകളിൽ ഇത്തരം കയറ്റിറക്കങ്ങൾ സ്വാഭാവികമാണ്. ഏതു കളിക്കാരന്റെ കാര്യവും അങ്ങനെത്തന്നെ. രോഹിത് 15 വർഷത്തിലധികം നീണ്ട കരിയറുള്ള താരമാണ്. ടീമിനു ലോകകപ്പ് നേടിക്കൊടുത്ത ക്യാപ്റ്റനാണ്. അതുകൊണ്ട് ഇതിന്റെ എല്ലാ വശങ്ങളും രോഹിത്തിന് അറിയാം. ഇതെല്ലാം കരിയറിന്റെ ഭാഗമാണ്. ഇപ്പോൾ രോഹിത് ഫോമിലല്ല എന്നത് വാസ്തവമാണ്. പക്ഷേ, അദ്ദേഹം ശക്തമായി തിരിച്ചെത്തും എന്നുതന്നെ കരുതാം.
ഇന്ത്യൻ ടീമിൽ ഗൗതം ഗംഭീറിന്റെ സഹതാരമായിരുന്നല്ലോ. അദ്ദേഹത്തിന്റെ പരിശീലക ശൈലിയെക്കുറിച്ച്?
∙ ഇന്ത്യൻ ടീമിന്റെ ശക്തനായ ഓപ്പണറായിരുന്നു ഗംഭീർ. കളിയെ കൃത്യമായി മനസ്സിലാക്കുന്ന വ്യക്തിയാണ്. ഐപിഎലിൽ ക്യാപ്റ്റനെന്ന നിലയിൽ രണ്ട് കിരീടങ്ങളും പരിശീലകനെന്ന നിലയിൽ ഒരു കിരീടവുമുള്ള വ്യക്തിയാണ് ഗംഭീർ. പക്ഷേ, ഇന്ത്യൻ ടീമിന്റെ പരിശീലകനെന്ന നിലയിൽ ഗംഭീർ തുടങ്ങിയിട്ടേയുള്ളൂ. ഈ ഘട്ടത്തിൽ ഗംഭീറിന്റെ പരിശീലക കരിയറിനെ വിലയിരുത്തുന്നത് അനീതിയാകും.
എന്തൊക്കെയാണ് ഭാവി പരിപാടികൾ? പരിശീലക വേഷത്തിൽ പ്രതീക്ഷിക്കാമോ?
∙ നിലവിൽ കമന്ററി രംഗത്ത് മുന്നോട്ടു പോകാനാണ് എനിക്കിഷ്ടം. പിന്നീട് കോച്ചിങ്ങിലേക്കു വന്നേക്കാം. ഇന്ത്യയ്‌ക്കായി കളിക്കാൻ അവസരം ലഭിച്ച താരമെന്ന നിലയിൽ, കൂടുതൽ സ്പിൻ ബോളർമാരെ വളർത്തിയെടുക്കേണ്ടത് എന്റെ ഉത്തരവാദിത്തമാണെന്ന് കരുതുന്നു. ദേശീയ ക്രിക്കറ്റ് അക്കാദമിയിൽനിന്ന് ക്രിക്കറ്റ് പരിശീലനത്തിൽ ലെവൽ ടു പൂർത്തിയാക്കി. ഇപ്പോൾ ഞാൻ കോച്ചിങ് രംഗത്തില്ല. ആരെങ്കിലും സമീപിച്ചാൽ സഹായിക്കാൻ സന്തോഷം മാത്രം.