അമേരിക്കയിൽ തകരാൻ തുടങ്ങുന്ന മൂന്നാമത്തെ ബാങ്കിനെ രക്ഷിക്കാൻ മറ്റ് ബാങ്കുകൾ കൈകോർക്കുന്നു
Mail This Article
സിലിക്കൺ വാലി ബാങ്ക്, സിഗ്നേചർ ബാങ്ക് എന്നിവയുടെ തകർച്ചക്ക് ശേഷം അമേരിക്കയിൽ വീണ്ടും ഒരു ബാങ്ക് കൂടി തകർച്ചയുടെ വക്കിൽ എത്തി നിൽക്കുകയാണ്. ഫസ്റ്റ് റിപ്പബ്ലിക്ക് ബാങ്കിലാണ് പ്രശ്നങ്ങൾ തലപൊക്കുന്നത്. എന്നാൽ ഫസ്റ്റ് റിപ്പബ്ലിക്ക് ബാങ്കിനെ തകർച്ചയിൽ നിന്നും രക്ഷിക്കാൻ 11 വലിയ ബാങ്കുകൾ ഒരുമിച്ച് കൈകോർക്കുകയാണ് ഇപ്പോൾ. 30 ബില്യൺ ഡോളറിന്റെ നിക്ഷേപം ഈ 11 ബാങ്കുകൾ ചേർന്ന് ഫസ്റ്റ് റിപ്പബ്ലിക്ക് ബാങ്കിൽ നിക്ഷേപിച്ച് പ്രശ്ന പരിഹാരത്തിനായാണ് നോക്കുന്നത്. സർക്കാർ ഇടപെടലുകളോ, പിൻതുണയോ ഇല്ലാതെ സ്വകാര്യ ബാങ്കുകൾ ചേർന്ന് ഫസ്റ്റ് റിപ്പബ്ലിക്ക് ബാങ്കിനെ പ്രശ്നങ്ങളിൽ നിന്നും കരകയറ്റിയാൽ അത് അമേരിക്കയിൽ ബാങ്കിങ് രംഗത്ത് കൂടുതൽ വിശ്വാസ്യത കൊണ്ടുവരും എന്ന പ്രതീക്ഷ ബാങ്കിങ് അധികാരികൾക്കുണ്ട്. ട്രഷറി സെക്രട്ടറി ജാനെറ്റ് യെല്ലന്റെയും, ജെ പി മോർഗൻ ചീഫ് എക്സിക്യൂട്ടീവിന്റെയും നേതൃത്വത്തിലാണ് കാര്യങ്ങൾ നടത്തിയത്. 48 മണിക്കൂറിനുള്ളിലാണ് ഫസ്റ്റ് റിപ്പബ്ലിക്ക് ബാങ്കിനെ രക്ഷിച്ചെടുക്കാനുള്ള ദൗത്യം പൂർത്തിയാക്കിയത്.
അടുത്തടുത്ത ദിവസങ്ങളിലുള്ള ബാങ്കിങ് തകർച്ച മൂലം ജനങ്ങൾക്ക് ബാങ്കിങ് സംവിധാനത്തിലുള്ള വിശ്വാസ്യത നഷ്ടപ്പെടുന്ന അവസ്ഥയും ഇപ്പോഴുണ്ട്. 5 ദിവസം കൊണ്ട് 50 ശതമാനമാണ് ഫസ്റ്റ് റിപ്പബ്ലിക്ക് ബാങ്കിന്റെ ഓഹരി വിലയിൽ ഇടിവുണ്ടായത്. ഒരു മാസത്തിൽ 75 ശതമാനത്തോളം ഓഹരി മൂല്യമിടിഞ്ഞ ബാങ്കിനെ ചേർത്ത് പിടിച്ചില്ലെങ്കിൽ വീണ്ടും ഒരു കൂട്ടം ബാങ്കുകൾ കൂടി തകരുമെന്ന പരിഭ്രാന്തി വൻകിട ബാങ്കുകൾക്കിടയിൽ പോലും ഉണ്ടായതോടെ ഫസ്റ്റ് റിപ്പബ്ലിക്ക് ബാങ്കിന് രക്ഷപ്പെടാനുള്ള വഴി തെളിയുകയായിരുന്നു. 11 ബാങ്കുകൾ ചേർന്ന് ഫസ്റ്റ് റിപ്പബ്ലിക്ക് ബാങ്കിനെ പിന്തുണക്കും എന്ന പ്രഖ്യാപനമുണ്ടായതോടെ ഇന്നലെ ഫസ്റ്റ് റിപ്പബ്ലിക്ക് ബാങ്കിന്റെ ഓഹരി വിലയിൽ ഉയർച്ച രേഖപ്പെടുത്തി. കൂടാതെ മൊത്തത്തിൽ ബാങ്കിങ് ഓഹരികളും ഇന്നലത്തെ വ്യാപാരത്തിൽ അമേരിക്കയിൽ ഉയർന്നു.
എങ്ങനെ പ്രശ്നങ്ങൾ രൂപപ്പെടുന്നു?
സിലിക്കൺ വാലി ബാങ്കിലും സിഗ്നേച്ചർ ബാങ്കിലും ഉണ്ടായത് പോലെ തന്നെ ഉപഭോക്താക്കൾ ഒരുമിച്ചു പണം പിൻവലിക്കാൻ തുടങ്ങിയതാണ് ഫസ്റ്റ് റിപ്പബ്ലിക്ക് ബാങ്കിലും പ്രശ്നങ്ങൾ തുടങ്ങാൻ കാരണം. പണപ്പെരുപ്പം നിയന്ത്രിക്കാൻ പലിശ നിരക്കുകൾ ഉയർത്തിയതോടെ ബാങ്കുകളുടെ ബിസിനസിനെ അത് നേരിട്ട് ബാധിച്ചു എന്നതാണ് തകർച്ചയ്ക്ക് പൊതുവായ ഒരു കാരണമായി പറയുന്നത്. കൂടാതെ അതിസമ്പന്നരായ ഉപഭോക്താക്കൾക്ക് ബാങ്ക് തകർന്നാൽ ഒരു നിശ്ചിത തുകക്ക് മാത്രമേ ഇൻഷുറൻസ് ലഭിക്കുകയുള്ളൂ എന്നുള്ളത് കാരണം, തകരുന്നതിന് മുൻപ് തന്നെ പണം സുരക്ഷിതമായി മാറ്റാൻ അതിസമ്പന്നൻ നടത്തുന്ന പിൻവലിക്കലുകളും ബാങ്കുകളുടെ സാമ്പത്തിക ആരോഗ്യത്തെ ഉലയ്ക്കുകയാണ്.
ആരാണ് താങ്ങായത്?
ജെപി മോർഗൻ ചേസ്, ബാങ്ക് ഓഫ് അമേരിക്ക, വെൽസ് ഫാർഗോ, സിറ്റിഗ്രൂപ്പ് എന്നീ നാല് ബാങ്കുകളും 5 ബില്യൺ ഡോളർ വീതം നിക്ഷേപിച്ചു. ഗോൾഡ്മാൻ സാക്സും മോർഗൻ സ്റ്റാൻലിയും 2.5 ബില്യൺ ഡോളർ വീതം നിക്ഷേപിച്ചു. പി എൻ സി ഫിനാൻഷ്യൽ, ട്രൂയിസ്സറ്റ്, ബി എൻ വൈ മെലോൺ,സ്റ്റേറ്റ് സ്ട്രീറ്റ് യു എസ് ബാങ്ക് എന്നിവർ 1 ബില്യൺ ഡോളർ വീതവും നിക്ഷേപിച്ചാണ് ഫസ്റ്റ് റിപ്പബ്ലിക്ക് ബാങ്കിനെ കരകയറ്റിയത്.
അമേരിക്കൻ സാമ്പത്തിക വ്യവസ്ഥ സുസ്ഥിരമാണെന്ന് അധികാരികൾ ആവർത്തിച്ചു പറയുമ്പോഴും, ജനങ്ങൾക്ക് വിശ്വാസമില്ലാതെ പണം ബാങ്കുകളിൽനിന്നും പിന്‍വലിക്കുന്നതാണ് ഇപ്പോഴത്തെ ബാങ്കിങ് തകർച്ചയുടെ മൂല കാരണം. കഴിഞ്ഞയാഴ്ച തകർന്ന സിലിക്കൺ വാലി ബാങ്കും വ്യാഴാഴ്ച വലിയ സാമ്പത്തിക താങ്ങൽ കൊണ്ട് പിടിച്ചു നിൽക്കുന്ന ഫസ്റ്റ് റിപ്പബ്ലിക്കും കഴിഞ്ഞ വർഷത്തെ കണക്കുകൾ പ്രകാരം അമേരിക്കയിലെ ഏറ്റുവും വലിയ 20 ബാങ്കുകളിൽ ഉൾപ്പെട്ടിരുന്നു. എന്നാൽ ആസ്തിയുടെ കാര്യത്തിൽ, അവർ മറ്റ് ബാങ്കുകളെ അപേക്ഷിച്ച് തീരെ ചെറുതായിരുന്നു.എന്തുവിലകൊടുത്തും 2008 ആവർത്തിക്കാതിരിക്കാനുള്ള ശ്രമങ്ങളുടെ കഥകളാണ് അമേരിക്കയിൽ നിന്നും ഇപ്പോൾ പ്രധാനമായി വരുന്നത്.
English Summary : Banking Crisis in US