വീട്ടിലുണ്ടാക്കുന്ന ഭക്ഷണം വിൽക്കുന്നതിന് 5 ലക്ഷം രൂപ വരെ പിഴ!
Mail This Article
ഫുഡ് സേഫ്റ്റി ആൻഡ് സ്റ്റാൻഡേർഡ് അതോറിറ്റി ഓഫ് ഇന്ത്യയുടെ നിയമമനുസരിച്ച്, വീട്ടിൽ ഭക്ഷണസാധനങ്ങൾ ഉണ്ടാക്കി വിൽപ്പന നടത്തുന്നയാളാണെങ്കിൽ ലൈസൻസ് എടുക്കേണ്ടത് നിർബന്ധമാണ്. തീരെ ചെറിയ സംരംഭങ്ങളാണെങ്കിൽ റജിസ്ട്രേഷൻ എടുത്തിരിക്കണം. റജിസ്ട്രേഷന് 100 രൂപ മാത്രമേ ഉള്ളൂ. 12 ലക്ഷത്തിൽ കൂടുതൽ ഒരു വർഷത്തിൽ വിറ്റു വരവുള്ള സംരംഭങ്ങൾക്ക് ലൈസൻസ് നിർബന്ധമായും വേണം. 7500 രൂപയാണ് ലൈസൻസിന് ചിലവാക്കേണ്ടത്. ലൈസെൻസില്ലെങ്കിൽ 5 ലക്ഷം രൂപ വരെ പിഴയോ അല്ലെങ്കിൽ തടവ് ശിക്ഷയോ ലഭിക്കും. 2011 മുതൽ ഈ നിയമം പ്രാബല്യത്തിൽ ഉണ്ടെങ്കിലും കോവിഡ് തുടങ്ങിയതിന് ശേഷമാണ് കർശനമായി നടപ്പിലാക്കി തുടങ്ങിയത്.
കേക്ക്, പലഹാരങ്ങൾ, പായസം, അച്ചാർ പോലുള്ള ഭക്ഷണസാധനങ്ങൾ വീടുകളിൽ വാണിജ്യാടിസ്ഥാനത്തിൽ നിർമിക്കുന്നതിനും വിൽക്കുന്നതിനും ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ റജിസ്ട്രേഷൻ നിർബന്ധമാണ്.
റജിസ്ട്രേഷൻ/ ലൈസൻസ് എടുക്കുന്നതിന്:
∙ ഫുഡ് സേഫ്റ്റി കംപ്ലയൻസ് സിസ്റ്റം അഥവാ ഫോസ്കോസ് (FoSCos) എന്ന ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ വെബ്സൈറ്റ് വഴി ഓൺലൈൻ അപേക്ഷ നൽകണം.
∙ ഫീസ് 100 രൂപ. 500 രൂപ മൊത്തമായി അടച്ച് 5 വർഷത്തെ റജിസ്ട്രേഷന് അവസരമുണ്ട്.
∙ ഫോട്ടോ, തിരിച്ചറിയൽ കാർഡിന്റെ കോപ്പി എന്നിവ അപേക്ഷയ്ക്കൊപ്പം നൽകണം.
∙https://www.fssai.gov.in/ ഈ വെബ്സൈറ്റിൽ പോവുക. അക്ഷയ കേന്ദ്രങ്ങൾ വഴിയും അപേക്ഷ നൽകാം.
∙12 ലക്ഷത്തിൽ കൂടുതൽ വിറ്റുവരവുള്ള സ്ഥാപനങ്ങളാണെങ്കിൽ ലൈസൻസിനായാണ് അപേക്ഷിക്കേണ്ടത്. പ്രത്യേക കെട്ടിടം ഉണ്ടായിരിക്കണമെന്നും നിബന്ധനയുണ്ട്.
∙ ഒരു വർഷത്തെ ഫീസ് 3000 രൂപ. തുക ഒരുമിച്ച് അടച്ച് 5 വർഷത്തേക്കുള്ള ലൈസൻസിനായി അപേക്ഷിക്കാം.
∙ സംരംഭം പ്രവർത്തിക്കുന്ന സ്ഥലത്തെ തദ്ദേശ സ്ഥാപനത്തിന്റെ അനുമതിപത്രം, വെള്ളത്തിന്റെ പരിശോധനാ റിപ്പോർട്ട് തുടങ്ങിയ രേഖകളും തിരിച്ചറിയൽ രേഖകളും അപേക്ഷയ്ക്കൊപ്പം സമർപ്പിക്കണം.
കൃത്യമായ ഇടവേളകളിൽ ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ പരിശോധനയുണ്ടാകും.
ഉപഭോക്താക്കളുടെ സുരക്ഷ ഉറപ്പാക്കാനാണ് സർക്കാർ ഈ നടപടി സ്വീകരിച്ചിരിക്കുന്നത്. ഉപഭോക്താക്കൾക്കും തങ്ങൾ വാങ്ങുന്ന ഭക്ഷണം റജിസ്ട്രേഷൻ ഉള്ള സ്ഥലത്തുനിന്നാണോയെന്ന് ഇതിലൂടെ ഉറപ്പു വരുത്താം. പരാതികൾ ലഭിച്ചാൽ വൃത്തിഹീനമായ അന്തരീക്ഷത്തിൽ പാകം ചെയ്യുന്ന അടുക്കളകളുടെ ലൈസൻസ് റദ്ദാക്കുവാനുമുള്ള അധികാരം വകുപ്പിനുണ്ട്. കാര്യങ്ങൾ ഇങ്ങനെയൊക്കെയായ സ്ഥിതിക്ക് ചെറിയ രീതിയിലുള്ള കേക്ക് ഉണ്ടാക്കുന്ന സംരംഭങ്ങൾ നടത്തുന്നവർ മുതൽ വലിയ രീതിയിലുള്ള സേവനങ്ങൾ നൽകുന്നവർ വരെ റജിസ്റ്റർ ചെയ്യുവാൻ ശ്രദ്ധിക്കുക.
English Summary : Registration is needed for Home Made Food Production