ഭക്ഷ്യയോഗ്യമെന്നു സർക്കാർ പറയുന്നവ വിശ്വസിച്ചു കഴിക്കാനാകില്ലെന്ന് സിഎജി
Mail This Article
ഭക്ഷ്യവിഷബാധയെ കുറിച്ചുള്ള വാർത്തകൾ തുടർ കഥയാകുന്നതിനിടെ സംസ്ഥാന ഭക്ഷ്യസുരക്ഷാ വകുപ്പ് നൽകുന്ന ഭക്ഷ്യയോഗ്യമെന്ന സർട്ടിഫിക്കറ്റ് പോലും വിശ്വസനീയമല്ലെന്ന ഞെട്ടിപ്പിക്കുന്ന റിപ്പോർട്ടുമായി കൺട്രോളർ ആൻഡ് ഓഡിറ്റർ ജനറൽ. നിലവാരമില്ലാത്ത ഭക്ഷ്യവസ്തുക്കൾ ജനങ്ങളിലേയ്ക്ക് എത്തുന്നില്ലെന്ന് ഉറപ്പാക്കുന്നതിൽ ഭക്ഷ്യസുരക്ഷാ വകുപ്പ് വൻപരാജയം ആണെന്നാണ് സിഎജി റിപ്പോർട്ട് പറയുന്നത്.
2020–21 ലെ റിപ്പോർട്ടിലാണ് ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ ലബോറട്ടറികളിൽ ആവശ്യമായ പരിശോധനാ സംവിധാനങ്ങൾ ഇല്ലെന്നു സിഎജി വ്യക്തമാക്കുന്നത്. ഭക്ഷ്യവകുപ്പ് പരിശോധിച്ച് സുരക്ഷിതവും നിലവാരമുള്ളതെന്നും അംഗീകരിച്ച വസ്തുക്കൾ പോലും വിശ്വസിച്ച് കഴിക്കാനാകില്ലെന്നും ശരിയായ പരിശോധന നടക്കുന്നില്ലെന്നുമുള്ള ഗുരുതര ആരോപണമാണ് സിഎജി ഉന്നയിക്കുന്നത്.
പരിശോധനയ്ക്കെത്തുന്ന സാമ്പിളുകളിൽ ഭക്ഷ്യവിഷബാധയിലെ വിവിധ ചേരുവകൾ, ലോഹമാലിന്യം, കീടനാശിനിയുടെ അംശങ്ങൾ എന്നിവ പരിശോധിക്കാനുള്ള സംവിധാനം വകുപ്പിന്റെ ലാബുകളിൽ ഇല്ലെന്നു സിഎജി കണ്ടെത്തിയിട്ടുണ്ട്. അതുകൊണ്ട് തന്നെ ഇത്തരം പരിശോധനകൾ നടത്താതെയാകും സർട്ടിഫിക്കറ്റ് നൽകുകെന്നു വേണം കരുതാൻ.
ശബരി മലയിലെ വഴിപാടു സാധനങ്ങളുടെ പരിശോധനയുമായി ബന്ധപ്പെട്ട റിപ്പോർട്ടിലാണ് സിഎജി ഈ കണ്ടെത്തലുകൾ നടത്തിയിരിക്കുന്നത്. തൃപ്തികരമെന്നു ലാബ് റിപ്പോർട്ട് നൽകിയവയിൽ നിന്നാണ് ഓഡിറ്റിനായി സാമ്പിളുകൾ എടുത്തത്. അവയുടെ പരിശോധനയിൽ കീടനാശിനിയുടെ സാന്നിധ്യം പോലും കണ്ടെത്തിയിട്ടുണ്ട്.
English Summary : According To CAG Food Safety Measures is Poor in Kerala