ശ്രദ്ധ കൊടുക്കാം, കുട്ടികളുടെ സാമ്പത്തിക സ്വഭാവ രൂപീകരണത്തിനും
Mail This Article
കുട്ടികളുടെ സ്വഭാവ രൂപീകരണത്തിൽ അതീവ ശ്രദ്ധ ചെലുത്തുന്നവരാണ് മാതാപിതാക്കൾ. അതുപോലെ തന്നെ ചെറുപ്പം മുതൽ അവരുടെ സാമ്പത്തിക സ്വഭാവരൂപീകരണത്തിലും അതീവ ശ്രദ്ധ നൽകേണ്ടതുണ്ട്. ഈ ശിശുദിനത്തിൽ അതിനായുള്ള ശ്രമങ്ങൾ തുടങ്ങാം.
തുടങ്ങാം പണക്കുടുക്കയിൽ
ചെറിയ പ്രായത്തിൽ തന്നെ കുട്ടികൾക്ക് പണക്കുടുക്ക വാങ്ങി നൽകുക. കൈനീട്ടമായും സമ്മാനമായും പോക്കറ്റ് മണിയായും അവർക്കു ലഭിക്കുന്ന പണം അതിൽ നിക്ഷേപിക്കാൻ പ്രോത്സാഹിപ്പിക്കുക. ഇങ്ങനെ സമാഹരിക്കുന്ന തുക ഉപയോഗിച്ച് പ്രയേജനപ്പെടുന്നതുമായ ഉൽപന്നങ്ങൾ വാങ്ങി നൽകുക. താൻ സമാഹരിച്ച തുക കൊണ്ടു വാങ്ങിയതാണ് ഇവ എന്ന ചിന്ത കുട്ടികളിൽ ആത്മവിശ്വാസമുണ്ടാക്കും.
ആരംഭിക്കാം സേവിങ്സ് അക്കൗണ്ട്
ഇന്ന് മിക്ക കുട്ടികളും സ്കൂൾ പ്രായത്തിൽത്തന്നെ ബാങ്ക് അക്കൗണ്ടുകൾ ആരംഭിക്കുന്നുണ്ട്. സ്കോളർഷിപ്, സാമ്പത്തിക ആനുകൂല്യങ്ങൾ എന്നിവ നേരിട്ട് കുട്ടികളുടെ ബാങ്ക് അക്കൗണ്ടിലേക്കാണ് ഇപ്പോൾ നിക്ഷേപിക്കപ്പെടുന്നത്. നല്ല സാമ്പത്തിക ശീലങ്ങൾ വളർത്തിയെടുക്കാൻ ബാങ്ക് അക്കൗണ്ട് ആരംഭിക്കുന്നതു വഴി സാധിക്കും.
നൽകാം പ്രായോഗിക പരിശീലനം
കുട്ടികളെ സാമ്പത്തികപരമായ ചെറിയ ഉത്തരവാദിത്തങ്ങൾ ഏൽപിക്കുന്നത് അവർക്ക് പണം എങ്ങനെ കൈകാര്യം ചെയ്യണമെന്നതിന് ധാരണയുണ്ടാവാൻ സഹായിക്കും. ബാങ്കിങ്, മണി മാനേജ്മെന്റ് എന്നിവയെക്കുറിച്ച് കുട്ടികളെ പഠിപ്പിക്കുന്നത് അവരുടെ സാമ്പത്തിക സാക്ഷരത മെച്ചപ്പെടുത്താൻ സഹായിക്കും.
ചില ശീലങ്ങൾ ശ്രദ്ധിക്കാം
കുടുംബങ്ങളിൽ ഒന്നോ രണ്ടോ കുട്ടികൾ മാത്രം ഉള്ളതുകൊണ്ട് അവർ ആവശ്യപ്പെടുന്ന സാധനങ്ങൾ മിക്ക മാതാപിതാക്കളും വാങ്ങി നൽകും. ഇതു കണ്ടു വളരുന്ന കുട്ടികൾക്ക്, വരുമാനം കിട്ടിത്തുടങ്ങുമ്പോൾ ധാരാളമായി ചെലവഴിക്കുന്ന ശീലം ഉണ്ടായേക്കും. ലഭിക്കാൻ പോകുന്ന വരുമാനം എങ്ങനെ ഫലപ്രദമായി വിനിയോഗിക്കണം എന്നുകൂടി അവരെ ശീലിപ്പിക്കണം.
വേണം സാമ്പത്തിക ആസൂത്രണം
ജോലി കിട്ടുമ്പോൾ തന്നെ ലഭിക്കുന്ന വരുമാനത്തിന്റെ ഒരു ഭാഗം ഭാവിയിലേക്കുള്ള ആവശ്യങ്ങൾക്കായുള്ള കരുതലായി നീക്കിവയ്ക്കാൻ അവരെ പ്രേരിപ്പിക്കുക. കരിയറിന്റെ തുടക്കത്തിൽ ആയതുകൊണ്ടും അധികം ഉത്തരവാദിത്തങ്ങൾ ഉണ്ടാവാൻ സാധ്യതയില്ലാത്തതുകൊണ്ടും ഈ സമയത്ത് കൂടുതൽ തുക നിക്ഷേപത്തിലേക്കു നീക്കിവയ്ക്കാനാകും. തുടക്കത്തിൽ തന്നെ സാമ്പത്തിക ആസൂത്രണം നടത്തുകയാണെങ്കിൽ നിക്ഷേപിക്കുന്നതിനും ചെലവാക്കുന്നതിനും അച്ചടക്കമുണ്ടാകും.
മാതാപിതാക്കൾക്കായി ഒരു നല്ല ശീലം
പിറന്നാൾ പോലുള്ള വിശേഷ അവസരങ്ങളിൽ കുട്ടികൾക്ക് വിലകൂടിയ സമ്മാനങ്ങൾ നൽകുന്നതിനെക്കാൾ നല്ലത് ആ തുക അവരുടെ ഭാവിയിലേക്ക് ഉപകരിക്കുന്ന തരത്തിൽ മ്യൂച്വൽ ഫണ്ട് പോലുള്ള നിക്ഷേപ പദ്ധതികളിൽ ഒറ്റത്തവണയായോ അല്ലെങ്കിൽ കൃത്യമായ കാലയളവിൽ ഒരു നിശ്ചിത തുക തവണകളായി നിക്ഷേപിക്കുന്ന സിസ്റ്റമാറ്റിക് ഇൻവെസ്റ്റ്മെന്റ് പ്ലാൻ (എസ്ഐപി ) ആയോ നിക്ഷേപിക്കാവുന്നതാണ്. പ്രത്യേകിച്ച് ഉന്നത വിദ്യാഭ്യാസം വളരെ ചെലവേറിയതായി മാറിക്കൊണ്ടിരിക്കുന്ന സാഹചര്യത്തിൽ. ദീർഘകാല ലക്ഷ്യങ്ങൾക്കായി ഇക്വിറ്റി മ്യൂച്വൽ ഫണ്ടുകൾ തിരഞ്ഞെടുക്കാവുന്നതാണ.് എന്നാൽ ലക്ഷ്യത്തോടടുക്കുമ്പോൾ, ഈ നിക്ഷേപം നഷ്ട സാധ്യത കുറയ്ക്കാനായി റിസ്ക് കുറഞ്ഞ ഡെറ്റ് മ്യൂച്വൽ ഫണ്ടുപോലുള്ള പദ്ധതികളിലേക്ക് മാറ്റണം.
കെ.സി.ജീവൻകുമാർ ഹെഡ് ഓഫ് ഇൻവെസ്റ്റ്മെന്റ് അഡ്‌വൈസറി, ജിയോജിത്.