പറന്നുയർന്ന് മലയാളിയുടെ ‘ഫ്ലൈ 91’
Mail This Article
മുംബൈ/കൊച്ചി ∙ ഗോവയിലെ മോപ വിമാനത്താവളത്തിൽ നിന്ന് ലക്ഷദ്വീപിലെ അഗത്തിയിലേക്ക് സർവീസ് തുടങ്ങിയതോടെ, മലയാളിയായ മനോജ് ചാക്കോയുടെ നേതൃത്വത്തിൽ ആരംഭിച്ച പുതിയ വിമാനക്കമ്പനി ‘ഫ്ലൈ 91’ ന് ആവേശത്തുടക്കം. കേന്ദ്ര സിവിൽ വ്യോമയാന മന്ത്രി ജ്യോതിരാദിത്യ സിന്ധ്യ ഡൽഹിയിൽ നിന്ന് ഓൺലൈനായി ആദ്യ സർവീസ് ഫ്ലാഗ് ഓഫ് ചെയ്തു. ഗോവ ആസ്ഥാനമായാണ് വിമാനക്കമ്പനി പ്രവർത്തിക്കുന്നത്. ഈ മാസം 18 മുതലാണ് പതിവു സർവീസ് ആരംഭിക്കുക. ഗോവ / സിന്ധുദുർഗ് - ഹൈദരാബാദ് / ബെംഗളൂരു റൂട്ടിലാണിത്. ഏപ്രിൽ മധ്യത്തോടെ മോപ - അഗത്തി സർവീസ് തുടങ്ങും. വർഷങ്ങളായി ലക്ഷദ്വീപിൽ നിന്നു കൊച്ചിക്കു മാത്രമാണു വിമാന സർവീസ് ഉണ്ടായിരുന്നത് ; അതും അലയൻസ് എയർ മാത്രം. ആദ്യ ഘട്ടത്തിൽ പുണെയിലേക്കും ജൽഗാവിലേക്കും 'ഫ്ലൈ 91' പറക്കും.
70 പേർക്കു യാത്ര ചെയ്യാവുന്ന 2 ചെറുവിമാനങ്ങളുള്ള കമ്പനി 6 വിമാനങ്ങൾ കൂടി വാങ്ങാൻ നീക്കം നടത്തുന്നുണ്ട്. അഞ്ചു വർഷത്തിനുള്ളിൽ 6 താവളങ്ങൾ കേന്ദ്രീകരിച്ച് 35 വിമാനങ്ങളുമായി 50 നഗരങ്ങളെ ബന്ധിപ്പിക്കാനാണു പദ്ധതി. തൃശൂർ കുന്നംകുളത്ത് കുടുംബവേരുകളുള്ള മനോജ് ചാക്കോ ഗോവ നിവാസിയാണ്. ഒന്നു മുതൽ ഒന്നര മണിക്കൂർ വരെ യാത്രാസമയം വേണ്ടിവരുന്ന സെക്ടറുകളിലാണു കമ്പനി സർവീസ് നടത്തുന്നത്.
ലോകത്ത് തന്നെ ഏറ്റവുമധികം മൂലധനത്തോടെ പ്രവർത്തനം തുടങ്ങുന്ന പ്രാദേശിക വിമാനക്കമ്പനിയാണ് 'ഫ്ലൈ 91' എന്നു മനോജ് ചാക്കോ അവകാശപ്പെട്ടു. സ്റ്റാർട്ടപ്പ് വ്യവസ്ഥയിൽ 2.5 കോടി ഡോളർ (ഏകദേശം 206.94 കോടി രൂപ) ആണു കമ്പനി സമാഹരിച്ചത്.