ജോലി: മോമോസ് വിൽപന; വരുമാനം: 10.50 ലക്ഷം
Mail This Article
ആലപ്പുഴ∙ ടിബറ്റൻ വിഭവമായ മോമോസ് വിറ്റു തൃശൂർ ചേലക്കര സ്വദേശി അതുൽരാജ് തന്റെ 19ാം വയസ്സിൽ നേടുന്ന മാസ വരുമാനം 10.50 ലക്ഷം രൂപയാണ്. ദിവസം 35,000 രൂപയുടെ കച്ചവടം! ദിവസം 800ലേറെ പ്ലേറ്റ് മോമോസാണു വിൽക്കുന്നത്.
ഫുഡ് ട്രക്കുകൾക്കു സമാനമായി ഫുഡ് കിയോസ്ക് ഒരുക്കിയാണ് അതുൽരാജിന്റെ മോമോസ് വിൽപന. മോമോസിനു പുറമേ മുംബൈ സർബത്ത്, മൊയിറ്റോസ്, വിവിധതരം ചായ എന്നിവയും വിൽക്കുന്നുണ്ട്. വൈകിട്ട് 3 മുതലാണു മോമോ ബഗ്ഗിയുടെ പ്രവർത്തനം.
തൃശൂർ ചേലക്കര വാകയിൽ ഹൗസിൽ ഡ്രൈവറായ ആർ.സുരേന്ദ്രന്റെയും സ്കൂളിൽ താൽക്കാലിക ടീച്ചറായ ബിന്ദു സുരേന്ദ്രന്റെയും മകൻ അതുൽരാജിന് 14ാം വയസ്സിലാണു സംരംഭകനാകണമെന്ന മോഹം ഉദിച്ചത്. സ്വപ്നത്തിലേക്കുള്ള ആദ്യ പടിയായി സ്കൂളിൽ പഠിക്കുമ്പോൾ തന്നെ മൊബൈൽ കടയിൽ ജോലിക്കു കയറി. പിന്നീടു സൂപ്പർമാർക്കറ്റിലും. ഒരിക്കൽ ഭാരമുള്ള ചാക്ക് എടുത്ത് ഉയർത്തുന്നതിനിടെ നട്ടെല്ലിനു പരുക്കേറ്റു. ഇതോടെ കുനിയുന്നതിനും ഭാരം ഉയർത്തുന്നതിനും ബുദ്ധിമുട്ടായെങ്കിലും അതുൽ കീഴടങ്ങിയില്ല. ബി.ടെക് പഠനത്തിനായി കോയമ്പത്തൂരിലെ കോളജിൽ ചേർന്നെങ്കിലും ചെലവു താങ്ങാനാകാതെ വന്നതോടെ പഠനം ഉപേക്ഷിച്ചു.
തുടർന്നാണു ഫുഡ് കിയോസ്കിലേക്ക് എത്തിയത്. പിഎംഎഫ്എംഇ സ്കീമിൽ ഉൾപ്പെടുത്തിയതോടെ ബാങ്ക് വായ്പയും ലഭിച്ചു. വാഹനങ്ങളിൽ കെട്ടിവലിച്ചു കൊണ്ടുപോകാവുന്ന മോമോ ബഗ്ഗി പ്രവർത്തനം തുടങ്ങിയിട്ട് ഒന്നര മാസമേ ആയിട്ടുള്ളൂ. അതുലിന്റെ കൂട്ടുകാരാണു മോമോ ബഗ്ഗിയിൽ സഹായത്തിനുള്ളത്. സംസ്ഥാനത്താകെ ഔട്‌ലെറ്റുകൾ തുറക്കണമെന്നാണ് അതുലിന്റെ ആഗ്രഹം.
പിഎംഎഫ്എംഇ സ്കീം
പ്രധാനമന്ത്രി ഫോർമലൈസേഷൻ ഓഫ് മൈക്രോ ഫുഡ് എന്റർപ്രൈസസ് എന്ന സ്കീം പ്രകാരം പ്രോജക്ട് ചെലവിന്റെ 35% വരെയാണു സബ്സിഡി ലഭിക്കുക. പരമാവധി 3 കോടി രൂപ വരെ ലഭിക്കും. പദ്ധതി ചെലവിന്റെ 10% അപേക്ഷകൻ വഹിക്കണം. ഇതിനു പുറമേ ബാങ്ക് വായ്പയ്ക്കുള്ള സഹായവും വ്യവസായ വകുപ്പിൽ നിന്നു ലഭിക്കും.