ADVERTISEMENT

രാജ്യാന്തര വിപണിയിൽ റബർ വിലയിലെ കുതിപ്പു തുടരുന്നു; കേരളത്തിൽ കർഷകരുടെ നിരാശപ്പെട്ടുള്ള കാത്തിരിപ്പും. കുരുമുളകു വിപണി തുടർച്ചയായ വിലയിടിവിൽനിന്നു കരകയറാൻ തുടങ്ങിയിട്ടുണ്ട്. വെളിച്ചെണ്ണ വിപണിയിൽ ഈസ്‌റ്റർ, വിഷു ഡിമാൻഡ് പ്രതീക്ഷയുണർത്തുന്നു. ഓർത്തഡോക്‌സ് ഇലത്തേയിലയ്‌ക്കും നല്ല കാലം. കൊക്കോയുടെ രാജ്യാന്തര വിപണി റെക്കോർഡ് മുന്നേറ്റത്തിൽത്തന്നെ.

റബർ
കടന്നുപോയ ആഴ്‌ചയിൽ റബറിന്റെ ബാങ്കോക്ക് വിലയിൽ ഏഴു ശതമാനത്തോളം വർധനയാണ് അനുഭവപ്പെട്ടത്. ആർഎസ്‌എസ് 4ന്റെ വില ആഴ്‌ചയുടെ തുടക്കത്തിൽ 21,088 രൂപ മാത്രമായിരുന്നു. എന്നാൽ 1425 രൂപയുടെ വർധനയോടെ 22,513 രൂപയായിരുന്നു വാരാന്ത്യ വില. ആർഎസ്‌എസ് 5ന്റെ ബാങ്കോക്ക് വില 20,983 ൽ ആരംഭിച്ച് 22,408 രൂപ വരെ ഉയരുന്നതും കണ്ടു.

ആഭ്യന്തര വിപണിയിൽ വില ഉയർന്നതു 4.2 – 4.6% മാത്രം. കൊച്ചിയിൽ ആർഎസ്‌എസ് 4ന്റെ വില വ്യാപാരവാരത്തിന്റെ തുടക്കത്തിൽ 17,400 രൂപയായിരുന്നതു വാരാന്ത്യത്തോടെ 18,200 രൂപയായി. ആർഎസ്‌എസ് 5ന്റെ വില 16,800 ൽ നിന്ന് 17,500 രൂപ വരെ മാത്രം ഉയർന്നു. രാജ്യാന്തര വിലയും ആഭ്യന്തര വിലയും തമ്മിലെ അന്തരം ആദ്യാനുഭവമല്ലെങ്കിലും ഇത്ര വലിയ വ്യത്യാസം ആദ്യമാണ്.

അതിനിടെ, ഷീറ്റ് റബർ കയറ്റുമതിക്കു കിലോഗ്രാമിന് അഞ്ചു രൂപ നിരക്കിൽ പ്രോത്സാഹന വില നൽകുമെന്നു റബർ ബോർഡിന്റെ അറിയിപ്പുണ്ട്. കയറ്റുമതി പ്രോത്സാഹിപ്പിക്കുന്നതിലൂടെ മെച്ചപ്പെട്ട ആഭ്യന്തര വില ഉറപ്പാക്കാമെന്നു പ്രതീക്ഷിച്ചാണ് ഈ നടപടി. എന്നാൽ ഇതിന്റെ പ്രയോജനം തുലോം തുച്‌ഛമായിരിക്കില്ലേ എന്ന സംശയമാണു വിപണിയുമായി ബന്ധപ്പെട്ടവർ പങ്കുവയ്‌ക്കുന്നത്.

Green tea bud and leaves. Green tea plantations in morning.

തേയില
ഓർത്തഡോക്‌സ് ഇലത്തേയിലയ്‌ക്കു വിദേശ വിപണികളിൽനിന്നു ഡിമാൻഡ് വർധിച്ചതു വില വർധനയ്‌ക്കു സഹായകമായി. കൊച്ചി ലേലത്തിൽ ശരാശരി വിലയിലുണ്ടായ വർധന കിലോഗ്രാമിന് ആറു രൂപയാണ്. സെയിൽ 11ൽ ലേലത്തിനെത്തിയ 2,19,171 കിലോഗ്രാം ഓർത്തഡോക്‌സ് ഗ്രേഡ് തേയിലയിൽ 90 ശതമാനവും വിൽപനയായെന്നു വ്യാപാരികൾ പറയുന്നു. ഉത്തരേന്ത്യൻ വ്യാപാരികളിൽനിന്നുള്ള ഡിമാൻഡും മികച്ചതായിരുന്നു. ശൈത്യകാലമായതിനാൽ ഉത്തരേന്ത്യൻ കേന്ദ്രങ്ങളിലെ തേയില ലേലം മുടങ്ങിയിരിക്കുകയാണ്.

Image Credit: Thasneem/shutterstock
Image Credit: Thasneem/shutterstock

വെളിച്ചെണ്ണ, കൊപ്ര
മുൻ വ്യാപാരവാരത്തിലുടനീളം വെളിച്ചെണ്ണ തയാർ വില കൊച്ചി വിപണിയിൽ 13,600 രൂപയിലും മില്ലിങ് ഇനത്തിന്റെ വില  14,100 രൂപയിലും തുടരുകയായിരുന്നു. എന്നാൽ ഇക്കഴിഞ്ഞ ആഴ്‌ച തയാർ വില 14,100 രൂപ വരെ ഉയരുന്നതു കണ്ടു. മില്ലിങ് ഇനത്തിന്റെ വില 14100ൽ ആരംഭിച്ചു 14,600 രൂപ വരെ ഉയരുന്നതാണു കണ്ടത്. കൊപ്ര വിലയിൽ ഒരാഴ്‌ചയ്‌ക്കിടയിൽ 300 രൂപയുടെ വർധന രേഖപ്പെടുത്തി. ഈസ്‌റ്റർ, വിഷു ഡിമാൻഡ് ക്രമേണ വർധിക്കുമെന്നും അതു വില മെച്ചപ്പെടാൻ സഹായകമാകുമെന്നുമാണു വ്യാപാരവൃത്തങ്ങൾ നൽകുന്ന സൂചന.

സംസ്‌ഥാനത്തിന്റെ പല ഭാഗങ്ങളിലും നാളികേര വിളവെടുപ്പു പുരോഗമിക്കുകയാണെന്നു റിപ്പോർട്ടുണ്ട്. അതേസമയം, പച്ചത്തേങ്ങയുടെ വിലയിൽ ഒരു വ്യത്യാസവും ഇല്ലാതെപോയ ആഴ്‌ചയാണു കടന്നുപോയതെന്നാണു പ്രധാന വിപണികളിലൊന്നായ വടകരയിൽനിന്നു ലഭിക്കുന്ന റിപ്പോർട്ട്. ആഴ്‌ചയിലുടനീളം വില ക്വിന്റലിന് 2850 രൂപ നിലവാരത്തിൽ തുടർന്നു. ഒൻപതിന് അവസാനിച്ച ആഴ്‌ചയിലും ഇതേ നിരക്കായിരുന്നു.

കുതിരവാലി ഇനം കുരുമുളക്. ഫോട്ടോ∙ കർഷകശ്രീ
കുതിരവാലി ഇനം കുരുമുളക്. ഫോട്ടോ∙ കർഷകശ്രീ

കുരുമുളക്
കുരുമുളകു വിപണിയിൽ വിലയിടിവിന്റെ ദിനങ്ങൾക്ക് അവസാനമായെന്നു കരുതാം. കഴിഞ്ഞ ആഴ്‌ചയിലെ കൂടുതൽ ദിവസങ്ങളിലും വില ഉയർന്നതിന്റെ അടിസ്‌ഥാനത്തിലാണ് ഈ അനുമാനം.

കഴിഞ്ഞ ആഴ്‌ചയുടെ തുടക്കത്തിൽ ഗാർബിൾഡ് ഇനം കുരുമുളകിന്റെ വില കൊച്ചി വിപണിയിൽ ക്വിന്റലിന് 51,700 രൂപയായിരുന്നു. വാരാന്ത്യ വില 52,500 രൂപയിലേക്ക് ഉയർന്നു.  അൺഗാർബിൾഡ് ഇനത്തിന്റെ വില ക്വിന്റലിന് 49,700 രൂപയായിരുന്നെങ്കിൽ വാരാന്ത്യ വില 50,500 രൂപ.

idukki news

കൊക്കോ
രാജ്യാന്തര വിപണിയിൽ കൊക്കോയുടെ വിലക്കയറ്റ പ്രവണത ശക്‌തമായി തുടരുകയാണ്. ലണ്ടനിലെയും ന്യൂയോർക്കിലെയും കമ്മോഡിറ്റി എക്‌സ്‌ചേഞ്ചുകളിൽ അവധി വിലകൾ റെക്കോർഡ് ഉയരത്തിലെത്തിയശേഷവും മുന്നേറ്റം തുടരുന്നു. കേരളത്തിൽ വില കിലോഗ്രാമിന് 560 രൂപയായിട്ടുണ്ടെങ്കിലും ഉൽപന്നദൗർലഭ്യം മൂലം വ്യാപാരത്തോതു കുറവാണ്.

thrissur-aracanut

അടയ്‌ക്ക
വില കുറഞ്ഞു തുടങ്ങിയതോടെ അടയ്‌ക്കയുടെ വരവു ഗണ്യമായി കുറഞ്ഞെന്നാണു തൃശൂർ ജില്ലയിലെ പ്രധാന വിപണികളിലൊന്നായ ചാലിശേരിയിൽനിന്നുള്ള റിപ്പോർട്ട്. കഴിഞ്ഞ വർഷം അവസാനം പുതിയ അടയ്‌ക്ക കിലോഗ്രാമിനു 380 രൂപ വരെ നിലവാരത്തിലായിരുന്നു വ്യാപാരം. ഇപ്പോൾ വില 350 മാത്രം. ഏറ്റവും മികച്ച അടയ്‌ക്കയ്ക്കാണ് ഈ വില. സാധാരണ നിലവാരത്തിലുള്ള അടയ്‌ക്കയുടെ ശരാശരി വില കിലോഗ്രാമിനു 325 രൂപ മാത്രം. കഴിഞ്ഞ വർഷം 350 രൂപയുണ്ടായിരുന്ന സ്‌ഥാനത്താണിത്. ചാലിശേരിയിൽ പഴയ അടയ്‌ക്ക ശരാശരി 150 ടൺ വരെ എത്തിയിരുന്നു. ഒരാഴ്‌ചയായി വരവ് കുറഞ്ഞിരിക്കുകയാണ്. വില കൂടുമെന്ന പ്രതീക്ഷയിൽ കർഷകർ അടയ്‌ക്ക സ്‌റ്റോക്ക് ചെയ്യുന്നതാണു കാരണം. പഴയ അടയ്‌ക്കയുടെ വാരാന്ത്യ വില കിലോഗ്രാമിനു 365–380 രൂപ. പുതിയ അടയ്‌ക്കയ്‌ക്കു 320–350.

Photo credit : Santhosh Varghese / Shutterstock.com
Photo credit : Santhosh Varghese / Shutterstock.com

ജാതിക്ക, ഗ്രാമ്പൂ
ജാതിക്ക തൊണ്ടൻ വില കൊച്ചിയിൽ 220 – 250 രൂപയിൽനിന്ന് 250 – 280 നിലവാരത്തിലേക്കു കുതിച്ചപ്പോൾ തൊണ്ടില്ലാത്തതിന്റെ വില 420 – 460ൽനിന്നു 450 – 470 രൂപയിലേക്ക് ഉയർന്നു. അതേസമയം, ഗ്രാമ്പൂ വില 960ൽനിന്നു 945 രൂപയിലേക്കു താഴുകയാണുണ്ടായത്.

English Summary:

Product Market

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com