ഫോബ്സ് അതിസമ്പന്ന പട്ടികയിൽ ആദ്യമായി മലയാളി വനിത
Mail This Article
ദുബായ്∙ ലോകത്തെ അതിസമ്പന്നരുടെ പുതിയ പട്ടിക പുറത്തിറക്കി ഫോബ്സ്. പട്ടികയിൽ 12 മലയാളികൾ. ഇത്തവണ ഒരു മലയാളി വനിതയും പട്ടികയിൽ ഇടം നേടി. എം.എ.യൂസഫലി തന്നെയാണ് സമ്പന്ന മലയാളികളിൽ ഒന്നാമത്. ലോകത്ത് 497ാം സ്ഥാനത്ത് ആയിരുന്ന യൂസഫലി നില മെച്ചപ്പെടുത്തി 344ാം സ്ഥാനത്ത് എത്തി. 760 കോടി ഡോളറാണ് (63080 കോടി രൂപ) യൂസഫലിയുടെ ആസ്തി. കഴിഞ്ഞ വർഷം 710 കോടി ഡോളറായിരുന്നു. ജോയ് ആലുക്കാസ്, ഡോ. ഷംഷീർ വയലിൽ, രവി പിള്ള, സണ്ണി വർക്കി എന്നിവരാണ് മലയാളികളിലെ മുൻനിര സമ്പന്നർ. മുത്തൂറ്റ് ഗ്രൂപ്പിലെ സാറാ ജോർജ് മുത്തൂറ്റാണ് പട്ടികയിലെ ഏക മലയാളി വനിത. ആദ്യമായാണ് ഒരു മലയാളി വനിത ഫോബ്സ് പട്ടികയിൽ ഇടംപിടിക്കുന്നത്.
ജോയ് ആലുക്കാസിന് 440 കോടി ഡോളറിന്റെ ആസ്തിയുണ്ട് (36520 കോടി രൂപ). ഷംഷീർ വയലിലിനു 350 കോടി ഡോളറും (29050 കോടി രൂപ), രവി പിള്ളയ്ക്കും സണ്ണി വർക്കിക്കും 330 കോടി ഡോളറുമാണ് (27390 കോടി രൂപ) സ്വത്ത്. ടി.എസ്. കല്യാണ രാമൻ 320 കോടി ഡോളർ, എസ്.ഡി. ഷിബുലാൽ 200 കോടി ഡോളർ, കൊച്ചൗസേഫ് ചിറ്റിലപ്പിള്ളി 160 കോടി ഡോളർ, ജോർജ് അലക്സാണ്ടർ മുത്തൂറ്റ്, ജോർജ് ജേക്കബ് മുത്തൂറ്റ്, ജോർജ് തോമസ് മുത്തൂറ്റ്, സാറാ ജോർജ് മുത്തൂറ്റ് എന്നിവർ 130 കോടി ഡോളർ എന്നിങ്ങനെയാണ് മലയാളികളുടെ ആസ്തി.
ലോകത്ത് ഒന്നാമത് ബെർണാഡ് അർനോൾട്ട്
ലൂയി വിറ്റൻ ഉടമ ബെർണാഡ് അർനോൾട്ട് ആണ് സമ്പന്നരിൽ ഒന്നാമൻ. 23300 കോടി ഡോളറിന്റെ സ്വത്തുണ്ട്. ഇലോൺ മസ്ക്കാണ് രണ്ടാം സ്ഥാനത്ത്; 19,500 കോടി ഡോളർ. ജെഫ് ബെസോസ് 19,400 കോടി ഡോളറുമായി മൂന്നാം സ്ഥാനത്തും മാർക്ക് സക്കർ ബർഗ് 17700 കോടി ഡോളറുമായി നാലാം സ്ഥാനത്തുമാണ്.
ഇന്ത്യയിലെ അതി സമ്പന്നൻ മുകേഷ് അംബാനിയാണ്. 11600 കോടി ഡോളറിന്റെ (9.6 ലക്ഷം കോടി രൂപ) ആസ്തിയുണ്ട്. ലോക റാങ്കിൽ 9ാം സ്ഥാനത്താണ് മുകേഷ് അംബാനി. ഗൗതം അദാനിയാണ് ഇന്ത്യയിൽ രണ്ടാം സ്ഥാനത്ത്; 8400 കോടി ഡോളറിന്റെ (6.9 ലക്ഷം കോടി രൂപ) ആസ്തിയുണ്ട്. ലോക റാങ്കിൽ 17ാം സ്ഥാനത്താണ് അദാനി.