ജോലി ഉപേക്ഷിച്ച് നാട്ടിലെത്തി പ്രവാസിയുടെ 'കൃഷി സംരംഭം', ആദായം ലക്ഷങ്ങൾ!
കൃഷി ആദായകരമല്ലെന്ന് കരുതുന്ന ഭൂരിപക്ഷത്തിനിടയിലേക്ക് അതൊരു സംരംഭമാക്കി മാറ്റി വിജയിപ്പിച്ചയാളെ പരിചയപ്പെടാം. തൊടുപുഴ അഞ്ചിലി വെട്ടുകാട്ടിൽ വീട്ടിൽ ജിമ്മി ജോസ്. ഓസ്ട്രിയയിൽ ഉണ്ടായിരുന്ന ജോലി ഉപേക്ഷിച്ച് നാട്ടിലേക്ക് തിരിക്കുമ്പോൾ സ്വന്തം മണ്ണിൽ അധ്വാനിച്ച് ജീവിക്കാം എന്നു മാത്രമായിരുന്നു ജിമ്മിയുടെ
കൃഷി ആദായകരമല്ലെന്ന് കരുതുന്ന ഭൂരിപക്ഷത്തിനിടയിലേക്ക് അതൊരു സംരംഭമാക്കി മാറ്റി വിജയിപ്പിച്ചയാളെ പരിചയപ്പെടാം. തൊടുപുഴ അഞ്ചിലി വെട്ടുകാട്ടിൽ വീട്ടിൽ ജിമ്മി ജോസ്. ഓസ്ട്രിയയിൽ ഉണ്ടായിരുന്ന ജോലി ഉപേക്ഷിച്ച് നാട്ടിലേക്ക് തിരിക്കുമ്പോൾ സ്വന്തം മണ്ണിൽ അധ്വാനിച്ച് ജീവിക്കാം എന്നു മാത്രമായിരുന്നു ജിമ്മിയുടെ
കൃഷി ആദായകരമല്ലെന്ന് കരുതുന്ന ഭൂരിപക്ഷത്തിനിടയിലേക്ക് അതൊരു സംരംഭമാക്കി മാറ്റി വിജയിപ്പിച്ചയാളെ പരിചയപ്പെടാം. തൊടുപുഴ അഞ്ചിലി വെട്ടുകാട്ടിൽ വീട്ടിൽ ജിമ്മി ജോസ്. ഓസ്ട്രിയയിൽ ഉണ്ടായിരുന്ന ജോലി ഉപേക്ഷിച്ച് നാട്ടിലേക്ക് തിരിക്കുമ്പോൾ സ്വന്തം മണ്ണിൽ അധ്വാനിച്ച് ജീവിക്കാം എന്നു മാത്രമായിരുന്നു ജിമ്മിയുടെ
കൃഷി ആദായകരമല്ലെന്ന് കരുതുന്ന ഭൂരിപക്ഷത്തിനിടയിലേക്ക് അതൊരു സംരംഭമാക്കി മാറ്റി വിജയിപ്പിച്ചയാളെ പരിചയപ്പെടാം. തൊടുപുഴ അഞ്ചിലി വെട്ടുകാട്ടിൽ വീട്ടിൽ ജിമ്മി ജോസ്. ഓസ്ട്രിയയിൽ ഉണ്ടായിരുന്ന ജോലി ഉപേക്ഷിച്ച് നാട്ടിലേക്ക് തിരിക്കുമ്പോൾ സ്വന്തം മണ്ണിൽ അധ്വാനിച്ച് ജീവിക്കാം എന്നു മാത്രമായിരുന്നു ജിമ്മിയുടെ മനസ്സിൽ. എന്നാൽ, നാട്ടിലെ കൃഷിയെല്ലാം ഉപേക്ഷിച്ച് ആളുകൾ അന്യദേശത്തേക്ക് പോകുമ്പോൾ വിദേശത്ത് നിന്ന് നാട്ടിലെത്തി കൃഷി ചെയ്യാമെന്ന തീരുമാനം അൽപം റിസ്കായിരുന്നു. എങ്കിലും ഒരുകൈ പരീക്ഷിക്കാമെന്ന് തന്നെയായിരുന്നു ജിമ്മിയുടെ ഉറച്ച തീരുമാനം.
ലാഭം തന്ന് റംബൂട്ടാൻ
തന്റെയും ഭാര്യ ജിൻസിയുടെയും തൊടുപുഴയിലെയും കോട്ടയത്തെയും തറവാടുകളോട് ചേർന്ന് 20 ഏക്കറോളം സ്ഥലത്ത് റബർ കൃഷിയുണ്ടായിരുന്നു. എന്നാൽ, റബർ ആദായം നൽകുന്നുണ്ടായിരുന്നില്ല. എങ്കിൽ അത് വെട്ടിമാറ്റി പകരം മറ്റെന്തെങ്കിലും വച്ചുപിടിപ്പിക്കാമെന്നായി. വേറിട്ട കൃഷി എന്താണെന്ന ആലോചന ചെന്നെത്തിയത് റംബൂട്ടാൻ എന്ന പഴത്തിൽ. അങ്ങനെ തൊടുപുഴയിൽ തന്റെ പുരയിടത്തിനോട് ചേർന്നുള്ള എട്ട് ഏക്കർ സ്ഥലത്ത് കൃഷി തുടങ്ങാമെന്ന് തീരുമാനിച്ചു. മലങ്കര ഡാമിനോട് ചേർന്ന പ്രദേശമായതിനാൽ വെള്ളത്തിന് ദൗർലഭ്യമില്ല. കാലാവസ്ഥയും റംബൂട്ടാൻ കൃഷിയ്ക്ക് അനുയോജ്യം. തൊടുപുഴപൈനാപ്പിളിന് മാർക്കറ്റിൽ മൂല്യമുണ്ടായിരുന്നതിനാൽ റംബൂട്ടാൻ തൈകൾക്ക് ഇടവിളയായി പൈനാപ്പിൾ കൃഷിയും തുടങ്ങി. സഹായികളായി രണ്ട് പേരെയും കൂടെക്കൂട്ടി. ആദ്യവർഷം പൈനാപ്പിൾ വിളവെടുത്തു. മുടക്കുമുതൽ തിരിച്ചുപിടിച്ചു, ഒപ്പം ചെറിയ ലാഭവും. അപ്പോൾ റംബൂട്ടാൻ തൈകൾ വളരാൻ തുടങ്ങിയതേ ഉണ്ടായിരുന്നുള്ളൂ. മൂന്ന് വർഷമെടുത്തു റംബൂട്ടാൻ വളരാനും പൂവിടാനും ഫലം തരാനും. മൂന്നാംവർഷത്തിൽ ആദ്യത്തെ റംബൂട്ടാൻ വിളവെടുപ്പ് നടന്നു. ഒരു ഏക്കറിൽ നിന്ന് 4 ലക്ഷം ലാഭം. അങ്ങനെ 8 ഏക്കറിൽ നിന്ന് 32 ലക്ഷം! പ്രതീക്ഷിച്ചതിലും വലിയ ലാഭം കയ്യിൽ വന്നതോടെ കൃഷി തനിക്ക് നഷ്ടമല്ല ആദായമാണ് നൽകുന്നതെന്ന് തിരിച്ചറിഞ്ഞു ജിമ്മി. അങ്ങനെ പത്ത് വർഷം മുമ്പ് ആരംഭിച്ച എട്ട് ഏക്കറിലെ കൃഷി പതിയെ മറ്റിടങ്ങളിലേക്കും വ്യാപിച്ചു. പുതിയ സ്ഥലത്ത് ഓരോ മൂന്ന് വർഷത്തിലും കൂടുതൽ ലാഭം നൽകി റംബുട്ടാൻ കൃഷി വളർന്നു, കൂടെ പൈനാപ്പിളും. വർഷത്തിൽ എല്ലാ ദിവസവും എന്ന കണക്കിന് പൈനാപ്പിൾ വിളവെടുക്കുന്നുണ്ട്. മാർക്കറ്റിൽ വില ഇടിയുമ്പോൾ വില കുറച്ച് വിൽക്കേണ്ടി വന്നാലും ഒരിക്കലും നഷ്ടം എന്ന കണക്കിലേക്കെത്തിയിട്ടില്ല. ഇതോടൊപ്പം വീട്ടാവശ്യത്തിന് ചിലയിടങ്ങളിൽ തെങ്ങ് വച്ച് പിടിപ്പിച്ചു. അത് പുതിയൊരു കൃഷിക്ക് കൂടി വിത്ത് പാവുകയായിരുന്നു. വീട്ടാവശ്യവും കഴിഞ്ഞ് പുറത്ത് വിൽക്കുകയും ലാഭം ലഭിക്കുകയും ചെയ്തതോടെ തെങ്ങ് കൃഷിയും വിപുലപ്പെടുത്തിരിക്കുകയാണ് ഇപ്പോൾ.
പ്രതിസന്ധികളിൽ തളരാതെ
കൃഷിയിലെ ലാഭം കയ്യിലെത്തുന്നതിന് മുമ്പ് ഒട്ടനവധി പ്രതിസന്ധികളെ കൂടി തരണം ചെയ്യേണ്ടിയിരുന്നു ജിമ്മിയ്ക്ക്. റബർ കൃഷി ചെയ്ത മണ്ണ് റംബൂട്ടാൻ, പൈനാപ്പിൾ കൃഷിയ്ക്ക് അനുയോജ്യമാക്കി എടുക്കുകയായിരുന്നു ആദ്യപടി. പിന്നെ, എല്ലായിടങ്ങളിലും വെള്ളം ആവശ്യത്തിന് എത്തുന്ന വിധത്തിൽ ഇറിഗേഷൻ സംവിധാനം ഒരുക്കേണ്ടിയിരുന്നു. പ്രളയം കൃഷിയ്ക്ക് ദോഷമായില്ലെങ്കിലും കോവിഡ് ബാധിച്ചു. നിസാര വിലയ്ക്കായിരുന്നു അക്കാലത്ത് റംബൂട്ടാൻ വിൽപന. അതേസമയം, തെങ്ങിന് ചെമ്പൻചെല്ലിയാണ് വില്ലനായെത്തിയത്. ചെമ്പൻചെല്ലിയെ തോൽപ്പിക്കാനുള്ള മാർഗ്ഗം എന്താണെന്ന് അന്വേഷിച്ചു. ഗൾഫ്‍രാജ്യങ്ങളിൽ ഈന്തപ്പനയെ കീടങ്ങളാക്രമിക്കുന്നതിന് വയ്ക്കുന്ന കെണി കേരളത്തിലും ഇറക്കുമതി ചെയ്ത് വിൽക്കുന്നുണ്ടെന്ന് അറിഞ്ഞു. അവർ വഴി തെങ്ങുകളിലും ഈ മാർഗ്ഗം പരീക്ഷിച്ചു. വിജയമായിരുന്നു ഫലം. ചെമ്പൻചെല്ലിയെ തോൽപ്പിച്ചതോടെ തെങ്ങ് നിറയെ തേങ്ങ!. അങ്ങനെയാണ് തേങ്ങ പുറത്തേക്ക് വിൽക്കാനായി തുടങ്ങിയത്. നേരിടുന്ന പ്രതിസന്ധികളെല്ലാം ഒരു പാഠമായാണ് ജിമ്മി കാണുന്നത്. അടുത്ത സ്ഥലത്ത് കൃഷി തുടങ്ങുമ്പോൾ പ്രശ്നം എളുപ്പം പരിഹരിക്കാൻ ഈ പാഠങ്ങളാണ് സഹായമാകുന്നതെന്ന് ജിമ്മി പറയുന്നു.
കൃഷി സംരംഭമാകുന്നു
കൃഷി ചെയ്യാൻ 20 ഏക്കർ പോര എന്നൊരു തോന്നൽ വന്നതോടെയാണ് സംരംഭം എന്ന നിലയിലേക്ക് ചുവടുമാറുന്നത്. ചുറ്റും നോക്കിയപ്പോൾ നാട്ടിൽ ഇഷ്ടം പോലെ സ്ഥലമുണ്ടെന്നും സ്ഥലമുടമകളിൽ ഏറിയ പങ്കും വിദേശരാജ്യങ്ങളിലാണെന്നും ജിമ്മി മനസ്സിലാക്കി. വെറുതെ കിടക്കുന്ന സ്ഥലത്ത് കൃഷി ചെയ്യാൻ അവസരം ചോദിച്ചുതുടങ്ങി. 20 വർഷത്തേക്ക് സ്ഥലം നൽകണമെന്ന് മാത്രമേയുള്ളൂ ജിമ്മിയുടെ ആവശ്യം. സ്ഥലത്ത് കൃഷിയും അതിന് വേണ്ട ഒരുക്കങ്ങൾ നടത്താനുള്ള ചെലവും ജിമ്മി വഹിക്കും. റംബൂട്ടാൻ കൃഷിയുടെ മൂന്നാംവർഷം മുതൽ വർഷാവർഷം ലഭിക്കുന്ന ലാഭത്തിന്റെ പകുതി സ്ഥലമുടമയ്ക്ക്. അതാണ് പദ്ധതി. ഒരുവർഷത്തിനുള്ളിൽ തൊടുപുഴയിൽ 100 ഏക്കറോളം സ്ഥലം ഇത്തരത്തിൽ കൃഷിയ്ക്കായി ജിമ്മിയ്ക്ക് ലഭിച്ചു. ഇപ്പോൾ കേരളത്തിന്റെ പല ഭാഗങ്ങളിൽ നിന്ന് കൂടുതൽ പേർ ജിമ്മിയെ സമീപിക്കുന്നുണ്ട്. 2ൽ നിന്ന് 25 തൊഴിലാളികളായി. വിപണിയിൽ ഒരിക്കലും ഡിമാൻഡ് കുറയാത്ത പഴങ്ങൾ കൃഷി ചെയ്യാമെന്ന് ചിന്തിച്ചതാണ് തന്റെ വിജയത്തിന് തുടക്കമിട്ടതെന്ന് ജിമ്മി പറയുന്നു. റംബൂട്ടാന് കൂടുതൽ വില ലഭിക്കുന്ന മേയ് മാസത്തിൽ ഫലമുണ്ടാകുന്നത് കണക്കാക്കിയാണ് തൈകൾ വച്ചുപിടിപ്പിക്കുന്നത്. നിലവിൽ പ്രാദേശിക വിപണിയിലാണ് റംബൂട്ടാൻ കച്ചവടം ചെയ്യുന്നത്. എന്നാൽ, കൂടുതൽ ഇടങ്ങളിൽ കൃഷി ആരംഭിച്ചതിനാൽ വിദേശത്തേക്ക് കയറ്റി അയക്കാനുമുള്ള ശ്രമം ആരംഭിച്ചിട്ടുണ്ട്.
തുടക്കത്തിൽ കൃഷിയ്ക്കാവശ്യമായ തൈകൾ നഴ്സിറിയിൽ നിന്നാണ് വാങ്ങിയിരുന്നത്. കൃഷി വ്യാപിച്ചതോടെ തൈകൾ സ്വയം ഉത്പാദിപ്പിക്കുന്നതാണ് നല്ലതെന്ന് മനസ്സിലാക്കി. 350 രൂപ നിരക്കിൽ നഴ്സറിയിൽ നിന്ന് വാങ്ങുന്നതിനേക്കാൾ നല്ല തൈകൾ പാതി വിലയ്ക്ക് സ്വയം ഉണ്ടാക്കാനാകുമെന്ന് മനസ്സിലാക്കിയപ്പോൾ അതിനായി നഴ്സറിയും ആരംഭിച്ചു. ഇപ്പോൾ സ്വന്തം കൃഷിയിടത്തിലേക്ക് മാത്രമല്ല, പുറത്തുള്ള നഴ്സറികളിലേക്കും മറ്റ് കർഷകർക്കും മേൽത്തരം റംബൂട്ടാൻ തൈകളും മറ്റും വിൽക്കുന്നുണ്ട്. ഇതിന് പുറമെ പുതിയൊരു ഫലം കൂടി പരീക്ഷിക്കാനുള്ള ഒരുക്കത്തിലാണ് ജിമ്മി. വിപണിയിൽ വൻവിലയുള്ള അവാക്കാഡോയുടെ ഇന്റർനാഷണൽ വറൈറ്റി വളർത്തിയെടുക്കുകയാണ് ലക്ഷ്യം. അതിന് തണുപ്പ് കൂടിയ സ്ഥലങ്ങൾ ആവശ്യമായതിനാൽ കൊടൈക്കനാലിൽ സ്ഥലമെടുക്കാനുള്ള ഒരുക്കത്തിലാണ്. ഇസ്രായേൽ, ഓസ്ട്രേലിയ, കെനിയ എന്നീ രാജ്യങ്ങളിൽ നിന്ന് മേൽത്തരം തൈകൾ ഇറക്കുമതി ചെയ്യാനാണ് പദ്ധതി. മണ്ണിന്റെ മനസ്സറിഞ്ഞ് പണിയെടുത്താൽ മികച്ച ഫലം ലഭിക്കുമെന്നതിന് ഒരു തെളിവാണ് മലയാളിക്ക് ജിമ്മി.