കേന്ദ്ര പദ്ധതി പ്രകാരം വായ്പയെടുത്തു: സബ്സിഡി പരാതിപ്പെട്ടവർക്ക് മാത്രം
Mail This Article
പത്തനംതിട്ട ∙ പ്രൈം മിനിസ്റ്റേഴ്സ് എംപ്ലോയ്മെന്റ് ജനറേഷൻ പ്രോഗ്രാമിൽ (പിഎംഇജിപി) നിന്ന് വായ്പയെടുത്ത സംരംഭകരുടെ മുടങ്ങിയ സബ്സിഡി ലഭിച്ചത് പരാതി ഉന്നയിച്ചവർക്കു മാത്രം. 2018നു ശേഷം ഇത്തരത്തിൽ സംരംഭങ്ങൾ തുടങ്ങിയ പതിനായിരത്തോളം പേർക്കാണ് കേരളത്തിൽ സബ്സിഡി ലഭിക്കാനുള്ളത്. ഖാദി ആൻഡ് വില്ലേജ് ഇൻഡസ്ട്രീസ് കമ്മിഷനാണ് (കെവിഐസി) ദേശീയ തലത്തിൽ പദ്ധതിയുടെ നടത്തിപ്പു ചുമതല. പദ്ധതിയിൽനിന്ന് വായ്പയെടുത്ത് ആരംഭിച്ച സംരംഭങ്ങൾ തുടങ്ങി 3 വർഷത്തിനുശേഷമാണ് സ്ഥിതി പരിശോധന നടത്തി സബ്സിഡി അനുവദിക്കേണ്ടത്. ഈ പരിശോധന കെവിഐസി ചുമതലപ്പെടുത്തിയ സ്വകാര്യ കമ്പനി കൃത്യമായി നടത്താതിരുന്നതാണ് സബ്സിഡി മുടങ്ങാൻ കാരണം.
ലോൺ തുകയുടെ 18 മുതൽ 35% വരെയാണ് സബ്സിഡി. പരിശോധനയ്ക്കായി നിയോഗിച്ച സ്വകാര്യ ഏജൻസിക്ക് ശമ്പള ഇനത്തിൽ നൽകാനുള്ള തുക കുടിശികയായതിനാൽ അവർ പിൻമാറി.
ഇതോടെ ജില്ലാ വ്യവസായ കേന്ദ്രത്തിൽനിന്നും ഖാദി കമ്മിഷനിൽനിന്നും പ്രതിനിധികളെ ഉൾപ്പെടുത്തി സംയുക്ത പരിശോധനയിലൂടെ റിപ്പോർട്ട് നൽകാൻ ധാരണയായി. എന്നാൽ ഖാദി കമ്മിഷനിൽനിന്ന് ആളെ ലഭിക്കാത്തത് വീണ്ടും പ്രതിസന്ധിയായി. പരിശോധന നിലച്ചതോടെ അത്യാവശ്യക്കാരെ കണ്ടെത്തി അവരുടെ സബ്സിഡി മാത്രം അനുവദിക്കാമെന്നു തീരുമാനിക്കുകയായിരുന്നു. തുടർന്ന് സബ്സിഡി ലഭിച്ചില്ലെന്നു പരാതി നൽകിയവർക്കു മാത്രം അനുവദിക്കുകയാണ്.
പരിശോധന പൂർത്തീകരിച്ച് വ്യവസായ വകുപ്പ് റിപ്പോർട്ട് കൈമാറിയാൽ മാത്രമേ സബ്സിഡിത്തുക ഉപഭോക്താവിന്റെ അക്കൗണ്ടിലേക്ക് നിക്ഷേപിക്കൂ എന്നാണ് ബാങ്കുകളുടെ നിലപാട്. സ്വകാര്യ ഏജൻസിയുടെ കാലാവധി കഴിഞ്ഞതോടെ പോസ്റ്റൽ വിഭാഗത്തിനാണ് ഇപ്പോൾ സ്ഥിതി പരിശോധനയുടെ ചുമതല. 2 സംസ്ഥാനങ്ങളിൽ ഇതു പരീക്ഷണാടിസ്ഥാനത്തിൽ നടപ്പാക്കുകയാണ്.