ADVERTISEMENT

ഓൺലൈനിൽ ഓർഡർ ചെയ്ത് ഭക്ഷണം വാങ്ങുന്നതുപോലെ ഇനി മദ്യവും വാങ്ങിക്കാം. പ്രമുഖ ഓൺലൈൻ ഭക്ഷണ വിതരണ പ്ലാറ്റ്ഫോമുകളായ സ്വിഗ്ഗി, സൊമാറ്റോ എന്നിവ ഉൾപ്പെടെയുള്ളവയുമായി സഹകരിച്ച് പദ്ധതി നടപ്പാക്കാൻ കേരളം ഉൾപ്പെടെ ഏതാനും സംസ്ഥാനങ്ങൾ ഒരുക്കം തുടങ്ങി. ബിഗ്ബാസ്കറ്റ്, ബ്ലിൻകിറ്റ് എന്നീ ഡെലിവറി കമ്പനികളുമായും സഹകരിച്ച് പരീക്ഷണാർത്ഥമാണ് പദ്ധതി നടപ്പാക്കുക. കേരളത്തിന് പുറമേ ഡൽഹി, ഹരിയാന, കർണാടക, പഞ്ചാബ്, ഗോവ, തമിഴ്നാട് എന്നിവയാണ് പദ്ധതി ആലോചിക്കുന്നതെന്ന് ഇക്കണോമിക് ടൈംസ് റിപ്പോർട്ട് ചെയ്തു.

തുടക്കത്തിൽ ബീയറും വൈനും
 

ഓൺലൈൻ മദ്യവിതരണത്തിന്‍റെ ആദ്യഘട്ടത്തിൽ ബീയറും വൈനുമായിരിക്കും കമ്പനികൾ വീട്ടിലെത്തിക്കുക. പദ്ധതി നടപ്പാക്കുന്നതിന്‍റെ മുന്നോടിയായി ഓൺലൈൻ ഡെലിവറി കമ്പനികളുമായും മദ്യനിർമാണ കമ്പനികളുമായും സംസ്ഥാന സർക്കാരുകൾ ചർച്ചകൾ തുടരുകയാണ്. ഓൺലൈൻ വഴി ഓർഡർ സ്വീകരിച്ച് മദ്യവിതരണം നടത്തുമ്പോഴുള്ള ഗുണവും ദോഷവുമാണ് പ്രധാനമായും ചർച്ചാവിഷയം.

പരമ്പരാഗത മദ്യക്കടകളിൽ നിന്ന് ഉൽപന്നങ്ങൾ വാങ്ങാൻ പ്രയാസമുള്ള മുതിർന്ന വ്യക്തികൾ, സ്ത്രീകൾ, മറ്റ് സംസ്ഥാനങ്ങളിൽ നിന്നെത്തി ജോലി ചെയ്യുന്നവർ തുടങ്ങിയവർക്ക് പ്രയോജനകരമാകും വിധം പദ്ധതി നടപ്പാക്കാനാണ് ശ്രമം. 

ഉപയോക്താക്കളുടെ പ്രായം, മദ്യവിതരണത്തിന് അനുവദിച്ചിട്ടുള്ള സമയം, മദ്യ നിരോധിത മേഖലകൾ, ഡ്രൈ ഡേ തുടങ്ങി നിലവിൽ മദ്യ വിതരണത്തിനുള്ള ചട്ടങ്ങളും നിയന്ത്രണങ്ങളും പാലിച്ചാണ് പദ്ധതി നടപ്പാക്കേണ്ടതെന്ന വെല്ലുവിളിയുണ്ട്.

ഒരു മുഴംമുമ്പേ ഒഡീഷയും ബംഗാളും
 

നിലവിൽ ബംഗാളും ഒഡീഷയും ഓൺലൈൻ മദ്യവിതരണത്തിന് അനുമതി നൽകിയിട്ടുള്ള സംസ്ഥാനങ്ങളാണ്. ഓൺലൈനായി ഓർഡർ സ്വീകരിച്ച് വിതരണം തുടങ്ങിയതോടെ വരുമാനത്തിൽ 20-30 ശതമാനം വർധനയുണ്ടായെന്നും ഈ രംഗത്തുള്ളവർ പറയുന്നു. യുണൈറ്റഡ് ബ്രൂവറീസ് അടക്കമുള്ള നിരവധി മദ്യ നിർമാണക്കമ്പനികൾ ഓൺലൈൻ വിതരണത്തിന് അനുകൂല നിലപാടുള്ളവരാണ്.

നേരത്തേ കോവിഡ് സമയത്ത് മഹാരാഷ്ട്ര, ജാർഖണ്ഡ്, അസം, ഛത്തീസ്ഗഢ് സംസ്ഥാനങ്ങൾ ഓൺലൈൻ മദ്യ വിതരണത്തിന് താൽകാലിക അനുമതി നൽകിയിരുന്നു. കോവിഡ് നിയന്ത്രണങ്ങൾ അയഞ്ഞതോടെ അനുമതി പിൻവലിക്കുകയും ചെയ്തു.

എതിർപ്പുകൾ ഉയരും
 

കേരളത്തിൽ ഓൺലൈനായി മദ്യവിതരണം നടത്തുന്നതിനെതിരെ രാഷ്ട്രീയ, സാമൂഹിക രംഗങ്ങളിൽ നിന്ന് എതിർപ്പുകൾ ഉയരാൻ സാധ്യത ഏറെ. അതേസമയം, ഓൺലൈൻ മദ്യവിതരണ പദ്ധതി സംബന്ധിച്ച് സംസ്ഥാന സർക്കാർ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല.

(നിയമപ്രകാരമുള്ള മുന്നറിയിപ്പ്: മദ്യപാനം ആരോഗ്യത്തിന് ഹാനികരം)

English Summary:

Kerala is set to roll out an online liquor delivery scheme in collaboration with major food delivery platforms like Swiggy and Zomato.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com