കല്യണക്കുറിയും വാട്സാപ്പിൽ; കാർഡുകൾ ഔട്ട്!
Mail This Article
കൊച്ചി∙ വെഡ്ഡിങ് കാർഡ് അച്ചടി രംഗത്തെ വരുമാനത്തിൽ 75% വരെ ഇടിവ്. വാട്സാപ്പിലൂടെയുള്ള ക്ഷണം വ്യാപകമായതോടെയാണിത്. ഇക്കുറി ഓണക്കാലത്ത് വിവാഹങ്ങളുടെ എണ്ണവും കുറഞ്ഞതിനാൽ കാർഡ് രംഗത്തും ഓളമില്ലാത്ത സ്ഥിതി. വാട്സാപ് കാർഡ് ഡിസൈൻ ചെയ്തു കൊടുക്കുന്നതും വ്യാപകമായി. ഇതിന് 350–500 രൂപ റേറ്റുണ്ട്. ഏറ്റവും വേണ്ടപ്പെട്ടവർക്കു നൽകാൻ ഇത്തരം കാർഡ് 100–200 എണ്ണം അച്ചടിക്കുകയും ചെയ്യും. മുൻപ് ഒരു വിവാഹത്തിനു ശരാശരി 1000 കാർഡ് അടിച്ചിരുന്ന സ്ഥാനത്ത് ഇപ്പോൾ 250–300 മാത്രം. സംഗീതം കേൾക്കുന്നതും സ്ക്രീനിൽ ക്ഷണം തെളിയുന്നതുമായ കാർഡുകൾക്ക് വില കൂടുതലാണ്. ഓർഡർ അപൂർവവും
ആഡംബര വിവാഹങ്ങൾക്ക് ബോക്സ് ടൈപ് കാർഡുകളാണ് ട്രെൻഡ്. പെട്ടി തുറക്കുമ്പോൾ മൂന്നോ നാലോ കാർഡുകൾ. ഓരോന്നും ക്ഷണിക്കുന്നത് മഞ്ഞൾ, മൈലാഞ്ചി, സംഗീത്, അറബി നൈറ്റ്, റിസപ്ഷൻ തുടങ്ങിയ ചടങ്ങുകളിലേക്കാവാം. 300 രൂപയുടെ 2000 കാർഡ് നൽകുമ്പോൾ 6 ലക്ഷം രൂപ ബിൽതുക. ബദാമും കശുവണ്ടിയും മറ്റും നിറയ്ക്കേണ്ട പെട്ടികൾക്ക് ചെലവ് കൂടും –1200 രൂപ വരെ. പക്ഷേ, ഓർഡറുകൾ സാധാരണമല്ല. ഇവന്റ് മാനേജ്മെന്റ് സ്ഥാപനങ്ങൾ നടത്തുന്ന മറ്റു സംസ്ഥാനക്കാരുടെ ആഡംബര വിവാഹങ്ങളിൽ കാർഡുകളും വിലയേറിയതായിരിക്കും. മറ്റു സംസ്ഥാനങ്ങളിൽ നിന്ന് കാർഡ് ബിസിനസ് കുറച്ചൊക്കെ കേരളത്തിലേക്കു വരുന്നത് ഇങ്ങനെയാണ്.