ADVERTISEMENT

ടെക് ലോകം അടക്കിവാഴുന്ന മൈക്രോസോഫ്റ്റിന്റെ തലപ്പത്തിരിക്കുന്നത് ഇന്ത്യന്‍ വംശജനാണ്...സത്യ നദെല്ല, ആസ്തി 8,000 കോടി രൂപ. ഇന്റര്‍നെറ്റ് ലോകം ഭരിക്കുന്ന ഗൂഗിള്‍ സാമ്രാജ്യത്തെ നയിക്കുന്നതും ഇന്ത്യന്‍ വംശജന്‍ തന്നെ...സുന്ദര്‍ പിച്ചൈ, ആസ്തി 5,400 കോടി രൂപ. മറ്റൊരു പ്രധാന ടെക് കമ്പനിയായ, അഡോബിയുടെ മേധാവി ശന്തനു നാരായന്‍...ആസ്തി 4,700 കോടി രൂപ. എന്നാല്‍ ഏറ്റവും ആസ്തിയുള്ള ഇന്ത്യന്‍ പ്രൊഫഷണല്‍ ഇവരാരുമല്ല എന്നതാണ് കൗതുകകരം. 

നമ്മള്‍ അധികമൊന്നും കേട്ടിട്ടില്ലാത്ത അരിസ്റ്റ നെറ്റ് വര്‍ക്‌സ് എന്ന യുഎസ് കമ്പനിയുടെ സിഇഒയും ചെയര്‍പേഴ്‌സണുമാണവര്‍. പേര് ജയശ്രീ ഉള്ളാല്‍. ഹുറണ്‍ സമ്പന്നപട്ടിക അനുസരിച്ച് 32,100 കോടി രൂപയാണ് ഈ ഇന്ത്യന്‍ വംശജയുടെ ആസ്തി. ലോകത്തെ ഏറ്റവും സമ്പന്ന ഇന്ത്യന്‍ പ്രൊഫഷണല്‍. ഫോബ്‌സ് പട്ടിക അനുസരിച്ച് അമേരിക്കയിലെ സ്വയംവളര്‍ന്നുവന്ന വനിതകളില്‍ പതിനൊന്നാം സ്ഥാനത്തുമുണ്ട് ജയശ്രീ. 

jayasree2

അരിസ്റ്റയുടെ വെബ്‌സൈറ്റില്‍ ജയശ്രീയെ വിശേഷിപ്പിച്ചിരിക്കുന്നത് പൂജ്യത്തില്‍ നിന്നും ശതകോടി ഡോളറിലേക്ക് കമ്പനിയുടെ ബിസിനസ് എത്തിച്ച നായികയെന്നാണ്. വമ്പന്‍ കമ്പനികള്‍ പോലും പൂട്ടിപ്പോകുന്ന കാലത്ത് വരുമാനമില്ലാത്ത ഒരു കമ്പനിയെ ശതകോടി ഡോളര്‍ മൂല്യമുള്ള കോര്‍പ്പറേറ്റാക്കി വളര്‍ത്തുകയെന്നത് സിനിമാക്കഥ പോലെ ത്രസിപ്പിക്കുന്നതും, സമാനതകളില്ലാത്തതുമാണ്. 

ആരാണീ ജയശ്രീ?

ലണ്ടനില്‍ ഒരു ഹിന്ദു കുടുംബത്തില്‍ ജനിച്ച ജയശ്രീയുടെ സ്‌കൂള്‍ വിദ്യാഭ്യാസം ഡല്‍ഹിയിലായിരുന്നു. അത് കഴിഞ്ഞ് വീണ്ടും യുഎസിലേക്ക്..സാന്‍ ഫ്രാന്‍സിസ്‌കോ യൂണിവേഴ്‌സിറ്റിയില്‍ നിന്ന് ഇലക്ട്രിക്കല്‍ എന്‍ജിനീയറിങ്ങില്‍ ബിരുദവും സാന്റ ക്ലാര യൂണിവേഴ്‌സിറ്റിയില്‍ നിന്ന് എന്‍ജിനീയറിങ് മാനേജ്‌മെന്റ് ആന്‍ഡ് ലീഡര്‍ഷിപ്പില്‍ ബിരുദാനന്തര ബിരുദവും നേടി അവര്‍. 

എളിയ തുടക്കം

ഫെയര്‍ചൈല്‍ഡ് സെമികണ്ടക്റ്റര്‍ എന്ന കമ്പനിയില്‍ സ്ട്രാറ്റജിക് ഡെവലപ്‌മെന്റ് എന്‍ജിനീയറായിട്ടാണ് ജയശ്രീ കരിയര്‍ ആരംഭിക്കുന്നത്. പിന്നീട് പ്രശസ്ത സ്ഥാപനമായ എഎംഡിയില്‍ ചേര്‍ന്നു. ഐബിഎം, ഹിറ്റാച്ചി പോലുള്ള ബഹുരാഷ്ട്ര കമ്പനികള്‍ക്കുവേണ്ടി അതിവേഗ മെമ്മറി ചിപ്പുകള്‍ ഡിസൈന്‍ ചെയ്യാന്‍ ജയശ്രീക്ക് സാധിച്ചു. തുടര്‍ന്ന് 1992ല്‍ ക്രെസന്‍ഡോ കമ്യൂണിക്കേഷന്‍സ് എന്ന നെറ്റ് വര്‍ക്കിങ് കമ്പനിയില്‍ ചേര്‍ന്നതോടെയാണ് ജയശ്രീയുടെ കരിയറില്‍ വഴിത്തിരിവുണ്ടാകുന്നത്. അവിടെ മാര്‍ക്കറ്റിങ് വൈസ്പ്രസിഡന്റായിരുന്നു ജയശ്രീ. 

1993 സെപ്റ്റംബറില്‍ ബഹുരാഷ്ട്ര ഐടി ഭീമനായ സിസ്‌കോ, ക്രസന്‍ഡോ കമ്യൂണിക്കേഷന്‍സിനെ ഏറ്റെടുത്തതോടെ കഥ മാറി. സിസ്‌കോയുടെ സ്വിച്ചിങ് ബിസിനസിന്റെ വളര്‍ച്ചയില്‍ നിര്‍ണായക പങ്കുവഹിച്ചു ജയശ്രീ. ഏഴ് വര്‍ഷത്തിനുള്ളില്‍ 5 ബില്യണ്‍ ഡോളറിലേക്കെത്തി ബിസിനസ്. എന്റര്‍പ്രൈസ് വിഭാഗത്തില്‍ സിസ്‌കോ നടത്തിയ 20 ഏറ്റെടുക്കലുകള്‍ക്കും ലയനത്തിനും നേതൃത്വം നല്‍കി ജയശ്രീ ഉള്ളാല്‍. സിസ്‌കോയുടെ ഡാറ്റ സെന്റര്‍, സ്വിച്ചിങ്, സെക്യൂരിറ്റി ടെക്‌നോളജി ഗ്രൂപ്പിന്റെ സീനിയര്‍ വൈസ് പ്രസിഡന്റായി 2005ല്‍ അവര്‍ ഉയര്‍ന്നു. ഒന്നര പതിറ്റാണ്ടോളം കാലം ബഹുരാഷ്ട്ര ഭീമന്റെ നിര്‍ണായക പദവികളില്‍ ജയശ്രീ പ്രവര്‍ത്തിച്ചു. 

jayasree1

അരിസ്റ്റയുടെ ടേണ്‍ എറൗണ്ട്

2008 ഒക്‌റ്റോബറിലാണ് അരിസ്റ്റ നെറ്റ് വര്‍ക്‌സിന്റെ പ്രസിഡന്റും സിഇഒയുമായി ജയശ്രീ ഉള്ളാലിനെ നിയമിച്ചുവെന്ന പ്രഖ്യാപനം വരുന്നത്. സാന്റ ക്ലാര ആസ്ഥാനമാക്കി പ്രവര്‍ത്തിച്ചിരുന്ന നെറ്റ് വര്‍ക്കിങ് കമ്പനിയായിരുന്നു അരിസ്റ്റ. ഗൂഗിളിലെ നിക്ഷേപത്തിലൂടെ പണം വാരിയ ഡേവിഡ് ഷെരിട്ടണും ആന്‍ഡി ബെഷ്‌റ്റോള്‍ഷെയ്മുമായിരുന്നു കമ്പനിയുടെ സ്ഥാപകര്‍. 2004ല്‍ പ്രവര്‍ത്തനം തുടങ്ങിയ സ്ഥാപനമായിരുന്നെങ്കിലും വരുമാനമൊന്നും ഉണ്ടായിരുന്നില്ല, 30 എന്‍ജിനീയര്‍മാര്‍ മാത്രമായിരുന്നു ജയശ്രീ കമ്പനിയില്‍ ചേരുമ്പോള്‍ ജോലിയെടുത്തിരുന്നത്. ഉപഭോക്താക്കളുടെ എണ്ണം പൂജ്യമായിരുന്നു. എന്നാല്‍ 2014ല്‍ അരിസ്റ്റയുടെ പ്രഥമ ഓഹരി വില്‍പ്പന വന്‍വിജയമാക്കി മാറ്റി ജയശ്രീ. ജീവനക്കാരുടെ എണ്ണം 30ല്‍ നിന്ന് 1000ത്തിനടുത്ത് എത്തി ആ വര്‍ഷം. പൂജ്യം കസ്റ്റമേഴ്‌സ് എന്നത് 2000ത്തിന് മുകളിലെത്തി. 

2024ല്‍ എത്തിനില്‍ക്കുമ്പോള്‍ അരിസ്റ്റയുടെ വിപണമൂല്യം 780,770 കോടി രൂപയാണ്. ഡാറ്റ സെന്റര്‍ നെറ്റ് വര്‍ക്കിങ് മേഖലയില്‍ മികച്ച പ്രകടനമാണ് അരിസ്റ്റ നടത്തുന്നത്. അരിസ്റ്റയില്‍ 3 ശതമാനത്തോളം ഓഹരിയും ജയശ്രീയ്ക്കുണ്ട്. 30 എന്‍ജിനീയര്‍മാരുണ്ടായിരുന്ന കമ്പനിയില്‍ 2023 ഡിസംബറിലെ കണക്കനുസരിച്ച് ജോലി ചെയ്യുന്നത് 4000ത്തിലധികം ജീവനക്കാരാണ്. മള്‍ട്ടിലെയര്‍ നെറ്റ് വര്‍ക്ക് സ്വിച്ചുകളുടെ ഡിസൈനിങ്ങും നിര്‍മാണവുമാണ് കമ്പനിയുടെ പ്രധാന ബിസിനസ്.

English Summary:

From zero to $7807.7 billion: Discover how Jayshree Ullal built a tech empire and became the world's richest Indian professional, surpassing even CEOs at Google and Microsoft

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com