നിഫ്റ്റിക്കും സെൻസെക്സിനും പുതിയ ഉയരം; കുതിച്ച് വോഡഫോൺ ഐഡിയയും കല്യാൺ ജ്വല്ലേഴ്സും അദാനി ഗ്യാസും
വോഡഫോൺ ഐഡിയ 10% വരെ കുതിച്ച് 11.94 രൂപവരെ എത്തി. 4ജി, 5ജി സേവനം കൂടുതൽ മികവുറ്റതാക്കാനായി സാംസങ്, നോക്കിയ, എറിക്സൺ എന്നീ കമ്പനികളുമായി 30,000 കോടി രൂപയുടെ കരാറിലെത്തി എന്ന പ്രഖ്യാപനമാണ് ഓഹരികളെ ഉഷാറാക്കിയത്.
വോഡഫോൺ ഐഡിയ 10% വരെ കുതിച്ച് 11.94 രൂപവരെ എത്തി. 4ജി, 5ജി സേവനം കൂടുതൽ മികവുറ്റതാക്കാനായി സാംസങ്, നോക്കിയ, എറിക്സൺ എന്നീ കമ്പനികളുമായി 30,000 കോടി രൂപയുടെ കരാറിലെത്തി എന്ന പ്രഖ്യാപനമാണ് ഓഹരികളെ ഉഷാറാക്കിയത്.
വോഡഫോൺ ഐഡിയ 10% വരെ കുതിച്ച് 11.94 രൂപവരെ എത്തി. 4ജി, 5ജി സേവനം കൂടുതൽ മികവുറ്റതാക്കാനായി സാംസങ്, നോക്കിയ, എറിക്സൺ എന്നീ കമ്പനികളുമായി 30,000 കോടി രൂപയുടെ കരാറിലെത്തി എന്ന പ്രഖ്യാപനമാണ് ഓഹരികളെ ഉഷാറാക്കിയത്.
ഇന്ത്യൻ ഓഹരി സൂചികകളായ സെൻസെക്സും നിഫ്റ്റിയും ഇന്ന് വ്യാപാരം ചെയ്യുന്നത് എക്കാലത്തെയും ഉയരത്തിൽ. ആഗോളതലത്തിൽ നിന്നുള്ള അനുകൂല വാർത്തകളാണ് ഓഹരി വിപണികളെ പ്രധാനമായും ഉഷാറാക്കുന്നത്. ചില കമ്പനികളുടെ ഓഹരികൾ വ്യക്തിഗത മികവോടെ മികച്ച പ്രകടനം നടത്തുന്നതും കരുത്താണ്.
അമേരിക്കൻ സമ്പദ്‍വ്യവസ്ഥ പണപ്പെരുപ്പം ഉൾപ്പെടെയുള്ള ഭീഷണിയിൽ നിന്ന് പുറത്തുകടക്കുന്നു എന്ന വിലയിരുത്തലും ഏഷ്യയിൽ ജാപ്പനീസ് ഓഹരി വിപണിയായ നിക്കേയ് ഒന്നര ശതമാനത്തിലധികം മുന്നേറിയതും ഗുജറാത്തിലെ ഗിഫ്റ്റ് നിഫ്റ്റി ഇന്ന് രാവിലെ മികച്ച നേട്ടമുണ്ടാക്കിയതും ഇന്ന് സെൻസെക്സും നിഫ്റ്റിയും റെക്കോർഡ് പുതുക്കുമെന്ന സൂചനകൾ നൽകിയിരുന്നു.
ഇനി പുതിയ ആകാശം
25,872ൽ വ്യാപാരം ആരംഭിച്ച നിഫ്റ്റി ഇന്നൊരുവേള 25,925 വരെ മുന്നേറി പുതിയ ഉയരംതൊട്ടു. നിലവിൽ വ്യാപാരം പുരോഗമിക്കുന്നത് 69 പോയിന്റ് (+0.26%) നേട്ടത്തോടെ 25,858ൽ. ഒഎൻജിസി (+2.78%), എസ്ബിഐ (+2.65%), മഹീന്ദ്ര ആൻഡ് മഹീന്ദ്ര (+2.62%), ബജാജ് ഓട്ടോ (+2.04%), ബിപിസിഎൽ (+1.96%) എന്നിവയാണ് നിഫ്റ്റി50ൽ നേട്ടത്തിൽ മുന്നിൽ.
ഐഷർ മോട്ടോഴ്സ് (-1.63%), ഐസിഐസിഐ ബാങ്ക് (-1.63%), എച്ച്സിഎൽ ടെക് (-1.24%), ഇൻഫോസിസ് (-1.24%), വിപ്രോ (-1.06%) എന്നിവ നഷ്ടത്തിലും മുന്നിലുണ്ട്. വിശാല വിപണിയിൽ നിഫ്റ്റി ഐടി (-0.87%), പ്രൈവറ്റ് ബാങ്ക് (-0.08%), ഹെൽത്ത്കെയർ (-0.06%) എന്നിവയാണ് നിലവിൽ ചുവന്നിട്ടുള്ളത്. പൊതുമേഖലാ ബാങ്ക് (+2.97%), ഓയിൽ ആൻഡ് ഗ്യാസ് (+1.76%), റിയൽറ്റി (+1.74%), ഓട്ടോ (+1.05%) എന്നിവ നേട്ടത്തിലും മുന്നിലാണ്.
സെൻസെക്സിന്റെ നേട്ടം
നേട്ടത്തോടെ 84,651ൽ വ്യാപാരം തുടങ്ങിയ സെൻസെക്സ് ആദ്യ മണിക്കൂറിൽ തന്നെ 84,881 എന്ന എക്കാലത്തെയും പുതിയ ഉയരത്തിലെത്തി. ഇപ്പോൾ വ്യാപാരം നടക്കുന്നത് 114 പോയിന്റ് (+0.14%) ഉയർന്ന് 84,668ൽ. എസ്ബിഐ (+2.73%), മഹീന്ദ്ര ആൻഡ് മഹീന്ദ്ര (+2.57%), ഭാരതി എയർടെൽ (+1.40%), കൊട്ടക് ബാങ്ക് (+1.21%), അദാനി പോർട്സ് (+1.08%) എന്നിവയാണ് നേട്ടത്തിൽ മുന്നിൽ. ഐസിഐസിഐ ബാങ്ക് (-2.09%) നഷ്ടത്തിൽ ഒന്നാംസ്ഥാനത്താണ്. എച്ച്സിഎൽടെക്, ടെക് മഹീന്ദ്ര, ഇൻഡസ്ഇൻഡ് ബാങ്ക്, ഇൻഫോസിസ്, എൽ ആൻഡ് ടി, ഏഷ്യൻ പെയിന്റ്സ്, ബജാജ് ഫിനാൻസ് എന്നിവ 0.4 മുതൽ 1.3% ശതമാനം വരെ ഇടിഞ്ഞ് തൊട്ടുപിന്നാലെയുണ്ട്.
ഇന്നത്തെ ശ്രദ്ധാകേന്ദ്രങ്ങൾ
ബ്രോക്കറേജ്-ധനകാര്യസ്ഥാപനമായ ഇൻവെസ്ടെക്കിൽ നിന്ന് മോശം റേറ്റിങ് കിട്ടിയതിനെ തുടർന്ന് ഫ്യൂഷൻ ഫിനാൻസ് ഓഹരി 10% ഇടിഞ്ഞു. ഓഹരികൾ നിലനിർത്തുക (hold) എന്നതിൽ നിന്ന് വിൽക്കുക (sell) എന്നതിലേക്കാണ് റേറ്റിങ് താഴ്ത്തിയത്. മാത്രമല്ല, ലക്ഷ്യവില (target price) 500 രൂപയിൽ നിന്ന് 300 രൂപയായും വെട്ടിക്കുറച്ചു. 275.90 രൂപയിലേക്കാണ് ഓഹരി വില ഇന്ന് ഇടിഞ്ഞത്. 52-ആഴ്ചത്തെ താഴ്ചയാണിത്. ഈ വർഷം ജനുവരി 31ന് രേഖപ്പെടുത്തിയ 674.85 രൂപയായിരുന്നു 52-ആഴ്ചത്തെ ഉയരം.
വോഡഫോൺ ഐഡിയ ഓഹരി ഇന്ന് ഒരുവേള 10% വരെ കുതിച്ച് 11.94 രൂപവരെ എത്തി. 4ജി, 5ജി സാങ്കേതികവിദ്യ മെച്ചപ്പെടുത്തി സേവനം കൂടുതൽ മികവുറ്റതാക്കാനായി സാംസങ്, നോക്കിയ, എറിക്സൺ എന്നീ കമ്പനികളുമായി ഏകദേശം 30,000 കോടി രൂപയുടെ കരാറിലെത്തി എന്ന കമ്പനിയുടെ പ്രഖ്യാപനമാണ് ഓഹരികളെ ഉഷാറാക്കിയത്.
സ്പൈസ് ജെറ്റ് ഓഹരി 6 ശതമാനത്തിലധികം ഉയർന്നു. കമ്പനി യോഗ്യരായ നിക്ഷേപക സ്ഥാപനങ്ങൾക്ക് ഓഹരി (ക്യൂഐപി) വിറ്റഴിച്ച് 3,000 കോടി രൂപ സമാഹരിക്കാൻ നടത്തിയ ശ്രമം മികച്ച വിജയമായത് കരുത്തായി. ആഗോള നിക്ഷേപകരായ മോർഗൻ സ്റ്റാൻലി, ഗോൾഡ്മാൻ സാക്സ്, സൊസൈറ്റി ജനറാൽ തുടങ്ങിയ കമ്പനികളിൽ നിന്ന് നിക്ഷേപം ലഭിച്ചു എന്നതാണ് നേട്ടം. അടുത്ത രണ്ടുവർഷത്തിനകം 40 പുതിയ വിമാനങ്ങൾ സ്വന്തമാക്കാനുള്ള നീക്കത്തിലാണ് സ്പൈസ് ജെറ്റ്. പുറമേ വിമാനങ്ങൾ ഹ്രസ്വകാല പാട്ടത്തിനും വാങ്ങിയേക്കും.
എച്ച്ഡിഎഫ്സി ബാങ്ക് ഓഹരികൾ കാഴ്ചവയ്ക്കുന്ന നേട്ടവും ഇന്ന് ഇന്ത്യൻ ഓഹരി സൂചികകൾക്ക് കരുത്താണ്. ഓഹരി വില ഒരു ശതമാനത്തോളം ഉയർന്ന് 1,756 രൂപയിലെത്തി. ഉപ കമ്പനിയായ എഡിബി ഫിനാൻഷ്യൽ സർവീസസിന്റെ ഐപിഒയ്ക്ക് ഡയറക്ടർ ബോർഡ് അനുമതി നൽകിയതാണ് നേട്ടത്തിന് പിന്നിൽ. 2,500 കോടി രൂപയുടെ പുതിയ ഓഹരികളും (ഫ്രഷ് ഇഷ്യൂ) ഓഫർ-ഫോർ-സെയിലും (ഒഎഫ്എസ്/നിലവിലെ ഓഹരി ഉടമകൾ നിശ്ചിത ഓഹരി വിൽക്കുന്ന നടപടി) ഐപിഒയിലുണ്ടാകും.
വിദേശ വായ്പാദാതാക്കളിൽ നിന്ന് 3,100 കോടി രൂപയുടെ വായ്പ ലഭ്യമായ പശ്ചാത്തലത്തിൽ അദാനി ടോട്ടൽ ഗ്യാസ് ഓഹരി ഇന്ന് 8 ശതമാനത്തിലധികം ഉയർന്നു. നിലവിൽ വ്യാപാരം പുരോഗമിക്കുന്നത് 5.73% നേട്ടത്തിൽ. ഗ്ലെൻ ഫാർമ ഓഹരി 7.5% ഉയർന്നു. ഔറംഗാബാദിലെ പ്ലാന്റിന് അമേരിക്കൻ ഔഷധ വിപണിയുടെ നിയന്ത്രണ ഏജൻസിയായ യുഎസ്എഫ്ഡിഎയുടെ ക്ലിയറൻസ് കിട്ടിയതാണ് ഗുണമായത്.
കല്യാൺ ജ്വല്ലേഴ്സിന്റെ തിളക്കം
കേരള കമ്പനികളിൽ കല്യാൺ ജ്വല്ലേഴ്സ് (+5.58%) ആണ് ഇന്ന് നേട്ടത്തിൽ മുന്നിൽ. മികച്ച ബിസിനസ് വളർച്ചാപ്രതീക്ഷകളാണ് കമ്പനിക്ക് നേട്ടമാകുന്നത്. 4.58% ഉയർന്ന് ടിസിഎസ് രണ്ടാമതും 3.64% നേട്ടവുമായി ആഡ്ടെക് സിസ്റ്റംസ് മൂന്നാമതുമുണ്ട്. ധനലക്ഷ്മി ബാങ്ക് (+3.1%), വെർട്ടെക്സ് (+3.08%), ടോളിൻസ് ടയേഴ്സ് (+2.93%) എന്നിവയും ഇന്ന് ഉണർവിലാണ്.
മാനേജിങ് ഡയറക്ടറും എംഡിയുമായി കെ.വി.എസ്. മണിയൻ ചുമതലയേറ്റ പശ്ചാത്തലത്തിൽ ഫെഡറൽ ബാങ്കിന്റെ ഓഹരിയും ഇന്ന് 1.11% നേട്ടത്തിലാണുള്ളത്. 4.62% താഴ്ന്ന് സഫ സിസ്റ്റംസ് നഷ്ടത്തിൽ ഒന്നാംസ്ഥാനത്താണ്. യൂണിറോയൽ മറീൻ (-3.72%), കിറ്റെക്സ് (-3.15%), പ്രൈമ ഇൻഡസ്ട്രീസ് (-2.01%), കേരള ആയുർവേദ (-1.97%) എന്നിവയും നിരാശപ്പെടുത്തിയിട്ടുണ്ട്.