വിലക്കയറ്റം, കന്നിമാസം: സ്വർണത്തിൽ ട്രെൻഡ് മാറി, മറിച്ചുവിൽക്കാൻ തിരക്ക്, റെക്കോർഡ് തകർത്ത് ഓണം
Mail This Article
സ്വർണവില ഓരോ ദിവസവും റെക്കോർഡ് തൂത്തെറിഞ്ഞ് മുന്നേറുകയാണ്. വിവാഹം ഉൾപ്പെടെയുള്ള അനിവാര്യ ആവശ്യങ്ങൾക്കായി സ്വർണാഭരണം വാങ്ങുന്നവർക്കാണ് ഇത് തിരിച്ചടി. ഇന്നുമാത്രം കേരളത്തിൽ ഗ്രാമിന് 60 രൂപയും പവന് 480 രൂപയും വർധിച്ചു. ഗ്രാമിന് 7,060 രൂപയിലും പവന് 56,480 രൂപയിലുമാണ് വ്യാപാരം. സംസ്ഥാന ചരിത്രത്തിലെ എക്കാലത്തെയും ഉയർന്ന വിലയാണ് ഇത്.
ഓണക്കാലം, ചിങ്ങമാസം എന്നിവ വിടപറഞ്ഞ് കന്നിമാസം പിറന്നതോടെ സ്വർണ വിപണിയിൽ കാറ്റ് മാറിത്തുടങ്ങിയെന്ന് വ്യാപാരികൾ പറയുന്നു. ചിങ്ങമാസം വിവാഹ സീസൺ കൂടിയായിരുന്നതിനാൽ പ്രതീക്ഷയ്ക്കൊത്ത വിൽപന തന്നെ ലഭിച്ചുവെന്നും വില വർധന ബാധിച്ചില്ലെന്നും ഭീമ ഗ്രൂപ്പ് ചെയർമാനും ഓൾ കേരള ഗോൾഡ് ആൻഡ് സിൽവർ മർച്ചന്റ്സ് അസോസിയേഷൻ (എകെജിഎസ്എംഎ) സംസ്ഥാന പ്രസിഡന്റുമായ ഡോ.ബി. ഗോവിന്ദൻ 'മനോരമ ഓൺലൈനിനോട്' പറഞ്ഞു.
അക്ഷയതൃതീയയുടെ റെക്കോർഡ് തകർത്തു!
സാധാരണ ഒരുദിവസം ശരാശരി 250-300 കോടി രൂപയുടെ സ്വർണ വ്യാപാരമാണ് കേരളത്തിൽ നടക്കുന്നത്. പ്രതിവർഷം ശരാശരി ഒരുലക്ഷം കോടി രൂപയുടെ വിറ്റുവരവ്. അക്ഷയതൃതീയ, ഓണം സീസൺ എന്നീ വേളകളിലാണ് വിൽപന കൂടുതൽ ഉയരുക. ഒറ്റദിവസം ഏറ്റവും ഉയർന്ന കച്ചവടം നടക്കുന്നത് അക്ഷയതൃതീയയ്ക്കാണ്. ഇക്കഴിഞ്ഞ അക്ഷയതൃതിയയ്ക്ക് 1,600 കോടി രൂപയുടെ വിൽപന കേരളത്തിൽ നടന്നു എന്നാണ് ഏകദേശ കണക്ക്. ഇത് റെക്കോർഡാണ്.
എന്നാൽ, ഇക്കുറി ഒരു ഓണ നാളിൽ ഈ റെക്കോർഡ് തകർക്കുന്ന വിൽപനയുണ്ടായെന്നും ഇത്തവണ ഓണം സീസണിൽ ഭീമ മാത്രം വിറ്റുവരവിൽ 30-35% വളർച്ച നേടിയെന്നും ഡോ.ബി. ഗോവിന്ദൻ പറഞ്ഞു. സെപ്റ്റംബർ 7ന് സ്വർണാഭരണ വിൽപന അളവ് 458 ശതമാനമാണ് വർധിച്ചത്. അന്ന് ഡയമണ്ട് വിൽപനയളവ് 478 ശതമാനവും ഉയർന്നു. അന്നത്തെ മൊത്തം വിറ്റുവരവിൽ വളർച്ച 534 ശതമാനവുമാണ്.
അതേസമയം, ഇക്കുറി പൊതുവേ ഓണക്കാലത്ത് ട്രെൻഡ് വ്യത്യസ്തമായിരുന്നു. വില കൂടി നിൽക്കുന്നത് കൊണ്ടാണ് വിറ്റുവരവിൽ വലിയ വളർച്ചയുണ്ടായത്. അതേസമയം, വിറ്റഴിക്കുന്ന സ്വർണത്തിന്റെ അളവിൽ കാര്യമായ വർധന ഇല്ല. വിവാഹ പാർട്ടികൾ വാങ്ങുന്ന അളവ് കുറച്ചതാണ് കാരണം. മുൻകാലങ്ങളിൽ 50-100 പവൻ വിവാഹാഭരണങ്ങൾ വാങ്ങിയിരുന്നവർ, ഇപ്പോഴത് പാതിയോളമായി കുറച്ചു.
പ്രതീക്ഷയ്ക്കൊത്ത് ഓണക്കച്ചവടം
ഓണത്തിന്റെ 10 ദിവസങ്ങളിൽ 7,000 കോടി രൂപയുടെ സ്വർണാഭരണ വിൽപന ഇക്കുറി കേരളത്തിൽ നടന്നുവെന്നാണ് പ്രാഥമിക വിലയിരുത്തലെന്നും വില വർധന ബാധിച്ചില്ലെന്നും എകെജിഎസ്എംഎ ട്രഷറർ എസ്. അബ്ദുൽ നാസർ 'മനോരമ ഓൺലൈനിനോട്' പറഞ്ഞു. ചിങ്ങമാസത്തിൽ 20,000 കോടി രൂപയിൽ കുറയാത്ത വിറ്റുവരവും സംസ്ഥാന സ്വർണ വിപണി നേടി. പ്രതീക്ഷയ്ക്കൊത്തതായിരുന്നു ഓണക്കാല വിൽപന. ഓണം കഴിഞ്ഞുള്ള വിൽപനയും തുടരുകയാണ്. കന്നിമാസം 'പഞ്ഞമാസം' ആണെങ്കിലും മുസ്ലിം, ക്രിസ്ത്യൻ വിവാഹങ്ങൾ നടക്കുന്നത് വിപണിയെ സജീവമായി നിലനിർത്തുകയാണെന്നും അദ്ദേഹം പറഞ്ഞു.
സ്വർണ വിപണിയിൽ ട്രെൻഡ് മാറി
വില കുത്തനെ കൂടിയതോടെ സ്വർണ വിപണിയിൽ ട്രെൻഡ് മാറിത്തുടങ്ങിയെന്ന് വ്യാപാരികൾ പറയുന്നു. കൈവശമുള്ള സ്വർണം വിറ്റ് പണമാക്കാൻ എത്തുന്നവരുടെ എണ്ണം കൂടിത്തുടങ്ങിയെന്ന് ഡോ.ബി. ഗോവിന്ദൻ പറഞ്ഞു. മിക്ക ജ്വല്ലറികളും സ്വർണവിലയുടെ 100% മൂല്യം വാഗ്ദാനം ചെയ്യുന്നുണ്ടെന്നതും ഇത്തരക്കാരെ ആകർഷിക്കുന്നു.
വിപണിയിൽ ഇത്തരം 'റീസൈക്ലിങ്' (പുനരുപയോഗം) വർധിച്ചത് നല്ല പ്രവണതയാണെന്ന് എസ്. അബ്ദുൽ നാസർ ചൂണ്ടിക്കാട്ടുന്നു. കേന്ദ്രം ഇറക്കുമതി തീരുവ കുറച്ചതിനാൽ കള്ളക്കടത്തുകാർ പിൻവാങ്ങുന്ന തിരക്കിലാണ്. കള്ളക്കടത്തിൽ നിന്ന് കാര്യമായ ലാഭം ഇപ്പോൾ കിട്ടുന്നില്ല. ഇറക്കുമതി നികുതി കുറയ്ക്കുംമുമ്പ് കിലോയ്ക്ക് 10 ലക്ഷം രൂപവരെ ലാഭം കിട്ടിയിരുന്നെങ്കിൽ ഇപ്പോൾ അത് മൂന്നുലക്ഷം രൂപയ്ക്ക് താഴെയേയുള്ളൂ. ഇതോടെ, അനധികൃത സ്വർണത്തിന്റെ ലഭ്യതയും കുറഞ്ഞു. നിയമാനുസൃതം വ്യാപാരം നടത്തുന്നവർക്ക് ഇത് നേട്ടമാണെന്നും അദ്ദേഹം പറഞ്ഞു.
തവണവ്യവസ്ഥയ്ക്കും പ്രിയം
മുൻനിര ജ്വല്ലറികൾ തവണവ്യവസ്ഥയിൽ പണമടച്ച് സ്വർണാഭരണം വാങ്ങാൻ അവസരം നൽകുന്നുണ്ട്. നിയമപ്രകാരം 11 മാസം വരെയുള്ള പദ്ധതികൾ നടത്താം. ഓരോ മാസവും നിശ്ചിത തുക അടയ്ക്കാം. 11 മാസമാകുമ്പോൾ ആകെ അടച്ച തുകയ്ക്ക് തുല്യമായ സ്വർണാഭരണം ലഭിക്കും. ഓരോ മാസവും ഓരോ പവൻ ആഭരണത്തിന്റെ തുക അടയ്ക്കുന്നവർ വരെയുണ്ട്.
കുറഞ്ഞ വിലയ്ക്ക് സ്വർണാഭരണം നേടാമെന്നതാണ് ഇത്തരം പദ്ധതികളുടെ ഗുണമെന്ന് ഡോ.ബി. ഗോവിന്ദൻ പറഞ്ഞു. 10-11 മാസം മുമ്പത്തെ വിലയ്ക്ക് തന്നെ സ്വർണം കിട്ടും. പിന്നീടുണ്ടായ വില വർധന ഉപഭോക്താവിനെ ബാധിക്കില്ല. സ്വർണാഭരണങ്ങളുടെ മുൻകൂർ ബുക്കിങ്ങിനും ആവശ്യക്കാരുണ്ട്. വാങ്ങാനുദ്ദേശിക്കുന്ന സ്വർണത്തിന്റെ നിശ്ചിത തുക മുൻകൂർ അടച്ച് ബുക്ക് ചെയ്യാം. ബുക്ക് ചെയ്യുന്ന ദിവസത്തെ വില, വാങ്ങുന്ന ദിവസത്തെ വില എന്നിവ താരതമ്യം ചെയ്ത് കുറഞ്ഞവിലയ്ക്ക് സ്വർണാഭരണം വാങ്ങാമെന്നതാണ് നേട്ടം. വിവാഹ പാർട്ടികളാണ് ഇത് കൂടുതൽ പ്രയോജനപ്പെടുത്തുന്നത്. ഒരുവർഷം വരെ ബുക്കിങ് കാലാവധി വ്യാപാരികൾ നൽകുന്നുണ്ട്.
ഇന്നൊരു പവന് വിലയെന്ത്?
56,480 രൂപയാണ് ഇന്നൊരു പവന് വില. എന്നാൽ ഈ തുകയ്ക്ക് പവൻ ആഭരണം കിട്ടില്ല. ഇതോടൊപ്പം മൂന്ന് ശതമാനം ജിഎസ്ടി, ഹോൾമാർക്ക് ചാർജ് (45 രൂപ+18% ജിഎസ്ടി), പണിക്കൂലി എന്നിവയും നൽകണം. പണിക്കൂലി ഓരോ ജ്വല്ലറിയിലും ആഭരണത്തിന്റെ ഡിസൈനിന് അനുസരിച്ച് വ്യത്യാസപ്പെട്ടിരിക്കും. ചിലർ ഓഫറിന്റെ ഭാഗമായി പണിക്കൂലി വാങ്ങാറില്ല. ബ്രാൻഡഡ് ജ്വല്ലറികൾക്ക് 20-30 ശതമാനം വരെയുമാകാം. മിനിമം 5% പണിക്കൂലി കണക്കാക്കിയാൽ ഇന്ന് കേരളത്തിൽ ഒരു പവൻ ആഭരണത്തിന് 61,138 രൂപ നൽകണം. ഒരു ഗ്രാം സ്വർണാഭരണത്തിന് 7,642 രൂപയും.
രാജ്യാന്തര വില പറക്കുന്നു
റെക്കോർഡ് തകർത്ത് കുതിക്കുകയാണ് രാജ്യാന്തര വില. ഇന്നലെ കുറിച്ച ഔൺസിന് 2,635 ഡോളർ എന്ന റെക്കോർഡ് ഇന്ന് ബഹുദൂരം പിന്നിലാക്കി 2,668 ഡോളറിലേക്ക് വിലകുതിച്ചു. ഇതാണ് കേരളത്തിലെ വിലയെയും സ്വാധീനിച്ചത്. രാജ്യാന്തര വില, ഡോളറിനെതിരെ രൂപയുടെ മൂല്യം, സ്വർണം ഇറക്കുമതി ചെയ്യുന്ന ബാങ്കുകൾ ഈടാക്കുന്ന വില, മുംബൈ വിപണിയിലെ സ്വർണവില, വ്യാപാരികളുടെ ലാഭമാർജിൻ എന്നിവ കണക്കാക്കിയാണ് ഓരോ ദിവസവും കേരളത്തിൽ സ്വർണവില നിർണയം.
യുദ്ധവും പലിശയും
ലോകത്തെ ഏറ്റവും വലിയ സാമ്പത്തികശക്തിയായ അമേരിക്ക അടിസ്ഥാന പലിശനിരക്ക് അരശതമാനം കുറച്ചതിന് പിന്നാലെയാണ് രാജ്യാന്തര തലത്തിൽ പൊന്നിന്റെ വില മുന്നേറ്റം ആരംഭിച്ചത്. പലിശകുറയ്ക്കും മുമ്പ് ഔൺസിന് 2,480-2,510 ഡോളർ നിലവാരത്തിലായിരുന്ന വില ഒരാഴ്ചയ്ക്കിടെ കുതിച്ച് 2,668 ഡോളറിലെത്തി.
പലിശ കുറയുമ്പോൾ ഡോളറും അമേരിക്കൻ സർക്കാരിന്റെ കടപ്പത്രങ്ങളുടെ ആദായനിരക്കും (ട്രഷറി ബോണ്ട് യീൽഡ്) അനാകർഷകമാകും. അതോടെ ഇവയിൽ നിന്ന് നിക്ഷേപം കൊഴിയും. നിക്ഷേപകർ ഗോൾഡ് ഇടിഎഫ് പോലുള്ള പദ്ധതികളിലേക്ക് വലിയ നേട്ടം മോഹിച്ച് ചേക്കേറും. ഇതാണ് സ്വർണ വില കൂടാനിടയാക്കുന്നത്.
പുറമേ, ഇന്ത്യയിലും മറ്റും ആഭരണ ഡിമാൻഡ് കൂടുന്നതും റിസർവ് ബാങ്ക് ഉൾപ്പെടെ ലോകത്തെ പ്രമുഖ കേന്ദ്രബാങ്കുകൾ കരുതൽ ശേഖരത്തിലേക്ക് വൻതോതിൽ സ്വർണം വാങ്ങിക്കൂട്ടുന്നതും വില വർധന സൃഷ്ടിക്കുന്നു. മറ്റൊന്ന്, ''പ്രതിസന്ധിക്കാലത്തെ സുരക്ഷിത നിക്ഷേപം'' എന്ന പെരുമ എക്കാലത്തും സ്വർണത്തിനുണ്ടെന്നതാണ്. ഇസ്രയേൽ-ഹിസ്ബുല്ല പോര് കനക്കുന്നത് ആഗോള സമ്പദ്‍വ്യവസ്ഥയ്ക്ക് കരിനിഴലാകുന്നുണ്ട്. യുദ്ധം ആഗോള വ്യാപാരം, വിതരണശൃംഖല, നിക്ഷേപപദ്ധതികൾ എന്നിവയെ ബാധിക്കുന്നത് കമ്പനികളുടെ സാമ്പത്തികസ്ഥിതിയെ മോശമാക്കുമെന്നതാണ് ഭീതി. ഇതുമൂലം നിക്ഷേപകർ ഓഹരി, കടപ്പത്ര വിപണികളെ കൈവിട്ട് സ്വർണത്തിലേക്ക് താൽകാലികമായി ചുവടുമാറ്റും. ഇതും വില വർധനയുടെ ആക്കംകൂട്ടും.
സ്വർണ വില ഇനി എങ്ങോട്ട്?
രാജ്യാന്തര വില ഔൺസിന് 2,700 ഡോളർ ഭേദിക്കാനുള്ള സാധ്യത വിദൂരമല്ലെന്ന് വിദഗ്ധർ പറയുന്നു. അപ്രതീക്ഷിത സംഭവങ്ങളാണ് വിലയെ സ്വാധീനിക്കുന്നത്. ഇസ്രയേൽ ലബനനിൽ നടത്തുന്ന ആക്രമണം അതിലൊന്നാണ്. മറ്റൊന്ന്, അമേരിക്കയിൽ അപ്രതീക്ഷിതമായി ഉപയോക്തൃ സംതൃപ്തി നിരക്ക് (consumer confidence index) കൂപ്പുകുത്തിയതാണ്. ഓഗസ്റ്റിലെ 105.6ൽ നിന്ന് 98.7ലേക്കാണ് ഇടിവ്. ഇതോടെ അമേരിക്ക അടിസ്ഥാന പലിശനിരക്ക് വീണ്ടും കുത്തനെ കുറയ്ക്കാനുള്ള സാധ്യത അതിശക്തമായി. ഇത് സ്വർണവിലയെ കൂടുതൽ ഉയരങ്ങളിലേക്ക് നയിക്കും.
ഇന്ത്യയിൽ, വടക്കൻ സംസ്ഥാനങ്ങൾ നവരാത്രി, ദസ്സറ, ദീപാവലി ആഘോഷങ്ങളിലേക്ക് ചുവടുവയ്ക്കുകയാണ്. വിവാഹ സീസൺ കൂടിയാണിത്. സ്വർണാഭരണ വിൽപന കൂടാനും തുടങ്ങിയിട്ടുണ്ട്. ഇതും വിലകൂടാനൊരു കാരണമാണ്.