ഹ്യുണ്ടായിയുടെ ബംപർ ഐപിഒ; റിലയൻസിന്റെ റിസൾട്ട്, പണപ്പെരുപ്പക്കണക്ക്, ഇന്ത്യക്ക് ഈയാഴ്ച സംഭവബഹുലം!
Mail This Article
കാത്തിരിപ്പിന് സഡൻ ബ്രേക്കിട്ട് ഹ്യുണ്ടായിയുടെ പ്രാരംഭ ഓഹരി വിൽപന (ഐപിഒ) ഇതാ പടിവാതിലിൽ. ഇന്ത്യയിലെ ഏറ്റവും മൂല്യമേറിയ ലിസ്റ്റഡ് കമ്പനിയായ റിലയൻസ് ഇൻഡസ്ട്രീസിന്റെ ജൂലൈ-സെപ്റ്റംബർപാദ റിസൾട്ടും പുറത്തുവരുന്നു. ഏറെ നിർണായകമായ സെപ്റ്റംബറിലെ റീറ്റെയ്ൽ പണപ്പെരുപ്പക്കണക്കും അറിയാം. ഓഹരി നിക്ഷേപകർക്കും സാമ്പത്തിക ലോകത്തിനും ഇന്ത്യൻ സമ്പദ്‌വ്യവസ്ഥയ്‌ക്കാകെയും ആവേശവും ആകാംക്ഷയും സമ്മാനിക്കുന്ന ഒരു ആഴ്ചയാണിത്.
റിലയൻസിന്റെ സെപ്റ്റംബർപാദ പ്രവർത്തനഫലം ഇന്ന് പുറത്തുവരും. ഇന്നു (ഒക്ടോബർ 14) മുതൽ 17 വരെയാണ് ഹ്യുണ്ടായിയുടെ ഐപിഒ. ഇന്ന് ആങ്കർ നിക്ഷേപകർക്കും (വൻകിട നിക്ഷേപ സ്ഥാപനങ്ങൾ) നാളെ മുതൽ 17 വരെ റീറ്റെയ്ൽ നിക്ഷേപകർക്കും ഓഹരിക്കായി അപേക്ഷിക്കാം. ഇന്ത്യയുടെ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ ഐപിഒ എന്ന പെരുമയോടെ 27,870 കോടി രൂപയുടെ സമാഹരണമാണ് ഹ്യുണ്ടായ് ഉന്നമിടുന്നത്. 2022 മേയിൽ എൽഐസി നടത്തിയ 21,000 കോടി രൂപയുടെ ഐപിഒ എന്ന റെക്കോർഡ് തകരും.
റിസർവ് ബാങ്കിന്റെ പണനയത്തെയും ബാങ്കുകളിൽ നിന്ന് വായ്പ എടുത്തവരുടെ ഇഎംഐയെയും സ്വാധീനിക്കുന്നതും ഏറെ നിർണായകവുമായ സെപ്റ്റംബറിലെ ഉപഭോക്തൃവില സൂചിക അടിസ്ഥാനമായുള്ള പണപ്പെരുപ്പക്കണക്കും (റീറ്റെയ്ൽ പണപ്പെരുപ്പം) ഇന്നാണ് പുറത്തുവരുന്നത്; വൈകിട്ട് 5.30ന്.
ഹ്യുണ്ടായ് ഐപിഒ: ഗ്രേ മാർക്കറ്റിൽ വില താഴോട്ട്
ഓഹരിക്ക് 1,865 രൂപ മുതൽ 1,960 രൂപവരെ വിലയ്ക്കാണ് ഹ്യുണ്ടായ് മോട്ടോർ ഇന്ത്യ ഐപിഒ സംഘടിപ്പിക്കുന്നത്. ഐപിഒയിൽ പുതിയ ഓഹരികളില്ല. മാതൃകമ്പനിയായ ദക്ഷിണ കൊറിയയിലെ ഹ്യുണ്ടായ് മോട്ടോർ കോർപ്പറേഷൻ 17.5% ഓഹരികൾ വിറ്റഴിക്കുന്ന ഓഫർ ഫോർ സെയിൽ (ഒഎഫ്എസ്) മാത്രമേയുള്ളൂ. ഐപിഒയുടെ ഉയർന്ന പ്രൈസ് ബാൻഡായ 1,960 രൂപ കണക്കാക്കിയാൽ 1.6 ലക്ഷം കോടി രൂപയായിരിക്കും ഹ്യുണ്ടായിയുടെ വിപണിമൂല്യം.
അമേരിക്കൻ നിക്ഷേപ കമ്പനികളായ ബ്ലാക്ക്റോക്ക്, ക്യാപ്പിറ്റൽ ഗ്രൂപ്പ്, സിംഗപ്പുർ സർക്കാരിന് കീഴിലെ നിക്ഷേപക കമ്പനി ജിഐസി എന്നിവ ഹ്യുണ്ടായ് ഓഹരികൾ വാങ്ങാൻ രംഗത്തുണ്ടാകുമെന്നാണ് സൂചനകൾ. മാരുതി സുസുക്കിക്ക് പിന്നിലായി, ഇന്ത്യയിലെ രണ്ടാമത്തെ വലിയ വാഹന നിർമാതാക്കളാണ് ഹ്യുണ്ടായ്. കഴിഞ്ഞ കാൽ നൂറ്റാണ്ടായി ഇന്ത്യയിൽ ഹ്യുണ്ടായ് പ്രവർത്തിക്കുന്നു.
ഇന്ത്യയിൽ വലിയ പ്രതീക്ഷകളും ഹ്യുണ്ടായ് വച്ചുപുലർത്തുന്നുണ്ടെന്നതിന് തെളിവാണ് വമ്പൻ ഐപിഒയ്ക്ക് പുറമേയുള്ള മികച്ച നിക്ഷേപ പദ്ധതികളും. അടുത്ത 10 വർഷത്തിനകം ഇന്ത്യയിൽ പുതിയ വാഹന ലോഞ്ച്, നൂതന ടെക്നോളജി വികസനം, റിസർച്ച് ആൻഡ് ഡവലപ്മെന്റ് (ആർ ആൻഡ് ഡി), വാഹന ഉൽപാദനശേഷി ഉയർത്തൽ എന്നിവയ്ക്കായി 32,000 കോടി രൂപയാണ് ഹ്യുണ്ടായ് ചെലവിടുക. ജനറൽ മോട്ടോഴ്സിൽ നിന്ന് വാങ്ങിയ പൂനെയിലെ പ്ലാന്റും ഹ്യുണ്ടായ് സജ്ജമാക്കുകയാണ്. ചെന്നൈയിലെ പ്ലാന്‍റിനായി 26,000 കോടി രൂപയും പൂനെയിലെ പ്ലാന്‍റിനായി 6,000 കോടി രൂപയുമാണ് ചെലവിടുക. ഇതുവഴി പ്രതിവർഷ ഉൽപാദനശേഷി നിലവിലെ 8.24 ലക്ഷത്തിൽ നിന്ന് 11 ലക്ഷം വാഹനങ്ങളായി ഉയർത്തും.
2003ൽ മാരുതി സുസുക്കിയുടെ ഐപിഒയ്ക്ക് ശേഷം ഇന്ത്യയിൽ ഒരു കാർ നിർമാണക്കമ്പനി ഐപിഒ നടത്തുന്നത് ആദ്യമാണ്. ബിഎസ്ഇയിലും എൻഎസ്ഇയിലും ഹ്യുണ്ടായ് ഓഹരികൾ ഒക്ടോബർ 22ന് ലിസ്റ്റ് ചെയ്യും. നിലവിൽ ഗ്രേ മാർക്കറ്റിൽ (ഐപിഒയ്ക്ക് മുമ്പ് ഓഹരികൾ അനൗദ്യോഗികമായി ലഭിക്കുന്ന വിപണി) ഇഷ്യൂ വിലയേക്കാൾ 75 രൂപ മാത്രം അധികമാണ് (പ്രീമിയം) ഇപ്പോൾ ഹ്യുണ്ടായ് ഓഹരിക്ക് വില. ഏതാനും നാൾ മുമ്പുവരെ പ്രീമിയം 300 രൂപയോളമായിരുന്നു. അതായത്, നിലവിലെ പ്രീമിയം പ്രകാരം ലിസ്റ്റിങ്ങ് വേളയിൽ പ്രതീക്ഷിക്കുന്ന വില 2,035 രൂപയാണ് (ഇഷ്യൂ വിലയായ 1960 രൂപ+ പ്രീമിയം 75 രൂപ).
ഐപിഒയുമായി ഇവരും
ഹ്യുണ്ടായിയുടെ ഉൾപ്പെടെ 3 ഐപിഒകളാണ് ഈ ആഴ്ചയുള്ളത്. ഇതിൽ ഹ്യുണ്ടായിയുടേത് മാത്രമാണ് മുഖ്യധാരാ (mainboard) ഐപിഒ. മറ്റ് രണ്ടും എസ്എംഇ വിഭാഗത്തിലാണ്. ലക്ഷ്യ പവർടെക്കിന്റെ (Lakshya Powertech) 50 കോടി രൂപ ഉന്നമിട്ടുള്ള ഐപിഒ ഒക്ടോബർ 18 മുതലാണ്. 171-180 രൂപയാണ് ഇഷ്യൂ വില. എൻജിനിയറിങ് കൺസൾട്ടൻസി കമ്പനിയാണിത്. കാർഷിക ഉൽപന്നങ്ങൾ സമാഹരിച്ച്, സംസ്കരിച്ച് കയറ്റുമതി ചെയ്യുന്ന ഫ്രെഷാര അഗ്രോ എക്സ്പോർട്സിന്റെ (Freshara Agro Exports) ഐപിഒ ഒക്ടോബർ 17 മുതലാണ്. 75.39 കോടി രൂപയാണ് ലക്ഷ്യം. ഇഷ്യൂ വില 110-116 രൂപ.
റിലയൻസ് പൊലിപ്പിക്കുമോ?
റിലയൻസ് ഇൻഡസ്ട്രീസിന്റെ കഴിഞ്ഞപാദ പ്രവർത്തനഫലം ഇന്നറിയാം. നികുതി, പലിശ തുടങ്ങിയ ബാധ്യതകൾക്ക് മുമ്പുള്ള ലാഭമായ എബിറ്റ്ഡ (EBITDA) മിനിമം 5 ശതമാനമെങ്കിലും കൂടുമെന്നാണ് നിരീക്ഷകരുടെ വിലയിരുത്തൽ. അതേസമയം, കമ്പനിയുടെ ഓയിൽ-ടു-കെമിക്കൽസ് (ഒ2സി) വിഭാഗത്തിന്റെ എബിറ്റ്ഡ കുറയുമെന്നും വിലയിരുത്തപ്പെടുന്നു.
പണപ്പെരുപ്പം ആശങ്കപ്പെരുപ്പം?
റീറ്റെയ്ൽ പണപ്പെരുപ്പം 4 ശതമാനമായി നിയന്ത്രിക്കുകയാണ് റിസർവ് ബാങ്കിന്റെ ലക്ഷ്യം. ഇത് ഇക്കഴിഞ്ഞ ജൂലൈയിൽ 5-വർഷത്തെ താഴ്ചയായ 3.54% മാത്രമായിരുന്നു. ഓഗസ്റ്റിൽ പക്ഷേ 3.65 ശതമാനമായി വർധിച്ചു. സെപ്റ്റംബറിൽ ഇത് 3.60നും 5.40 ശതമാനത്തിനും മധ്യേയായിരിക്കുമെന്നാണ് റോയിട്ടേഴ്സിന്റെ സർവേ അടുത്തിടെ വിലയിരുത്തിയത്. സർവേയിൽ പങ്കെടുത്തവരിൽ 48% പേരുടെ പ്രതീക്ഷ പണപ്പെരുപ്പം 5.04% ആയിരിക്കുമെന്നാണ്. അതായത്, നിയന്ത്രണ പരിധിയും ലംഘിച്ച് കഴിഞ്ഞമാസം പണപ്പെരുപ്പം കുതിച്ചുകയറിയിട്ടുണ്ടാകാം.
ഏറ്റവും പ്രധാന ആശങ്ക ഭക്ഷ്യ വിലപ്പെരുപ്പം അഥവാ ഫുഡ് ഇൻഫ്ളേഷനെക്കുറിച്ചാണ്. ജൂലൈയിൽ 13-മാസത്തെ താഴ്ചയായ 5.42% ആയിരുന്നു ഇത്. ഓഗസ്റ്റിൽ 5.66 ശതമാനത്തിലേക്ക് ഉയർന്നു. കഴിഞ്ഞയാഴ്ച പ്രഖ്യാപിച്ച പണനയത്തിലും റിസർവ് ബാങ്ക് അടിസ്ഥാന പലിശനിരക്ക് കുറയ്ക്കാതിരുന്നതിന് പിന്നിലെ ഒരു സുപ്രധാന കാരണവും ഫുഡ് ഇൻഫ്ളേഷൻ ഉയർത്തുന്ന വെല്ലുവിളിയായിരുന്നു. തുടർച്ചയായ 10-ാം തവണയാണ് റിസർവ് ബാങ്ക് പണനയ നിർണയ സമിതി (എംപിസി) പലിശനിരക്ക് നിലനിർത്തിയത്. പണപ്പെരുപ്പം നിയന്ത്രണസീമ ലംഘിച്ചാൽ ഡിസംബറിലെ യോഗത്തിലും എംപിസി പലിശ കുറയ്ക്കാനുള്ള സാധ്യത മങ്ങും.