സംവത് 2080നോട് നഷ്ടത്തോടെ വിടചൊല്ലി വിപണി; വീണിട്ടും 9 ലക്ഷം കോടി നേടി നിക്ഷേപകർ, മുഹൂർത്ത വ്യാപാരം വെള്ളിയാഴ്ച
ഓഹരി നിക്ഷേപകർ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ഈ വർഷത്തെ മുഹൂർത്ത വ്യാപാരം (Muhurat Trading) നവംബർ ഒന്നിന് (വെള്ളിയാഴ്ച) വൈകിട്ട് 6 മുതൽ 7 വരെ നടക്കും. ഉത്തരേന്ത്യൻ, പ്രത്യേകിച്ച് ഗുജറാത്തി ഹൈന്ദവ വിശ്വാസ പ്രകാരമുള്ള സംവത്-2081 (Samvat-2081) വർഷാരംഭത്തിന് തുടക്കം കുറിക്കുന്ന മുഹൂർത്തമാണിത്.
ഓഹരി നിക്ഷേപകർ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ഈ വർഷത്തെ മുഹൂർത്ത വ്യാപാരം (Muhurat Trading) നവംബർ ഒന്നിന് (വെള്ളിയാഴ്ച) വൈകിട്ട് 6 മുതൽ 7 വരെ നടക്കും. ഉത്തരേന്ത്യൻ, പ്രത്യേകിച്ച് ഗുജറാത്തി ഹൈന്ദവ വിശ്വാസ പ്രകാരമുള്ള സംവത്-2081 (Samvat-2081) വർഷാരംഭത്തിന് തുടക്കം കുറിക്കുന്ന മുഹൂർത്തമാണിത്.
ഓഹരി നിക്ഷേപകർ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ഈ വർഷത്തെ മുഹൂർത്ത വ്യാപാരം (Muhurat Trading) നവംബർ ഒന്നിന് (വെള്ളിയാഴ്ച) വൈകിട്ട് 6 മുതൽ 7 വരെ നടക്കും. ഉത്തരേന്ത്യൻ, പ്രത്യേകിച്ച് ഗുജറാത്തി ഹൈന്ദവ വിശ്വാസ പ്രകാരമുള്ള സംവത്-2081 (Samvat-2081) വർഷാരംഭത്തിന് തുടക്കം കുറിക്കുന്ന മുഹൂർത്തമാണിത്.
സംവത്-2080 വർഷത്തോട് നഷ്ടത്തോടെ വിടചൊല്ലി സെൻസെക്സും നിഫ്റ്റിയും. സെൻസെക്സ് 553 പോയിന്റ് (-0.69%) ഇടിഞ്ഞാണ് ഇന്ന് വ്യാപാരം അവസാനിപ്പിച്ചത്. എന്നാൽ, വിപണി തളർന്നിട്ടും ഇന്ന് നിക്ഷേപക സമ്പത്തിലുണ്ടായത് 9 ലക്ഷം കോടിയോളം രൂപയുടെ വർധന. ബിഎസ്ഇയിലെ ലിസ്റ്റഡ് കമ്പനികളുടെ സംയോജിത വിപണിമൂല്യം ഇന്നലത്തെ 436.07 ലക്ഷം കോടി രൂപയിൽ നിന്ന് 444.71 ലക്ഷം കോടി രൂപയായി ഇന്ന് വർധിച്ചു.
135.50 പോയിന്റ് (-0.56%) താഴ്ന്ന് 24,205ലാണ് നിഫ്റ്റിയും വ്യാപാരം അവസാനിപ്പിച്ചത്. ടെക് മഹീന്ദ്ര, എച്ച്സിഎൽ ടെക്, ടിസിഎസ്, ഇൻഫോസിസ് എന്നീ ഐടി കമ്പനികൾ നേരിട്ട 2.5-4.5% ഇടിവാണ് സെൻസെക്സിനെ ഇന്ന് പിന്നോട്ട് നയിച്ചത്. അതേസമയം എൽ ആൻഡ് ടി, പവർഗ്രിഡ്, എച്ച്ഡിഎഫ്സി ബാങ്ക്, ജെഎസ്ഡബ്ല്യു സ്റ്റീൽ, മഹീന്ദ്ര ആൻഡ് മഹീന്ദ്ര എന്നിവ നേട്ടം കുറിച്ചു. ഇവയുടെ നേട്ടം സെൻസെക്സിന്റെ കൂടുതൽ നഷ്ടത്തിൽ നിന്ന് അകറ്റിനിർത്തുകയും ചെയ്തു.
നിഫ്റ്റി 50ല്‍ സിപ്ല 9.50%, എൽ ആൻഡ് ടി 6.23% എന്നിങ്ങനെ ഉയർന്ന് നേട്ടത്തിലും എച്ച്സിഎൽ ടെക് 3.61%, ടെക് മഹീന്ദ്ര 3.58% എന്നിങ്ങനെ താഴ്ന്ന് നഷ്ടത്തിലും മുന്നിലെത്തി (വിശദാംശങ്ങൾ ഇവിടെ ക്ലിക്ക് ചെയ്തുവായിക്കാം). നിഫ്റ്റി ഐടി സൂചിക 3% ഇടിഞ്ഞു.
മുഹൂർത്ത വ്യാപാരം വെള്ളിയാഴ്ച
ഓഹരി നിക്ഷേപകർ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ഈ വർഷത്തെ മുഹൂർത്ത വ്യാപാരം (Muhurat Trading) നവംബർ ഒന്നിന് (വെള്ളിയാഴ്ച) വൈകിട്ട് 6 മുതൽ 7 വരെ നടക്കും. ഉത്തരേന്ത്യൻ, പ്രത്യേകിച്ച് ഗുജറാത്തി ഹൈന്ദവ വിശ്വാസ പ്രകാരമുള്ള സംവത്-2081 (Samvat-2081) വർഷാരംഭത്തിന് തുടക്കം കുറിക്കുന്ന മുഹൂർത്തമാണിത്. സംവത്-2080 വർഷം ഇന്ന് സമാപിക്കും.
പുതിയ ബിസിനസ് പ്രവർത്തനങ്ങൾ ആരംഭിക്കുക, നിക്ഷേപങ്ങൾ തുടങ്ങുക, വീടോ വാഹനങ്ങളോ വസ്ത്രങ്ങളോ ആഭരണങ്ങളോ വാങ്ങുക എന്നിവയ്ക്കെല്ലാം ശുഭകരവും ഐശ്വര്യപൂർണവുമായ മുഹൂർത്തമായാണ് ഈ ഒരു മണിക്കൂറിനെ കാണുന്നത്. പുതിയ ഓഹരികൾ വാങ്ങാനും നിലവിലെ ഓഹരി പങ്കാളിത്തം കൂട്ടാനും ശുഭകരമായ സമയമായി ഓഹരി നിക്ഷേപകരും മുഹൂർത്ത വ്യാപാരത്തെ കാണുന്നു. മുഹൂർത്ത വ്യാപാരം ആരംഭിക്കുംമുമ്പ് 15 മിനിറ്റ് പ്രീ-ഓപ്പൺ സെഷനുണ്ടാകും. തുടർന്ന് ഒരു മണിക്കൂറാണ് മുഹൂർത്ത വ്യാപാരം. ശേഷം 10 മിനിറ്റ് നേരം ട്രേഡ് മോഡിഫിക്കേഷൻ സമയവുമുണ്ടാകും.
നേട്ടങ്ങളുടെ മുഹൂർത്തം
പൊതുവേ മുഹൂർത്ത വ്യാപാരത്തിൽ സെൻസെക്സും നിഫ്റ്റിയും നേട്ടത്തിലേറാറുണ്ട്. 2012 മുതൽ 2023 വരെയുള്ള 12 മുഹൂർത്ത വ്യാപാരങ്ങളിൽ 9ലും ഓഹരി വിപണി നേട്ടമാണ് രുചിച്ചത്. 2023ലെ മുഹൂർത്ത വ്യാപാരത്തിൽ സെൻസെക്സ് 354 പോയിന്റും നിഫ്റ്റി 100 പോയിന്റും നേട്ടത്തിലേറി. നിലവിൽ രാജ്യാന്തര, ആഭ്യന്തര സമ്മർദ്ദങ്ങൾ, ഭൗമരാഷ്ട്രീയ പ്രതിസന്ധികൾ, ചൈനയിലേക്കുള്ള വിദേശ നിക്ഷേപകരുടെ കൂടുമാറ്റം എന്നിങ്ങനെ നിരവധി വെല്ലുവിളികൾ മൂലം ഇന്ത്യൻ ഓഹരി വിപണി ചാഞ്ചാട്ടത്തിലൂടെയാണ് കടന്നുപോകുന്നത്. ഈ ട്രെൻഡിന് മാറ്റംവരുത്താൻ മുഹൂർത്ത വ്യാപാരത്തിന് കഴിയുമെന്നാണ് നിക്ഷേപകരുടെ പ്രതീക്ഷകൾ. 1957ലാണ് ബിഎസ്ഇയിൽ ആദ്യമായി മുഹൂർത്ത വ്യാപാരം അരങ്ങേറിയത്. 1992 മുതൽ എൻഎസ്ഇയിലും.
രൂപയ്ക്ക് റെക്കോർഡ് വീഴ്ച
ഡോളറിനെതിരെ രൂപ ഇന്ന് റെക്കോർഡ് താഴ്ചയിലേക്ക് വീണു. നേരിയ നഷ്ടവുമായി എക്കാലത്തെയും താഴ്ന്ന മൂല്യമായ 84.0925 ആണ് ഇന്ന് രേഖപ്പെടുത്തിയത്. 84.0900 എന്ന റെക്കോർഡാണ് പഴങ്കഥയായത്. ഓഹരി വിപണിയിൽ നിന്ന് വിദേശ നിക്ഷേപം കൊഴിയുന്നതാണ് പ്രധാന തിരിച്ചടി. അതേസമയം, റിസർവ് ബാങ്ക് വിദേശനാണയ ശേഖരത്തിൽ നിന്ന് ഡോളർ വിറ്റഴിച്ച് രക്ഷയ്ക്കെത്തിയത് രൂപയെ വലിയ തകർച്ചയിൽ നിന്ന് ഇന്ന് കരകയറ്റി. ഏഷ്യൻ കറൻസികൾക്കിടയിൽ ഈയാഴ്ച ഏറ്റവും ചെറിയ കോട്ടം സംഭവിച്ചത് രൂപയ്ക്കാണ്. ചൈനീസ് യുവാൻ 1.5%, മറ്റ് പ്രധാന ഏഷ്യൻ കറൻസികൾ 3-5% എന്നിങ്ങനെ ഇടിഞ്ഞിട്ടുണ്ട്. ഇന്ത്യൻ റുപ്പിയുടെ വീഴ്ച നാമമാത്രമാണ്.
കേരള കമ്പനികളുടെ പ്രകടനം
കേരളത്തിൽ നിന്നുള്ള ലിസ്റ്റഡ് കമ്പനികളിൽ ഇന്ന് 12.58% ഉയർന്ന് കൊച്ചിൻ മിനറൽസ് നേട്ടത്തിൽ മുന്നിലെത്തി. മുത്തൂറ്റ് ക്യാപ്പിറ്റൽ 6.77% ഉയർന്നു. കിറ്റെക്സ് ഇന്നും 5% ഉയർന്ന് അപ്പർ-സർക്യൂട്ടിലായി (വിശദാംശങ്ങൾ ഇവിടെ ക്ലിക്ക് ചെയ്തു വായിക്കാം). ആസ്പിൻവാൾ 4.96%, ആഡ്ടെക് 4.89%, കെഎസ്ഇ 4.14% എന്നിങ്ങനെയും ഉയർന്നു. 4.97% താഴ്ന്ന് സഫ സിസ്റ്റംസാണ് നഷ്ടത്തിൽ മുന്നിൽ.
(Disclaimer: ഈ ലേഖനം ഓഹരി വാങ്ങാനോ വില്‍ക്കാനോ ഉള്ള നിര്‍ദേശമോ ഉപദേശമോ അല്ല. ഓഹരി നിക്ഷേപം വിപണിയിലെ റിസ്കുകൾക്ക് വിധേയമാണ്. നിക്ഷേപം നടത്തുന്നതിന് മുമ്പ് നിങ്ങള്‍ സ്വയം പഠനങ്ങൾ നടത്തുകയോ ഒരു വിദഗ്ധന്‍റെ ഉപദേശം തേടുകയോ ചെയ്യുക)