ലഡാക്കിന്റെ സ്വാദൂറും 'കാർകിട്ചൂ' ആദ്യമായി സൗദിയിൽ; ദീപാവലിക്ക് ലുലുവിന്റെ മധുരക്കൂട്ട്
Mail This Article
ഇക്കുറി സൗദി അറേബ്യയിലെ ദീപാവലി ആഘോഷത്തിന് 'സ്വാദ്' പതിവിലും ഏറെയായിരുന്നു. അതിന് മധുരം പകർന്നതാകട്ടെ ലഡാക്കിലെ പ്രശസ്തമായ 'കാർകിട്ചൂ' (Karkitchoo) ആപ്പിളും. പ്രമുഖ മലയാളി വ്യവസായി എം.എം. യൂസഫലി നയിക്കുന്ന ലുലു ഗ്രൂപ്പ് ആണ് ലഡാക്കിന്റെ ഈ സ്വാദൂറും ആപ്പിൾ ഇനത്തിനെ ആദ്യമായി സൗദിയിലെത്തിച്ചത്. റിയാദിലെ ലുലു ഹൈപ്പർമാർക്കറ്റിൽ ലുലു ഗ്രൂപ്പ് ഒരുക്കിയ 'ലുലു വാലി ദീവാലി' ആഘോഷത്തിലെ മുഖ്യ ശ്രദ്ധാകേന്ദ്രവും കാർകിട്ചൂ ആയിരുന്നു.
സ്വാദിലും നിലവാരത്തിലും ഏറെ മുന്നിലുള്ള കാർകിട്ചൂ വിദേശത്തേക്ക് പറക്കുന്നതും ആദ്യം. ദുബായിയിലും കാർകിട്ചൂവിനെ ലുലു ഗ്രൂപ്പ് ഹൈപ്പർമാർക്കറ്റുകളിൽ എത്തിച്ചിട്ടുണ്ട്. കാർഗിൽ ജില്ലയിൽ വിളയുന്ന, ലഡാക്കിന്റെ സ്വന്തം ആപ്പിൾ ഇനമായ കാർകിട്ചൂവിന്റെ മുഖ്യസവിശേഷത മികച്ച സ്വാദും ഉന്നതനിലവാരവുമാണ്. ഉയർന്ന പ്രദേശത്ത് ആവശ്യത്തിനൊത്ത വെയിലേറ്റ് വളരുന്നത് കാർകിട്ചൂവിനെ മികവുറ്റതാക്കുന്നു.
ലഡാക്കിലെ റംഗ്യൂൾ ഓർഗാനിക് പ്രൊഡ്യൂസർ കമ്പനി (ആർഒപിസിഎൽ), കാർഷികോൽപന്ന പ്രോത്സാഹന അതോറിറ്റിയായ അഗ്രികൾച്ചറൽ ആൻഡ് പ്രോസസ്ഡ് ഫുഡ് പ്രോഡക്ട്സ് എക്സ്പോർട്ട് ഡെവലപ്മെന്റ് അതോറിറ്റി (അപെഡ) എന്നിവയുടെ സഹകരണത്തോടെയാണ് കാർകിട്ചൂ ആപ്പിൾ സംഭരിച്ച് ലുലു ഗ്രൂപ്പ് ഗൾഫ് മേഖലയിലെ വിപണികളിൽ എത്തിച്ചത്. ലഡാക്കിൽ നിന്നുള്ള കൂടുതൽ ജൈവ വിളകൾക്ക് വിദേശ വിപണികളിലേക്കുള്ള വഴിതുറക്കാൻ കാർകിട്ചൂവിന്റെ സ്വീകാര്യത സഹായിക്കുമെന്നാണ് ആർഒപിസിഎൽ അധികൃതരുടെ വിലയിരുത്തൽ.
സൗദിയിൽ വിപണി വിപുലീകരണത്തിന് ലുലു
കേന്ദ്ര വാണിജ്യമന്ത്രി പീയുഷ് ഗോയൽ ആണ് ലുലു ഗ്രൂപ്പിന്റെ 'ലുലു വാലി ദീവാലി' ആഘോഷം റിയാദിലെ ലുലു ഹൈപ്പർമാർക്കറ്റിൽ ഉദ്ഘാടനം ചെയ്തത്. കാർകിട്ചൂ ആപ്പിൾ ആദ്യമായി സൗദി അറേബ്യൻ വിപണിയിലെത്തിയതിന്റെ സന്തോഷവും അദ്ദേഹം പങ്കുവച്ചിരുന്നു. സൗദിയിൽ നിലവിൽ 50ൽ അധികം ഹൈപ്പർമാർക്കറ്റുകളാണ് ലുലുവിനുള്ളത്. രണ്ടുവർഷത്തിനകം ഇത് 100ലേക്ക് ഉയർത്തുമെന്നും 10,000ഓളം പുതിയ തൊഴിലവസരങ്ങൾ അതുവഴി സൃഷ്ടിക്കുമെന്നും ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ. യൂസഫലി വ്യക്തമാക്കിയിരുന്നു. സൗദിയിൽ 33 നഗരങ്ങളിൽ സാന്നിധ്യം ശക്തമാക്കാനാണ് ലുലു ഗ്രൂപ്പ് തയാറെടുക്കുന്നത്.